പൂമുഖം Travel മഴക്കാലയാത്രകൾ : പറയാത്ത ഇടങ്ങൾ (ഒന്നാം ഭാഗം)

മഴക്കാലയാത്രകൾ : പറയാത്ത ഇടങ്ങൾ (ഒന്നാം ഭാഗം)

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

വടക്കന്‍ ബീഹാറില്‍ മഴക്കാലം ഗ്രാമങ്ങളില്‍ പ്രളയമായി ദുരിതമായി മാറും. വയലുകളെല്ലാം വെള്ളത്താല്‍ ചുറ്റപ്പെട്ടിരിക്കും. ജീവിതം നിശ്ചലമാകും. പട്ടിണി ഒരു സാധാരണ സംഭവമാകും. എല്ലാ വര്‍ഷവും ഒരു മാറ്റവുമില്ലാതെ അങ്ങിനെ ജീവിതം കൊഴിഞ്ഞുപോകും.

വടക്കൻ ബീഹാറിലൂടെ
അന്നൊരു ഞായറാഴ്ച ആയിരുന്നു. ബീർപൂറിന്‍റെയും മധുബനിയുടെയും ഗ്രാമങ്ങളിൽ നിന്ന് തിരിച്ചിറങ്ങിയ ദിവസം. ഇനി ചിലയിടങ്ങളിൽ കൂടെ പോകണം. മഴ ചറുപിറുങ്ങനെ പെയ്യുന്നുണ്ട്. ആകാശം മഴമേഘങ്ങൾ കൊണ്ട് മൂടിക്കെട്ടി വീണ്ടും പെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ലോഡ്ജിൽ ആളും അനക്കവുമില്ല. മഴയുടെ താളത്തിൽ എല്ലാവരും ഉറങ്ങുന്നു. സാധാരണ ചായ കൊണ്ടുവരുന്ന കൃപകുമാറിനെ കണ്ടില്ല. മഴയിൽ ചൂടുള്ള ഒരു ചായ ദിവസത്തെ ഊർജമുള്ളതാക്കുമെന്ന് തോന്നി.

ഞാൻ കുടയുമെടുത്ത് പുറത്തിറങ്ങി. വെള്ളവും ചളിയും കുത്തിയൊലിച്ചു പോകുന്ന റോഡ്‌. ഞാൻ പൊട്ടിയ ഗട്ടറിന്‍റെ കല്ലുകൾ ചാടിക്കടന്നു. തൊട്ടടുത്താണ് രൂപ്‌കുമാറിന്‍റെ ചായക്കുശിനി. അവിടെ നാലഞ്ചാളുകൾ കൂനിക്കൂടിയിരിക്കുന്നു. മഴയുടെയും അത് കൊണ്ടുവന്ന തണുപ്പിന്‍റെ അലസതയുടെയും ഒരന്തരീക്ഷം അവിടെയാകെ അനുഭവപ്പെട്ടിരുന്നു. രൂപ്‌കുമാർ ചായ തിളപ്പിക്കുന്നേയുള്ളൂ. അവിടെ ഒരു കമ്പിയില്‍ തൂക്കിയിട്ട റേഡിയോവില്‍ നിന്ന് ‘ആദ്മീ മുസാഫിർ ഹേ..ആത്താ ഹേ ജാത്താ ഹേ..ആത്തെ ജാത്തേ രാസ്തേ മേം യാദെ…ചോഡ് ജാത്താ ഹേ…’ എന്ന ലത റാഫി പാടിയ ഗാനം ഒഴുകുന്നുണ്ടായിരുന്നു. എന്തൊരര്‍ത്ഥവത്തായ ഗാനം.

ഒരു ഓട്ടോറിക്ഷ ചളിയും വെള്ളവും നിറഞ്ഞ വഴിയിലൂടെ വേഗത്തില്‍ വന്ന് വളച്ച് നിര്‍ത്തി ഡ്രൈവര്‍ അതില്‍നിന്നിറങ്ങാതെ ഒരു ചായ പറഞ്ഞു. രൂപ്‌കുമാർ പാൽ തിളപ്പിച്ച് കയ്യില്‍ കൊണ്ടിളക്കി മധുരം മതിയാകാതെ രണ്ടു കോപ്പ പഞ്ചസാര വീണ്ടും ചേര്‍ത്ത് തിളച്ചുവരുന്ന ചായക്കുമിളകളെ ഇളക്കിയൊതുക്കി രണ്ട് ഇഞ്ചിക്കഷ്ണം കൂടെയിട്ടു പോഞ്ചി വെച്ച് മറ്റൊരു പാത്രത്തിലേക്ക് പകര്‍ന്നു. നന്നായി കുറുക്കിയ ചൂടുള്ള ചായ അവിടെ കാത്തിരിക്കുന്ന ആൾക്കാരെ മനസ്സിൽ കണ്ട് നിരത്തി വെച്ച ചെറിയ ചില്ലു ഗ്ലാസ്സുകളില്‍ കൃത്യമായ അളവിൽ പകര്‍ന്ന് ഓരോരുത്തർക്കായി നീട്ടുമ്പോൾ രൂപ്‌കുമാറിന് മുഖത്ത് പ്രത്യേകിച്ചൊരു ഭാവവും ഉണ്ടായിരുന്നില്ല. തന്‍റെ എല്ലാവിധം ഭാവങ്ങളെയും പല്ലിനിടയില്‍ തിരുകിവെച്ച പാൻ മസാലയില്‍ ആവാഹിച്ചത് പോലെ. രൂപ്‌കുമാര്‍ സിംരാഹി ജങ്ഷനിൽ വന്ന് ചായ ഉണ്ടാക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ആറായി. ഭഗൽപൂരിലെ തന്‍റെ ഗ്രാമത്തിൽ നിന്ന് കനത്ത ഒരു വെള്ളപ്പൊക്കത്തിൽ ജീവിതം മുഴുവൻ ഒഴുകിപ്പോയപ്പോൾ ഓടിപ്പോന്നതാണ്. അതെല്ലാം രൂപ്‌കുമാറിന്‍റെ മുഖത്തും ചിന്തയിലും കാണാം.

അപ്പോഴാണോർത്തത് എട്ടു മണിക്ക് സുഹൃത്ത് വരാമെന്നു പറഞ്ഞിരുന്നു എന്ന്, യാത്ര പ്ലാൻ ചെയ്യാൻ. ഞാൻ രൂപ്‌കുമാറിന് ചായയുടെ അഞ്ചു രൂപ കൊടുത്ത് ലോഡ്ജിലേക്ക് നടന്നു. താമസക്കാരായ ഒന്ന് രണ്ടു പേര്‍ മാത്രമേ അവിടെയുള്ളൂ. വല്ലപ്പോഴും വരുന്ന വഴിയാത്രികർ. മഴയുടെ ശക്തി കൂടി വന്നു. സഹർസയിലെ പാലം തകർന്നെന്നു കേട്ടിരുന്നു. കോശിയുടെ പാലം 2008 ലെ മഹാപ്രളയത്തിൽ തകർന്നപ്പോൾ മിഥിലയിലെ ജനങ്ങൾക്ക് തെക്കൻ ബീഹാറിലേക്കും പാറ്റ്നയിലേക്കും പോകാൻ മറ്റ് വഴികളില്ലായിരുന്നു. വളരെയേറെ ചുറ്റി സഹർസ ബേഗുസരായി വഴി മണിക്കൂറുകൾ അധികമെടുത്ത് മാറി മാറി വണ്ടികൾ കയറി വേണമായിരുന്നു പോകാൻ. മഹാകോശി പാലം വന്നതിനു ശേഷവും മധ്യമിഥില എന്നറിയപ്പെടുന്ന സഹർസയിലും മറ്റും ഇപ്പോഴും മഴക്കാലത്ത് യാത്ര ദുഷ്കരവും കഠിനവുമാണ്.

ദിവസങ്ങളായി ഇവിടങ്ങളിൽ കനത്ത മഴയാണ്. പോരാത്തതിന് നേപ്പാളിലെ മഴ നദികളുടെ ഒഴുക്കിനെ ഒന്നുകൂടെ ശക്തി കൂട്ടി കൃഷിയിടങ്ങളിലും കുടിലുകളിലും കയറിയിറങ്ങിയിരുന്നു. ഈയൊരവസ്ഥയിലാണ് ഒറ്റപ്പെട്ട ഇടങ്ങളിൽ യാത്രകൾ ദുഷ്കരമാവുന്നത്.

ഭഗൽപൂരിന്‍റെ ഭൂമിക

ബീഹാറിന്‍റെ ഇരുണ്ട ചില കാലഘട്ടങ്ങളുടെ നാളുകൾ. കുറ്റകൃത്യങ്ങളും അക്രമങ്ങളും നടമാടിയ ദിനങ്ങൾ. അതിൽ ഭഗൽപൂർ എന്നും വാർത്തകളിൽ നിറഞ്ഞിരുന്നു. ഒരു കാലത്ത് ഭഗൽപൂർ ബീഹാറിന്‍റെ കുറ്റകൃത്യങ്ങളുടെ ആസ്ഥാനമായിരുന്നു. ബീഹാറിന്‍റെ തെക്ക് പടിഞ്ഞാറൻ ഭാഗങ്ങൾ ബ്രിട്ടീഷ് കാലം ബംഗാളിന്‍റെ ഭാഗമായിരുന്നു. സാന്താളും മറ്റു ഗോത്രജൈവ രീതികളും പെരുമാറിയിരുന്നിടം.

ഗംഗാ നദിയുടെയും ചന്ദൻ പോലുള്ള നദികളുടെയും ജലസമൃദ്ധിയിൽ നെൽകൃഷിയായിരുന്നു മുന്‍പൊരിക്കല്‍ ഇവിടം. ചതുപ്പിടങ്ങളും നോക്കെത്താത്ത ദൂരത്തെ പാടങ്ങളും ഒരു മനുഷ്യനെ പോലും കാണാൻ പറ്റാത്ത ഇടം എന്ന് 1911 ലെ ബ്രിട്ടീഷ് ഗസറ്റിൽ സൂചിപ്പിക്കുന്നുണ്ട്. ഈ സ്ഥലങ്ങളില്‍ എത്തിപ്പെടുന്നത് ദുഷ്കരമായിരുന്നതിനാലും കുറ്റകൃത്യങ്ങൾ കൂടിയിരുന്നത് കൊണ്ടും അന്ന് കണക്കെടുപ്പില്‍ ഉൾപ്പെടുത്തിയിരുന്നില്ല. അക്ബര്‍ ചക്രവര്‍ത്തിയുടെ കാലത്ത് ധനം കൈകാര്യം ചെയ്തിരുന്ന തോഡര്‍മാല്‍ നടത്തിയ സർവേയിൽ ഉള്‍പ്പെടുത്താന്‍ സാധിക്കാതിരുന്ന സ്ഥലങ്ങള്‍. ഇടതിങ്ങിയ കാടും നദികളുടെ കൂടിച്ചേരലുകളും അവിടെ പോകുന്നത് ദുഷ്കരമാക്കിയിരുന്നു. ഇന്ന് നിങ്ങള്‍ക്കിവിടെ ഇടതൂര്‍ന്ന വനമോ മരങ്ങളോ കാണാന്‍ സാധിക്കില്ല.

ഭഗല്‍പൂര്‍ ദുരന്തം

ജയിൽ കുറ്റവാളികളുടെ കണ്ണിൽ ആസിഡ് ഒഴിച്ച് കണ്ണുകൾ ചൂഴ്ന്നെടുത്ത ഹീനമായ ക്രൂരത നടമാടിയ ഭഗൽപൂർ ജയിൽ. 1979-80 കളിൽ നടന്ന ഈ മനുഷ്യത്യരഹിതമായ കൊടും ക്രൂരത ലോക മനസ്സാക്ഷിയെ ഞെട്ടിച്ചുകളഞ്ഞിരുന്നു. അന്നത്തെ ജയിലർ പിന്നീട് ലോക്‌സഭാ അംഗം ആയി എന്ന പരിഹാസ്യത മുഴച്ചു നിൽക്കെ, കാഴ്ചകൾ നഷ്ടപ്പെട്ടവർക്ക് അവരുടെ സ്വപ്നങ്ങളും ജീവിതങ്ങളും ആണ് ഇല്ലാതായത്. എന്നിട്ട് സർക്കാർ അവർക്ക് കൊടുത്ത നഷ്ടപരിഹാരത്തുകയോ കേവലം അഞ്ഞൂറ് രൂപ. പ്രതികളായ പൊലീസുകാരെ ചില സസ്‌പെൻഷനിലും മറ്റും ഒതുക്കി ഈ ക്രൂരത മനുഷ്യമനസ്സിൽ നിന്നകന്നു.

പിടിച്ചുലച്ച ലഹള

പിന്നീട് നടന്ന 1980 കളിലെ സാമുദായിക ലഹളയിൽ ഭഗൽപൂരിൽ ആയിരത്തിന് മേലെ പേർക്ക് ജീവൻ നഷ്ടപ്പെടുകയും അര ലക്ഷത്തോളം പേർക്ക് കുടിലുകളും ജീവനോപാധികളും നഷ്ടപ്പെട്ട് പലായനം ചെയ്യേണ്ടി വരികയും ചെയ്തു. 1980 കളിലെ ബാബ്‌റി മസ്ജിദ് ശിലാന്യാസവുമായി ബന്ധപ്പെട്ടുണ്ടായ കലാപം കഴിഞ്ഞിട്ടും ഇവിടങ്ങളില്‍ സമാധാനം തിരിച്ചുവരാന്‍ വർഷങ്ങളെടുത്തു. കാലം ഏറെകഴിഞ്ഞിട്ടും ബീഹാറിന്‍റെ ഗ്രാമീണ ജീവിതങ്ങൾക്ക് വലിയ മാറ്റങ്ങൾ വന്നില്ല. അങ്ങിങ്ങായി ചില ദളിത് മുന്നേറ്റങ്ങൾ. ചില യുവനേതാക്കളുടെ ഉദയം. ഇവിടങ്ങളില്‍ ജീവിതം ഇന്നും പഴയത് തന്നെ. സമൂഹത്തിലെ ഏറ്റവും അരികുവല്‍ക്കരിക്കപ്പെട്ട ദളിത്‌ മഹാദളിത്‌ സമൂഹങ്ങള്‍ ജീവിക്കുന്നയിടങ്ങള്‍.

കുളിച്ച് റെഡിയായപ്പോഴേക്കും സുരീന്ദര്‍ വന്നു. ഞങ്ങൾ യാത്രയുടെ വഴികള്‍  കണക്കുകൂട്ടി. ഇപ്പോഴത്തെ രാഘവ്പൂരിൽ നിന്ന് ബെഗുസരായ് വഴി ഭാഗല്‍പൂരിലെ നൗഗാച്ചിയയില്‍ എപ്പോൾ എത്താനാവുമെന്ന് പറയാനാവില്ല. ഏതായാലും പോകാമെന്നു തന്നെ തീരുമാനിച്ചു. അതിനിടയ്ക്ക് കുട്ടി മനോജ് വന്നു ഞങ്ങൾക്ക് ജിലേബിയും ചൂടോടെ പറക്കുന്ന രണ്ടു സമോസയും തന്നു. ഇന്നിതാണ് ബ്രേക്‌ഫാസ്റ്റ്. മഴയ്ക്ക് തത്കാലം ഒരു ശമനം വന്നിട്ടുണ്ട്. എന്നാലും ആകാശം മേഘങ്ങളെ കൂട്ടിപിടിച്ചിരിക്കയാണ്. സിംരാഹി എന്ന ജങ്ഷന്‍ ബീഹാറിന്‍റെ വടക്ക് കിഴക്കൻ ഭാഗത്തെ വിവിധ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന സ്ഥലമാണ്. ഇതിലൂടെ ഈസ്റ്റ് വെസ്റ്റ് കോറിഡോർ കടന്നു പോകുന്നു. ഗുജറാത്തില്‍ തുടങ്ങി അസം വരെ നീണ്ടുപോകുന്ന പാത.

ഭഗല്‍പൂരിലേക്ക്

സുരീന്ദര്‍ തിരിച്ചെത്തി. ഞങ്ങള്‍ ലോഡ്ജിൽ നിന്നിറങ്ങുമ്പോഴേക്കും സമയം ഉച്ചയോടടുത്തിരുന്നു. സിംരാഹി കടന്നു രാഘവപൂർ എത്തി. രണ്ടും അടുത്തടുത്ത സ്ഥലങ്ങൾ. റോഡിനിരുവശവും കുശിനിപ്പീടികകളും മഴക്കിടയിലും ആള്‍ക്കാരുടെ ചലനങ്ങളും. തുറന്ന ബാർബർ ഷോപ്പിൽ മരക്കസേരയിൽ ഇരുന്ന് ഭിത്തിയിൽ ഒരു മതിലില്‍ ഉറപ്പിച്ച ചെറിയ കണ്ണാടിയിൽ നോക്കി താടി വടിക്കാന്‍ ഇരിക്കുന്ന ഒരാൾ. മഴയുടെ ശല്യമൊഴിവാക്കി ഒരു മരത്തിനു കീഴെ ഒതുങ്ങിക്കിടക്കുന്നൊരു നായ. ‘പാറ്റ്ന പാറ്റ്ന’ എന്ന് വിളിച്ചു പറയുന്ന മിനി ബസ്സിന്‍റെ കമ്പി പിടിച്ച് ആളെ കൂട്ടുന്ന ഒരു കൊച്ചു പയ്യൻ. തലങ്ങും വിലങ്ങും ഹോണടിച്ച് ധൃതിയിൽ പായുന്ന ബൊലേറോ വണ്ടികൾ. ഇനിയും മുന്നോട്ട് പോകുമ്പോള്‍ സഹര്‍സ മധേപുര ബേഗുസരായ്. ചരിത്രപ്രസിദ്ധമായ സഹര്‍സയിലെ മഹിസി, സിംരി ഭക്തിയര്‍പൂര്‍ നൌഗചിയ. ഗംഗയുടെ മാറിടങ്ങള്‍. നീണ്ട റോഡ്‌ യാത്രകള്‍. പുറത്തെ കാഴ്ചകള്‍. ഞാന്‍ പുറത്തേക്ക് നോക്കിയിരുന്നു. അപ്പോഴേക്കും സുരീന്ദര്‍ ഉറങ്ങിക്കഴിഞ്ഞിരുന്നു.

പോസ്റ്റർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്

Comments
Print Friendly, PDF & Email

You may also like