അഭിമുഖം

ടി ഡി രാമകൃഷ്ണനുമായി മാമ ആഫ്രിക്കയെന്ന നോവലിനെക്കുറിച്ച് നടത്തിയ അഭിമുഖം.


ഭാഗം -1

 

ചോദ്യം: നാലാമത്തെ നോവൽ മാമ ആഫ്രിക്ക ഇറങ്ങിയിട്ട് അധികം നാളുകൾ ആയിട്ടില്ല. എങ്കിലും സജീവമായി വായിക്കപ്പെടുന്നു, പുതിയ പതിപ്പുകൾ വരുന്നു. ഇങ്ങനെയൊരു സ്വീകാര്യത പ്രതീക്ഷിച്ചിരുന്നോ? ഇതില്‍, കഥ പറച്ചിലിന്റെ രീതി ഏറെ പുതുമയുള്ളതാണ്. അത് നിയതമായ ആസൂത്രണത്തിലൂടെ ഉണ്ടാക്കിയ ഘടനയായിരുന്നോ?

66196600_10156121885835807_5019002583428104192_n

ാമ ആഫ്രിക്കയ്ക്ക് വായനക്കാരിൽ നിന്ന് നല്ല പ്രതികരണങ്ങൾ കിട്ടുന്നുണ്ട്. പുതിയ പതിപ്പുകൾ ഇറങ്ങുന്നു എന്നതിലുപരി, വായനക്കാരുടെ പ്രതികരണമാണ് പ്രധാനം. പ്രത്യേകിച്ച് നമ്മൾ തീരെ പ്രതീക്ഷിക്കാത്ത കോർണറുകളിൽ നിന്ന്, അപരിചിതരായ വായനക്കാർ, ആഫ്രിക്കൻ രാജ്യങ്ങളിൽ താമസിക്കുന്നവർ , അവിടെ ആഫ്രിക്കയുമായി ബന്ധമുള്ളവർ, അവിടത്തെ രാഷ്ട്രീയത്തോട് താല്പര്യം ഉള്ളവർ, ആഫ്രിക്കയിൽ ദീർഘകാലം താമസിച്ച് നാട്ടിലെത്തിയവർ, ഗൗരവമായി വായനയെ സമീപിക്കുന്നവർ … എല്ലാവരും പ്രതികരണം അറിയിക്കുന്നുണ്ട്. അത് വലിയ സന്തോഷം നൽകുന്നു. ഇത്രയൊന്നും പ്രതീക്ഷിച്ചിരുന്നില്ല, സുഗന്ധിയിലെ ശ്രീലങ്ക, നമുക്കെല്ലാം പരിചിതമായ വിഷയവും ഇടവുമാണ്-അത് നമ്മുടെ ഭൂതകാലത്തിലുമുണ്ട്. ആഫ്രിക്കയെപ്പറ്റി കേട്ടറിഞ്ഞിട്ടുണ്ടാവുമെങ്കിലും, ഇന്നത്തെ വായനക്കാരനെ സംബന്ധിച്ചിടത്തോളം കാര്യമായ പ്രസക്തി ഇല്ലാത്ത വിഷയമാണ്. അത് കൊണ്ട് ഇതിന്റെ സ്വീകാര്യതയെക്കുറിച്ച് സംശയമുണ്ടായിരുന്നു. സംശയങ്ങളെല്ലാം അസ്ഥാനത്താക്കിക്കൊണ്ട്, നല്ല പ്രതികരണങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നറേഷൻ ഒരു പരിധിവരെ ബോധപൂർവ്വം അങ്ങനെ ആക്കിയതാണ്. താരാ വിശ്വനാഥ്‌ എന്ന എഴുത്തുകാരി, എഴുതുന്ന വിധത്തിൽ ഈ നോവൽ വരണമെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു.
തുടക്കത്തിൽ പറഞ്ഞ ഒരു കാര്യം സത്യമാണ്. ഞാൻ രണ്ടാം വർഷം ഡിഗ്രിയ്ക്ക് പഠിക്കുന്ന സമയത്ത് മഗ്രേറ യൂണിവേഴ്സിറ്റിയിലെ ഒരു വിദ്യാർത്ഥിയുടെ കത്ത് എനിക്ക് വന്നിരുന്നു. അന്ന് മിറർ മാഗസിനിലെ pen point പേജിൽ പോയി വിലാസം നോക്കി, കഷ്ടപ്പെട്ട് പല കത്തുകളും എഴുതിയിരുന്നു.ഒരെണ്ണത്തിന് മറുപടി വന്നു. ‘കഷ്ടപ്പെട്ട് ഇംഗ്ളീഷിൽ എഴുതേണ്ട, മലയാളത്തിൽ എഴുതിയാൽ മതി’ എന്ന് അതിൽ എഴുതിയിട്ടുണ്ടായിരുന്നു. പത്തൊമ്പതാമത്തെ വയസ്സിൽ അതൊരു സന്തോഷമുള്ള കാര്യമായിരുന്നു. പക്ഷെ തുടർന്ന് കത്തൊന്നും വന്നില്ല. ബാക്കി പറയുന്ന കാര്യങ്ങളെല്ലാം ഫിക്ഷനാണ്.

65817232_10156121875525807_4099183131662221312_n

ഉരുണ്ട കൈയക്ഷരത്തില്‍, മലയാളത്തിലെഴുതിയ കത്തായിരുന്നു അത്. കത്തിൽ ആ പ്രദേശത്തെക്കുറിച്ച് മാത്രമേ എഴുതിയിരുന്നുള്ളു. ജിൻജയിൽ പഠിക്കുന്നു, കത്തയച്ചതിൽ സന്തോഷം എന്ന് തുടങ്ങി നാല് പാരഗ്രാഫിൽ ഉള്ള കത്ത്. ’79 ന്റെ അവസാനമായിരുന്നു കാലം.
നറേഷൻ, എഴുത്തുകാരി പറയുന്ന രീതിയിൽ ആവണം എന്നുള്ളതിന് മറ്റ് ചില കാരണങ്ങൾ കൂടിയുണ്ട്. മലയാള സാഹിത്യത്തിന് ഒരുപാട് മാറ്റങ്ങൾ വന്നത് കേരളത്തിന് പുറത്തു നിന്നാണ്. ഏറെ വായിക്കുകയും, ചർച്ചകളില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന കുറേപ്പേരെ പരിചയപ്പെടുകയുണ്ടായി, പല അവസരങ്ങളിൽ. എഴുത്തിന്റെ പല തലങ്ങളിൽ നിൽക്കുന്നവരാണ്. പക്ഷെ അവർക്ക് ഭാഷയോടുള്ള സ്നേഹം, അടുപ്പം ഒക്കെ കേരളത്തിലുള്ള മലയാളികള്‍ക്കുള്ളതിനെക്കാൾ കൂടുതലാണ്. പലയിടങ്ങളിൽ നിന്ന്, നിങ്ങളെപ്പോലെയുള്ളവരില്‍ നിന്ന്, ലഭിച്ച പല പ്രതികരണങ്ങൾ അങ്ങനെ ഒന്നിലേക്ക് എത്തിച്ചു. താരയെപ്പോലെ ഒരാളെ ഞാൻ കണ്ടുമുട്ടിയിട്ടില്ല. ഇതിന്റെ കാലഘട്ടം എൺപതുകളുടെ അവസാനം വരെയാണ്. അത് കൊണ്ട് തന്നെ ടെക്നോളജിയുടെ ഒരു സാധ്യതയുമില്ല. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം വന്ന ഗ്ലോബലൈസേഷന് മുന്‍പുള്ള കാലഘട്ടമാണ്.
താരയെഴുതുന്നത്, കമ്യൂണിസം തുടക്കത്തില്‍ തന്ന പ്രതീക്ഷയെ കുറിച്ചും, പിന്നീട് അതില്‍ വന്ന ഉലച്ചിലുകളെ കുറിച്ചും ആണ്. സോവിയറ്റ് യൂണിയന്റെ കാലത്ത് സംഭവിക്കുന്നതാണത്. സ്വതന്ത്ര ചിന്തകൾക്കും പരിമിതികളുണ്ടായിരുന്ന കാലം. ഇന്നത്തെ political correctness അക്കാലത്തെ ജനങ്ങള്‍ക്ക് ഉണ്ടായിരുന്നിരിക്കണമെന്നില്ല. അങ്ങനെയൊരു രാജ്യത്ത് ജീവിക്കുന്ന ഒരാൾ ചിന്തിക്കാനിടയുള്ള കാര്യങ്ങളെക്കുറിച്ചാണ് എഴുതിയിരിക്കുന്നത്. അതിൽ നമുക്ക് ഊഹിക്കാൻ പറ്റാത്ത, ഇന്നത്തെ ചിന്തകൾക്ക് അനുസൃതമല്ലാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ടാകും. താരയെഴുതുന്നതും ഫിക്ഷനാണ്. അവരുടെ അവസ്ഥയും ഭാവനയും അതിൽ ചേർന്നിരിക്കുന്നു. ആ ഒരു സങ്കീർണ്ണത അതിനുണ്ട്. പലതും straight ആയിട്ട് പറയുന്നതല്ലല്ലോ

ചോദ്യം:  മാമ ആഫ്രിക്കയിൽ ചർച്ച ചെയ്യപ്പെടുന്ന രാഷ്ട്രീയം വളരെ കാലികമാണ്. The greater the power, the more dangerous the abuse Edmund Burke പറഞ്ഞ പോലെ അധികാരത്തിന്റെ ഹിംസാത്മകത ഇട്ടിക്കോരയിലും സുഗന്ധിയിലും എന്നത് പോലെ ഇതിലും പ്രതിപാദിക്കുന്നുണ്ട്. എങ്ങനെ ഇദി അമനിൽ എത്തിച്ചേർന്നു?

തിൽ പല കാര്യങ്ങളുണ്ട്. ഒന്നാമതായി ഞാനെത്തുന്നത് കത്തിലൂടെയാണ്. റെയിൽവേയ്ക്ക് വേണ്ടിയുള്ള ഒരന്വേഷണത്തിൽ എന്നെ അത്ഭുതപ്പെടുത്തിയ കാര്യമാണ് 1895 മുതൽ 1901 വരെ കിഴക്കൻ ആഫ്രിക്കയിലെ മോംബാസ തൊട്ട് വിക്റ്റോറിയ തടാകം വരെയുള്ള റെയിൽവേ ലൈൻ നിർമ്മാണ ജോലിയ്ക്കായി മുപ്പതിനായിരം ഇന്ത്യക്കാർ പോയിരുന്നു എന്ന കാര്യം. പഞ്ചാബികളും ഉത്തരേന്ത്യക്കാരുമായിരുന്നു കൂടുതൽ. ചെറിയൊരു ശതമാനം semi skilled തൊഴിലാളികൾ പരപ്പനങ്ങാടിയിൽ നിന്നും പോയിരുന്നു. അക്കൗണ്ടൻസി പഠിച്ച തമിഴ് ബ്രാഹ്മണരിൽ പെട്ട ചിലർ കുംഭകോണം ഭാഗത്ത്‌ നിന്ന്, തൊഴിലാളികളുടെ ശമ്പളവും മറ്റ് കാര്യങ്ങളും നോക്കാനായും പോയിരുന്നു. അങ്ങനെ ആയിരക്കണക്കിന് പേർ അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു. ബാക്കിയൊക്കെ ഭാവനയാണ്. ഇദി അമനെ ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത് ക്രൂരനായ ഒരു ഭരണാധികാരിയായിട്ടാണ്. അത്രയ്ക്കും രാക്ഷസനായ ഒരാളായിരുന്നോ ഇദി അമൻ എന്നതിനെക്കുറിച്ച് ലഭ്യമായ രേഖകള്‍ (പുസ്തകങ്ങൾ, സിനിമ ) വെച്ച് ഒരന്വേഷണം നടത്തി. അമ്പതുകളിൽ ഉഗാണ്ട വിട്ട് കെനിയ, ടാൻസാനിയ തുടങ്ങിയ രാജ്യങ്ങൾക്ക് സ്വാതന്ത്ര്യം കിട്ടി. ബെൽജിയത്തിന്റെ കോംഗോയിലെ കോളനി, കേരളത്തിൽ അധികമൊന്നും ചർച്ചയാകാത്ത കാര്യമാണ്. കോംഗോ, നിക്കൽ, ചെമ്പ് തുടങ്ങിയ ധാതുക്കളാൽ സമ്പന്നമാണ്. തദ്ദേശീയരായ ഭരണാധികാരികൾ വരാതെ അതെല്ലാം ചൂഷണം ചെയ്യപ്പെടുകയുണ്ടായി. സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞും പലരും പുറത്താക്കപ്പെട്ടു, വധിക്കപ്പെട്ടു. നേരേര, കെന്നത്ത് കൗണ്ട തുടങ്ങിയ നേതാക്കൾക്കെല്ലാം സോവിയറ്റ് യൂണിയനുമായി അടുപ്പമുണ്ടായിരുന്നു. ഈ രാഷ്ട്രീയ സാഹചര്യങ്ങളെല്ലാം ചർച്ച ചെയ്യപ്പെടേണ്ടതാണ്. സൈനിക അധികാരം കറുത്ത വർഗ്ഗക്കാർക്ക് കിട്ടിയിട്ടും വലിയ മാറ്റങ്ങളൊന്നും ഉണ്ടായില്ല. അവർ പല ഗോത്രങ്ങളായി ചിതറിക്കിടക്കുകയാണ്. അവർ തമ്മിലുള്ള മത്സരം, വയലൻസ് എല്ലാം ഒരു norm ആയി തുടരുകയും ചെയ്യുന്നു.

തെക്കൻ ഉഗാണ്ടയിൽ കോംഗോ അതിർത്തിയിൽ ജനിച്ച ഒരാൾ ഒരുപാട് ദൂരം താണ്ടി ഉഗാണ്ടയുടെ ഭരണം കൈക്കലാക്കി എല്ലാവരെയും നിയന്ത്രിക്കുന്നു- ഗോത്രങ്ങൾക്കിടയിലുള്ള അധികാര മത്സരങ്ങൾ, അനാചാരങ്ങൾ, ഹിംസാത്മകത ഒക്കെ തുടരുന്നു. അങ്ങനെ ഒരു അവസ്ഥയിൽ ലളിതവൽക്കരണം ശരിയല്ല. അതിസങ്കീർണ്ണമായ അധികാരഘടനയെ കാണിച്ചു തരുന്ന ഇടങ്ങൾ കൂടിയാണത്. ആ സാഹചര്യം ഈ കാലഘട്ടത്തിലും ചർച്ച ചെയ്യപ്പെടേണ്ട ഒന്നാണെന്ന് തോന്നി. അവിടെയെത്തുന്ന ഇന്ത്യക്കാർ കറുത്തവരുടെയും വെള്ളക്കാരുടെയും ഇടയിൽപ്പെടുന്നു. തങ്ങളെ ചൂഷണം ചെയ്യുന്ന വെള്ളക്കാരുടെ കൂടെയാണെന്ന് കരുതി കറുത്തവരും, തങ്ങളെ ഒറ്റുകൊടുക്കുന്നവരാണെന്ന് കരുതി വെള്ളക്കാരും ഇന്ത്യക്കാരില്‍ നിന്ന്‍ അകലം പാലിച്ചു. അതിർത്തികൾക്കും , ദേശീയതയ്ക്കും വേണ്ടിയുള്ള സംഘട്ടനങ്ങൾ. ഒരു ദേശം ഇന്നയാളുടേതാണെന്ന അവകാശത്തിനുവേണ്ടിയുള്ള യുദ്ധങ്ങൾ. ഇതൊക്കെ ഇതിൽ ചർച്ച ചെയ്യപ്പെടേണ്ടതാണ്.

ചോദ്യം: കറുപ്പിന്റെ രാഷ്ട്രീയം ഉയർത്തിപിടിക്കുന്ന നോവലിൽ അധികാരത്തിലിരിക്കുന്ന ഇദി അമൻ പോലും തവിട്ട് നിറത്തിലുള്ള ഇന്ത്യക്കാർക്ക് കറുത്ത നിറക്കാരോടുള്ള വെറുപ്പിനെപ്പറ്റി ചോദിക്കുന്നുണ്ട്. വെളുപ്പിനോടുള്ള ഈ ആഭിമുഖ്യം അധികാരവുമായി ബന്ധപ്പെട്ടതാണോ?വർണ്ണത്തിന്റെ രാഷ്ട്രീയം ഒന്ന് വിശദമാക്കാമോ ?

ർണ്ണത്തിന്റെ രാഷ്ട്രീയം ഏറ്റവും ഭീകരമായി അനുഭവപ്പെടുന്നത് ആഫ്രിക്കൻ രാജ്യങ്ങളിലാണ്. ആഫ്രിക്കൻ കറുപ്പ് നമ്മൾ വിചാരിക്കുന്നതിനും അപ്പുറത്തുള്ള കറുപ്പാണ്. അത് ഉൽപ്പാദിപ്പിക്കുന്ന വെറുപ്പും വേറിട്ടതാണ്. അമേരിക്കയിലും ലാറ്റിൻ അമേരിക്കയിലുമെല്ലാം അതിന്റെ തുടർച്ചയാണല്ലോ അവരനുഭവിക്കുന്നത്. ഇവരെ അടിമകളാക്കി യൂറോപ്യൻ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്ന രീതിയുണ്ടായിരുന്നു. ഘാനയിൽ അങ്ങനെയൊരു സ്ഥലമുണ്ടായിരുന്നു. കറുത്ത വർഗ്ഗക്കാരെ അതിശക്തമായി അടിച്ചമർത്തി വെറും മൃഗങ്ങളെപ്പോലെ കച്ചവടം നടത്തിയിരുന്നു വെള്ളക്കാർ. നമ്മുടെ നാട്ടിലും അടിമക്കച്ചവടം ഉണ്ടായിരുന്നെങ്കിലും അതിന്റെ എല്ലാ ഭീകരതകളും കറുത്തവർ അനുഭവിക്കേണ്ടി വന്നു. അത് കൊണ്ട് തന്നെ വെളുത്തവരോടുള്ള വെറുപ്പും അവരിൽ തന്നെയാണ് ഉണ്ടാകുന്നത്.

കെനിയയിലും ഉഗാണ്ടയിലുമുള്ള ഇന്ത്യക്കാർ തദ്ദേശീയരെക്കാൾ വിദ്യാഭ്യാസം ഉള്ളവരും, സമൂഹത്തിൽ ഉന്നതരുമായിരുന്നു. സ്വാതന്ത്ര്യം കിട്ടിയിട്ടും ഇവരുടെ കയ്യിലായിരുന്നു ഇക്കോണമി നിലനിന്നിരുന്നത്. കമ്പാലയിലെ ഏറ്റവും വലിയ ഷുഗർ ഫാക്ടറിയൊക്കെ അവരുടെ കയ്യിലായിരുന്നു. സാധാരണക്കാർ കഷ്ടപ്പാടിലുമായിരുന്നു. നല്ല നിലയിൽ ഇന്ത്യക്കാർ ഒരിക്കലും അവരോട് integrate ചെയ്തിരുന്നില്ല. ബ്രിട്ടീഷ് ഇന്ത്യയിലെ ബ്രിട്ടീഷ് പാസ്പോർട്ട് ഉള്ള ആൾക്കാരായിരുന്നു അവര്‍. ഇദി അമന്റെ ഒരു ഇന്റർവ്യൂവിൽ പറയുന്നുണ്ട് ‘എൺപതിനായിരം ഇന്ത്യക്കാരിൽ അഞ്ച് പേർ മാത്രമാണ് ആഫ്രിക്കക്കാരെ കല്യാണം കഴിച്ചിരുന്നത്. അവരെ മനുഷ്യരായിപ്പോലും പരിഗണിച്ചിരുന്നില്ല എന്നര്‍ത്ഥം . അവർ അവിടന്ന് ഉണ്ടാക്കിയ ലാഭം ഇംഗ്ലണ്ടിളും മറ്റും നിക്ഷേപിക്കുകയാണ് ചെയ്തത്. സാധാരണക്കാരിലേക്ക് അധികാരം വരുന്നില്ലെന്ന പ്രശ്നം കെനിയയിലും ടാൻസാനിയയിലും ഉണ്ടായിരുന്നു. ഉഗാണ്ടയിൽ കുറച്ചു കൂടി തീവ്രമായിരുന്നു പ്രശ്നം. അമിൻ വന്ന സമയത്താണ് ഇവരെയെല്ലാം പുറത്താക്കാനുള്ള തീരുമാനം എടുക്കുന്നത്. തൊണ്ണൂറ് ദിവസത്തിനുള്ളിൽ അവിടന്ന് പോയില്ലെങ്കിൽ ക്രൂരമായ ശിക്ഷാ നടപടികൾക്ക് വിധേയരാവും എന്ന നിലയായിരുന്നു. അതിന് കാരണമായി പറഞ്ഞു കേൾക്കുന്നത്, കൃത്യമായ തെളിവുകളില്ലാത്ത കെട്ടുകഥകളാണ്. അമിൻ വലിയ സ്ത്രീലമ്പടൻ ആയിരുന്നു എന്നൊരു പശ്ചാത്തലമുണ്ട്. അതിൽ അദ്ദേഹത്തിന് അമിതമായ ആത്മവിശ്വാസമായിരുന്നു. സ്ത്രീകൾ തന്നെ അമിതമായി ഇഷ്ടപ്പെടുന്നു, ആഘോഷിക്കുന്നു എന്നൊക്കെ അസാധാരണമായ ആത്മവിശ്വാസമുണ്ടായിരുന്നു അദ്ദേഹത്തിന്. എത്രത്തോളം സത്യമാണിത് എന്നത് വേറൊരു വശം. യൂറോപ്യൻ അല്ലെങ്കിൽ ബ്രിട്ടീഷ് സ്ത്രീകളെ അനായാസമായി വശപ്പെടുത്താനായി. ഇന്ത്യക്കാരുമായുള്ള അത്തരത്തിലുള്ള ബന്ധം നേടിയെടുക്കാന്‍ എത്ര ശ്രമിച്ചിട്ടും ആയതുമില്ല. ഭാര്യയാകാൻ ഇന്ത്യക്കാരി(കള്‍) വിസമ്മതിച്ചതിനെത്തുടർന്നാണ് നമ്മുടെ നാട്ടുകാരെ മൊത്തം പുറത്താക്കാന്‍ ഉള്ള നടപടി തുടങ്ങിയതെന്ന് വിശ്വസിക്കുന്നവരുണ്ട്. ചില കഥകള്‍ കെട്ടിച്ചമച്ചവയാകാം. പലതും സത്യവുമാണ്. അവിടെ സ്ഥിരതാമസമാക്കിയ ഇന്ത്യക്കാർ തങ്ങളുടെ പെണ്മക്കളെ ആഫ്രിക്കക്കാർക്ക് കല്യാണം കഴിച്ച് കൊടുക്കാൻ താത്പര്യപ്പെട്ടിരുന്നില്ല. ഇന്ത്യക്കാരിയായ ഒരു സ്ത്രീയും ഒരു ആഫ്രിക്കക്കാരനെ ഇഷ്ടപ്പെടാൻ തയ്യാറായിരുന്നില്ല. വെറുപ്പോടെ, മറ്റേതോ ജീവിയെപ്പോലെയാണ് അവരവരെ കണ്ടിരുന്നത്. ഏത് പ്രവിശ്യയിൽ പോയാലും തദ്ദേശീയർ ഇന്ത്യക്കാരെ കാണുന്നത്, അവരെ ചൂഷണം ചെയ്ത, കൂട്ടിക്കൊടുപ്പുകാരായിട്ടാണ്.വളരെ ലളിതമായി കറുപ്പ്, വെളുപ്പ് എന്നിങ്ങനെ പറഞ്ഞു വെയ്ക്കുന്നതിൽ അർത്ഥമില്ല. സങ്കീർണ്ണമായ ഒരു തലം അതിനുണ്ട്. മാമ ആഫ്രിക്ക എന്ന നോവൽ എല്ലാത്തരം ലളിതവൽക്കരണങ്ങൾക്കും എതിരാണ്. ലളിതമായി കറുത്തവൻ /വെളുത്തവൻ, സ്ത്രീ /പുരുഷൻ എന്നൊക്കെ പറയുന്നതില്‍ കാര്യമില്ല എന്ന കാര്യം നോവൽ ചർച്ച ചെയ്യുന്നുണ്ട്.

65884518_10156121885735807_8792992064410222592_n

Print Friendly, PDF & Email