പൂമുഖം Travelയാത്ര “അവനല്ല—അവളാണ്!”

“അവനല്ല—അവളാണ്!”

യു കെ യിലുള്ള മകന്‍റെ കുടുംബത്തോടൊപ്പം മൂന്ന് മാസം ചെലവിട്ട് മടങ്ങുകയാണെന്ന് പറഞ്ഞ സുഹൃത്തിനെ ഒരു അത്താഴത്തിന് സന്ധിക്കാന്‍ എത്തിയതായിരുന്നു ഞങ്ങള്‍. ബെങ്ഗളൂരുവില്‍ കാണാറും കേള്‍ക്കാറുമുണ്ടെങ്കിലും ഇവിടെയുണ്ടെന്നറിഞ്ഞപ്പോള്‍ കാണാതെ പോകുന്നത് ശരിയല്ല എന്ന് തോന്നി.

അത്തരം തോന്നലിന് പിന്നിലെ മന:ശാസ്ത്രം മുന്‍പും കൌതുകമുണര്‍ത്തിയിട്ടുണ്ട്.

നാട്ടില്‍ നിന്ന് ഒഴിവ് കാലത്ത് ബെങ്ഗളൂരുവില്‍ എത്താറുള്ള മലയാളി കുടുംബങ്ങള്‍ പുത്തന്‍ രുചികള്‍ അറിയാന്‍ മെനക്കെടാതെ മലയാളി ഹോട്ടലുകളിലും ബേക്കറികളിലും മലയാളചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളിലും തിരക്കിക്കൂടുന്നത് ഒരു പതിവ് കാഴ്ചയായിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആന്ധ്ര സ്വദേശിയായ പരിചയക്കാരനാണ് ഇത് നമ്മുടെ മാത്രം സ്വഭാവമല്ലെന്ന് മനസ്സിലാക്കിത്തന്നത്. അച്ഛനും അമ്മയുമടങ്ങുന്ന സംഘത്തോടൊപ്പം യൂറോപ്യന്‍ ടൂറിന് പോയതായിരുന്നു അയാള്‍. എഡിന്‍ബറോയിലെ ബന്ധുഗൃഹത്തില്‍ നിന്ന് കാഴ്ചകള്‍ കാണാന്‍ പുറപ്പെട്ടിറങ്ങിയ മിക്കവാറും യാത്രകള്‍ ആന്ധ്ര- കൃത്യമായി പറഞ്ഞാല്‍ ഹൈദരാബാദ്- വിഭവങ്ങള്‍ കിട്ടുന്ന റെസ്റ്റോറന്‍റുകള്‍ അന്വേഷിച്ചുകണ്ടെത്തുന്ന ശ്രമങ്ങളായി അവസാനിക്കുമായിരുന്നു പോലും.

എനിക്കും സുഹൃത്തിനും അന്യോന്യം കാണണമെന്ന് തോന്നിയതില്‍ ഔചിത്യഭംഗമില്ല എന്നര്‍ത്ഥം.

രാജീവിന്‍റെ പേരമകന്‍ -ഞങ്ങളുടെ അപ്പുവിനെ പോലെ- ഇത്തവണ GCSE എന്ന പതിനൊന്നാം വര്‍ഷ പരീക്ഷ ജയിച്ച പതിനാറുകാരനാണ്. പഴയ സ്കൂളിലെ സഹപാഠികളോടൊപ്പം ഒരു സമാഗമത്തിന് രാവിലെ വീട് വിട്ടതായിരുന്നു നീരവ്. അത്താഴത്തിനും അവന് എത്തിച്ചേരാനായില്ല. ഒമ്പതര മണി കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഭക്ഷണം കഴിച്ചു.
വാരാന്ത്യമായിരുന്നതിനാല്‍ വീട് ഒരു ഒഴിവ് ദിന മാനസികാവസ്ഥയിൽ ആയിരുന്നു.

യാത്ര പറയാനൊരുങ്ങവേ രാത്രി തങ്ങാന്‍ സുഹൃത്തിനെ കൂടി കൂടെ കൊണ്ടുവരാന്‍ അനുമതി തേടി നീരവ് അമ്മയെ ഫോണില്‍ വിളിച്ചു.

അനുമതി കൊടുത്തുകൊണ്ട്,’അച്ഛനോ അമ്മയോ വേണമെങ്കില്‍ അവനെ വീട്ടില്‍ കൊണ്ടുപോയി വിടാം’ എന്ന് പറഞ്ഞ അമ്മയോട് ചിരിച്ചുകൊണ്ട് നീരവ് പറഞ്ഞു

” അവനല്ല – അവളാണ് ! “

കണ്ണുകള്‍ വലുതാക്കി, ചുണ്ടത്ത് വിരല്‍ വെച്ച് അമ്മ ഞങ്ങളെ നോക്കി.

ഇവിടത്തെ കുട്ടികള്‍ക്കോ രക്ഷിതാക്കള്‍ക്കോ അസ്വാഭാവികത തോന്നേണ്ടതില്ലാത്ത ചുറ്റുപാട് ആയിരുന്നിരിക്കാം.
പക്ഷേ ഹാളിലെ മലയാളി അന്തരീക്ഷം നിശബ്ദം ഒന്ന് കിടുങ്ങി. ഒന്നോ രണ്ടോ മിനുട്ടില്‍ സമനില വീണ്ടെടുത്ത് അമ്മ അതിഥിമുറി ഒരുക്കി ഹാളില്‍ തിരിച്ചെത്തി. തിരക്കിട്ട ആലോചനയ്ക്കൊടുവില്‍ പിറ്റേന്ന് പെണ്‍കുട്ടി സ്ഥലം വിടുന്നതുവരെ ഒരുതരത്തിലും വിഷയം ചര്‍ച്ച ചെയ്യരുതെന്ന തീരുമാനത്തില്‍ എത്തി.

നീരവും പഴയ സഹപാഠിയും വന്നു. ഭംഗിയും പ്രസരിപ്പുമുള്ള ഒരു മദാമ്മക്കുട്ടി. ബുദ്ധിമുട്ടിച്ചതിന് ക്ഷമ ചോദിച്ച്, എല്ലാവരെയും പരിചയപ്പെട്ട്, ചിരിച്ച്, നീരവിനോടും അമ്മയോടുമൊപ്പം അവള്‍ അവളുടെ മുറിയിലേയ്ക്ക് പോയി. അഞ്ച് മിനുട്ട് കൂടി ഇരുന്ന് ഞങ്ങള്‍ യാത്ര പറഞ്ഞു.

പിറ്റേന്ന് സുഹൃത്ത് ബാക്കി കഥ പറഞ്ഞു :
പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും തത്ക്കാലം വീട്ടിലില്ല. അയല്‍വീടുകളിലുള്ളവരും ഒഴിവുകാല യാത്രകളില്‍ ആണ്. ഒറ്റയ്ക്ക് വീട്ടില്‍ കഴിയുന്നതിന്‍റെ മുഷിപ്പ് ഒഴിവാക്കേണ്ടിയിരുന്നു അവള്‍ക്ക്. കോവിഡ് കാലത്തിന് മുന്‍പ് കണ്ടതാണ് നീരവിനെ. ഒരുപാട് സംസാരിക്കാനുണ്ട്. വരുംവര്‍ഷങ്ങളില്‍ പഠിക്കേണ്ട വിഷയങ്ങളെ കുറിച്ചും ലക്ഷ്യം വെയ്ക്കേണ്ട കോളേജുകളെ കുറിച്ചും ഒക്കെ ചര്‍ച്ച ചെയ്യാനുണ്ട്!

മുതിര്‍ന്നവര്‍ കിടക്കാനൊരുങ്ങുമ്പോഴും- രാത്രിയില്‍ എപ്പോഴോ ഉണര്‍ന്നെഴുന്നേറ്റപ്പോഴും- നീരവിന്‍റെ കിടക്കയുടെ കാല്‍ക്കലും തലയ്ക്കലും അഭിമുഖമായിരുന്ന് അവര്‍ സംസാരിക്കുകയായിരുന്നു.

” രാത്രി ഒന്നര മണി വരെ ഞങ്ങള്‍ സംസാരിച്ചിരുന്നു! “

രാവിലെ ഒപ്പമിരുന്ന് പ്രാതല്‍ കഴിച്ചതിന് ശേഷമാണ് അവള്‍ യാത്ര പറഞ്ഞത്.

അസാധാരണമായി എന്തെങ്കിലും നടന്നതായി നീരവിന്‍റെയോ പെണ്‍കുട്ടിയുടെയോ വാക്കുകളിലോ പെരുമാറ്റത്തിലോ കാണാതിരുന്നതുകൊണ്ട് മുന്‍തീരുമാനത്തില്‍ നിന്ന് മാറി തത്ക്കാലം വിഷയം ചര്‍ച്ച ചെയ്യുകയേ വേണ്ട എന്ന തീരുമാനത്തിലെത്തി സുഹൃത്തിന്‍റെ വീട്ടുകാർ!

സന്തോഷം തോന്നി.
മറകളില്ലാത്ത ആ സൌഹൃദവും ഒന്ന് ഞെട്ടിയതിന് ശേഷമാണെങ്കിലും പുതിയ കാലത്ത്, പുതിയ ചുറ്റുപാടില്‍ രക്ഷിതാക്കള്‍ കാണിച്ച ഹൃദ്യമായ ആ വീണ്ടുവിചാരവും ഞാന്‍ ഓര്‍മ്മയില്‍ സൂക്ഷിക്കും.

നാലാമത്തെ തവണയാണ് സന്ദര്‍ശകരായി യു കെ യില്‍ എത്തുന്നത്. ആഗസ്റ്റ് ആദ്യവാരത്തിന്റെ അവസാനം ഇവിടെയെത്തുമ്പോൾ രാവിലെ അഞ്ചര മണിയോടെ ഉദിച്ച് രാത്രി എട്ടരയ്ക്ക് അസ്തമിക്കുന്ന ‘പതിനഞ്ച്-മണിക്കൂർ- പകലുക’ളായിരുന്നു. ഒന്നര മാസത്തിന് ശേഷം അത് പന്ത്രണ്ടര മണിക്കൂറിൽ എത്തിനിൽക്കുന്നു. ചില ദിവസങ്ങളില്‍ ഊഷ്മാവ് താപതരംഗത്തിന്‍റെ വക്കോളമെത്തിയെങ്കിലും പൊതുവെ പ്രസന്നമായ തണുപ്പായിരുന്നു ദിനാന്തരീക്ഷസ്ഥിതി. കാലാവസ്ഥ അനുകൂലമാകുമ്പോള്‍ ആഘോഷിക്കണമെന്ന് സായിപ്പന്മാരെ പോലെ നമ്മളും പഠിച്ചിരിക്കുന്നു. വെയില്‍ ദിവസങ്ങള്‍ കാടുകളില്‍ പിക്നിക്കിന് – ദീര്‍ഘദൂര ട്രെക്കിങ്ങിന് – പോയും മുറ്റത്ത് ഹാമക് നിവര്‍ത്തി അതില്‍ കിടന്ന് പുസ്തകം വായിച്ചും ആഘോഷിക്കുന്ന നാട്ടില്‍ ചെന്നാല്‍ ‘ —- റോമാക്കാരെ പോലെ’ എന്നോ ‘————— നടുക്കണ്ടം തിന്നണം’ എന്നോ ഒക്കെയാണ് എന്‍റേയും അഭിപ്രായം. എല്ലാവരുമൊത്ത് പുറത്തിറങ്ങാൻ കഴിയാതെ വന്ന ദിവസങ്ങളിൽ ഞങ്ങൾ സന്ദർശകർ മാത്രം പുറത്തിറങ്ങും. തെറ്റായ ദിശകളിൽ വണ്ടികൾ വരുന്നുണ്ടോ എന്ന് ആശങ്കപ്പെടാതെ നടക്കാവുന്ന പാതയോരവഴികളിലൂടെ അഥവാ അടുത്തുള്ള മൈതാനത്തിൽ ഒരു മണിക്കൂർ നടക്കും. ഒരു തവണ ഒരു തിരിവ് മറന്ന് വഴിതെറ്റി കുറെ ദൂരം പോയി. GPS ന്റെ സഹായം എടുക്കാമായിരുന്നു. ചുറ്റുപാടുകൾ വല്ലാതെ അപരിചിതമായി അനുഭവപ്പെട്ടുതുടങ്ങിയപ്പോൾ എബ്രഹാം ലിങ്കന്റെ മുഖവുമായി എതിരെ വന്ന സായിപ്പിനോട് വീട്ടിനടുത്തുള്ള റെയിൽവേ സ്റ്റേഷനിലേയ്ക്കുള്ള വഴി ചോദിച്ചു.

“Sanderstead Railway Station? You are miles and miles away!”

മുഖത്ത് അദ്ഭുതത്തിന്റെയും ആശങ്കയുടെയും പുഞ്ചിരി. പത്തടി നടന്നതിന് ശേഷം മൂപ്പർ തിരിച്ചുവന്നു, ഞങ്ങൾക്ക് കൃത്യമായി എവിടെയാണ് പോകേണ്ടതെന്നറിയാൻ. വഴിക്കുണ്ടായിരുന്ന ഒരു Y സന്ധിപ്പിൽ പിഴച്ചതാണെന്ന് മനസ്സിലായത്‌കൊണ്ട് ഞങ്ങൾ തിരിച്ചുനടന്നു.
കാൽനടയാത്രക്കാരിൽ മിക്കവരുടെയും കൂടെ പലയിനം വളർത്തുനായ്ക്കളുണ്ടാവും. തുടലും ഗ്ലൗസും പ്ലാസ്‌റ്റിക് ഉറകളും ആൾക്കാരുടെ കൈകളിൽ കാണാം. കാട്ടിൽ നടക്കുന്നതിന്നിടെ ഓടിവന്ന നായയെ കണ്ട് ഭയന്ന കുട്ടിയുടെ അമ്മയോട് കുട്ടിക്ക് ആവശ്യമായ പരിശീലനം കൊടുക്കണമെന്ന് സ്നേഹപൂർവ്വം ഉപദേശിച്ച മദാമ്മയെ കുറിച്ച് സുഹൃത്തിന്റെ ഭാര്യ പറയുന്നുണ്ടായിരുന്നു.

ഓഫീസിലേയ്ക്ക് ധരിക്കേണ്ട വസ്ത്രങ്ങള്‍ കാലാവസ്ഥ-ചാനല്‍ നോക്കി നിശ്ചയിക്കുന്ന രീതി ആദ്യമായി കണ്ടതും അദ്‌ഭുതപ്പെട്ടതും മറ്റൊരു രാജ്യത്താണ്. മഴയായാലും വെയിലായാലും നാട്ടിൽ നമ്മുടെ കവിഞ്ഞ കരുതൽ ഒരു കുടയിലൊതുങ്ങും.

ബെങ്ഗളൂരുവിൽ സ്ഥിതി വ്യത്യസ്തമാണ്. മലയാളികളെ പോലെ കുട ഉപയോഗിക്കുന്ന ശീലം കന്നഡക്കാർക്കില്ല. സോക്സ്, കൈയുറ, മഫ്ളർ, തൊപ്പി, സ്വെറ്റർ, ജാക്കറ്റ്, (കുറെയേറെ പേർക്ക്) ചെവിയിൽ പഞ്ഞി എന്നിങ്ങനെയൊക്കെയാണ് അവരുടെ രീതികൾ.

മറുനാടൻ തണുപ്പ് അസ്ഥിയിൽ പിടിക്കുന്ന മൂന്നാമതൊരിനമാണ്.
മടക്കിക്കുത്തിയ മുണ്ടും ടീഷർട്ടുമാണ് എന്നും എവിടെയും എന്റെ വീട്ടുവേഷം. ഒരനുഭവം ഓർക്കുന്നു. വീട്ടിൽ നിന്ന് അല്പം മാറിയായിരുന്നു കാർ പാർക്ക് ചെയ്തിരുന്നത്. വാങ്ങിയ സാധനങ്ങൾ കാറിൽ നിന്ന് വീട്ടിലേയ്ക്ക് കൊണ്ടുവന്നുകൊണ്ടിരുന്ന അജിയെ സഹായിക്കാൻ, ചൂടാക്കിയ ഹാളിൽ നിന്ന് അതേ വേഷത്തിൽ ഞാൻ കാറിനടുത്തെത്തി. അതേവരെ അറിഞ്ഞിട്ടില്ലാത്ത ഒരു തരിപ്പ് കൈത്തണ്ടകളുടെ അകത്തേയ്ക്ക് കടച്ചിലായി പടർന്നു. ചെറിയ ശ്വാസതടസ്സമുണ്ടാക്കുന്ന മട്ടിൽ നാസാരന്ധ്രങ്ങളിൽ, ഉറഞ്ഞ ജലത്തിന്റെ പാട രൂപപ്പെട്ടത് പോലെ തോന്നി. അതിഥിയായി വീട്ടിലെത്തിയിരുന്ന അജിയുടെ സുഹൃത്ത് പറഞ്ഞു : ‘ ഒരിക്കലും ചെയ്യരുത് അങ്ക്ൾ ! ഒറ്റദിവസം കൊണ്ട് ന്യുമോണിയയായി മാറും ! “

ഇതെഴുതുന്ന ദിവസം പുലർന്നത് 8° C താപനിലയിലാണ്. വരും ദിവസങ്ങളിൽ ഇനിയും താഴും- !

കവർ : ജ്യോതിസ് പരവൂർ

Comments
Print Friendly, PDF & Email

You may also like