പൂമുഖം Travel നമ്മള്‍ തൊടുന്ന ബീഹാര്‍ – ഭാഗം അഞ്ച്

നമ്മള്‍ തൊടുന്ന ബീഹാര്‍ – ഭാഗം അഞ്ച്

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

തിരിച്ചിറങ്ങുമ്പോള്‍

രാവിലെ ചായകുടിച്ച് പുറപ്പെട്ടപ്പോഴേക്കും വണ്ടിവന്നു. സമയം ആറു മണി. വണ്ടിയില്‍ നിറയെ സാധങ്ങള്‍. എന്തൊക്കെയോ ചാക്ക് കെട്ടുകള്‍. അതിനിടയ്ക്ക് ഞാനിരുന്നു. ഡ്രൈവര്‍ ഒരു ഗൂഡസ്മിതത്തോടെ സംസാരിക്കാതെ വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു. പരിചയപ്പെടാന്‍ ഒരു വിഷമം പോലെ. ചോദിക്കുന്നതിനെല്ലാം മുറിഞ്ഞ ഉത്തരങ്ങള്‍ മാത്രം. ഏതോ ചിന്തയിലോ പ്രശ്നതിലോ ആണ് ഡ്രൈവര് എന്ന് ഞാന്‍ നിരീച്ചു. സംസാരിച്ചുപദ്രവിച്ചില്ല.

പാതയോരത്തെ ജീവിതങ്ങള്‍ അന്നത്തെ ദിവസം തുടങ്ങിയിരുന്നു. ധാബകള്‍ ഇനിയും തുറന്നിട്ടില്ല. ചെറിയ ഗുമിട്ടിപ്പീടികകള്‍ ഉണരാന്‍ തുടങ്ങിയിരിക്കുന്നു. പശുക്കളും ആട്ടിന്‍കൂട്ടങ്ങളും അവരുടെ ദിവസം ചിലച്ചും നടന്നും തുടങ്ങിയിരുന്നു. മധുബനി കഴിഞ്ഞ് അടുത്തുകണ്ട ഒരു ധാബയില്‍ ഡ്രൈവര്‍ വണ്ടി നിര്‍ത്തി. സമയം ഏഴ് മണി. അയാള്‍ എന്തൊക്കെയോ വിഴുങ്ങി. ഞാന്‍ ഒരു ചൂടുള്ള ചായ മാത്രം കുടിച്ചു. വേറെ ഒന്നും കഴിച്ചില്ല. മിണ്ടാതിരുന്ന യാത്ര തുടങ്ങി സക്രിയില്‍ എത്തുമ്പോള്‍ സമയം എട്ടര. ഡ്രൈവര്‍ എന്നെ സക്രി ജങ്ക്ഷനില്‍ ഇറക്കി ഒന്നും പറയാതെ വലത്തോട്ട് തിരിച്ച് വേഗത്തില്‍ വണ്ടിയോടിച്ച് പോയി. നല്ല വിശപ്പ്‌. സാധാരണ രാവിലെ എട്ടു മണിക്ക് എന്തെങ്കിലും അകത്താക്കുന്നതാണ്.

കുറച്ചകലെ കുറെ കുട്ടികള്‍ കളിക്കുന്നു. അങ്ങോട്ട്‌ ചെന്ന് നോക്കി. റോഡിനരികില്‍ കുടിലിനോട് ചേര്‍ന്നൊരു ചായപ്പീടിക. ഉള്ളിയും ഉരുളക്കിഴങ്ങും മുറിച്ചിടുന്ന ഒരു വൃദ്ധന്‍. ചായപ്പാത്രം കഴുകുന്ന ഒരു സ്ത്രീ. മണ്ണില്‍ ചളിയില്‍ ഒലിച്ചിറങ്ങിയ ചെറിയ കുട്ടികള്‍. കുളിക്കാത്ത തലമുടിയും മൂക്കിള ഒളിപ്പിക്കുന്ന ദയനീയ മുഖവും. ഉള്ളിലേക്ക് ആഴ്ന്നിറങ്ങിയ കണ്ണുമായി ഒരു വൃദ്ധ പുറത്തേക്ക് വന്നു. ചായ തയ്യാറായില്ല. ഇപ്പോള്‍ ഉള്ളത് മീന്‍കറിയും ചോറുമാണ്. മറ്റൊന്നും ആയിട്ടില്ല. വടക്കന്‍ ബീഹാറില്‍ പുഴമീനും ചോറും ഒരു പഥ്യമാണ്. ചായ തയ്യാറായിട്ടില്ല.

ഞാന്‍ തിരിച്ചു മെയിന്‍ റോഡിലേക്ക് നടന്നു. അപ്പോളേക്കും അനിലിന്‍റെ ഫോണ്‍ വന്നു. ഒരു പത്ത് മിനിട്ടിനുള്ളില്‍ ഞാന്‍ നില്‍ക്കുന്ന സ്ഥലത്തെത്തുമെന്ന് പറഞ്ഞു. കുറെ കഴിഞ്ഞപ്പോള്‍ ഒരു സര്‍ക്കസ് കാരന്‍റെ മെയ്വഴക്കം പോലെ യൂ ടേണ്‍ എടുത്ത് എന്‍റെ മുന്നില്‍ വന്ന് ബ്രേക്ക്‌ ഇട്ട് ചിരിച്ചു. സന്തോഷത്തോടെ ഞാന്‍ വണ്ടിയിലേക്ക് കയറി. അനിലിന്‍റെ കൂടെ ബീഹാറിലെ ഒട്ടേറെ ഗ്രാമങ്ങളിലും ധാബകളിലും കയറിയിറങ്ങിയിട്ടുണ്ട് ഈ വണ്ടിയില്‍ത്തന്നെ. വളരെ രസികനും ശാന്തനും ആണ് അനില്‍. ഞങ്ങള്‍ ഉടന്‍ തന്നെ യാത്ര തുടര്‍ന്നു. ഇനി ഞാന്‍ ഒന്നും പറയേണ്ട. അനിലിനറിയാം. ഞങ്ങള്‍ക്കിഷ്ടപ്പെട്ട ഭോജ്പൂരി ഗാനങ്ങളും “ദേഖ് തമാശാ ലക്ടീ കാ.. ജീത്തെ ഭീ ലക്ടി മര്‍ത്തെ ഭീ ലക്ടീ” എന്ന പാട്ടും ഇട്ട് യാത്ര തുടങ്ങി. ഇടയ്ക്കിടയ്ക് പായുന്ന വാഹനങ്ങള്‍. കൂടുതലും ബംഗാളിലേക്കും വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങളിലെക്കും. ഇനിയങ്ങോട്ടുള്ള യാത്ര രണ്ടുമൂന്നു മണിക്കൂറെടുക്കും.

Comments
Print Friendly, PDF & Email

യാത്രികൻ. പരിസ്ഥിതിപ്രവർത്തകൻ, എഴുത്തുകാരൻ,

You may also like