പൂമുഖം CINEMA STATIONS OF THE CROSS – കുരിശിന്റെ വഴി

STATIONS OF THE CROSS – കുരിശിന്റെ വഴി

kuku 1

ർമ്മൻ ഫീച്ചർ ഫിലിം, 2014, 110 മിനുറ്റ്

സംവിധാനം: ഡീറ്റ്രിഷ് ബ്രുഗ്ഗ്മാൻ

മരണവിധിക്ക് ശേഷം കാല് വരിക്കുന്നിലേക്കുള്ള യേശുവിന്റെ യാതനാപൂർണ്ണമായ യാത്രയുടേയും തുടർന്നുള്ള കുരിശുമരണത്തിന്റേയും ബൈബിൾ വിവരണത്തെ പതിനാലു ഘട്ടങ്ങളിലായി ആവിഷ്ക്കരിക്കുന്ന ചിത്രീകരണമാണു ‘കുരിശിന്റെ വഴി’ എന്ന് അറിയപ്പെടുന്നത്. കൃസ്ത്യൻ വിശ്വാസധാരയിലെ പ്രധാനപ്പെട്ട ഈ സംഭവ പരമ്പരക്ക് സമാന്തരമായ ഒരു ആഖ്യാനമായിട്ടാണു ‘Stations of the Cross’ എന്ന ജർമ്മൻ ചലചിത്രം ആവിഷകരിച്ചിട്ടുള്ളത്. മരിയ എന്ന കൗമാരക്കാരിയുടെ ദുരന്തപൂർണ്ണമായ ജീവിതം കുരിശിന്റെ വഴി-യുടെ അതേ പേരിലുള്ള പതിനാലു അദ്ധ്യായങ്ങളിലൂടെ നമ്മുടെ മുന്നിലെത്തുന്നു.

‘അവസാനത്തെ അത്താഴ’ ചിത്രത്തെ ഓർമ്മിപ്പിക്കും വിധം കഥാപാത്രങ്ങളെ വിന്യസിച്ച ഒരു കൺഫർമേഷൻ ക്ലാസിന്റെ രംഗത്തോടെയാണു സിനിമ ആരംഭിക്കുന്നത്. സുദീർഘമായ തന്റെ ഉത്ബോധന പ്രഭാഷണത്തിൽ കത്തോലിക്കാ വിശ്വാസ രീതികളെ അതിന്റെ തനിമയിൽ സംരക്ഷിക്കേണ്ടതിനെക്കുറിച്ചും ഓരോ വിശ്വാസിയും ആ മാർഗ്ഗത്തിൽ ഒരു പോരാളി ആവേണ്ടതിനെക്കുറിച്ചും ഫാദർ വെബർ ഊന്നി പറയുന്നു. ക്ലാസിലെ സമർത്ഥയും ഉത്സാഹിയുമായ വിദ്യാർഥിനിയാണു മരിയ. ഫാദർ വെബറിന്റെ ചോദ്യങ്ങൾക്ക് ആദ്യം മറുപടി പറയാൻ കയ്യുയർത്തുന്നതും എപ്പോഴും ശരിയുത്തരങ്ങൾ പറയുന്നതും മരിയ തന്നെ. തന്റെ ജീവിതം പൂർണ്ണമായും ദൈവത്തിനു സമർപ്പിക്കാനുള്ള തീരുമാനത്തിനു ഫാദർ വെബർ നിസ്സംഗമായ അംഗീകാരം നൽകുന്നതോടെ മരിയയുടെ ദുരന്തം ആരംഭിക്കുന്നു – യേശുവിനെ മരണശിക്ഷക്ക് വിധിക്കുന്നു എന്ന് ഒന്നാം അദ്ധ്യായത്തിന്റെ പേരു.

kuku2

ഒരു യാഥാസ്ത്ഥിതിക കത്തോലിക്കാ കുടുംബമാണു മരിയയുടേത്. വാക്കിലും പ്രവർത്തിയിലും വിട്ടുവീഴ്ചയില്ലാതെ വിശ്വാസത്തെ മുറുകെ പിടിക്കുന്നവർ. അത് എപ്പോഴും അങ്ങനെതന്നെയാണു എന്ന് ഉറപ്പുവരുത്തുന്നത് കണിശക്കാരിയായ അമ്മയാണു. വിശ്വാസ ദൃഢതയുടെ ചട്ടക്കൂടിനപ്പുറം മരിയയുടെ മാനസിക പരിണാമങ്ങളേയോ ഒരു കൗമാരക്കാരിയുടെ ചാപല്യങ്ങളേയോ ഒട്ടും ഉൾക്കൊള്ളാൻ അവർക്ക് ആവുന്നില്ല എന്നത് മരിയയുടെ ദുരന്തത്തിനു ആക്കം കൂട്ടുന്നു. ഏതു വിധം വ്യതിചലനങ്ങളേയും നിർദ്ദയം തല്ലിക്കെടുത്തുകയാണു അവരുടെ രീതി. എന്നാൽ മരിയയാകട്ടെ തന്റെ കുടുംബത്തിന്റെ പൊതുവായ വിശ്വാസ സമർപ്പണത്തെയും മറികടന്ന് സ്വകാര്യമായ ഒരു ആത്മബലിയിലൂടെ സ്വയം നയിക്കുന്നത് മറ്റാർക്കും തിരിച്ചറിയാൻ ആവുന്നുമില്ല. കൊടും ശൈത്യത്തിലും അവൾ കമ്പിളിക്കുപ്പായം അണിയാൻ വിസമ്മതിക്കുന്നു. നിറമുള്ള വസ്ത്രങ്ങളും നല്ല ഭക്ഷണവും ഉപേക്ഷിക്കുന്നു. ആരോഗ്യം ക്ഷയിച്ച് വൈകാതെ അവൾ തളർന്ന് വീഴുന്നു. മരിയയിൽ ഗുരുതരമായ പോഷകാഹാരക്കുറവും ആരോഗ്യക്ഷയവും കണ്ടെത്തുന്ന ഡോക്ടറോട് എതിർത്ത് തർക്കിക്കുകയാണു അപ്പോഴും അവളുടെ അമ്മ. ഡോക്ടറാകട്ടെ അവരുടെ അന്ധവിശ്വാസം വരുത്തിവെച്ച അപകടത്തെക്കുറിച്ച് തുറന്നടിക്കുകയും മരിയക്ക് വിദഗ്ദ്ധ ചികിത്സയുടെ ആവശ്യകതയെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു.

ശാരീരികമായ സ്വയം പീഢയൊളം തീക്ഷ്ണം തന്നെയാണു മരിയ കടന്നു പോകുന്ന മാനസിക സമ്മർദ്ദങ്ങളും. കുടുംബവുമായും സമൂഹവുമായും ഒക്കെയുള്ള ബന്ധത്തിന്റെ ഇഴകൾ വലിയുന്നത് പലപ്പോഴും അവൾക്ക് താങ്ങാവുന്നതിലും അപ്പുറമാണു. എങ്കിലും മരിയ നിഷളങ്കമായി തന്റെ കടുത്ത വിശ്വാസത്തൊട് ചേർന്ന് നിൽക്കുക തന്നെയാണു, മരണക്കിടക്ക വരെ. മറുവശത്ത്, സ്വന്തം കുടുംബത്തെ തീവ്രവിശ്വാസത്തിന്റെ വഴിയിൽ ഉറപ്പിച്ച് നിർത്തുന്ന ശക്തിയായിരുന്ന അമ്മ, സിനിമയുടെ അവസാന ഭാഗങ്ങളിൽ എല്ലാ നിയന്ത്രണങ്ങളും നഷ്ടപ്പെട്ട്, വിശ്വാസത്തിന്റെ കൈവരിയിൽ പിടിച്ച് എഴുന്നേറ്റ് നിൽക്കാൻ ശ്രമിച്ച് പരാജയപ്പെട്ട്, പൂർണ്ണമായും തകർന്ന് പോകുന്നത് നമ്മൾ കാണുന്നു…

പ്രത്യക്ഷത്തിൽ ഈ സിനിമ മതവിശ്വാസത്തിന്റെ മൗലികവാദപരമായ നിലപാടുകളുടെ വ്യക്തിപരവും സാമൂഹികവുമായ അപകടങ്ങളിലേക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കുകയാണു എന്നു പറയാം. അതിന്റെ വിമർശനാത്മകമായ സമീപനമാകട്ടെ ബർഗ്ഗ്മാൻ സിനിമകളിൽ കാണാറുള്ള പോലെ ഒട്ടും സൗമ്യമല്ല താനും. വളച്ചുകെട്ടില്ലാത്ത വിമർശനത്തിന്റെ മൂർച്ച കൂടുതൽ അടുത്തുനിൽക്കുന്നത് ബുനുവൽ സിനിമകളോടാണെന്ന് തോന്നും. എന്നാൽ, തീർത്തും സാധുവായ മറ്റൊരു വായനയും ഈ സിനിമ സാധ്യമാക്കുന്നുണ്ടെന്ന് കാണാതിരിക്കാനാവില്ല. യേശുവിന്റെ വ്യഥാപൂർണ്ണമായ അന്ത്യനിമിഷങ്ങളുടെ ഈ ‘പാരഡി’-യിൽ, ആത്മപീഢയുടെ കുരിശുവഴിയിലൂടെ സഞ്ചരിച്ച് യേശുവിന്റെ പ്രതിരൂപമാകാൻ തിരഞ്ഞെടുത്തിരിക്കുന്നത് സിനിമയിലെ ഏറ്റവും നിഷ്കളങ്കയും മുൻ വിധികളില്ലാത്ത മനുഷ്യസ്നേഹത്തിന്റെ ആൾരൂപവുമായ മരിയയെ ആണു. സമർപ്പണമാണു അവളുടെ വഴി. അപരന്റെ നെഞ്ചിനു നേരെ അവൾ ആയുധം നീട്ടുന്നില്ല; മറിച്ച് മനുഷ്യനെ ‘പിശാചിന്റെ’ വഴികളിൽ നിന്ന് വിലക്കാൻ അവൾ നിഷ്കളങ്കമായി പരിശ്രമിക്കുകമാത്രമാണു ചെയ്യുന്നത്. അവളുടെ ആത്മബലി പോലും സ്വന്തം മോക്ഷത്തേക്കാൾ തന്റെ ഇളയ സഹോദരന്റെ രോഗശാന്തി തേടിയാണു! ആ അർത്ഥത്തിൽ മരിയ അവളുടെ കുടുംബത്തിന്റെ പൊതുവായ തീവ്രവിശ്വാസത്തിന്റെ ചുമരുകൾ കടന്ന് നിരുപാധിക സ്നേഹത്തിന്റെ വിശുദ്ധമായ ചക്രവാളങ്ങളെ തൊടുകയാണു. അവളുടെ ആത്മബലിയിലൂടെ സാധ്യമാകുന്ന ‘മിറക്കിൾ’-നു മറ്റു സാധൂകരണങ്ങൾ ആവശ്യമില്ല. മരിയ കരുണയാലും സ്നേഹത്താലും വാഴ്ത്തപ്പെട്ടവൾ തന്നെ…! അങ്ങനെ വിശ്വാസം, അതിന്റെ തീവ്രമായ അനുഷ്ടാനങ്ങൾ, അതു കൊണ്ടുചെന്ന് എത്തിക്കുന്ന വൈയക്തികവും സാമൂഹികവുമായ പ്രതിസന്ധികൾ എന്നിവ മുൻ വിധികളില്ലാതെ പരിശോധനക്കായി തുറന്നിട്ടിരിക്കുകയാണു സംവിധായകൻ എന്ന് കരുതാം.

kuku

നാടകീയമായ അതിവൈകാരികതകൾ തീർത്തും ഒഴിവാക്കിയാണു സംവിധായകനും സഹോദരി അന്ന ബ്രുഗ്ഗ്മാൻ-ഉം ഇതിന്റെ തിരക്കഥ തീർത്തിരിക്കുന്നത്. അപൂർവ്വമായി മാത്രമാണു ഇതിലെ കഥാപാത്രങ്ങൾ വൈകാരിക പ്രകടനങ്ങളിലേക്ക് കടക്കുന്നത്, അപ്പോഴാകട്ടെ മറ്റ് കെട്ടുപാടുകൾ ഒന്നുമില്ലാതെ അവരത് നിർലോഭം പുറത്തെടുക്കുകയും ചെയ്യുന്നു. അതേ സമയം സിനിമയുടെ ദൃശ്യഘടന ഒരു നാടകത്തിലെ രംഗവേദിയോട് ഏറെ സമാനത പുലർത്തുന്നുമുണ്ട്. നിശ്ചലമായ ക്യാമറക്ക് മുന്നിൽ കഥാപാത്രങ്ങൾ പ്രത്യക്ഷപ്പെട്ട് തങ്ങളുടെ ഭാഗം അവതരിപ്പിച്ച് കടന്ന് പോകുന്നു. അപൂർവ്വമായി മാത്രമാണു – മൊത്തം സിനിമയിൽ ഒന്നോ രണ്ടോ തവണ മാത്രം – ക്യാമറ ചലിക്കുന്നത്. ക്യാമറാ ആംഗിളും ഓരോ അദ്ധ്യായത്തിലും അദ്യവസാനം സ്ഥിരമാക്കി നിർത്തിയിരിക്കുന്നു. കട്ടുകൾ കൂടാതെ, തീർത്തും നിസ്സംഗമായ, സുദീർഘമായ ഒറ്റ രംഗങ്ങളാണു ഓരോ അദ്ധ്യായങ്ങളും എന്ന് പറയാം.

ഒരു ചെറിയ ജർമ്മൻ പട്ടണത്തിലെ തീവ്ര കത്തോലിക്കാ വിശ്വാസി കുടുംബത്തിന്റെ പശ്ചാത്തലത്തിലാണു പ്രത്യക്ഷത്തിൽ ഈ സിനിമ ഒരുക്കിയിരിക്കുന്നത്. എന്നാൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തിപ്പെടുന്ന വിവിധങ്ങളായ ‘റിവൈവലിസ്റ്റ്’ പ്രവണതൾ മിക്കതും ഈ സിനിമയുടെ പശ്ചാത്തലമാകാൻ കഴിയുന്നവ തന്നെ. നമ്മുടെ സമീപകാല അനുഭവങ്ങളോട് ചേർത്ത് വെച്ച് കാണുമ്പോൾ ’Stations of the Cross’ അകമേ പൊള്ളൂന്ന ഒരു അനുഭവമാകും…

Comments
Print Friendly, PDF & Email

You may also like