ബീഹാറിലേക്ക് തിരിച്ചു വരുന്നത് ഒരു വർഷത്തിന് ശേഷമാണ്. എന്നെ സംബന്ധിച്ചിടത്തോളം അതൊരു നീണ്ട ഇടവേള തന്നെയാണ്. മഴ മാറി ചൂട് കുറഞ്ഞ് തണുപ്പിലേക്ക് പതിയെ കാൽ വെക്കുന്ന കാലം. പട്നയിൽ ഇറങ്ങിയപ്പോള്‍ കാര്യമായ മാറ്റങ്ങളൊന്നും കണ്ടില്ല. ബ്രിട്ടീഷ് കാലത്ത് നിർമ്മിച്ച കാനകൾ മാറ്റി പുതിയത് സ്ഥാപിക്കുന്ന തിരക്ക് ഗതാഗതത്തെ ഒന്ന് കൂടെ കുടുക്കിയിരിക്കുന്നു. പഴയ പോലെ തന്നെ വണ്ടികൾ ശബ്ദത്തോടെ തലങ്ങും വിലങ്ങും. മെട്രോ പണി മറ്റൊരു വശത്ത് നടക്കുന്നു. ഇ-റിക്ഷകൾ ‘സ്യാദാ ഛലാവോ സ്യാദാ കമാവോ’ എന്ന മുദ്രാവാക്യവുമായി പുളഞ്ഞും വളഞ്ഞും.
ബീഹാറിന്‍റെ രാഷ്ടീയ മാനങ്ങൾ ഒരു പക്ഷെ മാറി മറിയാം എന്ന സാധ്യത ബി ജെ പി അനുഭാവിയായ ഗൗതം സൂചന നൽകി. അടുത്ത തിരഞ്ഞെടുപ്പിൽ മഹാ ഗഡ്ബന്ധൻ ജയിക്കാനാണ് സാധ്യതയെങ്കിലും ഉപേന്ദ്ര കുശ്വഹയും ജിതൻ റാം മാജിയും ചിറാഗ് പസ്വാനും വിവിധ ജാതി സമവാക്യങ്ങളെ പ്രതിനിധാനം ചെയ്യുന്നത് കൊണ്ട് ബി ജെ പി സഖ്യം ഒരു നല്ല പോരാട്ടം കാഴ്ച വെക്കാൻ പറ്റുമെന്നാണ് ഗൌതത്തിന്‍റെ പക്ഷം. ഞാനൊന്നു മൂളി. ഈയടുത്ത് നടന്ന ജാതി സെൻസസ് ബിഹാറിന്‍റെ രാഷ്ട്രീയ ഭൂമികയിലെ ഒരു വലിയെ ചുവടുവെപ്പായി പലരും കണക്കാക്കുന്നു. ഞാന്‍ സാധാരണ താമസിക്കാറുള്ള പാടലിപുത്ര കോളനിയിലേക്ക് പോയി.
പിറ്റേന്ന് രാവിലത്തെ നടത്തത്തിൽ ബോറിംഗ് റോഡിലെ കൃഷ്ണ യാദവിന്‍റെ ഗുമിട്ടി പീടികയിൽ നിന്നും ഒരു കുൽഹദ് ചായ കുടിച്ചു. മൺ ഗ്ലാസ് സ്റ്റൗവിന്‍റെ തീജ്വാലയിൽ ചൂടാക്കി ഗ്ലാസിന്‍റെ എല്ലാ ഭാഗവും നന്നായി ചുട്ടെടുത്ത് ഇഞ്ചിയും ഏലക്കയും പാലും ചേർത്ത കുറുക്കിയെടുത്ത ചായ സൂക്ഷ്മതയോടെ ചുട്ട് പഴുത്ത മൺ കപ്പിലേക്ക് പകർന്നു. ചായ മൺ കപ്പിലെത്തുമ്പോൾ ചൂടിന്‍റെ പ്രണയത്താൽ നുരഞ്ഞ് പതഞ്ഞ് പുറത്തേക്കൊഴുകി. കൃഷ്ണ വീണ്ടും ഗ്ലാസ് നിറച്ചു ഒരു ചെറിയ ടിഷ്യു പേപ്പറിൽ ചൂടുള്ള ഗ്ലാസ് പൊതിഞ്ഞ് ചായ എന്‍റെ നേരെ നീട്ടി. രാവിലെ ചായയുടെ ആദ്യ രുചികൾ തുള്ളികളായി നാവിലൂടെ ഊർന്നിറങ്ങുമ്പോൾ കിട്ടുന്ന ആ സന്തോഷമാണ് എന്നെ ദിനം മുഴുവനും ഊർജ്ജസ്വലനാക്കി നിർത്താറ്. ചായയുടെ രുചിയിൽ ലയിച്ച എന്നെ കൃഷ്ണയുടെ ചോദ്യമാണ് സ്ഥലകാല ബോധവാനാക്കിയത്. ഭായ് സാബ് ചായ എങ്ങിനെയുണ്ടെന്ന ചോദ്യത്തിന് ചായ അസ്സലായെന്ന് പറഞ്ഞു. ഇതിനെക്കാൾ നല്ല ചായ നാളെ തരാമെന്ന് പറഞ്ഞ് കൃഷ്ണക്ക് ചായയുടെ 20 രൂപ കൊടുത്തു മടങ്ങി. രാവിലെ തന്നെ നളന്ദയിലേക്ക് പോകണം.
കുളിച്ച് റെഡിയായപ്പോഴേക്കും ഡ്രൈവർ ചോട്ടു വണ്ടിയുമായി വന്നിരുന്നു. കാറിന് മുന്നിൽ JD എന്നെഴുതിയ ചെറു കൊടി കണ്ട് ഞാനൊന്ന് ചിരിച്ചു. ചോട്ടു പറഞ്ഞു ‘ഞാനൊരു കടുത്ത ജനതാ ദൾ ആണ് കേട്ടോ’ നിതീശിന്‍റെ ഇടമായ ബീഹാർ ഷെറീഫിൽ നിന്നാണ് ചോട്ടു വരുന്നത്. കൂടുതൽ സംസാരിക്കുന്നതിന് മുന്നെ ചോട്ടു വണ്ടി സ്റ്റാർട്ട് ചെയ്തിരുന്നു. റോഡുകളിലെ തിരക്കും തലങ്ങും വിലങ്ങും ഓടുന്ന വണ്ടികളും ശബ്ദവും എന്നും പട്നയുടെ മുഖമുദ്രയാണ്. യാത്ര ചെയ്യുമ്പോൾ പട്നയ്ക്ക് പുറത്ത് കടക്കാനും തിരിച്ച് പ്രവേശിക്കാനും ഒരു മണിക്കൂർ എക്സ്ട്രാ കാണണം.
രാവിലെ ആറു മണിക്ക് തന്നെ യാത്ര തുടങ്ങി. നളന്ദ ജില്ലയിലെ പർവൽപൂരിലേക്കാണ് യാത്ര. കുമ്രാർ എന്ന ബോർഡ് മുന്നിൽ കണ്ടു. മഗധയുടെയും പാടലീപുത്രത്തിന്‍റെ ഹൃദയം. 2000 വർഷങ്ങൾക്ക് മേലെ പഴക്കമുള്ള മൗര്യ സാമ്രാജ്യത്തിന്‍റെ അവശിഷ്ടങ്ങൾ ഇപ്പോഴും കാണാം. അശോക ചക്രവർത്തിയുടെ കൊട്ടാരമെന്ന് കരുതുന്ന ഇവിടം 80 തൂണുകളുള്ള പ്രാചീന അസംബ്ലി മന്ദിരം ഇന്നും മണ്ണ് മൂടിക്കിടക്കുന്നു. കൃത്യമായി പരിപാലിക്കപ്പെടാതെ അവഗണിക്കപ്പെട്ട സ്ഥലമായി മാറിയെന്ന് ബീഹാർ ഹെറിറ്റേജ് ഡവലപ്മെന്റ് സൊസൈറ്റി ഇയ്യിടെ ആരോപിച്ചിരുന്നു.

മുന്നിൽ പോകുന്ന ഒരു ട്രക്കിന്‍റെ പിൻ വശത്ത് എഴുതിയ ‘ഘർ കബ് ആവോഗേ’ എന്ന വാക്യവും തീവണ്ടിയുടെ പശ്ചാത്തലത്തിൽ കുഞ്ഞിനെ ചുമലിലെടുത്തിരിക്കുന്ന അമ്മയുടെ ചിത്രവും ഉള്ള് പൊള്ളിച്ചു. ജീവിത മാർഗം തേടി ഇന്ത്യയില വിവിധ നഗരങ്ങളിലേക്കും സംസ്ഥാനങ്ങളിലേക്കും കുടിയേറാൻ നിർബ്ബന്ധിതരായവർ. വലിയ തോതിലുള്ള കുടിയേറ്റം.ഗ്രാമങ്ങളിൽ കുടുംബം പുലർത്താൻ സ്ത്രീകളുടെ കഷ്ടപ്പാടും ജീവിത സങ്കടങ്ങളും. തങ്ങളുടെ ഉറ്റവർ വർഷത്തിൽ ഒരിക്കൽ ഛാത് പൂജയ്ക്കും ദീവാലിക്കും വരുമ്പോഴുണ്ടാകുന്ന കുട്ടികളുടെയും സ്ത്രീകളുടെയും സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.

ഏകാങ്കർ സരായി എത്തിയപ്പോൾ ചോട്ടു വണ്ടി നിർത്തി. നല്ല ചായ കിട്ടുന്ന സ്ഥലം. ഞങ്ങളിറങ്ങി മട്ക ചായകുടിച്ചു വീണ്ടും യാത്ര തുടർന്നു. വണ്ടിയിൽ ഭോജ്പൂരി സംഗീതം ബഹളം നിറച്ചു. പർവൽപൂരിലെ ജോലി കഴിഞ്ഞ് തിരിച്ച് പട്നയിലേക്ക് വരുമ്പോൾ റോഡിനിരുവശവും പോലീസിന്‍റെ വിന്യാസം. ഏതോ വി ഐ പി കടന്നുപോകുന്നെന്ന് മനസ്സിലായി. സമയം നാല് മണി. ഇനിയും പട്നയിൽ എത്താൻ രണ്ട് മണിക്കൂറോളം എടുക്കും. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ആറ് മണിയോടെ ഒരു മീറ്റിംഗുണ്ട്. സമയത്തെത്തുമോ എന്ന ശങ്ക നില നിൽക്കെ ഞങ്ങളുടെ വണ്ടി സൈഡാക്കി ഒരു പെട്രോൾ പമ്പിനുള്ളിലേക്ക് പാർക്ക് ചെയ്യാൻ പോലീസ് പറഞ്ഞു. പിന്നാലെ ബൈക്കുകളും കാറും റിക്ഷകളും കൊണ്ട് സ്ഥലം നിറഞ്ഞു. വി ഐ പി പോകാൻ ഞങ്ങൾ കാത്തിരുന്നു. ധനിയാവാ ബസാറിൽ ട്രാഫിക് ജാം ഉണ്ടാകാം അതാണ് വി ഐ പി കടന്നുപോകാൻ ഇത്ര സമയമെടുക്കുന്നതെന്ന് ചോട്ടു പറഞ്ഞു. ഏതോ വിധായക് ആയിരിക്കാം ആ വി ഐ പി എന്ന് ചോട്ടു പിറുപിറുത്തു. കാത്തിരുന്നവർക്ക് ക്ഷമ നശിച്ചു ചില വണ്ടികൾ ചലിക്കാൻ തുടങ്ങി. പോലീസ് അവരെ തടഞ്ഞു. വി ഐ പി യെ കാണാൻ മിക്കവരും വണ്ടിയിൽ നിന്നിറങ്ങി റോഡിന് വശം ചേർന്ന് നിന്നു. പെട്ടെന്നൊരു പൈലറ്റ് വാഹനം കടന്നുപോയി. തൊട്ടു പിന്നാലെ സുരക്ഷാ വണ്ടികൾ. കൂടുതൽ വണ്ടികൾ കണ്ടപ്പോൾ അത് മുഖ്യമന്ത്രി നിതീശ് കുമാർ ആകാൻ സാധ്യതയുണ്ടെന്ന് ചോട്ടു. പെട്ടെന്ന് വി ഐ പിയുടെ വാഹനം കടന്നു പോയി. അത് മുഖ്യമന്ത്രി നിതീശ് കുമാർ. ബീഹാർ ഷെരീഫിലേക്ക് പോവുകയായിരുന്നു അദ്ദേഹം.
ബീഹാറിന്‍റെ മാറ്റം സാവധാനത്തിലാണെങ്കിലും അതിന്‍റെ അനുരണനങ്ങൾ ശക്തവും വ്യാപകവുമാണ്. അടിസ്ഥാന സൗകര്യങ്ങളും വിദ്യാഭ്യാസ സൗകര്യങ്ങളും പുരോഗതി നേടിയിട്ടുണ്ട്. ആരോഗ്യ മേഖലയിൽ കാര്യമായ മാറ്റം പ്രകടമല്ലെങ്കിലും പൊതുവെ ജനങ്ങൾക്കിടയിലുള്ള അവബോധത്തിന് കാര്യമായ മാറ്റമുണ്ടായിട്ടുണ്ട്. സർക്കാരിന്‍റെ ജീവിക പ്രോഗ്രാം സ്ത്രീ ശാക്തീകരണത്തിലും പോഷക സംബന്ധിയായ ആരോഗ്യ മേഖലയിലും മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ട്.

പോലീസ് എല്ലാ വണ്ടികളോടും പോകാൻ അനുമതി നൽകി. വേഗം തന്നെ ചോട്ടു വണ്ടിയെടുത്തു. ധനിയാവാ ബസാറിൽ നിന്നും ലിട്ടിയും ചോഖയും കഴിക്കണമെന്ന പദ്ധതി പൊളിഞ്ഞു. സമയം വൈകി. പട്നയിൽ പ്രവേശിച്ച് ഗതാഗതക്കുരുക്കും കഴിഞ്ഞ് മുറിയിലെത്തുമ്പോൾ സന്ധ്യ ആയി. ഇത്തവണ ഗ്രാമങ്ങളിലേക്ക് പോകാൻ പറ്റിയില്ല. മാറുന്ന ഉൾനാടൻ ഗ്രാമങ്ങളിലൂടെയും ചെറുപട്ടണങ്ങളിലൂടെയും വീണ്ടും ഒരു വിശദയാത്ര അടുത്ത് തന്നെ നടത്തണമെന്ന് മനസ്സിൽ നിനച്ച് ഉറങ്ങാൻ കിടന്നു. നാളെ രാവിലെ തിരിച്ചു പോകണം.
കവര്‍ ഡിസൈന്‍: വില്‍സണ്‍ ശാരദ ആനന്ദ്