പൂമുഖം TRAVEL കൃഷ്ണഗാഥ തേടിയൊരു യാത്ര – 10

ഭക്തിയും മാലിന്യവും : കൃഷ്ണഗാഥ തേടിയൊരു യാത്ര – 10

 

രാവിലെ ഉറക്കമെണീറ്റു വരുമ്പോള്‍ കാര്‍മേഘത്തുണ്ടുകള്‍ ആകാശത്ത്‌ കാളിയ സര്‍പ്പത്തെപ്പോലെ കെട്ടു പിണഞ്ഞു കിടപ്പുണ്ട്‌.
വടക്ക്‌ ദൂരെയെവിടെയോ മഴ പെയ്യുന്ന ലക്ഷണങ്ങള്‍
വൃന്ദാവനത്തില്‍ മഴ പെയ്യാതിരുന്നാല്‍ മതിയായിരുന്നു. മഴയില്‍ അവിടുത്തെ നിരത്തുകള്‍ ചെളിവെള്ളം കൊണ്ട്‌ നിറയും. അതിലെല്ലാം മനുഷ്യ-ജന്തുജാലങ്ങളുടെ വിസര്‍ജ്യവസ്‌തുക്കള്‍ കലര്‍ന്നിട്ടുണ്ടാകും. മഴക്കാല രോഗങ്ങളുടെ കെടുതികള്‍ക്ക്‌ ഇരയാകാറുള്ള ഉത്തരേന്ത്യന്‍ ഗ്രാമങ്ങളുടെ ഗതികേടില്‍ നിന്നും വൃന്ദാവനവും വിമുക്തമല്ല.

തീര്‍ത്ഥാടകര്‍ വൃന്ദാവനത്തിലെത്തിയതു മുതല്‍ വൃജാവാസികള്‍ ഉപയോഗിക്കുന്ന പൈപ്പുവെള്ളം കുടിക്കാന്‍ ഉപയോഗിച്ചു കണ്ടില്ല. അവര്‍ ഇരുപതും, മുപ്പതും രൂപ കൊടുത്ത് വാങ്ങിയ്‌ക്കുന്ന കുപ്പിവെള്ളം മാത്രമാണ്‌ ഉപയോഗിക്കുന്നത്‌.
ഗള്‍ഫിലെ ജീവിത പരിസരത്തു നിന്ന്‌ താല്‌ക്കാലികമായി വൃന്ദാവന സന്ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകര്‍ക്ക്‌ വൃജാവാസികളുടെയത്ര രോഗപ്രതിരോധശേഷി ഉണ്ടാകാനിടയില്ല.
മിക്കവാറും പകര്‍ച്ചവ്യാധികള്‍ കുടിവെള്ളത്തിലൂടെയാണ്‌ പകരുന്നത്‌. ഈ സ്ഥിതി മുന്‍കൂട്ടി മനസ്സിലാക്കിയാണ് എല്ലാവരും പൈപ്പുവെള്ളം ഒഴിവാക്കി കുപ്പിവെള്ളം കുടിക്കാന്‍ തീരുമാനിച്ചത്‌.
ഒരു തീര്‍ത്ഥയാത്രയ്‌ക്ക്‌ തയ്യാറെടുക്കുമ്പോള്‍ അതുകൊണ്ടു നേടേണ്ട പുണ്യബോധവും. ആസ്വാദനവും മാത്രം ലക്ഷ്യമായി കരുതേണ്ടതില്ല. നമ്മുടെ ചിന്താപരിസരത്ത്‌ ഒരിക്കല്‍പോലും കടന്നുവരാത്ത സാഹചര്യങ്ങളും ഉണ്ടായേക്കാം. കൂടെയുള്ളവര്‍ക്ക്‌ അപ്രതീക്ഷിത അസുഖങ്ങള്‍ വരാം. സന്തോഷിച്ചു നടന്നവര്‍ പെട്ടെന്ന്‌ മ്ലാനവദനരാകാം, ഭക്ഷണത്തിലെ പൊരുത്തക്കേടുകള്‍ അലോസരപ്പെടുത്താം..
രാധാദാസിയ്‌ക്കുവേണ്ടി കൂട്ടായി ഏകലവ്യന്‍ ഏന്നൊരു കുട്ടി സംസാരിച്ചുകൊണ്ടും, ഇടയ്‌ക്കെല്ലാം ഹരേകൃഷ്‌ണ മാത്രം ചൊല്ലിക്കൊണ്ടും വൃന്ദാവന നഗരിക്കു പ്രദക്ഷിണം വച്ചുകൊണ്ടിരിക്കുകയായിരുന്നു. പ്രദക്ഷിണം പൂര്‍ത്തീകരിക്കാറായപ്പോള്‍ അവന്‍ പെട്ടെന്ന്‍ തലചുറ്റി വീണു. എല്ലാവരും കൂടി അവനെയെടുത്ത്‌ വഴിയരികിലുള്ള ഒരു പടിക്കെട്ടില്‍ കിടത്തി.

V6

കണ്ണുകളിലെ കൃഷ്‌ണമണി മുകളിലേക്ക്‌ കയറിപ്പോകുന്നതും ശൂന്യമായ കണ്‍വെള്ളകള്‍ പാതി തുറന്നിരിക്കുന്നതും തീര്‍ത്ഥാടകരില്‍ സംഭ്രാന്തി സൃഷ്ടിച്ചു. രാധാദാസി തിരക്കില്‍ നിന്നൊഴിഞ്ഞ്‌ ഒരിടത്തു കുത്തിയിരുന്ന്‌ ജപമാലയുരുട്ടി.
വളരെ വേഗത്തില്‍ അവിടെ ഒരാള്‍ക്കൂട്ടം രൂപപ്പെട്ടു. ഒരു യാദവസ്‌ത്രീ കടന്നു വന്ന്‌ റോഡില്‍ നിന്ന്‌ ഒരു പിടി മണ്ണുവാരിയെടുത്ത്‌ കൃഷ്‌ണ-രാധമാരെ സ്‌തുതിച്ച്‌ നെറ്റിയില്‍ പുരട്ടിക്കൊണ്ടു പറഞ്ഞു ഈ കുട്ടിക്ക്‌ ഒന്നും സംഭവിക്കില്ല. ഇതു വൃന്ദാവനമാണ്‌. ഭഗവാന്‍റെ കരുണ അവനിലുണ്ടാകട്ടെ.

മുഖത്ത്‌ വീണ കുപ്പിവെള്ളത്തിന്‍റെ കുളിരിലോ, വായിലൊഴിച്ച ജലത്തിന്‍റെ ഊര്‍ജ്ജത്തിലോ, നെറ്റിയില്‍ പുരട്ടിയ മണലിന്‍റെ മാസ്‌മരിക ശക്തിയിലോ അവന്‍ കണ്ണുതുറന്നു എണീറ്റിരുന്നു.
വൃന്ദാവന പ്രദക്ഷിണത്തിനിടയില്‍ റോഡിനിരുവശത്തുമുള്ള മനുഷ്യജീവിത കാഴ്‌ചകള്‍ ഭക്തിയും മാലിന്യവും തമ്മിലുള്ള പൊരുത്തക്കേടുകളുടേതു കൂടിയായിരുന്നു.
തുറസ്സായ ഇടത്തില്‍ ലജ്ജാഭാരം തീരെയില്ലാതെ കുളിയ്‌ക്കുന്ന സ്‌ത്രീയെ കണ്ടു. പുല്ലുകൊണ്ട് തീര്‍ത്ത കുടിലിനു മുന്നിലിരുന്ന്‌ പേരക്കുട്ടികളുമായി കളിക്കുന്ന മുത്തശ്ശനെ കണ്ടു. വര്‍ണ്ണവസ്‌ത്രങ്ങള്‍ കഴുകി വിരിക്കുന്ന സ്‌ത്രീകള്‍ക്കിടയിലൂടെ കോഴികള്‍ തീറ്റ ചികഞ്ഞു നടക്കുന്നു.
ചെറിയൊരു കാറ്റിലോ മഴയിലോ നിലം പൊത്താവുന്ന കുടിലുകള്‍. അവരുടെ ജീവിത പരിസരത്ത്‌ ശുദ്ധജലവും മലിനജലവും തമ്മിലുള്ള അതിര്‍ വരമ്പുകള്‍ കണ്ടെത്തുക അസാധ്യം.

 V7
കുടിലുകളോട്‌ ചേര്‍ന്ന്‌ രൂപംകൊണ്ട ചെളിക്കുണ്ടില്‍ കുത്തിമറിയുന്ന പന്നിക്കൂട്ടങ്ങള്‍. നാല്‌ക്കാലികളില്ലാത്ത ഒരു കുടിലും അവിടെ കണ്ടില്ല. മനുഷ്യന്‍ ജന്തുലോകവുമായി ഇത്രയേറെ ഐക്യപ്പെട്ടു കഴിയുന്ന മറ്റൊരിടവും കണ്ടിട്ടില്ല.
വഴിയരികില്‍ ജടാധാരികളായ സന്ന്യാസികള്‍ ഭിക്ഷാപാത്രവുമായിരിക്കുന്നു. എന്നാല്‍ ധനത്തിനു വേണ്ടിയുള്ള ആര്‍ത്തി ആരിലും കണ്ടില്ല. നമ്മള്‍ ദാനം കൊടുത്താലും ഇല്ലെങ്കിലും ആ കണ്ണുകളില്‍ കനത്ത നിസ്സംഗത മാത്രം നിലനില്‌ക്കുന്നു.
നടപ്പിനിടയില്‍ ദൂരെ നിന്ന്‌ ഒരു മനുഷ്യന്‍ മഞ്ഞപ്പട്ടുടുത്ത്‌ ശരീരമാസകലം മഞ്ഞവര്‍ണ്ണം പൂശി കൃഷ്‌ണവേഷധാരിയായി അടുത്തുവന്നു. അദ്ദേഹത്തിന്‍റെ ചിത്രമെടുത്തപ്പോള്‍ എന്തെങ്കിലും പ്രതിഫലം ആഗ്രഹിക്കുന്നതുപോലെ ശങ്കിച്ചു നിന്നു. അതു നല്‍കിയപ്പോള്‍ മുഖത്ത്‌ പുഞ്ചിരിവെട്ടം പരന്നു.

Comments
Print Friendly, PDF & Email

ചിത്രകാരൻ, നോവലിസ്റ്റ്. ദുബായിയിൽ ജോലി ചെയ്യുന്നു

You may also like