പൂമുഖം Travel നമ്മള്‍ തൊടുന്ന ബീഹാര്‍ – ഭാഗം നാല്

നമ്മള്‍ തൊടുന്ന ബീഹാര്‍ – ഭാഗം നാല്

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

ദാരിദ്ര്യത്തിന്‍റെ അതിരുകൾ

ജയനഗറിന്‍റെ ജീവിതങ്ങളിലൂടെ

രാവിലെ തന്നെ ദൊധ്വാര്‍ എന്ന ഗ്രാമത്തിലേക്ക് പുറപ്പെട്ടു. കമലാനദി കൊണ്ട് വരുന്ന ദുഃഖത്തില്‍ തകര്‍ന്നുപോകുന്ന ജീവിതങ്ങളിലൂടെയുള്ള യാത്രകള്‍. ഏകദേശം ആറുകിലോമീറ്റര്‍ പിന്നിട്ടപ്പോഴേക്കും റോഡ്‌ കാണാതായി. പാടങ്ങളും വഴിയും ഒന്നായി. വണ്ടി പോവില്ല. കനത്ത മഴയില്‍ വഴികള്‍ ഇല്ലാതായി. കുറച്ചുദിവസങ്ങളെ ആയുള്ളൂ ഇവിടെനിന്ന് വെള്ളമിറങ്ങിയിട്ട്. ഞങ്ങളിറങ്ങിനടന്നു. പുരുഷന്മാര്‍ ഭൂരിഭാഗവും ദൂരങ്ങളിലേക്ക് തൊഴില്‍തേടി പോയിരിക്കുന്നു. അവരയക്കുന്ന തുച്ഛമായ വരുമാനം. ഇടയ്ക്കെങ്ങാന്‍ അവര്‍ വരുമ്പോളുണ്ടാകുന്ന ചെറിയ ചില സന്തോഷങ്ങള്‍. അതിനിടയ്ക്ക് വെള്ളപ്പൊക്കത്തിന്‍റെ കഷ്ടപ്പാടില്‍ കുട്ടികള്‍, സ്ത്രീകള്‍ വൃദ്ധജനങ്ങള്‍‍. സന്തോഷം തട്ടിത്തെറിപ്പിച്ച ജീവിതങ്ങള്‍. ഭൂമിയുടെ ഒരറ്റത്ത് കുടിലില്‍ താമസിക്കുന്ന ദരിദ്രര്‍. ഇവര്‍ക്ക് സ്വന്തമായി ഭൂമിയില്ല. സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി ചെയ്യുന്നത്. സ്ഥലമുടമ കാശ് മുടക്കാറില്ല. വെള്ളപ്പൊക്കത്തില്‍ കൃഷി നശിച്ചാല്‍ സര്‍ക്കാരിന്‍റെ നഷ്ടപരിഹാരം ഉടമയ്ക്ക് കിട്ടുന്നു. നല്ല വിളവ്‌ കിട്ടിയാല്‍ അതിന്‍റെ പകുതിയും. ഗ്രാമത്തില്‍ എത്താനായി. ഇവിടെ നിന്ന് നേപ്പാള്‍ അതിര്‍ത്തി നോക്കിയാല്‍ കാണുന്ന ദൂരം. കമലാനദിയിലൂടെ പശുക്കള്‍ക്ക് പുല്ലുമായ് കഴുത്തോളം വെള്ളത്തില്‍ നടന്നു നീന്തി വരുന്ന നാട്ടുകാരന്‍. തന്‍റെ കയ്യില്‍ പിടിക്കാന്‍ പറഞ്ഞ് തലയിലെ ഭാരം നേരെയാക്കി ഭാര്യയെയും കൂട്ടി വെള്ളത്തിലൂടെ കടക്കുന്ന മറ്റൊരാള്‍. എരുമയെയും പശുവിനെയും നീന്തിച്ച് അക്കരെയെത്തിച്ച് തീറ്റിച്ച് തിരിച്ചെത്തിക്കുന്ന കുട്ടികള്‍. ജീവിതം എന്നാല്‍ ഇതൊക്കെയാണിവിടെ.

റാണി ഭായി

ദൊധ്വാറില്‍ ചെന്നപ്പോഴാണറിഞ്ഞത് റാണി ഭായി മരിച്ചുപോയെന്ന്. വല്ലാത്തൊരു നഷ്ടബോധം തോന്നി. കഴിഞ്ഞ തവണ കണ്ടപ്പോള്‍ അവര്‍ വളരെ ഊര്‍ജസ്വലയായിരുന്നു. ജാതീയതയുടെ കണ്ണികള്‍ പൊട്ടിക്കാന്‍ ശ്രമിച്ച റാണിഭായ് പാവപ്പെട്ടവരുടെ ചെറിയ പ്രതീക്ഷയായിരുന്നു. ദരിദ്രകുടുംബത്തില്‍ കീഴ്ജാതിയില്‍ നിന്ന് സംഘര്‍ഷങ്ങളിലൂടെ വളര്‍ന്ന റാണിഭായ് ഇവിടത്തെ കുട്ടികള്‍ക്ക് നിഷേധിക്കപ്പെടുന്ന വിദ്യാഭ്യാസത്തിനും പഞ്ചായത്തില്‍നിന്ന് കിട്ടേണ്ട അവകാശങ്ങള്‍ക്കും വേണ്ടി നിരന്തരം പൊരുതിജീവിച്ചിരുന്നു. ചിരിയില്‍ പൊതിഞ്ഞ രോഷത്തിന്‍റെ മുഖമായിരുന്നു റാണിഭായിക്ക്.

ജയ്നഗറിലെ ഗ്രാമങ്ങളില്‍നിന്ന് തിരിച്ചിറങ്ങുമ്പോള്‍ നേരം ഏറെ വൈകിയിരുന്നു. വെള്ളം കയറിയ ഇടങ്ങളില്‍ കറുപ്പ് കട്ടപിടിച്ചു കിടന്നു. ബീര്‍പ്പൂരിലേക്ക് പോകാന്‍ ഇന്ന് സാധിക്കില്ല. നാളെ ബീര്‍പ്പൂരിലെത്താമെന്ന് അശോകിന് വാക്ക് കൊടുത്തിരുന്നു. അതിരാവിലെ മുസഫര്‍പൂര്‍ക്ക് പോകുന്ന മഠത്തിന്‍റെ ഒരു വണ്ടിയുണ്ടെന്ന് സിസ്റ്റര്‍ പറഞ്ഞു. അപ്പോള്‍ ഇന്നിവിടെ തങ്ങി രാവിലെ പുറപ്പെട്ട് എനിക്ക് സക്രിയില്‍ ഇറങ്ങാം. ദര്‍ഭംഗയില്‍ നിന്ന് വിജയ്‌കുമാര്‍ വണ്ടി അയക്കാമെന്ന് പറഞ്ഞിരുന്നത് കൊണ്ട് ബീര്‍പ്പൂരിലേക്കുള്ള യാത്ര കുഴപ്പമില്ല. അടുത്തുള്ള ധാബയില്‍ നിന്ന് ഉണങ്ങി ശോഷിച്ച റൊട്ടിയും ഉരുളക്കിഴങ്ങിന്‍റെ സബ്ജിയും കഴിച്ചു. വണ്ടി അതിരാവിലെ പോകുമെന്നത്കൊണ്ട് നേരത്തെ ഉറക്കത്തെ വിളിച്ചുവരുത്തി.

തിരിച്ചിറങ്ങുമ്പോള്‍

രാവിലെ ചായകുടിച്ച് പുറപ്പെട്ടു. പാതയോരത്തെ ജീവിതങ്ങള്‍ അന്നത്തെ ദിവസം പതിവ്പോലെ തുടങ്ങിയിരുന്നു. പശുക്കളും ആട്ടിന്‍കൂട്ടങ്ങളെയും തെളിച്ചുകൊണ്ട് കര്‍ഷകര്‍ പാടത്തേക്ക് പോകുന്നു. മധുബനി കഴിഞ്ഞ് ഒരു ധാബയില്‍ വണ്ടി നിര്‍ത്തി ഞങ്ങളൊരു ചായ കുടിച്ചു. ഡ്രൈവര്‍ രണ്ടു ജിലേബി വാങ്ങി. രാവിലെ ജിലേബിയും ലിട്ടിയും ഇവിടെ പ്രധാനമാണ്. സക്രിയില്‍ എത്തുമ്പോള്‍ സമയം എട്ടര മണി. ഡ്രൈവര്‍ എന്നെ സക്രി ജങ്ക്ഷനില്‍ ഇറക്കി വലത്തോട്ട് തിരിച്ച് വേഗത്തില്‍ വണ്ടിയോടിച്ച് പോയി. എനിക്ക് നല്ല വിശപ്പ് തോന്നി. കുറച്ചകലെ കുറെ കുട്ടികള്‍ കളിക്കുന്നത് കണ്ടു. അങ്ങോട്ട്‌ ചെന്നുനോക്കി. റോഡിനരികില്‍ കുടിലിനോട് ചേര്‍ന്നൊരു കുശിനിപ്പീടിക. ഉള്ളിയും ഉരുളക്കിഴങ്ങും മുറിച്ചിടുന്ന ഒരു വൃദ്ധന്‍. ചായപ്പാത്രം കഴുകുന്ന ഒരു സ്ത്രീ. മണ്ണില്‍ ചളിയില്‍ ഒലിച്ചിറങ്ങിയ ചെറിയ കുട്ടികളുടെ കുളിക്കാത്ത തലമുടിയും മൂക്കിള ഒലിപ്പിക്കുന്ന ദയനീയ മുഖവും. ഉള്ളിലേക്ക് ആഴ്ന്നിറങ്ങിയ കണ്ണുമായി ഒരു വൃദ്ധ പുറത്തേക്ക് വന്നു. ചായ തയ്യാറായിട്ടില്ല. ഇപ്പോള്‍ ഉള്ളത് മീന്‍കറിയും ചോറുമാണ്. വടക്കന്‍ ബീഹാറില്‍ പുഴമീനും ചോറും ഒരു പഥ്യമാണ്.

ഞാന്‍ തിരിച്ച് മെയിന്‍ റോഡിലേക്ക് നടക്കുമ്പോഴേക്കും അനിലിന്‍റെ ഫോണ്‍ വന്നു. ഒരു പത്ത് മിനിട്ടിനുള്ളില്‍ ഞാന്‍ നില്‍ക്കുന്ന സ്ഥലത്തെത്തുമെന്ന് പറഞ്ഞു. കുറെ കഴിഞ്ഞപ്പോള്‍ ഒരു സര്‍ക്കസ്സ്കാരന്‍റെ മെയ് വഴക്കം പോലെ യൂടേണ്‍ എടുത്ത് എന്‍റെ മുന്നില്‍ വന്ന് ബ്രേക്കിട്ട് ചിരിച്ചു. സന്തോഷത്തോടെ ഞാന്‍ വണ്ടിയിലേക്ക് കയറി. കുശലം പറഞ്ഞു. അനിലിന്‍റെ കൂടെ ബീഹാറിലെ ഒട്ടേറെ ഗ്രാമങ്ങളിലും ധാബകളിലും കയറിയിറങ്ങിയിട്ടുണ്ട് ഈ വണ്ടിയില്‍ത്തന്നെ. രസികനും ശാന്തനുമാണ് അനില്‍. ഇനി ഞാന്‍ ഒന്നും പറയേണ്ട. അനിലിനറിയാം. ഞങ്ങള്‍ക്കിഷ്ടപ്പെട്ട ഭോജ്പൂരി ഗാനങ്ങളും “ജീത്തെ ഭീ ലക്ടി മര്‍ത്തെ ഭീ ലക്ടീ” എന്ന പാട്ടും ഇട്ട് യാത്ര തുടങ്ങി. ഇടയ്ക്കിടയ്ക് പായുന്ന വാഹനങ്ങള്‍. കൂടുതലും ബംഗാളിലേക്കും വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങളിലെക്കും. ഇനിയങ്ങോട്ടുള്ള യാത്ര രണ്ട്മൂന്ന്‍ മണിക്കൂറെടുക്കും.

മഹാപ്രളയം

വഴിയരികിലെ ഒഴിഞ്ഞിട്ട പാടങ്ങളും ഒറ്റപ്പെട്ട ജീവിതങ്ങളും കണ്ടപ്പോള്‍ 2008 ലെ വെള്ളപ്പൊക്കം ഓര്‍മ്മവന്നു. ബീഹാര്‍ കണ്ട ചരിത്രത്തിലെ മഹാപ്രളയം. ഗതിമാറിയൊഴുകിയ കോശി നദി. ഏകദേശം ഇതുപത്തഞ്ചോളം ലക്ഷം ജനങ്ങളെ കാര്യമായി ബാധിച്ച ദുരിതം. കനത്ത മഴയുടെ ഭാഗമായി നേപ്പാളില്‍ കോശിനദിയുടെ ബണ്ട് പൊട്ടിയും ശക്തമായ വെള്ളം നദിയിലൂടെ ഗതിമാറി കവിഞ്ഞൊഴുകി പുതിയ സ്ഥലങ്ങളിലേക്ക് കുത്തിയൊഴുകിയും ഒരുപാട് ജീവിതങ്ങള്‍ വെള്ളത്തിനടിയിലായി.

കൃഷിയില്‍ സമ്പന്നമായിരുന്ന വടക്കന്‍ ബീഹാര്‍ ഗ്രാമങ്ങള്‍ മൊത്തം നശിച്ചു. സുപോള്‍, അരാരിയ, മധേപുര, ഭഗല്‍പൂര്‍, ഖഗഡിയ, പൂര്‍ണിയ എന്നിടങ്ങള്‍ പൂര്‍ണമായും ഒറ്റപ്പെട്ടു. പട്ടിണിയും പകര്‍ച്ചവ്യാധികളും വ്യാപിച്ചു. ഏകദേശം മുപ്പതിനായിരത്തോളം വീടുകളും 8,40,000 ഏക്കര്‍ കൃഷിയും പൂര്‍ണമായി നശിച്ചു. 250ഓളം ജനങ്ങള്‍ മരിച്ച ഈ പ്രളയം മുപ്പത് ലക്ഷത്തോളം പേരെ വഴിയാധാരമാക്കി. കൃത്യമായ പദ്ധതികള്‍ ഇല്ലാതിരുന്നതും മുന്‍കൂട്ടി നിര്‍ദേശങ്ങള്‍ കൊടുക്കാന്‍ പറ്റാതിരുന്നതും നേപ്പാളും ഇന്ത്യയും തമ്മിലുള്ള ഏകോപനത്തിലെ പിഴവും വെള്ളപ്പൊക്കത്തിന്‍റെ ആഘാതം കൂട്ടി. സുപോള്‍ ജില്ലയെയായിരുന്നു പ്രളയം കൂടുതല്‍ ബാധിച്ചത്. ഏകദേശം ആയിരത്തോളം ചതുരശ്ര കിലോമീറ്റര്‍ കൃഷിസ്ഥലം നശിച്ചുപോയി. മൂന്നടി മുതല്‍ നാലടി വരെ മണല്‍കൊണ്ട് മൂടി തിരിച്ചുവരാത്ത പച്ചകള്‍. റെയില്‍വേ സ്റ്റേഷനുകള്‍ വെള്ളത്തിനടിയിലായി.

പാളങ്ങള്‍ ഒലിച്ചുപോയി. കോശി പാലം തകര്‍ന്നു. വിനിമയം ഗതാഗതം അസാധ്യമായി. വെള്ളപ്പൊക്ക സ്ഥലങ്ങളിലേക്ക് പോകണമെങ്കില്‍ അഞ്ഞൂറോളം കിലോമീറ്റര്‍ ദൂരം ചുറ്റി പോകേണ്ട അവസ്ഥ വന്നു. അങ്ങിനെ പോയിരുന്ന നാളുകള്‍. ചുറ്റും വെള്ളം. എപ്പോഴും തകരുമെന്ന് ഭയപ്പെടുത്തിയിരുന്ന സഹര്‍സയിലെ പഴയ പാലം. ക്രമേണ സ്ഥിതി മാറി. ബസ്സുകള്‍ ഓടിത്തുടങ്ങി. പട്നയില്‍ നിന്നും ബേഗുസരായി വഴി ബീര്‍പ്പൂരിലേക്ക് ഏകദേശം പത്ത് പതിമൂന്നു മണിക്കൂറെടുക്കും. പൊട്ടിയും പൊളിഞ്ഞതുമായ റോഡുകള്‍. കോശിനദിക്ക് വീണ്ടും പാലം വന്നു. ഗതാഗതം ഈ വഴിയായി.

ബീര്‍പ്പൂര്‍ എന്ന മൂടുപടം

ബീര്‍പ്പൂരിലേക്ക് പോവുക എന്നത് സ്വപ്നതുല്യവും ദുഷ്കരവും ആയിരുന്നു. പ്രളയം തകര്‍ത്തെറിഞ്ഞ ജീവിതങ്ങള്‍. നഷ്ടപ്പെട്ട കൃഷിസ്ഥലങ്ങള്‍, കന്നുകാലികള്‍ സ്വപ്‌നങ്ങള്‍. ഗത്യന്തരമില്ലാതെ പാലായനം ചെയ്യേണ്ടിവന്ന ജനത. ദാരിദ്യത്തിന്‍റെ അതിര് നേപ്പാളിനും ഇന്ത്യക്കും ഇടയ്ക്ക് ഒരു ചെറിയ പാത മാത്രം. ദൂരെ മിന്നുന്ന ചെറിയ വെളിച്ചപ്പൊട്ടുകൾ. കർഷക ജീവിത അടയാളങ്ങൾ. സൂര്യാസ്തമയത്തിന് കീഴെ നടന്നു നീങ്ങുന്ന നിഴൽരൂപങ്ങൾ.

അങ്ങിനെ ഓരോന്ന് ചിന്തിച്ചിരിക്കെ പുതുതായി പണികഴിപ്പിച്ച കോശി മഹാസേതു അടുക്കാനായി. അനില്‍ പാട്ട് നിര്‍ത്തി. ആരോ വണ്ടിക്ക് കല്ലെറിഞ്ഞതാണ്. രോഷത്തിന്‍റെ കല്ലെറിയല്‍. ഇതിവിടെ പതിവാണ്. പകയ്ക്കുന്ന സങ്കടത്തിന്‍റെ പൊട്ടലുകള്‍. ഞങ്ങളവരെ കണ്ടു. കുട്ടികളാണ്. ഞങ്ങള്‍ ഒന്നും പറയാതെ മുന്നോട്ടു പോയി.

ഇടതും വലതും നോക്കിയാൽ തീരാത്ത പച്ചപ്പാടങ്ങൾ. ആകാശം കൊടുത്ത നിറത്തിന് കീഴെ തിരശ്ചീനമായ കാഴ്ചകൾ. വെള്ളവും പാടവും. നെൽക്കൃഷിയാണ് വടക്കൻ ബീഹാറിൽ കൂടുതൽ. കൂടെ ഉരുളക്കിഴങ്ങും പടവലും തക്കാളിയും മറ്റും. ഓടിമറിയുന്ന മേഘങ്ങൾ. ചക്രവാളത്തിന്‍റെ അനിർവചനീയത. ബീഹാറിന്‍റെ കിഴക്കോട്ട് പോകുമ്പോൾ ലോകം എങ്ങോട്ടോ പോകുന്ന ജിപ്സി സൗന്ദര്യങ്ങളാകുന്നു. ഇടത്തോട്ട് നോക്കുമ്പോള്‍ ആ പച്ചപ്പിനപ്പുറം നേപ്പാളും ഒന്നിച്ച് നീങ്ങുന്നു. ഒരു രാജ്യം മറ്റൊരു രാജ്യത്തെ തൊടുന്നു. ഏകദേശം നാല്‍പ്പത് കിലോമീറ്റർ കഴിഞ്ഞ് ഖോപ്പാ ചൗക്കിൽ എത്തി.

മുൻപൊക്കെയിവിടം ശൂന്യമായിരുന്നു. ദേശീയപാത വന്നതോടെ ട്രക്കുകളും വണ്ടികളും കൂടി. അതോടെ ധാബകളും പാൻ ഗുമ്ട്ടികളും നിറം പിടിപ്പിച്ച ബോർഡിൽ നിറഞ്ഞു. മധുബനി ഇപ്പോള്‍ വടക്കും ദർഭംഗ കിഴക്കുമാണ്. സുപ്പോൾ ജില്ല അടുക്കാനായി എന്നത് ആശ്വാസമായി.

ഓര്‍മകളുടെ അടുക്കുകള്‍

സമയം വൈകാതെ ജന്ജാര്‍പൂർ എത്തി. ചായ കുടിക്കാനായി വണ്ടി നിറുത്തി. ചായ കുടിച്ചതിന് ശേഷം ഞാന്‍ പറഞ്ഞു നമുക്ക് അശോക്‌കുമാറിന്‍റെയടുത്ത് പോകാമെന്ന്. അദ്ദേഹത്തിന്‍റെ അച്ഛനെ കാണണം. കുറെ നാളായി കണ്ടിട്ട്. അനില്‍ തലയാട്ടി. ഉടന്‍ തന്നെ ഇടത്തോട്ട് തിരിച്ച് പാടത്ത്കൂടെയുള്ള റോഡിലൂടെ ഗ്രാമത്തിന്‍റെ ഉള്ളിലേക്ക് വണ്ടിയോടിച്ചു. ഇവിടെയാണ് ഗാന്ധിയന്‍ പ്രസ്ഥാനത്തിന്‍റെ സജീവ പ്രവർത്തകനായിരുന്ന തപേശ്വര്‍ സിംഗിന്‍റെ വീടും ഓഫീസും.

ഇദ്ദേഹം ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും സഞ്ചരിച്ചിട്ടുണ്ട്. സര്‍വോദയ ഗോപിനാഥൻ നായരുടെ കൂടെ ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ഈ ഗ്രാമത്തിൽ ആശ്രമം പോലത്തെ വീട്ടിൽ ജൈവകൃഷിയും ആയുർവ്വേദ മരുന്നുൽപ്പാദനവുമായി കഴിയുന്നു. പ്രായമായി. ഞങ്ങള്‍ ചായ കുടിച്ച് പിരിഞ്ഞു. സമയം വൈകുന്നേരമായി. കൃഷിപ്പാടത്തെ പണി കഴിഞ്ഞു വരുന്നവര്‍. കുട്ടികളെയും കൊണ്ട് വീട്ടിലേക്ക് പോകുന്ന സ്ത്രീകൾ.

ങ്ങൾ യാത്ര തുടർന്നു. കുനൌളി ബോർഡർ ഇതിനടുത്താണ്. മെയിൻ റോഡിൽ നിന്ന് അറുപത് രൂപ കൊടുത്താൽ ഷെയർ ഓട്ടോയിൽ പോകാം. നേപ്പാളിലേക്ക് നടന്ന് കയറാം. താഴാൻ തുടങ്ങുന്ന സൂര്യന്‍റെ ഭംഗിയോടൊപ്പം നോക്കിനിൽക്കെ ഇരുട്ടിലാഴുന്ന ഗ്രാമങ്ങൾ. തളർന്നുറങ്ങുന്ന ജീവിതങ്ങൾ. അങ്ങിങ്ങായി കാണുന്ന വെളിച്ചങ്ങൾ. ഇടയ്ക്കിടെ എതിർദിശയിൽ നിന്ന് വരുന്ന ട്രക്കുകൾ. സിംരാഹി എത്താനായി. സമയം ഏഴ് മണിയായി. ഇനി മുന്നോട്ട് ഭക്ഷണം കിട്ടാൻ സാധ്യത കുറവാണ്. ഇടയ്ക്ക് കയറാറുള്ള നീലേശ് ധാബയിൽ കയറി സുക്ക റൊട്ടിയും പാവക്ക സബ്ജിയും കഴിച്ചു ഞങ്ങള്‍ യാത്ര തുടങ്ങുമ്പോഴേക്കും ബീര്‍പ്പൂര്‍ എത്താന്‍ വൈകും എന്നാലോചിച്ചു.

സിംരാഹി എന്ന അത്ഭുതം

വണ്ടി സിംരാഹി എത്തി ഇടത്തോട്ട് ചെറിയ റോഡിലേക്ക് തിരിച്ചു. നേരെ പോയാൽ പ്രതാപ്ഗഞ്ച് ഫോർബ്സ്ഗഞ്ച് അരാരിയ കിഷൻഗഞ്ച് ബംഗാള്‍. വലത്തോട്ട് തിരിഞ്ഞു പോയാൽ രാഘോവ്പൂർ ബേഗുസരായി വഴി പാറ്റ്നയ്ക്കും ഭഗൽപൂർക്കും മറ്റും പോകാം.

സിംരാഹി അങ്ങാടി പൂര്‍വകാല ജീവിതത്തിന്‍റെ ബാക്കിപത്രമാണ്. ഇന്നും മാറാൻ കൂട്ടാക്കാത്തയിടം. പഴയ രീതിയിലുള്ള കെട്ടിടങ്ങളും ജീവിതവും. റോഡിന് വീതി കുറഞ്ഞുവന്നു. ഭൂമിക്കുള്ളിലേക്ക് പോകുന്നത് പോലെ തോന്നും സിംരാഹി ബീര്‍പ്പൂര്‍ യാത്ര. ഇവിടെ നിന്ന് മുപ്പത്തെട്ട് കിലോമീറ്റര്‍ ഉണ്ട് ഇനിയും ബീർപ്പൂരിലേക്ക്. വാഹനം രത്തൻപുര എന്ന ചെറിയ അങ്ങാടിയും കഴിഞ്ഞ് കോശിനദിയിൽ നിന്നുൽപ്പാദിപ്പിക്കുന്ന വൈദ്യുതി നിലയവും കടന്ന് ഭഗന്‍ ചൗക്കിൽ എത്തി. ഇടത്തോട്ട് തിരിഞ്ഞാൽ നേപ്പാൾ അതിര്‍ത്തി ഭണ്ടേവാടിക്ക് വെറും നാല് കിലോമീറ്റര്‍ മാത്രം. വലത്തോട്ട് ബീർപ്പൂർക്ക് ലക്ഷ്യമാക്കി യാത്ര തുടർന്നു. ഇനിയും ഏഴ് കിലോമീറ്റർ. രാത്രിയായത് കൊണ്ട് ജീവിതം നിശ്ചലചിത്രങ്ങളെപ്പോലെ. പതിയെ ബീർപ്പൂരിലെത്തി. മുൻകൂട്ടി പറഞ്ഞതനുസരിച്ച് തിരുപ്പതി ഗസ്റ്റ്ഹൗസിൽ മുറി പറഞ്ഞിരുന്നു. ഇതാണിവിടെ താമസിക്കാനുള്ള ഏകയിടം. അതിർത്തി സുരക്ഷാസേനയുടെ സജീവ സാന്നിദ്ധ്യമുള്ളയിടം. ഇവിടം പത്തറുപത് വർഷങ്ങൾക്ക് മുൻപ് വളരെ സജീവമായിരുന്നു. നെഹ്റുവിന്‍റെ കാലത്ത് കോശി ബരാജ് നിർമ്മാണ വേളയിൽ ഒട്ടേറെ ജോലിക്കാർ താമസിച്ച് സജീവമായിരുന്ന ഇടം. ഇന്ന് ആളൊഴിഞ്ഞ സ്ഥലമാണ്‌ ബീര്‍പ്പൂര്‍.

ചണകൃഷി

പകല്‍വെളിച്ചത്തില്‍ ഇതിലൂടെ സഞ്ചരിക്കുമ്പോള്‍ ധാരാളമായി കാണുന്ന ഒരു കാഴ്ചയാണ് ചണകൃഷി. വടക്കന്‍ ബീഹാറില്‍ പ്രത്യേകിച്ചും കോശി നദിയുടെ മടിത്തട്ടില്‍ ധാരാളമായി കണ്ടിരുന്നു ചണകൃഷി. പഴയ പ്രതാപകാലം കഴിഞ്ഞെങ്കിലും നിറഞ്ഞ വെള്ളത്തില്‍ കാണാന്‍ പറ്റുന്ന ഒരു കൃഷിയാണിത്. ആറടിക്ക് മേലെ വളരുന്ന ശക്തമായ വേരുകളുള്ള ഇടതിങ്ങി നില്‍ക്കുന്ന തണ്ടുകള്‍ ശക്തമായ വെള്ളത്തിന്‍റെ ഒഴുക്കിനെ ചെറുക്കുന്നു. ഇലകള്‍ കൊണ്ടിവര്‍ ചമ്മന്തിയുണ്ടാക്കുന്നു. അടുത്ത കൃഷിക്ക് ഇതിന്‍റെ ഇലകള്‍ വീണ് മണ്ണ് ഫലഭൂയിഷ്ഠമാകുന്നു. ചണം വെട്ടി വെള്ളത്തില്‍ പൊതിര്‍ത്ത് ദിവസങ്ങള്‍ക്ക് ശേഷം എടുത്ത് തല്ലിയെടുത്തുതുണ്ടാക്കുന്ന ചണനാരുകള്‍ നല്ല കണ്ണാടിപോലെ തിളങ്ങും. ദരിദ്രജനങ്ങളുടെ അവശേഷിക്കുന്ന ഒരു ജീവിതമാര്‍ഗമായിരുന്നു ചണക്കൃഷി. പ്രകൃതിക്കിണങ്ങുന്ന ചണനാരുകളും ചാക്കുകളും ഇന്ന് വിരളമായി. അന്യം നിന്നുകൊണ്ടിരിക്കുന്ന കൃഷിയായി ഇന്നിത് മാറി.

ബീര്‍പ്പൂര്‍ എത്തുമ്പോള്‍

തിരുപ്പതി ഗസ്റ്റ്ഹൗസിലെ മാനേജർ ഒരു പയ്യനാണ്. ചിരി കോണിൽ ഒളിപ്പിച്ച സ്വന്തം ചിലവിൽ ഗ്രാമങ്ങളിൽ പോയി മരത്തൈകൾ നടുന്ന പ്രശാന്ത്. മുളകൊണ്ടുള്ള ഗേറ്റ് കടന്നപ്പോൾ പ്രശാന്ത് കാത്തു നിൽക്കുന്നുണ്ടായിരുന്നു. ചങ്ങായിക്കിഷ്ടപ്പെട്ട കോഴിക്കറിയും റൊട്ടിയും ഉണ്ടാക്കി വെച്ചിരുന്നു. അത് കഴിച്ച് ഉറങ്ങാൻ കിടന്നു. അപ്പോഴേക്കും സമയം പതിനൊന്നരയായിരുന്നു. നാളെ ഗ്രാമങ്ങളിലേക്കുള്ള യാത്രയാണ്.

രാവിലെ ഉണരുന്നത് മനോജ് എന്ന കുട്ടി സഹായിയുടെ ശബ്ദം കേട്ടിട്ടാണ്. ഞാൻ പുറത്തേക്കിറങ്ങി. മനോജ് ചിരിയോടെ ഓടിവന്ന് ചായ വേണോ എന്ന് ചോദിച്ചു. ഇപ്പോ വേണ്ടാ എന്ന് പറഞ്ഞ് നടക്കാനിറങ്ങി. റോഡിന് വശങ്ങളില്‍ ബാർബർ ഷോപ്പുകള്‍ സജീവം. മുളകൾ കയറ്റിയ കാളവണ്ടികൾ നിരനിരയായി പോകുന്നു. മുളകൾ ഇവിടെ സുലഭമാണ്. ഇത് പട്ന വരെ എത്തുന്നു. മുന്നിൽ വലത് വശത്ത് 1960 കളിൽ പണികഴിപ്പിച്ച ഉപേക്ഷിച്ച പവർഹൗസ്. വീണ്ടും മുന്നോട്ട് പോയപ്പോള്‍ റോഡ്‌ രണ്ടായി പിരിയുന്ന സ്ഥലത്ത് കുശിനിപ്പീടിക നടത്തുന്ന ബിന്ദുപ്രസാദിനെ കണ്ടു. 2008 ലെ വെള്ളപ്പൊക്കത്തിൽ എല്ലാം നശിച്ചപ്പോൾ ഗ്രാമത്തിൽ നിന്ന് കുടുംബത്തോടെ ബീർപ്പൂരിലേക്ക് ചേക്കേറിയതാണ്‌. ഇപ്പോള്‍ റോഡിനരികിൽ ടെന്റ് കെട്ടി താമസിക്കുന്നു. ചാണകം മെഴുകിയ ചായക്കട. ചായക്ക് നല്ല രുചി. കഥകൾ പറഞ്ഞ് വീണ്ടും ചായ കുടിച്ചു. ചായക്ക് അഞ്ചു രൂപയാണ്.

ഞാൻ കുറച്ച് കൂടുതൽ കൊടുത്തു. തൊട്ടടുത്ത് സീമാ സുരക്ഷാ ദളിന്‍റെ ഹെഡ്ക്വാർട്ടേഴ്സ്. ഞാൻ മുന്നോട്ട് നടന്നു. അശോക്‌ നേരത്തെ തന്നെ തിരുപ്പതി ഗസ്റ്റ്‌ ഹൌസില്‍ വന്നു. ഗ്രാമത്തിലേക്ക് പുറപ്പെട്ടു. ജാഗേ അറാജി എന്ന ഗ്രാമത്തിലേക്കാണ് ആദ്യയാത്ര. ബസന്ത്പൂര്‍ ബ്ലോക്കിലെ ബീര്‍പ്പൂരില്‍ എന്‍റെ ഇഷ്ടപ്പെട്ട ഒരു ഗ്രാമമാണ്‌ ജാഗേ അരാജി. പ്രളയത്തിലും കഷ്ടപ്പാടിലും സ്ത്രീ നേത്രുത്വങ്ങളിലൂടെ തിരിച്ചുവരുന്ന ജീവിതങ്ങള്‍.

ഇവിടെ വര്‍ഷങ്ങള്‍ക്ക് മുന്പ് നാലടിയോളം മണല്‍ കുമിഞ്ഞുകൂടി കൃഷി മൊത്തം നശിച്ചിരുന്നു. ഇന്നവര്‍ അതെല്ലാം തിരിച്ചുപിടിച്ചു കൊണ്ടിരിക്കുന്നു. പുതിയ അറിവുകളുടെയും പഴയ രീതികളുടെയും സമന്വയം. അവിടെനിന്ന് മാല്‍കൊശ്കാപ്പൂര്‍ എന്ന ഗ്രാമത്തിലേക്ക് നടക്കുമ്പോള്‍ തിരിച്ചുപോകാതെ ഇവിടെത്തന്നെ നില്‍ക്കട്ടെ എന്ന് മനസ്സ് പറഞ്ഞു.

(തുടരും)

Comments
Print Friendly, PDF & Email

യാത്രികൻ. പരിസ്ഥിതിപ്രവർത്തകൻ, എഴുത്തുകാരൻ,

You may also like