പൂമുഖം Travel അസം ഓർമ്മകൾ – അവസാന ഭാഗം

അസം ഓർമ്മകൾ – അവസാന ഭാഗം

പുകയടങ്ങാത്ത കുടിയേറ്റ പ്രശ്നം

ബി.എഡ്. കോഴ്സിന്‍റെ അവസാന ഘട്ടത്തിൽ എല്ലാവരും പഠനത്തിരക്കിലായതോടെ അടുക്കളയിലെ കാര്യങ്ങളെല്ലാം താളം തെറ്റിത്തുടങ്ങിയിരുന്നു. ആ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഒരാളെ അന്വേഷിച്ചപ്പോൾ അയൽക്കാരായ പോസ്റ്റ് മാസ്റ്ററുടെ കുടുംബത്തിന്‍റെ ശ്രമഫലമായി ഒരു സ്ത്രീയെ കിട്ടിയത് വലിയൊരാശ്വാസമായി. എന്‍റെയും മനോഹർജിയുടെയും ഡ്യൂട്ടി ദിവസമാണ് പുതിയ കുശിനിക്കാരി ചുമതലയേൽക്കാനെത്തിയത്. വിഭവങ്ങളെക്കുറിച്ചെല്ലാം ഒന്ന് പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചപ്പോൾ ഞങ്ങളുടെ ഭാഷയുണ്ടോ അവർക്ക് മനസ്സിലാകുന്നു. ഒരു രക്ഷയുമില്ലെന്നായപ്പോൾ ഞങ്ങളുടെ വീടുമൂപ്പനായ ഷംസുക്കയെ ഹാജരാക്കി. അപ്പോഴാണ് സംഗതി പിടികിട്ടിയത്. അവർ മൊഴിയുന്നത് ബംഗാളിയും ഹിന്ദിയുമെല്ലാം ചേർത്താണെന്ന്. പല സാധനങ്ങൾക്കും ബംഗാളി വാക്കുകളാണത്രേ ഉപയോഗിക്കുന്നത്. ബംഗ്ലാദേശുകാരിയായ ഇവർ അസാമീസ് മൊഴിഞ്ഞാലും ഞങ്ങൾ പെട്ടതുതന്നെ. ഏതായാലും അടുക്കളക്കൊരു നാഥയായി. മാത്രമല്ല ബംഗ്ലാദേശിൽ നിന്നും അനധികൃതമായി കുടിയേറിപ്പാർത്തവർ കോളജ് സ്ഥിതി ചെയ്യുന്ന മംഗൽദായിലും പരിസര പ്രദേശങ്ങളിലുമുണ്ടെന്നറിയാനും കഴിഞ്ഞു. കുടിയേറ്റക്കാരെന്ന പേരിൽ പാർശ്വവൽകരിക്കപ്പെട്ടവരായി കഴിയുന്ന ഇത്തരം കുടുംബങ്ങളിലെ സ്ത്രീകൾ വീട്ടുജോലികൾ ഉൾപ്പെടെയുള്ള പല തൊഴിലുകളിലും ഏർപ്പെടുമ്പോൾ പുരുഷൻമാരിൽ ചിലർ നഗരങ്ങളിൽ സൈക്കിൾ റിക്ഷ ചവിട്ടി തുച്ഛമായ വരുമാനം കണ്ടെത്തുന്നവരാണെന്ന് അയൽവാസിയായ ലൂയിസ് പറഞ്ഞാണറിഞ്ഞത്. സമൂഹത്തിൽ അസംഘടിതരായ ഇവർ പലവിധത്തിലുള്ള വിവേചനങ്ങൾക്കും തൊഴിൽ ചൂഷണങ്ങൾക്കും വരെ വിധേയരാകുന്നുണ്ട്.

Image credit : traveltriangle.com

അസം ബ്രിട്ടീഷുകാരുടെ അധീനതയിലായതോടെയാണ് ഇവിടെ തേയിലക്കൃഷി ആരംഭിക്കുന്നത്. തദ്ദേശവാസികൾക്ക് അവരുടെ പരമ്പരാഗത കൃഷിരീതി വിട്ട് പുതിയ കാർഷികവൃത്തിയിലേക്ക് ഇറങ്ങാൻ താൽപര്യ മില്ലാതിരുന്നതിനാൽ കിഴക്കൻ ബംഗാളിൽ നിന്ന് മുസ്ലീങ്ങളായ നിരവധി കർഷകരെ ബ്രിട്ടീഷുകാർ അസമിലെ തേയിലത്തോട്ടങ്ങളിലേക്ക് കൊണ്ടുവന്നതോടെയാണ് ആ ഭാഗങ്ങളിൽ നിന്ന് അസമിലേക്കുള്ള കുടിയേറ്റം ആരംഭിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ വ്യാപാരാവശ്യങ്ങൾക്കും മറ്റുമായി കടന്നുവന്നവരും അസമിൽ സ്ഥിര താമസമാക്കിയിട്ടുണ്ട്. 1947 ൽ ഇന്ത്യ വിഭജനത്തെ തുടർന്നുണ്ടായ കലാപവും 1971 ൽ ബംഗ്ലാദേശ് രൂപീകരിക്കുന്നതിന്‍റെ ഭാഗമായി നടന്ന പ്രക്ഷോഭങ്ങളും അതിനെ നേരിടാൻ പാക്കിസ്ഥാൻ പട്ടാളം നടത്തിയ അതിക്രമങ്ങളും അഴിഞ്ഞാട്ടവുമെല്ലാം വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് വിവിധ മതസ്ഥരായ അഭയാർത്ഥികളുടെ വലിയ തോതിലുള്ള പലായനത്തിനിടയാക്കിയിട്ടുണ്ട്. അസം, പശ്ചിമ ബംഗാൾ, മിസോറാം, മേഘാലയ, ത്രിപുര എന്നിവയെല്ലാം ബംഗ്ലാദേശുമായി അതിർത്തികള്‍ പങ്കിടുന്ന സംസ്ഥാനങ്ങളാണ്. അസമിന്‍റെ അതിർത്തി തന്നെ 262 കി. മീറ്ററുണ്ട്. അതിൽ ചില ഭാഗങ്ങളിൽ മുമ്പ് അനായാസം വേലി കെട്ടാനോ പട്രോളിങ് നടത്താനോ സാധിക്കാത്ത സ്ഥിതിയുണ്ടായിരുന്നു. ഈ പ്രദേശങ്ങളിലൂടെയും പശ്ചിമ ബംഗാൾ, മേഘാലയ എന്നീ സംസ്ഥാനങ്ങളിലൂടെയുമാണത്രേ നുഴഞ്ഞുകയറ്റക്കാരിൽ ഏറെയും അസമിൽ എത്തിച്ചേരുന്നത്. ഇവിടുത്തെ തൊഴിലവസരങ്ങളും ഫലഭൂയിഷ്ടമായ ഭൂമിയുടെ ലഭ്യതയും മാത്രമല്ല സ്വന്തം നാട്ടിൽ അവർ അനുഭവിക്കേണ്ടിവരുന്ന ദാരിദ്ര്യം, പ്രകൃതി ദുരന്തങ്ങൾ എന്നീ ഘടകങ്ങളും കൂടിയാണ് സ്വാതന്ത്ര്യാനന്തരം ഇവിടേക്ക് വലിയ തോതിലുള്ള കുടിയേറ്റത്തിന് പ്രേരണയായത്.

അസമിൽ കുടിയേറ്റക്കാരുടെ എണ്ണം വർദ്ധിക്കുന്നത് തിരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിക്കാൻ തുടങ്ങിയതും തദ്ദേശീയരുടെ ഭൂമിയും തൊഴിലവസരങ്ങളും നഷ്ടപ്പെടുന്നതുമെല്ലാം ക്രമേണ ഇവർക്കെതിരെ വംശീയ രോഷം വളർന്നു വരുന്നതിനിടയാക്കി. 1979 ൽ മംഗൽദായ് പാർലമെന്റ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ വോട്ടർ പട്ടികയിൽ ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കൂടിയേറ്റക്കാരെ വ്യാപകമായി ഉൾപ്പെടുത്തിയതായിരുന്നു ‘അസം മൂവ്മെന്റ് ‘ എന്നറിയപ്പെടുന്ന പ്രക്ഷോഭത്തിന് വഴിമരുന്നിട്ടത്. ഓൾ അസം സ്റ്റുഡന്റ്സ് യൂണിയന്‍റെയും ഓൾ അസം ഗണ സംഗ്രാം പരിഷത്തിന്‍റെയും നേതൃത്വത്തിൽ 6 വർഷത്തോളം നീണ്ടു നിന്ന ഈ പ്രക്ഷോഭത്തിന് തദ്ദേശീയരായ വലിയൊരു ജനവിഭാഗത്തിന്‍റെ പിന്തുണ ലഭിച്ചിരുന്നു. അക്രമരാഹിത്യത്തിലധിഷ്ഠിതമായാണ് സമരപരിപാടികൾ ആരംഭിച്ചതെങ്കിലും ക്രമേണ അത് വലിയ കലാപങ്ങൾക്കു വരെ ഇടയാക്കി.

1983 ൽ അസം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടയിലാണ് ഫിബ്രവരി 18 ന് നാഗോൺ ജില്ലയിലെ നെല്ലിയിലും പരിസരപ്രദേശത്തും അസം പ്രക്ഷോഭകരുടെ നേതൃത്വത്തിൽ നാടിനെ നടുക്കിയ വംശീയ കൂട്ടക്കുരുതി നടന്നത്. ഇരകൾക്ക് രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും അടച്ച് ഒറ്റ പകൽ കൊണ്ടാണ് വലിയൊരു പ്രദേശം മുഴുവൻ അവർ നാമാവശേഷമാക്കിയത്. അനൗദ്യോഗിക കണക്കനുസരിച്ച് ന്യൂനപക്ഷ സമുദായക്കരായ മുവ്വായിരത്തിലധികം വരുന്ന കുടിയേറ്റക്കാരുടെ ജീവൻ നഷ്ടമായിട്ടുണ്ട് ഈ കലാപത്തിൽ. ജീർണിച്ച ശവശരീരങ്ങൾ ദിവസങ്ങളോളം പുഴകളിലും കുളങ്ങളിലും പൊങ്ങിക്കിടക്കുന്നുണ്ടായിരുന്നത്രേ.

നിയമസഭ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനുള്ള പ്രക്ഷോഭകരുടെ ആഹ്വാനം മുഖവിലയ്ക്കെടുക്കാതെ കുടിയേറ്റക്കാർ വോട്ടെടുപ്പിൽ പങ്കെടുത്ത് അവരുടെ പൗരത്വം ഉറപ്പു വരുത്താൻ ശ്രമിച്ചതാണ് പ്രക്ഷോഭകാരികളുടെ പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമായിത്തീർന്നത്. ഈ സംഭവത്തെ തുടർന്ന് അസമിലേക്കുള്ള കുടിയേറ്റത്തിന് താൽകാലികമായി അറുതി വന്നിരുന്നുവെന്ന് ഞങ്ങളുടെ സഹപാഠി റിച്ചന്ദ് അഹമ്മദ് ഒരിക്കൽ പങ്കുവച്ചിരുന്നു. 1985 ൽ പ്രക്ഷോഭകരും രാജീവ്‌ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരും തമ്മിൽ ഒപ്പുവച്ച ‘അസം കരാറിനെ’ തുടർന്നാണ് കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം താൽക്കാലികമായി അവസാനിപ്പിച്ചത്.

തുടർച്ചയായ കുടിയേറ്റങ്ങൾ അസമിലെ കന്യാവനങ്ങൾ ഏറെയും കൃഷിഭൂമികളായി മാറുന്നതിനിടയാക്കിയിട്ടുണ്ട്. എന്നാൽ സ്വത്വവാദ രാഷട്രീയം ഉയർത്തിപ്പിടിക്കുന്നവർ തദ്ദേശീയർക്ക് തൊഴിലവസരം നഷ്ടപ്പെടുന്നുവെന്ന് വിലപിക്കുന്നുണ്ടെങ്കിലും സർക്കാർ പദ്ധതികളും മറ്റും നടപ്പിലാക്കുന്നതിനുള്ള മനുഷ്യവിഭവശേഷിയുടെ അപര്യാപ്തത ഇവിടെ നിലനിൽക്കുന്നണ്ടായിരുന്നു. അതു കൊണ്ടു തന്നെയാണ് ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ നിന്ന് അസമിലേക്ക് നിർബാധം കുടിയേറ്റം നടന്നുകൊണ്ടിരുന്നത്. അവർക്കിവിടെ തൊഴിലവസരങ്ങൾ ലഭിക്കുന്നുമുണ്ടായിരുന്നു. ഞങ്ങളുടെ ബി.എഡ്. പഠന കാലമായ 1990 കളുടെ തുടക്കത്തിൽ പോലും കായികാധ്വാനം കൂടുതലുള്ള തൊഴിൽ രംഗത്തേക്ക് കടന്നുവരാൻ തദ്ദേശീയരായ യുവാക്കൾ വിമുഖത കാണിക്കുന്നുണ്ടെന്ന ഞങ്ങളുടെ നിരീക്ഷണം അസംകാരായ സഹപാഠികൾ ശരിവച്ചിരുന്നു.

രണ്ട് വർഷം മുമ്പ് ദരാംഗ് ജില്ലയിലെ ധോൽപുരിലും പരിസര പ്രദേശങ്ങളിലുമുള്ള കുടിയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന്‍റെ ഭാഗമായുണ്ടായ ഏറ്റുമുട്ടലുകൾക്കിടയിൽ വെടിയേറ്റു വീണ ഒരു മനുഷ്യന്‍റെ ദേഹത്ത് ചാടി വീണ് കൊണ്ട് ജില്ല ഭരണകൂടം നിയോഗിച്ച ഒരു ഫോട്ടോഗ്രാഫർ കാണിച്ച മനുഷ്യത്വരഹിതമായ കൊടുംക്രൂരതയുടെ ദൃശ്യം ഏറെ മാധ്യമ ശ്രദ്ധ നേടുകയും ചർച്ചയ്ക്കു വിധേയമാകുകയും ചെയ്തിരുന്നല്ലോ. വർഷങ്ങളായി കാർഷിക വൃത്തിയിലും മറ്റു തൊഴിലുകളിലും ഏർപ്പെട്ട് ജീവിതം നയിച്ചവരുടെ എല്ലാ വിധ സ്വപ്നങ്ങളും ഒരു മുന്നറിയിപ്പുമില്ലാതെയാണ് ബുൾഡോസറുകൾ നിലംപരിശാക്കിയത്. ആയിരത്തിലേറെ കുടുംബങ്ങളാണിവിടെ വഴിയാധാരമായത്. യാതൊരുവിധ പ്രാഥമിക സൗകര്യങ്ങളും ലഭ്യമല്ലാത്തിടത്ത് പശുത്തൊഴുത്ത് കണക്കെ നിർമ്മിച്ച പ്ലാസ്റ്റിക്ക് കൂരകൾക്കുള്ളിൽ ഇപ്പോഴും നരകതുല്യമായ ജീവിതം നയിക്കുകയാണ് ഇവരിലേറെയും. ഇടയ്ക്കിടെയുള്ള വംശീയ കലാപവും കുടിയൊഴിപ്പിക്കാനുള്ള പൊലീസ് നടപടികളും പൗരത്വ പ്രശ്നവുമെല്ലാമായി അസമിലെ കുടിയേറ്റ ക്കാരുടെ വിഷയം ഇന്നും പുകഞ്ഞുകൊണ്ടി രിക്കുകയാണ്.

The signing of the Assam Accord
Image credit The Hindu Archives

പരീക്ഷച്ചൂടിനിടയിലെ ചില ദിനങ്ങൾ

ക്ലാസ് നിരീക്ഷണത്തിനും അഭിമുഖത്തിനും മറ്റുമായി യൂണിവേഴ്സിറ്റിയിൽ നിന്നുള്ള കമ്മീഷൻ എത്തുന്ന വിവരമറിഞ്ഞതോടെ എങ്ങനെ ക്ലാസ് മികവുറ്റതാക്കാൻ കഴിയുമെന്ന ചിന്തയിലായിരുന്നു എല്ലാവരും. കമ്മീഷൻ വരുന്നതിന്‍റെ തലേന്ന് ഞാൻ ശരിക്കും പെട്ടു പോയി എന്നു തന്നെ പറയാം. എല്ലാവരും എന്നെകൊണ്ട് ചാർട്ട് എഴുതിക്കാം എന്ന ധാരണയിൽ അവസാന സമയം വരെ വച്ചിരുന്നു. എനിക്കാണെങ്കിൽ എന്തെങ്കിലും എഴുതാൻ കൊണ്ടുവന്നാൽ ആരോടും പറ്റില്ലെന്നു പറഞ്ഞ് ശീലവുമില്ല. പത്തോളം പേർക്ക് വേണ്ട ചാർട്ടുകൾ തയ്യാറാക്കി നേരം വെളുക്കാറായപ്പോഴാണ് ഒന്നു മയങ്ങാൻ കഴിഞ്ഞത്. ഏതായാലും പിറ്റേ ദിവസം കമ്മീഷനു മുമ്പിൽ കാര്യങ്ങൾ കുഴപ്പമില്ലാതെ ഒപ്പിച്ച് ഈയുള്ളവനും ബി.എഡ് കോഴ്സിന്‍റെ ഒരു കടമ്പ കടന്നു.

പരീക്ഷാ കാലത്തെ ഇടവേളയിൽ ഒരു ദിവസം സഹപാഠിയായ അയൂബിന് നാട്ടിൽ നിന്ന് സഹോദരി ഭർത്താവ് എഴുതിയ ഒരു കത്തുമായാണ് അഗസ്റ്റിനും ജോർജും ഞങ്ങളുടെ വീട്ടിലെത്തിയത്. “ഇതൊന്നു മാറ്റിയെഴുതണം ഞങ്ങൾ എത്ര ശ്രമിച്ചിട്ടും ആ കൈയക്ഷരം ഒപ്പിച്ചെടുക്കാനാകുന്നില്ല” അയൂബിന്‍റെ പിതാവ് മരിച്ചു എന്നതാണ് കത്തിലെ മുഖ്യ ഉള്ളടക്കം. ഈ ദു:ഖ വാർത്ത ചിലപ്പോൾ അവന്‍റെ പരീക്ഷയെഴുത്തെല്ലാം അവതാളത്തിലാക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ഇത്തിരി മാനസിക സംഘർഷത്തോടെയാണെങ്കിലും ആ മരണവാർത്ത ഒഴിവാക്കി കത്ത് ഏകദേശം അതേ കൈയക്ഷരത്തിൽ മാറ്റിയെഴുതുന്ന ദൗത്യം ഞാൻ ഏറ്റെടുത്തു. വാചകങ്ങളെല്ലാം അഗസ്റ്റിന്‍റെതായിരുന്നു. അയൂബ് കത്ത് വായിച്ച് നാട്ടിലെ വിവരങ്ങൾ അറിഞ്ഞ് തൃപ്തനായി പഠനത്തിൽ മുഴുകി. പരീക്ഷയെല്ലാം കഴിഞ്ഞ് അസമിനോട് യാത്ര പറഞ്ഞ് വടകരയിൽ ട്രെയിൻ ഇറങ്ങിയ ശേഷമാണ് അഗസ്റ്റിൻ ഭാവി കാര്യങ്ങളെക്കുറിച്ചുള്ള ചില ഉപദേശങ്ങൾക്കൊപ്പം നടന്ന സംഭവങ്ങളെല്ലാം അയൂബിനു മുമ്പിൽ വെളിപ്പെടുത്തിയത്.

ഗമോസ അണിയിച്ചൊരു ആദരം

Wassim Raja and his brother

ബി.എഡ്.പരീക്ഷ കഴിഞ്ഞ് നാട്ടിലേക്ക് തിരിക്കാനുള്ള ഒരുക്കങ്ങൾക്കിടയിൽ അയൽവാസിയായ ഒമ്പതാം ക്ലാസുകാരൻ വാസിം രാജയും അവന്‍റെ ഇളയ സഹോദരനും കൂടി എന്നെയും പവിത്രനെയും ഒരു ദിവസം അവരുടെ വീട്ടിലേക്ക് ക്ഷണിച്ചു. ആ വീട്ടിലെ ആതിഥ്യമര്യാദകൾ ശരിക്കും ഞങ്ങളെ അതിശയിപ്പിക്കുന്നതായിരുന്നു. സ്വീകരിച്ചിരുത്തി സംസാരിച്ച്‌ കൊണ്ടിരിക്കുന്നതിനിടയിൽ ഡൈനിങ്‌ ടേബിളിൽ ചായയും ഒന്നു രണ്ടു പലഹാരങ്ങളും എത്തി. അത് കഴിച്ച് തീരുമ്പോഴേക്കും അടുക്കളയിൽ പുതിയവിഭവങ്ങൾ ഒരുക്കുന്നതിനനുസരിച്ച് ഓരോന്നായി ഞങ്ങളുടെ മുമ്പിലേക്ക് എത്തിക്കൊണ്ടിരുന്നു. സുംഗ പിത്ത, ലാരുപിത്ത, രസഗുള തുടങ്ങി അവരുടെ ഒത്തിരി പരമ്പരാഗത വിഭവങ്ങൾ. എഴുന്നേറ്റ് പോരാൻ യാതൊരു നിവൃത്തിയുമില്ലാത്ത അവസ്ഥ. നേരമാണെങ്കിൽ ഇരുട്ടിത്തുടങ്ങി. അവസാനം യാത്ര പറഞ്ഞിറങ്ങാൻ തുനിഞ്ഞപ്പോൾ വാസിംരാജയും സഹോദരനും ചേർന്ന് എന്‍റെയും പവിത്രന്‍റെയും തോളിൽ ഗമോസ എന്ന മേൽമുണ്ടണിയിച്ചത് തികച്ചും അപ്രതീക്ഷിതമായിരുന്നു. സത്യത്തിൽ ഒരു നാട് ഞങ്ങളെ ആദരിക്കുകയാണെന്ന് തോന്നിപ്പോയ നിമിഷങ്ങളായിരുന്നു അത്. വെള്ളത്തുണിയിൽ മൂന്നു വശവും കരയും ഒരു വശത്ത് വീതിയിൽ ചിത്രത്തുന്നലുമുളള, നാം ഉപയോഗിക്കുന്ന തോർത്തിനെക്കാൾ അല്പം നീളംകൂടിയ ഒരു വസ്ത്രമാണിത്. പലനിറത്തിലും ഡിസൈനിലും ലഭ്യമാകുന്ന ഗമോസ വിശിഷ്ട വ്യക്തികളെ ആദരിക്കാൻ അസംകാർ മതഭേദമെന്യെ ഉപയോഗിച്ചു വരുന്നുണ്ട്. ബിഹുനർത്തകരുടെ വസ്ത്രാലങ്കാരത്തിലുമുണ്ട് ഇവയ്ക്ക് സ്ഥാനം. ഒരു കാലത്ത് തോളിൽ ഗമോസ ധരിക്കുന്നത് സാമൂഹ്യപദവിയുടെ ചിഹ്നമായാണ് കരുതിയിരുന്നത്. ആ രാത്രിയിൽ തോളിൽ ഗമോസയണിഞ്ഞ് അസ്സാമീസ് സ്റ്റൈലിലാണ് ഞാനും പവിത്രനും റൂമിലുള്ള സഹപാഠികൾക്കു മുമ്പിലേക്ക് കയറിച്ചെന്നത്.

പരീക്ഷ കഴിഞ്ഞ ശേഷം അസമിലോ മേഘാലയ, അരുണാചൽ പ്രദേശ് തുടങ്ങിയ അയൽ സംസ്ഥാനങ്ങളിലോ പ്രൈവറ്റ് സ്കൂളുകളിൽ ജോലിയന്വേഷിച്ച് പോകുന്നതിനെക്കുറിച്ചൊന്നും ഞങ്ങൾ ആറ് പേരും ചിന്തിച്ചതേയില്ല. ചില മുൻഗാമികൾക്ക് ആ പതിവുണ്ടായിരുന്നു. പവിത്രനേയും എന്നെയും നാട്ടിൽ മുമ്പ് ജോലി ചെയ്ത സമാന്തര സ്ഥാപനങ്ങളിലെ സഹപ്രവർത്തകർ കാത്തിരിക്കുന്നുമുണ്ട്. വരും വരായ്കകളെക്കുറിച്ചൊന്നും വേവലാതിപ്പെടാതെ, ബ്രഹ്മപുത്ര ഒരിക്കൽ കൂടി രൗദ്രഭാവം പൂണ്ട് എത്തും മുമ്പെ നാട് പിടിക്കുക മാത്രമായിരുന്നു ഞങ്ങളുടെ ലക്ഷ്യം. പരീക്ഷ അവസാനിക്കുമ്പോഴേക്കും അതിനുള്ള ഒരുക്കങ്ങളും ഞങ്ങൾ നടത്തിയിരുന്നു.

അസം സംഘർഷഭരിതമായ ഒരിടമാണെന്ന വാർത്തകൾ കേൾക്കുന്ന കാലത്താണ് പവിത്രനും ഞാനും ഒരു ബി. എഡ്. ബിരുദം നേടുകയെന്ന മോഹവുമായി ഗുവാഹത്തിയിലേക്ക് വണ്ടി കയറുന്നത്. കോളേജ് സ്ഥിതി ചെയ്യുന്ന മംഗല്‍ദായിയില്‍ എത്തി അധികം വൈകാതെ തന്നെ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നെത്തിയവരുമായി സൗഹൃദം സ്ഥാപിക്കാനും അവരുടെ ഗ്രാമ്യഭാഷകൾ ആസ്വദിക്കാനും കഴിഞ്ഞത് പുതിയൊരനുഭവമായിരുന്നു. അക്കാദമിക വിദ്യാഭ്യാസത്തിനൊപ്പം അസംകാരായ സുഹൃത്തുക്കളുടെ ആതിഥേയത്വം സ്വീകരിച്ചും പരമ്പരാഗത വിഭവങ്ങളുടെ രുചിയറിഞ്ഞും പലരുടെയും ജീവിത ചുറ്റുപാടുകൾ വീക്ഷിച്ചും ഉത്സവാഘോഷങ്ങളിൽ പങ്കു ചേർന്നുമെല്ലാം ഒരു നാടിന്‍റെ സാംസ്കാരിക വൈവിധ്യത്തെ തിരിച്ചറിയാൻ അവസരം നൽകുന്നതു കൂടിയായിരുന്നു ആ ഒരു വർഷം.

ചരിത്രമുറങ്ങുന്നതും പ്രകൃതി സൗന്ദര്യം തുളുമ്പുന്നതുമായ അസമിലെ ഒട്ടേറെ ഇടങ്ങൾ സന്ദർശിക്കാനുള്ള മോഹം ഉള്ളിലൊതുക്കിയാണ് 1991 ജൂലൈ പകുതിയോടെ ഞങ്ങൾ മംഗൽദായ് എന്ന കൊച്ചു നഗരത്തോട് യാത്ര പറഞ്ഞത്.

ലേഖകനും ചില സഹപാഠികളും 2022 ല്‍ ബേപ്പൂരില്‍ ഒത്തുചേര്‍ന്നപ്പോള്‍

(അവസാനിച്ചു)

കവര്‍ ഡിസൈന്‍: ജ്യോതിസ് പരവൂര്‍

Comments
Print Friendly, PDF & Email

You may also like