പൂമുഖം LITERATUREകഥ കെ.പി. മഹേന്ദ്രന്റെ പ്രേതം

കെ.പി. മഹേന്ദ്രന്റെ പ്രേതം

സാധാരണ പ്രേതങ്ങളെ പോലെ ആയിരുന്നില്ല അയാൾ. ഒരു സമാധാനവും ഇല്ലാതെ നാല് ദിശകളിലേക്കും മിന്നൽ പോലെ പാഞ്ഞു നടക്കുന്നു. അത്ര സമാധാനം ഇല്ലാത്ത പ്രേതത്തിനെ ഞാൻ ആദ്യമായി കാണുകയാണ്. അതുകൊണ്ടുതന്നെ ഞാൻ അയാളെ അടുത്തേക്ക് വിളിച്ചു. എന്നിട്ട് ചോദിച്ചു:

“സഹോദരാ,എനിക്കറിയാവുന്ന പ്രേതങ്ങളെല്ലാം ജീവിതത്തിൻ്റെ ദുരിതങ്ങളിൽ നിന്നു രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് എപ്പോഴും കാണപ്പെടാറ്. ശരിക്കും അവരുടെ മുഖത്തെ ശാന്തിയും ആഹ്ലാദവും കണ്ടിട്ടാണ് ഞാനിത്ര ധീരനായി ജീവിക്കുന്നതു തന്നെ. ജീവിതത്തിൽ എന്തൊക്കെ ദുരിതം ഉണ്ടായാലും മരണം കഴിയുന്നതോടെ എല്ലാത്തിനും സമാധാനമാവുമല്ലോ എന്ന ധൈര്യം. നിങ്ങൾക്കു മാത്രം എന്താണ് പ്രശ്നം സുഹൃത്തേ?’

‘എൻ്റെ പ്രശ്നം പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ എന്നറിയില്ല,’ പ്രേതം അല്പം ഉദാസീനമായി പറഞ്ഞു.

‘പറഞ്ഞു നോക്കൂ.’ ഞാൻ പ്രോത്സാഹിപ്പിച്ചു.

‘പറയാൻ തന്നെയാണ് ഞാൻ നിങ്ങൾക്ക് മുമ്പിൽ പ്രത്യക്ഷനായത്,’ പ്രേതം ഗൗരവത്തോടെ പറഞ്ഞു. ‘നിങ്ങൾ ഒരു ക്ലയർവോയൻ്റും സൈക്കിക്കും എന്നതിലുപരി വിരമിച്ച വില്ലേജ് ഓഫീസറും ആണല്ലോ.’

ഇതൊരു അസാധാരണ പ്രേതം ആണല്ലോ എന്ന് ഞാൻ ചിന്തിച്ചുപോയി. എന്നെക്കുറിച്ച് അകവും പുറവും മനസ്സിലാക്കിയ ഒരു പ്രേതത്തിനെ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. എന്റെ കോടാനുകോടി പൂർവികർക്കു പോലും ഉപരിപ്ലവമായി മാത്രമേ എന്നെക്കുറിച്ച് എന്തെങ്കിലും അറിയൂ- ഞാൻ ആസ്ത്മാ രോഗിയാണ്, നന്നായി മദ്യപിച്ച് പിന്നീട് അതെല്ലാം നിർത്തിയ ആളാണ്- ഇമ്മാതിരി സ്ഥൂലമായ കാര്യങ്ങൾ മാത്രം. ആദ്യമായിട്ടാണ് എന്റെ ആന്തരിക ലോകത്തെക്കുറിച്ച് അറിയാവുന്ന ഒരു പ്രേതം വരുന്നത്. മാത്രമല്ല എൻ്റെ ആത്മവിശ്വാസത്തെ വല്ലാതെ ഉലയ്ക്കുന്ന ഒരു കാര്യം കൂടിയാണ് പ്രേതം പറഞ്ഞിരിക്കുന്നത്. എൻ്റെ മിടുക്കു കൊണ്ടാണ് പ്രേതങ്ങളെ കാണാൻ കഴിയുന്നത് എന്നായിരുന്നു ഇതുവരെ ധരിച്ചിരുന്നത്. അതിൽ ഞാൻ അഭിമാനിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ മനസ്സിലാകുന്നത് പ്രേതങ്ങൾ അവരുടെ ഇച്ഛയനുസരിച്ച് എനിക്ക് പ്രത്യക്ഷപ്പെടുകയാണ് എന്നാണ്. അതെന്തിനാകും? ജീവിതത്തിൽ ആദ്യമായി എനിക്ക് പ്രേതങ്ങളെ പേടി തോന്നി.

ഞാൻ തുടർന്നു ചോദിക്കാതെ തന്നെ പ്രേതം സ്വന്തം പ്രശ്നം പറഞ്ഞു തുടങ്ങി.

വര : മധുസൂദനൻ അപ്പുറത്ത്

‘മഹേന്ദ്രൻ എന്നായിരുന്നു എൻ്റെ പേര്. ജീവിതത്തിൻ്റെ ആദ്യഘട്ടങ്ങളിൽ – വിശേഷിച്ച് പോലീസിൽ ജോലിയുണ്ടായിരുന്ന കാലത്ത്- ഞാൻ ഏറെ പാപങ്ങൾ ചെയ്തു കൂട്ടി. യൗവനത്തിലും മറ്റും ഞാൻ ചെയ്യാത്ത ക്രൂരകൃത്യങ്ങൾ ഇല്ല എന്ന് തന്നെ പറയാം. കെ.പി മഹേന്ദ്രൻ എന്ന പേരു കേട്ടാൽ വിറക്കാത്ത ആരും തന്നെ അക്കാലത്ത് ഇല്ലായിരുന്നു. കെ.പി മഹേന്ദ്രൻ അങ്ങനെ ചെയ്തു, കെ.പി മഹേന്ദ്രൻ ഇങ്ങനെ ചെയ്തു, കെ.പി. മഹേന്ദ്രൻ ഉരുട്ടി കൊന്നു, കെ.പി മഹേന്ദ്രൻ…..’

‘പത്തു നാൽപത്തഞ്ച് വയസ്സ് ആയപ്പോൾ എനിക്ക് ബോധം വന്നു. ചെയ്തുകൂട്ടിയ ക്രൂരതകളെ ഓർത്ത് ഞാൻ പശ്ചാത്താപവിവശനായി. കുറ്റബോധം എന്നെ എരിപൊരി കൊള്ളിച്ചു. ചെയ്തുകൂട്ടിയതിനെല്ലാം പ്രായശ്ചിത്തം ചെയ്യാൻ ഞാൻ തീരുമാനിച്ചു. ശിഷ്ടകാലത്തെ എന്നെപ്പോലെ ഒരു പരോപകാരി ഒരിക്കലും ഒരിടത്തും ഉണ്ടായിട്ടുണ്ടാവില്ല. അതോടെ പഴയതെല്ലാം മറന്ന് ആളുകൾ എന്നെ വാഴ്ത്താൻ തുടങ്ങി. മഹേന്ദ്രൻ കെ.പി അത് ചെയ്തുതരും, മഹേന്ദ്രൻ കെ.പി ഇത് ചെയ്തുതരും, മഹേന്ദ്രൻ കെ.പിയെ ചെന്നുകണ്ടാൽ മതി, മഹേന്ദ്രൻ കെ.പി’

‘അത് രസകരമായിരിക്കുന്നു.’ ഞാൻ പറഞ്ഞു. ‘ നിങ്ങൾ പുണ്യവാനായപ്പോൾ ജനങ്ങൾ നിങ്ങളുടെ ഇനിഷ്യൽ പേരിനു മുൻപ് എന്നതു മാറ്റി പേരിനൊടുവിലാക്കി മാറ്റി, അല്ലേ?’

‘ അങ്ങനെയാണ് സംഭവിച്ചത്. അതു തന്നെയാണ് എനിക്കു വിനയായതും.’ പ്രേതം പറഞ്ഞു.

‘എന്താണ് സംഭവിച്ചത്?’ വലിയ ജിജ്ഞാസ അനുഭവപ്പെടുന്നതു പോലെ ഞാൻ ഭാവിച്ചു. പ്രേതം എന്നെ സൂക്ഷിച്ചു നോക്കി. കള്ളത്തരം പിടിക്കപ്പെട്ടെന്ന് എനിക്ക് മനസ്സിലായി. ഒപ്പം പ്രേതത്തിന്റെ പ്രശ്നവും എനിക്ക് പെട്ടെന്ന് പിടികിട്ടി.

‘ഇനിഷ്യലിന്റെ പ്രശ്നം കൊണ്ട് നിങ്ങളുടെ പുണ്യപാപങ്ങൾ ടാലി ആവുന്നില്ല, അല്ലേ?,’ ഞാൻ ചോദിച്ചു.

‘അതെ,’ പ്രേതം പറഞ്ഞു.’നാമവും നാമിയും അഭിന്നമാണ് എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും അത് ഈവിധം ഒരു കോടാലി ആവുമെന്ന് കരുതിയില്ല. സ്വർഗ്ഗത്തിലും നരകത്തിലും അല്ലാത്ത അവസ്ഥ! അതിന്റെ ഭീകരത ഇപ്പോൾ നിങ്ങൾക്ക് മനസ്സിലാവില്ല.’

പ്രേതത്തിന്റെ സാന്നിദ്ധ്യത്തിൽ എനിക്ക് അസ്വസ്ഥത തോന്നിത്തുടങ്ങി. അത് പോകുന്നെങ്കിൽ പോകട്ടെ എന്ന് വിചാരിച്ചു ഞാൻ കുറച്ചുനേരം നിശ്ശബ്ദനായിരുന്നു. പ്രേതമാവട്ടെ പോവാതെ എന്നെ തുറിച്ചു നോക്കിക്കൊണ്ട് നിശ്ചലനായി നിന്നു.

‘എന്നെ കാണാൻ വന്നത്?’

അല്പസമയം കഴിഞ്ഞ് ഞാൻ വിനയത്തോടെ ചോദിച്ചു.

‘ഒരു വൺ ആൻഡ് ദ സെയിം സർട്ടിഫിക്കറ്റ് വേണം,’ പ്രേതം പറഞ്ഞു.’ നിങ്ങൾ നേരിട്ട് വന്ന് തരണം. കൂട്ടിക്കൊണ്ടു പോകാനാണ് ഞാൻ വന്നത്.’

എനിക്ക് കലശലായ ദേഷ്യം വന്നു. കുറച്ച് സങ്കടവും.

‘ഞാൻ വിരമിച്ച ആളല്ലേ? പോരാത്തതിന് എൻ്റെ സമയം ആയിട്ടുമില്ല. നിങ്ങൾ കടന്നു പോവൂ!’

പ്രേതത്തിന്റെ ഭാവവും മാറി. ക്രൂരമായ മന്ദഹാസത്തോടെ അത് പറഞ്ഞു:

‘ഞാൻ മരിക്കുമ്പോൾ നിങ്ങൾ സർവീസിൽ ഉണ്ടായിരുന്നു. പിന്നെ നിങ്ങളുടെ സമയം. അത് തികഞ്ഞെന്ന് ഉറപ്പുവരുത്തിയിട്ടാണ് ഞാൻ വന്നിരിക്കുന്നത്. വരൂ, പുറപ്പെടൂ’

Comments
Print Friendly, PDF & Email

You may also like