മുണ്ഡനം ചെയ്ത ശിരസ്സിൽ നിന്നും വിയർപ്പുചാലുകൾ ഒഴുകിയിറങ്ങുകയാണ്. കഴുത്തിലൂടെ ചുമലുകളിലേക്ക് പടർന്ന വിയർപ്പുതുള്ളികൾ നിറംമങ്ങിയ ഉത്തരീയം കൊണ്ടമർത്തി തുടച്ചു. ഉപേക്ഷിക്കപ്പെട്ട മണ്ണിലേക്ക് മടങ്ങിച്ചെല്ലുമ്പോൾ തിരിച്ചറിയുന്നവർ ആരെങ്കിലും ഉണ്ടാകുമെന്ന് കരുതുന്നില്ല. രാജകുമാരൻ വനവാസം സ്വീകരിച്ചതോടെ രാജാവ് വീണുപോയെന്നാണ് കേട്ടത്.
ഒരിക്കലും ഈ മണ്ണിലേക്ക് മടങ്ങി വരരുതെന്ന് ഉറപ്പിച്ചതായിരുന്നു.
ദത്തുപുത്രിയായും ആശ്രമവധുവായും ജീവിച്ചു തീർക്കുവാൻ തന്നെയായിരുന്നു തീരുമാനം.
ഉപേക്ഷിച്ചയിടത്തേക്ക് കയറിച്ചെന്ന് അപമാനിതയാകുവാൻ ആഗ്രഹിച്ചിട്ടില്ല. ഇന്നിപ്പോൾ വരാതിരിക്കുവാൻ കഴിഞ്ഞില്ല, ജന്മം നൽകിയ പിതാവാണ് വീണുകിടക്കുന്നത്. ദാനം ചെയ്യപ്പെട്ടവളാണെങ്കിലും സ്വപിതാവിന്റെ ദീനം കണ്ടാസ്വദിക്കുവാൻ മാത്രം ശക്തയല്ല ശാന്ത.
സരയുവിന്റെ തീരത്തേക്ക് കാലെടുത്ത് വെച്ചതുമുതൽ ശരീരമാകെ പ്രകമ്പനം കൊള്ളുകയാണ്. ദത്തുനൽകിയ മഹാരാജാവ് പുത്രിയുടെ രാജ്യാവകാശം മാത്രമല്ല നിഷേധിച്ചത്, കോസലരാജകുമാരിയുടെ പൈതൃക സൗഭാഗ്യങ്ങൾ കൂടിയാണ്.
സരയുവിന്റെ തീരത്തുകൂടി നഗ്നപാദയായി നടന്നുവരുന്ന ആശ്രമവധു തങ്ങളുടെ മഹാറാണിയാകേണ്ടിയിരുന്നവളാണെന്ന് അയോദ്ധ്യയിലെ പ്രജകൾക്ക് അറിയില്ലല്ലോ.
സ്വന്തം രാജ്യം അനാഥമായി കിടക്കുന്നത് കാണേണ്ടി വരുന്നത് എത്ര ഹൃദയഭേദകമാണ്. സിംഹാസനാരൂഢയാകേണ്ടവൾ ജീവിച്ചിരിക്കേയാണ് രാജ്യവും പ്രജകളും പാദുകങ്ങളെ രാജാവായി വാഴ്ത്തുന്നത്. സ്വന്തം ചോരയിൽ പിറന്ന പുത്രിയെ ദാനം നൽകി ഉപേക്ഷിച്ച മഹാരാജാവ്, യാഗം നടത്തി നേടിയ പുത്രനെയോർത്ത് വിലപിക്കേണ്ടി വരുന്നതാണല്ലോ കാലത്തിന്റെ മറുപുറം.
മന്ത്രം കൊണ്ട് മഴ പെയ്യിച്ച മുനികുമാരന് സമ്മാനമായി വളർത്തുപുത്രിയെ നൽകിയ അംഗരാജാവിനോടും പകയൊന്നും തോന്നിയിട്ടില്ല. പെണ്ണായിപിറന്നവൾക്ക് രാജ്യം ഭരിക്കുവാൻ യോഗ്യതയില്ലെന്ന് ധരിച്ചു പുത്രിയെ ദാനം ചെയ്ത ദശരഥ മഹാരാജാവിനോട് സഹതാപം മാത്രമാണ് തോന്നിയിരുന്നത്. പുത്രകാമേഷ്ടി നടത്തി സത്പുത്രന്മാരെ ജനിപ്പിക്കുവാൻ ആഗ്രഹിച്ച മഹാരാജാവിന്റെ മുന്നിലേക്ക് അദ്ദേഹത്തിന്റെ ജാമാതാവിനെ തന്നെ പറഞ്ഞയച്ചതും മറ്റൊന്നുംകൊണ്ടായിരുന്നില്ല.
ദാനം നൽകിയും യാഗം നടത്തിയും നേടിയതെല്ലാം മഹാരാജാവിനെ കൈവിട്ടുപോയിരിക്കുന്നു. പുത്രിയെ കുറിച്ചു ചിന്തിക്കുക പോലും ചെയ്യാത്ത പിതാവ് പുത്രനെയോർത്ത് വിലപിച്ചു ജീവത്യാഗം ചെയ്യാനൊരുങ്ങുന്നയിടത്തേക്കാണ് കടന്നുചെല്ലുന്നത്.
ആദ്യം സംശയത്തോടെയും പിന്നെ അത്ഭുതത്തോടെയും ഒടുവിൽ ആശ്വാസത്തോടെയും ശാന്തയെ നോക്കികാണുകയാണ് അയോദ്ധ്യയിലെ പ്രജകൾ. പിന്നിലായി നടന്നുവന്നുകൊണ്ടിരിക്കുന്ന പ്രജകൾ ഉച്ചത്തിൽ പലതും വിളിച്ചു പറയുവാൻ തുടങ്ങിരിക്കുന്നു.
‘ശാന്താദേവി ജയിക്കട്ടെ’.
‘മഹാറാണി ശാന്താദേവി വിജയിക്കട്ടെ’.
ആളും ആരവവുമായി കൊട്ടാരവാതിൽക്കൽ ചെന്നെത്തിയവളെ സ്വീകരിക്കുവാൻ ഭരതകുമാരൻ നേരിട്ടെഴുന്നള്ളിയത് മാത്രമാണ് അത്ഭുതപ്പെടുത്തിയത്. താപസ്വിയുടെ രൂപമാർന്നവളെ കാലുകൾ കഴുകിയും കുഭം നൽകിയുമാണ് സ്വീകരിച്ചത്. ഒപ്പം പിറന്നതല്ലെങ്കിലും സഹോദരനാണ് മുന്നിൽ നിൽക്കുന്നത്, ഉള്ളിലെവിടെ നിന്നോ വാത്സല്യം കിനിഞ്ഞു വരുന്നു. കൈയുയർത്തി നെറുകയിൽ തൊടുവാനാണ് ശ്രമിച്ചതെങ്കിലും അരുമയോടെ ഭരതന്റെ കവിളുകളിൽ തലോടുവാൻ മാത്രമാണ് കഴിഞ്ഞത്.
നിറഞ്ഞ മിഴികളുമായി മുന്നിൽ നടക്കുന്ന സഹോദരങ്ങൾക്കൊപ്പം അന്തഃപുരത്തിലേക്ക് നടക്കുമ്പോൾ കാണാനാഗ്രഹിച്ചത് പിതാവിനെയായിരുന്നില്ല, സ്വന്തം മകളെ ദാനം നൽകുമ്പോൾ നിശബ്ദയായി നോക്കിനിന്ന മാതാവിനെയായിരുന്നു. സഹോദര സാമീപ്യത്താൽ വന്നുനിറഞ്ഞുപോയ വാത്സല്യം മെല്ലെ കരുണയായി ഉള്ളിലാകെ നിറഞ്ഞിരിക്കുന്നു.
പിതാവിന്റെ ശയ്യയ്ക്കരുകിൽ തലകുമ്പിട്ടു നിൽക്കുകയാണ് കോസലത്തിന്റെ അമ്മമഹാറാണി കൗസല്യ. അമ്മയാണ് മുന്നിൽ, പകയാണോ സങ്കടമാണോ സ്നേഹമാണോ, തിരിച്ചറിയാൻ കഴിയാത്ത ഏതെല്ലാമോ വികാരങ്ങൾക്ക് മുന്നിൽ ഒരു നിമിഷം നിശ്ശബ്ദയായിപ്പോയി.

മങ്ങിപ്പോയ കാഴ്ച തെളിയുമ്പോൾ, തൊഴുകൈയുമായി അമ്മ തൊട്ടരുകിൽ നിൽക്കുന്നു. പ്രതീക്ഷയറ്റു നിശ്ശബ്ദയായി നിൽക്കുന്ന മഹാറാണിയുടെ കണ്ണുകളിൽ ഒരു കടലിരമ്പുന്നു. പാദവന്ദനം ചെയ്യാനൊരുങ്ങിയ മാതാവിനെ കൈകൾ നീട്ടിത്തടയുമ്പോഴും യാന്ത്രികമായി നെറുകയിൽ കൈവെച്ചു അനുഗ്രഹിക്കുമ്പോഴും പ്രതീക്ഷിച്ചത് മാതൃഭാവത്തോടെയുള്ള ഒരു തലോടലെങ്കിലും തിരികെയുണ്ടാകുമെന്നാണ്, അതുമാത്രമുണ്ടായില്ല.
അർദ്ധബോധാവസ്ഥയിൽ പുത്രനാമം ചൊല്ലി വിലപിച്ചു കൊണ്ടിരുന്ന പിതാവിന്റെ നെറുകയിൽ കൈവെച്ചു നിന്നു. വിലാപം നിറുത്തിയ മഹാരാജാവ് ബോധത്തിലേക്ക് വന്നതും, കണ്ണിമചിമ്മാതെ മുഖത്തേക്ക് തന്നെ നോക്കിയതും, ശാന്തയെന്ന് മെല്ലെ പറഞ്ഞതും ഉള്ളുകൊണ്ടറിഞ്ഞു. നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ കൈകളിൽ അമർത്തിപ്പിടിച്ച ദശരഥ മഹാരാജാവ് പുത്രിയെ തിരിച്ചറിയുകയായിരുന്നു.
തിരികെ നടക്കുമ്പോഴും മഹാരാജാവ് ശാന്ത..ശാന്ത..യെന്ന് ഉറക്കെപ്പറയുന്നത് കേൾക്കാമായിരുന്നു. അന്തഃപുരം കടന്നു രാജസദസ്സിലൂടെ പുറത്തേക്ക് നടന്നു, അവിടെ പാദുകപൂജ നടക്കുന്ന സിംഹാസനത്തിനരുകിൽ ഭരതൻ കാവൽ നിൽക്കുന്നു. ഒരുനിമിഷം പാദങ്ങൾ ബന്ധിക്കപ്പെട്ടതുപോലെ അനങ്ങാനാകാതെ നിന്നു. ഇടനാഴികൾ കടന്നു കൊട്ടാരം വിട്ടിറങ്ങി തെരുവിലേക്ക് കടക്കുമ്പോഴും കാതുകളിൽ ശാന്ത യെന്ന നിലവിളി മുഴങ്ങുന്നുണ്ടായിരുന്നു.
കവർ : സി പി ജോൺസൺ