EDITORIAL Uncategorized ലേഖനം

കൊറോണ ലോകത്തെ ചരിത്രവൽക്കരിക്കുമ്പോൾപുതിയ ഭാവുകത്വവും പുതിയ സാമൂഹികമായ ഉള്ളടക്കവും പുതിയ മേഖലകളും ഉണ്ടാവുന്ന പോലെ പ്രധാനമാണ് പുതിയ പ്രക്രിയകൾ ഉണ്ടാവുക എന്നത്. തികച്ചും സുതാര്യവും പങ്കാളിത്തപരവും ആയ പ്രക്രിയയിലൂടെ മാത്രമേ ഇന്നത്തെ അവസ്ഥയിൽ ഒരു സാമൂഹ്യപുനര്നിര്മ്മിതി സാധ്യമാവുകയുള്ളൂ.

കാണ്ടാമൃഗം എന്ന ഫ്രഞ്ച് നാടകം (യുജീൻ യുനെസ്കോ, 1959) മനുഷ്യർ കാണ്ടാമൃഗങ്ങൾ ആയി മാറുന്ന രോഗം(?) പടർന്നു പിടിക്കുന്നതിന്റെ കഥയാണ്. ഇങ്ങനെ രൂപാന്തരം സംഭവിക്കുന്നവരിലെല്ലാം കാണ്ടാമൃഗമായി മാറാൻ സ്വയം വിശ്വസി(പ്പി)ക്കുന്ന എന്തെങ്കിലും കാരണം ഉണ്ടാവും: പ്രകൃതിയോടുള്ള ഗൃഹാതുരത, വന്യതയോടുള്ള അഭിനിവേശം, ലോകത്തെ വിശദീകരിച്ചു കീഴടക്കാനുള്ള സിദ്ധാന്തശാഠ്യത്വര, “എന്റെ പ്രിയപ്പെട്ടവർ കാണ്ടാമൃഗമാവുന്നുണ്ടല്ലോ അപ്പോൾ പിന്നെ എങ്ങിനെയാ”, കാണ്ടാമൃഗത്തെ പേടിക്കുന്നവരുടെ വാദങ്ങളോടുള്ള എതിർപ്പ്/ അതിനുള്ള ഊർജമില്ലായ്മ, “കാണ്ടാമൃഗങ്ങൾ ആണല്ലോ ഭൂരിപക്ഷവും ഞാനായിട്ടെന്തിനാ”- ഇങ്ങനെ വ്യത്യസ്തമായ എന്തെങ്കിലും കാരണം ഓരോരുത്തർക്കും പറയാനുണ്ടായിരുന്നു. കാണ്ടാമൃഗവൽക്കരണം സമൂഹത്തിലെ മറഞ്ഞു കിടന്നിരുന്ന പല മനോഭാവങ്ങൾക്കും പുറത്തുവരാൻ അരങ്ങൊരുക്കുകയാണ്.നാം ശീലിച്ച യുക്തിയെയും ഭാഷയെയും തികച്ചും അസാധുവാക്കുന്ന ചരിത്രത്തിലെ ചില മാറ്റങ്ങൾ നമ്മുടെ ലോകക്രമത്തിന്റെ പല വശങ്ങളെയും പുറത്തു കൊണ്ടുവരും എന്നാണ് കൊറോണയും കാണിക്കുന്നത്.

മേൽത്തട്ടിൽ ഉണ്ടാവുന്ന തൊഴിലുകൾ, ധനം എന്നിവ താഴോട്ടിറങ്ങിച്ചെന്നു പട്ടിണിയേയും രോഗങ്ങളെയും ഇല്ലാതാക്കും എന്നതായിരുന്നു നവ ലിബറൽ നയങ്ങൾ പറഞ്ഞ ന്യായീകരണം.

കൊറോണ കാണിക്കുന്ന കണ്ണാടി
 
ഒരു ലോക ക്രമത്തിന് രണ്ടു വശങ്ങളുണ്ട്: ഒന്ന്, സാമ്പത്തിക-സാങ്കേതിക സ്ഥിതി (techno-economic givens). മറ്റേത്, ഈ സ്ഥിതി ഇങ്ങനെ നില നിൽക്കണമെന്നും നില നിന്നെ മതിയാവൂ എന്നും നമ്മെക്കൊണ്ട് തോന്നിക്കുന്ന രീതിയിൽ സാമൂഹ്യ മൂല്യങ്ങളെ നിർമ്മിക്കുകയും നിലനിർത്തുകയും ചെയ്യുന്ന ചർച്ചകളും ആലോചനകളും പ്രവൃത്തികളും.
1990 കളുടെ തുടക്കം മുതൽ ഇന്റർനെറ്റ് സാങ്കേതികവിദ്യയുടെയും രാജ്യങ്ങളുടെ അതിർത്തികളെ മറികടന്നുള്ള സാമ്പത്തികഇടപാടുകളുടെയും സങ്കലനഫലമായി ഉണ്ടായ ലോകക്രമത്തിന്റെ ആത്മവിശ്വാസം സമ്പത്തിന്റെ നിർമാണവും മുതലാളിത്തത്തിന്റെ വ്യാപനവും മാത്രമാണ് ഇനി മുമ്പോട്ടുള്ള വഴി എന്ന ഫലവത്തായ പ്രചാരണമായിരുന്നു.
അങ്ങിനെ മേൽത്തട്ടിൽ ഉണ്ടാവുന്ന തൊഴിലുകൾ, ധനം എന്നിവ താഴോട്ടിറങ്ങിച്ചെന്നു പട്ടിണിയേയും രോഗങ്ങളെയും ഇല്ലാതാക്കും എന്നതായിരുന്നു നവ ലിബറൽ നയങ്ങൾ പറഞ്ഞ ന്യായീകരണം. ഓരോരുത്തരും അവരവർക്കു മാത്രം ഏറ്റവും ഗുണകരമായതു ചെയ്‌താൽ അത് എല്ലാവര്ക്കും ഗുണകരമായി ഭവിക്കും എന്ന ആലോചനയുടെ ഈ തിരിച്ചു വരവ് “വാദം-എതിർവാദം-സമന്വയം” (Thesis-antithesis-synthesis) എന്ന ചരിത്ര പ്രക്രിയയെ തന്നെ ഇല്ലാതാക്കി കഴിഞ്ഞുവെന്നും ചരിത്രം അവസാനിച്ചു കഴിഞ്ഞുവെന്നും ഉദ്‌ഘോഷിക്കാൻ ഈ ലോകബോധത്തിന്റെ പ്രവാചകർക്കു ശേഷി നൽകി.
 
ഇത്തരത്തിൽ മാർക്കറ്റിന്റെ, മൂലധനത്തിന്റെ അപ്രമാദിത്വത്തിൽ വിശ്വസിച്ചതിൽ അമേരിക്കയും യൂറോപ്പും മധ്യപൗരസ്ത്യദേശങ്ങളിലെ രാജ്യങ്ങളും മാത്രമല്ല; ചൈനയും ഉണ്ട് എന്നതാണ് കൗതുകകരം. മാർക്കറ്റ് മുതലാളിത്തവും സ്റ്റേറ്റ് മുതലാളിത്തവും മനുഷ്യരെ പൗരന്മാർ എന്നതിൽ നിന്ന് ഉപഭോക്താക്കൾ എന്ന് മാറ്റിയെടുക്കുന്നതിൽ ഒപ്പത്തോടൊപ്പമായിരുന്നു. കഴിഞ്ഞ മുപ്പതു വർഷത്തിൽ ഉണ്ടായ ഈ ലോകക്രമം, അതിന്റെ ആത്യന്തിക ഭാവം എത്രമേൽ നമ്മുടെ ഭാവനയെ പരിമിതപ്പെടുത്തിക്കഴിഞ്ഞു എന്നറിയാൻ കൊറോണ സഹായിച്ചിട്ടുണ്ട്.
വുഹാനിൽ കൊറോണ വൈറസ് പടർന്നു പിടിച്ച ഉടനെ ചൈന ലോകത്തിന് മുന്നറിയിപ്പ് നൽകാതിരുന്നതിനു പിന്നിൽ സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള പേടി തന്നെ ആയിരുന്നു. ആദ്യം യൂറോപ്പിലും അമേരിക്കയിലും ഉള്ള പ്രതികരണത്തിലും ഒരു ചെലവാക്കൽ സമ്പദ്‌വ്യവസ്ഥിതിയോടുള്ള ആശയപരമായ ദാസ്യം വ്യക്തമായിരുന്നു. എന്ത് സംഭവിച്ചാലും മാർക്കറ്റുകൾ വേഗത്തിൽ ചലിച്ചു കൊണ്ടിരിക്കണം എന്ന ബോധം അത്ര മേൽ ആഴത്തിൽ വേരോടിയിരിക്കുന്നു എന്ന് സാരം. വേൾഡ് ട്രേഡ് സെന്ററിന് നേരെ നടന്ന ഭീകരാക്രമണത്തിന് ശേഷം അമേരിക്കക്കാർ വിമാനയാത്രകൾ തീരെ നിർത്തിയതും അങ്ങിനെ ആളുകൾ ചിലവഴിക്കുന്നത് കുറച്ചതോടെ രാജ്യത്തെ സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്ക് നീങ്ങിയപ്പോൾ ജനങ്ങളെ അഭിമുഖീകരിച്ചു “spend spend spend” എന്നാവർത്തിച്ച ജോർജ് ബുഷിനെ ഒരു മാനിയാക് ആയാണ് ആളുകൾ അവതരിപ്പിച്ചതെങ്കിലും സമ്പദ് വ്യവസ്ഥ ചുരുങ്ങുന്നത് 9/ 11 നേക്കാൾ വലിയ അപകടമാണ് ഉണ്ടാക്കുക എന്നതു ആ സാമ്പത്തിക ക്രമത്തിലെ സത്യം മാത്രമായിരുന്നു.
 

മുതലാളിത്തം അതിന്റെ തന്നെ യുക്തിയിൽ പ്രവർത്തിക്കുന്ന ഒരു എതിരാളിയെ നേരിടുന്നത് ഇപ്പോൾ കോവിഡിലാണ്: വികസനത്തിന് വേണ്ടിയുള്ള വികസനം ആണ് രണ്ടിന്റെയും അടിസ്ഥാനം. ഭൂമിയുടെ കേന്ദ്രത്തിൽ നിന്ന് മനുഷ്യൻ നിർമാർജ്ജനം ചെയ്യപ്പെടുന്നു.

ആദ്യം തന്നെ കർശനമായ ലോക്ക് ഡൌൺ ഏർപ്പെടുത്തിയ ഇന്ത്യയുടെ ഉദാഹരണത്തിലും മൂലധന താല്പര്യങ്ങൾ കൃത്യമാണ്: 602 പേർക്ക് മാത്രം രോഗബാധ ഉണ്ടായിരുന്ന മാർച്ച് 25 ഇന് ഒറ്റ രാത്രി കൊണ്ട് ലോക്ക് ഡൌൺ ഏർപ്പെടുത്തിയപ്പോൾ അത്കുടിയേറ്റ തൊഴിലാളികളെ അവർ പണിയെടുക്കുന്ന നഗരങ്ങളിൽ തന്നെ നിർത്താനും പിന്നീട് കൂലി കുറച്ചും പണിസമയം കൂട്ടിയും ലാഭത്തിൽ വന്ന കുറവ് നികത്താനും അങ്ങിനെ നിർമാണ മേഖലയിലെ മുതലാളിമാരെ സഹായിക്കാനും ഉള്ള ഒരു പാളിപ്പോയ ശ്രമം ആയിരുന്നു എന്നും ഇന്ന് മനസ്സിലാവുന്നുണ്ട്. 74 മില്യൺ ടൺ ഭക്ഷ്യധാന്യസ്റ്റോറേജ് ഉള്ള ഒരു രാഷ്ട്രം ലോക്ക് ഡൗണിന് മുമ്പ് തന്നെ എന്തുകൊണ്ട് അരിയും സാധനങ്ങളും വിതരണം ചെയ്തു ആളുകൾക്ക് ആത്മവിശ്വാസം കൊടുത്തു വീട്ടിൽ നിർത്തി ലോക്ക് ഡൌൺ വിജയിപ്പിച്ചില്ല എന്ന് ചോദിച്ചാലും ഉത്തരം ഒന്നേയുള്ളു: അത്തരം ഒരു നീക്കം മാർക്കറ്റിന്റെ അപ്രമാദിത്വത്തെ, അതിൽ നിന്നുണ്ടാവുന്ന നിസ്സഹായതയിൽ നിന്ന് ആളുകളെ കരകയറ്റിയേനെ. അപ്പോൾ പട്ടിണിയോ തുച്ഛവേതനമോ ഒരനിവാര്യതയല്ലെന്നും ഘടനാപരമായി ഉണ്ടാക്കപ്പെടുന്നതാണെന്നും ജനങ്ങൾക്ക് മനസ്സിലായിപ്പോയേനെ.
 
ഭാവനയുടെ പാപ്പരത്തം; ഭാഷയുടെ അഭാവം

മുതലാളിത്തം അതിന്റെ തന്നെ യുക്തിയിൽ പ്രവർത്തിക്കുന്ന ഒരു എതിരാളിയെ നേരിടുന്നത് ഇപ്പോൾ കോവിഡിലാണ്: വികസനത്തിന് വേണ്ടിയുള്ള വികസനം ആണ് രണ്ടിന്റെയും അടിസ്ഥാനം. ഭൂമിയുടെ കേന്ദ്രത്തിൽ നിന്ന് മനുഷ്യൻ നിർമാർജ്ജനം ചെയ്യപ്പെടുന്നു. “ലോകത്തെവിടെ കൊറോണ ഉണ്ടെങ്കിലും അത് ഭൂമിയിലുള്ള എല്ലാ മനുഷ്യരുടേയും നിലനിൽപിന് ഹാനികരമാവും” എന്ന തിരിച്ചറിവിലേക്ക് എത്തി നോക്കുമ്പോൾ എന്താണ് ചെയ്യുന്നതെന്നറിയാത്ത ലോക രാഷ്ട്രീയ നേതൃത്വങ്ങളുടെ ഘോഷയാത്രയാണ് നാം കണ്ടത്.

ഒരു ജനവിഭാഗത്തെ മറ്റൊരു ജനവിഭാഗത്തിനെതിരെ നിർത്തി രാഷ്ട്രീയ അധികാരം നേടിയെടുക്കുന്ന സാമൂഹ്യശത്രുത (social antagonism) എന്ന ആയുധം മാത്രം വെച്ച് മുന്നോട്ടു പോയവർക്ക് ജനതയിൽ എല്ലാവരെയും കൂടെക്കൂട്ടി എല്ലാവര്ക്കും വേണ്ടി ആലോചിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക എന്ന അടിസ്ഥാന ദൗത്യം അറിയുക കൂടി ഉണ്ടായിരുന്നില്ല.

കൊറോണ ഇത്ര മാരകമാവാൻ കാരണം ലോകം ഇത്രമേൽ പരസ്പര ബന്ധിതമായതാണ് എന്നൊരു ചിന്ത ചിലരെങ്കിലും പങ്കു വെച്ചതായി കണ്ടു. അങ്ങിനെയാണെങ്കിൽ 1340 ലെ കറുത്തമരണം എന്ന് വിളിക്കപ്പെട്ട പ്ളേഗോ 1918 ഇലെ സ്പാനിഷ് ഫ്ലൂവോ ഇത്രയും പടർന്നു പിടിക്കരുതായിരുന്നു. അന്ന് ലോകം ഇത്ര connected അല്ലല്ലോ. ഇന്ന് വിവരങ്ങൾ അറിയിക്കാനും അറിയാനും മുൻകരുതൽ എടുക്കാനും കൂടുതൽ സാധ്യതകൾ ഉണ്ട്. കോറോണപ്രതിസന്ധി സാമൂഹിക ഭാവനയുടെ, രാഷ്ട്രീയ നൈതികതയുടെ, ഉള്ള സൗകര്യങ്ങൾ ഉപയോഗിയ്ക്കാൻ കഴിയാത്തവണ്ണം നമ്മെ തടവിലാക്കി വെച്ചിരിക്കുന്ന ശീലങ്ങളുടെ പരിമിതിയിൽ നിന്നുണ്ടായതാണ്. നമ്മുടെ സ്വത്താണെന്നു വിചാരിച്ചതെല്ലാം ബാധ്യതയായി മാറിയ അവസ്ഥയിൽ നാം നേട്ടങ്ങളെ എണ്ണിയ രീതിക്കും വലിയ പങ്കുണ്ട്.

 

അറുപതുകളിൽ മാർഷൽ മാക്ലുഹാൻ പ്രവചിച്ച പോലെ തൊണ്ണൂറുകളിൽ ഒരു ആഗോള ഗ്രാമം ഉണ്ടായി എങ്കിലും രണ്ടായിരത്തി പത്തിന്റെ ഒന്നാം പാതി മുതൽ സാങ്കേതിക-സാമ്പത്തികതലത്തിൽ അതിരുകളില്ലാത്ത ലോകത്തിന്റെ രാഷ്ട്രീയ സംസ്കാരം സങ്കുചിതമായ ഭൂരിപക്ഷതാവാദത്തിലേക്കു നീങ്ങിത്തുടങ്ങിയിരുന്നു. സാമ്പത്തിക-സാമൂഹ്യ രംഗത്തെഅസമത്വങ്ങൾ സമ്മാനിച്ച അരക്ഷിതാവസ്ഥകളെ കുടിയേറ്റക്കാർക്കെതിരെ, ന്യൂനപക്ഷങ്ങൾക്കെതിരെ, അപരത്വങ്ങൾക്കെതിരെയുള്ള രാഷ്ട്രീയം കൊണ്ട് നേരിടുക എന്ന വഴി പ്രധാന ജനാധിപത്യങ്ങളെയെല്ലാം തിരഞ്ഞെടുത്തു കഴിഞ്ഞ കാലത്താണല്ലോ കൊറോണയുടെ വരവ്. ഒരു ജനവിഭാഗത്തെ മറ്റൊരു ജനവിഭാഗത്തിനെതിരെ നിർത്തി രാഷ്ട്രീയ അധികാരം നേടിയെടുക്കുന്ന സാമൂഹ്യശത്രുത (social antagonism) എന്ന ആയുധം മാത്രം വെച്ച് മുന്നോട്ടു പോയവർക്ക് ജനതയിൽ എല്ലാവരെയും കൂടെക്കൂട്ടി എല്ലാവര്ക്കും വേണ്ടി ആലോചിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക എന്ന അടിസ്ഥാന ദൗത്യം അറിയുക കൂടി ഉണ്ടായിരുന്നില്ല. ഒരു ലോക നേതൃത്വം തന്നെ ആവശ്യമുണ്ടായിരുന്ന സമയത്ത് ഇത്തരം ആളുകളുടെ നേതൃത്വത്തിന് കീഴിലായിപ്പോയി ലോകത്തിന്റെ ഭൂരിഭാഗം ആളുകളുടെയും വിഭവങ്ങളും സംവിധാനങ്ങളും (ലോകരാജ്യങ്ങളുടെ നേതൃത്വം വില്ലന്മാരുടെ കയ്യിലാണെന്നല്ല; ഒന്നുകിൽ ഗുണ്ടകൾ അല്ലെങ്കിൽ യാതൊരു ഐഡിയയുമില്ലാത്തവർ മാത്രമാണവർ).

 

മുപ്പതു വര്ഷം കൊണ്ട് തീർച്ചയായും വരുമായിരുന്ന ഒരു മഹാ പ്രതിസന്ധിയെ ഫാസ്റ്റ് ഫോർവേഡ് ചെയ്ത് നമ്മുടെ മുമ്പിൽ എത്തിച്ചു തരിക മാത്രമാണ് കൊറോണ ചെയ്തതെന്നും ആലോചിക്കാം. യുദ്ധം, കാലാവസ്ഥ, ഉണ്ടാക്കിയെടുത്ത ദാരിദ്ര്യം- അങ്ങിനെ വിവിധതരത്തിൽ അഭയാർത്ഥികളെ ഉണ്ടാക്കിക്കൊണ്ടിരുന്ന നമ്മുടെ സാമൂഹ്യ വ്യവസ്ഥ പ്രകൃതിയെ ഏറ്റവും കൂടുതൽ ചൂഷണം ചെയ്യുന്ന തരത്തിൽ ഉപഭോഗപരവും സ്വാര്ഥതയെ അനിവാര്യമാക്കുന്ന തരത്തിൽ അധാർമികവും ആയിരുന്നു.

ലോകമെമ്പാടുമുള്ള പ്രതിപക്ഷങ്ങളും അവരുടെ ബൗദ്ധികവിഭാഗങ്ങളും ഈ ലോകത്ത് എത്ര ഭാഷാപരമായ പാപ്പരത്തത്തോടെയാണ് നില കൊള്ളുന്നത് എന്നും കൊറോണ വ്യക്തമാക്കിത്തന്നു. പ്രതിഷേധം, പ്രതിരോധം, പ്രതിവാദം എന്നിങ്ങനെ അവർ എന്തിനെയും തങ്ങൾക്കു പരിചയമുള്ള ഭാഷയിലേക്കു പരിഭാഷപ്പെടുത്തി ആണ് മനസ്സിലാക്കാൻ ശ്രമിച്ചത്. മുന്നോട്ടുള്ള വഴി എങ്ങിനെ എന്ന് ഒരു രൂപവുമില്ലാത്ത ആളുകളോട്, ഇരുട്ടിൽ തപ്പുന്നവരോട്, സസ്‌പെൻഷനിൽ നിൽക്കുന്ന മുതലാളിത്തത്തെ നോക്കി ഈ മുതലാളിത്ത എൻജിൻ എങ്ങിനെയും നിർത്തലാക്കുകയാണ് നമ്മുടെ ജോലി എന്നാണു അരുന്ധതി റോയ് പറയുന്നത്. മറ്റു ചിലർ ക്യാപിറ്റലിസം തകർന്നുവെന്നും ഇനി സോഷ്യലിസം വരുമെന്നും തങ്ങൾ വിശ്വസിക്കുന്ന സ്കീമിലേക്കു ചരിത്രം എത്തുന്നു എന്നും ശുഭാപ്തി വിശ്വാസം (schematic optimism) കാണിക്കുന്നു. മറ്റു ചിലർ പരിഭ്രമവും ധാര്മികരോഷവും സമാസമം കലർത്തി ലോകം ഒരു പടുകുഴിയിലേക്ക് വീണു കൊണ്ടിരിക്കുന്നു എന്ന് ഉരുവിട്ട് കൊണ്ടിരിക്കുന്നു. ലോക്ക് ഡൌൺ ഉപയോഗിച്ച് രാഷ്ട്രീയ ശത്രുക്കളെ തുരത്താനിറങ്ങിയവർ തങ്ങളുടെ ശക്തിയല്ല, ശക്തിയില്ലായ്മയും ഭീതിയും വിറളിയും മാത്രമാണ് കാണിക്കുന്നത് എന്ന തരത്തിൽ ഒരു ചർച്ച പോലും നടന്നില്ല.

 

ഒരു മാറുന്ന സാമൂഹ്യക്രമത്തിനു വ്യാഖ്യാനം നൽകാനും അതിനെ മനസ്സിലാക്കാനുള്ള ഉപകരണങ്ങൾ നൽകാനും ഉദ്ദേശിക്കപ്പെട്ടവർ ഇപ്പോഴുണ്ടായ പ്രതലമാറ്റത്തെ (paradigm shift) മുഴുവൻ തള്ളിക്കളയുന്നതിൽ ആണ് മുഴുകിയിരിക്കുന്നത്. ആ അർത്ഥത്തിൽ ഇവരും തികഞ്ഞ യാഥാസ്ഥിതികർ തന്നെ. റെയ്മണ്ട് വില്യംസ് പറഞ്ഞപോലെ, നിരാശ സമര്ഥിച്ചെടുക്കുകയല്ല; പ്രതീക്ഷ സാധ്യമാക്കുകയാണല്ലോ രാഷ്ട്രീയത്തിന്റെ ലക്‌ഷ്യം.

 

കോറോണയിലൂടെ എങ്ങോട്ടു?
 
കൊറോണ-അനന്തര കാലത്തെക്കുറിച്ചു ചർച്ചകൾ കുറെക്കാണുന്നുണ്ട്. അങ്ങിനെ ഒരു കാലമുണ്ടാകും എന്ന പ്രതീക്ഷയെ കുറ്റം പറയാൻ ഞാൻ ആളല്ല. അത് ഒരു ആത്മവിശ്വാസമായി മാറാതിരിക്കുന്നതാണ് നല്ലത്. കാരണം ഇതെന്താവും എന്ന് നമുക്ക് അറിയില്ല എന്ന വിനയം, ആ സംശയം നമ്മുടെ ഏതു ചെയ്തിയിലും നല്ലതാണ്. അത് തെറ്റാവാൻ സാധ്യത കുറവാണ്.
നമ്മുടെ മുമ്പിൽ രണ്ടു വഴികളുണ്ട് എന്ന് തോന്നുന്നു: ഒന്ന്, സ്പാനിഷ് ഫ്ലൂ കഴിഞ്ഞപോലെ ഇക്കാലത്തെ ഒരു താൽക്കാലികാവിരാമമായികാണുക. എന്നിട്ടു മൂന്നു നാല് മാസം മുമ്പുള്ള ലോകത്തെ തിരിച്ചു പിടിക്കാൻ അഹോരാത്രം പ്രയത്‌നിക്കുക. അത് മിക്കവാറും അടുത്ത ലോകമഹായുദ്ധത്തിൽ തന്നെ ചെന്ന് തീരാനാണിട കാരണം പാൻഡെമിക് മാനേജ്മെന്റിൽ വലിയ അബദ്ധങ്ങൾ കാണിച്ച സർക്കാരുകൾ തീർച്ചയായും യുദ്ധങ്ങളുണ്ടാക്കിത്തന്നെയാണ് അധികാരം നിലനിർത്താൻ ശ്രമിക്കുക.
 

സ്ത്രീവാദികൾ എന്നും അടിവരയിട്ടു പറയുന്ന “ശ്രദ്ധയുടെ ധാർമികത” (ethic of care) അവരെ ഇന്നലെയെക്കുറിച്ചല്ല; ഇന്നിനെയും നാളെയെയും കുറിച്ച് ആഴത്തിൽ ധാരണയുള്ളവരാക്കുന്നു.

രണ്ടു, രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞ യൂറോപ്പിനെപ്പോലെ ലോകത്തെ കാണുക. എല്ലാം തകർന്നു കഴിഞ്ഞുവെന്നും ലോകത്തെ പുനര്നിര്മിക്കണമെങ്കിൽ എല്ലാവരെയും ഒരുമിച്ചു കൂട്ടി ആരോഗ്യം, വിദ്യാഭ്യാസം, ടെലി കമ്മ്യൂണിക്കേഷൻസ് എന്നിവയുടെ പൂർണമായ പുനർവിതരണം നടന്നേ തീരൂ എന്ന് ഉറപ്പിക്കുക. നിസ്വാര്ഥതയുടെയും കാരുണ്യത്തിന്റെയും ലാളിത്യത്തിന്റെയും പുതിയ ഒരു ജീവിതമൂല്യക്രമം ഉണ്ടാക്കി അവതരിപ്പിച്ചു മുന്നോട്ടു പോവുക. അമേരിക്കയെയും ലോകത്തെയും മൊത്തത്തിൽ പിടിച്ചു കുലുക്കുന്ന ജോർജ് ഫ്ലോയ്ഡ് സമരങ്ങൾ അത്തരം സാധ്യതകളിലേക്കു തന്നെയാണ് ചൂണ്ടുന്നത്- അവയ്ക്കു നമ്മുടെ സ്ഥാപനങ്ങളെ മാറ്റാനായാൽ മാത്രം.

 

ഭൂരിപക്ഷതാവാദം തീർത്തും ആൺകോയ്മയുടെ യുക്തികളാണ് പിന്തുടരുന്നതു എന്നതിനാലാണ് ലോകമാകെ സ്ത്രീ നേതൃത്വങ്ങൾ കൊറോണ പ്രതിരോധത്തിൽ ഗംഭീരമായി വിജയിച്ചത്. സ്ത്രീവാദികൾ എന്നും അടിവരയിട്ടു പറയുന്ന “ശ്രദ്ധയുടെ ധാർമികത” (ethic of care) അവരെ ഇന്നലെയെക്കുറിച്ചല്ല; ഇന്നിനെയും നാളെയെയും കുറിച്ച് ആഴത്തിൽ ധാരണയുള്ളവരാക്കുന്നു. പ്രശ്നപരിഹാരം ഒരു അതിജീവനസ്‌കിൽ ആയ സാമൂഹ്യ സാഹചര്യം, നീതിക്കുവേണ്ടിയുള്ള പൊതുവും സ്വകാര്യവുമായ നിരന്തരമായ പോരാട്ടങ്ങളിലൂടെയുള്ള വളർച്ച എന്നിവ നമ്മുടെ ആൺ ലോകമുണ്ടാക്കുന്ന പ്രതിസന്ധികളെ അഭിമുഖീകരിക്കാൻ അവരെ തയ്യാറാക്കുന്നു. ഭൂതകാല സഹനങ്ങളെക്കുറിച്ചല്ല; ഭാവിയുടെ വെല്ലുവിളികളെക്കുറിച്ചു സൂക്ഷ്മതയുള്ള ഒരു രാഷ്ട്രീയസംസ്കാരം സാധ്യമാണെന്ന് സ്ത്രീവാദത്തിന്റെ ഈ ഘട്ടം തെളിയിച്ചു കഴിഞ്ഞു.

ഇതിനൊപ്പം ചേർത്തുവായിക്കേണ്ടതാണ് രാഷ്ട്രീയ പോരാട്ടങ്ങളും റിലീഫ് വർക്കുകളും ഒരുമിച്ചു ചേരുന്ന പുതിയ ആക്ടിവിസ്റ്റുകളുടെ നിലപാട്. സർക്കാരുകൾ ദയനീയമായി പരാജയപ്പെട്ടിടത്തു ഭക്ഷണത്തിന്റെയും ട്രാൻസ്പോർട്ടേഷന്റെയും പ്രതിസന്ധികൾ നേരിടാൻ ചെറിയ ഗ്രൂപ്പുകളായി ആന്റിCAA പ്രക്ഷോഭകാലത്തെന്ന പോലെ മുന്നിട്ടിറങ്ങിയ വിദ്യാർത്ഥികളും ആക്ടിവിസ്റ്റുകളും സാമൂഹിക നീതിക്കു അനുപേക്ഷണീയമായതും എന്നാൽ മിക്കപ്പോഴും മറക്കപ്പെടുന്നതുമായ സാമൂഹിക വികസനത്തിന്റെ ഒരു തലം രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് കൊണ്ട് വരുന്നുണ്ട്.

പുതിയ ഭാവുകത്വവും പുതിയ സാമൂഹികമായ ഉള്ളടക്കവും
പുതിയ മേഖലകളും ഉണ്ടാവുന്ന പോലെ പ്രധാനമാണ് പുതിയ പ്രക്രിയകൾ ഉണ്ടാവുക എന്നത്. തികച്ചും സുതാര്യവും പങ്കാളിത്തപരവും ആയ പ്രക്രിയയിലൂടെ മാത്രമേ ഇന്നത്തെ അവസ്ഥയിൽ ഒരു സാമൂഹ്യപുനര്നിര്മ്മിതി സാധ്യമാവുകയുള്ളൂ. സാമൂഹികമായ ഒരു കാഴ്ചപ്പാട് അതിന് ഒഴിച്ചുകൂടാനാവാത്തതാണ്.
ലോകം നടക്കാവുന്ന പലരീതിയിൽ ഒന്ന് മാത്രമാണ് നാം കണ്ടതും ശീലിച്ചതും. വേറെയും വഴികളുണ്ട് എന്ന് മനസ്സിലാക്കുമ്പോൾ ഈ ലോകം ഇത്തരത്തിൽ നിർമിച്ചു വെച്ചതാണ് എന്നും പുനര്നിര്മിക്കാം എന്നും നാം ആലോചിച്ചു തുടങ്ങും. ആ അർത്ഥത്തിൽ നമ്മെ ചരിത്രവൽക്കരിക്കുന്നതിൽ കോറോണക്ക് ഒരു പങ്കുണ്ട്. നമ്മൾ ആദ്യത്തെയും ഏറ്റവും മികച്ചതുമാണെന്നോ അവസാനത്തെയും ഏറ്റവും മോശവുമാണെന്നോ തോന്നാം. തെറ്റാണത്. നീഷേ പറഞ്ഞപോലെ, “അസംബന്ധങ്ങളുടെയും അപകടങ്ങളുടെയും ലോകചരിത്രം എന്ന് വിളിക്കപ്പെടുന്ന ആ കെട്ടിൽ” ഇങ്ങനെ ഒരുപാടുണ്ട്. ചരിത്രം എന്ന അനിവാര്യതയിൽ നിന്ന് നാം എന്തുണ്ടാക്കുന്നു, അത് എങ്ങിനെ ഉണ്ടാക്കാൻ നാം അനുവദിക്കുന്നു എന്നതാവും നിർണായകമായ ചോദ്യം.
 
 
 
Print Friendly, PDF & Email