പൂമുഖം LITERATUREകഥ കടങ്കഥകൾ

കടങ്കഥകൾ

നെടുമ്പാശ്ശേരിയിൽ നിന്ന് കാർ വിട്ടപ്പോൾ ഒരു വലിയ മഴ തുടങ്ങി. ഫ്ലൈറ്റ് കൃത്യസമയത്തിന് ലാൻഡ് ചെയ്തെങ്കിലും പെട്ടി കിട്ടാൻ ഒരുപാട് താമസിച്ചു. പക്ഷെ ഒട്ടും തന്നെ വൈകാതെ അദ്ദേഹം എന്നെ പിക്ക് ചെയ്യുവാൻ എത്തി. ഞാൻ പെട്ടി ട്രങ്കിൽ വച്ചിട്ട് പാസഞ്ചർ സീറ്റിൽ ഇരുന്നതും അദ്ദേഹം ഓർമ്മിപ്പിച്ചു “സീറ്റ് ബെൽറ്റ് ഇട്ടോളൂ. ഇപ്പൊൾ ഏഐ ക്യാമറയാണ് നാട് മുഴുവൻ.”

വീട്ടിൽ കയറി ഒന്നു ഫ്രെഷ് ആയിട്ട് പോകാം എന്നദ്ദേഹം പറഞ്ഞെങ്കിലും ഞാൻ അടുത്തയാഴ്ച മടക്കയാത്രയിൽ വരാം എന്നു പറഞ്ഞൊഴിഞ്ഞു.
“എന്തൊരു പേമാരി!” ഞാൻ അത്ഭുതപ്പെട്ടു. “ആഗസ്റ്റിൽ നാട്ടിൽ വരുന്നത് ഭയക്കണം. രണ്ടായിരത്തിപതിനെട്ടിലും ആഗസ്റ്റിലായിരുന്നല്ലോ മഹാപ്രളയം!” മഴ കാറിന്റെ വേഗം കുറച്ചു.

“മനോജെ, ഈ സിറ്റി ഒന്ന് കടക്കാൻ തന്നെ വേണം ഇനീം രണ്ടു മണിക്കൂർ. ഇതിനിടെ മുഖ്യമന്ത്രിയുടെയോ വല്ല കേന്ദ്രമന്ത്രിയുടെയോ യാത്ര ഉണ്ടെങ്കിൽ അഞ്ചും ആറും മണിക്കൂർ ബ്ലോക്കാവും. പോരെങ്കിൽ റോഡ് മുഴുവൻ കുഴികൾ. ഇതുപോലൊരു മഴ മതി എറണാകുളം വെറും കുളം ആവാൻ. ഭരിക്കുന്നവർക്കൊന്നും ഇതിൽ ശ്രദ്ധയില്ല. എല്ലാവനും കട്ടുമുടിക്കണം എന്നേയുള്ളൂ”.

പെരുമ്പാവൂർ എത്തിയപ്പോൾ ഞങ്ങൾ ഒരു ചായക്കടയിൽ കയറി. ഏറെ നാൾ കഴിഞ്ഞാണ് ഞാൻ ഒരു പഴംപൊരി കഴിക്കുന്നത്. അദ്ദേഹം വെറുമൊരു കട്ടൻ ചായയിൽ ഒതുങ്ങി.

“ഞാനിപ്പോ കീറ്റോ ആണെന്നെ. റിട്ടയർ ആയതിൽ പിന്നെ തടി കൂടുന്നു. പണ്ടൊക്കെ എന്നും രാവിലെ ഒരു മണിക്കൂർ നടക്കുമായിരുന്നു. ഇപ്പോൾ അത് പറ്റില്ലല്ലോ?”

“അതെന്താ?”

“അയ്യോ! തെരുവ് നായ്ക്കളെ പേടിച്ചു ജീവൻ പണയം വെച്ച് വേണം പുറത്തിറങ്ങാൻ. സർക്കാരിനോ കോർപ റേഷനൊ ഇതിലൊന്നും ഒരു ശ്രദ്ധയുമില്ല. എല്ലാവനും റാബീസ് വാക്‌സിൻ കമ്പനിയുടെ കാശു വാങ്ങുന്നവരാ. ഇവിടെ കുഞ്ഞുങ്ങൾ വരെ പേപിടിച്ചു മരിക്കുന്നു. പോരാത്തതിന് കുറെ മൃഗസ്നേഹികളും”

സംഭാഷണം വീണ്ടും ട്രാഫിക് ബ്ലോക്കിനെ കുറിച്ചും അതിവേഗറെയിൽപാതയുടെ ശരി തെറ്റുകളിലേക്കും പടരാൻ തുടങ്ങിയപ്പോൾ ഞാൻ മെല്ലെ ഉറങ്ങിപ്പോയി. ഭൂഗോളത്തിന്റെ മറുവശത്ത് ഞാനിപ്പോൾ ഗാഢനിദ്രയിൽ ആണ്ടു കിടക്കുന്ന സമയമാണ്. കണ്ണു തുറന്നപ്പോൾ ഞങ്ങൾ ഒരു പെട്രോൾ പമ്പിലാണ്.

“ഡീസലിൻ്റെ വില ദിവസം വച്ച് കൂട്ടുകയാണ്. അതനുസരിച്ച് എല്ലാ സാധനങ്ങളുടെയും വില കുതിച്ചങ്ങ് ഉയരുന്നു ഇവിടെ മനുഷ്യർക്ക് ജീവിക്കാൻ തീരെ പററാതായി.”

ശരിയാണ്. ആറു മാസം മുൻപ് വന്നപ്പോൾ ഉള്ളതിലും കൂടുതൽ ആയിട്ടുണ്ട് വില. ഊരിപ്പിടിച്ച വാൾ പോലെ പമ്പിൻ്റെ നോസിൽ ഉയർത്തിപ്പിടിച്ച് പെട്രോൾ ഒഴിക്കുന്നയാൾ എത്ര അടിക്കണമെന്ന് ആംഗ്യ ഭാഷയിൽ ചോദിച്ചു. ‘ ഫുൾ ടാങ്ക്’ എന്ന മുദ്ര എങ്ങനെ കാണിക്കണമെന്ന് അറിയാത്തത് കൊണ്ട് ഞാനത് വായ്മൊഴിയായി തന്നെ പറഞ്ഞു. അദ്ദേഹം ഈ സമയം ഫോണിൻ്റെ പ്രതലത്തിൽ അടുത്തത്, അടുത്തത് എന്ന മുദ്ര ചുരണ്ടിക്കാണിച്ച് കൊണ്ടിരിക്കുകയായിരുന്നു . എൻ്റെ ഫോൺ ഒന്ന് മുരണ്ടു. അദ്ദേഹം പെട്രോൾ വിലയെക്കുറിചുള്ള ഒരു ട്രോൾ എനിക്ക് വാട്സ്ആപ് ചെയ്തതാണ്. ഞാൻ സാധാരണയായി അദ്ദേഹം അയച്ചു തരുന്നതൊന്നും തുറന്നു നോക്കാറില്ല. പണ്ട് വൃദ്ധന്മാർ ബസിൽ കയറിയിരുന്നു വിസ്തരിച്ച് മുറുക്കി, രസം പിടിച്ച്, ഒരു നീട്ടിത്തുപ്പൽ ഇനി ഒട്ടും നീട്ടിവയ്ക്കാൻ വയ്യാതാവുന്ന നിമിഷത്തിൽ ചൂണ്ടുവിരലും നടുവിരലും ചുണ്ടോടു ചേർത്ത്, പരിസരം മറന്ന് പുറത്തേക്ക് ജെറ്റ് സ്പ്രേ ചീറ്റുന്നതുപോലയാണ് അദ്ദേഹത്തിന് സോഷ്യൽ മീഡിയ. അയച്ചുകിട്ടുന്ന എല്ലാ വങ്കത്തരങ്ങളും എല്ലാ ഗ്രൂപ്പുകളിലേക്കും ഒറ്റ തുപ്പാണ്!

“മനോജേ, കേരളം ഇപ്പോൾ മൊത്തത്തില് ഒരു വൃദ്ധസദനം ആയി മാറിക്കൊണ്ടിരിക്കുവാണ്. എല്ലാരും പിള്ളാരെ കാനഡയ്ക്കും യു. കെ ക്കും ന്യൂസിലാൻഡിനും ഒക്കെ പറഞ്ഞു വിടുകയാണ്. ഈ പോയ പിള്ളാര് വല്ലോം തിരികെ വരുമോ? അല്ലേത്തന്നെ എന്തിനാ വരുന്നത്? ഈ നാട് അതുപോല നശിച്ചു പോയി”

ഞാൻ പ്രതികരിച്ചില്ല.

“ഇവിടുത്തെ രാഷ്ട്രീയക്കാർക്ക് പൂട്ടിക്കാനേ അറിയൂ. അയൽ സംസ്ഥാനങ്ങൾ ആകട്ടെ വ്യവസായികളെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു.നമ്മുടെ പിള്ളാർക്ക് എന്തെങ്കിലും ഒരു തൊഴിൽ ഇവിടെ കിട്ടുമോ? “

“ശരിയാണ്” ഞാൻ ശബ്ദത്തിലെ താല്പര്യക്കുറവ് കഴിയുന്നത്ര അടക്കി പറഞ്ഞു.

“മനോജേ ഒന്നേ ഒള്ളെങ്കിപ്പോലും ഞങ്ങളുടെ നമിത ഡെന്മാർക്കിൽ പോണമെന്ന് പറഞ്ഞപ്പോ ഞങൾ എതിർപ്പ് പറയാഞ്ഞത് അതുകൊണ്ടാ. ഞങ്ങള് രണ്ടുംകൂടെ ഒന്ന് ചെല്ലാൻ അവളും ഭർത്താവും വിളിക്കുന്നുണ്ട്. ഷെങ്കൻ വിസ ഒക്കെ കിട്ടി. പക്ഷേ എൻ്റെ ഭാര്യക്ക് പണ്ടേ തണുപ്പ് പേടിയാണെന്ന് അറിയാമല്ലോ? ഏതായാലും അടുത്ത സമ്മറിൽ ഒന്നു പോകണം. പോയാലും അധികം അവിടെ നിൽക്കില്ല. എനിക്ക് നമ്മുടെ നാടും സംസ്കാരവും വിട്ടു വേറൊരു കളിയുമില്ല.”

തിരുവല്ലയിൽ ഹോട്ടൽ എലീറ്റിന്റെ അടുത്ത് അദ്ദേഹം വണ്ടി ഒതുക്കി. എനിക്ക് പഴയ കുറെ ഓർമ്മകൾ വന്നു. എന്തിൻ്റെ പുറപ്പാടാണെന്ന് ഏകദേശ രൂപം കിട്ടി. ഞാൻ ഇറങ്ങാതെ വണ്ടിയിൽ തന്നെ ഇരുന്നു.
” ഞാനിപ്പം വരാം.”
എൻ്റെ ഊഹം തെറ്റിച്ച് അദ്ദേഹം പഴക്കടയിൽ ചെന്ന് രണ്ടു കിലോ മോസമ്പി വാങ്ങി വേഗം തിരികെ വന്നു വണ്ടി സ്റ്റാർട്ട് ആക്കി.

ആശുപത്രിയിൽ നല്ല തിരക്കുണ്ട്. റിസപ്ഷനും ഫാർമസിയും കടന്ന് മുകൾനിലകളിലേക്കുള്ള ലിഫ്റ്റിൻ്റെ ചുവട്ടിൽ എത്തിയപ്പോൾ അവിടെ ഒരു ആൾക്കൂട്ടം. ഈവനിംഗ് റൌണ്ട്സ് നടക്കുന്ന സമയം ആയതുകൊണ്ട് ജീവനക്കാർ സന്ദർശകരെ തടഞ്ഞിരിക്കുന്നു. ആശുപത്രി ഉടമയുമായി തനിക്കുള്ള പരിചയം ഭീഷണിയായി അദ്ദേഹം ഉയർത്തിയില്ലായിരുന്നുവെങ്കിൽ ഒരുപക്ഷെ സെക്യൂരിറ്റിക്കാരൻ ഞങ്ങളെ പോകുവാൻ അനുവദിച്ചെനേ. ലിഫ്റ്റിൻ്റെ അടുത്ത് മുകളിലേക്ക് സ്‌ട്രെച്ചർ ഉരുട്ടി കയറ്റുവാനുള്ള റാമ്പ് വഴി ഞാൻ മെല്ലെ നടന്നു തുടങ്ങിയപ്പോൾ അവിടെ മറ്റൊരു ജീവനക്കാരൻ എന്നെ തടഞ്ഞു.
“ഒരു പാട് ദൂരം യാത്ര ചെയ്ത് വന്നതാണ് ചേട്ടാ, ഒന്ന് പൊയ്ക്കോട്ടേ” ഞാൻ അയാളുടെ ചെവിയിൽ ശബ്ദം അടക്കി പറഞ്ഞു. അയാൾ എതിർത്തില്ല.
ശരിയാണ് ഒരു പാട് ദൂരം! വീട്ടിൽ നിന്നും ഇറങ്ങിയിട്ട് ചെറിയ സൂചി വാച്ചിൻ്റെ പ്രതലം മൊത്തം ഒന്നര ആവർത്തി ചുറ്റിക്കറങ്ങിയിരിക്കുന്നു! മുപ്പത്തിയാറ് മണിക്കൂർ. ആകെയുള്ള ഒരാഴ്ച ലീവിൽ നാട്ടിൽ കിട്ടുന്നത് അഞ്ചു ദിവസം മാത്രം. ബാക്കി ആകാശത്തും എയർപോർട്ടുകളിലെ ചാരുബഞ്ചുകളിലുമായി നഷ്ടപ്പെടും. സായിപ്പിന്റെ കോർപ്പറേറ്റ് ലോകത്ത് അവധികൾക്ക് ഒരാഴ്ചയിൽ കൂടുതൽ ദൈർഘ്യം ഇല്ല. അതിനി വിനോദയാത്രകൾക്കാണെങ്കിലും അത്യാഹിത്യങ്ങളോ രോഗങ്ങളോ മരണങ്ങളോ പോലുള്ള അടിയന്തിരങ്ങൾക്കാണെങ്കിലും. ഞാൻ റാമ്പ് വഴി മൂന്നാം നിലയിൽ എത്തിയപ്പോഴേക്കും അദ്ദേഹവും ലിഫ്റ്റിൽ അവിടെ വന്നിറങ്ങി.

അമ്മയെ ഐ.സി.യു.വിൽ നിന്നും വാർഡിലേക്ക് മാറ്റിയിരിക്കുന്നു. ബോധം ഇപ്പോഴും തെളിഞ്ഞിട്ടില്ല. കട്ടിലിനടുത്ത് ബീന നില്ക്കുന്നുണ്ട്.അമ്മയുടെ ഹോംനഴ്സ് ആയി ബീന വന്നിട്ട് ആറുമാസമായി. നന്നായി നോക്കുന്നുണ്ട്. ദിവസവും രാവിലെയും വൈകിട്ടും വീഡിയോകോളിൽ എല്ലാ വിവരങ്ങളും അറിയിക്കും. അമ്മയുടെ ഓർമ്മശക്തി നഷ്ടപ്പെടുന്നതിന് അനുസരിച്ച് ദുശ്ശാഠ്യങ്ങളും ഏറി വരുന്നുണ്ട്. മരുന്ന് കഴിക്കാനാണ് മടി. ബീന അമ്മയുടെ താളത്തിനൊത്തു നിൽക്കും. ഒരിക്കലും ഒരു പരാതിയും പറയാറില്ല. ഈ ആറുമാസത്തിൽ ഇത് ആദ്യമായാണ് അമ്മ ആശുപത്രിയിൽ അഡ്മിറ്റ് ആവുന്നത്.
ബീനയ്ക്ക് മുമ്പുണ്ടായിരുന്ന ജോളി ആയിരുന്നു അമ്മയുടെ ഇഷ്ടപ്പെട്ട ഹോംനഴ്സ്. പക്ഷേ ജോളിയുടെ കാലത്ത് ഒരു വർഷം മൂന്ന് തവണയെങ്കിലും അമ്മയുടെ അസുഖം കൂടി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആവും . പലപ്പോഴും മരുന്നുകൾ കൊടുക്കുന്നത് മുടങ്ങുന്നത് കൊണ്ട് സംഭവിക്കുന്നതാണ്. ഞാനോ ഗൾഫിലുള്ള അനുജത്തിയോ പറന്നെത്തി ഒന്നോ രണ്ടോ ദിവസങ്ങൾ കഴിയുമ്പോൾ രോഗം മാറി ഉന്മേഷത്തോടെ അമ്മ ആശുപത്രി വിടും. എന്നും രണ്ടും മൂന്നും തവണ എങ്കിലും ഫോണിൽ കണ്ടാലും അമ്മയ്ക്ക് എല്ലാവരെയും നേരിൽ കാണണം.

അമ്മയുടെ ആടുത്ത ഫീഡ് കൊടുക്കാൻ സമയം ആയിരിക്കുന്നു. ബീന എൻഷുവർ കലക്കി തുടങ്ങി. അത് നിറച്ച ഒരു വലിയ സിറിഞ്ച് റയൽസ് ടൂബിൻ്റെ നോസിലിൽ ഫിറ്റ് ചെയ്യുമ്പോൾ അവൾ പറഞ്ഞു:
‘’ഈ മൂക്കിലൂടെയുള്ള ഭക്ഷണം തുടങ്ങിയതിൽ പിന്നെ ക്ഷീണം കൂടിയിട്ടുണ്ട്”
ഫീഡ് കഴിഞ്ഞു സ്നേഹത്തോടെ അമ്മയുടെ കവിളിൽ തലോടിയ ശേഷം അവൾ ചെറിയ കടലാസു കവറുകൾ ഓരോന്നായി തുറന്ന് ഒരുകൂട്ടം ഗുളികകൾ ഒരു ചെറിയ കിണ്ണത്തിൽ ഇട്ട് ഇടിച്ചുപൊടിക്കുവാൻ തുടങ്ങി.
“ഗുളികകൾ ഇപ്പോൾ ഇങ്ങനെയാണ് കൊടുക്കുന്നത്. നഴ്സുമാർ ചിലതൊക്കെ ഡ്രിപ് വഴി കൊടുക്കും”.
ഈയിടെയായി അമ്മ ഫോണിൽ വർത്തമാനം പറയുന്നത് തീരെ കുറഞ്ഞിരിക്കുന്നു.നേരിട്ട് കാണുമ്പോൾ അങ്ങനെ ആവില്ല എന്നായിരുന്നു ഞാൻ കരുതിയിരുന്നത്. ഒന്നു കണ്ണുതുറന്നു എങ്കിലും വീണ്ടും ഉറക്കത്തിലേക്ക് വീണു. എന്നെ തിരിച്ചറിഞ്ഞിട്ട് കൂടിയില്ല.

“ഇന്നാളുവരെ സാർ വിളിക്കുന്ന സമയം അറിയാമായിരുന്നു. അപ്പോ ഉണർന്നിരിക്കുമായിരുന്നു” ബീന പറഞ്ഞു.
അമ്മയോട് എന്തെങ്കിലും പറഞ്ഞു വീണ്ടും ഒന്നുണർത്തുവാനുള്ള എന്റെ ശ്രമങ്ങളിൽ അദ്ദേഹത്തിന് താല്പര്യം കണ്ടില്ല. അദ്ദേഹം മൊസമ്പിയുടെ പൊതിക്കെട്ട് സൈഡ് ടേബിളിൽ വച്ചു.

“ഇതെന്നും പിഴിഞ്ഞ് കൊടുക്കണം. മരുന്നുകളൊക്കെ കൃത്യമായി കൊടുക്കുന്നുണ്ടോ? ഉണ്ടാവില്ല. അല്ലെങ്കിൽ പിന്നെ ഇപ്പോഴിങ്ങനെ വരാൻ എന്താ കാര്യം? എന്തെങ്കിലുമൊക്കെ മുടക്കിയിട്ടുണ്ടാവും” ഗുളികകളുടെ പാക്കറ്റ് ഓരോന്നും വെറുതെ എടുത്തു പരിശോധിച്ചുകൊണ്ട് അദ്ദേഹം നീരസത്തോടെ ബീനയോട് പറഞ്ഞു. ബീന അദ്ദേഹത്തെ പൂർണ്ണമായി അവഗണിച്ചുകൊണ്ട് എന്നോട് ചോദിച്ചു
“ഇതാരാ സാറേ?” ഇതുവരെ കണ്ടിട്ടില്ലല്ലോ!
‘അപരിചിത’ൻ്റെ അധികാരഭാവവും ചോദ്യം ചെയ്യലും ഒന്നും അവൾക്ക് പിടിച്ചിട്ടില്ല.

ഞാൻ വേഗം മുറിക്ക് പുറത്തേക്ക് നടന്നു. അദ്ദേഹം എന്തായിരിക്കും ഉത്തരം പറഞ്ഞിട്ടുണ്ടാവുക എന്നു കേൾക്കാൻ താല്പര്യം തോന്നിയില്ല. അമ്മയുടെ മൂന്നു മക്കളിൽ, പുറത്തേക്ക് പോകാൻ അവസരങ്ങൾ ഏറെ ഉണ്ടായിട്ടും,നാട്ടിൽ തന്നെ ജീവിച്ച അദ്ദേഹത്തിന്റെ നിലപാടുകൾ എനിക്കെന്നും കടങ്കഥകൾ ആയിരുന്നുവല്ലോ!

വര : വർഷ മേനോൻ

കവർ : സി പി ജോൺസൺ

Comments
Print Friendly, PDF & Email

You may also like