പൂമുഖം ചുവരെഴുത്തുകൾ കോൺഗ്രസിലെ തലമുറ മാറ്റം എങ്ങനെ?

കോൺഗ്രസിലെ തലമുറ മാറ്റം എങ്ങനെ?

ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ആദ്യ തലമുറ മാറ്റമുണ്ടായത് ഗാന്ധിജി സൌത്ത് ആഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് കർമ്മ മണ്ഡലം മാറ്റിയതോട് കൂടിയാണ്. ഗാന്ധിജി കൊണ്ടുവന്ന തലമുറ മാറ്റം ആശയങ്ങളുടെയും കോൺഗ്രസ്സിൻറേയും തലമുറ മാറ്റമാണ്. ഗാന്ധിജി വന്ന സമയത്ത് കോൺഗ്രസ് സംഘടനാപരമായും ദുർബലമായിരുന്നു. കോൺഗ്രസ് മുക്ത ഭാരതത്തിനായി സാമ്രാജ്യ ശക്തികളും വർഗീയ ശക്തികളും ഒരു പോലെ സജീവമായ സാഹചര്യം. കോൺഗ്രസിൻ്റെ സംഘടനാസംവിധാനമാവട്ടെ കുഴമറിച്ചിലിലും.

ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ച നഗരങ്ങളിൽ മാത്രമുണ്ടായിരുന്ന, ജാതിവരേണ്യരുടെ പാർട്ടിയായിരുന്ന കോൺഗ്രസിൽ ഗാന്ധിജി തലമുറ മാറ്റത്തിൻറെ ബദൽ രാഷ്ട്രീയമുണ്ടാക്കിയത് വഴിമാറി നടന്നാണ്. അദ്ദേഹം പോയത് ഗ്രാമങ്ങളിലേയ്ക്കാണ്. അവിടെയുള്ള ഇംഗ്ലീഷ് ഭാഷ അറിയാത്ത സാധാരണക്കാരായ കർഷകരോടും പാർശ്വവൽക്കരിക്കപ്പെട്ടവരോടുമൊത്ത് സാമൂഹിക പ്രവർത്തനവും രാഷ്ട്രീയ പ്രവർത്തനവും ഏകോപിപ്പിച്ച് സത്യാഗ്രഹ സമരം നടത്തി. പടിഞ്ഞാറും കിഴക്കും. ഗുജറാത്തിലെ ഖേഡയിലും ബീഹാറിലെ ചമ്പാരണിലും.

സമൂഹത്തിലെ ഏറ്റവും താഴെക്കിടയിലുള്ള സാധാരണ കർഷകരോടും കർഷക തൊഴിലാളികളോടും ചേർന്നുനിന്ന് സാമൂഹിക -രാഷ്ട്രീയ പ്രവർത്തനം നടത്തിയാണ് ഗാന്ധി കോൺഗ്രസ്സിൽ ആശയപരമായ തലമുറ മാറ്റം നടത്തിയത് . സർവോദയും, സംരചനയും, സംഘർഷവും, സംവാദവുമെല്ലാം അദ്ദേഹത്തിൻറെ അഹിംസ സത്യാഗ്രഹത്തിൻറെ രാഷ്ട്രീയ നൈതികതയായിരുന്നു. ഗാന്ധി ജൈന – ബുദ്ധധാർമിക അഹിംസയും, ഭക്തി പ്രസ്ഥാനത്തിലെ ജനകീയ സനാതന ഹിന്ദു ധാർമികതയും വിവിധ മത ധാർമ്മികധാരകളിലെ സത്യഗ്രഹവും ‘( truth shall set you free ) ഉള്ളിൽ നിന്നുള്ള സ്വാതന്ത്ര്യമായ, ‘സ്വരാജ് ‘ സമൂഹത്തിലെ സ്വാതന്ത്ര്യമായ, ‘ സ്വരാജുമായാണ് ‘ കണ്ടത്.

ഉള്ളിൽ നിന്ന് സ്വതന്ത്രനായാലേ മനുഷ്യന് സമൂഹത്തിൽ സ്വാതന്ത്ര്യ ബോധമുണ്ടാകയുള്ളൂ. മനുഷ്യനും സമൂഹവും മാറിയാലേ രാഷ്ട്രീയം മാറുകയുള്ളൂ. ഈ ഗാന്ധിയൻ ഉൾക്കാഴ്ചയും രാഷ്ട്രീയ നൈതികതയിൽ അധിഷ്ഠിതമായ സാമൂഹിക ‘ സംരചന ‘ (social reconstruction ) യും സാമൂഹിക ‘ സ്വാരാജും ‘ വീണ്ടെടുത്ത് ഗ്രാമങ്ങളിൽ നിന്ന് മാറ്റം തുടങ്ങിയാലേ കോൺഗ്രസിന് ഭാവിയുള്ളൂ.

ഗാന്ധിജി ഭൂതകാലത്തെ മത -നൈതിക ധാരകളെ രാഷ്ട്രീയ പുനരാഖ്യാനം ചെയ്തു അന്നത്തെ വർത്തമാനകാല രാഷ്ട്രീയ നൈതിക പ്രയോഗമാക്കി. അത് സ്വന്തം ജീവിതത്തിൻറെ രാഷ്ട്രീയമാക്കി മാറ്റി.

ഗാന്ധിജി പുതിയ ഒരു രാഷ്ട്രീയ ഭാഷ മാത്രം അല്ല കൊണ്ടുവന്നത്. അദ്ദേഹത്തിൻറെ വസ്ത്രധാരണ രീതിയടക്കം എല്ലാം തലമുറമാറ്റത്തിന് വിധേയമായി. യുവാക്കളോട് സംവദിക്കാൻ ‘യങ് ഇന്ത്യ’. പാർശ്വവൽക്കരിക്കപ്പെട്ടവരോട് സംവദിക്കാൻ ഹരിജൻ പത്രം.

അഞ്ചുകൊല്ലം ഗ്രാമങ്ങളിൽ സാമൂഹിക രാഷ്ട്രീയ പ്രവർത്തനം നടത്തിയിക്കഴിഞ്ഞ്, ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ ദിശാസന്ധിയിലാണ് ഗാന്ധിജി സജീവ നേതൃത്വത്തിലേയ്ക്ക് എത്തിയത്. ഇത് പോലെ ഒരു മഹാമാരികാലത്ത്. 45 വയസ്സിന് ശേഷമാണ് അദ്ദേഹം ഇന്ത്യയിൽ തിരിച്ചെത്തിയത്. കോൺഗ്രസ് നേതൃത്വത്തിൽ സജീവമായത് 50 വയസ്സിലായിരുന്നു.

ജവഹർ ലാൽ നെഹ്‌റു 40 വയസ്സിൽ 1929 ൽ ഐ ഐ സി സി പ്രസിഡൻറ് ആയി. ഗാന്ധി ഭൂതകാല മത ധാർമ്മികതയിൽ നിന്ന് ഒരു ആധുനിക രാഷ്ട്രീയ നൈതികത പ്രയോഗത്തിലാക്കിയെങ്കിൽ, ജവഹർലാൽ നെഹ്‌റു അന്നത്തെ രാഷ്ട്രീയത്തെ ആധുനിക ജനായത്ത ലിബറൽ മൂല്യങ്ങൾ കൊടുത്ത് നവീകരിക്കുകയാണ് ചെയ്തത്. അതാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ പൊതു പ്രത്യയശാസ്ത്ര അടിത്തറയായ 1931 ലെ ഐ ഐ സി സി കറാച്ചി പ്രമേയം. അങ്ങനെ ഗാന്ധിയൻ രാഷ്ട്രീയ നൈതികതയും ജവഹർലാൽ നെഹ്‌റുവിൻറെ മതേതര ആധുനിക ലിബറൽ സോഷ്യൽ ഡെമോക്രസിയുമാണ് കോൺഗ്രസ് പാർട്ടിയെ ബഹുജന സാമൂഹിക -രാഷ്ട്രീയ പ്രസ്ഥാനമാക്കാൻ പ്രാപ്തമാക്കിയത്.

എന്നാൽ കഴിഞ്ഞ 45 വർഷത്തിൽ കോൺഗ്രസ് ഒരു അധികാര രാഷ്ട്രീയ പാർട്ടിമാത്രമായി പരിണമിച്ചു. ആ പരിണാമത്തിൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയം മാത്രമായി രാഷ്ട്രീയ പ്രവർത്തനം ചുരുങ്ങി.അങ്ങനെ പാർട്ടി രാഷ്ട്രീയ പ്രവർത്തനം അധികാര രാഷ്ട്രീയത്തിലേയ്ക്കുള്ള ഉപാധി മാത്രമായി.

അധികാരം ഐഡിയോളജിയും പാർട്ടി പ്രവർത്തനത്തിൻറെ ഉദ്ദേശ്യവുമായി മാറി. അത് ജയിച്ചവരുടെയും ജയിക്കാൻ ഉള്ളവരുടെയും മാത്രം പാർട്ടിയായി മാറി.ജയിച്ചവരെ പരിലാളിച്ചു. അല്ലാത്തവരെ അവഗണിച്ചു. ജയത്തിനും തോൽവിക്കും അപ്പുറമുള്ള രാഷ്ട്രീയ ഇടങ്ങൾക്ക് പ്രസക്തി ഇല്ലാതായി.

ഗാന്ധിയൻ നൈതികത ഇല്ലാതെ ഗാന്ധിയും ഖദറും കാമ്പില്ലാത്ത രാഷ്ട്രീയ സിംബലുകളായി മാറി. ഗാന്ധി, കറൻസിയിലും ഭരണ അധികാര അകത്തളങ്ങളിലെ ഫോട്ടോകളിലും മാത്രമായ അധികാര ടോക്കനായി ചുരുങ്ങി. ഗാന്ധിയൻ നൈതികത കളഞ്ഞ് അധികാരത്തിന്റെ അടയാള വിഗ്രഹം മാത്രമായി ഗാന്ധിജി.

നെഹ്‌റു, ഇടക്കിടെ ഓർമിക്കാനുള്ള പാർട്ടി ടോട്ടമായി മാറി- പഴയ ഒരു ഗോത്രമൂപ്പനെ പോലെ. നെഹ്‌റുവിൻറെയോ ഗാന്ധിയുടെയോ അംബേദ്കറിൻറെയോ പുസ്തകങ്ങൾ വായിച്ച / വായിക്കുന്ന നേതാക്കൾ എണ്ണത്തിൽ കുറവായി.

നൂറു കൊല്ലം മുമ്പുള്ള ഒരു മഹാമാരിസമയത്താണ് കോൺഗ്രസ്സിൽ ആശയങ്ങളുടെ ജനായത്തവൽക്കരണത്തിൻറെ, ആദർശ രാഷ്ട്രീയ പ്രയോഗങ്ങളുടെ, തലമുറ മാറ്റം ഉണ്ടായത്.

നേതാക്കൾ മാറിയത് കൊണ്ടു മാത്രം ഒരു പ്രസ്ഥാനം മാറില്ല. മനുഷ്യരേയും സമൂഹത്തേയും മാറ്റിയില്ലെങ്കിൽ രാഷ്ട്രീയം മാറില്ല. സാമൂഹിക പരിവർത്തനം ഇല്ലെങ്കിൽ രാഷ്ട്രീയ പരിവർത്തനമുണ്ടാകില്ല.

ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ വീണ്ടും ഒരു ബഹുജനരാഷ്ട്രീയ പ്രസ്ഥാനമാകണമെങ്കിൽ അത് മാനസികാവസ്ഥ മാറ്റി, മനുഷ്യരെ മാറ്റണം, കോൺഗ്രസിനകത്തും പുറത്തും. അത് എല്ലാ മനുഷ്യരുടെയും മതേതര ജനായത്ത ത്വരയാണെന്ന് പാർട്ടിക്കകത്തും പുറത്തുമുള്ള സാധാരണ ജനത്തിന് ബോധ്യമാകണം.

സാമൂഹിക പ്രവർത്തനത്തിലൂടെ രാഷ്ട്രീയ പരിവർത്തനവുമുണ്ടാകണം. ഗ്രാമങ്ങളിൽ മാറ്റത്തിൻറെ പ്രയോഗത്തിലൂടെ മാത്രമേ കോൺഗ്രസ് പാർട്ടി വീണ്ടും ബഹു ജന പ്രസ്ഥാനമാകുകയുള്ളൂ.

തെരഞ്ഞെടുപ്പ് രാഷ്ട്രീയം പ്രധാനമാണ്. പക്ഷെ അതിന് അതീതമായി സാമൂഹിക രാഷ്ട്രീയ പരിവർത്തനത്തിന് നിദാനമായെങ്കിലേ രാഷ്ട്രീയത്തിന് അർത്ഥമുണ്ടാകു.

സാമ്രാജ്യ രാഷ്ട്രീയത്തിനും വർഗീയ രാഷ്ട്രീയത്തിനും നരേറ്റിവായാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് വളർന്ന് ബഹുജന സ്വാതന്ത്ര്യ സമര പ്രസ്ഥാനമായത്.

ഇന്ന് മോഡി രാഷ്ട്രീയത്തെ അനുകരിക്കാതെ ഒരു പുതിയ സാമൂഹിക രാഷ്ട്രീയ ബദൽ ആയെങ്കിലേ പ്രസ്ഥാനം ശക്തമാകൂ. കോൺഗ്രസിന് വേണ്ടത് പുതിയ ആശയ – ആദർശങ്ങളുടേയും പുതിയ രാഷ്ട്രീയ നരേറ്റിവിൻറേയും പ്രയോഗങ്ങളുടേയും തലമുറമാറ്റമാണ്.

1980 മോഡൽ അധികാര രാഷ്ട്രീയ തെരഞ്ഞെടുപ്പ് യുക്തികൊണ്ടു മാത്രം കോൺഗ്രസ് പാർട്ടി ഇനിയും വളരില്ല. ജാതി -മത സംഘടനകളുടെ രക്ഷകർതൃ സഹായത്താലോ വോട്ടു ബാങ്ക് രാഷ്ട്രീയ സമ വാക്യങ്ങളുടെ മാത്രം അകമ്പടിയാലോ കോൺഗ്രസ് ശക്തമാകില്ല. കൂടുതൽ ദുർബലമാകുകയേയുള്ളൂ.

കോൺഗ്രസിൽ ആളുകൾ ചേരുന്നത് അധികാരത്തിനും പഞ്ചായത്ത്‌ മുതൽ പാർലിമെൻറ് വരെയുള്ള സ്ഥാനമാനങ്ങൾക്കും മാത്രം വേണ്ടിയാണെങ്കിൽ പാർട്ടിയുടെ വളർച്ച പൂർണ്ണമായും ദുർബലമാകും.

ആശയ-ആദർശ യുക്തിയിൽ മാനവിക സാമൂഹിക -രാഷ്ട്രീയ പരിവർത്തനത്തിൽ ഭാഗഭാക്കാകുവാൻ തയ്യാറുള്ള ലക്ഷകണക്കിന് പുതിയ ആളുകളെ /തലമുറയെ സംഘടിപ്പിച്ചാൽ കോൺഗ്രസ് നവീകരിക്കപ്പെടും. അധികാര രാഷ്ട്രീയത്തിനും ഭരണ അധികാര പദവിക്കുമപ്പുറമുള്ള സാമൂഹിക രാഷ്ട്രീയ ദർശനങ്ങളുണ്ടെങ്കിലേ പുതിയ തലമുറയെ ഇന്ത്യൻ നാഷണൽ കോൺഗ്രസിലേയ്ക്ക് ആകർഷിക്കുവാൻ കഴികയുള്ളു.

തലമുറമാറ്റം ഉണ്ടാകേണ്ടത് പൊളിറ്റിക്കൽ കരിയറിസ്റ്റ് മനോഭാവത്തിനു കൂടിയാണ്. ഭരണ -അധികാര സുഖ സന്നാഹങ്ങൾ ആത്യന്തിക ലക്ഷ്യമാകുന്നവർ അത് ഏത്രയും വേഗം തരുന്ന ഭരണപാർട്ടികളിലേക്ക് ചുവട് മാറും. ബി ജെ പി അധികാരത്തിൽ വന്നപ്പോൾ വിവിധ പാർട്ടികളിൽ നിന്ന് അങ്ങോട്ട്‌ ചേക്കേറിയ പൊളിറ്റിക്കൽ കരിയറിസ്റ്റുകൾ അനേകമാണ്.

1920-21 ൽ ഉണ്ടായത് പോലെ 2021-22 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് പുതിയ ആശയങ്ങളുടെ, ആദർശങ്ങളുടെ, രാഷ്ട്രീയ പ്രയോഗങ്ങളുടെ പുനർജനിയുണ്ടാകണം. ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ഗാന്ധിയൻ രാഷ്ട്രീയ നൈതികതയും നെഹ്‌റുവിയൻ മതേതര ലിബറൽ ജനായത്ത ബോധ്യങ്ങളും 21 നൂറ്റാണ്ടിൻറെ സാഹചര്യത്തിൽ പുനരാഖ്യാനം ചെയ്യേണ്ടിയിരിക്കുന്നു. അതോടൊപ്പം 2050-60 വരെയുള്ള ഭാവി രാഷ്ട്രീയ വ്യവഹാരങ്ങളെ ദൂരക്കാഴ്ചയിൽ കണ്ടറിഞ്ഞ് രാഷ്ട്രീയ പുനർ വിന്യാസം നടത്തേണ്ടിയിരിക്കുന്നു.

കോൺഗ്രസ് പുനർജനിയിലൂടെ വളരേണ്ടത് പാർട്ടി ഭാരവാഹികളുടെ മാത്രം ആവശ്യം അല്ല. പുതിയ ഊർജ്ജത്തോടെ കക്ഷി നയിക്കുന്ന കോൺഗ്രസ് ശക്ത ഭാരതം വേണമെന്ന് ഇന്ത്യയിലെ യുവാക്കൾക്കും സാധാരണക്കാർക്കും ബോധ്യപ്പെടണം.

അവരുടെ വിശ്വാസ്യത നേടാൻ കോൺഗ്രസ് അവരോടൊപ്പം സുഖത്തിലും ദു:ഖത്തിലും പ്രയാസങ്ങളിലും പ്രാരാബ്ദങ്ങളിലും പ്രത്യാശയുടെ നൈതിക രാഷ്ട്രീയമായി കൂടെ കാണും എന്ന ബോധ്യം വേണം.

അധികാര രാഷ്ട്രീയത്തിൽ നിന്ന് വഴിമാറി നടന്ന് അത് സാധിച്ചത് കൊണ്ടാണ് ഗാന്ധിജി മഹാത്മ ഗാന്ധിയായി മാറ്റത്തിൻറെ സർവ്വ ലോക ഐക്കണായത്. ഇന്ത്യയിലെ ജനങ്ങളിൽ നെഹ്‌റുവിനും നെഹ്‌റുവിൽ ഇന്ത്യയിലെ ജനങ്ങൾക്കും വിശ്വാസമുണ്ടായിരുന്നതിനാലാണ് അദ്ദേഹം ജനായത്ത രാഷ്ട്രീയത്തിൻറെ പ്രകാശഗോപുരമായത്.

രാഷ്ട്രീയം സ്വാതന്ത്ര്യത്തിനും തുല്യ അവകാശങ്ങൾക്കും വേണ്ടിയാകണം. അല്ലാതെ അധികാരങ്ങളിലേയ്ക്കുള്ള പെരുവഴിയും കുറുക്കുവഴിയും മാത്രമാകരുത്. അതാണ് ഗാന്ധിജിയിൽ നിന്നും നെഹ്‌റുവിൽ നിന്നും നമ്മൾ പഠിക്കേണ്ടത്.

ജെ എസ്

Comments
Print Friendly, PDF & Email

You may also like