പൂമുഖം TRAVEL നമ്മള്‍ തൊടുന്ന ബീഹാര്‍ – ഭാഗം മൂന്ന്

നമ്മള്‍ തൊടുന്ന ബീഹാര്‍ – ഭാഗം മൂന്ന്

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

ഒറ്റപ്പെടലിന്‍റെ ഇടങ്ങള്‍

മധുബനി

മധുബനി ഇന്നും ഉണരാത്ത ഒരു നാടാണ്. പഴയ മിഥിലയുടെ ഭാഗം. മിഥിലാ/മധുബനി പെയിന്റിംഗ്. പടിഞ്ഞാറ് സീതാമാഡിയും കിഴക്ക് സുപ്പോളും, താഴെ ദര്‍ഭംഗയും വടക്ക് നേപ്പാളും. അതിനിടയിലെ ദാരിദ്ര്യത്തിന്‍റെ ഒറ്റപ്പെടലിന്‍റെ പെയിന്റിംഗ് ആണ് മധുബനി. മുന്‍പൊക്കെ മധുബനി പോവുക എന്നത് വളരെ ദുഷ്കരമായിരുന്നു. ഇന്ന് ഈസ്റ്റ്‌വെസ്റ്റ് കോറിഡോര്‍ വഴി ദര്‍ഭംഗയ്ക്കടുത്ത സക്രി വരെ യാത്ര സുഗമമാണ്. മുസഫര്‍പൂരില്‍ നിന്ന് ഏകദേശം എണ്‍പത് കിലോമീറ്റര്‍ വരും സക്രിക്ക്. സക്രി എത്തി ദേശീയപാതയില്‍ നിന്ന് താഴോട്ടിറങ്ങി ഇടത്തോട്ട് തിരിഞ്ഞാല്‍ നമുക്ക് മധുബനി ജയ്‌നഗര്‍ റോഡ്‌ പിടിക്കാം.

അങ്ങോട്ടുള്ള യാത്ര ദുഷ്കരമാണെന്നതുകൊണ്ട് തന്നെ യാത്ര സുഖം പകരുന്നതുമാണ്. സക്രി ഒരു ചെറിയ ജങ്ക്ഷന്‍ ആണ്. സക്രി റെയില്‍വേസ്റ്റേഷനും ചെറിയ അങ്ങാടിയും ഇവിടെനിന്ന് കുറച്ചകലെയാണ്. ഇവിടെ നിന്ന് സ്വന്തം വണ്ടിയിലോ അപൂര്‍വമായി കിട്ടുന്ന ബസ്സിലോ അല്ലെങ്കില്‍ വടക്കോട്ട്‌ പോകുന്ന ട്രക്കിലോ തീവണ്ടിയിലോ കയറി പോകാവുന്നതാണ്. ഇവിടുത്തുകാര്‍ ജയ്‌നഗറില്‍ നിന്ന് പട്നയ്ക്ക് പോകുന്ന തീവണ്ടി സമയം നോക്കി യാത്രകള്‍ നിശ്ചയിക്കുന്നു. പിന്നെ ചെറിയ സ്ഥലങ്ങളില്‍ ഷെയര്‍ ഓട്ടോകള്‍. ട്രാക്ടറുകള്‍. പാവങ്ങളുടെ കല്യാണത്തിന് ട്രാക്ടറുകള്‍ ഏറെ ഉപയോഗിക്കുന്നു.

ബസ്സിറങ്ങി സക്രി ജങ്ക്ഷനില്‍ കാത്തുനില്‍ക്കുമ്പോള്‍ അവിടെ നിര്‍ത്തിയിട്ട ബീഹാറില്‍ അപൂര്‍വമായി കാണുന്ന ഒരു ജീപ്പ് കണ്ടു. അങ്ങോട്ട്‌ ചെന്നപ്പോള്‍ ഉള്ളില്‍ ഒരാളിരിക്കുന്നു. പരിചയപ്പെട്ടു. അദ്ദേഹം ദര്‍ഭംഗയില്‍ പോയി മുളകള്‍ വിറ്റ പൈസ വാങ്ങിക്കാന്‍ പോയതാണ്. ജീപ്പ് ജയ്നഗറിലേക്കാണ്. ആശ്വാസമായി. പേര് രത്തന്‍സിംഗ്. രജ്പുത് അഹങ്കാരം മുഖത്തില്ല. ഏറെയൊന്നും സംസാരിക്കില്ലെങ്കിലും വിശ്വസിക്കാം എന്ന് തോന്നി. ഡീസലിന്‍റെ ചെലവ് മാത്രം കൊടുത്താല്‍ മതി എന്ന് മൈഥിലി കലര്‍ന്ന ഹിന്ദിയില്‍ പറഞ്ഞു. മ്മള്‍ ഓക്കേ. ജീപ്പ് പുറപ്പെട്ടു. വഴിയരികില്‍ കൂലിവേല ചെയ്ത് മടങ്ങുന്ന സ്ത്രീകളും കുട്ടികളും. ഇഷ്ടികപ്പാടങ്ങളും നെല്‍വയലുകളും. ദാരിദ്ര്യത്തിന്‍റെ കര്‍ട്ടന്‍ വിരിച്ച സാരിത്തലപ്പും ഉള്ളിന്‍റെ വിങ്ങലും.

അങ്ങിങ്ങായി റോഡിന് വീതികൂട്ടല്‍ പണി നടന്നുകൊണ്ടിരിക്കുന്നു. ജില്ലാ ആസ്ഥാനമായ മധുബനിയില്‍ എത്താന്‍ ഇനിയും ഇരുപതു കിലോമീറ്റര്‍ താണ്ടണം. രത്തന്‍ സിംഗ് പാന്‍ ചമച്ച് വണ്ടിയോടിക്കുന്ന ജോലിയിലാണ്. മറ്റൊന്നിലും ഒരു ശ്രദ്ധയുമില്ല. ഇങ്ങനെ ഒരാള്‍ മുന്നില്‍ സീറ്റില്‍ ഇരിക്കുന്നു എന്ന ഓര്‍മ പോലുമില്ലാതെ. ചമ്പാരന്‍ ജില്ലകള്‍ക്കൊപ്പം ഒട്ടേറെ കര്‍ഷക സമരങ്ങള്‍ നടന്നയിടം മധുബനി. ഭൂമിഹാര്‍ ഉത്ഭവ ചരിത്രങ്ങള്‍. ഓള്‍ ഇന്ത്യാ കിസാന്‍ സഭയുടെ ജനനം.

സന്ധ്യയാകാറായി. ഇരുള്‍ പരന്നുകഴിഞ്ഞാല്‍ ഇത്തിരി വെളിച്ചത്തില്‍ സ്ത്രീകളും കുട്ടികളും ഒന്നിച്ച് നടക്കുന്നത് കാണാം. പശുക്കൂട്ടങ്ങളെയും കൂട്ടി ദൂരം നടക്കുന്ന കര്‍ഷകരെ കാണാം. ഏതോ വായിച്ച ഫാന്റസി കഥയിലെ സ്ഥലങ്ങളെ പോലെ തോന്നാറുണ്ട് ബീഹാറിന്‍റെ ചില ഉള്‍നാടുകളില്‍ ചെല്ലുമ്പോള്‍. അതിലൊന്നാണ് എനിക്ക് ജയ്നഗര്‍ യാത്രയും.

മധുബനി എത്താറായി. ചെറിയ പീടികകളള്‍ അങ്ങിങ്ങായി കണ്ടുതുടങ്ങി. വെളിച്ചമില്ലാത്ത ജീവിതങ്ങള്‍. അലുമിനിയം ട്രങ്ക് വില്‍ക്കുന്നവര്‍, മധുര പലഹാരക്കടകള്‍, ധാന്യം ശേഖരിച്ചു വെക്കാനുള്ള അലൂമിനിയം ഭണ്ടാര്‍. അവിടെ ഇറങ്ങി ഒരു ചായ കഴിച്ചു. നല്ല മധുരം. രത്തന്‍ സിംഗ് പുറത്തേക്ക് പോയി. എങ്ങോട്ടാണെന്ന് പറഞ്ഞില്ല. കുറച്ചുസമയം കഴിഞ്ഞയാൾ തിരിച്ചുവന്നു ജീപ്പ് സ്റ്റാര്‍ട്ടാക്കി. ‘കണ്ണ് കൊണ്ട് പുറപ്പെടുന്നു എന്ന് പറഞ്ഞു. പോയി സീറ്റില്‍ കുത്തിരിഞ്ഞു. ഇനി ഒരു മണിക്കൂറിനു മേലെ എടുക്കുമെന്നും ജയ്‌നഗര്‍ ബസ് സ്റ്റാന്‍ഡില്‍ കൊണ്ടുവിടാം എന്നും പറഞ്ഞ് രത്തന്‍ സിംഗ് വണ്ടിയോടിച്ചു.

ഒരു അഞ്ചാറ് കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ ഒരു ധാബ കണ്ടു. രത്തന്‍ സിംഗ് അവിടെ വണ്ടി നിര്‍ത്തി. ധാബയില്‍ പതിവ് സാധനങ്ങളെല്ലാം കഴിഞ്ഞിരിക്കുന്നു. ഒരു ബെഞ്ചിലിരുന്ന് മൂന്നോ നാലോ പേര്‍ ഗ്ലാസില്‍ എന്തോ കുടിക്കുന്നത് കണ്ടു. വെള്ളനിറത്തിലുള്ള ദ്രാവകം. രാത്രി ഏറെ വൈകിയെങ്കിലും ബാക്കിയായ പനങ്കള്ള് മോന്തുകയാണ്. അവിടെ അടുത്തുള്ള കര്‍ഷകരാണ്. മദ്യനിരോധനമാണെങ്കിലും സ്വന്തം ആവശ്യത്തിന് കള്ള് ചെത്തി ഉപയോഗിക്കാം. മിക്കവാറും ഇത് റോഡിന് വശങ്ങളില്‍ പരസ്യമായി വില്‍ക്കുകയാണ് പതിവ്. ആരും ചോദിക്കാറില്ല. സാധാരണക്കാരന്‍റെ സന്തോഷം. രത്തന്‍ സിംഗ് അടുക്കളയുടെ ഉള്ളില്‍ പോയി. എന്നോടൊന്നും പറഞ്ഞില്ല. ഭക്ഷണം ഒന്നുമില്ലാത്തതിനാല്‍ ഞാന്‍ പുറത്തേക്കിറങ്ങി രത്തന്‍ സിംഗിനെ കാത്തിരുന്നു. മൂപ്പര്‍ വേഗം വന്നു. മുഖത്തൊരു കള്ളമന്ദഹാസം. കാര്യം മനസ്സിലായി. ഞാന്‍ ചോദിച്ചു. രത്തന്‍ പറഞ്ഞു ഇത് പതിവാണ്. എനിക്ക് വേണ്ടി ഇവിടെ വെക്കും. തനി നാടന്‍ വാറ്റ്. പകല്‍ സമയങ്ങളില്‍ വിദേശമദ്യവും കിട്ടും. മൂപ്പരുടെ സുഹൃത്തിന്‍റെതാണ് ധാബ. അത് അങ്ങിനെ കഴിക്കാന്‍ പറ്റിയതല്ലെന്നത് കൊണ്ടാണ് എന്നെ വിളിക്കാഞ്ഞതെന്ന് പറഞ്ഞു. സന്തോഷം.

ചെറിയ ചൈനീസ് ടോര്‍ച്ചിന്‍റെ മങ്ങിയവെളിച്ചത്തില്‍ നടക്കുന്നൊരു കൂട്ടം സ്ത്രീകളെയും കുട്ടികളെയും കണ്ടു. ഇവര്‍ ശൌച്യനിര്‍വഹണത്തിനു പോവുകയാണ്. എല്ലാ ദിവസവും കൂട്ടായി കഥകള്‍ പറഞ്ഞു ഒന്നിച്ചു പോയി കാര്യങ്ങള്‍ നിര്‍വഹിച്ചു തിരിച്ചുപോരും. ഇതൊരു social gathering കൂടെയാണ്. പാടങ്ങളില്‍ കൃഷിപ്പണിക്ക് അതിരാവിലെ പോകുമ്പോള്‍ ഒന്നിനും സമയം കിട്ടാറില്ല. തിരിച്ചു വൈകുന്നേരം വന്നാണ് ഇവരുടെ സമയം.

വളഞ്ഞും പുളഞ്ഞും ഇല്ലാത്ത റോഡിലൂടെയും ജയനഗറിഎത്തുമ്പോള് സമയം രാത്രി പതിനൊന്നര കഴിഞ്ഞിരുന്നു. ജീപ്പ് റെയില്‍വേ സ്റ്റേഷന്‍ വഴി വിട്ടു. സ്റ്റേഷന്‍റെ വെളിച്ചം ദൂരെ നിന്ന് കാണാം. എന്നെ വെളിച്ചമുള്ള റെയില്‍വേസ്റ്റേഷന്‍ പരിസരത്ത് വിട്ടിട്ട് രത്തന്‍സിംഗ് വണ്ടിയോടിച്ചുപോയി. ഞാന്‍ പൈസ കൊടുത്തെങ്കിലും വാങ്ങിയില്ല. പാന്‍ ചമച്ച പല്ലിനിടയിലൂടെ ഒരു നേരിയ ചിരി മാത്രം തന്നു. ഇതാണിവിടുത്തെ മനുഷ്യര്‍. പ്രവചനം അസാധ്യം. തെരുവ് വെളിച്ചങ്ങളൊന്നും കത്തുന്നില്ല. അങ്ങിങ്ങായി ചില വെളിച്ചങ്ങള്‍ ഇരുട്ടിന് ചൂട്ട്പിടിച്ചുകൊടുക്കുന്നു. കമ്പിളികൊണ്ട് മൂടിയത്പോലെ ആകാശം. ഈ റെയില്‍വേ സ്റ്റേഷനില്‍നിന്നായിരുന്നു 2012 ല്‍ ഡ്രൈവറില്ലാതെ ഒരു തീവണ്ടി ഏകദേശം എട്ടു കിലോമീറ്ററോളം നേപ്പാളിനെ പ്രണയിച്ച് ഓടിയത്. ഇവിടെ നിന്ന് നേപ്പാളിലെ ജനക്പൂരിലേക്കും (ഏകദേശം ഇരുപത് കിലോമീറ്റര്‍) തെക്കോട്ട് പട്നയ്ക്കും തീവണ്ടികള്‍ ഉണ്ട്. എല്ലാം പാസ്സഞ്ചര്‍ തന്നെ.

മധുബനി ഇന്ന് ഇന്ത്യയില്‍ വികസനത്തിന്‍റെ പാതയില്‍ ഏറെ പിന്നില്‍ നില്‍ക്കുന്ന ഒരു ജില്ലയാണ്. മാറ്റങ്ങള്‍ വന്നുതുടങ്ങുന്നത് റോഡുകളും പാലങ്ങളും വഴിയാണ്. എന്നാലും സമൂഹം ജാതി ഭൂമി സ്ത്രീ മാറ്റങ്ങള്‍ ഇവരില്‍ എത്താന്‍ ഇനിയും എത്ര നാള്‍ കാത്തിരിക്കണം ഇവര്‍. നേപ്പാളില്‍ നിന്ന് വരുന്ന കമലാനദി കൊണ്ടുവരുന്ന ദുഃഖം ഇവരുടെ ജീവിതത്തെ കൂടുതല്‍ കഷ്ടത്തിലാക്കുന്നു.

അങ്ങിനെ ചിന്തിച്ചു നില്‍ക്കുമ്പോള്‍ ഒരു ഫോണ്‍ വിളി വന്നു. മഠത്തില്‍ നിന്നാണ്. ഇവിടെ എത്തുമെന്ന് പറഞ്ഞിരുന്നു. ഏഴ് കന്യാസ്ത്രീകള്‍ നടത്തുന്ന മഠം. തമിഴ്നാട് ജാര്‍ഖണ്ഡ് ഒഡീഷ എന്നിവിടങ്ങളിലുള്ളവർ വർഷങ്ങളായി ഗ്രാമങ്ങളില്‍ ജനങ്ങളോടൊത്ത്. താമസം അതിനടുത്ത് അവര്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. അവരുടെ വണ്ടിവന്നു. താമസസ്ഥലം എത്തി. ഒരു സഹായി കാത്തിരിക്കുന്നു. ഉണ്ടാക്കി വെച്ച മസാലദോശയും ചട്ണിയും കിട്ടി. ഏറെ ദിവസമായി ഒരു ദക്ഷിണേന്ത്യന്‍ ഭക്ഷണം ഉള്ളില്‍ ചെന്നിട്ട്. നല്ല രുചി തോന്നി. നാളെ ഗ്രാമത്തിലേക്ക് പോകണം. ഉടന്‍തന്നെ ഉറങ്ങാന്‍ കിടന്നു. വെളിച്ചം കെടുത്തേണ്ടി വന്നില്ല. അത് താനേ പോയിരുന്നു.

ബീര്‍പൂര്‍ എന്ന ഇഷ്ടം

എന്‍റെ യാത്രയുടെ അച്ചുതണ്ട് തിരിച്ച ഒരിടമാണ് നേപ്പാളിന് തൊട്ടുകിടക്കുന്ന ബീര്‍പൂര്‍ എന്ന ചെറിയ പ്രദേശം. ഇവിടെ എത്തണമെങ്കില്‍ സഹര്‍സ വഴി വന്നാലും ദര്‍ഭംഗ വഴി വന്നാലും സിംരാഹി തൊടാതെ പോകാന്‍ പറ്റില്ല. അല്ലെങ്കില്‍ നിങ്ങള്‍ അതിര്‍ത്തി റോഡ്‌ വഴി..കിഴക്ക് ഭാഗത്ത്‌ നിന്ന് കിഷന്‍ഞ്ച് വഴി ഫോര്‍ബ്സ്ഗന്ജ് വഴിയും പടിഞ്ഞാറ് ഭാഗത്ത്‌നിന്ന് സീതമാഡി വഴിയും എത്താം. അവിടങ്ങളില്‍ റോഡ്‌ ഗതാഗതം ക്ലേശകരമാണ്. പ്രധാന കവാടമായ സിംരാഹി വഴി തന്നെ നമുക്കങ്ങോട്ട് പോകാം.

(തുടരും)…

Comments
Print Friendly, PDF & Email

യാത്രികൻ. പരിസ്ഥിതിപ്രവർത്തകൻ, എഴുത്തുകാരൻ,

You may also like