നാട്ടുപച്ച

“വെട്ടിവെളുപ്പിച്ചാൽ പിന്നെ കാവ്, കാവല്ലാതാകും. ഏറ്റവും വലിയ ആരാധന ദോഷം. നമുക്കത് വേണോ?വേണ്ട… കാവിലെ മരങ്ങൾ മുറിച്ചു വിറ്റുകിട്ടുന്ന പണം കൊണ്ട് നൂറ്റാണ്ടുകളിലൂടെ ജീർണ്ണചിത്രമായിമാറിയ കാവ് പുനരുദ്ധരിക്കാം എന്ന വാശിയെ ചെറിയച്ഛൻ കാറ്റിൽ പറത്തുന്ന കണ്ട് കുടുംബത്തിലേ കാരണവന്മാർ ഉൾപ്പെടെ അന്തംവിട്ടു നിന്നത് 90’കളുടെ മധ്യത്തിലാണ്.

അന്ന് “കാവു തീണ്ടരുത്….” എന്ന് സുഗതകുമാരി ടീച്ചർ കേരളക്കരയോടാകെ വിളിച്ചുപറഞ്ഞിട്ട് അധികകാലം പിന്നിട്ടിരുന്നില്ല. തികഞ്ഞ യുക്തിവാദിയും കമ്മ്യൂണിസ്റ്റും ശാസ്ത്രസാഹിത്യ പരിഷത്ത്‌ പ്രവർത്തകനുമായ ചെറിയച്ഛൻ കുടുംബ മാത്സര്യം കൊടുംപിരികൊണ്ട് തറവാട്ടു വക ‘വെളുത്തൻ കാവ്’ എന്ന് ഞങ്ങൾ വിളിച്ചു പോന്നിരുന്ന നാഗക്കാവിന്റ ജീർണ്ണോദ്ധാരണത്തിൽ വിശ്വാസത്തെ മുൻനിർത്തി വാദിച്ചതിൽ അന്തിച്ചു നിന്ന കുടുംബത്തിലേ ഭക്തജനങ്ങളുടെ അത്ഭുതാദരം നിറഞ്ഞ മുഖഭാവങ്ങൾ ഇന്നലെപ്പോലെ മനസ്സിലുണ്ട്.

mannan purathu kavu

വേനലവധിക്കാലത്ത് നട്ടുച്ചയ്ക്കുകൂടി ഇരുട്ടും തണുപ്പും പാത്തുവയ്ക്കുന്ന, പ്രകൃതി സെൻട്രലൈസ്ഡ് എസി ഒരുക്കിയ ഞങ്ങളുടെ കളിതട്ടായ കാവിന് അങ്ങനെയാണ് ആയുസ്സ് നീട്ടിക്കിട്ടുന്നത്. വിശ്വാസികളുടെ മഴുവിൽ നിന്ന് ഒരു അവിശ്വാസി ആ കാവിനെ കാത്തുരക്ഷിച്ച കഥ ഇന്നും ആ കാവിൽ തൊഴുതു നിൽക്കുമ്പോൾ ഓർമ്മ വരും.

വൃശ്ചികവും മണ്ഡലകാലവും കഴിഞ്ഞാൽ മുന്നോ, നാലോ വർഷങ്ങൾ കൂടുമ്പോൾ നടത്തിയിരുന്ന ‘തുള്ളൽ’ ആയിരുന്നു അന്ന് കുടുംബത്തിലേ ഏറ്റവും വലിയ ആഘോഷം. മണ്ണൂരിൽ അന്ന് പുള്ളുവത്തറകൾ (പുള്ളുവർ സമുദായക്കാർ കൂട്ടമായി പാർക്കുന്ന ഇടം.) ഉണ്ട്. പുള്ളുവൻ രാമൻ അന്ന് ദൂരദർശനിൽ പരിപാടി അവതരിപ്പിച്ചു പ്രശസ്തനായി നിൽക്കുന്ന കാലം കൂടിയായിരുന്നു. രാമൻ തുള്ളലിന് ഏഴുനാൾ മുമ്പ് തറവാട്ട് മുറ്റത്തുവന്നു കുറ്റിയടിച്ചു പോകുന്നിടത്ത്‌ കാലത്തും വൈകീട്ടും അച്ഛമ്മ വിളക്ക് വച്ചു തോഴും. കുടുംബത്തിൽ സമ്പത്തും സന്താനങ്ങളും സമൃദ്ധമായിരുന്ന കാലത്ത് മൂന്ന് നാൾ നീണ്ടു നിൽക്കുന്ന തുള്ളൽ നടത്തിയിരുന്നു എന്ന കേട്ടറിവേ ഞങ്ങൾ കുട്ടികൾക്ക് അക്കാലത്തുണ്ടായിരുന്നുള്ളു. സമ്പത്ത് കുറയുകയും സന്തതികൾ ഏറുകയും ചെയ്തിരുന്ന ആ കാലത്ത് ഒരുനാൾ ആഘോഷത്തിൽ തുള്ളൽ ഒതുങ്ങി.

ഇരിങ്ങോൾ കാവ് – കുളം

കളം വരയ്ക്കാനുള്ള ഉമിക്കരിയും അരിയും മഞ്ഞളും ഒക്കെ പൊടിച്ചു കൂട്ടുന്ന ‘വടുക്കോറം’ വർത്തമാനമുഖരിതമായിരിക്കുന്ന കാലം. മുമ്പത്തെ തുള്ളൽ കഥകൾ മാത്രമല്ല, സ്വയംഭൂവായി ചിത്രകൂടം പൊങ്ങി വന്നു ദർശനം തന്ന ആദികഥകളും പറഞ്ഞു തലമൂത്തവർ നാഗത്താന്മാരുടെ ഊറ്റത്തേ വാഴ്ത്തും. തലമുറകൾ പറഞ്ഞു പതിഞ്ഞ കുടുംബകഥകൾ കൊണ്ട് കുട്ടികളായ ഞങ്ങളെ അവർ കഴിഞ്ഞ കാലത്തിൽ കൊണ്ടെത്തിച്ചിരുന്നു. സത്യത്തിൽ കഥ പറയാനും കേൾക്കാനുമുള്ള വാസന വരുന്നത് വടുക്കോറത്തേ ആ പെൺ ദർബാറുകളിൽ നിന്നാണ്.

മത്സ്യവും മാംസവും കഴിക്കാതെ, ശുദ്ധി കളയാതെ കുടുംബത്തിൽ ഏഴുനാൾ പാലിച്ചുപോന്നിരുന്ന ചിട്ടകൾ…

ഏഴാം നാൾ രാവിലെ പുള്ളുവകുടുംബം വീട്ടിലെത്തും. പന്തൽ വിതാനിക്കാനുള്ള കുരുത്തോല തോരണങ്ങൾ മുതൽ ഒരുക്കങ്ങൾ അവരുടേതായി ഒരുപാടുണ്ട്. കുരുത്തോല കൊണ്ട് കിളികളേയും പൂക്കളേയും ഉണ്ടാക്കുന്ന നോക്കി അരികത്തു നിൽക്കുന്ന കുട്ടികളായ ഞങ്ങൾക്കും കിട്ടും അതിൽ ഒരു ‘ഓരി’. വർഷങ്ങൾക്ക് ശേഷം വന്നുചേരുന്ന സ്വന്തബന്ധുക്കളുടെ ബഹളങ്ങളാണ് വീട്ടകത്തും പുറത്തും. ആദ്യത്തെ അപരിചിതത്വം നീങ്ങുമ്പോൾ വിരുന്നു വന്നവരിലെ കുട്ടിപ്പട്ടാളങ്ങളിൽ ഓരോരുത്തരായി കൂടിച്ചേർന്നുചേർന്ന് ‘കറ്റക്കളം’ എന്ന വിശാലമായ മുറ്റത്ത് കളിക്കാൻ ആളുകൾ ധാരാളമാകും.

പുള്ളുവൻ പാട്ട്

കളിയും ചിരിയും വക്കാണവുമായി സന്ധ്യ വരെ കുട്ടികളുടെ മേളം.സന്ധ്യക്കോ, പുള്ളോർക്കുടം മുഴങ്ങുമ്പോൾ ഓടിപിടിച്ചു കുളത്തിൽ മുങ്ങികുളിച്ചെന്നു വരുത്തി മുറ്റത്തോ, കോലായിലോ ഇടം പിടിച്ചുവയ്ക്കാൻ ഒരുങ്ങും. അമ്മയ്‌ക്കൊ അമ്മായിക്കോ, മേമമാർക്കോ ഇടം കിട്ടാതെ വരരുതല്ലോ. സന്ധ്യക്ക്‌ കുളിച്ചു പ്രസാദം അണിഞ്ഞു നിൽക്കുന്ന കളത്തിൽ കമ്മൾ മൂന്നു തവണ വിളിച്ചു ചൊല്ലി ‘കൂറ’ വിരിക്കും. ഇണങ്ങർക്കോ, തറവാട്ടിൽ തന്നെയുള്ള മുതിർന്ന ആൺപ്രജകൾക്കോ കളത്തിലിറങ്ങി കമ്മൾ എന്ന തുള്ളലിന്റെ ആദ്യാവസാനക്കാരനായ പൂജാരി ആകാം. നാലു വാഴക്കാലിൽ തീർത്ത പന്തലിനു മീതെ ചെമ്പട്ട് വിതാനിക്കുന്നതിനെ ‘കൂറ’ ഇടുക എന്നാണ് പറഞ്ഞിരുന്നത്. ‘കൂറ’ ഇടുന്നതോടുകൂടി തുള്ളൽ ആരംഭിക്കയായി. അതുകഴിഞ്ഞാൽ വലിയ പുള്ളോർക്കുടത്തിൽ നെല്ല് നിറയ്ക്കും. വലിയ പത്തായം തുറന്നപോലെ എത്ര മുറം നെല്ല് ചൊരിഞ്ഞാലും ചൊരിഞ്ഞാലും പുള്ളോർക്കുടത്തിൽ പിന്നെയും ഇടം ബാക്കിയാകും. ഇതെന്താ, പത്തായപ്പുരയിലേ വലിയ നിരപ്പത്തായത്തേക്കാൾ പെരുവയറനോ എന്ന് അതിശയത്തോടെ കുട്ടികൾ നോക്കി നിൽക്കും.

കളം

കരി മെഴുകിയ കളത്തിൽ പിന്നെ കളം പൂജയാണ്. അതുകഴിയുമ്പോഴേക്കും പാട്ടുരാശി കഴിയും. അഥവാ, സന്ധ്യ മയങ്ങും. ഊണിന് ഇല വയ്ക്കുന്ന ബഹളം. കിട്ടിയ ഇടങ്ങളിൽ ആദ്യം കുട്ടികളെ ഇരുത്തും. ഊണ് അന്നേരം ഒരു വഴിപാടാണ്. ഉണ്ണാൻ നിന്നാൽ, അവിടെ രസത്തിൽ പുല്ലുവർ സെറ്റ് കളം വരയ്ക്കുന്ന കാണാൻ സാധിക്കില്ല എന്ന ചിന്ത ഊണ് വേഗത്തിലാക്കും. കൊത്തിയ ചിരട്ടകളിൽ പലവർണ്ണപ്പൊടികൾകൊണ്ട് കൈ വേഗത്തിൽ ചന്തമേറിയ കളം വരയ്ക്കുന്ന പുല്ലുവരുടെ പാടവം നോക്കി ഇരിക്കുമ്പോൾ സത്യത്തിൽ സമയം പോകുന്നതുതന്നെ അറിയില്ല. ആ വരകളിലൂടെ കളങ്ങളിൽ ഇഴഞ്ഞും പിണഞ്ഞും ലോകത്തിലും വച്ചേറ്റം ചന്തമുള്ള നാഗങ്ങൾ കളം കയ്യേറും. ശേഷം കളം വീണ്ടും പൂജിക്കപ്പെടും. നാലാംമേടത്തിൽ ഉള്ള തറവാട്ടുകാരും ഏഴാംമേടത്തിലുള്ള ബന്ധുജനങ്ങളും കളം തൊഴുതു മടങ്ങുന്നതോടെ പന്തം ഉഴിച്ചിലാണ്. വാഴപ്പോളയും മല്ലുമുണ്ടിൽ നിന്ന് തെറുത്ത നൂലും കൊണ്ട് ഉണ്ടാക്കുന്ന പന്തവും കൊളുത്തി രാമന്റെ മരുമകൻ ചെക്കൻ എന്തൊക്കെ അഭ്യാസമാണ് കാണിക്കുക! മെയ്‌വഴക്കവും തീ കൊണ്ടുള്ള അഭ്യാസവും കഴിഞ്ഞാൽ അയാൾ മുന്നിലേക്ക് നീട്ടുന്ന താലത്തിൽ കാണികൾ പണം ഇടും. പന്തം ഉഴിച്ചിൽ കൂടി കഴിയുന്നതോടെയാണ് കാത്തിരുന്ന തുള്ളൽ ആരംഭം. വെളുത്തേടത്തൊര് കൊണ്ടൊന്ന മാറ്റുമുണ്ട് ഞൊറിഞ്ഞുടുത്തിരുക്കുന്ന കന്യകമാർ താലമെന്തി കളത്തിൽ ഇരിക്കും. നാലുകാലിൽ നാലു ദിക്കിലായി കത്തുന്ന തൂക്കുവിളക്കുകളുടെ വെട്ടത്തിൽ ദീപോപ്പയ്ക്കും രേഖോപ്പയ്ക്കും പതിവിൽ കവിഞ്ഞ ഭംഗി ഉണ്ടെന്ന് ശ്രുതി പറഞ്ഞത് വെറുതെയല്ല.

പുള്ളോർകുടവും ഇലത്താളവും പുള്ളോർപാട്ടും മുറുകുമ്പോൾ കാവിലെ ചിത്രകൂടങ്ങളിൽ നിന്ന് ആരും കാണാതെ തറവാട്ടിലേക്ക് ഇഴഞ്ഞു വരുന്ന നാഗങ്ങളെ പക്ഷേ ‘കോമരം’ കുടിപ്പാർക്കാരുള്ള സ്ത്രീജനങ്ങളെ കാണാറുള്ളത്രേ. അച്ഛമ്മയ്ക്കും അച്ഛമ്മയുടെ അനുജത്തിയായ തങ്കം അച്ഛമ്മയ്ക്കുമായിരുന്നു അക്കാലത്ത് ‘വെളുത്തന്മാർ കയറിയിരുന്നത്’. ഇളകിയാടി വരുന്ന കോമരങ്ങൾ കളം വലത്തു വച്ച്, പൂക്കുല വാങ്ങി കാവിലേക്കോടി പൂക്കുല കുത്തും. മടങ്ങി വന്നു കളം മായിച്ചു കളയും. കല്പന പുറപ്പെടുവിക്കും. ഇളനീർ കുടിച്ചു കോമരത്തേ വിട്ടൊഴിയും. പുള്ളോരുടെ മിടുക്കും കലാചാതുര്യവും സമ്മേളിച്ച കളം നിമിഷനേരം കൊണ്ട് മായിച്ചു കളഞ്ഞ അച്ഛമ്മമാരോട് കുട്ടൻമാമയുടെ മകൻ അർജുൻ മാത്രം പ്രതിഷേധം രേഖപ്പെടുത്തി വന്നു.

രണ്ടാം കളവും കഴിഞ്ഞു മുന്നാം കളമായ ഭൂതക്കളം വരച്ചു തീർക്കുമ്പോൾ സമയം പുലർച്ചെ നാലുമണി കഴിഞ്ഞിരിക്കും. ആദ്യ രണ്ടുകളങ്ങളിലും സംമോഹനമായ നാഗലോകം തെളിയും. എന്നാൽ മൂന്നാം കളം ഭൂതത്താനുള്ളതാണ്. പതാളവാസിയും ഭീമാകാരനുമായ ഭൂതത്താന്റെ രൂപക്കളവും ഏറ്റവും കേമത്തിൽ തന്നെ പുള്ളോർ വരച്ചിടും. അത്തവണ തുള്ളൽ ആരംഭിക്കും മുന്നേ ഭൂതവും പരിവാരങ്ങളും അരങ്ങിലെത്തും. താരതമ്യേന ഹാസ്യരൂപത്തിൽ ഉറക്കം തൂങ്ങി നിൽക്കുന്ന കാണികളെ ചിരിപ്പിച്ചു പ്രസാദവുമായി അവർ മടങ്ങുന്നതോടെ തുള്ളൽ ആരംഭിക്കും. ആദ്യ രണ്ട് കളത്തിനും വിപരീതമായി മുന്നാം കളത്തിൽ സുമംഗലികളാണ് ഇരിക്കേണ്ടത് എന്ന് പ്രമാണം.

പാമ്പ് മേക്കാട് – തെക്കെ കാവ്

കൊട്ടിന്റെയും പാട്ടിന്റെയും താളത്തിൽ ഇളകി, ഇണയാടി കളം മാത്രമല്ല, പന്തലലങ്കാരങ്ങൾ അത്രയും എടുത്തു മായ്ക്കുന്ന മണിനാഗവും അഞ്ജമണി നാഗവും കരിനാഗവും മാത്രമായി മാറും കോമരങ്ങൾ. എല്ലാം കഴിയുമ്പോൾ പന്തലിലേക്ക് കിഴക്കു നിന്ന് സൂര്യൻ വെളിച്ചം വീഴ്ത്തും. ഗുരുതി കമഴ്ത്തി, കൂറ വലിച്ചെടുക്കുന്നതോടെ തുള്ളലിന് പര്യവസാനമായി.

വിശ്വാസം, ആഘോഷം എന്നിങ്ങനെ ആ കാവാരാധന കുടുംബസംഗമവേദിയായി വർത്തിച്ച നാളുകൾ കഴിഞ്ഞുപോയോ? ഡൽഹീന്ന് കുട്ടനും ഭാര്യേം വരുമ്പോൾ മതി എന്ന് തങ്കം അച്ഛമ്മ പറയും. ലക്ഷ്മിക്കുട്ടി എന്നുപേരുള്ള ചെറിയ അച്ഛമ്മയാകട്ടെ, ബാംഗ്ലൂർ നിന്ന് ബിന്ദുവിനും അംബികയ്ക്കും ഒഴിവ്‌ തരാവില്ലെന്ന് പദം പറയും. തിരക്കുപിടിച്ച വർത്തമാനകാലങ്ങളിൽ തുള്ളലിനു നാൾ കുറിക്കുമ്പോൾ നേരോം കാലോം നോക്കിയതിലെ പാകപ്പിഴകൾ പറഞ്ഞു മുഖം വീർപ്പിച്ചു വരില്ലെന്ന് ഫോണിൽ വിളിച്ചു പറയുന്നവർ… കുടിച്ചേരലുകൾ വിരളമായി പോകുന്ന വർത്തമാനകാലങ്ങൾ…

പൂർവികർ കാവ് തീണ്ടരുതെന്ന് ശാസിച്ചതും, തീണ്ടാത്ത കാവുകൾ നമുക്ക് കാത്തുവച്ചതും നന്മകൾ ആയിരുന്നു എന്ന് തിരിച്ചറിയുന്നത് സത്യത്തിൽ ഇന്നിൽ നിൽക്കുമ്പോഴാണ്.

കേരളത്തിൽ അങ്ങോളമിങ്ങോളം ഉണ്ടായിരുന്ന കാവുകൾ ക്ഷേത്രരൂപത്തിലേക്ക് ബ്രാഹ്മണിച്ചപ്പോൾ ദ്രാവിഡതയിലേക്ക് ആര്യാധിനിവേശം മാത്രമമല്ല, പരിസ്ഥിതിയുടെ മീതെയുള്ള മനുഷ്യരുടെ കടന്നുകയറ്റം കൂടിയായിരുന്നു എന്ന് നാം തിരിച്ചറിഞ്ഞത് വളരെ വൈകിയാണ്. മഴക്കാലം വഴി മാറിപ്പോകുന്നതും, മഞ്ഞുകാലം വേനലിന്റ വാതായനമാകുന്നതും കാവുതീണ്ടുന്ന മനുഷ്യസ്വഭാവം കൊണ്ടാണ് എന്നു പറഞ്ഞവരെ പിന്തിരിപ്പരെന്ന് വിളിച്ചത് നമ്മുടെ പിഴ. നമ്മുടെ വലിയ പിഴ…

Comments
Print Friendly, PDF & Email

MEANWHILE IN KERALA / UMD

കാർണിവൽ 2019
Published by

Satheesan Puthumana

Chief Editor

e mail: mneditorial@live.com

MEANWHILE IN KERALA / UMD

യു. എം. ഡി.