പൂമുഖം Travelയാത്ര അയ്റാന്‍–ടര്‍ക്കിഷ് ഇംഗ്ലീഷ്–ബോസ്ഫറസ്

അയ്റാന്‍–ടര്‍ക്കിഷ് ഇംഗ്ലീഷ്–ബോസ്ഫറസ്

(ഇസ്താംബുള്‍ യാത്രാനുഭവം തുടരുന്നു)

ഹാളും രണ്ട് മുറികളും തുറന്ന അടുക്കളയും ഉള്ള ഒരു Airbnb യിലായിരുന്നു അഞ്ചു ദിവസത്തെ ഇസ്താംബുള്‍ വാസം. എല്ലാ എഴുത്തും ടര്‍ക്കിഷ് ഭാഷയില്‍ ആയിരുന്നതുകൊണ്ട് ടി വി പ്രവര്‍ത്തിപ്പിക്കുന്നതിനടക്കം സഹായം ആവശ്യമായി വന്നു. പ്രശ്നം ലളിതമായി വിശദീകരിച്ച് വീട്ടുടമയ്ക്ക് ഞങ്ങള്‍ സന്ദേശം അയയ്ക്കും. സംശയത്തിന് ഇട തരാത്ത മട്ടില്‍ പടിപടിയായി നമ്പറിട്ട് കാര്യങ്ങള്‍ വ്യക്തമാക്കുന്ന ഒരു സെല്‍ഫ് ഹെല്‍പ്പ് വീഡിയോ നിമിഷങ്ങള്‍ക്കുള്ളില്‍ മറുപടിയായെത്തും.
ടി.വി. പ്രഭൃതികള്‍ പത്തി മടക്കും!
സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരിക്കുന്ന ഷെല്‍ഫിലെ പുസ്തകങ്ങളില്‍ പോലും ഒരു ഹാരോള്‍ഡ് റോബിന്‍സ് ഒഴികെ എല്ലാം ടര്‍ക്കിഷ് ഭാഷയില്‍ ഉള്ളവയായിരുന്നു!
അഞ്ച് ദിവസത്തെ ഇസ്താംബുള്‍ വാസത്തിനിടെ പുറത്തിറങ്ങിയപ്പോഴൊക്കെ ഗൂഗ്ള്‍ ട്രാന്‍സ്ലേറ്റായിരുന്നു ദ്വിഭാഷി. ചോദ്യം ഇംഗ്ലീഷില്‍ നിന്ന് ടര്‍ക്കിഷിലേയ്ക്കും പ്രതികരണം തിരിച്ചും അനായാസം പരിഭാഷപ്പെടുത്തി എന്തിനും പോന്ന ‘എന്തിരന്‍’!
തുര്‍ക്കിക്കാര്‍ക്ക് അവരുടേതായ (ടര്‍ക്കിഷ്) ഇംഗ്ലീഷ് ഉണ്ട്- എഴുത്തുഭാഷയിലും തനിമ പുലര്‍ത്തുന്ന ഒന്ന്. റോഡിനോട് ചേര്‍ന്ന നടപ്പാതയില്‍ ടെലികോംകാരുടെ ഭൂഗര്‍ഭ കേബ്ള്‍ ചേംബറിന്‍റെ രണ്ട് ലോഹമൂടികളിലാണ് അതിന്‍റെ ഉദാഹരണം ആദ്യമായി കണ്ടത്.
TELEKOM, TELEFON!
ആദ്യം കരുതിയത് ചില ബ്രാന്‍ഡ് നാമങ്ങളില്‍ കണ്ടിട്ടുള്ളതുപോലെ ശ്രദ്ധാപൂര്‍വം വരുത്തിത്തീര്‍ത്ത ഒരശ്രദ്ധയാണെന്നാണ്. തുണിക്കടയുടെ ബോര്‍ഡില്‍ TEKSTIL കണ്ടപ്പോള്‍ കാര്യം വിചാരിച്ചത്ര ലളിതമല്ലെന്ന് അഥവാ വിചാരിച്ചതിനേക്കാള്‍ ലളിതമാണെന്ന് മനസ്സിലായി.
നൂറ്റാണ്ടുകളുടെ പഴക്കമുള്ള കൊട്ടാരത്തിലും പള്ളികളിലും കമ്പോളങ്ങളിലും മെട്രോ സ്റ്റേഷനുകളിലും നടക്കുമ്പോള്‍ വഴിയിലെ ബോര്‍ഡുകളത്രയും അരിച്ചുപെറുക്കുന്ന ഒരു ഇംഗ്ലീഷ് മാഷായി ഞാന്‍.
കണ്ണില്‍ തടഞ്ഞ ചില മുത്തുകൾ :
TEKNOLOJI, ELEKTRIK , KEK (cake), DANS (Dance), OFIS (Office), TEKNIK, ENERJI.
ദുര്‍മ്മേദസ്സ് ഒഴിവാക്കി, കൃശഗാത്രരായി പദങ്ങള്‍ ! സാരമറിയാന്‍ അത്ര വേണം – പക്ഷേ അത്രയേ വേണ്ടൂ എന്നാണ് ടർക്കിഷ് ഇംഗ്ലീഷിന്‍റെ നിലപാട്!

Energy യെക്കാൾ energy, ENERJI ക്ക് തന്നെ.

താമസസ്ഥലത്ത് റോഡുകളുടെ രണ്ട് വശത്തുമായി നാല് നിലകളില്‍ പല നിരകളില്‍ ഒരേ അച്ചില്‍ വാര്‍ത്ത പുറംപകിട്ടില്ലാത്ത ഫ്ലാറ്റ് സമുച്ചയങ്ങള്‍ നീണ്ടുകിടന്നു. നെറ്റിയില്‍ വരകളും കുറികളുമായി കാണാറുള്ള ലണ്ടനിലെ ‘പഞ്ചഭൂജ-ചതുര്‍ഭുജ-സ്തംഭരൂപങ്ങ’ളില്‍ നിന്ന് കെട്ടിലും മട്ടിലും വ്യത്യസ്തം. അവയിലൊന്നിലെ രണ്ടാം നിലയിലായിരുന്നു ഞങ്ങള്‍. കോണ്‍ക്രീറ്റ് ചുറ്റുകോണിയുടെ പടികളും കൈവരിയും ബെങ്ഗളൂരുവിലെ സര്‍ക്കാരാപ്പീസുകളില്‍ കാണാറുള്ളവയെ പോലെ വീതിയും വെളിച്ചവും കുറഞ്ഞും മുഷിഞ്ഞും കാണപ്പെട്ടു. വീട്ടിന്നകത്ത് പക്ഷേ നല്ല പ്രകാശവും വൃത്തിയും വെടിപ്പും ആധുനിക സൌകര്യങ്ങളുമുണ്ടായിരുന്നു.
അര്‍ദ്ധരാത്രി കഴിഞ്ഞിരുന്നു തലേന്ന് എയര്‍പോര്‍ട്ടില്‍ നിന്ന് ഫ്ലാറ്റിലെത്തിയപ്പോള്‍. ലണ്ടനില്‍ നിന്ന് ഇസ്താംബുളിലേയ്ക്കുള്ള യാത്ര താഴ്ന്ന താപനിലയില്‍ നിന്ന് ചൂടുള്ള വെയിലിലേയ്ക്കും പൊതുസ്ഥലങ്ങളിലെ അച്ചടക്കത്തില്‍ നിന്ന് അച്ചടക്കമില്ലായ്മയിലേയ്ക്കും ഉള്ള യാത്ര കൂടിയായിരുന്നു.
ആദ്യത്തേതിന് പരിഹാരം അയ്റാന്‍ (Ayran) എന്ന ഉപ്പിട്ട് തണുപ്പിച്ച കട്ടിത്തൈരായിരുന്നു. രുചിയില്‍ നാട്ടിലെ തണുത്ത സംഭാരത്തിന്‍റെ സാന്ദ്രമായ ഈ രൂപഭേദം തുര്‍ക്കിയുടെ ദേശീയ പാനീയമായി വാഴ്ത്തപ്പെടാറുണ്ട്. രണ്ട് മാസങ്ങള്‍ക്ക് ശേഷം ഇതെഴുതുമ്പോഴും നാത്തുമ്പത്ത് ബാക്കിനില്‍ക്കുന്ന സ്വാദും തണുപ്പും. പലചരക്ക് കടകളിലും ബേക്കറികളിലും ഹോട്ടലുകളിലും ലഭ്യമായിരുന്ന അയ്റാന്‍ ഏത് ഭക്ഷണത്തോടൊപ്പവും ചേരും- മറ്റ് ഏത് പാനീയത്തിനും പകരവുമാവും. വെയിലത്തുള്ള നടത്തകളില്‍ ഞങ്ങള്‍ എപ്പോഴും കൂടെ കരുതിയിരുന്നു. ഒരു ലിറ്റര്‍ കുപ്പികള്‍ ഒരുപാടെണ്ണം കാലിയാക്കി ആ അഞ്ചു ദിവസങ്ങളില്‍.

അയ്റാൻ എന്ന തണുത്ത കട്ടിത്തൈര്

രണ്ടാമത് പറഞ്ഞ കാര്യം നമ്മുടെ നാടിന്‍റെ ശീലവുമായതുകൊണ്ട് നമ്മെ അലോസരപ്പെടുത്തില്ല. ബെങ്ഗളൂരുവിലും മുംബൈയിലും ദില്ലിയിലും കണ്ടതില്‍ കവിഞ്ഞ അച്ചടക്കരാഹിത്യമൊന്നും അവിടെയുമില്ല.
ഇന്ത്യയുമായുള്ള സമയവ്യത്യാസം നാലര മണിക്കൂറില്‍ നിന്ന് രണ്ടര മണിക്കൂറായി ചുരുങ്ങി. മൂന്ന് മണിക്ക് പുറപ്പെട്ട് നാല് മണിക്കൂര്‍ പറന്ന് ഇസ്താംബുളില്‍ എത്തിയപ്പോള്‍ അവിടെ രാത്രി ഏഴുമണിക്ക് പകരം ഒമ്പത് മണിയായിരുന്നു! എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തെത്തി ടാക്സിയില്‍ താമസസ്ഥലത്തെത്തിയപ്പോള്‍ അര്‍ദ്ധരാത്രിയോടടുത്തു.

രാവിലെ വൈകിയേ എഴുന്നേറ്റുള്ളു. ബ്രെഡും ഓംലെറ്റും കോഫിയും കഴിച്ച് ഉച്ചവരെ ജനാലകളിലൂടെ പരിസരനിരീക്ഷണവുമായി കൂടി.
റോഡിനിരുവശവും ഒരറ്റം മുതല്‍ മറ്റേയറ്റം വരെ അടുത്തടുത്ത് സമാന്തര പാര്‍ക്കിംഗ് ചെയ്ത് കാറുകള്‍- അവക്കിടയിലുള്ള സ്ഥലങ്ങളില്‍ ട്രാഷ് ട്രക്കിന്‍റെ വരവ് കാത്ത് കാലിക്കുപ്പികളും മാലിന്യം നിറച്ച് അറ്റം ചേര്‍ത്തുകെട്ടിയ പ്ലാസ്റ്റിക് ഉറകളും- വഴിയോര നടപ്പാതകളില്‍ പതിച്ചിരിക്കുന്ന ടൈലുകള്‍ കൂടിച്ചേരുന്നിടത്തെ വിടവുകള്‍ മുഴുവനും നേരത്തേ സൂചിപ്പിച്ചതുപോലെ ജനലിലൂടെ കാണാവുന്ന മട്ടില്‍ ചതഞ്ഞ സിഗററ്റ് കുറ്റികള്‍-
ഓര്‍ഹന്‍ പാമുക്കിന്‍റെ മ്യൂസിയം ഓഫ് ഇന്നൊസെന്‍സിലെ നായിക ഫ്യൂസുന്‍ വലിച്ചതെന്ന് സാക്ഷ്യപ്പെടുത്തി 4213 സിഗററ്റുകുറ്റികള്‍ ഒട്ടിച്ച് കുത്തനെ നിര്‍ത്തി പ്രദര്‍ശിപ്പിച്ചിരിക്കുന്ന കണ്ണാടിക്കൂടിട്ട ബോര്‍ഡ് ഞങ്ങള്‍ കാണുന്നത് അന്നുച്ചയ്ക്ക് പുറത്തിറങ്ങിക്കഴിഞ്ഞാണ്. ഇതേക്കുറിച്ച് മുന്‍പ് പരാമര്‍ശിച്ചിരുന്നു.


ശ്വാസോച്ഛ്വാസം പോലെ സ്വാഭാവികമാണ് ഇസ്താംബുളിന് പുകവലി- അതില്‍ സ്ത്രീപുരുഷവ്യത്യാസമില്ല. പല റെസ്റ്റോറന്‍റുകളുടെയും മുന്നില്‍, വീതിയുള്ള നടപ്പാതകളുടെ പാതി ഭാഗം കടയുടെ തുറന്ന, താത്ക്കാലിക എക്സ്റ്റെന്‍ഷനുകള്‍ ആണ്. അവിടെ നാലഞ്ച് കുഞ്ഞിക്കസേരകളും അവയ്ക്ക് നടുവില്‍ പൊക്കം കുറഞ്ഞ ഓരോ ടീപ്പോയിയും എന്ന നിലയിലായിരുന്നു സജ്ജീകരണം. ഓരോ ടീപ്പോയിപ്പുറത്തും വെച്ചിരുന്ന,ആഷ്ട്രേ എല്ലായ്പ്പോഴും എല്ലായിടത്തും നിറഞ്ഞുകവിഞ്ഞ നിലയിലായിരുന്നു.
മിക്കവാറും വീടുകളുടെ മുന്നില്‍ രണ്ട് പാത്രങ്ങളിലായി ഭക്ഷണവും വെള്ളവും വെച്ചിരുന്നു. തെരുവ് പൂച്ചകള്‍ക്കായിട്ടാണ് അതെന്ന് മനസ്സിലായത് പിന്നീടാണ്.
സിഗററ്റ് പോലെ ഇസ്താംബുളിനെ അടയാളപ്പെടുത്തുന്നു പൂച്ചകളും!
പാമുക് കഥാപാത്രത്തിന്‍റെ ‘After all a woman who doesn’t love cats is never going to make a man happy.’ എന്ന നിരീക്ഷണം ഈ പ്രദേശത്തെ സംബന്ധിച്ച് അതിശയോക്തിയാവാന്‍ സാദ്ധ്യതയില്ല.
പൂച്ചപ്രേമമെന്ന അളവുകോൽ!
അപൂർവം ഇടങ്ങളിൽ, കൊഴുത്തുരുണ്ട തെരുവ് നായ്ക്കളെ കണ്ടു. കുരയ്ക്കാതെ, വളർത്തുനായ്ക്കളുടെ മര്യാദകളോടെ ആൾക്കാരെ നോക്കിക്കണ്ടുകൊണ്ടിരുന്നവര്‍ !
ഉച്ച കഴിഞ്ഞേ പുറത്തിറങ്ങിയുള്ളൂ. ആദ്യം പോയത് മ്യൂസിയം ഓഫ് ഇന്നൊസെന്‍സ് കാണാനായിരുന്നു. ഇതിന് മുന്‍പത്തെ കുറിപ്പില്‍ അസാധാരണമായ ആ അനുഭവത്തെ കുറിച്ചെഴുതിയിരുന്നു.
അധികം ദൂരെയല്ലാതെ സ്ഥിതി ചെയ്യുന്ന സ്പൈസ് ബസാറിലേയ്ക്കാണ് അവിടെ നിന്ന് പോയത്. ഈജിപ്ഷ്യന്‍ ബസാര്‍ എന്നും ഇതറിയപ്പെടുന്നു . പാരമ്പര്യ ഓട്ടോമന്‍
ശില്‍പശൈലിയില്‍ നിര്‍മ്മിച്ചിരിക്കുന്ന, സുഗന്ധവ്യഞ്ജനങ്ങളുടെ ചന്തയ്ക്ക് വളരെ ഉയരത്തില്‍ കമാനാകൃതിയിലുള്ള മേല്‍ക്കൂരയുണ്ട്. അത് ഉടനീളം ചിത്രപ്പണികള്‍
കൊണ്ട് അലങ്കരിച്ചിരിക്കുന്നു. തുടരെത്തുടരെയുണ്ടായ അഗ്നിബാധകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് സുരക്ഷാനടപടിയുടെ ഭാഗമായി, പിന്നീട് വന്നവയാണത്രെ മേല്‍ക്കൂരകള്‍. 1515, 1548, 1588, 1618, 1645, 1652, 1658,1660,1687, 1688, 1695, 1701, 1750, 1791 എന്നിങ്ങനെ അഗ്നിബാധകളുണ്ടായ വര്‍ഷങ്ങളുടെ പട്ടിക നീളുന്നു! ഇസ്താംബുളിലെ അഗ്നിബാധകളുടെ ചരിത്രം – കാരണങ്ങളും ഫലങ്ങളും പരീക്ഷിച്ച പ്രതിവിധികളും- രേഖകളിലുണ്ട്. ഇടക്കിടെ അഗ്നിബാധയുണ്ടാവുന്നത് ഏറെക്കുറെ ഒരു പ്രകൃതിനിയമമാണെന്ന വിശ്വാസം കൊണ്ടുനടന്നവര്‍ ഉണ്ടായിരുന്നു. അഗ്നിബാധ ഉണ്ടാവാനോ പടര്‍ന്ന് പിടിക്കാനോ കാരണമാവുന്നുണ്ടാവാമെന്ന ധാരണയില്‍ രാജ്യത്ത് പുകവലി നിരോധിച്ച കാലമുണ്ടായിരുന്നു. അഗ്നിബാധ തടയാന്‍ ചുമതലപ്പെടുത്തി ഉദ്യോഗസ്ഥരെ നിയമിച്ച ഉദാഹരണവുമുണ്ടായിരുന്നു എന്ന് വായിച്ചു. തീപ്പിടുത്തമുണ്ടാവാന്‍ കാരണമാവുന്ന സാഹചര്യങ്ങള്‍ മുന്‍കൂര്‍ കണ്ടെത്തി തടയേണ്ടത് ഇക്കൂട്ടരുടെ ഉത്തരവാദിത്വമായിരുന്നു. ഇതില്‍ വീഴ്ച വരുത്തുന്നവര്‍ ശിക്ഷിക്കപ്പെട്ടിരുന്നു. രാജകൊട്ടാരമായ ടോപ്കപിയില്‍ അഗ്നിബാധ ഉണ്ടായപ്പോള്‍ ആണ് നിയമത്തില്‍ അയവുണ്ടായത്.

ഏറ്റവും വലിയ ക്ലോസ്ഡ് മാര്‍ക്കറ്റുകളില്‍ രണ്ടാം സ്ഥാനമാണ് സ്പൈസ് ബസാറിന്. നാനൂറിലധികം വര്‍ഷം മുന്‍പ് നിര്‍മ്മിച്ച ഇതിനെ ഒരു പരിധി വരെ ഇന്നത്തെ മാളുകളുടെ ഒറ്റ നിലയിലുള്ള ആദ്യകാലതലമുറയായി കണക്കാക്കാം. എണ്‍പത്തഞ്ച് കടകളാണ് ബസാറില്‍ ഉള്ളത്. സുഗന്ധവ്യഞ്ജനങ്ങള്‍ എന്ന ആദ്യരീതിയില്‍ നിന്നു മാറി ഇവയില്‍ പലതിലും ഇന്ന് മധുരപലഹാരങ്ങളും ഡ്രൈ ഫ്രൂട്ടുകളും ആഭരണങ്ങളും സ്മരണികകളും അടക്കം മറ്റ് ഉല്‍പ്പന്നങ്ങളും വില്‍ക്കപ്പെടുന്നു. ഞങ്ങളെ പോലെ കാഴ്ചയില്‍ തന്നെ ഇന്ത്യക്കാരാണെന്ന് തിരിച്ചറിയാവുന്നവരെ ‘ഞാന്‍ ഷാറൂഖ് ഖാനാണ്’, ‘എന്‍റെ പേര്‍ സല്‍മാന്‍ ഖാന്‍ എന്നാണ്’ എന്ന് വിളിച്ചു പറഞ്ഞ് കടകളിലേയ്ക്ക് ക്ഷണിക്കുന്ന ചെറുപ്പക്കാര്‍ കൌതുകമുണര്‍ത്തി. ചിരിച്ചും പലതരം ചായകളും മധുരപലഹാരങ്ങളും രുചിച്ചുനോക്കാന്‍ അവസരമൊരുക്കിയും ‘മമ്മി- ഡാഡി- സിസ്റ്റര്‍’ വിളിയോടെയുള്ള സംഭാഷണങ്ങളില്‍ സന്ദര്‍ശകരെ സുഖിപ്പിച്ചും ഇവിടത്തെ കച്ചവടരീതി ഹൃദ്യമായ ഒരനുഭവമാണ്.
ക്ലോസ്ഡ് മാര്‍ക്കറ്റുകളില്‍ വലിപ്പം കൊണ്ട് ഒന്നാം സ്ഥാനം കെട്ടിലും മട്ടിലും സ്‌പൈസ് ബസാറിനെ ഓർമ്മിപ്പിക്കുന്ന ഗ്രാൻഡ് ബസാറിനാണ്. സ്പൈസ് ബസാറിനെക്കാള്‍ ഇരുനൂറ് കൊല്ലം പഴക്കമുണ്ട് ഇതിന്. അറുപതിലധികം തെരുവുകളിലായി പടര്‍ന്നുകിടക്കുന്ന ഗ്രാന്‍ഡ് ബസാറില്‍ നാലായിരത്തോളം കടകളുണ്ട്! ഒരു ദിവസം (അതെ, ഒരു ദിവസം!} രണ്ടര ലക്ഷത്തിനും നാല് ലക്ഷത്തിനും ഇടയ്ക്ക് സന്ദര്‍ശകര്‍ ഇവിടെ എത്തിപ്പെടുന്നുണ്ടെന്നാണ് കണക്ക്. മൂന്ന് വന്‍കരകളില്‍ പടര്‍ന്നുകിടന്ന ഒട്ടോമന്‍ സാമ്രാജ്യത്തിന്‍റെ, സുവര്‍ണകാലത്ത് ഗ്രാന്‍ഡ് ബസാര്‍ മദ്ധ്യധരണ്യാഴിപ്രദേശത്ത് എതിരാളികളില്ലാതെ നിന്നു. പാശ്ചാത്യ- യൂറോപ്യന്‍ രീതികള് ജനങ്ങള്‍ക്കിടെ പടര്‍ന്നതോടെയാണിതിന് മാറ്റം വന്നത്. മറുനാടന്‍ സംസ്കാരത്തിന്‍റെ കടന്നുകയറ്റത്തോടെ ഇസ്താംബുളിന് എങ്ങനെ, എത്രത്തോളം അതിന്‍റെ ആത്മാവ് നഷ്ടമായി എന്ന അന്വേഷണമാണ് ഒരളവോളം തന്‍റെ എഴുത്തെന്ന് ഒരഭിമുഖത്തില്‍ പാമുക് വെളിപ്പെടുത്തുന്നുണ്ട്.

ഗ്രാൻഡ് ബസാർ

കിഴക്ക്-പടിഞ്ഞാറ് ഏഷ്യ-യൂറോപ് വന്‍കരകളെ ബന്ധിപ്പിക്കുന്ന തുറന്ന വരാന്തയാണ് ഇസ്താംബുള്‍. വടക്ക് കരിങ്കടലിനും തെക്ക് മര്‍മര കടലിനും ഇടയിലെ വിഭജനവരമ്പും! വരമ്പിന് കുറുകെ രണ്ട് കടലിനെയും കൂട്ടിക്കെട്ടി, ഒരു കൈത്തോടിന്‍റെ ബൃഹദ്രൂപമായി ബോസ്ഫറസ് കടലിടുക്കും. കമിഴ്ത്തിക്കിടത്തിയ കേരളം പോലെ തോന്നി ഒരളവ് വരെ ഭൂപടത്തില്‍ ഈസ്താംബുള്‍ ! നഗരത്തിന്‍റെ യൂറോപ്യന്‍ പകുതിയിലാണ് ഞങ്ങള്‍ താമസിച്ചത്. സന്ദര്‍ശകര്‍ അന്വേഷിച്ചുവരുന്ന മിക്കവാറും ചരിത്രസ്മാരകങ്ങളും കാഴ്ചകളും ഇവിടെയാണ്. ഇടയ്ക്കൊരു ദിവസം ഫെറിയില്‍ ബോസ്ഫറസ് താണ്ടി ഏഷ്യന്‍ പകുതിയിലും പോയിരുന്നു. ഒരു പകല്‍ അവിടെ ചെലവഴിച്ചു. കണ്ടിടത്തോളം മാത്രം അടിസ്ഥാനമാക്കി ഒറ്റ വാക്യത്തില്‍ പറഞ്ഞാല്‍ പട്ടണവും ഗ്രാമവും തമ്മിലുള്ള വ്യത്യാസം പോലെ എന്തോ ആണനുഭവപ്പെട്ടത്. വേഗം ഒരല്പം കുറഞ്ഞ് ശാന്തപ്രകൃതിയായി തോന്നി ഏഷ്യന്‍ വശം. താമസിച്ചിരുന്ന സ്ഥലം മാറ്റിനിര്‍ത്തിയാല്‍ ഹുക്ക പാര്‍ലറുകളും കടകളില്‍ കണ്ട അറ്റം കൂര്‍ത്ത് വളഞ്ഞ ചെരിപ്പുകളും റെഡിമെയ്ഡ് തലപ്പാവുകളും ഒരു നാടക ട്രൂപ്പിന്‍റെ ഗ്രീന്‍ റൂമിലെന്നതുപോലെ മെടഞ്ഞും പിന്നിയും പ്രദര്‍ശിപ്പിച്ചിരുന്ന കൃത്രിമ തലമുടികളും റെസ്റ്റോറന്‍റുകളില്‍ ടര്‍ക്കിഷ് കോഫി കൊണ്ടുവന്നിരുന്ന നടു ഉള്ളിലേയ്ക്ക് വളഞ്ഞ ചെറിയ കുപ്പിഗ്ലാസുകളും കൂറ്റന്‍ ഭരണികളും എണ്ണമറ്റ പള്ളികളും മീനാരങ്ങളും അയഞ്ഞ വലിയ കുപ്പായങ്ങളും മാന്യത അനുവദിക്കുന്നതില്‍ കൂടുതല്‍ നേരം നോക്കിയിരിക്കാന്‍ തോന്നുന്ന യുവസുന്ദരമുഖങ്ങളും ഇസ്താംബുളില്‍ പലയിടത്തും അറബിക്കഥയുടെ താളുകളിലൂടെയാണ് നടക്കുന്നതെന്ന തോന്നലുളവാക്കി.
അന്താരാഷ്ട്രവാണിജ്യവഴിയില്‍ തന്ത്രപ്രധാനമായ സ്ഥാനമാണ് ബോസ്ഫറസ് കടലിടുക്കിനുള്ളത്. (ബോസ്പോറസ് എന്നും ഉച്ചാരണം).

ചരിത്ര സ്മാരകങ്ങള്‍ അടക്കമുള്ള കെട്ടിടങ്ങള്‍ ഒരുപാട് പടയോട്ടങ്ങള്‍ കണ്ടവയാണ്. പലതും പലകാലങ്ങളില്‍ നവീകരിക്കപ്പെട്ടവയും പുനര്‍നിര്‍മ്മിക്കപ്പെട്ടവയും ആണ്. ഭൂകമ്പങ്ങളും അഗ്നിബാധകളും കാലാകാലങ്ങളായി നടന്നുവന്ന യുദ്ധങ്ങളും അധിനിവേശങ്ങളും നഗരത്തെ പലയാവര്‍ത്തി ഉടച്ചുവാര്‍ത്തിട്ടുണ്ട്. ബി സി ആറാം നൂറ്റാണ്ട് മുതല്‍ ഗ്രീക്- റോമന്‍- ഓട്ടോമന്‍ വാണിജ്യ- സാമ്രാജ്യത്വ താത്പര്യങ്ങള്‍ സംഘര്‍ഷഭൂമിയായാണ് ഈ പ്രദേശത്തെ കൊണ്ടുനടന്നിട്ടുള്ളത്. ഇസ്താംബുളിനെ രണ്ട് വന്‍കരകള്‍ക്കായി പകുത്ത് വിലങ്ങനെ കിടക്കുന്ന ആ ജലപാതയിലായിരുന്നു എല്ലാവരുടെയും കണ്ണ് ! ബോസ്ഫറസിന്‍റെ നിയന്ത്രണത്തിന് അന്താരാഷ്ട്ര വാണിജ്യത്തിന്‍റെ – അന്താരാഷ്ട്ര യുദ്ധങ്ങളുടെ – നിയന്ത്രണമെന്നും അര്‍ത്ഥം വരുന്ന സന്ദര്‍ഭങ്ങള്‍ ചരിത്രത്തില്‍ ഏറെയുണ്ട്. യുദ്ധസാമഗ്രികളുടെയും യുദ്ധക്കപ്പലുകളുടെയും കടലിടുക്കിലൂടെയുള്ള യാത്ര തടയാന്‍ തുര്‍ക്കിക്ക് കഴിയും.ഇത് യുദ്ധത്ത്തിന്‍റെ തീവ്രതയേയും വ്യാപനത്തേയും തടയുന്നതില്‍ കാര്യമായ പങ്ക് വഹിക്കും. നടന്നുവരുന്ന റഷ്യ- യുക്രൈന്‍ യുദ്ധത്തിലും ബോസ്ഫറസ്, ഘടകമായി കടന്നുവന്നു.
ബോസ്ഫറസ് കടലിടുക്കിന് ആ പേര് വന്നതിന് പിന്നില്‍ രസകരമായ ഒരൈതിഹ്യമുണ്ട്.
ഗ്രീക്കുകാരുടെ ദേവേന്ദ്രനാണ് സ്യൂസ്. ഭാര്യ ഹീര, സ്യൂസിന്‍റെ സഹോദരിയുമാണ്! ഹീരയുടെ പ്രഥമ പൂജാരിണിയാണ് അയോ. നമ്മുടെ ദേവേന്ദ്രനെ പോലെ സ്യൂസും പരസ്ത്രീബന്ധങ്ങള്‍ക്ക് കുപ്രസിദ്ധനാണ്.
സ്യൂസ് അയോവിന്‍റെ സൌന്ദര്യത്തില്‍ ആകൃഷ്ടനാവുന്നു. തന്‍റെ സൂചനകളെ അവഗണിച്ച അവളുമായി മൂടല്‍മഞ്ഞിന്‍റെ രൂപത്തില്‍ വന്ന് ബന്ധപ്പെടുന്നു. ഹീര ഇതറിഞ്ഞ് കുപിതയാവുന്നു. പത്നിയില്‍ നിന്ന് കാമുകിയെ രക്ഷപ്പെടുത്താന്‍ സ്യൂസ് അവളെ അഴകുള്ള ഒരു പശുക്കിടാവാക്കുന്നു. കള്ളക്കളി മണത്തറിഞ്ഞ ഇന്ദ്രാണി പശുക്കിടാവിനെ ചോദിച്ചുവാങ്ങുന്നു. ഒരു ഒലീവ് മരത്തില്‍ ബന്ധിച്ച് അതിന് കാവലായി സ്വന്തം വിശ്വസ്തനായ ആര്‍ഗസ് എന്ന നായയെ ചുമതലപ്പെടുത്തുന്നു. നൂറ് കണ്ണുകളുണ്ടായിരുന്നു അതിന്. അവയില്‍ പാതി ഉറങ്ങുമ്പോള്‍ മറ്റേ പാതി ഉണര്‍ന്നിരുന്നു. കാവല്‍ക്കാരനെ കബളിപ്പിച്ച് ഭര്‍ത്താവിന് കാമുകിയുമായി ബന്ധപ്പെടാനാവില്ലെന്ന് ഹീര ഉറപ്പിച്ചു. കഥ പറയുന്നതിലും കവിത ചൊല്ലുന്നതിലും സമര്‍ത്ഥനായ ഹെര്‍മിസ് എന്ന ദേവദൂതനെ ഇന്ദ്രന്‍ ആര്‍ഗസിനെ വകവരുത്താന്‍ നിയോഗിക്കുന്നു. ആട്ടിടയന്‍റെ വേഷത്തില്‍ വന്ന് കഥയും പാട്ടുമായി ഹെര്‍മിസ്, കാവല്‍നായയെ (അതിന്‍റെ നൂറ് കണ്ണുകളേയും) ഉറക്കുന്നു. ഉറക്കത്തില്‍ അതിനെ വധിച്ച് അയോയെ മോചിപ്പിക്കുന്നു. ആര്‍ഗസിന്‍റെ കണ്ണുകളത്രയും ഹീര തന്‍റെ പ്രിയ പക്ഷിയായ മയിലിന്‍റെ ദേഹത്ത് പതിച്ചുവെയ്ക്കുന്നു.
മയില്‍പ്പീലിയില്‍ കണ്ണുകളുണ്ടായത് അങ്ങനെയാണ് !
അയോയെ വിടാതെ കുത്തിനോവിച്ച് പീഡിപ്പിക്കാന്‍ ഹീര ഒരു കാട്ടുകടന്നലിനെ അയക്കുന്നു. ഭയന്ന് നാട് നീളെ അലഞ്ഞുനടന്ന പശുരൂപിയായ അയോ കടലിടുക്ക് താണ്ടി ഈജിപ്റ്റിലേയ്ക്ക് രക്ഷപ്പെടുന്നു.
അവിടെ വെച്ച് സ്യൂസ് മനുഷ്യരൂപം തിരിച്ചുനല്‍കി അവളെ സ്വന്തമാക്കുന്നു.
പശുക്കുട്ടി നീന്തിക്കടന്ന സ്ഥലം എന്ന അര്‍ത്ഥത്തില്‍ അന്ന് മുതലാണ് അത് ബോസ്ഫറസ് ആയത്.

Comments
Print Friendly, PDF & Email

You may also like