EDITORIAL

മുൻ കോൺഗ്രസ്സ് പ്രസിഡന്റ് രാഹുൽ ഗാന്ധി രാഷ്ട്രത്തോടു പറയുന്നത് .


തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു രാജിവച്ച കോൺഗ്രസ്സ് പ്രസിഡണ്ട് ശ്രീ രാഹുൽ ഗാന്ധിയുടെ രാജിക്കത്തിന്റെ പൂർണ്ണരൂപം ശ്രീ ഹാരിസ് പുതുവച്ചേരി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നു

Rahul-Gandhi

നമ്മുടെ പ്രിയപ്പെട്ട, മനോഹരമായ, രാജ്യത്തിന്റെ ജീവജലം എന്ന് തന്നെ വിളിക്കാവുന്ന കോൺഗ്രസ്സിനെ, അതിന്റെ ഒരു ഭാഗമായി നിന്നുകൊണ്ട് ഇത്രയും കാലം സേവിക്കാൻ കഴിഞ്ഞു എന്നത് എന്റെ അഭിമാനമാണ്. ആ അർത്ഥത്തിൽ ഞാൻ എന്റെ രാജ്യത്തോടും എന്റെ സംഘടനയോടും നന്നായി കടപ്പെട്ടിരിക്കുന്നു, സ്നേഹത്തോടു കൂടിയ കടപ്പാട്. കോൺഗ്രസ്സ് പാർട്ടിയുടെ പ്രസിഡണ്ട് എന്ന നിലയിൽ 2019 ലെ പൊതുതെരഞ്ഞെടുപ്പിലെ തോൽവിക്ക് എനിക്കാണുത്തരവാദിത്വം. ഉത്തരവാദിത്തം ഉണ്ടാവുക, ഏറ്റെടുക്കുക എന്നുള്ളത് ഭാവിയിൽ പാർട്ടിയെ വളർത്തുന്നതിന് ഒഴിച്ച് കൂടാനാവാത്തതാണ്. എന്റെ രാജിയുടെ കാരണവും ഇതുതന്നെയാണ്. പാർട്ടിയെ വീണ്ടും കെട്ടിപ്പടുക്കുക എന്നതിന് വളരെ പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുക എന്നാണർത്ഥം. അനേകം പേർക്ക് ഈ തോൽ‌വിയിൽ ഉത്തരവാദിത്തമുണ്ട്, അവർ അതേറ്റെടുക്കുകയും വേണം. തോൽവിയുടെ ഉത്തരവാദിത്തം മറ്റുള്ളവർക്ക് മാത്രമാക്കി എന്റെ ഉത്തരവാദിത്തത്തിൽ ഊന്നൽ കൊടുക്കാതിരിക്കുന്നത് നീതിയാവുകയില്ല.
രാജി വെക്കുമ്പോൾ, പുതിയ ഒരു പ്രസിഡന്റിനെ ഞാൻ നാമനിർദേശം ചെയ്യണം എന്ന് സഹപ്രവർത്തകരിൽ നിന്ന് വ്യാപകമായ ആവശ്യം ഉയർന്നിരുന്നു. പുതിയ പ്രസിഡന്റ് നമുക്കെന്തായാലും വേണം പക്ഷെ ആ ആളെ ഞാൻ നിർദേശിക്കുക എന്നത് തീരെ ശരിയായ നടപടിയല്ല. നമ്മുടെ സംഘടന ഒരുപാട് കാലത്തെ ചരിത്രവും പാരമ്പര്യവുമുള്ള ഒന്നാണ്, ഞാനേറെ ബഹുമാനിക്കുന്നതാണ് അതിന്റെ സ്ഥിര പരിശ്രമങ്ങളും അന്തസ്സും. എന്റെ സംഘടന ഇന്ത്യയുടെ സ്വത്വത്തിൽ ഉൾച്ചേർന്നിട്ടുള്ളതാണ്. ആർക്കാണ് നമ്മെ ധൈര്യത്തോടെ, സ്നേഹത്തോടെ, പ്രതിജ്ഞാബദ്ധതയോടെ നയിക്കാൻ കഴിയുക എന്ന തീരുമാനം എന്റെ പാർട്ടിക്ക് ശരിയായി എടുക്കാൻ പറ്റും എന്നെനിക്കുറപ്പുണ്ട്‌.

രാജിവെച്ചൊഴിയുമ്പോൾ പുതിയ പ്രസിഡന്റിനെ കണ്ടെത്തുന്നതിന് ശരിയായ ദിശയിൽ ഉള്ള ഒരു നീക്കം എന്ന നിലയിൽ ഒരു കൂട്ടം മുതിർന്ന നേതാക്കളെ ആ ചുമതല ഏൽപ്പിക്കണം എന്ന് ഞാൻ കോൺഗ്രസ്സ് വർക്കിങ് കമ്മിറ്റിയിലെ സഹപ്രവർത്തകരോട് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. ഇക്കാര്യത്തിൽ എന്റെ എല്ലാ ശ്രമങ്ങളും പിന്തുണയും അവർക്കുണ്ടാവുമെന്ന് ഉറപ്പു കൊടുക്കുകയും ചെയ്തിട്ടുണ്ട്.

കക്ഷിരാഷ്ട്രീയപരമായി ജയിക്കുക എന്ന ഏക ലക്ഷ്യത്തിൽ ആയിരുന്നില്ല എന്റെ പ്രവർത്തനങ്ങൾ. എനിക്ക് ബിജെപി എന്ന പാർട്ടിയോട് വെറുപ്പോ പകയോ ഇല്ല. പക്ഷേ, ഇന്ത്യ എന്ന ആശയത്തെ അവർ പ്രതിനിധീകരിക്കുന്ന, അവരുയർത്തിപ്പിടിക്കുന്ന നിലയിൽ എനിക്ക് സ്വീകരിക്കാനാവില്ല, അതിനെ എന്റെ ശരീരത്തിലെ ഓരോ അണുവും കഴിയാവുന്ന നിലക്കെല്ലാം ചെറുക്കും, പ്രതിരോധിക്കും. ഇതിനു കാരണം ഞാൻ കണ്ടു വളർന്ന, ഇപ്പോഴും എന്റെ മനസ്സിലുള്ള ഇന്ത്യ, അവരുടെ ഇന്ത്യ എന്ന ആശയത്തോടും പദ്ധതികളോടും നേർക്കുനേർ സംഘർഷത്തിൽ ആണ് എന്നുള്ളതാണ് . ഈ സംഘർഷം (സമരം) പുതിയതോ ഞാൻ തുടങ്ങിയതോ അല്ല. പല നിലയിൽ കാലാകാലങ്ങളായി ഇത് നമ്മുടെ ദേശത്തുണ്ടായിരുന്നത് തന്നെയാണ്. അവർ അപരത്വത്തെ കാണുന്നിടത്ത് ഞാൻ കാണുന്നത് സാദൃശ്യമാണ്. അവർ വെറുപ്പ് കാണാൻ ശ്രമിക്കുന്നിടത്ത് ഞാൻ കാണുന്നത് സ്നേഹമാണ്. അവർ ഭയപ്പെടുന്നതിനെ ഞാൻ ചേർത്തുപിടിക്കുന്നു.

ഇന്ത്യയെ കുറിച്ചുള്ള സ്നേഹോഷ്മളമായ ഈ സങ്കൽപം കോടിക്കണക്കിനുള്ള എന്റെ നാട്ടുകാർ പങ്കുവെക്കുന്നതാണ്. ഈ ഇന്ത്യക്കു വേണ്ടിയാണ് നമ്മൾ കരുത്തോടെയും ഉറപ്പോടെയും പൊരുതാൻ പോകുന്നത്. നമ്മുടെ ഇന്ത്യക്കു നേരെയുള്ള, നമ്മുടെ ഭരണഘടനക്ക് നേരെയുള്ള അവരുടെ ആക്രമണം കരുതിക്കൂട്ടി ഇന്ത്യയുടെ സ്വത്വം, അതിന്ററെ ഉള്ളം നശിപ്പിക്കാനുള്ള നീക്കം തന്നെയാണ്. ഈ സമരത്തിൽ എല്ലാ അർത്ഥത്തിലും ഞാനുണ്ട്, ഒരർത്ഥത്തിലും പിന്നോട്ടില്ല. ഞാൻ കോൺഗ്രസ്സ് സംഘടനയുടെ വിശ്വസ്തനായ ഒരു പോരാളിയാണ്; അതോടൊപ്പം ഇന്ത്യയുടെ ഉത്തരവാദിത്തമുള്ള ഒരു മകനും, അതുകൊണ്ടു തന്നെ അവസാന ശ്വാസം വരെ ഞാൻ ഇന്ത്യയെ സ്നേഹിക്കും എന്നാലാവുന്നത് പോലെ സംരക്ഷിക്കുകയും ചെയ്യും.

ഞങ്ങൾ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അന്തസ്സോടെ തന്നെയാണ് പോരാടിയത്. എല്ലാവരെയും, ജാതിമത ഭേദങ്ങളില്ലാതെ സാഹോദര്യത്തോടെ, സഹിഷ്ണുതയോടെ ആയിരുന്നു നമ്മൾ സമീപിച്ചത്. പ്രധാനമന്ത്രിയോടും RSS നോടും മാത്രമല്ല അവർ പിടിച്ചടക്കിയ ഭരണകൂട സ്ഥാപനങ്ങളോടും ഞാൻ നേരിട്ട് തന്നെ പോരാടി. ഇന്ത്യയെ സ്നേഹിക്കുന്ന, ഇന്ത്യയുടെ യഥാർത്ഥ മൂല്യങ്ങളെ ബഹുമാനിക്കുന്ന എനിക്ക് അങ്ങനെ പോരാടിയേ മതിയാവുമായിരുന്നുള്ളു. ഈ പോരാട്ടത്തിൽ, ഞാൻ, ചിലപ്പോഴൊക്കെ ഒറ്റപ്പെട്ടതായി കാണപ്പെട്ടിട്ടുണ്ടാകാം. എനിക്കതിൽ പരിഭവമില്ല, അഭിമാനം ഉണ്ട് താനും. ഈ പോരാട്ടത്തിൽ നിന്ന് ഞാനേറെ പഠിച്ചു , സ്നേഹവും മാന്യതയും എന്താണെന്ന്, അല്ലെങ്കിൽ, എന്റെ സഹപ്രവർത്തകർ എന്നെ പഠിപ്പിച്ചു.
ഒരു തെരഞ്ഞെടുപ്പ് സ്വതന്ത്രവും ന്യായയുക്തവും ആവാൻ നമ്മുടെ ഭരണഘടനാ സ്ഥാപനങ്ങൾ നിഷ്പക്ഷമായി നിലകൊണ്ട മതിയാവൂ. നിരീക്ഷിക്കാൻ ബാധ്യതയുള്ള സ്ഥാപനങ്ങൾ, അതായത് സ്വതന്ത്രമായ പ്രസ്, സ്വതന്ത്രമായ നീതിന്യായ വ്യവസ്ഥ, സുതാര്യമായ, ബാഹ്യസമ്മർദ്ദങ്ങൾക്കു വിധേയമാവാത്ത തെരഞ്ഞെടുപ്പ് കമ്മീഷൻ ഒക്കെ പ്രവർത്തനക്ഷമമല്ലെങ്കിൽ അത് സാധ്യമാവില്ല തന്നെ. തെരഞ്ഞെടുപ്പ് ചെലവുകൾക്കും അതിനപ്പുറമുള്ള ചിലവുകൾക്കും മിക്കവാറും ഒരൊറ്റ പാർട്ടിയിൽ കേന്ദ്രീകരിച്ചു നിന്നാൽ ഇപ്പറഞ്ഞതൊക്കെ അപ്രസക്തമാവുകയും ചെയ്യുന്നു.

നമ്മൾ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യഥാർത്ഥത്തിൽ മത്സരിച്ചത് ഒരു രാഷ്ട്രീയ പാർട്ടിയോടല്ല, എല്ലാ സന്നാഹങ്ങളും എല്ലാ വിഭവങ്ങളും, എല്ലാ സ്ഥാപനങ്ങളും കയ്യിലുള്ള, കയ്യടക്കിയ ഒരു സ്റ്റേറ്റിനോട് തന്നെയാണ്. ഇവയെയൊക്കെ പ്രതിപക്ഷത്തിന്റെ നേരെ ശരിക്കും അഴിച്ചുവിടുകയാണവർ ചെയ്തത്. ഈ തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ ഒരു കാര്യം വളരെ വ്യക്തമായി, നമ്മൾ ഇത്രയും കാലം വിശ്വാസമർപ്പിച്ചിരുന്ന, അഭിമാനത്തോടെ കരുതിയിരുന്ന, നമുക്കെല്ലാവർക്കും അവകാശപ്പെട്ട, സ്ഥാപനങ്ങളുടെയെല്ലാം വിശ്വാസ്യത, സുതാര്യത, തീർത്തും നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു.

നേരത്തെ മുതൽ RSS ന്റെ പദ്ധതിയായിരുന്നു നമ്മുടേതായിട്ടുള്ള സ്ഥാപനങ്ങൾ എല്ലാം തന്നെ പിടിച്ചടക്കുക എന്നത്. അത് ഏതാണ്ട് പൂർത്തിയായിട്ടുണ്ട്. അടിസ്ഥാനപരമായി തന്നെ നമ്മുടെ ജനാധിപത്യം ദുർബലപ്പെട്ടിരിക്കുന്നു. ഇനിയങ്ങോട്ട് തെരഞ്ഞെടുപ്പുകൾ രാജ്യത്തിന്റെ ഭാവി തീരുമാനിക്കുക എന്നതിൽ നിന്ന് മാറി, ഒരു വെറും ആചാരമായി തീർന്നേക്കും എന്ന അപകടം നാം മുന്നിൽ കാണുന്നു. സ്ഥാപനങ്ങളേയും സംവിധാനങ്ങളേയും കയ്യടക്കാൻ രാജ്യത്ത് അവർ ഭയങ്കരമായ അക്രമങ്ങൾ സൃഷ്ടിച്ചുവെന്ന് വരാം, ജനങ്ങൾക്ക് ദുരന്തങ്ങളും കൊടിയ വേദനകളും ഏർപ്പെട്ടേക്കും. കൃഷിക്കാർ, സ്ത്രീകൾ, ദളിതർ തൊഴിലില്ലാത്ത യുവാക്കൾ ആദിവാസികൾ ന്യൂനപക്ഷങ്ങൾ ഇവരൊക്കെയാവും ഏറ്റവും കൂടുതൽ സഹിക്കാനും യാതനകൾ അനുഭവിക്കാനും പോകുന്നത്. നമ്മുടെ സമ്പദ്‌വ്യവസ്ഥ മാത്രമല്ല നമ്മുടെ പ്രതിച്ഛായയും തകർന്നു തരിപ്പണമാകും. വിജയം കൊണ്ട്  നമ്മുടെ പ്രധാനമന്ത്രിക്കെതിരെയുള്ള അഴിമതി ആരോപണങ്ങൾ എരിച്ചു കളയുന്നില്ല. എത്രയൊക്കെ പണമെറിഞ്ഞാലും പ്രചാരണങ്ങൾ അഴിച്ചുവിട്ടാലും സത്യം മറച്ചു വെക്കാൻ കഴിയുകയുമില്ല.

നാം ഇന്ത്യക്കാർ ഒന്നായി നിന്ന് നമ്മുടെ സ്ഥാപനങ്ങളെ, നമ്മുടെ രാജ്യത്തെ തിരിച്ചു പിടിച്ചേ മതിയാകൂ. ഇതിനുള്ള ഒരു ഉപകരണമായി കോൺഗ്രസ് മുന്നിൽ തന്നെയുണ്ട്. ഇതിന്നായി കോൺഗ്രസ് സമൂലം മാറണം. അടിസ്ഥാനപരമായി തന്നെ ഇന്ത്യയിലെ ജനങ്ങളുടെ ശബ്ദം ബിജെപി ഞെരിച്ചു കളയുകയാണിപ്പോൾ; ഈ ശബ്ദങ്ങളോടൊപ്പമാണ്, ആ ശബ്ദം ഉയർന്നു കേൾക്കാനാണ് കോൺഗ്രസ്സ് നിലകൊള്ളേണ്ടത്. ഇന്ത്യക്കുണ്ടായിരുന്നത് ഒരിക്കലും ഒരൊറ്റ ശബ്ദമല്ല, ഇപ്പോഴും അല്ല. ശബ്ദങ്ങളുടെ ഒരു സഞ്ചയം ആണ് നമ്മുടേത്, ഇതാണ് ഭാരതമാതാവിന്റെ സത്ത തന്നെ.

രാജ്യത്തിനകത്തെയും പുറത്തെയും അനേകായിരങ്ങൾ എന്നെ പിന്തുണച്ചിട്ടുണ്ട്, കത്തുകളായും സന്ദേശങ്ങളായും. അവരോടൊക്കെ എന്റെ നന്ദി അറിയിക്കുകയാണ് ഞാനിപ്പോൾ. നമ്മുടെ പാർട്ടിക്ക് വേണ്ടി, അതിന്റെ മൂല്യങ്ങൾക്ക് വേണ്ടി, എന്റെ എല്ലാ കഴിവുകളും ഉപയോഗിച്ച് ഞാൻ പൊരുതിക്കൊണ്ടേ ഇരിക്കും. എല്ലാ അർത്ഥത്തിലും എപ്പോഴും പാർട്ടിയോടൊപ്പം പാർട്ടിക്ക് വേണ്ടി ഞാൻ, ഉണ്ടായിരിക്കും. നമ്മുടെ പ്രവർത്തകരോടൊപ്പം പാർട്ടിയെ വിശ്വസിക്കുന്ന എല്ലാവരോടുമൊപ്പം, ഞാനുണ്ട്, എനിക്കവരിൽ പൂർണ വിശ്വാസമാണ്, അവരോടെനിക്ക് തികഞ്ഞ സ്നേഹമാണ്. അധികാരത്തിൽ പിടിച്ചു തൂങ്ങുക, ഏതു വിധേനതയും അത് കളയാതിരിക്കുക എന്നത് ഇന്ത്യയിലെ പൊതുവായ ഒരു ശീലമാണ്. നമ്മുടെ എതിരാളികളോടുള്ള പോരാട്ടത്തിൽ അധികാരം ഒരു ഘടകം ആവരുത്, അധികാരത്തിനപ്പുറത്ത് ശരിയായ ഒരു പ്രത്യയ ശാസ്ത്രത്തിന്, മൂല്യങ്ങൾക്ക് വേണ്ടിയാവണം നമ്മുടെ പോരാട്ടം. ഒരർത്ഥത്തിൽ ഒരു കോൺഗ്രസ്സ്കാരനായി ആണ് ഞാൻ ജനിച്ചുവീണത്; ഈ സംഘടനാ ഇപ്പോഴും എന്റെ കൂടെ തന്നെയുണ്ട്, ഇതെന്റെ ജീവൻ നിലനിർത്തുന്ന ചോര തന്നെയാണ്, അതെപ്പോഴും അങ്ങനെ തെന്നെ ആയിരിക്കും.

ജയ് ഹിന്ദ്

Print Friendly, PDF & Email