പൂമുഖം TRAVEL നമ്മള്‍ തൊടുന്ന ബീഹാര്‍ – ഭാഗം രണ്ട്

നമ്മള്‍ തൊടുന്ന ബീഹാര്‍ – ഭാഗം രണ്ട്

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

അതിജീവനത്തിന്‍റെ അറ്റം

മുസഫര്‍പൂര്‍

മുസഫര്‍പൂരില്‍ നിന്ന് പുറത്തേക്ക് തുറക്കുന്ന ഏതൊരു വാതിലും ദുരിതങ്ങളുടെ ആഴങ്ങളിലേക്കാണ്. ബീഹാറിലെ മറ്റ് മിക്ക പട്ടണങ്ങളെയും പോലെ തന്നെയാണ് മുസഫര്‍പൂര്‍. അടുക്കും ചിട്ടയുമില്ലാത്ത ദാരിദ്ര്യത്തിന്‍റെ ആള്‍പ്പാര്‍പ്പുകള്‍. ഇവിടത്തെ പാതയോരങ്ങള്‍ ദരിദ്രജീവിതങ്ങളോടൊത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുന്നു. ഈ പട്ടണം വടക്കൻ ബീഹാറിനെ പുറം ലോകവുമായി ബന്ധപ്പെടുത്തുന്ന പ്രധാന ഞരമ്പാണ്. വടക്കന്‍ ബീഹാറിലേക്കും നേപ്പാളിലേക്കും പോകുന്നത് മുസഫര്‍പൂര്‍ കടന്നാണ്.

ലിച്ചവി രാജവംശത്തിന്‍റെയും ലിച്ചി പഴത്തിന്‍റെയും ആസ്ഥാനം. ദ്വാർബംഗ (ബംഗ്ലയുടെ വാതിൽ) എന്നറിയപ്പെടുന്ന തൊട്ടയൽ ജില്ലയായ ദർഭംഗയും വടക്ക് സീതാമഡിയും മോതിഹാരിയും ചമ്പാരൻ ജീവിതങ്ങളും മധുബനിയും. ഒരുകാലത്ത് നേപ്പാളില്‍ നിന്ന് പെൺകുട്ടികളെ ട്രാഫിക്കിംഗ് ചെയ്യപ്പെട്ടു കൊണ്ടുവന്നിരുന്ന വഴി.

1960കളുടെ അവസാനവും 70 കളുടെ ആദ്യവും സായുധസമരകാലത്ത് ബീഹാറിലെ മാര്‍ക്സിസ്റ്റ്‌ ലെനിനിസ്റ്റ് പ്രവര്‍ത്തകര്‍ നേപ്പാളില്‍ നിന്ന് ആയുധപരിശീലനം നടത്തിയ കഥ അതില്‍ പങ്കെടുത്തിരുന്ന ഇവിടുത്തെ ഒരു സുഹൃത്ത് മുന്‍പ് പറഞ്ഞതോര്‍മ്മ വന്നു.

സൈക്കിള്‍ റിക്ഷയോടിക്കുന്ന കിഷന്‍ചന്ദ് പോകുന്ന വഴിയില്‍ സ്വന്തം ജീവിതത്തിന്‍റെ കഥകള്‍ പറഞ്ഞു. തന്‍റെ മുപ്പത് വര്‍ഷം സൈക്കിള്‍ ചവിട്ടി വീട് പുലര്‍ത്തുന്ന കിഷന്‍. ഭാര്യയും കുട്ടികളും അങ്ങ് ദൂരെ ഖഗഡിയയില്‍ വര്‍ഷാവര്‍ഷം വരുന്ന വെള്ളപ്പൊക്കത്തിലും ദുരിതത്തിലും ജീവിക്കുന്നു. അവരെ മുസഫര്‍പൂരിലേക്ക് കൂട്ടി താമസിപ്പിക്കാനുള്ള ശേഷി കിഷന്‍ചന്ദിനില്ല. താമസം മറ്റു ചില സൈക്കിള്‍ റിക്ഷക്കാരുടെ കൂടെ ഒരു ചേരിയില്‍. ഇതുപോലെ പല കിഷന്ചന്ദ്‌മാരുടെയും ഇടമാണ് ഇവിടം.

തെരുവുകളില്‍ തിരക്കേറിയ സന്ധ്യ. പാതയ്ക്കിരുവശവും പച്ചക്കറികളും ധാബകളും ബാര്‍ബര്‍ഷാപ്പും. അങ്ങിങ്ങായി ചില മരുന്ന് പീടികകള്‍. റോഡ്‌ കുറെക്കൂടെ ഉള്ളിലേക്ക് ചെന്ന് സരയ്യാഗഞ്ച് ടവര്‍ കവലയില്‍ എത്തി. നമ്മുടെ ഹോട്ടല്‍ പഞ്ചവടി ഇതിനടുത്താണ്. തിരക്കേറിയ റോഡിനുള്ളില്‍ ഇടയില്‍ ഒരു ഹോട്ടല്‍. റിസെപ്ഷനിലുള്ള മാനേജരോട് കുശലം പറഞ്ഞ് മുറിയില്‍പ്പോയി തിരിച്ചു പുറത്തേക്കിറങ്ങി. സ്ഥിരമായി പോകാറുള്ള ബഹദൂറിന്‍റെ ഗുമിട്ടിപ്പീടികയില്‍ കയറി കട്ടന്‍ ചായ കുടിച്ചു. ചായക്ക് അഞ്ചു രൂപയാണ്. റിക്ഷകളും ബൈക്കും സൈക്കിളും നീങ്ങിത്തുടങ്ങിയിരിക്കുന്നു. പുറത്ത് പല്ല് തേക്കാനുള്ള വേപ്പിന്‍തണ്ട് കൂട്ടിയിട്ട് വില്‍ക്കുന്ന വൃദ്ധന്മാര്‍.

ചമ്പാരന്‍ സത്യാഗ്രഹം

ഇവിടെ മുസഫര്‍പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ആയിരുന്നു 1917 ഏപ്രില്‍ പത്തിന് മഹാത്മാഗാന്ധി വണ്ടിയിറങ്ങിയത്. ഗാന്ധിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹ പരീക്ഷണത്തിനു ചമ്പാരന്‍ മേഖലയിലേക്ക് പോകുന്നതിനുവേണ്ടി. അന്നിവിടത്തെ കോളേജില്‍ പഠിപ്പിക്കുകയായിരുന്നു ആചാര്യ ജെ ബി ക്രിപലാനി സ്റ്റേഷനില്‍ ചെന്ന് ഗാന്ധിയെ സ്വീകരിച്ചു ചായകുടിച്ചതും ചമ്പാരന്‍ മേഖലയില്‍ സത്യാഗ്രഹം തുടങ്ങിയതും പിന്നീടുള്ള ചരിത്രം.

ശ്രീകൃഷ്ണ മെഡിക്കല്‍കോളേജ്

1970 ല്‍ സ്ഥാപിതമായ ഈ മെഡിക്കല്‍ കോളേജ് വടക്കന്‍ ബീഹാറിലെ രണ്ടാമത്തെ ഏറ്റവും വലിയ ഒന്നാണ് എന്ന് പറയുമ്പോള്‍ തന്നെ അവിടത്തെ ആരോഗ്യരംഗത്തെ അവസ്ഥ മനസ്സിലാവും. പരമദയനീയമാണ് ഈ കോളേജിന്‍റെ സേവനത്തിന്‍റെ സ്ഥിതി. ജീവനക്കാരുടെ അനാസ്ഥയും ഭരണകൂട കെടുകാര്യസ്ഥതയും ജാതീയതയും കൊടികുത്തി വാഴുന്നിടം. ഒട്ടേറെ കുട്ടികളുടെ മരണത്തിന് ഇടയാക്കിയ ഇവിടം വടക്കന്‍ ബീഹാറിലെ ആരോഗ്യരംഗത്തെ അവഗണനയിലേക്ക് ചൂണ്ടുന്ന പലകയാണ്.

ഭിഷഗ്വരന്മാരുടെ തെരുവ്

ദര്‍ഭംഗയിലെ തെരുവ് പോലെ ഇവിടെയും ഒരു തെരുവുണ്ട്. Doctor’s Street എന്നറിയപ്പെടുന്ന ഇവിടം ഒട്ടനേകം ഡോക്ടർമാർ പ്രാക്ടീസ് ചെയ്യുന്നു. ബോർഡുകളില്‍ യോഗ്യതകൾ വലിയ അക്ഷരങ്ങളില്‍ പിടിപ്പിച്ച ‘ഭിഷഗ്വരവിദഗ്ദര്‍’‍. ഇതില്‍ എത്രപേര്‍ക്ക് യോഗ്യതയുണ്ടെന്ന് പറയാന്‍ പറ്റില്ല. മേലെനിന്ന് ഒരു പരിശോധനയും നടക്കാറില്ല. ഗ്രാമങ്ങളില്‍ ചികിത്സാ സംവിധാനങ്ങള്‍ പരാജയപ്പെടുമ്പോള്‍ വേറെ ഗത്യന്തരമില്ലാതെ ഇമ്മാതിരി ഡോക്ടര്‍മാരെ ആശ്രയിക്കുന്ന പാവങ്ങള്‍. കയ്യും കാലും പൊട്ടിയും പ്ലാസ്റ്റെറിട്ടും ട്യൂബ് ഘടിപ്പിച്ചും നടന്നുപോവുന്ന പാവങ്ങളെ കാണാം. ഇവിത്തെ ചെറിയ ക്ലിനിക്കുകളില്‍ ഒരു പ്രസവം നടന്നാല്‍ കുഞ്ഞിന്‍റെ മാതാപിതാക്കള്‍ ഡോക്ടര്‍മാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ‘പാര്‍ട്ടി’ കൊടുക്കണമെന്നത് ഒരാചാരമാണ്. അതിനായിത്തന്നെ ഒരു ഏജന്‍സി സംഘം പ്രവര്‍ത്തിക്കുന്നു. ഈ രീതികള്‍ പഞ്ചായത്ത്‌ തലത്തിലുള്ള പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും പ്രകടമാണ്. ദരിദ്രരായ പലരും സർക്കാർ സംവിധാനത്തിൽ ചികിത്സ നിഷേധിക്കപ്പെടുമ്പോൾ അവഗണിക്കപ്പെടുമ്പോൾ ഗത്യന്തരമില്ലാതെ ഈ ഡോക്ടർതെരുവുകളില്‍ എത്തപ്പെടാൻ നിർബ്ബന്ധിക്കപ്പെടുന്നു.

ബേത്തിയയിലേക്ക്

നമ്മള്‍ പോകുന്ന സ്ഥലങ്ങളെല്ലാം നമ്മെ വീണ്ടും വീണ്ടും പോകാന്‍ പ്രേരിപ്പിക്കുന്ന ഇടങ്ങളാണ്. ഒരു ടൂറിസ്റ്റാകാതെ അവരിലൊരാളായി അവരുടെ ജീവിതത്തിലൂടെ സഞ്ചരിച്ചാല്‍ നമുക്കിവിടെ നിന്ന് പോകാനേ തോന്നില്ല. അതിലൊന്നാണ് ബെത്തിയ. പശ്ചിമചമ്പാരന്‍ ജില്ലയുടെ ആസ്ഥാനമായ ബേത്തിയയില്‍ എത്താന്‍ രണ്ടു മൂന്ന് മണിക്കൂര്‍ സമയം വേണം. ഏകദേശം 130 ഓളം കിലോമീറ്റര്‍ ദൂരം. പൂർവ്വചമ്പാരന്‍ തലസ്ഥാനമായ മോത്തിഹാരിയും കഴിഞ്ഞുവേണം ദേശീയപാതയിലൂടെ നമുക്കവിടെയെത്താൻ. സിവാനും ഗോപാല്‍ ഗഞ്ചും ഇടതുഭാഗം തൊട്ടുപോകുന്നു. ചന്ദ്രശേഖര്‍ പ്രസാദിനെ ഓര്‍മ വരുന്നു. 1997 ല്‍ ചന്ദ്രശേഖര്‍ സിവാനില്‍ വെടിയേറ്റ്‌ കൊല്ലപ്പെടുമ്പോള്‍ അവസാനിച്ചത് ഒരു പക്ഷെ ബീഹാറിന്‍റെ തന്നെ നന്മയായിരുന്നു.

മുസഫര്‍പൂര്‍ ബസ്സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ സമയം വൈകുന്നേരം ആറു മണി. ആള്‍ക്കാരുടെ തിക്കും തിരക്കും. പാട്നയിൽ നിന്ന് വരുന്നതും ഇവിടെനിന്ന് പുറപ്പെടുന്നതുമായ നെറ്റിപ്പട്ടം കെട്ടിയ ബസ്സുകൾ വരി വരിയായി നിര്‍ത്തിയിട്ടിരിക്കുന്നു. ഞാന്‍ ബേത്തിയ വരെയുള്ള ഒരു ബസ്സില്‍ കയറി അരിക് സീറ്റില്‍ ഇരുന്നു. ഒരു വൃദ്ധന്‍ വന്നു അടുത്തിരുന്നു. ഒരു ചെറിയ ഭാണ്ഡവും കയ്യില്‍ ഉണ്ട്. എന്തെങ്കിലും ആവശ്യത്തിനു വന്നിട്ട് തിരിച്ചുപോകുന്നതായിരിക്കാം. ഇവിടെ മൈഥിലിയും ഭോജ്പൂരിയും ഇടകലര്‍ന്ന ഭാഷകള്‍ ആയതു കൊണ്ട് ചിലപ്പോള്‍ നമ്മള്‍ ഹിന്ദിയില്‍ സംസാരിച്ചാല്‍ നമുക്ക് മനസ്സിലാകാത്ത ഭാഷ പറയാന്‍ സാധ്യതയുള്ളത് കൊണ്ട് മിണ്ടാതിരുന്നു. ബസ്സില്‍ ആള്‍ക്കാര്‍ നിറഞ്ഞുതുടങ്ങി. ടിക്കറ്റ്‌ എടുത്ത് ബസ്സ്‌ യാത്രതുടങ്ങി.

ജോര്‍ജ് ഓര്‍വെലും മോത്തിഹാരിയും

സമയം വൈകുന്നേരം എഴാകുമ്പോള്‍ ബസ്സ്‌ മോത്തിഹാരി എത്തി. ഇവിടെയാണ്‌ പ്രശസ്ത എഴുത്തുകാരനായ ജോര്‍ജ് ഓര്‍വെല്‍ ജനിച്ച ഇടം. ഒരു ഡെപ്യൂട്ടി കളക്ടറുടെ റാങ്കില്‍ ഓപ്പിയം എജന്റായി അദ്ദേഹത്തിന്‍റെ അച്ഛന്‍ ആര്‍ ഡബ്ല്യു ബ്ലെയര്‍ ഇവിടെയായിരുന്നു തന്‍റെ ജോലിയുടെ ഭൂരിഭാഗവും ചിലവഴിച്ചതും 1903 ല്‍ എറിക് ആര്‍തര്‍ ബ്ലെയര്‍ എന്ന ജോര്‍ജ് ഓര്‍വല്‍ ഇവിടെ ജനിച്ചതും. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ബ്ലെയര്‍ ഇംഗ്ലണ്ടിലേക്ക് തിരിച്ചുപോയതോടെ അനാഥമായ ഇവിടം പന്നികളുടെയും തെരുവ്നായ്ക്കളുടെടെയും വിഹാരകേന്ദ്രങ്ങളായിരുന്നു 2003 ല്‍ ഈ വീട് തിരിച്ചറിയുന്നത് വരെ. മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ നേതൃത്വത്തില്‍ വീട് പുനര്‍നിര്‍മിക്കുകയും ഒരു മ്യൂസിയമായി പ്രഖ്യാപിക്കുകയും ചെയ്തു.

കെസരിയ സ്തൂപം

ബസ്സില്‍ വഴിയില്‍ ജീവിതങ്ങള്‍ ഇറങ്ങുകയും കയറുകയും ചെയ്തു. ഇപ്പോള്‍ ഒരു ബോര്‍ഡ് കാണാം. പൂര്‍വ ചമ്പാരനിലെ കെസരിയ സ്തൂപ. ഈ വഴിയിലാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബുദ്ധസ്തൂപം നിലകൊള്ളുന്നത്. ഇന്തോനേഷ്യയിലെ ബോറോബുദൂറിലെ ബുദ്ധസ്തൂപത്തെക്കാളും ഉയരം കൂടിയ സ്തൂപമായിരുന്നു ഇത്. കാലപ്പഴക്കത്തില്‍ നശിക്കുകയും വേണ്ടത്ര പരിരക്ഷ കിട്ടതാവുകയും ചെയ്തതോടെ ഓര്‍മയിലേക്ക് മറിഞ്ഞ പല ചരിത്രസ്ഥലങ്ങളില്‍ ഒരിടം.

ബേത്തിയ

ദൂരങ്ങള്‍ പിന്നിട്ട് ബേത്തിയയില്‍ എത്തുമ്പോള്‍ സമയം ഒന്‍പത് മണി കഴിഞ്ഞിരുന്നു. ബസ്സ്റ്റാന്‍ഡില്‍ ഇറങ്ങി കുറച്ച് മുന്‍പോട്ട് നടന്നു. സോഡിയം വേപ്പര്‍ വിളക്കിന്‍റെ വെളിച്ചം മാത്രം. നല്ല വിശപ്പ്‌. വരുന്ന വഴിയില്‍ ബസ്സ്‌ നിര്‍ത്തിയപ്പോള്‍ കഴിച്ച ലിട്ടി കാ ചോഖ മാത്രമാണല്ലോ വയറ്റില്‍. പൊടിനിറഞ്ഞ ബസ്സ്റ്റാന്റ് പരിസരം. ഗ്രാമങ്ങളിലേക്കുള്ള ജീവിതങ്ങള്‍ പോയിത്തീര്‍ന്നിരുന്നു. നേരത്തെ ഉറങ്ങുന്ന വടക്കന്‍ ബീഹാറിന്‍റെ ഇടയില്‍ ഒരു മായികാലോകത്ത് ചെന്നപോലെ തോന്നാറുണ്ട്. കുറച്ചകലെ ഒരു മങ്ങിയ വെളിച്ചം കണ്ടു. അങ്ങോട്ട്‌ ചെന്നപ്പോള്‍ അടയ്ക്കാന്‍ നോക്കുന്ന ഒരു ധാബയാണ്. ഭക്ഷണസാധനങ്ങള്‍ തീര്‍ന്നുപോയിരിക്കുന്നു. എന്നാലും ബാക്കിയുണ്ടായിരുന്ന രണ്ടു തവറൊട്ടിയും പാത്രത്തിന്‍റെ അടിയില്‍ നിന്ന് പരണ്ടിത്തന്ന ആലു സബ്ജിയും കിട്ടി. ഒരു ചെറിയ എലി എന്‍റെ കാലിന്നിടയിലൂടെ ഓടി ഇരുട്ടിലേക്ക് മറഞ്ഞു. കടക്കാരന്‍ ഷീറ്റ് വലിച്ചു ധാബ പൂട്ടാന്‍ തുടങ്ങിയിരുന്നു. ഞാനിരുട്ടിലേക്ക് ഇറങ്ങിനടന്നു.

ഇന്നിവിടെ തങ്ങണം. അറിയാമായിരുന്ന ഒരു ചെറിയ ലോഡ്ജിനെ ലക്ഷ്യമാക്കി നടന്നു. അവിടെ അധികം ആള്‍ക്കാര്‍ വരാത്തത് കൊണ്ട് മുറി കിട്ടാന്‍ ബുദ്ധിമുട്ടുണ്ടാകാറില്ല. ഒരു മുറി കിട്ടി. നാനൂറുരൂപ. ചെറിയ മുറിയും കട്ടിലും കൂട്ടിന് കൊതുക്സംഗീതവും.

രാവിലെ ഉണര്‍ന്നത് വണ്ടിയുടെ ഹോണടികള്‍ കേട്ട്കൊണ്ടാണ്. ഒന്‍പതു മണിയോടെ ചില സുഹൃത്തുക്കള്‍ എത്തുമെന്ന് പറഞ്ഞിരുന്നു. ഗണ്ടക്ക് നദിയുടെ അടുത്തുള്ള ഗ്രാമങ്ങളില്‍ല്‍ പോകണം. അവിടെ ഈ വര്‍ഷവും വെള്ളം കയറിയിട്ടുണ്ട്. എന്നാലും 2017 ലെ അത്രയില്ല എന്നാണറിയാന്‍ കഴിഞ്ഞത്. വടക്കന്‍ ബീഹാര്‍ ജൂലൈ ഓഗസ്റ്റ്‌ മാസങ്ങളില്‍ എന്നും പ്രക്ഷുബ്ദമാണ്. വെള്ളപ്പൊക്കത്തിനും സ്ഥിരതയില്ലാത്ത ജീവിതത്തിനും അടിപ്പെട്ടിരിക്കുന്ന ഇവിടം കൃത്യമായ പദ്ധതികളോ ദീര്‍ഘവീക്ഷണമോ ഇല്ലാതെ ഭരണകൂടത്തിന്‍റെ നിസ്സംഗതയില്‍ കഷ്ടപ്പെടുന്ന ജനതയാണ്. നേപ്പാളില്‍ പെയ്യുന്ന മഴയില്‍ കുത്തിയൊലിച്ചുപോകുന്ന ജീവിതങ്ങള്‍ കൊച്ചുസ്വപ്‌നങ്ങള്‍‍. ടിബറ്റില്‍ നിന്നുത്ഭവിച്ച് നേപ്പാളിലൂടെ ഒഴുകിത്തിമിര്‍ത്ത് പായുന്ന നദികളിലൂടെ ആര്‍ത്തലച്ചു വരുന്ന വെള്ളം ബീഹാറിന്‍റെ സമതലങ്ങളിലൂടെ നാശം വിതച്ച് ഗംഗയില്‍ പതിക്കുന്നു.

വെള്ളപ്പൊക്കത്തിന്‍റെ ഒറ്റപ്പെടലുകള്‍

നേപ്പാളില്‍ നിന്ന്‍ ബീഹാറിലേക്കിറങ്ങിവരുന്ന ബുറി ഗണ്ടക് നദി മിക്കവാറും ഒഴുകുന്നത്‌ മനുഷ്യരുടെ കഷ്ടപ്പാടുകള്‍ക്ക് ആക്കം കൂട്ടുന്നതിനായിരിക്കും. ഇവിടെ വെള്ളപ്പൊക്കം വന്നാല്‍ പൊതുവെ ആരും തിരിഞ്ഞുനോക്കാറില്ല. ഉപേക്ഷിക്കപ്പെട്ടയിടംപോലെ. പ്രകൃതിദുരന്തങ്ങളില്‍ ജാതീയതയും മേല്‍ക്കോയ്മയും വ്യക്തമായി പ്രകടമാകുന്ന ഇവിടത്തെ ജനത വാക്കില്ലാത്ത അടയാളങ്ങളാണ്. ദളിതിടങ്ങളിലെ ജീവിതം തീര്‍ത്തും കഷ്ടകരമാണ്. ഇവര്‍ ഒന്നിച്ച് ഇരുപത്തഞ്ചോ മുപ്പതോ കുടുംബങ്ങള്‍ ചേര്‍ന്ന് കുടില്‍ കെട്ടി താമസിക്കുന്നു. മിക്കവാറും ഏറ്റവും താഴ്ന്ന, വെള്ളം കെട്ടിക്കിടക്കുന്ന, ഉള്ളോട്ട്‌ ഗതാഗതയോഗ്യമല്ലാത്ത പ്രദേശങ്ങള്‍ ആയിരിക്കും ഇവരുടെ വാസസ്ഥലം. വെള്ളം കയറിയാല്‍ ചിലര്‍ക്ക് നേപ്പാളില്‍ ബന്ധുക്കള്‍ ഉള്ളത് കൊണ്ട് അവിടെ പോയി താമസിച്ച് ആഴ്ചകള്‍ കഴിഞ്ഞ് തിരിച്ചുവരും. എവിടെയും പോകാനില്ലാത്തവര്‍ക്ക് വേറെ നിവൃത്തിയില്ല. മിക്കവര്‍ക്കും സ്ഥലങ്ങള്‍ സ്വന്തം പേരില്‍ ഇല്ലാത്തതുകൊണ്ട് നഷ്ടപരിഹാരവും കിട്ടാറില്ല. സ്വന്തം സ്ഥലം ഇല്ലാത്ത ദരിദ്രര്‍ ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്‌താല്‍ സര്‍ക്കാര്‍ കൊടുക്കുന്ന നഷ്ടപരിഹാരം നഗരത്തില്‍ കഴിയുന്ന ഭൂവുടമയ്ക്കാണ് കിട്ടുക.

ജയ്‌നഗറിലേക്ക്

ചമ്പാരനില്‍ നിന്ന് തിരിച്ചു പോരുമ്പോള്‍ വീണ്ടും പോകേണ്ട മിഥിലാ സ്ഥലങ്ങളുടെ ഓര്‍മകള്‍ തികട്ടി വന്നു. ബീര്‍പ്പൂരും സുപ്പോലും സഹര്‍സയും ഖഗടിയും പ്രതാപ്‌ഗഞ്ചും ജയ്നഗറും. വിശപ്പിനെ തോല്‍പ്പിക്കുന്ന ദഹി ചൂരയും സത്തു കാ പാനിയും. മധുബനിയിലെ ജയ്‌നഗറിലെക്കാണ് ഇനിയുള്ള നമ്മുടെ യാത്ര. ഇന്ത്യാ നേപ്പാള്‍ അതിര്‍ത്തി റോഡ്‌ യാത്രയ്ക്ക് അത്ര പറ്റിയതല്ലാത്തത് കൊണ്ട് നമ്മള്‍ക്ക് മുസാഫര്‍പൂരിലേക്ക് തിരിച്ചുവന്ന് സക്രി വഴി പോകാം.

(തുടരും)

Comments
Print Friendly, PDF & Email

യാത്രികൻ. പരിസ്ഥിതിപ്രവർത്തകൻ, എഴുത്തുകാരൻ,

You may also like