പൂമുഖം EDITORIAL കേരളമേ, ഉണരുക ജാഗ്രത്താവുക

കേരളമേ, ഉണരുക ജാഗ്രത്താവുക

ഈ കലാപം രണ്ട് സ്ത്രീകൾ ശബരിമല കയറിയത് കൊണ്ട് ഉണ്ടായതല്ല . തീർത്ഥാടന കാലത്തിൻറെ ആദ്യം സ്ത്രീപ്രവേശനത്തെ പാർട്ടി മുഖ പത്രത്തിൽ വൻ തലക്കെട്ട് നൽകി അനുകൂലിച്ച ബി ജെ പി , അപ്രതീക്ഷിതമായി നിലപാട് മാറ്റിയ അന്ന് മുതൽ സ്വരുക്കൂട്ടി തയ്യാറെടുത്തതാണ്. എണ്ണമറ്റ വാട്സ് അപ്പ് ഗ്രൂപ്പുകളിലൂടെ അർദ്ധ സന്ദേഹികളും പക്ഷ രഹിതരും ആയ വിശ്വാസികളെ ഉൽക്കണ്ഠപ്പെടുത്തി ആസൂത്രിതമായി സംഘടിപ്പിച്ചതാണ് .വാസ്തവമാണോ എന്നുറപ്പില്ല ത്രിപുരയിൽ തിരഞ്ഞെടുപ്പ് പ്രചാരണ കാലത്തു തൃണമൂലതലത്തിലെ പ്രചാരണ പ്രവർത്തനത്തിന് 20000 ക വരെ മാസ വരുമാനം ലഭിച്ചിരുന്നു എന്ന് വായിക്കാനിടയായി . ക്ഷേത്രങ്ങളിൽ വർധിച്ചു വരുന്ന പുരാണ പാരായണയജ്ഞങ്ങളിലും ജാതി സംഘടനകളുടെ സമ്മേളനങ്ങളിലും മതാഭിമാന കേന്ദ്രീകൃതമായ ഒരു വ്യവസ്ഥയുടെ പുനരുജ്ജീവനത്തെകുറിച്ചു ആചാര്യന്മാർ തന്നെ പ്രഘോഷണം ചെയ്യുവാൻ തുടങ്ങിയിട്ട് കുറച്ചു കാലമായി . ആചാരത്തിനോ, ആചാര്യന്മാർക്കോ ആൾ ദൈവങ്ങൾക്കോ എതിരായി പറയുന്നതെന്തും ഹിന്ദുവിനെതിരാണെന്നും, ഹിന്ദുവിനെയും ഹിന്ദുമതത്തെയും വിമർശിക്കുന്നത് ഇന്ത്യക്കു എതിരാണെന്നും അഭിപ്രായ രൂപീകരണം നടത്തുന്നതായിരുന്നു പ്രചാരണത്തിൻറെ കാതൽ. വ്യാജമെന്ന് പിന്നീട് തെളിയിക്കപ്പെട്ട വീഡിയോ ദൃശ്യങ്ങൾ അന്ധമായി പങ്കുവെച്ചു, വിവേചന ശക്തി പണയത്തിലായ ഒരു വിഭാഗം, ഇതിനു അറിഞ്ഞും അറിയാതെയും രാസത്വരകമായി . കലോൽസവം വന്നാലും കല്യാണം വന്നാലും ഹോർമോൺ ഗുളികകൾ കഴിച്ചു ആർത്തവം നീട്ടുന്ന മലയാളി പെൺകുട്ടികൾ തീണ്ടാരിയുടെ അശുദ്ധി യിൽ വ്രീളാ വിവശരായി . അവസരങ്ങൾക്കു വേണ്ടി കാത്തിരിക്കുവാൻ മാത്രം നിയോഗമുള്ള സ്ത്രീജന്മസങ്കല്പവുമായി അവർ സാത്മ്യം പ്രാപിച്ചു .പൊതു മേഖല സർക്കാർ ജോലികളുടെ സർവ്വ ‘ഐശ്വര്യങ്ങളും’ അനുഭവിച്ച തലമുറ ഫലത്തിൽ മെലിഞ്ഞു നാമമാത്രമായിക്കൊണ്ടിരിക്കുന്ന സംവരണത്തിനെതിരെ രോഷം കൊണ്ടു ന്യുന പക്ഷ അധിനിവേശം ആസന്നമായിരിക്കുന്നു എന്നു വാട്സ് അപ്പ് ബോധ്യം വന്ന ഡിജിറ്റൽ മലയാളി ഹിന്ദു യുവത അക്രമത്തിനു സന്നദ്ധമായി . വാരിക വായിച്ചും സീരിയൽ കണ്ടും ആത്മീയ പ്രഭാഷണ വേദിയിൽ അന്നദാനമുണ്ടും വിനോദയാത്ര നടത്തിയും സ്വച്ഛ ജീവിതം നയിച്ച വിശ്രമജീവിതക്കാർ പ്രതിരോധിക്കാൻ രക്ഷകൻറെ കൊടിക്കീഴിൽ അണിനിരക്കുകയേ  നിർവാഹമുള്ളൂ എന്ന് തീരുമാനമെടുത്തു.2014 ലെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കേരളം സന്ദർശിച്ച ബി ജെ പി പ്രസിഡണ്ട് കേരളത്തിൽ അക്കൗണ്ട് തുറക്കൽ ലക്‌ഷ്യം പ്രഖ്യാപിച്ചതോർമ്മയുണ്ടല്ലോ.രാജ്യത്തിൻറെ ഇതര ഭാഗങ്ങളിൽ വിജയിച്ച തന്ത്രങ്ങൾ ഇവിടെ ആളിപ്പടരാതെ പോയത് നവോത്ഥാന പാരമ്പര്യ ബോധം കൊണ്ടാണെന്നു ഞാൻ ഇനിയും അവകാശപ്പെടുകയില്ല . ഒരുപക്ഷെ ജീവിതം പരമാവധി ഉത്സവമാക്കുക എന്നത് ലക്ഷ്യവും മാർഗവുമായി സ്വീകരിച്ച നവമലയാളിയുടെ സ്വാർത്ഥതയും അലസതയും ആവാം അതിന്റെ പിന്നിൽ. നേതാക്കളുടെ ആഹ്വാനം കേട്ട് തെരുവിൽ കുത്തിയും കത്തിച്ചും ചാവാൻ തങ്ങളെ കിട്ടില്ല എന്ന നിലപാട്. അതിനെയാണ് , മലയാളിയുടെ ആ ജീവിതാഭിമുഖ്യത്തെയാണ് , ഇന്നലെ തിരുവനന്തപുരം മുതൽ കാസർഗോഡുവരെ തെരുവിൽ കല്ലെറിഞ്ഞു വീഴ്ത്താനും കത്തിച്ചു ചാമ്പലാക്കാനും ശ്രമമുണ്ടായത് .

ഇനി ആചാര ഭംഗത്തെ കുറിച്ച് : ശബരിമലയിൽ സ്ത്രീ പ്രവേശന നിരോധനം ഒഴികെയുള്ള എല്ലാ ആചാരങ്ങളും ലംഘിക്കപ്പെട്ടിട്ടുണ്ട് . വ്രത ഭംഗത്തോടെ പുരുഷന്മാർ പതിനെട്ടാം പടി കയറുന്നുണ്ട്. ക്ഷൗരം , സ്വരൂപം മറയ്ക്കുന്ന മുടി കറുപ്പിക്കൽ എന്നിവ വ്രത ഭംഗമാണ് കൊട്ടാരത്തിലെ ആഡംബരങ്ങളും ,ലൗകിക സുഖങ്ങളും വെടിഞ്ഞു മലകയറിയ .കാനന വാസൻറെ പ്രതിഷ്‌ഠ സങ്കൽപ്പത്തിന് കടക വിരുദ്ധമാണ് പടി പൂജയും ഉദയാസ്തമന പൂജയും . വരുമാന ലക്ഷ്യത്തോടെ നടപ്പിലാക്കിയവയാണ് അത് രണ്ടും . ദേവപ്രശ്‌നം എന്ന സൂത്ര സങ്കേതമാണ് അധികാരികൾ അതിനുപയോഗിച്ചത്‌ . വ്രതം അനുഷ്ഠിക്കുന്ന കുടുംബസ്ഥരോ , അവരുടെ യുവതികളായ ഭാര്യമാരോ ഇന്ന് മാറി താമസിക്കുന്നില്ല കൃത്രിമ മാർഗങ്ങളിലൂടെ ആർത്തവകാലം തിരിമറി ചെയ്തു പ്രകൃതിയെ ധിക്കരിക്കയാണ് അവർ ചെയ്യുന്നത് . അങ്ങനെ വരുമ്പോൾ സ്ത്രീ പ്രവേശനത്തെ മാത്രമാണ് കേരളത്തിലെ വിശ്വാസികളായ കുടുംബിനികൾ തെരുവിലിറങ്ങി നിരോധിക്കാൻ ശ്രമിച്ചത് . ചിന്തയുടെ കണ്ണുകെട്ടിയവർ ..പ്രതിഷേധിക്കുന്ന പുരുഷന്മാർ എതിർത്തത് ഫലത്തിൽ സ്ത്രീ പ്രവേശനത്തെ മാത്രമാണ്. തലേന്ന് വരെ മദ്യവും മാംസവും ലൈംഗിക വേഴ്ചയും വെടിയാതെ മാലയിട്ടു മലയ്ക്ക് പോകുന്ന കുറച്ചു പേരെങ്കിലും ഉണ്ടെന്നു അവർ കണ്ണടയ്ക്കുന്നു . പക്ഷെ സ്ത്രീ പ്രവേശിക്കുന്നതു തങ്ങളുടെ ആൺ കോയ്മ യിലേക്കുള്ള പ്രവേശനമായി അവർ കാണുന്നു. അതിനെതിരേ അവർ ഒറ്റക്കെട്ടാണ് .

സർക്കാർ നടപടികൾ കുറ്റമറ്റതായിരുന്നുവോ എന്നുകൂടി പരിശോധിക്കേണ്ടിയിരിക്കുന്നു. പ്രളയാനന്തര കേരളത്തിൻറെ മുന്നിലേക്ക്, വന്നുവീണ , 12 കൊല്ലം ഉറങ്ങിക്കിടന്ന കേസിൻറെ വിധിയെ , സർക്കാർ കുറച്ചു കൂടി അവധാനതയോടെ കൈകാര്യം ചെയ്യാൻ സാദ്ധ്യതകൾ ഉണ്ടായിരുന്നുവോ? .തുടക്കം മുതൽ അരങ്ങേറിയ അപ്രതീക്ഷിതമായ ചുവട് മാറ്റങ്ങളാണ് സംഗതികളെ പ്രശ്നസങ്കുലമാക്കിയത് . കോടതി വിധിയുടെ മുൻപിൽ സമവായ ചർച്ചയോ അഭിപ്രായ വോട്ടെടുപ്പോ പ്രസക്തമല്ല. എങ്കിലും അത്തരം ഒരു കെണി സർക്കാർ മുൻകൂട്ടി കാണേണ്ടതായിരുന്നു.എന്ന് ഇന്നലത്തെ കൈവിട്ട കളി സൂചിപ്പിക്കുന്നു.ആദ്യ ദിവസത്തിൽ പൂനയിൽ വെച്ച് ഒരു തടസ്സവും നേരിടാതെ എത്തിയ തൃപ്തി ദേശായിയെ പ്രാകൃതമായി പ്രതിരോധിച്ചതിൽ നിന്ന് ഹിന്ദുത്വ രാഷ്ട്രീയത്തിൻറെ അവസരവാദിത്തവും അണിയറ ഒരുക്കവും തിരിച്ചറിയേണ്ടതായിരുന്നു. വനിതാമതിലിലൂടെ സർക്കാർ നിലപാടിനുള്ള പുരോഗമന കേരളത്തിൻറെ പിന്തുണ വെളിപ്പെടുകയും ചെയ്തു . ആ നിലക്ക്, ഇപ്പോൾ ആരോപിക്കപ്പെടുന്ന രഹസ്യാത്മകത പാടെ ഒഴിവാക്കിയുള്ള ഒരു നീക്കം പരക്കെ സ്വാഗതം ചെയ്യപ്പെടുകയും സർക്കാരിൻറെ സദുദ്ദേശത്തിനു ദൃഷ്ടാന്തമാവുകയും ചെയ്യുമായിരുന്നു. lightning strike ൻറെ സൈനിക സ്വഭാവമോ .സാഹസികതയോ അല്ല ഇവിടെ ഏറ്റവും അനുയോജ്യമാവുക . വനിതാ മതിലിൽ ആത്മവിശ്വാസത്തോടെ ക്യാമറയെ അഭിമുഖീകരിച്ചു കൊണ്ട് തങ്ങൾ മുന്നോട്ടു തന്നെ എന്ന് പരസ്യമായി പ്രഖ്യാപിച്ചവരിൽ നിന്ന് ഒരു സന്നദ്ധ സംഘത്തെ കണ്ടെത്തുകയും മലകയറാൻ വേണ്ട അനുകൂല സാഹചര്യം ഉറപ്പുവരുത്തുകയും ചെയ്യുന്നത് മെച്ചപ്പെട്ട നടപടി ആവുമായിരുന്നു എന്ന് തോന്നുന്നു.

ഇന്നലത്തെ ആസൂത്രിത അക്രമത്തിനു പിന്നിലുള്ളവർക്കു ഒന്നറിയാം. കേരളത്തെ കേരളമാല്ലാതാക്കുകയേ  വേണ്ടു , അവർക്കിവിടെ ആധിപത്യം സ്ഥാപിക്കുവാൻ.കേരളീയർ ജാഗ്രത പുലർത്തേണ്ടതും അതാണ്. കേരളം അതിൻറെ തനതു ശക്തികളോടെയും ദൗർബല്യങ്ങളോടെയും സ്വതന്ത്രാഭിലാഷങ്ങളോടെയും അതിജീവന വാഞ്ഛയോടെയും നിലനിൽക്കണം ചെറുതല്ലാത്ത പോരായ്മകളെ മറികടക്കാനുള്ള ശ്രമം തുടരണം …ഈ മണ്ണ് രാഷ്ട്രീയ വിദ്വേഷത്തിൻറെ ചോര വീണു കുതിർന്നിട്ടുണ്ട്. പക്ഷെ വിദ്വേഷ രാഷ്ട്രീയത്തിനു നാളിതുവരെ പ്രവേശനം നിരോധിച്ചിട്ടുമുണ്ട് . രണ്ടും രണ്ടാണ് . ഒന്ന് ഐഡിയോളജി നഷ്ടപ്പെട്ട രാഷ്ട്രീയത്തിൻറെ പകപോക്കലാണ് . രണ്ടാമത്തേത് വിദ്വേഷത്തിൽ വിത്ത് പാകി മുളപ്പിച്ച രാഷ്ട്രീയമാണ് . ഒന്നിനെ നിയമാനുസൃത മാർഗങ്ങളിലൂടെ വരുതിയിലാക്കാനും തുടച്ചു നീക്കുവാനും കഴിയും. പക്ഷെ വിദ്വേഷ രാഷ്ട്രീയം അങ്ങനെയുള്ള ശ്രമങ്ങളുടെ നേരെ കാൽ തൊട്ടു വന്ദിച്ചു നിറയൊഴിക്കും .

Comments
Print Friendly, PDF & Email

പാലക്കാട് സ്വദേശി. മലയാളനാട് വെബ് ജേണൽ ചീഫ് എഡിറ്റർ

You may also like