പൂമുഖം COLUMNSനാൾവഴികൾ പ്രകാശവലയങ്ങളില്ലാത്ത ഒരു രക്ഷകന്‍ – നിക്കളസ് വിന്‍റണ്‍

പ്രകാശവലയങ്ങളില്ലാത്ത ഒരു രക്ഷകന്‍ – നിക്കളസ് വിന്‍റണ്‍

 

ോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി, ആറായിരത്തിലധികം പേരുടെ ഹൃദയത്തില്‍ സ്നേഹബഹുമാനങ്ങളോടെ കുറിച്ചിട്ട, മായ്ക്കാനാവാത്ത ഒരു പേരാണ്. സര്‍ നിക്കളസ് വിന്‍റണിന്‍റേത്. (Sir Nicholas Winton). 1939 ‌ല്‍ നാത്‌സികളുടെ ക്രൂരപീഡനത്തിന്‍റെ കല്ത്തുറുങ്കുകളില്‍ പെടാതെ രക്ഷിക്കപ്പെട്ട 669 കുട്ടികളും അവരുടെ പിന്‍‌മുറക്കാരുമാണവര്‍. രക്ഷപ്പെട്ട കുട്ടികള്‍ മുതിര്‍ന്നപ്പോള്‍ ആ കഥ പിന്‍‌തലമുറയ്ക്കു പറഞ്ഞുകൊടുത്തിട്ടുണ്ടെങ്കിലും, 1988 ല്‍ നിക്കളസ് വിന്‍റണ്‍ എന്നയാള്‍ പുറത്തറിയപ്പെടുമ്പോളാണ്‌ തങ്ങളുടെ രക്ഷകനെ അവര്‍ തിരിച്ചറിയുന്നത്. അപ്പോഴേയ്ക്കും രക്ഷിതരില്‍ പലരും ഈ ലോകം വിട്ടിരുന്നു.

തട്ടിന്‍‌പുറത്ത് എന്തൊക്കെയോ തിരയുന്നതിനിടയില്‍, 1988 ല്‍ മിസ്സിസ് ഗ്രെറ്റ് വിന്‍റണിന്‍റെ (Grete Winton) കൈയില്‍ തടഞ്ഞ ഒരു സ്ക്രാപ് ബുക്ക് ആണ്‌ വിന്‍റണെ ലോകശ്രദ്ധയിലേയ്ക്ക് ഉയര്‍ത്തിയത്. 669 കുട്ടികളുടെ പേരുകളും യാത്രാരേഖകളും ചിലരുടെയൊക്കെ ചിത്രങ്ങളും ആ ബുക്കില്‍ വെട്ടി ഒട്ടിച്ചിരുന്നു. ഗ്രെറ്റ് അത്ഭുതാദരങ്ങളോടെ വിന്‍റണോട് അന്വേഷിച്ചപ്പോഴും അദ്ദേഹം ഇക്കാര്യത്തില്‍ വലിയ താല്പര്യമെടുത്തിരുന്നില്ല. അത് ഒരു മഹാകാര്യമാണെന്നോ ലോകമാധ്യമങ്ങളെയൊക്കെ അറിയിച്ച് കൊട്ടിഘോഷിക്കേണ്ട താണെന്നോ അദ്ദേഹത്തിന് തോന്നിയിരുന്നില്ല. പക്ഷേ ഗ്രെറ്റയും മകള്‍ ബാര്‍ബറയും കൂടി ഒരു തീരുമാനമെടുത്തു – ഇത് ലോകം അറിയണം.

”അച്ഛന്‌ ഈ പരസ്യപ്രകടനമൊന്നും ഇഷ്ടമല്ലായിരുന്നു. അത്തരം കാര്യങ്ങള്‍ വ്യക്തിപൂജയ്ക്കുള്ള വഴി തെളിക്കുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ അഭിപ്രായം. തന്‍റെ മരണശേഷം ലോകം ഇത്‌ അറിഞ്ഞാല്‍ തന്നെ, ഇതൊരു മഹാകാര്യമല്ല എന്നു വിശ്വസിച്ച് ജീവിച്ചിരുന്ന ഒരാളായി അറിയപ്പെടുന്നതിലായിരുന്നു അദ്ദേഹത്തിന്‍റെ താല്പര്യം.” അച്ഛനെക്കുറിച്ച് മകള്‍ ബാര്‍ബറ വിന്‍റണ്‍ പറയുന്നത് അങ്ങനെയാണ്‌.
1938 വരെ ചെക്കൊസ്ലോവാക്യ സമാധാനത്തിന്‍റെ നഗരമായിരുന്നു. നിക്കളസ് വിന്‍റണ്‌ ഇരുപത്തെട്ടു വയസ്സുള്ളപ്പോഴാണ്‌ ഹിറ്റ്‌ലറുടെ സാമ്രാജ്യവിപുലീകരണഭൂപടത്തിലേയ്ക്ക് ചെക്കൊസ്ലോവാക്യ കടന്നു കയറുന്നത്. ജര്‍മനിയില്‍ നിന്നുള്ള വാര്‍ത്തകള്‍ അന്നൊന്നും തീരെ സുഖകരമായിരുന്നില്ല. ജനങ്ങള്‍ സഖ്യകക്ഷികളുടെ (Allies) സഹായത്തോടെ ചെറുത്തുനില്ക്കാന്‍ ശ്രമം നടത്തിയെങ്കിലും അത് വിജയിച്ചില്ല. അവര്‍ അമേരിക്കന്‍ പ്രസിഡന്‍റായിരുന്ന റൂസ്‌വെല്‍റ്റിനോടു സഹായം ചോദിച്ചു. അമേരിക്ക കുടിയേറ്റ നിയമങ്ങളുടെ ഉരുക്കുമതിലുകള്‍ കാട്ടി ഒഴിഞ്ഞുനിന്നു.

ഒരു ജൂതക്കുട്ടിയുടെ നെറ്റിയിലെ മുറിവിനു തുന്നലിടാന്‍ മടിച്ചു പിന്മാറിയ ഡോക്റ്റര്‍മാ രെക്കുറിച്ച് പോലും, വിന്‍റണിന്‍റെ ജീവിതകഥ പറഞ്ഞ ഒരു വാര്‍ത്താചലച്ചിത്രത്തില്‍ ഒരാള്‍ സൂചിപ്പിക്കുകയുണ്ടായി. രക്ഷപ്പെടാന്‍ വഴികളടഞ്ഞ് ജൂതസമൂഹം വിഷമിക്കുന്നത് കണ്ടറിഞ്ഞ നിക്കളസ് വിന്‍റണാണ്‌ കുട്ടികളെ രക്ഷപെടുത്തി ഇംഗ്‌‌ളണ്ടിലേയ്ക്കു കടത്താന്‍ ആദ്യമായി ശ്രമിക്കുന്നത്. ഒരു വര്‍ഷത്തെ നീണ്ട പരിശ്രമത്തിനു ശേഷമാണ്‌ കുട്ടികള്‍ക്ക് ഇംഗ്ലണ്ടില്‍ ഇറങ്ങാനുള്ള യാത്രാരേഖകള്‍ ശരിയാകുന്നത്. കുടിയേറുന്ന കുട്ടികളെ കൈയേല്ക്കാനും വളര്‍ത്താനും കുടുംബങ്ങളെ കിട്ടുക എന്നതായിരുന്നു ഏറ്റവും വിഷമം പിടിച്ച കാര്യം.

അങ്ങനെ, എട്ടു തീവണ്ടികളില്‍ പല ദിവസങ്ങളിലായിട്ടായിരുന്നു കുട്ടികളുടെ യാത്ര. ഒമ്പതാമത്തെ തീവണ്ടി പുറപ്പെട്ടില്ല. അതിനുള്ള തയ്യാറെടുപ്പുകള്‍ക്കിടയിലാണ്‌ നാത്‌സികള്‍ പോളണ്ട് ആക്രമിച്ചു കീഴ്‌പ്പെടുത്തുന്നതും അതിര്‍ത്തികള്‍ പൂട്ടുന്നതും. ആദ്യയാത്രകളിലുണ്ടായിരുന്ന ചില കുട്ടികളുടെ സഹോദരങ്ങള്‍ പോലും ആ വണ്ടിയി ലുണ്ടായിരുന്നു. അവരില്‍ ഭൂരിഭാഗവും പിന്നീട് നാത്‌സികളുടെ പീഡനത്തിനിരയായി മരിക്കുകയാണുണ്ടായത്.

പി‌ല്ക്കാലത്ത് ലണ്ടന്‍ സ്ക്കൂള്‍ ഒഫ് ഇക്കണോമിക്സിലെ പഠനത്തിനു ശേഷം ബ്രിട്ടീഷ് പാര്‍ലിമെന്‍റ് അംഗമായ ആല്‍ഫ്രെഡ് ഡബ്‌സ് (Alfred Dubs) വിന്‍റണിന്‍റെ ബാലജനരക്ഷാപദ്ധതിയിലൂടെ ലണ്ടനിലേയ്ക്ക് കുടിയേറിയവരില്‍ ഒരാളായിരുന്നു. പ്രാഗിലെ സ്റ്റേഷനില്‍ വച്ച്, തീവണ്ടി പുറപ്പെടുന്നതിനു മുമ്പായി കണ്ട, മാതാപിതാക്കളെ വിട്ടുപിരിയുന്ന കുട്ടികളുടെ വിതുമ്പലുകള്‍ ഇന്നലെ എന്ന പോലെ ഇപ്പോഴും ഡബ്‌സ് ഓര്‍ത്തെടുക്കുന്നു. സ്വസ്തിക ധരിച്ച ജര്‍മന്‍ പടയാളികളായിരുന്നു ചെക്കൊസ്‌ലോവാക്യ യിലെ തെരുവുകള്‍ നിറയെ. ട്രെയിന്‍ പോളണ്ടിലെത്തുമ്പോള്‍ കൂട്ടത്തില്‍ മുതിര്‍ന്ന കുട്ടികള്‍ ആര്‍ത്തു നിലവിളിച്ചിരുന്നതു ഓര്‍മ്മയിലുണ്ട്. ആ ആരവം എന്തിനായിരുന്നുവെന്ന് അന്ന് ചെറിയ കുട്ടിയായിരുന്ന അദ്ദേഹത്തിനു മനസ്സിലായിരുന്നില്ല. പോളണ്ടില്‍ അന്ന് നാത്‌സികള്‍ എത്തിച്ചേര്‍ന്നിരുന്നില്ലെന്നും പട്ടാളത്തിന്‍റെ പിടിയില്‍ നിന്ന് രക്ഷപെട്ടതിനാലായിരുന്നു ആ സന്തോഷപ്രകടനമെന്നും അറിയുന്നത് പിന്നീടായിരുന്നു. അപൂര്‍‌വ്വം ചില മാതാപിതാക്കള്‍ക്ക് കുട്ടികളോടൊപ്പം ഇംഗ്ലണ്ടില്‍ പിന്നീടാണെങ്കിലും എത്തിച്ചേരാന്‍ കഴിഞ്ഞിരുന്നു. ആല്‍ഫ്രെഡ് ഡബ്സ് അക്കാര്യത്തില്‍ ഭാഗ്യവാനായിരുന്നു.

നിക്കളസ് വിന്‍റണിന്‍റെ വിശേഷങ്ങള്‍ 1988 ലാണ്‌ ലോകം അറിയുന്നത്. ‘ദാറ്റ്സ് ലൈഫ്’ (That’s Life) എന്ന ബി.ബി.സി. പരിപാടിയിലൂടെ. അതിനായി മുന്‍‌കൈ എടുത്തത് അദ്ദേഹത്തിന്‍റെ ഭാര്യയും മകളുമാണ്‌. അന്ന് രക്ഷിക്കപ്പെട്ട 669 കുട്ടികളില്‍ 300 നോടടുത്ത് ആള്‍ക്കാരെ മാത്രമേ മാധ്യമങ്ങള്‍ക്ക് കണ്ടെത്താന്‍ ഇപ്പോഴും കഴിഞ്ഞിട്ടുള്ളു. അവരും പിന്‍‌മുറക്കാരുമുള്‍പ്പെടെ വിന്‍റണിന്‍റെ കുടുംബം ആറായിരത്തിലധികമായി നില്‍ക്കു ന്നു, ഇപ്പോള്‍. ആ പഴയ സ്ക്രാപ് ബുക്കില്‍ നിന്നു കിട്ടിയ വിവരങ്ങളാണ്‌ ഇവരെയൊക്കെ തേടിപ്പിടിക്കാന്‍ മാധ്യമങ്ങളെ സഹായിച്ചത്.

ജൂതനായിട്ടാണ്‌ ജനനമെങ്കിലും ക്രിസ്ത്യാനിയായി മാറുകയും പിന്നീട് അജ്ഞേയവാദിയായി നിലകൊള്ളുകയും ചെയ്തയാളാണ്‌ നിക്കളസ് വിന്‍റണ്‍. 1947 ല്‍ ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര അഭയാര്‍ത്ഥി സഹായവിഭാഗത്തില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. അക്കാലത്ത്, നാത്‌സികളില്‍ നിന്ന് സഖ്യകക്ഷികള്‍ യുദ്ധത്തിനിടയില്‍ ശേഖരിച്ച കൊള്ളമുതലുകള്‍ കഴിയുന്നത്ര ഉടമസ്ഥരിലേയ്ക്കും അവരുടെ പിന്‍‌ഗാമികളിലേയ്ക്കും തിരിച്ചെത്തിക്കാന്‍ അദ്ദേഹം മുന്‍‌കൈയെടുത്തു. ഇത് അങ്ങേയറ്റം ശ്രമകരമായ ഒരു ജോലിയായിരുന്നെന്ന് ചില അഭിമുഖങ്ങളില്‍ വിന്‍റണ്‍ രേഖപ്പെടുത്തുകയുണ്ടായി. അത്തരം വസ്തുക്കളില്‍ ആഭരണങ്ങള്‍, ശിതകാലവസ്ത്രങ്ങള്‍, കുടുംബചിത്രങ്ങള്‍, കണ്ണടകള്‍, പെട്ടികള്‍, ഡയറികള്‍ എന്നിങ്ങനെ വൈകാരികമൂല്യമുള്ള പലതുമുണ്ടായിരുന്നു.

വേറ ഗിസിങ്ങ് (Vera Gissing) എന്ന എഴുത്തുകാരി തന്‍റെ Pearls of Childhood എന്ന പുസ്തകത്തില്‍ ഈ രക്ഷപെടലിന്‍റെ കഥ പറയുന്നുണ്ട്. 1939 ല്‍ ഇംഗ്ലണ്ടിലേയ്ക്ക് മറ്റു കുട്ടികളോടൊപ്പം പോകുമ്പോള്‍ വേറയ്ക്ക് പതിനൊന്നു വയസ്സേ പ്രായമുണ്ടായിരുന്നുള്ളു. യുദ്ധമവസാനിച്ച് ആറു വര്‍ഷത്തിനുശേഷം ചെക്കൊസ്ലോവാക്യയിലെത്തി മാതാപിതാക്കളെ അന്വേഷിക്കുമ്പോഴാണ്‌ അവര്‍ യുദ്ധക്കെടുതിയില്‍ പീഡനങ്ങള്‍ക്കിരയായി മരിച്ച വിവരം അറിയുന്നത്. വേറ 1949 ല്‍ ഇംഗ്ലണ്ടിലേയ്ക്ക് തിരിച്ചുപോയി. അച്ഛനും അമ്മയും എഴുതിയ കത്തുകളും ഡയറിക്കുറിപ്പുകളുമൊക്കെ ചേര്‍ത്താണ്‌ വേറ ആ പുസ്തകം തയ്യാറാക്കിയത്.

1500 ലധികം ജൂത‌ത്തൊഴിലാളികളെ നാത്‌സി ഭീകരതയ്ക്ക് വിട്ടുകൊടുക്കാതെ സം‌രക്ഷിച്ച ഓസ്ക്കര്‍ ഷിന്‍ഡ് ലറുമായും (Oskar Schindler) ഹങ്കറിയിലെ ബൂഡപെസ്റ്റില്‍ നയതന്ത്രോദ്യോഗസ്ഥനായിരുന്ന കാലത്ത് ആയിരക്കണക്കിനു ജൂതരെ ജര്‍മന്‍ പീഡനങ്ങളില്‍ നിന്നു രക്ഷിച്ചെടുത്ത റൗള്‍ വാലന്‍ബര്‍ഗു(Raoul Wallenberg) മായും പലരും വിന്‍റണെ താരതമ്യപ്പെടുത്തി. ‘ബ്രിട്ടീഷ് ഷിന്‍ഡ് ലര്‍ ‘ (British Schindler) എന്നാണ്‌ അദ്ദേഹത്തെ ചരിത്രം രേഖപ്പെടുത്തുന്നത്.

ചെക്ക് റിപ്പബ്ലിക്കിന്‍റെ പരമോന്നതബഹുമതിയായ ഓര്‍ഡര്‍ ഓഫ് ദ വൈറ്റ് ലയണ്‍ (Order of the White Lion) സമ്മാനിച്ചുകൊണ്ട് ചെക്ക് പ്രസിഡന്‍റ് മിലോസ് സിമന്‍ (Milos Zeman) പറഞ്ഞത് ഇപ്രകാരമാണ്‌.

” കുട്ടികള്‍ക്ക് നല്‍കാനുള്ള ഏറ്റവും വലിയ സമ്മാനമാണ്‌ നിക്കളസ് വിന്‍റണ്‍ നല്‍കിയത്. ജീവിക്കാനുള്ള അവകാശം. 669 കുട്ടികള്‍ക്കാണ്‌ അദ്ദേഹം അത് നേടിക്കൊടുത്തത്. വിന്‍റണിന്‍റെ ജീവിതം തന്നെ നിസ്വാര്‍ത്ഥതയ്ക്കും ലാളിത്യത്തിനും, ധൈര്യത്തിനും ലോകത്തിനാകമാനം മാതൃകയാണ്‌.”

”മനസ്സു വച്ചാല്‍ ഏതു വെല്ലുവിളിയുടെ കാലത്തും ചിലതൊക്കെ ക്രിയാത്മകമായി ചെയ്യാന്‍ കഴിയുമെന്നാണ്‌ വിന്‍റണിന്‍റെ ജീവിതം നമ്മെ പഠിപ്പിക്കുന്നത്.” – ദലൈ ലാമ പറയുന്നു.

60 ലക്ഷം ജൂതരെയാണ്‌ ഹിറ്റ്‌ലര്‍ ഭരണകൂടം ഉന്മൂലനം ചെയ്തത്. 1943 ല്‍ നാത്‌സി പീഡനകേന്ദ്രത്തില്‍ നിന്ന് രക്ഷപെട്ട 67 പേരില്‍ ജീവിച്ചിരുന്ന അവസാനത്തെ ആളെന്നു കരുതപ്പെടുന്ന സാമുവേല്‍ വിലന്‍‌ബര്‍ഗ് തൊണ്ണൂറ്റിമൂന്നാം വയസ്സില്‍ 2016 ഫെബ്രുവരി 19 നാണ്‌ അന്തരിച്ചത്.
നിക്കളസ് വിന്‍റണിന്‍റെ മകള്‍ ബാര്‍ബറ അച്ഛന്‍റെ ജീവചരിത്രം എഴുതിയിട്ടുണ്ട്. ‘ഇഫ് ഇറ്റ്സ് നോട്ട് ഇമ്പോസിബിള്‍’ (If It’s Not Impossible). ആത്മകഥകള്‍ ആത്മപ്രശംസകളുടെ കഥകളാകുന്നതുകൊണ്ടാണ്‌ വിന്‍റണ്‍ അതിനായി ശ്രമിക്കാതിരുന്നത്. ‘നിക്കിയുടെ കുടുംബം’ (Nicky’s Family) എന്ന ഡോക്യുമെന്‍ററി സിനിമയും വിന്‍റണിലൂടെ ജീവിതം തിരിച്ചുകിട്ടിയവരുടെ കഥകള്‍ പറയുന്നു. 1999 ആഗസ്റ്റ് 28 ന്‌ അദ്ദേഹത്തിന്‍റെ ഭാര്യ ഗ്രെറ്റ് വിന്‍റണ്‍ അന്തരിച്ചു. 2009 സെപ്റ്റംബര്‍ 1 ന്‌, ആദ്യയാത്രയുടെ എഴുപതാം വാര്‍ഷികം, ഓര്‍മ്മചകള്‍ ഒരു ഉത്‌സവമാക്കി, പഴയ യാത്രക്കാരും അവരുടെ കുടുംബവും പ്രാഗില്‍ നിന്ന് അതേ ബോഗികളും എഞ്ചിനുമായി ‘വിന്‍റണ്‍ ട്രെയിന്‍’ (Winton Train) എന്ന ബോര്‍ഡും വച്ച് ലണ്ടനിലേയ്ക്ക് വീണ്ടും യാത്ര ചെയ്തു. അവരെ സ്വീകരിക്കാന്‍ നിക്കളസ് വിന്‍റണ്‍ പ്ലാറ്റ്ഫോമിലെത്തിയത് അവിസ്മരണീയമായ ഒരു മുഹൂര്‍ത്തമായിരുന്നു.

2015 ജൂലായ് 1 ന്‌ വിന്‍റണ്‍ മരിക്കുമ്പോള്‍, ജീവന്‍ തിരിച്ചുകിട്ടിയ എത്രയോപേരുടെ പ്രാര്‍ത്ഥനകളാലും സ്നേഹസ്മരണകളാലും ആ ജീവിതം 105 വയസ്സിലെത്തിയിരുന്നു.

Comments
Print Friendly, PDF & Email

പ്രമുഖപ്രസിദ്ധീകരണങ്ങളിൽ എഴുതിയിട്ടുണ്ട്. കോര്‍പ്പറേഷന്‍ ബാങ്ക്, തോമസ് കുക്ക്, വോള്‍ സ്റ്റ്രീറ്റ് എക്സ്ചേഞ്ച് അബുദാബി, വോള്‍ സ്റ്റ്രീറ്റ് ഫിനാന്‍സ്- കാനഡ, ടൊറോന്‍റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവം എന്നിവയിലൊക്കെ ജോലി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കാനഡയിലെ ബര്‍ലിംഗ്ടന്‍ പോസ്റ്റില്‍. കേരള ബുക്ക് മാര്‍ക്ക് പ്രസിദ്ധപ്പെടുത്തിയ 'മടങ്ങിപ്പോകുന്നവര്‍' - കഥാസമാഹാരം

You may also like