പൂമുഖം LITERATUREലോകകഥ സ്റ്റെഫാൻ സ്വെയ്ഗ്- വിസ്മൃതസ്വപ്നങ്ങൾ

സ്റ്റെഫാൻ സ്വെയ്ഗ്- വിസ്മൃതസ്വപ്നങ്ങൾ

ബംഗ്ലാവ് കടലിനു തൊട്ടടുത്തായിരുന്നു.

ഇരുപുറവും പൈന്മരങ്ങൾ നിരന്നുനില്ക്കുന്ന ഒച്ചയടങ്ങിയ പാതകൾ കടലുപ്പു ചുവയ്ക്കുന്ന കനത്ത വായു നിശ്വസിച്ചിരുന്നു; ഓറഞ്ചുമരങ്ങൾക്കു ചുറ്റും ഓടിക്കളിച്ചിരുന്ന ഇളംതെന്നൽ ചിലപ്പോഴൊക്കെ നിപുണമായ വിരലുകൾ കൊണ്ടെന്നപോലെ പൂവിട്ട പൊന്തകളിൽ നിന്നു വർണ്ണാഭമായൊരു പൂവിറുത്തെടുത്തിരുന്നു. വെയിലിൽ കുളിച്ച വിദൂരതകൾ, മനോഹരമായ വീടുകൾ വെളുത്ത മുത്തുകൾ പോലെ തിളങ്ങിനില്ക്കുന്ന കുന്നിൻചരിവുകൾ, മൈലുകൾക്കപ്പുറം ഒരു മെഴുകുതിരി പോലെ നെട്ടനേ ഉയർന്നുനില്ക്കുന്ന ഒരു വിളക്കുമാടം- ആകാശത്തിന്റെ അഗാധനീലിമയിൽ പതിച്ചുവച്ച ഒരു സ്ഫടികചിത്രം പോലെ ആ രംഗം തെളിഞ്ഞ ബാഹ്യരേഖകളോടെ തിളങ്ങിനിന്നു. അകലെ ഒറ്റപ്പെട്ട വഞ്ചിപ്പായകൾ മാത്രം വെളുത്ത പുള്ളി കുത്തിയിരുന്ന കടൽ ബംഗ്ലാവു നില്ക്കുന്ന തട്ടുതട്ടായ ചരിവിൽ തിരകൾ കൊണ്ടു തലോടിയിരുന്നു. വീട്ടുമുറ്റം പിന്നെ വിശാലവും തണലു നിറഞ്ഞതുമായ ഒരു തോട്ടത്തിലേക്കുയർന്നുയർന്നൊടുവിൽ ഒരു പാർക്കിലേക്കലിഞ്ഞുചേർന്നു- ഏതോ യക്ഷിക്കഥയിലെ വശീകൃതദേശം പോലെ നിദ്രാണവും നിശ്ചലവുമായ ഒരു ദൃശ്യം.

രാവിലത്തെ വെയിൽച്ചൂടിൽ മയങ്ങിക്കിടക്കുന്ന വീടിനു വെളിയിൽ ഒരു ചരല്പാത കുളിരുള്ള കുന്നുമ്പുറത്തേക്കൊരു വെളുത്ത വര വരച്ചു. അതിനടിയിൽ കടൽത്തിരകൾ ആഞ്ഞടിച്ചുകൊണ്ടിരുന്നു; കൊടുംവെയിലിൽ വജ്രങ്ങൾ പോലെ വെട്ടിത്തിളങ്ങിക്കൊണ്ട് വെള്ളത്തുള്ളികൾ പൊട്ടിച്ചിതറി. രഹസ്യം പറയാനെന്നപോലെ അടുത്തുകൂടി നിന്നിരുന്ന പൈന്മരങ്ങളുടെ തലപ്പുകളിൽ സൂര്യൻ ചിതറി; തുറന്നുവച്ചിരുന്ന ഒരു ജാപ്പനീസ് കുടയിലെ കടുംവർണ്ണങ്ങളിലുള്ള വിചിത്രരൂപങ്ങളിലും വെയിലു വീണു.

ആ കുടയുടെ തണലിൽ, പതുപതുത്ത ഒരു ചൂരൽക്കസേരയിൽ ഒരു സ്ത്രീ ചാരിക്കിടന്നിരുന്നു; അതിന്റെ വഴങ്ങുന്ന മെടച്ചിലിൽ അവളുടെ സുന്ദരമായ രൂപം അമർന്നൊതുങ്ങിക്കിടന്നു. മറന്നുപോയപോലെ തൂങ്ങിക്കിടക്കുന്ന, വളകളില്ലാത്ത ഒരു മെലിഞ്ഞ കൈ ഒരു നായയുടെ തിളങ്ങുന്ന പട്ടുപോലത്തെ രോമക്കുപ്പായം തഴുകിക്കൊണ്ടിരുന്നു; കറുത്ത കണ്ണിമകളും ഒരു പുഞ്ചിരിയുടെ ലാഞ്ഛനയുമുള്ള ഇരുണ്ട കണ്ണുകൾ മറുകൈയിൽ പിടിച്ചിരുന്ന പുസ്തകത്തിൽ ദത്തശ്രദ്ധമായിരുന്നു. വലിപ്പമുള്ള, ഇളകിക്കൊണ്ടേയിരിക്കുന്ന ആ കണ്ണുകളുടെ സൗന്ദര്യം ഒരിരുണ്ട ശോഭയാൽ വർദ്ധിച്ചതുപോലെ തോന്നി. ബാഹ്യരേഖകൾ തെഴുത്തുനില്ക്കുന്ന ദീർഘവൃത്താകാരമായ മുഖം ആകപ്പാടെ നോക്കിയാൽ സരളസൗന്ദര്യത്തിന്റെ ഒരു ഭാവമല്ല നല്കുന്നത്; ശ്രദ്ധാപൂർവ്വം വളർത്തിയെടുത്ത ഒരു വശീകരണസ്വഭാവമാണ്‌ അതിൽ തെളിഞ്ഞുനില്ക്കുന്നത്. അവളുടെ വാസനിക്കുന്ന, മിനുങ്ങുന്ന കുറുനിരകളുടെ അശ്രദ്ധമായ കലാപം ഒരു കലാകാരന്റെ അതീവശ്രദ്ധയോടുള്ള രചനയാണ്‌; അതുപോലെ, വായിക്കുമ്പോൾ വെളുത്ത പല്ലുകൾ പുറത്തു കാണിച്ചുകൊണ്ട് ചുണ്ടുകൾക്കു ചുറ്റും തങ്ങിനില്ക്കുന്ന ആ നേർത്ത പുഞ്ചിരി കണ്ണാടിക്കു മുന്നിൽ വർഷങ്ങളായുള്ള പരിശീലനത്തിന്റെ ഫലമായിരുന്നു; ആകെക്കൂടിയുള്ള വിധാനത്തിന്റെ ഭാഗമായി സ്ഥിരപ്രതിഷ്ഠ നേടിയതിനാൽ ഇനി ഒഴിവാക്കാൻ പറ്റാത്തതായിരിക്കുന്നു എന്നു മാത്രം.

മണല്പരപ്പിൽ കാലുരയുന്നപോലെ ഒരൊച്ച കേട്ടു.

കിടന്ന കിടപ്പിൽ നിന്നിളകാതെ അവൾ നോക്കുന്നു, കണ്ണഞ്ചിക്കുമ്പോലെ കുത്തിയൊഴുകുന്ന ഊഷ്മളമായ വെയിൽ കാഞ്ഞുകൊണ്ട് നവാഗതനെ ഉദാസീനമായി നോക്കിക്കിടക്കുന്ന ഒരു പൂച്ചയെപ്പോലെ.

കാല്ച്ചുവടുകൾ വേഗത്തിൽ അടുത്തടുത്തു വരുന്നു; അംഗവസ്ത്രം ധരിച്ച ഒരു വേലക്കാരൻ മുന്നിൽ വന്ന് ചെറിയൊരു വിസിറ്റിങ്ങ് കാർഡ് അവളുടെ കയ്യിൽ കൊടുത്തിട്ട് അല്പം പിന്നിലേക്കു മാറി നില്ക്കുന്നു.

മുഖത്ത് ഒരത്ഭുതഭാവത്തോടെ അവൾ പേരു വായിക്കുന്നു; നിങ്ങൾക്കറിയാത്ത ഒരാൾ തെരുവിൽ വച്ച് വളരെ പരിചയത്തോടെ നിങ്ങളോടു സംസാരിക്കാൻ വരുമ്പോൾ അതേ അത്ഭുതമാണ്‌ നിങ്ങൾക്കുണ്ടാവുക. അവളുടെ കൂർപ്പിച്ചുവരച്ച പുരികങ്ങൾക്കു മുകളിൽ ഒരു നിമിഷത്തേക്ക് നേർത്ത രേഖകൾ പ്രത്യക്ഷപ്പെടുന്നു; അവളുടെ മനസ്സ് കഠിനചിന്തയിലാണെന്ന് അതു കണ്ടാൽ മനസ്സിലാകും. പിന്നെ ഒരു സന്തുഷ്ടവെളിച്ചം അവളുടെ മുഖമാകെ പ്രകാശമാനമാക്കുന്നു, ഇന്ന് മിക്കവാറും മറവിയിലായ യൗവ്വനത്തിന്റെ ആ വിദൂരദിനങ്ങളെക്കുറിച്ചോർക്കുമ്പോൾ സന്തോഷം കൊണ്ടവളുടെ കണ്ണുകൾ വെട്ടിത്തിളങ്ങുന്നു. ആ പേര്‌ അവളിൽ പിന്നെയും ചില ദീപ്തചിത്രങ്ങൾക്കു ജീവൻ നല്കിയിരിക്കുന്നു. സ്വപ്നങ്ങളും രൂപങ്ങളും ഒരിക്കൽക്കൂടി സ്പഷ്ടമായ ആകൃതി കൈവരിക്കുകയും യാഥാർത്ഥ്യം പോലെ വ്യക്തവും വിശദവുമാവുകയും ചെയ്യുന്നു.

“ഓ,” പെട്ടെന്നോർമ്മവന്നപോലെ അവൾ വേലക്കാരനോടു പറഞ്ഞു, “അദ്ദേഹത്തെ ഇപ്പോൾത്തന്നെ ഇങ്ങോട്ടു കൂട്ടിക്കൊണ്ടു വരൂ.”

വേലക്കാരൻ ശബ്ദമുണ്ടാക്കാതെ, അമിതദാസ്യം കാണിച്ചുകൊണ്ട് നടന്നുപോയി. ഒരു നിമിഷത്തേക്ക് എങ്ങും നിശ്ശബ്ദമായിരുന്നു; പകലിന്റെ മത്തു പിടിപ്പിക്കുന്ന പൊൻവെയിൽ നിറഞ്ഞ മരത്തലപ്പുകളിൽ തളർച്ചയറിയാത്ത തെന്നൽ മാത്രം പതിഞ്ഞ ശബ്ദത്തിൽ പാടിക്കൊണ്ടിരുന്നു.

പിന്നെ ചടുലമായ, ഊർജ്ജം നിറഞ്ഞ കാലൊച്ചകൾ ചരല്പാതയിൽ നിന്നു കേട്ടു; ഒരു നീണ്ട നിഴൽ അവളുടെ കാൽച്ചുവട്ടിൽ വന്നുവീണു; നല്ല ഉയരമുള്ള ഒരാൾ അവൾക്കു മുന്നിൽ വന്നു നില്ക്കുകയും ചെയ്തു. അവൾ കസേരയിൽ നിന്നു ചാടിപ്പിടഞ്ഞെഴുന്നേറ്റുകഴിഞ്ഞിരുന്നു.

ആദ്യം അവരുടെ കണ്ണുകൾ തമ്മിൽ കണ്ടു. അയാൾ ഒറ്റനോട്ടത്തിൽ അവളുടെ രൂപസൗഭഗം ഉൾക്കൊണ്ടുകഴിഞ്ഞു; അവളുടെ കണ്ണുകളിൽ കളിയാക്കുന്ന മട്ടിൽ ഒരു നേർത്ത പുഞ്ചിരി നിറഞ്ഞു. “ഇപ്പോഴും എന്നെക്കുറിച്ചോർമ്മയുണ്ടെന്നു വന്നതു നന്നായി,” മനോഹരമായ മെലിഞ്ഞ കൈ നീട്ടിക്കൊണ്ട് അവൾ പറഞ്ഞു; അയാൾ ബഹുമാനത്തോടെ അതിൽ പതുക്കെ ചുംബിച്ചു.

“മദാം, നിങ്ങളോടു ഞാൻ ഒന്നുമൊളിക്കുന്നില്ല, കാരണം, എത്രയോ വർഷങ്ങൾക്കു ശേഷം ഇത് നമ്മുടെ ആദ്യത്തെ കണ്ടുമുട്ടലാണ്‌; വരാനുള്ള എത്രയോ വർഷങ്ങളിൽ ഇതവസാനത്തേതാകാമെന്നും എനിക്കു പേടിയുണ്ട്. ഞാനിപ്പോൾ ഇവിടെ നില്ക്കാൻ ഇടയായത് യാദൃച്ഛികമായിട്ടാണെന്നു പറയണം; വിസ്മയിപ്പിക്കുന്ന ലൊക്കേഷൻ കാരണം ഞാൻ അന്വേഷിച്ചുവന്ന ഒരു ദുർഗ്ഗത്തിൻ്റെ ഉടമയുടെ പേരു കേട്ടപ്പോൾ എനിക്കു നിങ്ങളെ ഓർമ്മ വന്നതാണ്‌. അങ്ങനെ ശരിക്കു പറഞ്ഞാൽ ഞാൻ ഇവിടെ വന്നിരിക്കുന്നത് മറ്റു കാരണങ്ങൾ കൊണ്ടാണ്‌.“

”ആയിക്കോട്ടെ, എന്നാലും സ്വാഗതത്തിനു കുറവൊന്നുമില്ല; വാസ്തവം പറഞ്ഞാൽ ആദ്യം എനിക്കുതന്നെ നിങ്ങളുടെ കാര്യം ഓർമ്മ വന്നില്ല, മുമ്പൊരിക്കൽ എനിക്കത് കുറച്ചു പ്രധാനമായിരുന്നെങ്കിലും.“

രണ്ടുപേർക്കും ഒരു പുഞ്ചിരി വന്നു. പാതി വെളിപ്പെടുത്താത്ത ഒരാദ്യാനുരാഗത്തിന്റെ നേർത്ത മധുരസൗരഭം അതിന്റെ മത്തുപിടിപ്പിക്കുന്ന ആർദ്രതകളെല്ലാമായി ഒരു സ്വപ്നം പോലെ അവരിൽ നാമ്പെടുത്തുകഴിഞ്ഞു; ഉണർന്നുകഴിഞ്ഞാൽ ചുണ്ടു കോട്ടിപ്പിടിച്ചുകൊണ്ട് നിങ്ങൾ ചിന്തിക്കുമെങ്കിലും പിന്നെയും സ്വപ്നം കാണാൻ, ആ സ്വപ്നത്തിൽത്തന്നെ ജീവിക്കാൻ മാത്രം നിങ്ങൾ ആഗ്രഹിച്ചുപോകുന്ന ഒരു സ്വപ്നം. മുന്നോട്ടൊരു ചുവടു വയ്ക്കാനറയ്ക്കുകയും ആഗ്രഹിക്കുകയും ആ ആഗ്രഹങ്ങൾ ചോദിക്കാൻ മടിക്കുകയും വാഗ്ദാനം ചെയ്യുകയും അതു പാലിക്കാതിരിക്കുകയും ചെയ്യുന്ന തരുണപ്രണയമെന്ന സുന്ദരസ്വപ്നം.

അവർ സംസാരം തുടർന്നു. എന്നാൽ അവരുടെ ശബ്ദങ്ങളിൽ ഒരൂഷ്മളതയുണ്ടായിരുന്നു; അവരുടേതുപോലെ പാതി മാഞ്ഞുപോയെങ്കിലും ശോഭ കെടാത്ത ഒരു രഹസ്യത്തിനു മാത്രം പകർന്നുനല്കാൻ കഴിയുന്നതുമാണത്. ഒച്ച താഴ്ത്തിയ വാക്കുകളിൽ, ഇടയ്ക്കിടെ ആഹ്ലാദത്തോടെ പൊട്ടിച്ചിരിച്ചുകൊണ്ട്, അവർ പോയ കാലത്തെക്കുറിച്ച്, അല്ലെങ്കിൽ മറന്നുപോയ കവിതകളെക്കുറിച്ച്, വാടിപ്പോയ പൂക്കളെക്കുറിച്ച്, നഷ്ടപ്പെട്ടുപോയ റിബണുകളെക്കുറിച്ചു സംസാരിച്ചു- തങ്ങൾ യൗവ്വനം കഴിച്ച ചെറുപട്ടണത്തിൽ വച്ച് അവർ കൈമാറിയ കൊച്ചുകൊച്ചു പ്രണയചിഹ്നങ്ങൾ. അവരുടെ ഹൃദയങ്ങളിൽ പൊടി കൊണ്ടു മൂടി വളരെപ്പണ്ടേ നിശ്ശബ്ദമായിക്കഴിഞ്ഞ മണികളെ തട്ടിയുണർത്തിയ, പാതി മറന്ന ആ പഴങ്കഥകൾക്ക് സാവധാനം, വളരെ സാവധാനം, വിഷാദം പുരണ്ട ഒരു ഗൗരവഭാവം കൈവരികയായിരുന്നു. ഇന്നു മൃതമായിക്കഴിഞ്ഞ അവരുടെ താരുണ്യസ്നേഹത്തിന്റെ അന്തിമനാദങ്ങൾ അവരുടെ സംഭാഷണത്തിന്‌ ഗഹനവും ദാരുണം തന്നെയുമായ ഒരു ഗൗരവമണച്ചു.

അയാളുടെ നിഗൂഢമധുരമായ സ്വരം ഒന്നു പതറി; ‘അങ്ങ് അമേരിക്കയിൽ വച്ചാണ്‌ ഞാൻ അറിയുന്നത് നിങ്ങളുടെ വിവാഹം നിശ്ചയിച്ചുവെന്ന്; – അപ്പോഴേക്കും വിവാഹം കഴിഞ്ഞുവെന്നുതന്നെ എനിക്കു തോന്നുന്നു.“

അതിനവൾ മറുപടി പറഞ്ഞില്ല. അവളുടെ ചിന്തകളപ്പോൾ പത്തുകൊല്ലം പിന്നിലായിരുന്നു. കുറേയേറെ നേരത്തേക്ക് പൊള്ളുന്ന ഒരു നിശ്ശബ്ദത അവർക്കിടയിൽ തങ്ങിനിന്നു.

പിന്നെ, അടക്കം പറയുന്നപോലെ അവൾ ചോദിച്ചു, “അപ്പോൾ എന്നെക്കുറിച്ച് എന്താണു ചിന്തിച്ചത്?”

അയാൾ അത്ഭുതത്തോടെ മുഖമുയർത്തി. “എനിക്ക് ഒളിക്കാതെ പറയാം, കാരണം, നാളെ ഞാൻ എന്റെ പുതിയ രാജ്യത്തേക്കു മടങ്ങിപ്പോവുകയാണ്‌. എനിക്കു നിങ്ങളോടു ദേഷ്യം തോന്നിയില്ല; വിദ്വേഷം നിറഞ്ഞ ആശയക്കുഴപ്പത്തിന്റെ നിമിഷങ്ങൾ ഉണ്ടായില്ല; കാരണം, അപ്പോഴേക്കും ജീവിതം പ്രണയത്തിന്റെ ദീപ്തജ്വാലയെ സൗഹൃദത്തിന്റെ എരിഞ്ഞടങ്ങുന്ന കനലായി തണുപ്പിച്ചുകഴിഞ്ഞിരുന്നു. എനിക്കു നിങ്ങൾ അങ്ങനെ ചെയ്തത് എന്തിനാണെന്നു മനസ്സിലായില്ല- എനിക്കു നിങ്ങളുടെ പേരിൽ ഒരു സങ്കടം തോന്നി, അത്രമാത്രം.”

ചുവപ്പിന്റെ ഒരു നേർത്ത ലാഞ്ഛന അവളുടെ കവിളത്തേക്കോടിക്കയറി. കണ്ണുകളിൽ ഒരു മിന്നലോടെ അവൾ ഉറക്കെപ്പറഞ്ഞു, “എന്റെ പേരിൽ സങ്കടം! എന്തിനാണെന്ന് എനിക്കു മനസ്സിലാകുന്നില്ല!”

“കാരണം ഞാൻ നിങ്ങളുടെ ഭാവിഭർത്താവിനെക്കുറിച്ചോർക്കുകയായിരുന്നു, പണമുണ്ടാക്കുന്നതിനെക്കുറിച്ചു മാത്രം ചിന്തയുള്ള അലസനായ ആ ബാങ്കറെ- എനിക്ക് നിങ്ങളുടെ ഭർത്താവിനെ അപമാനിക്കണമെന്നൊന്നുമില്ല, ആളുടെ രീതിയിൽ എനിക്കയാളെ ബഹുമാനവുമാണ്‌- ഞാൻ നിങ്ങളെക്കുറിച്ചും, ഞാൻ നാട്ടിലാക്കിപ്പോകുന്ന ഒരു പെൺകുട്ടിയെക്കുറിച്ചും, ഓർക്കുകയായിരുന്നു. കാരണം, ആവർത്തനവിരസമായ ദൈനദിനജീവിതത്തിനോട് അവജ്ഞ മാത്രമുണ്ടായിരുന്ന സ്വതന്ത്രയായ ഒരാദർശവാദിയെ ഒരു സാധാരണമനുഷ്യന്റെ സാധാരണക്കാരിയായ ഭാര്യയായി കാണാൻ എനിക്കു കഴിഞ്ഞില്ല.“

”നിങ്ങൾ പറയുന്നതുപോലെയാണ്‌ കാര്യങ്ങളെങ്കിൽ ഞാനെന്തിന്‌ അയാളെ വിവാഹം കഴിക്കാൻ പോയി?“

”എനിക്കതു കൃത്യമായി മനസ്സിലായില്ല. ഒറ്റനോട്ടത്തിൽ വെളിപ്പെടാത്ത ഗുണങ്ങൾ അയാൾക്കുണ്ടായിരുന്നുവെന്നു വരാം; ഒരുമിച്ചുള്ള നിങ്ങളുടെ ജീവിതത്തിലെ അടുപ്പത്തിലും സ്നേഹത്തിലുമാണ്‌ അതു വെളിച്ചത്തിലേക്കു വന്നതെന്നു വരാം. ഒരു കടങ്കഥയുടെ എളുപ്പത്തിലുള്ള ഉത്തരമായി ഞാനതു കണ്ടു; കാരണം, ഒരു കാര്യം എനിക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല, എനിക്കതു വിശ്വസിക്കാനും തോന്നിയില്ല.“

”അതെന്തായിരുന്നു?“

”പ്രഭു എന്ന അയാളുടെ സ്ഥാനത്തിനും അയാളുടെ കോടികൾക്കും വേണ്ടിയാണ്‌ നിങ്ങൾ അയാളെ സ്വീകരിച്ചതെന്നത്. തീർത്തും അസാദ്ധ്യമായി ഞാൻ കരുതിയ കാര്യം അതായിരുന്നു.“

അവസാനം പറഞ്ഞത് അവൾ കേട്ടില്ലെന്നു തോന്നി; കാരണം, അവളപ്പോൾ ഒരു ചുവന്ന ശംഖു പോലെ നിറം പകർന്ന തന്റെ വിരലുകൾക്കിടയിലൂടെ വിദൂരതയിലേക്കുറ്റുനോക്കുകയായിരുന്നു; ആകാശമതിന്റെ വിളറിയ നീലനിറമുള്ള ഉടയാട തിരകളുടെ ഇരുണ്ട പ്രൗഢിയിൽ മുക്കിയെടുക്കുന്ന ചക്രവാളത്തിലെ മഞ്ഞിന്റെ മൂടുപടങ്ങളിലേക്ക്.

അയാളും താൻ ഒടുവിൽ പറഞ്ഞതു മറന്നുപോയിട്ടെന്നപോലെ ചിന്തയിൽ മുഴുകി; അപ്പോഴവൾ അയാളിൽ നിന്നു നോട്ടം മാറ്റിക്കൊണ്ട് പെട്ടെന്ന്, കേൾക്കാൻ പറ്റാത്തപോലെ, പറഞ്ഞു, “അതാണ്‌ സംഭവിച്ചതും.”

അത്ഭുതത്തോടെ, ഒരു നടുക്കത്തോടെയെന്നു പറയാം, അയാൾ അവളെ നോക്കി. മനഃപൂർവ്വമെന്നു വ്യക്തമായ ഒരു പ്രശാന്തതയോടെ അവൾ സാവധാനം കസേരയിൽ ഇരുന്നുകഴിഞ്ഞിരുന്നു; പിന്നെ വിഷാദം കലർന്നതും ഏകതാനവുമായ ഒരു സ്വരത്തിൽ അവൾ ഒട്ടും ഒച്ച ഉയർത്താതെ ഇങ്ങനെ പറഞ്ഞു:

“ഞാൻ നാണക്കാരിയും പെട്ടെന്നു പേടിപ്പിക്കാവുന്ന ഒരു പെൺകുട്ടിയുമായിരുന്ന കാലത്ത് നിങ്ങൾക്കാർക്കും, എന്നോടത്രയും അടുപ്പമുണ്ടായിരുന്ന നിങ്ങൾക്കു പോലും, എന്നെ മനസ്സിലായില്ല. എനിക്കുതന്നെ എന്നെ മനസ്സിലായിരുന്നില്ലെന്നും വരാം. ഇപ്പോൾ ഞാൻ അതിനെക്കുറിച്ചു ചിന്തിക്കാറുണ്ട്; അക്കാലത്ത് എനിക്കെന്നെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. അത്ഭുതങ്ങളിൽ വിശ്വസിച്ചിരുന്ന തങ്ങളുടെ കൗമാരഹൃദയങ്ങളെക്കുറിച്ച് സ്ത്രീകൾക്കെന്തറിയാൻ? യാഥാർത്ഥ്യത്തിന്റെ ആദ്യനിശ്വാസം തട്ടുമ്പോൾത്തന്നെ വാടിക്കരിഞ്ഞുവീഴുന്ന വെളുത്ത കുഞ്ഞിപ്പൂക്കളെപ്പോലെയല്ലേ അവരുടെ സ്വപ്നങ്ങൾ? തങ്ങളുടെ അഭിലാഷങ്ങളെ ദീപ്താഹ്ലാദങ്ങളും അടക്കിയൊതുക്കിവച്ച സങ്കല്പങ്ങളെ ഹൃദ്യമായ ജ്ഞാനവുമാക്കിമാറ്റുകയും അനിശ്ചിതവും പിടി കിട്ടാത്തതും എന്നാൽ അവരുടെ കൗമാരദിനങ്ങളിൽ നിഴൽ വീഴ്ത്തുകയും കാലം പോകെ കൂടുതൽ കൂടുതൽ ഭീഷണമായി വരികയും ചെയ്യുന്ന യാതനയിൽ നിന്നു തങ്ങൾക്കു മോചൻ നേടിത്തരികയും ചെയ്യുന്ന ആണത്തവും കരുത്തുമുള്ള യുവധീരന്മാരെ സ്വപ്നം കാണുന്ന മറ്റു പെൺകുട്ടികളെപ്പോലെയായിരുന്നില്ല ഞാൻ. അത്തരം ചിന്തകൾ എനിക്കുണ്ടായിരുന്നതേയില്ല; വരാനുള്ള നാളുകളെ വലയം ചെയ്തുകിടക്കുന്ന മൂടല്മഞ്ഞിനപ്പുറത്തെ ഭാവികാലത്തെക്കുറിച്ച് ഞാൻ ചിന്തിച്ചതേയില്ല. എന്റെ സ്വപ്നങ്ങൾ എന്റെ സ്വന്തമായിരുന്നു. ആ പഴയ യക്ഷിക്കഥാപുസ്തകങ്ങളിലൊന്നിൽ നിന്നിറങ്ങിവരുന്ന ഒരു രാജകീയസന്തതിയായിട്ടാണ്‌ ഞാനെന്നും എന്നെ സ്വപ്നം കണ്ടിരുന്നത്; എന്റെ കളിപ്പാട്ടങ്ങൾ വെട്ടിത്തിളങ്ങുന്ന രത്നങ്ങളായിരുന്നു, ഞാൻ ഇഴച്ചുനടന്നിരുന്നത് അമൂല്യമായ ഉടയാടകളായിരുന്നു- ഞാൻ സ്വപ്നം കണ്ടതു മുഴുവൻ ആഡംബരവും പ്രൗഢിയുമായിരുന്നു; കാരണം, അതു രണ്ടും എനിക്കിഷ്ടമായിരുന്നു. ഹാ, വിറ കൊള്ളുന്ന, മൃദുമർമ്മരം പൊഴിക്കുന്ന പട്ടുതുണിയ്ക്കു മേൽക്കൂടി കൈകളോടിക്കുന്നതിന്റെ, അല്ലെങ്കിൽ, സ്വപ്നത്തിലെന്നപോലെ കുമിഞ്ഞുകിടക്കുന്ന കനത്ത വെൽവെറ്റിനടിയിൽ വിരലുകളാഴ്ത്തുന്നതിന്റെ സുഖം! എന്റെ മെലിഞ്ഞ വിരലുകളിൽ രത്നാഭരണങ്ങൾ അണിയാൻ പറ്റിയാൽ എനിക്കെന്തു സന്തോഷമാകുമായിരുന്നു! ജലപാതം പോലുള്ള എന്റെ മുടിക്കെട്ടിൽ നിന്ന് നുരയുടെ മുത്തുകൾ പോലെ രത്നക്കല്ലുകളെത്തിനോക്കുമ്പോൾ ഞാനെന്തു സന്തോഷവതിയാകുമായിരുന്നു! മനോഹരമായ ഒരു വാഹനത്തിന്റെ പതുപതുത്ത സീറ്റിൽ ചാരിക്കിടക്കുക എന്നതായിരുന്നു എന്റെ ഏറ്റവും ഉന്നതമായ ലക്ഷ്യം. അക്കാലത്ത് കലാസൗന്ദര്യവുമായി ഉന്മത്തസ്നേഹത്തിലായിരുന്നു ഞാൻ; അതിനാൽ എന്റെ യഥാർത്ഥമായ ദൈനന്ദിനജിവിതത്തെ ഞാൻ അവജ്ഞയോടെ കണ്ടു. സാധാരണവേഷം ധരിച്ച, കാഴ്ചയിൽ ഒരു കന്യാസ്ത്രീയെപ്പോലെ ഒതുങ്ങിയ എന്നെ ഞാൻ വെറുത്തു; ദിവസങ്ങളോളം ഞാൻ പുറത്തിറങ്ങാറില്ലായിരുന്നു; എന്റെ നിത്യസാധാരണമായ രൂപം പുറത്തുകാണിക്കാൻ എനിക്കത്ര നാണക്കേടായിരുന്നു. എന്റെ ഇടുങ്ങിയ, അസുന്ദരമായ മുറിയിൽ ഞാൻ സ്വയം ഒളിപ്പിച്ചു; കടല്ക്കരയോടു ചേർന്ന്, കലാപരമെന്നപോലെ പ്രൗഢവുമായ ഒരു വീട്ടിൽ ഒറ്റയ്ക്കു താമസിക്കുക എന്നതായിരുന്നു എനിക്കേറ്റവും പ്രിയപ്പെട്ട സ്വപ്നം. ശരാശരിലോകത്തിന്റെ അഴുക്കു പിടിച്ച കൈകൾ ഒരിക്കലും തൊടാത്ത അതിന്റെ പൂന്തോട്ടത്തിൽ തണൽ നിറഞ്ഞ നടപ്പാതകളിൽ പരമശാന്തത നിറഞ്ഞുനില്ക്കും- സത്യം പറഞ്ഞാൽ, ഈ സ്ഥലം പോലെ. എന്റെ ഭർത്താവ് ആ സ്വപ്നം സഫലമാക്കി; അതിനാൽ ഞാൻ അദ്ദേഹത്തെ വിവാഹവും ചെയ്തു.“

അവൾ മൗനിയായി; അവളുടെ മുഖത്തൊരു മാദകസൗന്ദര്യം നിറഞ്ഞു. അവളുടെ കണ്ണുകളിലെ തിളക്കം അഗാധവും ഭീഷണവുമായി മാറിയിരിക്കുന്നു; അവളുടെ കവിളുകളിലെ ചുവപ്പുനിറത്തിനു തീക്ഷ്ണതയേറിയിരിക്കുന്നു.

ആഴമേറിയ നിശ്ശബ്ദതയെ ഭഞ്ജിക്കാൻ താഴെ തിളങ്ങുന്ന തിരകളുടെ ഏകതാനമായ താളം മാത്രമേയുള്ളു; പ്രിയപ്പെട്ടൊരു മാറത്തേക്കു വന്നുവീഴുന്നപോലെ കരയിലേക്കവ വന്നലച്ചുകൊണ്ടിരുന്നു.

അയാൾ ഒട്ടും ശബ്ദമുയർത്താതെ, തന്നോടെന്നപോലെ ചോദിക്കുന്നു: “അപ്പോൾ പ്രണയം?”

അവൾ അതു കേട്ടു. അവളുടെ ചുണ്ടുകളിൽ ഒരു നേർത്ത പുഞ്ചിരി പടർന്നു.

“നിങ്ങൾക്കിപ്പോഴും ആ ആദർശങ്ങളൊക്കെയുണ്ടോ, ആ വിദൂരലോകത്തേക്കു നിങ്ങൾ കൂടെക്കൊണ്ടുപോയ ആദർശങ്ങൾ? ആ ആദർശങ്ങളെല്ലാം ഇപ്പോഴും ഭദ്രമായിത്തന്നെയുണ്ടോ, അതോ അതിൽ ചിലതെല്ലാം മരിച്ചുപോവുകയോ വാടിപ്പോവുകയോ ചെയ്തിട്ടുണ്ടോ? നിങ്ങളുടെ കൈകളിൽ നിന്നവ വലിച്ചുപറിച്ചെടുത്തു ചെളിയിലേക്കെറിഞ്ഞിട്ടില്ലേ, ജീവിതലക്ഷ്യങ്ങൾ നേടാനായി പാഞ്ഞുപോകുന്ന ആയിരക്കണക്കിനു വണ്ടിച്ചക്രങ്ങൾക്കടിയിൽ കിടന്നവ ചതഞ്ഞരഞ്ഞിട്ടില്ലേ? അതോ അതിലൊന്നുപോലും നിങ്ങൾക്കു നഷ്ടപ്പെട്ടിട്ടില്ലെന്നാണോ?”

വിഷാദത്തോടെ തലയാട്ടിക്കൊണ്ട് അയാൾ ഒന്നും മിണ്ടുന്നില്ല.

പെട്ടെന്നയാൾ അവളുടെ കൈ കടന്നുപിടിച്ച് തന്റെ ചുണ്ടുകളിലേക്കുയർത്തി മൗനമായി അതിൽ ചുംബിക്കുന്നു. പിന്നെ ഊഷ്മളമായ ഒരു ശബ്ദത്തിൽ പറയുന്നു, “ഞാൻ പോകുന്നു, നിങ്ങളുടെ ഭാവി ശോഭനമാവട്ടെ.”

ഉറച്ചതും നിഷ്കപടവുമായ വാക്കുകളോടെ അവൾ അയാളെ യാത്രയാക്കുന്നു. വർഷങ്ങളായി തനിക്കപരിചിതനായ ഒരു പുരുഷനു മുന്നിൽ തന്റെ ഉള്ളിന്റെയുള്ളിലെ രഹസ്യങ്ങൾ അനാവരണം ചെയ്തതിലും തന്റെ ആത്മാവു തുറന്നുകാട്ടിയതിലും അവൾക്കൊരു നാണക്കേടും തോന്നുന്നില്ല. അയാൾ പോകുന്നത് ഒരു പുഞ്ചിരിയോടെ അവൾ നോക്കിനില്ക്കുന്നു; പ്രണയത്തെക്കുറിച്ച് അയാൾ പറഞ്ഞ വാക്കുകൾ അവൾ ഓർത്തുനോക്കുന്നു; അവൾക്കും വർത്തമാനകാലത്തിനുമിടയിലേക്ക് ഒച്ചയില്ലാത്ത ചുവടുകളുമായി ഭൂതകാലം കയറിവരുന്നു. തന്റെ ജീവിതത്തിനു വഴി കാണിക്കാൻ അയാൾക്കു കഴിഞ്ഞേനേ എന്ന് പെട്ടെന്നവൾ ചിന്തിക്കുന്നു, ആ വിചിത്രധാരണയെ അവളുടെ ചിന്തകൾ ദീപ്തവർണ്ണങ്ങൾ പൂശുന്നു.

മെല്ലെ, മെല്ലെ, കണ്ണിൽപെടാനില്ലാതെ അവളുടെ സ്വപ്നം കാണുന്ന ചുണ്ടുകളിൽ നിന്ന് പുഞ്ചിരി മാഞ്ഞുപോകുന്നു.
*******************************************

സ്റ്റെഫാൻ സ്വെയ്ഗ് (Stefan Zweig) 1881ൽ വിയന്നയിലെ ഒരു ധനികജൂതകുടുംബത്തിൽ ജനിച്ചു. ആദ്യകാലപ്രശസ്തി കവിയും വിവർത്തകനും എന്ന നിലയിലായിരുന്നു. രണ്ടു ലോകമഹായുദ്ധങ്ങൾക്കിടയിലുള്ള കാലത്തെഴുതിയ ‘ഒരജ്ഞാതയായ സ്ത്രീയുടെ കത്ത്,’ ‘ഭീതി’ ഉൾപ്പെടെയുള്ള നോവെല്ലകൾ വളരെ ജനപ്രിയമായി. നാസിസം ബലത്തതോടെ 1934ൽ അദ്ദേഹം ഓസ്ട്രിയ വിട്ട് ലണ്ടനിലും പിന്നീട് ന്യൂയോർക്കിലും താമസമാക്കി. ഇക്കാലത്താണ്‌ ഒരേയൊരു നോവലായ ‘കരുണയെ കരുതിയിരിക്കുക,’ ‘ഇന്നലെയുടെ ലോകം’ എന്ന ഓർമ്മക്കുറിപ്പുകൾ എന്നിവ എഴുതുന്നത്. പിന്നീടദ്ദേഹം ബ്രസീലിൽ സ്ഥിരതാമസമാക്കി. 1942ൽ അദ്ദേഹവും ഭാര്യയും ആത്മഹത്യ ചെയ്തു.

വര : പ്രസാദ് കുമാർ

കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like