ദരാംഗ് ജില്ലയിലെ ഖാരുപേട്യ ഗേൾസ് ഹൈസ്കൂളിലായിരുന്നു ഞങ്ങൾ കുറച്ചു പേർക്ക് ടീച്ചിങ് പ്രാക്ടീസിന് അവസരം ലഭിച്ചത്. സ്കൂളിലെത്താൻ മംഗൽദായിയിൽ നിന്ന് പതിനഞ്ച് കി.മീറ്ററിൽ ഏറെ യാത്രയുണ്ട്. ജില്ലയിലെ ഒരു പ്രധാന വാണിജ്യ കേന്ദ്രമാണ് ഖാരുപേട്യ. അസംകാരേക്കാൾ കൂടുതൽ ബംഗാളികളും മാർവാടികളും ബീഹാറികളും നേപ്പാളികളുമെല്ലാം അധിവസിക്കുന്ന പ്രദേശമാണിത്. വിദ്യാർഥികളെ പരിചയപ്പെടുമ്പോൾ അവരിൽ ചിലർ പേരിനൊപ്പം ജെയിന്‍ എന്നു ചേർത്തു പറയുന്നതെന്താണെന്നന്വേഷിച്ചപ്പോഴാണ് ഇവിടെ ജൈനമത വിശ്വാസികളുമുണ്ടെന്നറിയുന്നത്.
ഞങ്ങളുടെ ക്ലാസ്സ് നിരീക്ഷിക്കാൻ ഇടയ്ക്ക് സ്കൂളിലെ പ്രധാനാധ്യാപകനും വളരെ താല്പര്യത്തോടെ എത്താറുണ്ടായിരുന്നു. ഓരോരുത്തരുടേയും ക്ലാസുകൾ കൃത്യമായി വിലയിരുത്തുക മാത്രമല്ല ഒരു സാമൂഹ്യ ശാസ്ത്രാധ്യാപകനെന്ന നിലയിൽ പാഠഭാഗത്തെക്കുറിച്ചുള്ള അധികവിവരങ്ങൾ നൽകുകയെന്നതും അദ്ദേഹത്തിന്‍റെ ഒരു പ്രത്യേകതയായിരുന്നു. ഒരിക്കൽ ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഒരു ഭാഗം ക്ലാസ്സെടുത്തു കഴിഞ്ഞപ്പോൾ ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ ദരാംഗ് ജില്ലയിൽ നടന്ന ശ്രദ്ധേയമായ ചില സംഭവങ്ങളെക്കുറിച്ചും നാല് തവണ ഗാന്ധിജി അസം സന്ദർശിച്ചതുമെല്ലാം അദ്ദേഹം സൂചിപ്പിച്ചിരുന്നു.

Credit: Hindustan Times
1921 ൽ ഗാന്ധിജി ആദ്യമായി അസം സന്ദർശിച്ചപ്പോൾ ഗോഹട്ടിയിലും തേജ്പുരിലും മറ്റും നടത്തിയ പൊതുയോഗങ്ങൾ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. അദ്ദേഹത്തിന്‍റെ പ്രസംഗങ്ങളിൽ നിന്ന് ആവേശമുൾക്കൊണ്ട് വിദേശനിർമ്മിത വസ്ത്രങ്ങളും മറ്റും ചുട്ടെരിക്കാൻ നിരവധി പേർ മുന്നോട്ടു വരികയും ചെയ്തു. ഗോഹട്ടിയിലെ പരിപാടികൾക്കു ശേഷം തേജ്പുരിലേക്കുള്ള യാത്രക്കിടയിൽ അദ്ദേഹം ഖാരുപേട്യയിൽ അല്പനേരം തങ്ങുകയും സ്വാതന്ത്ര്യസമര ഭടന്മാരുമായി സംവദിക്കുകയും ചെയ്തിരുന്നത്രേ. ഈ പ്രദേശം ആ കാലത്ത് സ്റ്റീമർഘാട്ട് എന്നാണറിയപ്പെട്ടിരുന്നത്. നഗരത്തിന് സമീപത്തുകൂടെ ഒഴുകുന്ന ബ്രഹ്മപുത്ര നദിയിലെ കടവിൽ അക്കാലത്ത് ആവിയന്ത്രമുപയോഗിച്ച് പ്രവർത്തിക്കുന്ന ബോട്ട് സർവ്വീസ് ഉണ്ടായിരുന്നതാണ് സ്റ്റീമർഘാട്ട് എന്ന പേരു വരാനിടയായത്.
മുമ്പൊരധ്യായത്തിൽ സൂചിപ്പിച്ച 1894 ലെ അന്യായമായ നികുതി വർദ്ധനവിനെതിരെ പഥരുഘാട്ടിൽ കർഷകർ നടത്തിയ ചെറുത്തുനിൽപും 140 ലേറെ പേരുടെ മരണത്തിനിടയാക്കിയ പൊലീസ് വെടിവെടുപ്പുമാണ് ദരാംഗിലെ ജനങ്ങളിൽ ബ്രിട്ടീഷ് വിരുദ്ധ മനോഭാവം ശക്തമാക്കിയത്. 1919 മുതൽ 1947 വരെ ദേശീയ തലത്തിൽ ഗാന്ധിജി നേതൃത്വം നൽകിയ പ്രക്ഷോഭങ്ങളുടെയെല്ലാം ശക്തമായ അലയൊലികൾ ഇവിടെയുമെത്തിയിരുന്നു. കൊളോണിയൽ സാമ്പത്തിക, അധികാര ഘടനയ്ക്ക് വെല്ലുവിളിയുയർത്തിയ നിസ്സഹകരണപ്രക്ഷോഭത്തിന്‍റെ ഭാഗമായി ദരാംഗിൽ വിദേശനിർമ്മിത വസ്തുക്കൾ വിൽക്കുന്ന കടകൾ, മദ്യശാലകൾ, കറുപ്പു വിൽപ്പന കേന്ദ്രങ്ങൾ എന്നിവയ്ക്കു മുമ്പിൽ ശക്തമായ ജനകീയ സമരങ്ങൾ നടക്കുകയുണ്ടായി.
ഗ്രാമീണർക്കിടയിൽപ്പോലും കറുപ്പിന്‍റെ ഉപയോഗം വളരെ വ്യാപകമായിരുന്ന കാലമാണിത്. ബംഗാൾ അധീനതയിൽ വന്നതോടെയാണ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയിലും ലഹരി വസ്തുവായ കറുപ്പ് ഉൽപാദനം ആരംഭിച്ചത്. കറുപ്പ് വ്യാപാരത്തിലൂടെ ലാഭം കൊയ്യുന്നതിനൊപ്പം ജനങ്ങളെ ലഹരിക്കടിമകളാക്കി നിഷ്ക്രിയരാക്കിമാറ്റുകയുമായിരുന്നു അവരുടെ ലക്ഷ്യം. സ്വാതന്ത്ര്യ സമര ഭടന്മാരെ കൂടാതെ അധ്യാപകരും വിദ്യാര്‍ത്ഥികളും വരെ ബോധവൽകരണ പ്രവർത്തനങ്ങളുമായി രംഗത്തിറങ്ങിയതോടെ ദരാംഗിലെ ഗ്രാമീണ ജനതയുടെ കറുപ്പു പ്രയോഗം ഒരു പരിധി വരെ നിയന്ത്രിക്കാൻ സാധിച്ചു. കറുപ്പ് വിപണന കേന്ദ്രത്തിനെതിരെയുള്ള ഒരു സമരത്തിനിടയിലുണ്ടായ ഏറ്റമുട്ടലിൽ മാലതിമേം എന്ന ഗോത്രവർഗക്കാരിയുടെ ജീവൻ നഷ്ടപ്പെടുന്നതിനുമിടയായി. ശക്തമായ സമരത്തെത്തുടർന്ന് കറുപ്പും വിദേശനിർമ്മിത വസ്ത്രങ്ങളും മറ്റും വിൽക്കുന്ന സ്ഥാപനങ്ങൾ മിക്കവയും അടച്ചുപൂട്ടേണ്ടിയും വന്നു.
ഞങ്ങളുടെ കോളജ് സ്ഥിതി ചെയ്യുന്ന മംഗൽദായിയിൽ പാനി രാംദാസ് എന്ന തികഞ്ഞ ഗാന്ധിയനായ ഒരു സ്വാതന്ത്ര്യസമര സേനാനിയുണ്ടെന്നും സ്വാതന്ത്ര്യസമരചരിത്രത്തിൽ ഈ പ്രദേശത്തെ അടയാളപ്പെടുത്തുന്ന ഒട്ടേറെ സംഭവങ്ങൾ നടന്നിട്ടുണ്ടെന്നുമറിയാൻ കഴിഞ്ഞത് ഒരു ദിവസം ഞങ്ങളുടെ പഠന കൂട്ടായ്മ യിലേക്ക് കടന്നുവന്ന സഹപാഠിയായ റിച്ചന്ദ് അഹമ്മദിൽ നിന്നാണ്.
ക്വിറ്റ് ഇന്ത്യാ സമരത്തിലും മറ്റും നേതൃനിരയിൽ നിന്നു പ്രവർത്തിച്ചിരുന്ന പാനി രാംദാസ് സ്വാതന്ത്ര്യാനന്തരം സജീവ രാഷ്ട്രീയമുപേക്ഷിച്ച് ഗ്രാമീണ ജനതയുടെ ക്ഷേമ പ്രവർത്തനങ്ങളിൽ മുഴുകുകയായിരുന്നു. 1971 ൽ രാഷ്ട്രം അദ്ദേഹത്തെ താമ്രപത്രം നൽകി ആദരിച്ചിരുന്നു. മംഗൽദായിയിലെ ആദ്യത്തെ പത്രപ്രവർത്തകനായ പാനി രാംദാസ് മികച്ച പ്രഭാഷകനും പരമ്പരാഗത നാടോടി ഗാനങ്ങളും നൃത്തങ്ങളുമെല്ലം സംരക്ഷിക്കുന്നതിൽ തൽപരനുമായിരുന്നു. മംഗൽദായിയിലെ പല പ്രധാന പരിപാടികളിലും ഞങ്ങളുടെ പഠന കാലത്ത് അദ്ദേഹം പങ്കെടുക്കാറുണ്ടായിരുന്നു. സ്വാതന്ത്ര്യ സമര പോരാളിയെന്ന നിലയിൽ അസം സർക്കാർ തനിക്ക് അനുവദിച്ച ഭൂമി ഭൂരഹിതരായ ഗ്രാമീണ ജനതയ്ക്ക് വീതിച്ചു നൽകി നിസ്വാർത്ഥ സേവനത്തിന് മാതൃകയായി മാറിയ ഒരു രാജ്യ സ്നേഹി കൂടിയായിരുന്നു അദ്ദേഹം.
ക്വിറ്റ് ഇന്ത്യ സമരത്തിന്‍റെ ഭാഗമായി രാഷ്ട്രത്തിനു വേണ്ടി ജീവൻ ബലിയർപ്പിക്കാൻ തയ്യാറുള്ളവർ ചേർന്ന് രൂപവത്കരിച്ച ‘മൃത്യുവാഹിനി’ സംഘത്തിൽ ദരാംഗിലെ നിരവധി യുവതികളും അംഗങ്ങളായിരുന്നു. മംഗൽദായിയിലെ സബ് ഡിവിഷനൽ മജിസ്ട്രേറ്റ് ഓഫീസ് പിക്കറ്റ് ചെയ്യാൻ ധീരരായ ഈ പോരാളികൾ മുൻ നിരയിൽ തന്നെ ഉണ്ടായിരുന്നത്രേ. സമരത്തിന്‍റെ ഭാഗമായി ഈ കെട്ടിടം അഗ്‌നിക്കിരയാക്കപ്പെട്ടു. ഇതെല്ലാം ഞങ്ങൾക്ക് ഈ പ്രദേശത്തെക്കുറിച്ചുള്ള പുതിയൊരറിവായിരുന്നു. സിലബസിനപ്പുറത്തുള്ള ചരിത്ര പാഠങ്ങളിലേക്കൊരു വാതയനം തുറന്നു തരുന്നതിന് ഏറെ സഹായകമായിരുന്നു റിച്ചന്ദ് അഹമ്മദുമായുള്ള സൗഹൃദം.
സമര പഥത്തിലെ തിളക്കമാർന്ന നക്ഷത്രങ്ങൾ
അസമിലെ സ്വാതന്ത്ര്യ സമര ചരിത്രത്തിലൂടെ കടന്നുപോകുന്ന ആരുടേയും സ്മൃതി പഥത്തിൽ ജ്വലിച്ചു നിൽക്കുന്ന ഒരേടാണ് ക്വിറ്റ് ഇന്ത്യ സമരത്തിന്‍റെ ഭാഗമായി ഗൊഹ്പൂർ പൊലീസ് സ്റ്റേഷനു മുമ്പിൽ നടന്ന വെടിവെപ്പും കനകലത ബറുവയുടെയും മുകുന്ദ കക്കോത്തിയുടെയും രക്തസാക്ഷിത്വവും. വളരെ ചെറുപ്പത്തിലെ മാതാപിതാക്കൾ നഷ്ടപ്പെട്ട കനകലതക്ക് ജീവിത പ്രാരാബ്‌ധം കാരണം പ്രൈമറി വിദ്യാഭ്യാസം പോലും പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. ഉള്ളിൽ രാജ്യ സ്നേഹം കാത്തുസൂക്ഷിച്ച അവൾ മുതിർന്നതോടെ ഏറെ ആവേശത്തോടെ ‘മൃത്യുവാഹിനി’ സംഘത്തിൽ അംഗമായി. മുത്തശ്ശിയുടെ മൗനാനുവാദം മാത്രമായിരുന്നു കുടുംബത്തിൽ നിന്നും അവൾക്കു ലഭിച്ച പിന്തുണ.

‘പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക’ എന്ന സന്ദേശമുൾക്കൊണ്ട് 1942 സെപ്തംബർ 20 ന് ഗൊഹ്പുർ സ്റ്റേഷനിലേക്കു മാർച്ച് ചെയ്യുന്നവരുടെ നേതൃനിരയിൽ സ്വാതന്ത്ര്യസമര പതാകയേന്തിയ കനകലതയ്ക്കാപ്പം മുകുന്ദ കക്കോത്തിയുമുണ്ടായിരുന്നു. സ്റ്റേഷനിൽ പാറിക്കളിക്കുന്ന ബ്രിട്ടീഷ് പതാകയുടെ സ്ഥാനത്ത് ത്രിവർണ പതാകയുയർത്താനുള്ള ചുമതല 17 വയസ്സ് മാത്രം പ്രായമുള്ള കനകലത സ്വയം ഏറ്റെടുക്കുകയുമായിരുന്നു. അവൾക്കിതിന് പ്രചോദനമേകിയത് ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിന് തുടക്കം കുറിച്ചു കൊണ്ട് ഗാന്ധിജി ബോംബെയിൽ നടത്തിയ പ്രസംഗമായിരുന്നത്രേ. സത്യത്തിൽ ക്ഷമയറ്റ ഒരു ജനതയുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിനുള്ള ഒരുക്കം തന്നെയിരുന്നല്ലോ ഈ സമരം.
പൊലീസ് ഓഫീസറുടെ വിലക്കു ലംഘിച്ച് പതാകയുയർത്താനായി മുന്നോട്ടു നീങ്ങിയ ധീരയായ ആ പെൺകുട്ടി ഗൊഹ്‌പുർ സ്റ്റേഷനു മുമ്പിൽ വെടിയേറ്റു വീണപ്പോഴും തന്‍റെ കൈയിലെ മൂവർണക്കൊടി നിലം തൊടാതെ ഉയർത്തിപ്പിടിച്ചിരുന്നു. അവളിൽ നിന്നും പതാകയേറ്റു വാങ്ങി ആ ദൗത്യം നിർവ്വഹിക്കാൻ തുനിഞ്ഞത് മികച്ച സംഘാടകനും അസാധാരണമായ ധൈര്യത്തിനുടമയായിരുന്ന മുകുന്ദ കക്കോത്തിയായിരുന്നു. അദ്ദേഹവും അടുത്ത നിമിഷം വെട്ടിയുണ്ടകൾക്ക് കീഴടങ്ങേണ്ടിവന്നു.
ബ്രിട്ടീഷ് പൊലീസ് പലയിടങ്ങളിലായി രക്ത ചൊരിച്ചിലുകൾ തീർത്ത ഈ ദിനത്തിൽ ധേക്യജൂലി പൊലീസ് സ്റ്റേഷനുമുമ്പിൽ നടന്ന വെടിവെപ്പിൽ ഒരു പന്ത്രണ്ടു വയസുകാരിയുടെ ജീവനും നഷ്ടമായിട്ടുണ്ട്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് രക്തസാക്ഷിത്വം വരിച്ച ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടിയായ തിലേശ്വരി ബറുവയാണത്.
മുമ്പ് ദരാംഗ് ജില്ലയുടെ ഭാഗമായിരുന്ന ഗൊഹ്പുർ ഇന്ന് ബിശ്വനാഥ് ജില്ലയിലാണ്. ഞങ്ങളുടെ കോളജ് സ്ഥിതി ചെയ്യുന്ന മംഗൽദായിയിൽ നിന്ന് ഇരുന്നൂറിലേറെ കിലോ മീറ്ററുകൾ യാത്ര ചെയ്യണം അവിടെ എത്തിച്ചേരാൻ. നിരവധി സമര ഭടന്മാർ ലോക്കപ്പ് മർദ്ദനത്തിനരയാവുകയും നാടിനെ നടുക്കുന്ന ഒട്ടേറെ സംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കുകയും ചെയ്ത ഗൊഹ്പുർ പൊലീസ് സ്റ്റേഷൻ അസം സർക്കാർ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ച് അടുത്ത കാലത്ത് നവീകരിക്കുകയുണ്ടായി. ത്രിവർണ പതാകയേന്തി മുന്നോട്ട് കുതിക്കുന്ന ധീര രക്തസാക്ഷികളായ കനകലതയുടെയും മുകുന്ദ കക്കോത്തിയുടെയും വെങ്കലപ്രതിമകൾ സ്റ്റേഷനു മുമ്പിൽ നമുക്ക് കാണാം. ത്രിവർണ പതാകയേന്തിയ കനകലതയ്ക്കു നേരെ പോലീസ് വെടിയുതിർക്കുന്ന ദൃശ്യം തേജ്പുരിൽ ബ്രഹ്മപുത്രയുടെ തീരത്തുള്ള കനകലത ഉദ്യാനത്തിലും പാറയിൽ കൊത്തിവച്ചിട്ടുണ്ട്. മുകുന്ദ കക്കോത്തിയുടെ സ്മരണ നിലനിർത്താനായി അവരുടെ നാമധേയത്തിൽ ജന്മനാടായ നൽബാരിയിൽ ഒരു സിവിൽ ഹോസ്പിറ്റൽ പ്രവർത്തിച്ചു വരുന്നുണ്ട്.
സ്വാതന്ത്ര്യാനന്തരം പലപ്പോഴും രാഷ്ട്രീയവും വംശീയവുമായ അസ്വസ്ഥതകളാൽ കലുഷിതമായിരുന്നു അസം. എങ്കിലും രാജ്യ സ്നേഹികളായ ഈ രക്തസാക്ഷികൾ എന്നും അവരുടെ പ്രോജ്ജ്വലമായ ഒരോർമ്മ തന്നെയാണ്.
ബേഗയുടെ തീരത്തെ കാഴ്ച
പരീക്ഷാച്ചൂട് ഉള്ളിൽ കയറിയ കാലം. ഒരു ദിവസം ഉച്ചയാകാൻ നേരത്ത് പാചകത്തിനുള്ള മണ്ണെണ്ണ വാങ്ങാനിറങ്ങിയ ഞാനും ഹരിദാസനും ചില ചരിത്ര പാഠഭാഗങ്ങൾ ചർച്ച ചെയ്ത് നടക്കുന്നതിനിടയിൽ മംഗൽദായിയിലെ ബേഗാ നദിയുടെ തീരത്തു കണ്ട കാഴ്ച അതിശയിപ്പിക്കുന്നതായിരുന്നു. ഒരു സ്ത്രീ തന്‍റെ സാരിയുടെ ഒരറ്റം അലക്കി ഉണക്കാനിട്ട് മറ്റേയറ്റം കഴുകാനായി വെയിലത്ത് ഇരിക്കുന്നു. ഇന്ത്യ സ്വതന്ത്രയായി നാല് പതിറ്റാണ്ടിലേറെ പിന്നിട്ട തൊണ്ണൂറുകളുടെ തുടക്കത്തിലെ അസമിലെ സ്ഥിതിയായിരുന്നു ഇത്. വർഷങ്ങൾക്കു മുമ്പ് വൈഗ നദിയുടെ തീരത്ത് ഇത്തരമൊരു കാഴ്ച കണ്ട ഗാന്ധിജി തന്‍റെ തലപ്പാവ് മറുകരയിലേക്ക് ഒഴുക്കി കൊടുത്ത സംഭവമാണ് ആദ്യമായി ഓർമ്മയിൽ തെളിഞ്ഞത്. ഉടുതുണിക്ക് മറുതുണിയില്ലാത്തവർ! അവരുടെ ദൈന്യതയെക്കുറിച്ചോർത്ത് മൗനിയായി നടന്നുനീങ്ങുമ്പോൾ ഗാന്ധിജി സ്വപ്നം കണ്ട സ്വാതന്ത്ര്യം സാക്ഷാത്കരിക്കപ്പെടുന്ന കാലം എപ്പോഴാണെന്ന ചോദ്യമായിരുന്നു മനസ്സിലുയർന്നുവന്നത്. ആ സായാഹ്നത്തിലെ പഠന കൂട്ടായ്മയിൽ ഈ കാഴ്ച കൂടി ചർച്ച ചെയ്തു കൊണ്ട് ഞങ്ങൾ പുതിയ ചരിത്ര പാഠങ്ങൾ ഹൃദിസ്ഥമാക്കാൻ തുടങ്ങി
കവര്‍: ജ്യോതിസ് പരവൂര്‍
(തുടരും)