പൂമുഖം LITERATUREകഥ ദൗത്യം

ആഘോഷങ്ങൾ ഒന്നുമില്ലാതെ കടന്നുപോകുന്ന നവതി. നിരവധി രോഗങ്ങളുടെ തത്രപ്പാടിൽ, ജന്മദിനം വാർദ്ധക്യത്തിന്റെയും, സഹനത്തിന്റെയും, മറ്റൊരു ദിനം മാത്രം.
ജനൽ പാളികൾക്കുള്ളിലൂടെ തന്റെ ജീവിതപ്പാതയിലെ പച്ചത്തുരുത്തുകളിലേക്ക്, ബാലകൃഷ്ണൻ നായർ വെറുതെ കണ്ണോടിച്ചു.
“ബാലാ, നിനക്കെല്ലാ ആശംസകളും.” വളകിലുക്കത്തോടും, പൊട്ടിച്ചിരിയോടും കൂടി ഒരു കാറ്റ് പോലെ തന്നെ തഴുകിയ ശബ്ദം തന്റെ ലക്ഷ്മിയേടത്തിയുടേത് തന്നെ.
കണ്ണുകൾ അടച്ച്, ലക്ഷമിയേടത്തിയുടെ പാവാട പ്രായത്തിലെ രൂപം മുതൽ പലതും മനസ്സിലേക്ക് ആവാഹിക്കുമ്പോൾ, തന്റെ ജീവിതത്തിൽ ഒരു തുടർക്കഥ പോലെ വർഷങ്ങളോളം നീണ്ട ഒരു വിശുദ്ധ ദൗത്യത്തിന്റെ ചുരുളുകൾ നിവരുകയായിരുന്നു.

തന്റെ അകന്ന ബന്ധുവും, കളിക്കൂട്ടുകാരിയുമായിരുന്ന ലക്ഷ്മിയേടത്തിയേക്കാൾ തനിക്ക് ആറുവയസ്സോളം ഇളപ്പം. കളിക്കൂട്ടുകാരിയായിരുന്നു എങ്കിലും പഠിക്കാൻ അതി സമർഥയായിരുന്ന ലക്ഷ്മിയേടത്തി ചിലപ്പോൾ തന്റെ ട്യൂഷൻ ടീച്ചറും ആകും. എത്ര വലിയ സംസ്കൃത ശ്ലോകങ്ങളും അർത്ഥ വ്യക്തതയോടെയും, വ്യാകരണ വിശകലനത്തോടെയും, സ്ഫുടമായി ഓർമ്മിച്ചു ചൊല്ലുവാൻ ലക്ഷ്മിയേടത്തിക്ക് കഴിഞ്ഞിരുന്നു. വിവിധ വിഷയങ്ങളുടെ സമഗ്രപഠനം നന്നായി നടത്തിയിരുന്ന ലക്ഷ്മിയേടത്തി, അദ്ധ്യാപകരുടെയും, സഹപാഠികളുടെയും മാതൃകാവിദ്യാർത്ഥിനി തന്നെയായിരുന്നു.

ലക്ഷ്മിയേടത്തി സംശയ നിവാരണത്തിനുള്ള സഞ്ചരിക്കുന്ന വിജ്ഞാനകോശം ആണെന്നുള്ള തന്റെ അടിക്കടിയുള്ള കളിയാക്കൽ, പാവാടക്കാരിയായ ലക്ഷ്മിയേടത്തിയുടെ ആസ്വദിച്ചുള്ള പൊട്ടിച്ചിരിയിലാണ് അവസാനിക്കാറ്. സംശയ നിവാരണത്തിനായി ആധികാരികമായി കാര്യങ്ങൾ പറഞ്ഞുതരാറുള്ള ലക്ഷമിയേടത്തിയുടെ ബൗദ്ധിക ഭാവം, എന്നും ഒരു ഉത്തമയായ അദ്ധ്യാപികയുടേത് തന്നെയായിരുന്നു.പെരിയാറിന്റെ തീരത്ത്, ആദിശങ്കരന്റെ സ്മാരകമായി ഒരു സംസ്കൃത കോളേജ് തുടങ്ങിയാൽ അവിടെ സംസ്കൃത വിദുഷിയായി ജോലിനോക്കും എന്ന് ലക്ഷമിയേടത്തി സ്വയം പറയുമ്പോൾ അതിൽ യാതൊരു അതിശയോക്തിയും താൻ കണ്ടിരുന്നില്ല.
പെരിയാറിന്റെ തീരത്തെ ഏട്ടുകെട്ടോടെയുള്ള ആഢ്യത്വത്തിന് നടുവിലാണ് ലക്ഷ്മിയേടത്തി ജനിച്ചുവളർന്നത്.നോക്കെത്താ ദൂരത്തെ കൃഷിയിടങ്ങളുടെ ഒത്ത നടുവിൽ തലയുയർത്തി നിന്ന എട്ടുകെട്ടിന്റെ മുകൾനിലയിലെ കിഴക്കേതിൽ, ലക്ഷ്മിയേടത്തിയുടെ നിറഞ്ഞ ചിരി വിടർന്നു നിൽക്കുന്ന ഒരു ജാലകം ഉണ്ടായിരുന്നു. പെരിയാറിന്റെ ഓളങ്ങളും, തീരത്തുകൂടിയുള്ള ചെമ്മൺ പാതയിലെ കാളവണ്ടിക്കൂട്ടങ്ങളും, മറ്റും മലയാറ്റൂർ മലഞ്ചെരുവിൽ നിന്നും വീശിയടിക്കുന്ന ഇളം കാറ്റേറ്റ് ആസ്വദിക്കാൻ കഴിയുന്ന തച്ചുശാസ്ത്രത്തിലെ ലക്ഷണമൊത്ത ഒരു ജാലകം.

വര: പ്രസാദ് കാനത്തുങ്കൽ

ചെറുമന്മാരെ അയിത്തത്തോടെ ദൂരെ നിർത്തുന്ന ആഢ്യത്വത്തിന്റെ ആ കാലത്തും, ലക്ഷ്മിയേടത്തി സമഭാവനയുള്ള ഒരു സാത്വിക തന്നെയായിരുന്നു.
തൊടിയിലെ പച്ചപ്പിലും, കിണറ്റിൻകരയിലും, പാടത്തെ തേവ് പാളയ്ക്കരികിലും, കശുമാവിൻ ചോട്ടിലും, പെരിയാറിന്റെ തീരം ചേർന്നുള്ള ചെമ്മൺ പാതയിലുമെല്ലാം, ലക്ഷ്മിയേടത്തിയുടെ പുറകിൽ ഒരു കൊച്ചനുജന്റെ നിഷ്ക്കളങ്കതയോടെ, സഹായിയും, കളിക്കൂട്ടുകാരനുമായി എപ്പോഴും താനും ഉണ്ടാകും.
തന്റെ മൂത്ത രണ്ട്‌ ചേട്ടന്മാരുടെ പെരുമാറ്റ ദൂഷ്യത്തെക്കുറിച്ചും, ആഢ്യന്മാർ എന്ന ഭാവത്തെക്കുറിച്ചും ലക്ഷ്മിയേടത്തി പലപ്പോഴും പരിതപിച്ചിരുന്നു. അവരിരുവരുടെയും താഴത്തുള്ള മൂന്നാമൻ ലക്ഷ്മിയേടത്തിയെപ്പോലെ തന്നെ മനുഷ്യപ്പറ്റിന് ഉടമയായിയുന്നു.

ഒരു ദിവസം താൻ ലക്ഷ്മിയേടത്തിയിൽ നിന്നും സംസ്കൃതവ്യാകരണം പഠിച്ചുകൊണ്ടിരുന്നപ്പോഴാണ്, എട്ടുകെട്ടിന്റെ താഴത്തെ നിലയിലെ കോലായിൽ നിന്നും, ചീത്തവിളിയും, മർദ്ദിക്കുന്ന ശബ്ദവും, കരച്ചിലും ഉയർന്ന് പൊങ്ങിയത്. സംഭവം കാണാൻ ലക്ഷമിയേടത്തിയോടൊപ്പം താനും മുകളിലെ വരാന്തയിലെ തൂണിന് പുറകിൽ ഒളിച്ചുനിന്നു.
മൂത്ത രണ്ടു ചേട്ടന്മാരും, പ്രായത്തിൽ വളരെ ഇളയവനായ അനിയനെ കോലായിലെ തൂണിൽ കെട്ടിയിട്ട് അതി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ജാതിയിൽ താഴ്ന്ന ഒരു പെണ്കുട്ടിയുമായി അനിയനുണ്ടായിരുന്ന ചങ്ങാത്തമാണ്, മർദ്ദനത്തിന് കാരണം എന്ന് അവരുടെ ഉച്ചസ്ഥായിയിലുള്ള ആക്രോശങ്ങളിൽ നിന്നും, ജല്പനങ്ങളിൽ നിന്നും വ്യക്തമായി.
പാമ്പിനെ കൊല്ലാൻ പാകത്തിനുള്ള ചൂരൽ കൊണ്ടുള്ള ഇരുവരുടെയും പ്രഹരങ്ങളിൽ ഒന്ന് അനിയന്റെ തലക്കാണ് കൊണ്ടത്.
കെട്ടഴിച്ചതും, അനിയൻ നിലം പതിച്ചതും ഒപ്പമായിരുന്നു. മുഖത്ത് ഒരു കുടം വെള്ളം ഒഴിച്ചിട്ടും, ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക് അനിയൻ യാത്രയായി. ഈ രംഗത്തിന് മൂകസാക്ഷികളായി തങ്ങളിരുവരും വായ് പൊത്തി, കണ്ണ്‌ തുറിച്ച് സ്തബ്ധരായി നിന്നു.
ബോധരഹിതയായി വീണ ലക്ഷ്മിയേടത്തിയെ താങ്ങി മുറിയിൽ കിടത്തിയ ശേഷം, എട്ടുകെട്ടിന്റെ പുറകിലെ തട്ടുകോണി വഴി ശബ്ദമുണ്ടാക്കാതെയിറങ്ങി, താൻ തന്റെ വീടിനെ ലക്ഷ്യമാക്കി ഓടി. കണ്ടതെല്ലാം താൻ രഹസ്യമാക്കിവച്ചു.

കുറച്ചു നാളുകൾക്ക് ശേഷം താൻ ലക്ഷ്മിയേടത്തിയെ അന്വേഷിച്ചപ്പോഴാണ് അറിയുന്നത്, തന്റെ ഇളയ ചേട്ടൻ കൊല്ലപ്പെട്ടത് കണ്ടുള്ള ദുഃഖത്തിൽ ലക്ഷ്മിയേടത്തിയുടെ മനോനില തെറ്റിയെന്നും, അതുകൊണ്ട്, നീണ്ടു നിൽക്കുന്ന വൈദ്യശുശ്രൂഷയിൽ ആണെന്നും.
പക്ഷെ, കൊലപാതകം വിഷംതീണ്ടിയുള്ള മരണമായാണ് എട്ടുകെട്ടിനുപുറത്തെത്തിയത്. വൈദ്യ ചികിത്സ കഴിഞ്ഞ ഉടനെ ലക്ഷ്മിയേടത്തിയുടെ വിവാഹം നടത്താനുള്ള തയ്യാറെടുപ്പുകളായി. എങ്കിലും ആ സംഭവത്തിനു ശേഷം, വലിയ ശബ്ദത്തേയും, ഇരുട്ടിനെയും, ആയുധങ്ങളെയും, മറ്റും ലക്ഷ്മിയേടത്തിക്ക് ഭയമായിരുന്നു. ഉറങ്ങുമ്പോൾ രാവിലെവരെ കിടപ്പറയിൽ റാന്തൽ കത്തിയിരിക്കും; പരിചാരികയെ കൂട്ടുകിടത്തും. അതിനെക്കുറിച്ച് ഒരിക്കൽ താൻ ചോദിച്ചപ്പോൾ, കണ്ണടക്കുമ്പോഴേക്കും മനസ്സിലേക്കോടിയെത്തുന്നത്, ആ പേടിപ്പേടിത്തുന്ന സംഭവമാണെന്നായിരുന്നു ലക്ഷ്മിയേടത്തിയുടെ മറുപടി.

പുത്രിയുടെ മക്കൾക്ക് അവരുടെ സഹോദരൻമാർക്കുള്ള തുല്യ വീതം നിയമം വഴി ഉറപ്പ് നല്കിയിരുന്ന കാലം ആയിരുന്നതിനാൽ, ലക്ഷ്മിയേടത്തിക്കു വലിയൊരു കുടുംബമുണ്ടായാൽ, തങ്ങൾക്കുള്ള തറവാട്ടുവീതം കുറഞ്ഞുപോകും എന്ന രണ്ട്‌ ചേട്ടന്മാരുടെയും കണക്കുകൂട്ടൽ അവസാനം തറവാടിന്റെ വീതം വക്കലിൽ കൊണ്ടെത്തിച്ചു.
ഈ കാര്യത്തിൽ ചേട്ടന്മാരുമായി ഉരുത്തിരിഞ്ഞ വാക്കേറ്റം, ലക്ഷ്മിയേടത്തിയുടെ മാനസിക നില വീണ്ടും തകരാറിലാക്കി. തന്റെ ഇളയ ചേട്ടനെ കൊന്നത് ഇരുവരും സ്വത്തുമോഹിച്ചിട്ടായിരുന്നില്ലേ, എന്നുപോലും തനിക്ക് സംശയമുണ്ട് എന്ന് ലക്ഷ്മിയേടത്തി അലറി വിളിച്ചു പറഞ്ഞു.ആയിടക്ക് ലക്ഷമിയേടത്തിയെ കാണാൻ പോയ തന്നോട്, ഈ കാര്യം ലക്ഷ്മിയേടത്തി രഹസ്യമായി പറഞ്ഞിരുന്നു.

പെരിയാറിന്റെ മറുകരയിലുള്ള ഒരു ദൂരദേശത്തേക്കാണ് ലക്ഷ്മിയേടത്തി വിവാഹിതയായി പോയത്.
ഭർത്താവിനെ ദൈവമായിക്കണ്ടിരുന്ന ലക്ഷ്മിയേടത്തി, ഓരോ ദിവസവും ആരംഭിച്ചിരുന്നത്, ഉറങ്ങിക്കിടന്നിരുന്ന അദ്ദേഹത്തിന്റെ കാൽ തൊട്ട് വന്ദിച്ചുകൊണ്ടായിരുന്നു.
പുരയിടത്തിനും, പറമ്പിനും, പാടത്തിനും നടുവിൽ വിശാലമായ വരാന്തകളോടുകൂടിയ വലിയ വീട്ടിലായിയുന്നു അവരുടെ താമസം.സ്വപ്രയത്നം ഒന്ന്‌ കൊണ്ട് മാത്രമായിരുന്നു തികച്ചും സാത്വികനും, ബുദ്ധിമാനുമായ ലക്ഷ്മിയേടത്തിയുടെ ഭർത്താവിന്റെ കച്ചവടത്തിലെ അടിവച്ചടിവച്ചുള്ള ഉയർച്ച.
തന്റെ അനുജന്മാരും, മരുമക്കളും വളർന്നതും, വിദ്യ അഭ്യസിച്ചതും അടക്കം എല്ലാം അദ്ദേഹത്തിന്റെ സാമ്പത്തിക സഹായത്താൽ ആയിരുന്നു.
താലൂക്കിന്റെ വിവിധ ഭാഗങ്ങളിലായി ഒരേ സമയം ആറോളം പീടികകൾ അദ്ദേഹം നടത്തിയിരുന്നു.
എല്ലാ വൈകുന്നേരങ്ങളിലും സ്വന്തം സൈക്കളിൽ തന്റെ എല്ലാ പീടികകളിലും എത്തി, അന്നന്നത്തെ കണക്കെടുത്തേ അദ്ദേഹംവീട്ടിലെത്താറുള്ളൂ. മാസശമ്പളത്തിൽ നിർത്തുന്ന ആശ്രിതന്മാരാൽ പറ്റിക്കപ്പെടാതിരിക്കാനായിരുന്നു ഈ അത്യധ്വാനം.

കലവറ നിറയെ ധാന്യങ്ങളും, പറമ്പ് നിറയെ പച്ചക്കറികളുമായി, പരിചാരകരും, ആശ്രിതരും, പശുവും, കോഴിയും, കൊയ്ത്തും, മെതിയും, മറ്റുമായുള്ള ലക്ഷ്മിയേടത്തിയുടെ കുടുംബ ഭരണം തികച്ചും പ്രഭുത്വം തുളുമ്പുന്നതായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്.
ഇതിനിടയിൽ ഒരു വർഷം മാത്രം വ്യത്യാസത്തിൽ രണ്ട്‌ പെണ്മക്കൾക്ക്‌ ലക്ഷ്മിയേടത്തി ജന്മം നൽകി.ഇരുവരുടെയും വിദ്യാഭ്യാസം അടുത്തുള്ള സ്കൂളിൽ ഭംഗിയായി നടന്നുവന്നു.
കൈകൊട്ടിക്കളിയും, തിരുവാതിര കളിയും വർഷാവർഷങ്ങളിൽ ലക്ഷ്മിയേടത്തിയുടെ നേതൃത്വത്തിലാണ് ഗ്രാമത്തിൽ നടന്നിരുന്നത്.നിരവധി തിരുവാതിര പാട്ടുകളും മറ്റും ലക്ഷ്മിയേടത്തിക്ക് മന:പാഠമായിരുന്നു.
തന്റെ ശ്രമകരമായ കച്ചവടം കഴിഞ്ഞ്, രാത്രി പത്തര കഴിയുമ്പോഴായിരുന്നു, ലക്ഷ്മിയേടത്തിയുടെ ഭർത്താവിന്റെ മടക്കം. ഇരുട്ടിനെ ഭയന്നിരുന്ന ലക്ഷ്മിയേടത്തി, മൂന്നേക്കറോളം വരുന്ന സ്ഥലത്തിന് നടുവിലെ വലിയ വീട്ടിൽ രണ്ടു പിഞ്ചു കുഞ്ഞുങ്ങളുമായി രാത്രി പേടി സഹിക്കാതെ നിലവിളക്കിന്റെയും, റാന്തലിന്റെയും മറ്റും ഇരുണ്ട വെളിച്ചത്തിൽ ഉറക്കെ നാമം ജപിച്ചുകൊണ്ടിരിക്കും.
എന്നും രാത്രി വൈകിയുള്ള ഭർത്താവിന്റെ വരവാണ് ലക്ഷ്മിയേടത്തിക്കു അലോസരമായത്.
കച്ചവടത്തിൽ ഭർത്താവ് നടത്തുന്ന അത്യധ്വാനത്തെക്കുറിച്ചു അവർ വേണ്ടത്ര ബോധവതിയായിരുന്നില്ല. അലോസരത്തിന് പ്രധാന കാരണം ലക്ഷ്മിയേടത്തിയുടെ മനസ്സിൽചെറുപ്പം മുതൽ കയറിക്കൂടിയ രാത്രിയോടുള്ള ഭയം തന്നെയായിരുന്നു.പകലും, രാത്രിയും, ഇരുട്ടിനെ ഭയപ്പെട്ട ലക്ഷ്മിയേടത്തിയിൽ വരുത്തിയിരുന്ന സമൂലമായ ഭാവമാറ്റവും, അതിന്റെ മൂല കാരണവും ആരും വേണ്ടവിധം മന:സ്സിലാക്കിയില്ല.
ഇരുട്ടുണ്ടാക്കിയ ആധിയിൽ, ഭർത്താവിന്റെ തിരക്കുകൾ പൂർണ്ണമായി മനസ്സിലാക്കാതെ, താൻ ഒന്നും രണ്ടും പറഞ്ഞുണ്ടാക്കിയ തർക്കങ്ങൾ, ലക്ഷ്മിയേടത്തിയുടെ മാനസികനില വീണ്ടും തകിടംമറിച്ചു.എല്ലാ രാത്രികളിലും, ദാമ്പത്യം താറുമാറാക്കുന്ന പോലെ അവർ ഇരുവരുടെയും തർക്കങ്ങൾ ആവർത്തിച്ചു.

ഒരു ദിവസം രാത്രിക്കുരാത്രി, ലക്ഷ്മിയേടത്തിയെ ഭർത്താവും, കൂട്ടരും കാറിൽ അവരുടെ എട്ടുകെട്ടിന്റെ പടിപ്പുരക്കുമുന്പിൽ തന്ത്രപൂർവ്വം എത്തിച്ചു. എന്നാൽ, രണ്ട്‌ ചേട്ടന്മാരും ലക്ഷ്മിയേടത്തിയെ സ്വീകരിക്കുവാൻ തയ്യാറാവാതെ പടിപ്പുരയുടെ വാതിലുകൾ പൊടുന്നനെ കൊട്ടിയടച്ചു.
ലക്ഷ്മിയേടത്തിയെ കൂട്ടാതെ കാർ തിരിച്ചുപോയി. ലക്ഷ്മിയേടത്തിയെ വീട്ടുകാർ പിന്നീട് കൂട്ടിക്കൊണ്ട് പോകും എന്നായിരിക്കും ഭർത്താവ് കരുതിയത്.
പക്ഷെ, ലക്ഷ്മിയേടത്തിയുടെ അച്ഛനമ്മമാരുടെ കാലുപിടിച്ചുള്ള അപേക്ഷകൾ പോലും ചേട്ടന്മാർ ചെവിക്കൊണ്ടില്ല. ആ വീട്ടിൽ നിന്നും ഒരാളും ലക്ഷ്മിയേടത്തിയെ കൂട്ടിക്കൊണ്ടുവരുവാൻ പോകരുതെന്ന് അവർ ആജ്ഞാപിച്ചു.
സാന്ദർഭികമായി രാവിലെ പല ചരക്കുവാങ്ങാൻ കടയിൽ പോയ താൻ, വഴിയോരത്ത് സ്വന്തം പെട്ടിയുടെ മുകളിൽ ഇരുന്ന്, മതിലിൽ തലചായ്ച്ചുറങ്ങുന്ന ലക്ഷ്മിയേടത്തിയെ ആണ് കണ്ടത്!
തന്നെ കണ്ടപ്പോൾ തലേന്ന് രാത്രി നടന്ന സംഭവങ്ങൾ ലക്ഷ്മിയേടത്തി കരഞ്ഞുകൊണ്ട് വിശദമാക്കി.
താൻ പെട്ടിയെടുത്ത് ലക്ഷ്മിയേടത്തിയുമായി തന്റെ വീട്ടിലേക്ക് നടന്നു.
വീട്ടിൽ, ബന്ധു കൂടിയായ ലക്ഷ്മിയേടത്തിക്ക്‌, വിശ്രമ ജീവിതത്തിന് വേണ്ടതെല്ലാം അച്ഛനും, അമ്മയും, അനുജനും, താനും ചേർന്ന് ഒരുക്കി.
കുറച്ചുദിവസങ്ങൾക്കകം ലക്ഷ്മിയേടത്തിയുടെ ഭർത്താവ് മറ്റൊരാൾ വഴി കുറെയേറെ പണം വീട്ടിൽ എത്തിച്ചു.എന്നിട്ട്, ലക്ഷ്മിയേടത്തിയുടെ വക സ്ഥലത്തു ലക്ഷ്മിയേടത്തിക്കായി ഒരു ചെറിയ വീട് പണിതുകൊടുത്താൽ കൊള്ളാം എന്നറിയിച്ചു.
തന്റെ മേൽനോട്ടത്തിലാണ് വീടുപണി വേഗത്തിൽ പൂർത്തീകരിച്ചത്. മുൻപിലും, പുറകിലും, അരത്തിണ്ണയോടെയുള്ള വരാന്തകളും, അടുക്കളയും, ഹോളും, കിണറും,ചായ്പുമായുള്ള ചെറിയ വീട്ടിലേക്ക് ലക്ഷ്മിയേടത്തി താമസം മാറ്റി.മാസാമാസം അവരുടെ ഭർത്താവ് എത്തിച്ചുതന്ന പൈസകൊണ്ട് ലക്ഷ്മിയേടത്തിക്ക് വേണ്ട ആഹാരം, വീട്ടിൽ നിന്നും താൻ കൃത്യമായി എത്തിച്ചുകൊടുത്തു.
തനിക്കു വീട് പണിയാനും, ആഹാരത്തിനും തന്റെ ഭർത്താവാണ് പൈസ നൽകുന്നതെന്ന് അറിഞ്ഞ ലക്ഷ്മിയേടത്തി സന്തോഷവതിയായി.തന്നെ കൂട്ടിക്കൊണ്ടുപോകാൻ ഭർത്താവ് വരും എന്നു തന്നെ അവർ ഉറച്ച് വിശ്വസിച്ചു.
രാവിലെ പെരിയാറിൽ കുളിച്ച് അമ്പലത്തിൽ പോയി തന്റെ ഭർത്താവിനും, കുട്ടികൾക്കും വേണ്ടി സ്ഥിരമായി പ്രാർത്ഥിച്ചു. ഭർത്താവിനെയും, കുട്ടികളെയും, സ്വീകരിക്കുവാൻ എന്നപോലെ സ്വയം മുറ്റത്തൊരു ചെറിയ പൂന്തോട്ടം ഒരുക്കി. ഔഷധ സസ്യങ്ങൾ വീടിനു ചുറ്റും നട്ടു വളർത്തി.നിത്യവും, അവരുടെ വരവും സ്വപ്നം കണ്ട് അരത്തിണ്ണയിൽ, റോഡിലേക്ക് കണ്ണും നട്ടിരുന്നു.

ഒരുദിവസം, അയൽപക്കത്തെ പെണ്കുട്ടി രാത്രി കൂട്ടുകിടക്കാൻ എന്തോ കാരണത്താൽ എത്തിയിരുന്നില്ല.
അന്ന് രാത്രിയിലെ ഇരുട്ടും, ഏകാന്തതയും, ലക്ഷ്മിയേടത്തിയെ തന്റെ പേടിപ്പെടുത്തുന്ന ഓർമ്മകളിലേക്ക്, ഒരു പക്ഷെ, വീണ്ടും കൂട്ടിക്കൊണ്ട് പോയിരിക്കാം.
പിറ്റേന്ന് രാവിലെ, തന്റെ മൂത്ത ചേട്ടന്റെ ശബ്ദവും, വാതിൽക്കലെ മുട്ടും കേട്ടാണ് ലക്ഷ്മിയേടത്തി ഉണർന്നത്.വാതിൽ തുറക്കാൻ കാക്കാതെ തുറന്നിട്ട ജനലിൽക്കൂടി ചേട്ടൻ അറിയിച്ചു

” നീ അറിഞ്ഞോ, നിന്റെ ഭർത്താവ് ഇന്നലെ വേറെ കല്യാണം കഴിച്ചു”

വാതിൽ തുറന്ന് സ്തംഭിച്ചുനിന്ന ലക്ഷ്മിയേടത്തിയെ ഒന്നു തിരിഞ്ഞുനോക്കുക പോലും ചെയ്യാതെ, പരുഷഭാവത്തിൽ, ചേട്ടൻ നടന്ന് നീങ്ങി.
അമ്മയുണ്ടാക്കിത്തന്ന പ്രാതലുമായി താൻ കുറേക്കഴിഞ്ഞു പടി കടന്നെത്തുമ്പോൾ, ഒരിക്കലും ഉണരാത്ത ലക്ഷ്മിയേടത്തിയേയാണ് കണ്ടത്.
മേശപ്പുറത്തു തനിക്കായി വച്ചിരുന്ന, “ബാലന്” എന്ന് തുടങ്ങുന്ന എഴുത്തിൽ, മൂത്തചേട്ടൻ വന്നറിയിച്ച കാര്യം പറഞ്ഞിരുന്നു.തന്റെ ഭൂസ്വത്തുക്കൾ ഇരു മക്കൾക്കുമായി വന്നു ചേരണം എന്ന ആഗ്രഹവും എഴുതിയിരുന്നു.

…………………..

സ്മൃതി പഥത്തിലൂടെയുള്ള ഏകാന്ത സഞ്ചാരത്തിന് വിരാമമായത് തന്റെ മടിയിലിരുത്തി, താൻ പേരിട്ടു വിളിച്ച തന്റെ മൂത്ത പേരക്കുട്ടിയുടെ വളകിലുക്കവും, പൊട്ടിച്ചിരിയും ആണ്..

തന്റെ മന:സ്സിൽ പെയ്തൊഴിഞ്ഞ ആ വിശുദ്ധ ദൗത്യത്തിന്റെ സ്പന്ദിക്കുന്ന ഓർമ്മകളുമായി വാത്സല്യപൂർവ്വം, ബാലകൃഷ്ണൻ നായർ അവളെ നീട്ടി വിളിച്ചു, “മോളെ, ലക്ഷ്മിക്കുട്ടി….”.

കവർ : വിൽസൺ ശാരദ ആനന്ദ്

Comments
Print Friendly, PDF & Email

You may also like