മലബാർ കലാപത്തെക്കുറിച്ചും വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ചും പല എഴുത്തും വായിക്കുകയുണ്ടായി. അനുബന്ധമായി ചില ആലോചനകളും വിശകലനങ്ങളും പങ്കുവെക്കുകയാണ്
1. 1921 ലെ പ്രക്ഷോഭം ഒരു കാർഷിക കലാപം ആയിരുന്നോ?
ടിപ്പുവിന്റെ പടയോട്ടത്തിനു മുൻപ് മലബാറിൽ നിലനിന്നിരുന്ന ഭൂമിയുടെ ബഹുതല ഉടമസ്ഥത പ്രത്യേകതയുള്ളതായിരുന്നു. നാടുവാഴികൾ ആഭിജാത്യത്തിന്റെ പേരിൽ നമ്പൂതിരിമാർക്കും നായർപ്രമാണികൾക്കും ജന്മാവകാശം കല്പിച്ചു ഭൂമി ഏൽപ്പിച്ചു കൊടുക്കുകയും അത് അവർ നടത്തിപ്പിനായി കാണം വ്യവസ്ഥയിൽ ഇടനിലക്കാർക്ക് നൽകുകയും അവർ ഒരു വർഷത്തെ കാലാവധിയിൽ വെറും പാട്ടത്തിന് ഈഴവ / മാപ്പിള വിഭാഗക്കാർക്ക് കൃഷി ചെയ്യുവാനേൽപ്പിക്കുകയും ആയിരുന്നു അന്നത്തെ ബഹുതല സമ്പ്രദായം. വിളവിൽ നിന്ന്, ആശാരി, കൊല്ലൻ, തുടങ്ങി അനുബന്ധ തൊഴിൽ ചെയ്യുന്നവർക്കു നിശ്ചിത വിഹിതം വക വെച്ചിരുന്നു.അതിനുശേഷമുള്ള വിളവിൽ ജന്മിക്കും കാണക്കാരനും വെറുംപാട്ടക്കാർക്കും ഏറെക്കുറെ ന്യായമായ അനുപാതത്തിൽ വിഹിതം ലഭിച്ചിരുന്നു. പാട്ടം വീഴ്ച വരുത്തിയാൽ മാത്രമേ ജന്മിക്കു താഴെ തട്ടിലുള്ളവരെ ഒഴിവാക്കുവാൻ കഴിയുമായിരുന്നുള്ളൂ. ജന്മാവകാശം ഉടമകൾ വില കൊടുത്തു വാങ്ങിയതോ ആർജ്ജിതമോ പരമമോ അല്ല എന്നത് കൊണ്ടാവണം വ്യത്യസ്ത വിഭാഗങ്ങളെ ഉൾക്കൊള്ളുന്നതും പരസ്പരാശ്രിതവും ആയ അത്തരം ഒരു വ്യവസ്ഥിതി നിലനിന്നത്. ഒരു ജന്മിയുടെ കീഴിൽ പല ഭൂമികളും ഉണ്ടായിരുന്നു .വെറും പാട്ടക്കരാറുകാർക്ക് മൂന്നിലൊന്നു വിഹിതം ലഭിച്ചിരുന്നു. എന്നാൽ ടിപ്പുവിന്റെ ആക്രമണവും തുടർ ഭരണവും ഈ വ്യവസ്ഥിതിയെ തകിടം മറിച്ചു. ഹിന്ദുക്കളായ ഭൂവുടമകളിൽ ഭൂരിഭാഗവും തെക്കൻ നാടുകളിലേക്ക് പലായനം ചെയ്യുകയും ടിപ്പു കാർഷിക ഭൂമി വെറുംപാട്ടക്കാരായ മാപ്പിളമാർക്കു പുനർ വിതരണം ചെയ്യുകയും ചെയ്തു. വിളവിനനുസരിച്ചു കപ്പവും നിശ്ചയിച്ചു. പടയോട്ടക്കാരായ രാജാക്കന്മാരും സുൽത്താന്മാരും വ്യാപകമായ അക്രമവും കൊള്ളയും കൊലയും നടത്തിയതായിട്ടാണ് ചരിത്രം അടയാളപ്പെടുത്തിയിട്ടുള്ളത് .ടിപ്പുവും അതിൽനിന്നു വ്യത്യസ്തനല്ല .സമ്പത്തുള്ള കോവിലകങ്ങളും ക്ഷേത്രങ്ങളും അക്രമങ്ങൾക്കു വിധേയമായതും നിർബന്ധ മതപരിവർത്തനം നടത്തിയതും മലബാറിലെ മത സഹജീവനത്തിനു ആഴത്തിലുള്ള മുറിവുകൾ ഏൽപ്പിച്ചിരുന്നു. പിന്നീട് നടന്ന കലാപങ്ങളിൽ മതവൈരത്തിനും വർഗീയചേരിതിരുവിനും അത് വഴിവെച്ചിട്ടുണ്ട്.
ടിപ്പുവിന്റെ വീഴ്ചക്കുശേഷം ഭൂവുടമകൾ മലബാറിൽ തിരിച്ചെത്തുകയും ബ്രിട്ടീഷ്അധികൃതർ ഭൂമി വീണ്ടും അവരുടെ കയ്യിലേൽപ്പിക്കുകയും ചെയ്തു .അങ്ങനെ ചെയ്യുമ്പോൾ മുൻപില്ലാതിരുന്ന രേഖാമൂലമുള്ള പരിപൂർണ ഉടമസ്ഥാവകാശമാണ് അധികൃതർ ഭൂവുടമകൾക്ക് ചാർത്തിക്കൊടുത്തത്. ചുരുക്കം ചില മുസ്ലിമുകൾ ഉണ്ടായിരുന്നെങ്കിലും ഭൂരിഭാഗം ഭൂവുടമകളും നമ്പൂതിരി, നായർ സമുദായക്കാരായിരുന്നു. പൂർണ ഉടമസ്ഥത ലഭിച്ചതോട് കൂടി ജന്മികളും പാട്ടക്കാരും തമ്മിലുള്ള പാരസ്പര്യത്തിൽ വിള്ളൽ വീണു. വിളവിന്റെ സിംഹഭാഗവും ജന്മിമാർ എടുക്കുകയുംകാണക്കാരുടെയും പാട്ടക്കാരുടേയും ജീവിതാവസ്ഥ തുലോം പരിതാപകരമാവുകയും ചെയ്തു .
William Logan:
The [British] authorities, recognised the Janmi as absolute owner of his holding, and therefore free to take as big a share of the produce of the soil as he could get out of the classes beneath him… (Gradually) The British Courts backed up by Police and Magistrates and troops and big guns made the Janmi’s independence complete. The hard terms thus imposed on the Kanakkaran had, of course, the effect of hardening the terms imposed by the Kanakkaran on those below him, the Verumpattakkar. The one-third of the net produce to which the Verumpattakkaran was customarily entitled, was more and more encroached upon as the terms imposed on the Kanakkaran became harder and harder. (Government of Madras. 1882, Vol. I: xvii, xxxi–ii)(source wikipedia)
പിൽക്കാലത്തെ സംസ്ഥാന സർക്കാറിന്റെ പഠന റിപ്പോർട്ടിൽ സ്ഥിതി എത്ര ദയനീയമായിരുന്നു എന്ന് വ്യക്തമാക്കുന്നുണ്ട്.
“As conditions worsened, rents rose to as high as 75–80% of net produce, leaving the Verumpattakkar cultivators largely “only straw”.”
( Kerala Development Report, Government of India Planning Commission, Academic Foundation, 2008)(source wikipedia)
പലായനം ചെയ്ത ഭൂവുടമകളെ കാർഷിക വ്യവസ്ഥിതിയിൽ നിന്ന് പുറത്താക്കിക്കൊണ്ടാണ് ടിപ്പു ഭൂമി വിതരണം നടത്തിയതും കപ്പം ഏർപ്പെടുത്തിയതും. അലിഖിതമായ സമവായത്തിലും പരസ്പര ധാരണയിലും സഹകരണത്തിലും അടിസ്ഥാനപ്പെടുത്തിയ കാർഷിക ബന്ധങ്ങളെ ഇല്ലായ്മ ചെയ്തു യൂറോപ്യൻ രീതിയിൽ ഭൂമിക്കു ആധുനിക രേഖീകൃത പരമാധികാരം ഒറ്റയടിക്കു വ്യവസ്ഥ ചെയ്തു ചുരുക്കം സവർണ ഹിന്ദുക്കൾക്ക് കൈമാറുകയാണ് ബ്രിട്ടീഷുകാർ ചെയ്തത്. അങ്ങനെ ചെയ്യുമ്പോൾ നിലവിലുള്ള വിഭവ വിതരണ സമ്പ്രദായം സംരക്ഷിക്കുവാൻ ഉപാധികളൊന്നും നിഷ്കർഷിക്കുകയുണ്ടായില്ല. അങ്ങനെ ഈ രണ്ട് അധിനി വേശ ശക്തികൾ മലബാറിലെ കാർഷിക / സാമൂഹ്യ, സമ്പത് വ്യവസ്ഥയെ കീഴ്മേൽ മറിച്ചു. ഈ സത്യം ഉൾക്കൊണ്ടു കൊണ്ട് മാറ്റിമറിക്കപ്പെട്ട കാർഷിക ബന്ധങ്ങളെ പുനഃസ്ഥാപിക്കുവാനുള്ള ഉദ്യമം എന്ന നിലയ്ക്കാണ് 1921 ലേത് കാർഷിക സമരമാകുന്നത്.
2 ഇന്ത്യയിലെ ഖിലാഫത് സമരം സ്വാതന്ത്ര്യ സമരമായിരുന്നുവോ ?
ഭൂപരിഷ്കരണം സൃഷ്ടിച്ച അകൽച്ചയും അവിശ്വാസവും അതൃപ്തിയും വളരുകയും പല ചെറു പൊട്ടിത്തെറികളാവുകയും ചെയ്യുന്ന കാലത്താണ് ഖിലാഫത് പ്രസ്ഥാനം മലബാറിലെത്തുന്നതും ഗാന്ധിജി ആ കൊളോണിയൽ വിരുദ്ധ പ്രസ്ഥാനത്തെ പിന്തുണക്കുന്നതും. തങ്ങൾക്കനുകൂലമായ ഭൂപരിഷ്കരണവും, ടിപ്പുവിന്റെ പടയോട്ടം സൃഷ്ടിച്ച ഭീതിയും അന്യവൽക്കരണവും ഭൂരിപക്ഷം വരുന്ന ഹിന്ദു ഭൂവുടമകളെ ഈസ്റ്റ് ഇന്ത്യ കമ്പനിയോടടുപ്പിച്ചു .അതോടുകൂടി സമൂഹത്തിലെ വർഗീയ ധ്രുവീകരണം പ്രകടവും ശക്തവും ആയി .ബ്രിട്ടീഷുകാരും ഹിന്ദുക്കളായ ഭൂവുടമകളും ഒരു വശത്തും ജീവനോപാധിയും അതിജീവന വ്യവസ്ഥയും അട്ടിമറിക്കപ്പെട്ട മുസ്ലിം കർഷകർ മറുവശത്തും. ഈ വൈരുദ്ധ്യത്തിലേക്കാണ് ഖിലാഫത് പുതിയ ലക്ഷ്യവും കാര്യപരിപാടികളുമായി ഇഴചേരുന്നത്.
കോൺഗ്രസിന്റെയും ഗാന്ധിജിയുടെയും നേതൃത്വത്തിലുള്ള ഇന്ത്യൻ സ്വാതന്ത്ര്യ സമരം തത്വത്തിൽ അക്രമരാഹിത്യത്തിലൂന്നിയതായിരുന്നു. ബ്രിട്ടീഷുകാരെ ഇന്ത്യയിൽ നിന്ന് പുറം തള്ളുകയും ഒരു സ്വതന്ത്ര ജനാധിപത്യ റിപ്പബ്ലിക്ക് സ്ഥാപിക്കുകയും ആയിരുന്നു അതിന്റെ ലക്‌ഷ്യം. ഖിലാഫത് ഇസ്ലാം പൗരോഹിത്യത്തിന്റെ രാഷ്ട്രീയാധികാരം പുനഃസ്ഥാപിക്കാൻ തുർക്കി കേന്ദ്രീകരിച്ചു ഉരുവം കൊണ്ട പ്രസ്ഥാനം ആണ് .അതിനോടുള്ള പ്രതികരണം എന്ന നിലയ്ക്ക് തുർക്കിയുടെ ഭാഗധേയത്തിൽ വൈകാരികപങ്കാളിത്തം മാത്രമാണ് അന്നത്തെ ഇന്ത്യൻ മുസ്ലിമുകളെ സംബന്ധിച്ചിടത്തോളം സാധുവാകുക .രണ്ടു വർഷങ്ങൾക്കുള്ളിൽ തുർക്കിയെ ആധുനീകരിച്ച കമാൽ പാഷ ഉത്ഭവസ്ഥാനത്തു തന്നെ പാടെ ഉപേക്ഷിച്ച ഖിലാഫത് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തോട് ചേർത്ത് വെക്കുന്നതു തികച്ചും യുക്തി രഹിതമാണ്. ഗാന്ധിയും കോൺഗ്രസും ആദ്യത്തിൽ ഇവിടത്തെ ഖിലാഫത് ആഹ്വാനത്തോട് ഐക്യപ്പെട്ടു എന്നത് ഒരു കൊളോണിയൽ വിരുദ്ധ നിലപാട് മാത്രമായിരുന്നു.
3 .വാരിയം കുന്നത്ത് കുഞ്ഞു മുഹമ്മദ്ഹാജി ഹിന്ദു വിരുദ്ധനായിരുന്നുവോ?
വാരിയം കുന്നത്ത് ഹാജി ജന്മി വിരുദ്ധ കലാപങ്ങളിൽ ഇരു മതങ്ങളിലെയുമുള്ള കർഷകരുടെയും പ്രതിനിധിയും അശ്രയ വുമായിരുന്നു എന്നാണ് ആ കാലത്തെ കുറിച്ചുള്ള ചരിത്രാഖ്യാനങ്ങൾ വെളിവാക്കുന്നത്. 1921 ലെ പ്രക്ഷോഭത്തിൽ എം പി നാരായണ മേനോൻ, കാപ്പാട് കൃഷ്ണൻ നായർ, പണ്ഡിറ്റു നാരായണൻ നമ്പീശൻ, മോഴിക്കുന്നത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് തുടങ്ങിയ നേതാക്കൾ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു എന്നത് ചരിത്ര രേഖയാണ്. ആ ഘട്ടത്തിൽ അത് ഒരു ജന്മിത്ത വിരുദ്ധ പ്രക്ഷോഭവും ജന്മികളെ സംരക്ഷിച്ച കൊളോണിയൽ ഭരണകൂടത്തോടുള്ള സമരവും ആയിരുന്നു എന്നതിന് സാക്ഷ്യവും അവരുടെ പങ്കാളിത്തം തന്നെ. വാരിയം കുന്നത്തു ഹാജി മൂന്നു താലൂക്കുകൾ യോജിപ്പിച്ചു സ്ഥാപിച്ച രാജ്യത്തിന് മലയാള രാജ്യം എന്നാണ് നാമകരണം ചെയ്തത്, ഖാലിഫേറ്റ് എന്നല്ല എന്നത് ശ്രദ്ധേയമാണ്. ഹിന്ദുക്കൾക്കെതിരായി നടക്കുന്ന അക്രമങ്ങളും, കൊള്ള കൊലപാതകം, പ്രച്ഛന്നരായ ബ്രിട്ടീഷുകാർ ചെയ്യുന്നതാണെന്ന് ഹിന്ദു പത്രത്തിനെഴുതി നിർബന്ധമായും പ്രസിദ്ധീകരിക്കണം എന്നാവശ്യപ്പെടണമെങ്കിൽ അദ്ദേഹം അത്തരം വർഗീയ അക്രമങ്ങൾക്ക് എതിരായിരുന്നിരിക്കണം. പേരുകേട്ട ഹിന്ദു കുടുംബങ്ങൾ പ്രക്ഷോഭത്തെയും കുഞ്ഞു മുഹമ്മദ് ഹാജിയെയും പിന്തുണച്ചിരുന്നു എന്നതും ഒറ്റുകാരോ ബ്രിട്ടീഷ് അനുകൂലികളോ ആയ മുസ്ലിമുകളെയും അദ്ദേഹം ആക്രമിക്കുകയും വധിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു എന്നതും ഹാജിയുടെ വിരോധം ഹിന്ദുക്കളോടായിരുന്നില്ല എന്നതിന് തെളിവാണ് . ഭൂ പരിഷ്കരണം ഹാജിയുടെ പൂർവികരെയും നിസ്വരാക്കിയിരുന്നു സ്വന്തം പിതാവിന്റെ കൊളോണിയൽ വിരുദ്ധത, മക്കയിലെ നാടുകടത്തൽ കാലത്തു സ്വാംശീകരിച്ച സാമ്രാജ്യത്വ വിരോധവും സ്വാതന്ത്ര്യ ബോധവും, കോൺഗ്രസിലെ അംഗത്വം എന്നിവ വാരിയംകുന്നത്തിന്റെ വ്യക്തിത്വ രുപീകരണത്തിൽ നിർണായക പങ്കു വഹിച്ചു എന്ന് അനുമാനിക്കാം .പല തവണ ബ്രിട്ടീഷ് സൈന്യങ്ങളെ ഹാജിയുടെ സൈന്യം നേരിടുകയും പരാജയപ്പെടുത്തുകയും ചെയ്തു എന്നതും സമരത്തിന്റെ കൊളോണിയൽ വിരുദ്ധതയെ ഉറപ്പിക്കുന്നു. ഹിന്ദു വിരുദ്ധനായിരുന്നെങ്കിൽ പ്രക്ഷോഭത്തിനിടയിൽ പല ഭാഗങ്ങളിലും ഹിന്ദുക്കൾക്കെതിരെ നടന്ന അക്രമങ്ങളെയും അത്യാചാരങ്ങളേയും തള്ളിപ്പറയുകയോ അനുയായികളെ പരസ്യമായി വിലക്കുകയോ ചെയ്യുമായിരുന്നില്ല. പകരം അവയെ സാധൂകരിക്കുകയാണ് ചെയ്യുക .ബ്രിട്ടീഷ് വാഴ്ചക്കെതിരെയുള്ള വെല്ലുവിളിയായാണ് വാരിയം കുന്നത്തു ഹാജിയെ ബ്രിട്ടീഷുകാർ കണ്ടത് എന്ന് അവർ അദ്ദേഹത്തെ പിടികൂടിയ രീതിയും, അദ്ദേഹത്തിന്റെ മൃത ശരീരത്തിനോടു പോലും പുലർത്തിയ ഭീരുത്വവും തെളിയിക്കുന്നു .
The letter written by Variyan Kunnathu Kunjahammed Haji, which appeared in the newspaper The Hindu on October 18, 1921
“Honoured Editor, I request you to publish the following facts in your paper. According to the Press Reports from Malabar which you will have got, Hindu-Muslim Unity in Malabar has thoroughly ceased to exist. It appears that the report that Hindus are forcibly converted (by any men) is entirely untrue. Such conversions were done by the Government Party and Reserve Policemen in mufti mingling themselves with the rebels (masquerading as rebels.) Moreover, because some Hindu brethren, aiding the military, handed over to the military innocent (Moplahs) who were hiding from the military, a few Hindus have been put to some trouble. Besides, the Nambudiri, who is the cause of this rising, has also similarly suffered. The Hindus are compulsorily impressed for military service. Therefore, several Hindus seek protection in my Hill. Several Moplahs, too, have sought my protection. Now the chief military commander [of the government] is causing Hindus to evacuate from these Taluks. Innocent women and children of Islam, who have done nothing and possess nothing, are not permitted to leave the place. For the last one month and a half, except for the seizure and punishment of the innocent, no purpose has been achieved. Let all the people in the world know this. Let Mahatma Gandhi and Moulana know it. If this letter is not seen published, I will ask your explanation at one time.”
4.സമരത്തിന്റെ സത്വര ഫലം.
സ്വാതന്ത്ര്യ സമരം കൊടുമ്പിരിക്കൊണ്ട ഘട്ടത്തിലാണ് ബ്രിട്ടനെതിരെ മലബാറിലെ സംഘടിത ആക്രമണങ്ങൾ നടക്കുന്നത്. എവിടെയാണ് വാരിയൻകുന്നത്തു ഹാജിക്ക് പിഴച്ചത് ? അദ്ദേഹം ബ്രിട്ടീഷ് അധികൃതർക്കും അവരോട് ചേർന്നുനിന്ന നാട്ടുകാർക്കും എതിരെ (അവർ ഉദ്യോഗസ്ഥരോ, ജന്മിമാരോ ആയിരുന്നു) അക്രമം അഴിച്ചു വിട്ടു. ഒരു ഉദ്യോഗസ്ഥന്റെ വെട്ടിയെടുത്ത ശിരസ്സ് കുന്തത്തിൽ തറച്ചു തിരൂരിൽ ജാഥ നടത്തിയത് ഫലത്തിൽ സ്വാതന്ത്ര്യ സമരത്തിന്റെ പ്രഖ്യാപിത ചട്ടങ്ങളെയും മാർഗങ്ങളെയും പാടെ നിരാകരിച്ചുകൊണ്ടാണ്. സാമ്പത്തികാസമത്വങ്ങൾ കൊണ്ട് അസംതൃപ്തിയും വിദ്വേഷവും നീറി പുകഞ്ഞു നിന്ന സമൂഹത്തിൽ, ടിപ്പുവിന്റെ വാഴ്ചക്കാലം അവശേഷിപ്പിച്ച വർഗീയ വ്രണങ്ങൾ വിശ്വാസച്ചോർച്ച അവശേഷിപ്പിച്ചിടത്തു അദ്ദേഹം പരസ്യമായി അക്രമത്തെ നീതിമത്കരിച്ചു .അങ്ങനെയൊരു അന്തരീക്ഷത്തിൽ പിന്നെ ഒന്നും നിയന്ത്രണ വിധേയമല്ല കർഷക സമരത്തിന്റെയും ഖിലാഫത്തിന്റെയും, നിസ്സഹകരണ സമരം പ്രഖ്യാപിച്ച കോൺഗ്രസിന്റെയും നേതാക്കൾ തടവിലാവുകയും പ്രക്ഷോഭം വികേന്ദ്രീകരിക്കപ്പെടുകയും അണികളുടെ കയ്യിലാവുകയും ചെയ്തത്തിന്റെ ഫലമായി മലബാർ അതിനു മുൻപും പിൻപും കണ്ടിട്ടില്ലാത്ത ക്രൂരതക്കും ദുരന്തങ്ങൾക്കും വിധേയമായി. നിഷ്ടുരമായ മർദ്ദനമുറകളാണ് ബ്രിട്ടീഷ് പോലീസ് കൈക്കൊണ്ടത്. മരണക്കിണറും വാഗൺ ദുരന്തവും ചരിത്രത്തിലെ കറുത്ത അടയാളങ്ങൾ. ആദ്യകാല നേതാവായ അലി മുസലിയാർ മലബാറുകാരനല്ലെന്നും കറാച്ചിയിൽ നിന്ന് ഖിലാഫത് ദൗത്യവുമായാണ് മലബാറിലെ പ്രക്ഷോഭത്തിൽ ഇറങ്ങുന്നത് എന്നും അഭിപ്രായമുണ്ട്. അതിൽ വാസ്തവമുണ്ടെങ്കിൽ അദ്ദേഹത്തിന്റെ സാന്നിധ്യം ഒരു ഘട്ടത്തിലെങ്കിലും ഖിലാഫത് എന്ന ആശയത്തിന് മുൻതൂക്കം നൽകാൻ പ്രേരകമായിട്ടുണ്ടാവാം.
അതിനു രാജ്യം വലിയ വില കൊടുക്കേണ്ടതായും വന്നു .കോൺഗ്രസിൽ കാര്യമായ അഭിപ്രായ വ്യത്യാസമുണ്ടായി. കോൺഗ്രസിന്റെ മതേതര ജനാധിപത്യ മുഖത്തിന് മങ്ങലേറ്റു. രാമരാജ്യത്തിനും ഖിലാഫത്തിനും മതേതരത്വത്തിലൂന്നിയ കോൺഗ്രസ് സമരത്തിൽ സ്ഥാനമില്ലെന്ന് കോൺഗ്രസ് നേതാക്കളിൽ ചിലരെങ്കിലും ശബ്ദമുയർത്തി. അക്കാലത്തു അഖണ്ഡ ഇന്ത്യക്കുവേണ്ടി നിലകൊണ്ട ജിന്നയുൾപ്പെടെ പലരും ഖിലാഫത് പിന്തുണയുടെ കാര്യത്തിൽ ഗാന്ധിയിൽ നിന്ന് വ്യത്യസ്തമായാണ് ചിന്തിച്ചത്. ചുരുക്കിപ്പറഞ്ഞാൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ മലബാർ കലാപം പുഷ്ടിപ്പെടുത്തുന്നതിലേറെ ശിഥിലീകരിക്കുകയാണ് ചെയ്തത് .
“The Indian national congress which had given leadership to the Khilafat and non cooperation movements had later disowned the responsibility of the rebellion.However the mappilas had conceived that the congress was responsible for their political mobilisation which had culminated in the rebellion and the brutal suppression by the British.Further they believed that their Hindu bretheren had stabbed them at their back.The nationalists believed that the rebellion was responsible for the failure of the non cooperation movement .”( The Malabar rebellion-an analysis of the impact K K N Kurup)
സ്വാതന്ത്ര്യ സമര ചരിത്രത്തിൽ വേറെയും സായുധ സമരങ്ങളുടെ അധ്യായങ്ങളും രക്ത ചൊരിച്ചിലുകളും ഉണ്ടായിട്ടുണ്ട് .1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം, ഭഗത് സിങ്, സുഭാഷ് ചന്ദ്ര ബോസിന്റെ ഐ എൻ എ, ഗാഥർ വിപ്ലവം, ബംഗാൾ വിഭജനത്തെ തുടർന്നുള്ള പ്രക്ഷോഭങ്ങൾ, ചൗരി ചൗരാ, ജാലിയൻ വാലാ ബാഗ് എന്നിങ്ങനെ. അവയെല്ലാം രാജ്യത്തിൻറെ സ്വാതന്ത്ര്യ ലബ്ധിയെ ത്വരിതപ്പെടുത്തിയിട്ടുണ്ട് . അവയിൽ നിന്ന് മലബാർ കലാപം വേറിട്ട് നിൽക്കുക സ്വജനങ്ങൾക്കിടയിൽ ഉണ്ടായ അക്രമത്തിന്റെയും കൂട്ടക്കൊലയുടെയും പേരിലാണ്, ഹിന്ദുക്കൾക്കും മുസ്ലിമുകൾക്കും ഉണ്ടാക്കിയ കനത്ത ആൾ നാശത്തിന്റെയും സ്വത്തു നഷ്ടത്തിന്റെയും പേരിലും.
“So a cursory scan of press material, the statements of political leaders, and scholarly analyses does suggest regular violence, which means we must not get carried away with romanticising the rebellion—its triggers were inequality and loss, but in its course many others were also hurt. And because of the religious divide between victims and rebels, cultural animosity also appears.”( Manu S Pillai in an interview with The News Minute)
പ്രക്ഷോഭം നൽകുന്ന പാഠം എന്ത്?
മതങ്ങൾ വ്യക്തിയുടെ മാത്രം ആഭിമുഖ്യം ആണെന്നും രാഷ്ട്രീയ വ്യവഹാരത്തിൽ അതിനു ഒരു പങ്കും ഇല്ലെന്നുമുള്ള പുരോഗമനാവസ്ഥയിലേക്കാവണം സർവതോമുഖമായ വളർച്ച ലക്‌ഷ്യം വെക്കുന്ന ഒരു രാജ്യവും ആധുനികതയെ പുൽകാനായുന്ന ഒരു സമൂഹവും ചലിക്കുന്നത്. ചരിത്രത്തിൽ നിന്ന് വേണ്ടത് മാത്രം സ്വീകരിച്ചു കൊണ്ടാവണം യാത്ര . ബാക്കിയുള്ളത് പാഠങ്ങൾ പഠിക്കുവാനും വരാനുള്ള കാലത്തെ രൂപപ്പെടുത്തുവാനും ഉള്ളതാണ് . 1921 ലെ മലബാർ കലാപം അത്തരത്തിലുള്ള ഒന്നാണ്. മിക്ക സമൂഹങ്ങളിലും സാമ്പത്തികവും വംശീയവും സാംസ്കാരികവുമായ വൈരുദ്ധ്യങ്ങളിൽ നിന്നുളവായ അഭിലാഷങ്ങളുടെയും നൈരാശ്യങ്ങളുടേയും അന്തർധാരയുണ്ടാവും. അവയെ ചൂഷണം ചെയ്തു ഛിദ്രവാസനകളെ തട്ടിയുണർത്തുന്നത് സമൂഹത്തേയും രാഷ്ട്രത്തെയും ദുർബലമാക്കുകയേയുള്ളൂ . അവ പ്രയോജനപ്പെടുക ചൂഷകരായ അധിനിവേശ ശക്തികൾക്ക് മാത്രമാണ്. അവയെ ആളിക്കത്തിക്കാനുതകുന്ന വ്യാഖ്യാനങ്ങളുമായി ചരിത്രത്തിൻറെ ജീർണതയിൽ അന്നം തേടുന്നത് സമൂഹത്തിലേക്ക് പുതിയ വൈറസുകളെയും മഹാമാരികളെയും തുറന്നു വിടാൻ മാത്രമാണുപകരിക്കുക .
കവർ ഡിസൈൻ : വിത്സൺ ശാരദ ആനന്ദ്
Photos : Google Photos