പൂമുഖം LITERATUREലേഖനം നമുക്ക് വേണ്ടത് സ്നേഹ സംവാദങ്ങൾ

നമുക്ക് വേണ്ടത് സ്നേഹ സംവാദങ്ങൾ

അങ്ങിനെ ജനുവരി 9ന് ഇസ്ലാം മത പ്രബോധകൻ എം.എം. അക്ബറും പ്രശസ്ത യുക്തിവാദിയും എക്സ് മുസ്ലീമും ആയ ഇ. എ. ജബ്ബാറും ഗോദയിൽ ഏറ്റുമുട്ടുകയാണ്. മതവും മത നിഷേധവും തമ്മിലുള്ള, വിശ്വാസവും അവിശ്വാസവും തമ്മിലുള്ള, ദൈവത്തിന് സമ്പൂർണ്ണമായി കീഴടങ്ങുന്നവരും ദൈവത്തിന്‍റെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്യുന്നവരും തമ്മിലുള്ള സംവാദം.. തീ പാറും, തീർച്ച….! ജബ്ബാറും അദ്ദേഹത്തിന്‍റെ അനുയായികളായ യുക്തിവാദികളും അക്ബറിനെ ജബ്ബാർ മലർത്തിയടിക്കുന്നതും, അക്ബറിന്‍റെ അനുയായികളായ കുറേപേരെങ്കിലും മതവിശ്വാസം ഉപേക്ഷിച്ച് യുക്തിവാദികളാകുന്നതും സ്വപ്നം കാണുന്നുണ്ടാവാം. അതുപോലെ അക്ബർ, ജബ്ബാറിനെ ഉത്തരം മുട്ടിച്ച്, അദ്ദേഹത്തെയും അനുയായികളിൽ ഒരു നല്ല പങ്കിനെയും സത്യവിശ്വസികളും, മരണാനന്തരം സ്വർഗ്ഗത്തിനാവകാശികളും ആക്കിയേക്കാമെന്ന്, വിശ്വാസി സമൂഹവും കരുതുന്നുണ്ടാവാം.

മതവിശ്വാസികളായ മുസ്ലിം കുടുംബത്തിൽ ജനിച്ചു വളർന്ന ഞാൻ ഇസ്ലാം മതവിശ്വാസിയായാണ് ജീവിതം ആരംഭിച്ചത്. ഭൂരിഭാഗവും ചെയ്യുന്നത് പോലെ മുൻതലമുറകളിൽ നിന്നു കേട്ടതും അറിഞ്ഞതുമൊക്കെ ചുമ്മാ വിശ്വസിച്ച്, ചോദ്യങ്ങളൊന്നും ചോദിക്കാതെ, അങ്ങു ജീവിച്ചിരുന്നിരുന്നെങ്കിൽ ഇപ്പോളും ഒരു ‘സത്യവിശ്വാസി’യായിത്തന്നെ കഴിയാമായിരുന്നു. എത്രയായാലും മരണം അത്ര അകലെയല്ലാത്ത ഈ വാർദ്ധക്യകാലത്ത് മരണാനന്തരം ലഭിക്കുന്ന ‘സ്വർഗ്ഗജീവിതം’ സ്വപ്നം കണ്ട് ജീവിക്കാമായിരുന്നു. ഒന്നാലോചിച്ചാൽ വിശ്വാസജീവിതത്തിൽ നിന്നും തെന്നിമാറിയത് ഒരു നഷ്ടമായിപ്പോയോ എന്നും സംശയിക്കാറുണ്ട്. സലിംകുമാർ പറഞ്ഞത് പോലെ ഇനിയെങ്ങാനും ബിരിയാണി കിട്ടിയാലോ 🙂

ഇ. എ. ജബ്ബാർ

ചിന്തിക്കുന്ന മനുഷ്യൻ എന്ന നിലയിൽ വിശ്വാസപരമായ കാര്യങ്ങളിൽ ചില സന്ദേഹങ്ങളും സംശയങ്ങളും തോന്നിയപ്പോൾ അതേക്കുറിച്ചു കൂടുതൽ വായിക്കാനും പഠിക്കാനുമാണ് തീരുമാനിച്ചത്. അത്തരം അന്വേഷണങ്ങളും പഠനങ്ങളും കൊണ്ടു ചെന്നെത്തിച്ചത് ഇന്നത്തെ മാനസികാവസ്ഥയിലേയ്ക്കാണ്. ഈ അന്വേഷണങ്ങളുടെയും പഠനങ്ങളുടെയുമിടക്ക്, മതത്തെ കാര്യമായി മനസ്സിലാക്കുകയും പഠിക്കുകയും ചെയ്ത പലരുമായും സംവാദങ്ങളിൽ ഏർപ്പെടേണ്ടിയും വന്നിട്ടുണ്ട്. അതു കൊണ്ടു തന്നെ വിശ്വസിയും അവിശ്വാസിയും തമ്മിലുള്ള സംവാദത്തെ കുറിച്ചു വലിയ മതിപ്പൊന്നും തോന്നുന്നില്ല. കുട്ടിക്കാലത്തു തന്നെ മനസ്സിൽ കുത്തിക്കയറ്റിയ, മരണാനന്തരജീവിതത്തെ കുറിച്ചുള്ള ധാരണയും ദൈവശിക്ഷയെക്കുറിച്ചുള്ള ഭയവും മനസ്സിൽ നിന്നും പറിച്ചു കളയാൻ ഞാൻ പെട്ട പാട് എനിക്കേ അറിയൂ. ആ ഭയം നിശ്ശേഷം പറിച്ചു കളഞ്ഞപ്പോളാണ് ഒരു കാര്യം എനിക്ക് ബോധ്യമായത്. വിശ്വാസവും വിശ്വാസരാഹിത്യവും സംവാദത്തിലൂടെ നിർമ്മിച്ചെടുക്കാൻ പറ്റിയ ഒന്നല്ല, അതൊരു മാനസികാവസ്ഥയാണ്. ചിലരെ സംബന്ധിച്ചേടത്തോളം, ഈ പ്രപഞ്ചത്തെയും അതിലെ പ്രതിഭാസങ്ങളെയും, ഒരു സൃഷ്ടാവ്/നടത്തിപ്പുകാരനിലൂടെ മാത്രമേ ഉൾക്കൊള്ളാനാവൂ. മറ്റു ചിലർക്ക് ഇന്നേവരെ മനുഷ്യൻ നേടിയ ശാസ്ത്ര സാങ്കേതിക വിജ്ഞാനങ്ങളെ യുക്തിസഹമായി വിശകലനം ചെയ്ത്, ഇതെല്ലാം വെറും ഭൗതിക പ്രതിഭാസങ്ങൾ മാത്രമാണെന്ന സത്യം ഉൾക്കൊള്ളാൻ കഴിയുന്നു, അത്രേയുള്ളൂ. മറ്റൊന്നുകൂടിയുണ്ട്. ചിന്തിക്കാൻ കഴിവുള്ള ജീവിയായ മനുഷ്യനിൽ രൂപപ്പെടുന്ന അഹംബോധം. ജീവിച്ചിരിക്കുമ്പോള്‍ ശക്തമായ ഒരു യാഥാർത്ഥ്യമായി എന്നിലുണ്ടാകുന്ന ഞാൻ എന്ന ബോധം മൂലം, മരണാനന്തരം ‘ഞാൻ’ ഒരു മിഥ്യ മാത്രമാണെന്ന്, പിന്നീടൊരിക്കലും ഞാൻ ഈ പ്രപഞ്ചത്തിൽ ഇല്ല എന്ന സത്യം, ഉൾക്കൊള്ളാനുള്ള കെൽപ്പ് ശരാശരി മനുഷ്യമനസ്സിനുണ്ടാകില്ല. ആ കെൽപ്പ് മനസ്സിനുണ്ടാകണമെങ്കിൽ, വലിയ മാനസിക വ്യായാമം തന്നെ വേണ്ടിവരും. ആ വ്യായാമത്തെ തടയുന്ന ഒരുപാട് കാര്യങ്ങൾ നമുക്ക് ചുറ്റുമുണ്ട് താനും. ആരാധനാലയങ്ങളും, മതപഠന ശാലകളും, പൗരോഹിത്യം തൊഴിലായി സ്വീകരിച്ചവരും, ഉത്സവങ്ങളും വിശേഷദിവസങ്ങളും, എന്തിന്, നമ്മുടെ കലയും സംഗീതവും വരെ, കാര്യകാരണങ്ങൾ തേടുന്ന മനുഷ്യന്‍റെ മാനസികവ്യാപാരത്തെ തടസ്സപ്പെടുത്തുന്നുണ്ട്.

എന്തോ എനിക്ക് ഈ പ്രതിസന്ധിയെ വളരെ അനായാസമായി മറികടക്കാന്‍ കഴിഞ്ഞു. ഒന്നാമതായി ദൈവവിശ്വാസം തന്നെ. പ്രപഞ്ചത്തെയും അതിലെ പ്രതിഭാസങ്ങളെയും സൃഷ്ടിച്ചു പരിപാലിക്കാൻ ഒരു ദൈവം വേണമെങ്കിൽ ആ ദൈവത്തെ സൃഷ്ടിക്കാനും പരിപാലിക്കാനും വേണ്ടേ മറ്റൊരു ദൈവമെന്ന സംശയം പരിഹരിക്കപ്പെട്ടേയില്ല. മത വിശ്വാസികളുമായി സംവാദത്തിലേർപ്പെട്ടപ്പോൾ കിട്ടിയ ഉത്തരം എപ്പോഴും തർക്കുത്തരം മാത്രമായിരുന്നു.

പിന്നെയുള്ളത് മരണാനന്തരജീവിതത്തെ കുറിച്ചുള്ള വിശ്വാസമായിരുന്നു. എന്‍റെ ജനനത്തെക്കുറിച്ച് വ്യക്തമായ അറിവ് ലഭിച്ചപ്പോൾ, മറ്റെല്ലാ ജീവജാലങ്ങളെയും പോലെ എന്‍റെ ജനനത്തിന്‍റെയും വളർച്ചയുടെയും കാരണങ്ങളും എനിക്ക് മനസ്സിലായി. എന്നാലും മരണാനന്തരം ഞാനെന്ന ബോധം തീർത്തും ഇല്ലാതാകുമെന്നുള്ള സത്യം ഉൾക്കൊള്ളാൻ പിന്നെയും വൈകി. പക്ഷികൾക്കും മൃഗങ്ങൾക്കും ഇതര ജീവജാലങ്ങൾക്കും മരണശേഷം സംഭവിക്കുന്ന മാറ്റ പ്രക്രിയകൾ മനുഷ്യനും സംഭവിക്കുന്നത് ശ്രദ്ധിച്ചപ്പോൾ വീണ്ടും ഒരു പുനർജന്മം അസാധ്യമാകുന്നതെങ്ങിനെയെന്നു മനസ്സിനെ ബോധ്യപ്പെടുത്താൻ കഴിഞ്ഞു. അഹംബോധത്തിന്‍റെ പ്രശ്നം മാത്രം ബാക്കിയായി. എന്‍റെ ജീവൻ രൂപപ്പെടുന്നതിനു മുൻപേ അതെങ്ങിനെയായിരുന്നുവോ, അതുപോലെ തന്നെയായിരിക്കും മരണശേഷവും ആ അഹംബോധം എന്നു തിരിച്ചറിഞ്ഞതോടെ, ആ പ്രശ്നവും പരിഹരിച്ചു. ഇന്ന്, ഈ പ്രപഞ്ചത്തിനൊരു സൃഷ്ടാവില്ലെന്നും മരണാനന്തരം മറ്റൊരു ജീവിതമില്ലെന്നും വളരെ ലളിതമായി തന്നെ എനിക്ക് ബോധ്യപ്പെടുന്നുണ്ട്. ചിന്തയും പഠനവുമൊക്കെ വികസിച്ചപ്പോൾ എനിക്കറിയാവുന്ന എല്ലാ പ്രപഞ്ച പ്രതിഭാസങ്ങളെയും ഒരു ഭൗതികവാദിയുടെ വീക്ഷണത്തിലൂടെ മനസ്സിലാക്കാനും കഴിയുന്നുണ്ട്.

വിഷയം ലളിതമെങ്കിലും, വിശ്വാസത്തിലമർന്നു പോയ മനസ്സുകളെ അതിൽ നിന്നും മോചിപ്പിക്കുക എന്നത് അങ്ങേയറ്റം ദുഷ്കരമാണ്. അതിനൊരു മാർഗ്ഗമേയുള്ളൂ. കുഞ്ഞുങ്ങളെ മതബോധത്തിന് പുറത്ത് വളരാൻ അനുവദിക്കുക, അല്ലെങ്കിൽ എകപക്ഷീയമായ അറിവുകൾ നൽകാതെ വ്യത്യസ്ത മത സങ്കല്പങ്ങളെ കുറിച്ചും മതരഹിത ലോകത്തെ കുറിച്ചും ഒരേ പ്രാധാന്യത്തോടെ പഠിപ്പിക്കുക, അവർ സ്വയം തെരഞ്ഞെടുക്കട്ടെന്നേ.

വിശ്വാസികൾക്ക് അത് ആലോചിക്കാനേ, കഴിയില്ല എന്നുള്ളിടത്താണ് യഥാർത്ഥ പ്രശ്നവും പ്രതിസന്ധിയും.

ഇതു തിരിച്ചറിയുമ്പോളാണ് അക്ബറും ജബ്ബാറും തമ്മിലുള്ള സംവാദത്തിന്‍റെ നിരർത്ഥകത ബോധ്യപ്പെടുന്നത്. മനുഷ്യർ രാഷ്ട്രീയതിന്‍റെ, മതത്തിന്‍റെ , ജാതിയുടെ, തൊഴിലിന്‍റെ, രാജ്യത്തിന്‍റെ ഒക്കെ പേരുകളിൽ തമ്മിലടിച്ച് പരസ്പരം വെറുത്ത് കൂടുതൽ അകലുന്ന ഈ  കാലഘട്ടത്തിൽ ഇത്തരം സംവാദങ്ങൾ മനുഷ്യരെ കൂടുതൽ അകറ്റാനേ സഹായിക്കൂ.

Comments
Print Friendly, PDF & Email

കൊടുങ്ങല്ലൂർ സ്വദേശി. റിട്ടയേർഡ് കെ എസ് ഇ ബി ഉദ്യോഗസ്ഥൻ.

You may also like