പൂമുഖം CINEMA എന്റെ ഉമ്മാന്റെ പേര്

എന്റെ ഉമ്മാന്റെ പേര്

 

ുതുമുഖ സംവിധായകൻ ആണ് ജോസ് സെബാസ്റ്റ്യൻ. എന്റെ ഉമ്മാന്റെ പേര് അത് കൊണ്ട് തന്നെ ശ്രദ്ധിക്കപ്പെടുന്നത് ടോവിനോ തോമസിലൂടെ ആണ്. സമീപ കാലത്തായി തൊടുന്നതൊന്നും അധികം പിഴക്കാത്ത നടനാണ് ടോവിനോ. അത് തന്നെയാവാം ഈ അവധിക്കാല റിലീസിന് പിന്നിലെ ഏറ്റവും വലിയ ധൈര്യവും. ഉർവശി മലയാള സിനിമയിലെ എണ്ണം പറഞ്ഞ നടിയാണ്. അഭിനയം കൊണ്ട് ഇത്രയും അത്ഭുതപ്പെടുത്തിയ നായിക നടിമാർ കുറവായിക്കും. ഏതാണ്ട് നാല് ദശാബ്ദമായി സിനിമയിൽ ഉള്ള അവരുടെ അഭിനയശേഷി വേണ്ട വിധത്തിലാണോ ഇപ്പോൾ ഉള്ള മലയാള സിനിമ ഉപയോഗിക്കുന്നത് എന്ന് സംശയമാണ്.ഈ വർഷത്തെ അരവിന്ദന്റെ അതിഥികൾ ശ്രദ്ധിക്കപ്പെട്ടത് അവരുടെ സ്ക്രീൻ പ്രെസെസൻസ് കൊണ്ട് കൂടി ആയിരുന്നു. അതിനു ശേഷം അവർ ഏതാണ്ട് ഒരു മുഴുനീള റോളിൽ എത്തുന്നത് എന്റെ ഉമ്മാന്റെ പേരിലൂടെ ആണ്. വളരെ ലളിതമായി ഒഴുകി പോകുന്ന ഒരു കഥ പോലെ തോന്നിച്ചു സിനിമയുടെ ട്രെയിലറും മറ്റനുബന്ധ പരസ്യങ്ങളും. ഒരു അവധിക്കാല കുടുംബ പാക്കേജ് പോലെ തോന്നി സിനിമയിലെ പാട്ടുകളും രംഗങ്ങളും ഒക്കെ. മാസ്സ് പടങ്ങൾ പോലെ, വലിയ ആഘോഷ സിനിമകൾ പോലെ ഒരു വിഭാഗം കാണികൾ പിന്തുടരുന്ന സിനിമാ ഗണമാണ് ”ഫീൽ ഗുഡ് സിനിമകൾ ”. ഒരു പ്രത്യേക ഗണം എന്ന് പൂർണമായി നിർവചിക്കാൻ ആവില്ലെങ്കിലും സുഗമമായ കാഴ്ച്ച നൽകുന്ന സിനിമകളെ ഒക്കെ മലയാളത്തിൽ ഫീൽ ഗുഡ് സിനിമകൾ എന്ന് വിളിക്കാറുണ്ട്. ഇവിടെ അത്തരം സിനിമകൾക്ക് സ്ഥായി ആയ ഒരു മാർക്കറ്റും ഉണ്ട്. അത്തരം സിനിമകൾ റിലീസ് ആവാൻ ഏറ്റവും അനുകൂല സമയവും ഇത്തരം അവധിക്കാല ഉത്‌സവങ്ങളാണ്. സിനിമ ആ നിലയിൽ ശ്രദ്ധിക്കപ്പെടുന്നുമുണ്ട്.

പേര് സൂചിപ്പിക്കും പോലെ ഒരു ഉമ്മ മകൻ ബന്ധത്തിലൂടെയാണ് സിനിമ മുന്നോട്ട് നീങ്ങുന്നത്. ബാപ്പ കൂടി മരിക്കുന്നതോടെ അനാഥനായി മാറുന്ന ഹമീദിലൂടെ ആണ് സിനിമ തുടങ്ങുന്നത്.തലശ്ശേരിക്കടുത്തുള്ള ഇടമാണ് കഥാപരിസരം. ടോവിനോ തോമസിന്റെ ഹമീദ് നിഷ്കളങ്കനായ.ലോക പരിചയമില്ലാത്ത ഒരാളാണ്. അനാഥത്വം അയാളെ വേട്ടയാടുന്നുണ്ട്. അതിനിടയിൽ സൈനബ (സായി പ്രിയ )എന്ന പെൺകുട്ടിയെ പെണ്ണു കാണാൻ അയാൾ ചെല്ലുന്നു. അവർക്ക് പരസ്പരം ഇഷ്ടമാകുന്നുണ്ടെങ്കിലും അനാഥനായ ഒരാൾക്ക് തന്റെ മകളെ കല്യാണം കഴിക്കാനുള്ള യോഗ്യത ഇല്ലെന്നു അവളുടെ ഉപ്പ പറയുന്നു. ഇതോടെ കല്യാണം കഴിക്കാനും തന്റെ അനാഥത്വം റദ്ദു ചെയ്യാനും അയാൾ സ്വന്തം ഉമ്മയെ അന്വേഷിക്കാൻ തുടങ്ങുന്നു. ഒരുപാട് ദുരൂഹതകൾ നിറഞ്ഞ ജീവിതമായിരുന്നു ഹമീദിന്റെ ബാപ്പയുടേത്. ഹമീദിന്റെ ഉമ്മയെ കുറിച്ചുള്ള ഒരു സൂചനയും അവിടെ ആരുടെ അടുത്തും ഉണ്ടായിരുന്നില്ല. ബാപ്പ തയ്യാറാക്കിയ വിൽപത്രത്തിൽ നിന്നാണ് അയാൾക്ക് രണ്ടു ഭാര്യമാർ ഉണ്ടായിരുന്നു എന്ന് ഹമീദ് അറിയുന്നത്. കോഴിക്കോടും പൊന്നാനിയിലും ഉള്ള രണ്ടു സ്ത്രീകൾ ആണ് അവർ എന്ന് അയാൾ അറിയുന്നു. കോഴിക്കോട് ഉള്ള സ്ത്രീ അല്ല തന്റെ ഉമ്മ എന്നറിഞ്ഞു ഹമീദ് പൊന്നാനിയിലേക്ക് ചെല്ലുന്നു. വെകിളി താത്ത എന്ന് നാട്ടുകാർ വിളിക്കുന്ന ആയിഷുമ്മ ആണ് തന്റെ ഉമ്മ എന്ന ഉറപ്പിൽ ഹമീദ് അവരെ കൂട്ടി കൊണ്ട് വരുന്നു. ആയിഷുമ്മ ഉണ്ടാക്കുന്ന പ്രശ്നങ്ങളും പിന്നീടും പിന്തുടരുന്ന ഹമീദിന്റെ ബാപ്പയുടെ ദുരൂഹ സ്വഭാവവും പിന്നെയും ഹമീദിന്റെ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. പിന്നീട് ചില പ്രത്യേക സാഹചര്യങ്ങളിൽ ഹമീദും ആയിഷുമ്മയും ചേർന്ന് ലക്‌നൗവിലേക്ക് ഒരു യാത്ര പോകുന്നു. തുടർന്ന് നടക്കുന്ന വിചിത്രമായ സംഭവ വികാസങ്ങളിലൂടെ ആണ് എന്റെ ഉമ്മാന്റെ പേര് വികസിക്കുന്നത്.

ഭാഗികമായെങ്കിലും ഒരു റോഡ് മൂവിയുടെ സ്വഭാവമുണ്ട് എന്റെ ഉമ്മാന്റെ പേരിനു. ഹമീദിന് ഒരിക്കലും ശീലമില്ലാത്ത ഒന്നാണ് വലിയ യാത്രകൾ. ആദ്യം കോഴിക്കോട് പോയപ്പോൾ കൂട്ടുകാരനും പ്രിയപ്പെട്ടവർക്കും ഒപ്പം കാറിലാണ് അയാൾ യാത്ര പോയത്. അവിടെ സഹായിക്കാൻ ബാപ്പയുടെ പഴയ ആശ്രിതനും ഉണ്ടായിരുന്നു. അവിടെ നിന്ന് കുറെ ദൂരം ഒറ്റക് ബസിലും ബോട്ടിലും ഒക്കെ യാത്ര ചെയ്താണ് അയാൾ പൊന്നാനിയിൽ എത്തുന്നത്. അയാളുടെ പരിചയക്കുറവുകൾ അവിടെ പ്രകടവുമാണ്. ഈ യാത്രകൾക്ക് ശുഭാന്ത്യം ഉണ്ടായി എന്ന് കരുതിയിടത്തു നിന്നാണ് ഒട്ടും പരിചയമില്ലാത്ത, ഭാഷ പോലും അറിയാത്ത ഒരിടത്തേക്ക് അയാൾക്ക് യാത്ര ചെയേണ്ടി വരുന്നത്. അതും ഒട്ടും അടുപ്പം തോന്നാത്ത സദാ സമയവും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒരു ആളുടെ കൂടെ. റോഡ് മൂവിയുടെ താളത്തിൽ ഒഴുകുമ്പോഴും സിനിമയുടെ മൂലധനം വൈകാരികത ആണ്. ഉമ്മയെ കണ്ടെത്തൽ ആണ് ലക്‌ഷ്യം. അനാഥത്വം നൽകിയ ഒറ്റപെടലുകൾ ശീലിച്ച അന്തഃർ മുഖനായ ഒരാൾ ആണ് കേന്ദ്ര കഥാപാത്രം എന്നത് എവിടെയൊക്കെയോ ഒരു കൗതുകം ഉണ്ടാക്കുന്നുമുണ്ട്. അച്ചുവിന്റെ ‘അമ്മ അടക്കമുള്ള നിരവധി പോപ്പുലർ സിനിമകളെ ഓർമിപ്പിക്കും എങ്കിലും മടുപ്പിക്കാതെ പോകുന്നുണ്ട് സിനിമ. ഊഹിക്കാവുന്ന പോക്കാണ് കഥയുടേത്. എന്റെ ഉമ്മാന്റെ പേര് എന്ന പേര് മുതൽ എല്ലാം കഥാഗതിയെ പറ്റി സൂചനകൾ നൽകുന്നുണ്ട്.മലയാള സിനിമ സ്ഥിരമായി പിന്തുടർന്ന കാഴ്ച ശീലത്തിന്റെ തുടർച്ച ആയത് കൊണ്ടാവാം കഥാഗതിയെ പറ്റി കൃത്യമായ ധാരണ പ്രേക്ഷകർക്കുണ്ടാവുന്നു. തിരക്കഥയുടെ അയഞ്ഞ സ്വഭാവവും ഇതിനൊരു കാരണമാണ്. സാധ്യതകൾ ഉണ്ടായിട്ടും ഒരു റോഡ് മൂവി എന്ന നിലയിൽ ഈ സിനിമയെ പൂർണമായി വികസിപ്പിക്കാൻ ഉള്ള സാധ്യതയെ കൈവിട്ടത് എന്ത് കൊണ്ടന്നെന്നു അറിയില്ല. സിനിമയുടെ മറ്റൊരു പ്രത്യേകത സ്വഭാവ രൂപീകരണത്തിൽ ഉള്ള പൂര്ണതയാണ്. ഹമീദ് മുതൽ സ്‌ക്രീനിൽ വന്നു പോകുന്ന പ്രധാന കഥാപാത്രങ്ങൾക്കെല്ലാം സ്വഭാവ പരമായ തുടർച്ചയുണ്ട്. ഇത് സമകാലിക മലയാള സിനിമ അത്രയൊന്നും ശ്രദ്ധിക്കാത്ത ഒന്നാണ് എന്ന് തോന്നുന്നു.

ബന്ധം എന്നാൽ രക്തബന്ധം എന്ന് താൻ ധരിച്ചു വച്ച ഗ്ലോറിഫിക്കേഷൻ അല്ല എന്ന തിരിച്ചറിവിലേക്കുള്ള ഹമീദിന്റെ യാത്ര കൂടി ആണ് എന്റെ ഉമ്മാന്റെ പേര് എന്ന് പറയാം. പറയത്തക്ക പുതു വഴികൾ ഒന്നും തേടിയിട്ടില്ലെങ്കിലും മനുഷ്യപ്പറ്റ് കൈമോശം വന്നിട്ടില്ലാത്ത ഒരു സിനിമ ആണെന്ന് പലയിടത്തും തോന്നി. അത് തന്നെയാണ് സിനിമയെ ഈ പറയുന്ന ‘ഫീൽ ഗുഡ് ‘ ആക്കിയിട്ടുള്ളതും. വളരെ അധികം ലളിതമായി അയാളുടെ തിരിച്ചറിവിലേക്ക് സിനിമ യാത്ര പോകുന്നു. രണ്ടു നിലക്ക് അഭിനയ ശേഷി തെളിയിച്ചവരാണ് ടോവിനോയും ഉർവശിയും. ഈ സിനിമയിലും അവർ അഭിനയത്തിന്റെ സ്വാഭാവികത കാക്കുന്നുണ്ട്. പക്ഷെ ‘വടക്കൻ ഭാഷ ‘ഉപയോഗിക്കാനുള്ള പ്രാവീണ്യ കുറവ് മുഴച്ചു നിന്നു.കഥാപരിസരം തിരഞ്ഞെടുക്കുമ്പോൾ സംവിധായകൻ ശ്രദ്ധെക്കേണ്ടി ഇരുന്ന പ്രാഥമികമായ കാര്യമായിരുന്നു അത്. മോഹൻലാൽ കിളിച്ചുണ്ടൻ മാമ്പഴം ചെയ്തപ്പോഴും ഇപ്പോൾ കുഞ്ഞാലി മരക്കാരിലെ ഒരു സംഭാഷണം പുറത്തു വന്നപ്പോഴും വ്യാപകമായി വിമര്ശിക്കപ്പെട്ടിരുന്നു. കോഴിക്കോട്, മലപ്പുറം മലയാള ശൈലികൾ മിമിക്രി വേദികളിലും മറ്റും വ്യാപകമായി പരിഹസിക്കപ്പെട്ട ഒന്നാണ്. ഇവിടെ പല ഇടങ്ങളിലും പല ശൈലികൾ ആണ് സംസാരത്തിനുപയോഗിക്കുന്നത്. പക്ഷെ അത്തരം സൂക്ഷ്മ ശ്രദ്ധകൾ മലയാള സിനിമ പൊതുവായി പാലിക്കാറില്ല. മറ്റു തെക്കൻ ദേശത്തു നിന്ന് വന്ന നടീനടന്മാർക്ക് ഈ ഭാഷ കൈകാര്യ൦ ചെയ്യൽ അത്ര എളുപ്പമുള്ള കാര്യമല്ല. ഏതൊരു കടുത്ത വൈകാരികതയും അനുകരണ ഹാസ്യത്തിലേക്ക് വഴി മാറും. മാമുക്കോയയും ഹരീഷ് കണാരനും ആണ് ടോവിനോയും ഉർവശിയും കഴിഞ്ഞാൽ സിനിമയിൽ സ്ക്രീൻ സ്പേസ് ഉള്ള താരങ്ങൾ. അവർ വളരെ സ്വാഭാവികമായും ഇവർ പലപ്പോഴും കഷ്ടപ്പെട്ടും സംസാരിക്കും പോലെ തോന്നി. അവർ ചെയ്യാതിരുന്നിട്ടും അമിതാഭിനയത്തിനു പലപ്പോഴും വഴി മാറുന്നത് ഈ സംഭാഷണത്തിന് സ്വാഭാവികത കൈവരിക്കാൻ ഉള്ള അമിത ശ്രമത്തിലാണ്.

എന്റെ ഉമ്മാന്റെ പേര് ഒരു പരീക്ഷണ സിനിമ അല്ല. വളരെ ലളിതമായി സ്വാഭാവികമായി ഉള്ള ഒരു കഥ പറഞ്ഞു പോകൽ ആണ്. അതിൽ പുതുമയോ പ്രത്യേകതകളോ ഒന്നും ഇല്ല. വലിയ ബഹളങ്ങളോ പുത്തൻ വഴികളോ ഇല്ല. അത്തരം സിനിമകൾ കൂടിയാണ് രു സിനിമാ വ്യവസായത്തെ പൂർണമാക്കുന്നത്. അത് കൊണ്ട് പ്രതീക്ഷകൾ ഇല്ലാതെ ഒഴുകി പോകുന്ന സിനിമകൾ പരീക്ഷിക്കുന്നവർക്ക് എന്റെ ഉമ്മാന്റെ പേരിനു കയറാം

Comments
Print Friendly, PDF & Email

എഴുത്തുകാരി സിനിമാ നിരൂപക . ജേർണലിസത്തിൽ ഗവേഷണം ചെയ്യുന്നു.

You may also like