പൂമുഖം LITERATUREകഥ തണൽ

നേരിയ തണുപ്പുള്ള പ്രഭാതം. സൂര്യകിരണങ്ങൾ മരച്ചില്ലയിൽ വീണുതിളങ്ങി. മുറ്റത്തു പടർന്നുപന്തലിച്ചു നിൽക്കുന്ന ആര്യവേപ്പിന്റെ തണലിലാണ് ആ വീടിൻ്റെ ഗൃഹനാഥനായ റിട്ടയേഡ് ഹെഡ്മാസ്റ്റർ പകൽസമയം ഏറെയും ചെലവിടാറ്. മാഷിന്റെ നാൽപതുവർഷം പഴക്കമുള്ള ഇരുനിലവീടിന്റെ പേരും തണലെന്നാണ്. വീടിന്റെ പിറകിൽ കട്ട്ഔട്ട് എന്ന്തോന്നുംവിധം ഉയരത്തിൽ ജടായുപ്പാറ കാണാം. അത്രയും പഴക്കമുള്ള ആര്യവേപ്പ് ആ നാട്ടിൽ വിരളമാണ്. അതിൽ ചുറ്റിപ്പിണഞ്ഞു പൂത്തുകിടക്കുന്ന നാടൻ മുല്ലവള്ളി. ആ മരച്ചില്ല മതിലും കടന്ന് ഇടറോഡിലേക്കു നീണ്ട് ഗർവോടെ നിന്നു.

മാഷിനിന്നു സപ്തതിയാണ്. രാവിലെ ടീച്ചർ ടോയ്ലറ്റിൽ കയറിയ നേരത്ത് തൈറോയിഡിനു കഴിക്കേണ്ട ഗുളികയ്ക്കു പകരം പ്രഷറിന്റെ ഗുളിക മാറിയെടുത്തു കഴിച്ചിട്ട് മാഷ് ഗ്രില്ലിൽ പിടിച്ചുനിന്നു ശ്വാസം വലിച്ചുകൊണ്ട് ടീച്ചറോട് അല്പം ശബ്ദമുയർത്തിത്തന്നെ വിളിച്ചുചോദിച്ചു,
“കൊച്ച് വിളിച്ചില്ലല്ലോ ടീച്ചറേ?”
“വിളിക്കും മാഷേ. അവിടെ ഇപ്പോൾ രാത്രിയല്ലേ.”
മാഷ് മറുപടിയൊന്നും പറഞ്ഞില്ല. പകരം പുറത്തേക്കു നോക്കി നിന്ന് ഒരു കവിത മൂളണമെന്ന് തോന്നി. മാഷിന് കവിതകളോടാണ് കമ്പം. ഈണത്തിൽ ചൊല്ലി ഒരു സിനിമാസീൻ പോലെ കവി ഭാവന വിസ്തരിക്കാൻ മാഷിന് കൂട്ടിനാരും വേണ്ട. ഒറ്റക്ക് ആര്യവേപ്പിന്റെ ചുവട്ടിലിരുന്ന് പണ്ടു പഠിച്ചും പഠിപ്പിച്ചും നടന്ന കവിതകൾ പേർത്തും പേർത്തും ചൊല്ലി ആഹ്ലാദിക്കുന്ന മലയാളം മാഷ് അയൽവാസികളുടെ മനസ്സിൽ സ്ഥാനം പിടിച്ച ഒരു വലിയ ക്യാരിക്കേച്ചറാണ്. മാഷ് മെല്ലെ മുൻവശത്തെ വാതിൽ തുറന്നു പുറത്തേക്കിറങ്ങി ആ വേപ്പുമരച്ചുവട്ടിലെത്തി. രാത്രിയിൽ ആകാശത്തു നിന്നും അറിയാതെ പൊഴിഞ്ഞുവീണ കുഞ്ഞു നക്ഷത്രങ്ങളെപ്പോലെ നിലത്തു വീണുകിടക്കുന്ന മുല്ലപ്പൂക്കളിൽ നിന്നൊരെണ്ണം കുനിഞ്ഞെടുത്തു വാസനിച്ചുകൊണ്ട് അദ്ദേഹം അവിടെയിരുന്നു .


അപ്പോഴാണ് റബ്ബർത്തടി കയറ്റിപ്പോകുന്ന ലോറിയിൽ മരക്കൊമ്പ് തട്ടിയത്. ഡ്രൈവർ ലോറി നിർത്തി. ക്ലീനർ തല വെളിയിലിട്ടു ഉറക്കെ വിളിച്ചുപറഞ്ഞു,
“മാഷേ, മരം ഒരുപാടങ്ങു വളർന്നു കേട്ടോ. റോഡിലേയ്ക്കാന്നേ അതിൻ്റെ നിൽപ്പ്. വെട്ടിയില്ലെങ്കിൽ മരം ഏവന്റെയെങ്കിലും തലയ്ക്കു മുകളിൽ വീഴുവേ. ചാനലുകാരു വല്ലതും കിട്ടാൻ കാത്തിരിക്കുവാ. പിന്നീട് ആൺപിള്ളേരു കേറിയങ്ങ് വെട്ടുവേ…” പുൽച്ചാടിയെപ്പോലെയിരിക്കുന്ന പയ്യന്റെ പരിഹാസ സ്വരം കേട്ട് മാഷിന്റെ ഹൃദയം നൊന്തു. “ആരാ മാഷേ അത്?” എന്ന് ചോദിച്ചുകൊണ്ട് അടുക്കളയിൽ നിന്നും വന്ന ടീച്ചർ വല്ലതും പറയാനൊരുങ്ങും മുൻപ് അവന്മാർ ലോറിയെടുത്തു കൊണ്ട് പെട്ടെന്ന്പോയി.

കാലിന്റെ മുട്ടു വയ്യെങ്കിലും കണ്ണട എടുത്തു തുടച്ച് തിരികെ മുഖത്തുവെച്ച് ടീച്ചർ മുറ്റം തൂക്കാനിറങ്ങി. പതിവായി സഹായിക്കാൻ വന്നുകൊണ്ടിരുന്ന പെൺകൊച്ചിന് പനിപിടിച്ചു കിടപ്പാണ്. അവൾ വരും വരെ തൂപ്പുംതുടപ്പും ഒക്കെ ടീച്ചറിന്റെ ജോലിയിൽ ഉൾപ്പെട്ടു. ഇൻ്റർലോക്ക് ഇഷ്ടിക പാകിയ മുറ്റത്തു നിറച്ചും ആര്യവേപ്പിന്റെ ഇലകളാണ്. ഒപ്പം കൊഴിഞ്ഞു വീണ മുല്ലപ്പൂക്കളും. അതു ടീച്ചർ ചൂലുകൊണ്ട് നീക്കുമ്പോൾ മാഷ് സസൂഷ്മം നോക്കിനിന്നു. അനേകം ഹൃദയങ്ങൾ മുറ്റത്തു വാരിക്കൂട്ടിയിട്ടിരിക്കുന്നതുപോലെ മാഷിനു തോന്നി. പകുതിയോളം തൂത്തുകഴിഞ്ഞപ്പോൾ “അയ്യോ ഭഗവാനേ” എന്ന് വിളിച്ചുകൊണ്ട് ടീച്ചർ നടുവിൽ പിടിച്ചുനിവർന്നു. മരത്തിന്റെ ചുറ്റുമുള്ള കൽക്കെട്ടിൽ വന്നിരുന്ന് മരച്ചില്ലകൾ പൊന്തി നിൽക്കുന്ന മാനത്തോട്ടു നോക്കിയിരുന്ന ടീച്ചർ അപ്പോഴാണതു കണ്ടത്. സൺഷൈഡിന്റെ മൂലയിൽ ഇളകി വീഴാൻ പാകത്തിൽ നിൽക്കുന്ന നട്ടെല്ലിന്റെ രൂപം പോലെ തോന്നുന്ന ഒരു കോൺക്രീറ്റ് കഷണം! അവിടെ തുരുമ്പ്പിടിച്ചു ദ്രവിച്ചുപോയ കമ്പി മരണത്തിന്റെ ഒടുക്കത്തെ നിസ്സാഹായതയും വെളിവാക്കി കിടക്കുന്നുണ്ട്. എത്രവട്ടം മോടി പിടിപ്പിച്ചാലും നരച്ചുകേറുന്ന പഴഞ്ചൻ വീടിന്റെ ചുവരുകൾ ടീച്ചറിനെ നിരാശപ്പെടുത്തി. നേരിയതു കൊണ്ട് കഴുത്തിലെ വിയർപ്പു തുടച്ചു കളഞ്ഞ് ടീച്ചർ നെടുവീർപ്പിട്ടു. എന്നിട്ടവർ സാവകാശം മാഷിനോടു പറഞ്ഞു.
“അല്ലേ, നിങ്ങള് കണ്ടോ. ഈ മരത്തിൻ്റെ വേര് കേറി പോയിരിക്കുന്നത് എങ്ങോട്ടാണെന്ന്? വീടിന്റെ അടിസ്ഥാനവും വിഴുങ്ങിയിട്ടുള്ള നിൽപ്പാണ്. ആരെയെങ്കിലും വിളിച്ച് എത്രയും വേഗമിത് മുറിച്ച്‌ കളയണം,കേട്ടോ മാഷേ?” ടീച്ചർ പറഞ്ഞതൊന്നും കേട്ടില്ലെന്നു നടിച്ച് മാഷ് വൃക്ഷത്തിന്റെ ഉച്ചാണിക്കൊമ്പിൽ പൂത്തുകിടക്കുന്ന മുല്ലപ്പൂക്കളെ നോക്കി നിന്നു. പിന്നെ, മെല്ലെ നടന്നു ടീച്ചറിന്റെ അരികിൽ വന്നിരുന്നു മൂളി.
“ഹാ! പുഷ്പമേ അധികതുംഗ പദത്തിലെത്ര ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ… “
“വയസ്സ് എഴുപതായി. കവിത മൂളലിനൊരു കുറവുമില്ല. അതിനു മാത്രം മാഷിന് ഒരു മറവിയുമില്ല. മതി മുല്ലേ നീ പൂത്തത് ഇനി മതി. എനിക്കിനിയിങ്ങനെ നടന്ന് തൂത്തുവരാൻ വയ്യ. പൂ പെറുക്കുവാൻ കുട്ടികൾ വരാത്തയിടം ഇനിയെന്തിനാണ്? കൊടുംവേനലിൽ മനുഷ്യൻ വെന്തുരുകി കിടന്നിട്ടും മരമേ നീ മാത്രം പട്ടുപണ്ടാരമടങ്ങാത്തതു കഷ്ടം തന്നെ!” പരിഭവം പറഞ്ഞു കൊണ്ട് ബാക്കി കൂടി തൂത്തുകൂട്ടി ചൂല് ചുമരിൽ ചാരിവെച്ച് കൈയുംകാലും കഴുകി ടീച്ചർ സദ്യയൊരുക്കാനായി അടുക്കളയിലേക്കു കയറി. ചില്ലകളിൽ നോക്കിയിരിക്കുമ്പോൾ ടെറസിൽ കയറി തോട്ടികെട്ടി മുല്ലപ്പൂവ് പൊഴിച്ചിട്ടിരുന്ന മകളെ മാഷ് ഓർത്തു.

ടീച്ചറിനെക്കാളും മുടിയുണ്ടായിരുന്നു അവൾക്ക്. പലപ്പോഴും അമ്മ പിടിച്ചിരുത്തി എണ്ണ തടവി കെട്ടിക്കൊടുക്കുന്ന മുടിയിൽ ഒരു കരിനാഗം പത്തിവിടർത്തിയാടുന്നതു പോലെ കണ്ട് മാഷിന് ഭയം തോന്നിയിട്ടുണ്ട്. അതിൽ നിറയെ മുല്ലപ്പൂക്കൾ കെട്ടി വച്ച് ഹാഫ് സാരിയുടുത്ത് പൊതിച്ചോറും പുസ്തകവും നെഞ്ചിൽ ചേർത്തുപിടിച്ച് അവൾ കോളേജിൽ പോകുമായിരുന്നു. കണ്ണിൽ നിന്നും മറയുവോളം മാഷും ടീച്ചറും ഗെയ്റ്റിൽ പിടിച്ചുനിന്ന് മകൾ നടന്നുപോകുന്ന ചന്തം നോക്കി അങ്ങനെ നിൽക്കുമായിരുന്നു.
മാഷ് ചിന്തയിൽ കുടുങ്ങിക്കിടക്കുന്ന നേരം “മാഷേ “എന്നു വിളിച്ച് അഞ്ചാറ് യുവാക്കൾ മാഷിനടുത്തേക്ക് വന്നു. കറുത്ത ഫ്രെയ്മുള്ള കണ്ണടയ്ക്കിടയിലൂടെ മാഷ് അവരെ നോക്കി.
“ഞങ്ങള് റസിഡൻസ് അസോസിയേഷൻ ഭാരവാഹികളാണ്.”
“ങ്ഹാ. ഇരുന്നോളിൻ പിള്ളരേ…”
മരത്തിന്റെ ചുറ്റുമുള്ള കൽക്കെട്ടിൽ അവർ ഇരുന്നു.
“ഇന്നെന്റെ സപ്തതിയാണെന്നറിഞ്ഞ് വന്നതായരിക്കും അല്ലേ?”
ചോദ്യത്തിന് മൂന്നു പേർ മൂന്നുവിധത്തിൽ ഉത്തരം പറഞ്ഞൊപ്പിച്ചു.
“അല്ല … “, “അതേ … , “എന്തൊരു തണുപ്പാണിവിടെ!”
“ഞാനാരോടും പറഞ്ഞില്ല പിള്ളരെ, വയസ്സായിന്ന് പറയാൻ ഇപ്പോ മാനക്കേടാ…”
“മാഷേ , അയൽവാസികളുടെ ഒരു പരാതി അസോസിയേഷന് ലഭിച്ചിട്ടുണ്ട്. ഈ മരത്തിന്റെ വേരും ഇലകളും മറ്റുള്ള വീട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. മാഷിന് മുറിച്ചുകളയാൻ വിഷമമാണെങ്കിൽ ഞങ്ങൾ ആളെ വച്ച് മരം മുറിപ്പിച്ചു കൊള്ളാം. മാഷിന്റെ അനുവാദം കിട്ടിയാ മതി. പകരം പരിസ്ഥിതിദിനത്തിൽ മാഷിന്റെ കൈകൊണ്ട് നൂറ് തൈകൾ നമുക്ക് റോഡിനിരുവശവും നട്ടുപിടിപ്പിക്കുകയും ചെയ്യാം.”

മാഷ് അതൊന്നും കേട്ടില്ലെന്ന മട്ടിൽ കവിത മൂളി.
“മരമായിരുന്നു ഞാൻ പണ്ടൊരു മഹാ നദിക്കരയിൽ
നദിയുടെ പേരു ഞാൻ മറന്നു പോയി…, പറയാമോ പിള്ളരെ നിങ്ങൾക്കാർക്കെങ്കിലും ഈ നദിയുടെ പേര്?”
ഇയാളോട് പറഞ്ഞിട്ടു കാര്യമില്ലെന്ന മട്ടിൽ കണ്ണുകാണിച്ച് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
“സപ്തതി ആഘോഷിക്കുന്ന മാഷിന് റസിഡൻസ് അസോസിയേഷന്റെ ഒരായിരം ആശംസകൾ.” ഒപ്പം നിന്ന് സെൽഫിയെടുത്ത് അവർ റസിഡൻസ് ഗ്രൂപ്പിലും, ഫെയ്സ്ബുക്ക് പേജിലും ഇട്ടു. ചിത്രത്തിനു പശ്ചാത്തലമായി ആര്യവേപ്പ് തെളിഞ്ഞുനിന്നു. ആഗതർ മടങ്ങി.

ഒരു ചെറുകാറ്റ് കടന്നുപോയി. ഇലകൾ മാഷിന്റെ മുൻപിൽ തൂവലുകൾ പോലെ പൊഴിഞ്ഞുവീണു. ചില്ലകളിലൊന്നിൽ കെട്ടിയ ഊഞ്ഞാലിലിരുത്തി മകളെ ആട്ടിയതോർത്ത് മാഷ് രണ്ടുവരി ഉറക്കെച്ചൊല്ലി.
“കനകച്ചിലങ്ക കിലുങ്ങി … കിലുങ്ങി … “അതു കേട്ട് അയൽ വീട്ടിലെ എക്സ് മിൽട്ടറിക്കാരൻ ദേഷ്യത്തിൽ വെടിപൊട്ടും ഒച്ചത്തിൽ ജനാല വലിച്ചടച്ചതു കേട്ട് മാഷ് ഞെട്ടി. എന്നിട്ട് പതിവു പുഞ്ചിരിതൂകി ടീച്ചറിനെ വിളിച്ചു. “നിനക്കോർമ്മയില്ലേ?” എന്ന പതിവു ചോദ്യത്തോടെ മാഷ് പറഞ്ഞു. ഇന്നു വിഷുവായിരുന്നില്ലേ. ഊണു കാലമായില്ലേ?”
“ഇന്ന് നിങ്ങളുടെ സപ്തതിയല്ലേ മാഷേ. ഇങ്ങനെ മറന്നാലെങ്ങനയാ എന്റെ പൊന്നു മലയാളം മാഷേ? ” ടീച്ചറിന്റെ ചോദ്യത്തിന് മാഷ് വീണ്ടും പുഞ്ചിരിച്ചു. ഇരുവരും വീടിനകത്തേക്കു കടന്നു. മാഷ് ചാരുകസേരയിൽക്കിടന്ന് തലേന്നു വായിച്ചു മടക്കിയ പുസ്തകം തുറന്നു വായന തുടർന്നപ്പോൾ ടീച്ചർ അടുക്കളയിൽ ചെറിയൊരു സദ്യവട്ടത്തിനൊരുക്കം കൂട്ടി. രണ്ടുപേർക്ക് എത്രവേണം! എന്നാലും പരിപ്പും പപ്പടം കാച്ചിയതും മോരുകറിയും അവിയലും തോരനും മധുരപ്പച്ചടിയും ഓലനും പാലൊഴിച്ച് ഒരു പിടി കുത്തരി വേവിച്ചൊരു ചെറു പായസവും ടീച്ചർ കുറഞ്ഞ സമയത്തിൽ ഒപ്പിച്ചെടുത്തു. പിന്നെ, മാഷിനെ കുളിക്കാൻ നിർബന്ധിച്ചു കുളിമുറിയിലെത്തിച്ചു. കുളി കഴിഞ്ഞപ്പോൾ പുറവും തലയും നന്നായി തോർത്തി കട്ടിലിൽ പിടിച്ചിരുത്തി, സുഗതൻ ടെയ്ലർ തയ്ച്ചു കൊടുത്ത വെള്ള ഖദർ ജുബ്ബയും മുണ്ടും എടുക്കാനായി ടീച്ചർ പഴയ തടി അലമാര തുറന്നു. അതിൻ്റെ ഉപയോഗിക്കാത്ത താഴേത്തട്ടിൽ അടുക്കിവച്ചിരിക്കുന്ന പുള്ളിപ്പാവാടകളുടെയും കുഞ്ഞുടുപ്പുകളുടെയും പഴയ ഗന്ധം, ഉണക്കിയ കൈതപ്പൂവിൻ്റെ ഗന്ധവുമായി ചേർന്ന് ആ മുറിയിൽ പരന്നു. അലമാരയുടെ ഉള്ളിൽ തുണികളിൽ ചേർത്തു ഭദ്രമായി വെച്ചിരുന്ന ഒരു കളിപ്പാവ “അമ്മേ” എന്നു വിളിച്ചതുപോലെ ടീച്ചറിന് തോന്നി. ടീച്ചർ ധൃതിപ്പെട്ട് മാഷിൻ്റെ വസ്ത്രമെടുത്തു. പുതുവസ്ത്രം ധരിച്ച് മുടി ചീകിയൊതുക്കിയ മാഷിനെ നോക്കി പുഞ്ചിരിച്ചു. പിന്നെ മെല്ലെ പിടിച്ച് ഊണു കഴിക്കാനായി മേശയ്ക്കരികിലേക്ക് ആനയിച്ചു. മേശപ്പുറത്തിരിക്കുന്ന ഗുളികപ്പെട്ടിയിൽ നിന്നും ഗ്യാസിന് കഴിക്കുന്ന ഗുളികയെടുത്ത് വായിലിട്ട് വെള്ളം കുടിച്ചിട്ട് മാഷ്, ടീച്ചറിനോട് പറഞ്ഞു.
“ഇങ്ങടുത്ത് വന്നിത്തിരിയിരുന്നാണ്. രണ്ടുരുളചോറു വാരി തന്നാണ്. “
തൂശനിലയിൽ ചോറു വിളമ്പുന്ന ടീച്ചർ അത്ഭുതത്തോടെ മാഷിനെ നോക്കി. പിന്നെ ഒന്നും മിണ്ടാതെ മാഷിനിഷ്ടമുള്ള കറികൾ ചേർത്തുകുഴച്ച് ഉരുള വാരിക്കൊടുക്കുമ്പോൾ ടീച്ചറിന്റെ കണ്ണുകൾ നനഞ്ഞു. നേരിയതു പിടിച്ച് കണ്ണുതുടച്ചു .
“നമ്മളുടെ വിവാഹം കഴിഞ്ഞിട്ട് നാൽപ്പത്തിയാറ് വർഷമായി. മാഷിനതോർമയുണ്ടോ എന്തോ?”
“അന്നെന്തൊരു മഴയായിരുന്നു അല്ലേ ടീച്ചറേ? നമ്മൾ ഒരു കുടക്കീഴിൽ ചേർന്ന് വയലോരം വഴിനടന്ന് വീട്ടിലെത്തിയത്.” ഊണു കഴിഞ്ഞു മുന്നിലെ ചാരുകസേരയ്ക്കടുത്തേക്കു നടന്ന മാഷിനു പിന്നാലെ ടീച്ചർ കുറച്ചു പായസം ഗ്ലാസിൽ പകർന്നെടുത്തു കൊണ്ട് എത്തി. മാഷ് ആ പാൽപ്പായസം കുടിച്ചുകൊണ്ട് ചാരു കസേരയിൽ കിടന്നുചൊല്ലി.
“ആതിര വരും നേരം ഒരുമിച്ച് കൈകള്‍ കോര്‍ത്ത്‌
എതിരേല്‍ക്കണം നമുക്കിക്കുറി
വരും കൊല്ലമാരെന്നും എന്തെന്നുമാര്‍ക്കറിയാം . . . “
“മാഷിന് വേറൊന്നും ചൊല്ലാനില്ലേ ?”
” കൊച്ച് വിളിച്ചില്ലല്ലോ ടീച്ചറേ? “
“അവൾ വിളിക്കും മാഷേ. അവിടെ ഇപ്പോൾ നേരം പുലർന്നു വരുന്നതല്ലേ യുള്ളു. “
” ഇവിടെ ഇരുട്ടുമ്പോൾ അവിടെ വെളുക്കും. അവിടെ ഇരുട്ടുമ്പോൾ ഇവിടെ വെളുക്കും. ഹാ!”

വാർത്തകേൾക്കാനായി മാഷും സീരിയൽ കാണാനായി ടീച്ചറും റിമോട്ടിനായി പിടികൂടി. ഒടുവിൽ ടീച്ചറിനോട് തോൽവി സമ്മതിച്ച് കസേരയിൽ കിടക്കുമ്പോൾ മരച്ചില്ലയിൽ ചേക്കേറിയ കിളികളുടെ ഒച്ചകളിൽ മാഷ് ചെവിചേർത്തു. മോൾക്ക് പതിനാലു വയസുള്ളപ്പോൾ മരവും ചെറുതായിരുന്നു. അവൾ കൈയെത്തിയാണ് മുല്ലപ്പുക്കൾ പറിച്ചെടുത്തിരുന്നത്. മരമിപ്പോൾ ഇരുനില വീടിനെയും തോൽപ്പിച്ച് വളർന്നു പൊങ്ങിയിരിക്കുന്നു. മകളും അത്രത്തോളം വലുതായി. കിളികളെ പോലെ അവളും പറന്നുപറന്ന് പോയി.
ഗുളികകൾ കഴിച്ച് കിടക്കാനൊരുങ്ങുമ്പോൾ മാഷ് വീണ്ടും ചോദിച്ചു.
” ടീച്ചറേ,മോള് വിളിച്ചില്ലല്ലോ ?”
നിലാവ് ഗ്രില്ലിനിടയിലൂടെ ഇറയത്ത് വീണുകിടന്നു.
മുറ്റത്തു നിന്നും കുളിരിൽ പൊതിഞ്ഞു വരുന്ന മുല്ലപ്പൂവിന്റെ സുഗന്ധം കാൽമുട്ടിൽ പുരട്ടിയിരിക്കുന്ന മുറിവെണ്ണയുടെ ഗന്ധത്തെ നീക്കിക്കിടത്തി. മരത്തിൽ ചേക്കേറിയ കിളികൾ ഇളം കുളിരിൽ നിശബ്ദമായി ഉറങ്ങുന്നു.
കണ്ണിൽ ഉറക്കം തൂങ്ങാൻ തുടങ്ങിയ ടീച്ചറിനെ തോണ്ടിവിളിച്ച് മാഷ് ചോദിച്ചു,”കാലം എത്ര പെട്ടെന്നാണല്ലേ കടന്നു പോകുന്നത് ടീച്ചറെ? നിനക്കാർമ്മയില്ലേ? അന്നാ കാടിനരികിലെ എലിമെൻ്ററി സ്കൂളിൽ പഠിപ്പിച്ചോണ്ടിരുന്നപ്പോഴല്ലേ ഞാൻ അഗസ്ത്യവനത്തിൽ പോയത്?”
“അതെ , ഞാനന്ന് മോളെ മാസം തികഞ്ഞിരിക്കുകയായിരുന്നു. “
“അവിടെ നിന്നും കൊണ്ടുവന്നതാണ് ആര്യവേപ്പിന്റെ കുരു. ഏകദേശം നാൽപ്പത് വർഷമായിക്കാണും “
” ഉറങ്ങ് മാഷേ”
” ഉറക്കം വരണില്ലടിയേ … കൊച്ച് വിളിച്ചാലോ … “
ടീച്ചറിന്റെ ചരിഞ്ഞുള്ള കിടത്തം കണ്ട് ആ പഴയ കാലം പെട്ടെന്ന് ഓർത്തെടുത്ത മാഷ് പറഞ്ഞു ,ടീച്ചറേ പിന്നേ… “
” എന്താ മാഷേ പറയ് “
” ഏയ് ഒന്നുമില്ല “
” പറയെന്നേ “
മാഷിന് ശരീരം പൊടുന്നനെ ചൂടായി. തൊണ്ട വരണ്ടു. മുഖം ചുവന്നു. ശ്വാസഗതി ഉയർന്നു. വിക്കിവിക്കി മാഷ് ചോദിച്ചു.
“ഞാൻ നിനക്കൊരു മുത്തം തന്നോട്ടെ “
” ഏറെക്കാലം ഇല്ലാതിരുന്ന പൂതി. അതും എഴുപതാം വയസ്സിൽ. ഇത് എന്തോന്നാണ് മാഷേ?”
“ഒന്നുമില്ല …, മുല്ലപ്പൂവിന്റെ അസാധ്യമായ മണം, നമ്മുടെ യൗവ്വനകാലം പെട്ടെന്ന് ഓർമ്മയിൽ കൊണ്ടുവന്നു. ഇപ്പോൾ നിനക്കൊരു മുത്തം തന്നില്ലെങ്കിൽ പിന്നെയിനി എപ്പൊ തരാനാണ് ?”
ടീച്ചറിന് നാണം വന്നു. മാഷ് ടീച്ചറെ ചേർത്തുപിടിച്ചു. ടീച്ചറിൻ്റെ രണ്ടു കവിളിലും ഉമ്മ നൽകിക്കഴിഞ്ഞപ്പോൾ മാഷിന് കവിത ചൊല്ലാൻ തോന്നി.
രാത്രി വൈകിയും മകൾ വിളിക്കാതായപ്പോൾ ഉറക്കത്തിൽ നിന്നും ഉണർന്ന് മാഷ് കട്ടിലിൽ ഏറെ നേരമിരുന്നു. ലൈറ്റിടാതെ എഴുന്നേറ്റ് ഗ്രില്ലു തുറന്ന് പുറത്തിറങ്ങി. മുല്ലപൂത്ത് നിലാവുമായി ഇണചേരുന്ന മണം ചുറ്റും നിറഞ്ഞു.
ശബ്ദം കേട്ടിറങ്ങിവന്ന ടീച്ചറിനോട് പറഞ്ഞു.
” ടീച്ചറേ, ഇങ്ങുവന്നാണ്. നല്ല നിലാവ്, നല്ല കുളിര്, നല്ല മുല്ലപ്പൂമണം. ” വൃക്ഷത്തിന്റെ ചുവട്ടിലെ കൽക്കെട്ടിൽ ഇരിക്കുന്ന മാഷിന്റെ മടിയിൽ ടീച്ചർ തല ചാരിവെച്ച് കിടന്നപ്പോൾ മാഷ് ചോദിച്ചു.
” ടീച്ചറേ നിനക്കോർമ്മയില്ലേ, മോൾക്കും ഈ വേപ്പിനും ഒരേ വയസ്സാണ്. അവളെ നീ പെറ്റതിന്റന്നാണ് ഞാനിതിനെ ഇവിടെ നട്ടത്. രണ്ടു പേർക്കും ഒരേ പേരുമിട്ടു ,’ആര്യ’. “
“പക്ഷേ, മുല്ലവള്ളി നട്ടത് ഞാനല്ലേ മാഷേ?”.
” അതു കൊണ്ടല്ലേ കൊച്ചേ മുല്ല ചുറ്റിപ്പിണഞ്ഞ് പടർന്ന് കേറി അങ്ങ് ആകാശം വരെ മുട്ടി പ്രാന്തുപിടിച്ച് പൂത്തു കിടക്കുന്നത്. “
ടീച്ചർ പുഞ്ചിരിച്ചു.
“എത്ര കൊല്ലമായി പൂക്കുന്നു. പക്ഷേ …!” .
മാഷിന്റെ വിഷമം കണ്ട് ടീച്ചർ പറഞ്ഞു.
” ഒരു മകളുണ്ടാകുമെന്ന് ജോത്സ്യൻ പറഞ്ഞിരുന്നു. അങ്ങനെ മോഹിച്ചു നട്ടതല്ലേ. അവൾക്ക് തല നിറയെ ചൂടാൻ മരം നിറയെ മുല്ലപ്പൂവ്. പള്ളിക്കൂടത്തിലേക്ക് പോകുന്ന കുട്ടികൾ പൂവ് പെറുക്കാൻ വരുമായിരുന്നു. പൂവു തലയിൽ കെട്ടിവെയ്ക്കുന്ന പിളളരും ഇപ്പോൾ കുറവായി. പൂവ് തലയിൽ വെയ്ക്കുന്നതൊക്കെ ഇന്ന് പഴഞ്ചൻ രീതിയല്ലേ.” ടീച്ചർ മുല്ലവള്ളിയെ നോക്കി നെടുവീർപ്പിട്ടു. അവരെ സന്തോഷിപ്പിക്കാനെന്നവണ്ണം മാഷ് വീണ്ടുമൊരു കവിത മൂളി…” “എന്നാലുമുണ്ടെനിക്കു വിയോഗമോർത്തും
ഇന്നത്ര നിൻ കരുണമായ കിടപ്പു കണ്ടും
ഒന്നല്ലി നാമയി സഹോദരരല്ലി ? പൂവേ!
ഒന്നല്ലി കൈയിഹ രചിച്ചതു നമ്മെയെല്ലാം ?”

വര : പ്രസാദ് കാനാത്തുങ്കൽ

ടീച്ചർ കവിതയിൽ ചേർന്നിരുന്നപ്പോൾ
മാഷ് പറഞ്ഞു.
“പൊന്നു കായ്ക്കണ മരമായാലും പുരയ്ക്ക് ചാഞ്ഞാൽ വെട്ടണം എന്നല്ലേ കൊച്ചേ. നാളെ റസിഡൻസ് അസോസിയേഷൻകാരെ വിളിച്ച് ഇതിനെയങ്ങ് മുറിച്ചുകളയാൻ പറയണം. അയൽക്കാരന്റെ വാക്കുകൾ സംഗീതം പോലെ കേൾക്കണമെന്ന് വായിച്ചിട്ടില്ലേ? അവരെ വേദനിപ്പിക്കുന്നതും അവർക്കൊക്കെ വേണ്ടാത്തതും പിന്നെ നമുക്കെന്തിനാണ് ടീച്ചറെ?”
വിജനമായി കിടക്കുന്ന റോഡിലേക്ക് നോക്കിയിരുന്നിട്ട് ഒരു ദീർഘനിശ്വാസം പൊഴിച്ച് മാഷ് ചോദിച്ചു.
” മോള് ഇനി നമ്മളെക്കാണാൻ വരില്ലേ?”
നിലാവിൽ പൂത്തു കിടക്കുന്ന മുല്ലപ്പൂക്കളെ നോക്കി പതിവു ശൈലിയിൽ നിന്നും മാറ്റി ഗാംഭീര്യമുള്ള സ്വരത്തിൽ ടീച്ചർ പറഞ്ഞു.
“മാഷേ അവളിനി വരില്ല, വരണ്ട. ഞാനങ്ങനെയൊന്നിനെ പെറ്റിട്ടുമില്ല ! “
അടയാളങ്ങൾ നിറഞ്ഞ വയറ്റിൽ നേരിയതു പിടിച്ചിട്ടുകൊണ്ട് എഴുന്നേറ്റവർ മാഷിന്റെ മുഖത്ത് നോക്കാതെ വീടിനുള്ളിലേക്ക് കയറിപ്പോയി. പൊഴിഞ്ഞു വീണ ഇലകൾക്കൊപ്പം മാഷ് ആ മരച്ചുവട്ടിൽ നേരം വെളുക്കാൻ കാത്തുകിടന്നു. മരമുകളിൽ നോക്കി മാഷു ഉച്ചത്തിൽ ചൊല്ലി.
“മരമൊന്നൊണ്ടതു പാഴ്മരമെന്നോ
മലരുകളൊക്കെയും ആൺ മലരെന്നോ ..
ചെട കെട്ടിയ കൊമ്പത്തൂഞ്ഞാൽ
ചരടൊന്നു പെണഞ്ഞു കിടന്നു. “


രണ്ട്:
അയൽപക്കത്തെ എക്സ്മിൽട്ടറിക്കാരന്റെ ഭാര്യ ഷീലയെ വിദേശത്തു നിന്നും മാഷിന്റെ മകൾ ആര്യ വിളിച്ചു.
” ഷീലാന്റീ ആ വേപ്പ് മരം മുറിപ്പിച്ച് കൊള്ളാൻ അച്ഛൻ പറഞ്ഞു. “
” ആണോ , വളരെ സന്തോഷം മോളെ . മാഷിനും ടീച്ചറിനും സുഖമല്ലേ മോളെ? “
” അതെ വളരെ സുഖം ആന്റീ. എന്റെ കുഞ്ഞുളോട് സംസാരിക്കാൻ വേണ്ടി അചഛനും അമ്മയും ഇപ്പോൾ ഫ്രഞ്ച് ഭാഷ പഠിക്കാൻ പോകുന്നുണ്ട്. ഇവിടെ അടുത്തുളെളാരു ഓള്ഡ്ഏജ് ഹോമിൽ . “
” നന്നായി. ,ഞങ്ങളുടെ അന്വേഷണം പറയൂ.”
” ഉറപ്പായും. ,എന്നാൽ ശരി ആന്റി . ഞാൻ പിന്നെ വിളിക്കാം “


മൂന്ന്:
എല്ലാം കേട്ടു നിൽപ്പുണ്ടായിരുന്നു മുറ്റത്ത് ആ വേപ്പ്മരം. ജഡമാകുന്നതിന് മുൻപൊരു വടം തന്റെ കഴുത്തിൽ ഞെരുങ്ങുന്ന വേദന മരം അറിഞ്ഞു. മാഷിനെ അവസാനമായി ഒന്നു കാണാൻ, കവിതകൾ ഉച്ചത്തിൽ ചൊല്ലി കേൾക്കാൻ മരത്തിനപ്പോൾ കൊതിയായി. കൂർത്ത മുനയുള്ള പല്ലുകൾ ഞെരിച്ചുകാട്ടി ഒരു വിദേശിയായ കട്ടർ മെഷീൻ തന്നെ തുറിച്ച് നോക്കി വിശന്നിരിക്കുന്നത് മരം കണ്ടു. പ്രാണൻ വെടിയും മുൻപ് വേപ്പ് മരം ഒന്നു കൂടി വിളിച്ചു.
“മാഷേ, എന്റെ മലയാളം മാഷേ”

ആ വിളി അവിടമാകെ ഉച്ചത്തിൽ പ്രകമ്പനംകൊണ്ട് പ്രകൃതിയിൽ ലയിച്ചു.

കവിതകൾ:
കുമാരനാശാൻ, ചങ്ങമ്പുഴ, എൻ. എൻ. കക്കാട്, എ.കെ നിസാം

കവർ : ജ്യോതിസ് പരവൂർ

Comments
Print Friendly, PDF & Email

You may also like