കവിത

മണ്ണ്ുളപൊട്ടിയ തോന്നലുകള്‍
പങ്കു വെക്കാനാവാതെ
ഏകാന്തത നൂറുമേനി വിളഞ്ഞ മനസ്സുമായി
മാതുവമ്മ പ്രാഞ്ചി പ്രാഞ്ചി നടന്നു.

ഒരു രാത്രി-
തുറന്നിട്ട ജനലിലൂടെ
മാനമിറങ്ങി വന്ന ചന്ദ്രന്‍
ഉറക്കമറ്റു കിടന്ന മാതുവമ്മയുടെ ചെവിയില്‍
അടക്കം പറഞ്ഞതും
അവര്‍ പായ വിട്ടെഴുന്നേറ്റു
വാതില്‍ തുറന്നു പുറത്തിറങ്ങി,
തിളങ്ങുന്ന ചന്ദന മുറ്റത്തൊരു
കുഴി കുഴിച്ചു.
നിലത്തു കാലുംനീട്ടിയിരുന്നു
പറയാനുള്ളത്ര പറഞ്ഞും
കരയാനുള്ളത്ര കരഞ്ഞും
ചിരിക്കാനുള്ളത്ര ചിരിച്ചും
മനസ്സൊഴിച്ച്
കുഴി മണ്ണിട്ട്‌ മൂടി.

അന്ന് നിലാവില്‍ കുളിച്ചു
വിശുദ്ധയായ അവര്‍
ഹൃദയമിടിപ്പുകളെ ശാന്തതയോടു ചേര്‍ത്തുവെച്ച്
പുലരുംവരെ സുഖമായുറങ്ങി.

നാളുകള്‍ പോകെപ്പോകെ
മണ്ണും മാതുവമ്മയും
പൊരിഞ്ഞഇഷ്ടക്കാരായി.

സൌഹൃദത്തിന്‍ പാരമ്യത്തില്‍
ഒപ്പം താമസിക്കാന്‍
മണ്ണ് മാതുവമ്മയെ
കൈപിടിച്ചിറക്കുകയും ചെയ്തു.

Comments
Print Friendly, PDF & Email