കവിത

സൗഹൃദം 

ളംപുല്ലിന്റെ തലപ്പത്ത്
മഞ്ഞു തുള്ളിയില്‍
മഴവില്ല് വിരിയുന്നത്
ആരാണ് കാണാറുള്ളത്?
അത് സൂക്ഷ്മതയുള്ളവന്റെ കാഴ്ചയാണ്.
മഞ്ഞുതുള്ളിയും പുല്‍ത്തലപ്പും
അത് കാണുന്നുമില്ല.
അവര്‍ അത് അനുഭവിക്കുകയല്ലേ?
സൗഹൃദം സൂക്ഷ്മമാണ്‌.
സൗഹൃദത്തിന്റെ ആഴങ്ങളില്‍
അതീവ നിശ്ചലതയുണ്ട്.
നോക്കുമ്പോഴെല്ലാം
നേര്‍ത്ത ഒരോളം പോലുമുണ്ടാക്കാതെ
അതവിടെയുണ്ട്.

എന്തിനു നോക്കണം?
എപ്പോഴും നോക്കേണ്ടതില്ല.
തണുപ്പിന്‍റെ മാസ്മരിക വലയം
അതറിയിക്കുന്നുണ്ടല്ലോ.
മറവുകളില്‍
വിടര്‍ന്നു നില്‍ക്കുന്ന പൂക്കള്‍ക്ക്
ശ്വേതവര്‍ണ്ണമാണ്.
ലളിതമായ ജീവിതത്തിന്റെ ഹരിതാഭയില്‍
അത് പാതിയടഞ്ഞ കണ്ണോടെ നിശബ്ദവുമാണ്.
ജലാശയത്തിലെ ജലം
എപ്പോഴും പച്ചയും പൂവും നിറക്കുമ്പോഴും
മിഴി പാതിയേ ഉണരൂ.
മറവുകളിലായതു കൊണ്ടോ,
മുളംകാടിന്റെ ഹുങ്കാരമില്ലാത്തതുകൊണ്ടോ,
നീലത്താമരകള്‍ വിടരാത്തതുകൊണ്ടോ
പുറമേയുള്ള ലോകത്തേക്ക്
അതെത്തിനോക്കുന്നില്ല.

ശബ്ദത്തിലല്ലല്ലോ.
നിശബ്ദതയിലല്ലേ അത് നിലനില്‍ക്കുന്നത്.
അതുകൊണ്ടാണല്ലോ,
കണ്ണുകള്‍ ജലം കൊണ്ട്
ഇടക്കത് ഓര്‍മ്മിപ്പിക്കുന്നത്.
നനഞ്ഞ ഹൃദയകാവ്യം പോലെ
ഒരു സൗഹൃദം.

Print Friendly, PDF & Email

About the author

മംഗള കരാട്ടുപറമ്പിൽ

തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിൽ ജീവിക്കുന്നു. കാട്ടൂര്‍ ഗവണ്മെന്റ്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിൽ അദ്ധ്യാപികയാണ്. ആത്മീയ ചിന്തകളും യാത്രകളുമാണ് എഴുത്തിന്റെ വഴി.