മഴമൂടിയ സമതലങ്ങള്‍
രാഘവപൂർ കടന്ന് കോശി നദിയുടെ കിഴക്ക് വശത്തു കൂടെ ഞങ്ങൾ യാത്ര തുടര്‍ന്നു. സമയം രാവിലെ പത്ത് മണി. സിംരാഹി വിട്ട് ഏകദേശം രണ്ടു മണിക്കൂറായി. സുഖമില്ലാത്ത അച്ചനെ കാണാന്‍ ഡ്രൈവർ അനിൽ വീട്ടില്‍ പോയിരുന്നത് കൊണ്ട് പകരം ശങ്കര്‍ വിദ്യാര്‍ത്ഥിയായിരുന്നു വണ്ടിയോടിച്ചിരുന്നത്. സഹര്‍സ എത്താന്‍ ഏകദേശം രണ്ടു മണിക്കൂറേ വേണ്ടുവെങ്കിലും കൂടുതൽ സമയമെടുക്കും. മഴയും വെള്ളം നിറഞ്ഞ പാതയും.
വഴിയിലെ കാഴ്ചകള്‍ നിശ്ചലചിത്രങ്ങളായി ഒന്നൊന്നായി മാറിക്കൊണ്ടിരുന്നു. ആകാശം കുത്തിയൊലിച്ച് പെയ്ത മഴയില്‍ മരങ്ങളും മണ്ണും മനുഷ്യനും തണുത്തും ഉറഞ്ഞും ഇരുന്നിരുന്നു. കുടിലുകളും കുളങ്ങളും വെള്ളം കൊണ്ട് മൂടിയ നെൽപ്പാടങ്ങളും ഒരേ പോലെ കാണപ്പെട്ടു. ക്രമേണ ഞാന്‍ ഉറക്കത്തിന്‍റെ ആഴങ്ങളിലേക്ക് വീണു. ഉണര്‍ന്നപ്പോള്‍ ഞങ്ങളേറെ ദൂരം താണ്ടിയിരുന്നു.

വണ്ടി മെല്ലെ നീങ്ങിക്കൊണ്ടിരുന്നു. ശങ്കർ തന്‍റെ കഥ പറഞ്ഞു. തന്‍റെ അച്ഛൻ ഒരു പഴയ കമ്മ്യൂണിസ്റ്റായിരുന്നു. ബെഗുസരായിലെ റിക്ഷാവണ്ടിക്കാരനായ പരമാനന്ദ കുശവാഹ. ബീഹാറിന്‍റെ നേതാവായിരുന്ന ഗണേശ് ശങ്കർ വിദ്യാർത്ഥിയോടുള്ള ഇഷ്ടം കൊണ്ടായിരുന്നു ആ പേരിട്ടിരുന്നത്. പക്ഷെ മകൻ കുടുംബത്തെ പോറ്റാന്‍ വേണ്ടി ഡ്രൈവിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. അമ്മ അസുഖം കാരണം മരിച്ചു. അച്ഛന് പ്രായമായി. മൂന്ന് പെങ്ങന്മാരെ കല്യാണം കഴിച്ചയക്കണം. ശങ്കർ പറഞ്ഞു നിർത്തി.
വെള്ളം നിറഞ്ഞ റോഡ്, കനത്ത മഴ. ഗ്ലാസ്സിലൂടെ വെള്ളം ഊർന്നിറങ്ങി പുറത്തെ കാഴ്ചകൾ പാതി മറച്ചിരുന്നു. മറ്റു വഴികൾ ഉണ്ടെങ്കിലും കൂടുതൽ സുരക്ഷിതം ഈ പാതയാണ്. സഹർസ വഴി വീണ്ടും കിഴക്കോട്ട് തിരിഞ്ഞ് നൗഗാച്ചിയക്ക് പോകണം. ഇടയ്ക്ക് മഹിസിയും അതു കഴിഞ്ഞ് ഭക്ത്യാര്‍പൂരും താണ്ടണം.
ബീഹാറിന്‍റെ കാഴ്ചകളിലൂടെ യാത്ര ചെയ്യുന്നത് ഒരു നിലാവിന്‍റെ രാവിലെയുടെ സ്വപ്നം പോലെയാണ്. നാട്ടുപാതകളിൽ ഗ്രാമങ്ങളിൽ ഒക്കെ പൗരാണികതയുടെ ഏതോ കാലത്തിന്‍റെ ഓർമ്മ പേറുന്ന അനുഭവം ഇവിടെ എല്ലായിടങ്ങളിലുമുള്ള ഒരു തോന്നലാണ്. ചലനത്തിലും ബഹളത്തിലും ജീവിത തത്രപ്പാടിലും നിശബ്ദതയെ നിര്‍വചിക്കാന്‍ പറ്റാത്ത രീതിയില്‍ തികച്ചും ശൂന്യമായ ശബ്ദങ്ങളില്ലാത്ത ദൃശ്യങ്ങളില്ലാത്ത ഒരു ലോകത്തില്‍ എത്തപ്പെട്ടതുപോലെ തോന്നാറുണ്ട്.

കിഷന്‍ഗന്ജ്, പൂര്‍ണിയ, കതിഹാര്‍. ബംഗാളിന്‍റെ അതിര്‍ത്തികള്‍. ബംഗാളിനോട് തൊട്ടുചേര്‍ന്ന് ജാര്‍ഖണ്ഡ് അതിര്‍ത്തിയില്‍ ഭാഗല്പൂരും ബങ്കയും. നമ്മുടെ യാത്ര ഭാഗല്‍പൂരിലെ നൌഗചിയ എന്ന സ്ഥലത്തേക്കാണ്. കോശിയും ഗംഗയും വലയം ചെയ്ത ഗ്രാമങ്ങള്‍. വെള്ളത്തോട് മാത്രം സംസാരിക്കുന്ന പാടങ്ങളും മനുഷ്യരും. സുപോള്‍ സഹര്‍സ വഴികളിലൂടെ ഭാഗല്‍പൂരിലേക്ക് എത്തുമ്പോള്‍ ചരിത്രത്തിന്‍റെ പല ഘട്ടങ്ങളിലൂടെയുമുള്ള ഒന്നിച്ചുനടത്തമാണ്.
ഗ്രാന്‍ഡ് ട്രങ്ക് റോഡ്
ഈ വഴികള്‍ ഒരു പാട് യുദ്ധനടത്തങ്ങളും വാണിജ്യങ്ങളും നടന്ന സ്ഥലം. ചന്ദ്രഗുപ്ത മൌര്യന്‍റെ കാലത്ത് പണിത ഗ്രാന്റ് ട്രങ്ക് റോഡ്. ബംഗ്ലാദേശ് മുതല്‍ പടിഞ്ഞാറ് അഫ്ഘാന്‍ വരെ. പിന്നീട് ഷേര്‍ഷാ നിറയെ മരങ്ങളും അത്താണികളും ചന്തകളും സ്ഥാപിച്ച് പാത വിപുലമാക്കി. ഇന്നും പഴയ ഗ്രാന്‍ഡ്‌ട്രങ്ക് റോഡിന്‍റെ പല ഭാഗങ്ങളും നാഷണല്‍ ഹൈവെയുടെ ഭാഗമാണ്. ഈയടുത്ത കാലത്താണ് സോണ്‍ നദിയില്‍ പണിത പാലത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഗ്രാന്‍ഡ് ട്രങ്ക് റോഡ് ജാര്‍ഖണ്ഡ് ഭാഗം ചേര്‍ന്നിരുന്ന പഴയ ബീഹാറിന്‍റെ മധ്യത്തിലൂടെ പുതിയ ബീഹാറിന്‍റെ തെക്ക് ഭാഗത്ത്‌കൂടെ ബംഗ്ലാദേശ് ബംഗാള്‍ വഴി ഉത്തരപ്രദേശം വഴി പടിഞ്ഞാറോട്ട് പോയിരുന്നു.
റുഡ്യാഡ് കിപ്ലിംഗ് ഈ റോഡിനെ വിവരിച്ചത് ഇങ്ങിനെയാണ്. “നോക്കൂ! എന്തൊരല്‍ഭുതം! ചെരുപ്പുകുത്തികള്‍, പലിശക്കാര്‍, പാത്രക്കച്ചവടക്കാര്‍, ക്ഷുരകന്മാർ, ബണിയകൾ, തീർത്ഥാടകർ, കുശവന്മാർ. ലോകം മുഴുവൻ ഇതിലൂടെ യാത്ര ചെയ്യുന്ന അത്ഭുതകരമായ കാഴ്ച. നോക്കെത്താ ദൂരത്തോളം തിരക്കില്ലാതെ നേരെ ഓടുന്നു. ലോകത്ത് മറ്റൊരിടത്തും ഇല്ലാത്ത ജീവിത നദി”.

യുദ്ധത്തിന്‍റെയും സമാധാനത്തിന്‍റെയും കാല്‍പ്പാടുകള്‍
കല്‍ക്കത്തയില്‍ നിന്ന് ദില്ലിയിലേക്ക് ബ്രിട്ടീഷുകാർ നടന്നുകയറിയ ഇടം. ചരിത്രസന്ധികളുടെ ഇടനാഴി. വടക്കെ ഇന്ത്യയില്‍ നിന്ന് ഗംഗാനദിയിലൂടെ കല്‍ക്കത്തയിലേക്ക് ബ്രിട്ടീഷ്കാര്‍ ചരക്കുകള്‍ നീക്കിയിരുന്ന കാലം. പിന്നീട് റെയില്‍വേ വന്നതോടെ നദിമാര്‍ഗം ഗതാഗതം കുറഞ്ഞു. പാട്നയുടെ ഗംഗയുടെ ഉള്‍നാടന്‍ ജലഗതാഗത വാണിജ്യത്തിന്‍റെ കാലം അസ്തമിച്ചു. ഒരു പാട് യുദ്ധങ്ങള്‍, കാല്‍പ്പാടുകള്‍. ബ്രിട്ടീഷ്കാര്‍ക്കെതിരെ എവിടെയെങ്കിലും പോരാട്ടങ്ങള്‍ ഉണ്ടാവുമ്പോള്‍ കല്‍ക്കത്ത വഴി ഭടന്മാര്‍ മാര്‍ച്ച് ചെയ്ത് പോയ മണ്ണ്. അതിനും മുന്‍പെ നടന്ന വെട്ടിപ്പിടിക്കലും കുതികാല്‍ വെട്ടലും യുദ്ധവും സമാധാനവും. അശോകനും അജാതശത്രുവും ചന്ദ്രഗുപ്തനും മൌര്യനും ചാണക്യനും ഭാസ്കരനും മന്ദനമിശ്രയും ബുദ്ധനും ജൈനനും ഷേര്‍ഷയും ജയപ്രകാശ് നാരായണും മാജിയും മുസഹരും. എല്ലാം അറിഞ്ഞ മുറിഞ്ഞ മണ്ണ്.
മഹിസി
മഹിസി ഗ്രാമത്തില്‍ ഞങ്ങള്‍ കടക്കുമ്പോള്‍ വീടുകളും കുടിലുകളും ഒന്നായി മാറിയിരുന്നു. ഗ്രാമത്തിലേക്ക് പോകുന്ന പ്രധാനപാത വെള്ളത്തിലാണ്. അങ്ങോട്ട് പോകാന്‍ പറ്റില്ല. സുരീന്ദര്‍ പറഞ്ഞു. മഹിസി ഗ്രാമം ചരിത്രപ്രസിദ്ധമായ ഒരിടമാണ്. ശങ്കരാചാര്യരെ വാഗ്വാദത്തില്‍ അതിശയിപ്പിച്ച പിന്നീട് ശിഷ്യനായി ഒന്നിച്ചുകൂടിയെന്ന് പറയപ്പെടുന്ന മന്ദന മിശ്രയുടെ ഗ്രാമം. ഏറ്റവും കൂടുതല്‍ ഐഎഎസ് കാരെ സൃഷ്ടിച്ച ഒരിടം.
മഹിസിയില്‍ കാത്തുനിന്നിരുന്ന രാജേന്ദ്ര ഝായുടെ ഫോണ്‍ വന്നു. അവിടെ അദ്ദേഹത്തിന്‍റെ ആശ്രമവും വെള്ളത്തിനടിയിലാണ്. തികച്ചും ഗാന്ധിയവൃദ്ധനായ രാജേന്ദ്രജീ പഴയ ഭൂദാന്‍ പ്രസ്ഥാനവും ജയപ്രകാശ് നാരായണിന്‍റെ കൂടെ കൂടിയ ജീവിതവും അനുഭവവും ഒന്നായി തുന്നിച്ചേര്‍ത്ത ആളാണ്. അങ്ങോട്ട് പോകാന്‍ പറ്റാതിരുന്നത് കൊണ്ട് ഞങ്ങളുടെ യാത്ര മാറ്റേണ്ടിവന്നു. നമുക്ക് പിന്നീട് കാണാമെന്ന് പറഞ്ഞു ഞങ്ങള്‍ മുന്നോട്ട് യാത്ര തുടര്‍ന്നു.

ഓര്‍മ്മകള്‍ പിറകോട്ട് പായുമ്പോള്‍ മഹേഷ്‌പൂർ എത്താനായെന്ന് ശങ്കർ പറഞ്ഞു. റോഡിനരികെയുള്ള കുശിനിപ്പീടികകളൊക്കെ നീല പ്ലാസ്റ്റിക് ഷീറ്റുകള്‍കൊണ്ട് മൂടിയിരിക്കുന്നു. മഴക്കാലം എല്ലാ വഴികളും അടഞ്ഞ കാലമാണ്. പഴയ കര്‍ക്കടകത്തിന്‍റെ പഞ്ഞമാസം പോലെ അത് ബീഹാറില്‍ നീണ്ടുനില്‍ക്കുന്ന മാസങ്ങളാണ്. വടി കുത്തിപ്പിടിച്ചെഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്ന ഒരു വൃദ്ധ. പ്ലാസ്റ്റിക് കവര്‍ മേലെയിട്ട് കുത്തിയൊലിക്കുന്ന മഴയില്‍ റിക്ഷ ചവിട്ടി പോകുന്ന സൈക്കിള്‍ റിക്ഷക്കാരന്‍.
കൃതികാപൂർ അങ്ങാടി എത്തുമ്പോൾ ആളും അനക്കവുമില്ല. നല്ല വിശപ്പുണ്ടായിരുന്നു. സമയം ഉച്ച കഴിഞ്ഞു. സുരീന്ദര്‍ വീട്ടില്‍ നിന്നുണ്ടാക്കിയ അടുപ്പില്‍ ചുട്ട റൊട്ടിയും പട്വലിന്‍റെ സബ്ജിയും കൊണ്ടുവന്നിരുന്നു. അത് മതിയാകുമായിരുന്നില്ല ഞങ്ങളുടെ വിശപ്പ് മാറ്റാന്‍. മഴ കുറഞ്ഞിരുന്നു. ഒന്ന് രണ്ടു ധാബകൾ മാത്രം തുറന്നിരിക്കുന്നു. വിശാലമായ ധാബ ഒഴിവാക്കി ചെറിയ ധാബയിൽ കയറി. അവിടെ കഴിക്കാന്‍ കാര്യമായി ഒന്നും ഉണ്ടായിരുന്നില്ല. കുറച്ച് ചാവലും പരിപ്പ് കറിയും രണ്ടു മൂന്ന് ഉള്ളിക്കഷണങ്ങളും ആലുവിനെ നീളനെ മുറിച്ച് എണ്ണയില്‍ പൊരിച്ച ബുജിയയും കിട്ടി. വിശപ്പുള്ളത് കൊണ്ട് ഭക്ഷണത്തിന് പ്രത്യേക രുചിയായിരുന്നു. ഗ്ലാസുകൾ മേശമേല്‍ ശക്തിയോടെ വെച്ച് ഏതോ രോഷത്തിന്‍റെ ഒച്ചയുണ്ടാക്കി പോകുന്ന കൊച്ചു പയ്യൻ. കുടവയറില്‍ പൂണൂല് ചുറ്റി മഴയുടെ അലസതയില്‍ പണപ്പെട്ടിയോടൊട്ടിയിരിക്കുന്ന മാലിക്. ഞാന്‍ ചാർപ്പായയിൽ നിന്നെണീറ്റു. മഗ്ഗിലെ വെള്ളമെടുത്ത് കയ്യും മുഖവും കഴുകി ചോട്ടുവിന് പൈസ കൊടുത്ത് പുറത്തിറങ്ങി. വണ്ടി പുറപ്പെട്ടു.

ഞങ്ങൾ പോകുന്ന വഴിയിൽ സമാന്തരമായി കോശി ഒഴുകുന്നുണ്ട്. അത് കൃഷിപ്പാടങ്ങളിലും കുടിലുകളിലും കേറിയിറങ്ങുന്നുണ്ട്. അങ്ങിങ്ങായി കാണുന്ന മരങ്ങള്‍ മാത്രം. ഇടയ്ക്ക് ലൈറ്റ് ഇട്ടുകൊണ്ട് വരുന്ന വലിയ ട്രക്കുകള്‍. ശങ്കർ വണ്ടി വശത്തേക്ക് ഒതുക്കി നിര്‍ത്തി. ശക്തമായ മഴയാണ്. മുന്നോട്ടുള്ള കാഴ്ച കാണുന്നില്ല. കനത്ത മഴത്തുള്ളികള്‍ വെള്ളിക്കമ്പികളായി പൊട്ടിപ്പടരുന്നു. ശങ്കര്‍ വണ്ടി ഓഫാക്കി. ഇനിയെങ്ങിനെ മുന്നോട്ട് പോകും.

മധ്യ മിഥില – ബംഗാളിന്‍റെ വാതില്‍
പഴയ മിഥിലയുടെ മധ്യഭാഗമായ ഇവിടം കോശി നദിയുടെ മടിത്തട്ടാണ്. നേപ്പാളിൽ തുടങ്ങി പല ഗ്രാമങ്ങളിലൂടെ ചിലപ്പോള്‍ ഒന്നും മിണ്ടാതെ പുതിയ വഴിയിലൂടെ രാത്രിയെന്നോ പകലെന്നോ നോക്കാതെ കുത്തിയൊലിച്ചു വരുന്ന കോശി, അനേകം ദുഃഖങ്ങളെയും നെടുവീര്‍പ്പുകളെയും കൊണ്ടുമൂടുന്ന സമതലം. കോശി നദിയെ കൂടാതെ കൂടുതല്‍ അപകടകാരിയായ ബാഗ്മതി നദി വളഞ്ഞ ഗതികൾ പതിവാക്കി അണക്കെട്ടുകൾ പൊട്ടിച്ച് ഒഴുകുന്നതോടൊപ്പം തെക്ക് ഭാഗത്തുകൂടി ഗണ്ടക് നദിയും ഒഴുകുന്നു.
മിഥില രാജ്യത്തിന്‍റെ ഭാഗമായ സഹർസ, വിദേഹങ്ങളുടെ രാജ്യം എന്നും അറിയപ്പെട്ടിരുന്നു. ഇവിടുത്തെ രാജാക്കന്മാരെ ജനകന്മാർ എന്നാണ് വിളിച്ചിരുന്നത്. വിദേഹ രാജ്യം പിന്നീട് വൈശാലിയിലെ വജ്ജിയോട് ലയിച്ചു എന്ന് ചരിത്രം. വിദേശത്ത് ഏറെ പ്രിയമുള്ള ചോളത്തിന്‍റെയും ആമ്പൽ (മഖാന) കൃഷിയുടെയും നാടാണ് സഹർസയും ഘഗടിയയും സുപോലും. നെല്ല്, മാങ്ങ, ലിച്ചി, മുള, കടുക്, ധാന്യം, ഗോതമ്പ്, കരിമ്പ് തുടങ്ങിയവും വലിയ തോതില്‍ കൃഷി ചെയ്യുന്ന ഇവിടം പ്രളയവും ജീവിതവും ഒന്നായിത്തീരുന്നു.
മഴത്തുള്ളികൾ നൂൽപ്പാലങ്ങളായി ചില്ല്ഗ്ലാസിലൂടെ താഴോട്ടിറങ്ങി. വൈകുന്നേരത്തിന്‍റെ നിറം മഴക്കാലത്ത് ശോകമാണ്. നേരത്തെ തന്നെ ഇരുണ്ടത് കൊണ്ട് ഇനി യാത്ര ദുഷ്കരമാണ്. സഹര്‍സയുടെ കാര്യം എന്തായിരിക്കും…. സുരീന്ദര്‍ നെടുവീര്‍പ്പിട്ടു. പാലം തകര്‍ന്നത് ശരിയായിരിക്കുമോ? സുരീന്ദർ ആരെയൊക്കെയോ ഫോൺ ചെയ്യുന്നുണ്ട്. ഇന്നേതായാലും നമുക്ക് സഹർസയിൽ തങ്ങേണ്ടി വരും. സഹർസയിലെ പാലം തകർന്നിരിക്കുന്നു. മുന്നോട്ട് എങ്ങിനെ പോകണമെന്ന് അവിടെ ചെന്നിട്ട് നോക്കാം. സുരീന്ദർ പറഞ്ഞു. പിന്നീട് യാത്ര പാറ്റ്ന വഴി മാത്രമേയുള്ളൂ. അത് നടക്കാത്ത കാര്യമാണ്. സമയം സന്ധ്യയായി. ഇന്നിനി മുന്നോട്ട് പോകാന്‍ പറ്റില്ല. ചുറ്റിലും വെള്ളമാണ്. സഹര്‍സയില്‍ തങ്ങാതെ വഴിയില്ല. ഇന്നത്തെ രാത്രി ഇവിടെ ചിലവഴിച്ച് രാവിലെ പോകുന്നതായിരിക്കും സുരക്ഷിതം എന്ന് തോന്നി ഞങ്ങള്‍ വണ്ടി സഹര്‍സ ടൌണിലേക്ക് വിട്ടു.
ആളൊഴിഞ്ഞ ടൌണ്‍. റെയില്‍വേ സ്റ്റേഷന് മുന്‍പിലുള്ള ഒരു ചെറിയ ഹോട്ടലിന്‍റെ മുന്നില്‍ വണ്ടി നിര്‍ത്തി. പേര് ഗംഭീരം. അശോക് സമ്രാട്ട് ഹോട്ടല്‍. അന്നവിടെ തങ്ങി. രാവിലെ ഉണരുന്നത് വണ്ടികളുടെ ഹോണടികളുടെയും ബഹളത്തിന്‍റെയും നടുവിലാണ്. മഴ മാറിയിരിക്കുന്നു. ഇന്നലെ രാത്രിക്ക് ശേഷം മഴ പെയ്തിട്ടില്ല. നൌഗചിയക്ക് വൈകാതെ പോകണം. ഞാന്‍ പുറത്തേക്കിറങ്ങി. മ്ലാനത പരന്ന രാവിലെ. സൂര്യന്‍ ഇരുണ്ട മേഘത്തിനുള്ളില്‍ നിന്നും വരാന്‍ മടിച്ചു. അത് മാറ്റാന്‍ ഒരു ചായ കുടിക്കണം. അടുത്തുള്ള പെട്ടിപ്പീടിക തുറന്ന് പാല്‍ തിളപ്പിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ഇഞ്ചിക്കഷണങ്ങള്‍ ചെറുതായി അരിഞ്ഞുവെച്ചിരിക്കുന്നു. ചില്ലുഗ്ലാസുകള്‍ ഒരു ബക്കറ്റിലെ വെള്ളത്തില്‍ ഒന്നിച്ചു കഴുകി നിരത്തുന്ന ചെറിയ കുട്ടി. അലസമായി നീങ്ങുന്ന നാട്ടുകാര്‍. റെയില്‍വേ സ്റ്റേഷന്‍ അടുത്താണെങ്കിലും ഒരു തിരക്കുമില്ല. പ്രളയം കാരണം ഈ വഴി തീവണ്ടി നിര്‍ത്തിവെച്ചിരിക്കയാണ്. പെട്ടെന്നാണ് നൌഗചിയക്ക് നേരത്തെ തന്നെ പോകണമല്ലോ എന്ന ഓര്‍മ്മ വന്നത്. ചായക്ക് കാത്തുനില്‍ക്കാതെ ഞാന്‍ ഹോട്ടലിലേക്ക് തിരിച്ചുകയറി. അപ്പോഴേക്കും സുരീന്ദ റും ശങ്കറും കുളിച്ച് റെഡിയായി നിന്നിരുന്നു.
