പൂമുഖം COLUMNS എന്റെയാണെന്റെയാണീ കൊമ്പനാനകൾ

എന്റെയാണെന്റെയാണീ കൊമ്പനാനകൾ

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

ന്ന് ഹർത്താലാണ്. ആനകളും വെടിക്കെട്ടുമില്ലാതെ ഞങ്ങൾക്ക് ഉത്സവങ്ങൾ നടത്താനാവില്ല എന്ന് ഉത്‌ഘോഷിച്ചുകൊണ്ട് സാംസ്കാരികതലസ്ഥാനത്തെ ഉത്സവപ്രേമികൾ നടത്തുന്ന ഹർത്താൽ. വലിയ ദുരന്തങ്ങളിൽ പോലും കണ്ണ് തുറക്കാനാവാതെ, തങ്ങളുടെ അഹന്തയും സ്വാർത്ഥതയും ആനകളോടുള്ള കപടസ്നേഹവും മുറുകെപിടിക്കുന്നവരുടെ ഹർത്താൽ.
എന്തായാലും ഞാനിന്നെനിക്കേറ്റവും ഇഷ്ടമുള്ള ഒരു പണിക്കിറങ്ങിയിരിക്കുകയാണ്. എല്ലാറ്റിലും അടുക്കും ചിട്ടയും വേണമെന്ന് വാശിയുള്ള ഒരാളുടെ കൂടെ അത്ര അടുക്കും ചിട്ടയും ഒന്നിലും വേണ്ട എന്ന് കരുതുന്ന ഒരാളുടെ ജീവിതം ശ്രമകരമാണ്. ചിട്ടക്കാരൻ അടുത്ത് തന്നെ നാട്ടിൽ വരാനുള്ള സാധ്യത മണക്കുന്നുണ്ട്. കൂടെയുണ്ടാവുന്ന ദിവസങ്ങളിൽ, മുറുമുറുപ്പുകൾ കുട്ടികളുടെ സന്തോഷത്തെ ബാധിക്കാൻ പാടില്ലാത്തതിനാൽ എനിക്ക് ചിട്ടക്കാരി ആയി മാറേണ്ടതുണ്ട്. അടുക്കും ചിട്ടയും ആദ്യം തന്നെ പുസ്തകങ്ങളിൽ നിന്ന് തുടങ്ങാം എന്ന് കരുതി.
വീട്ടിൽ എവിടെ നോക്കിയാലും പുസ്തകങ്ങളാണ്. വാരികകളുടെയും മറ്റു പുസ്തകങ്ങളുടെയും ചെറിയ ചെറിയ കൂട്ടങ്ങൾ മേശകളിലും മറ്റും സ്ഥലം കയ്യേറിയിരിക്കുന്നു. എന്നാൽ ആവശ്യം നേരത്ത് ഒരു പുസ്തകം നോക്കിയാൽ അതെവിടെ എന്ന് കണ്ടെത്താനാവുന്നുമില്ല. എല്ലാമൊന്ന് അടക്കിപ്പെറുക്കി വെക്കണമെന്ന് തുടങ്ങിയിട്ട് ദിവസങ്ങൾ ഏറെയായി. എഴുത്തുകാരെ വേർതിരിച്ച് ഓരോ പുസ്തകവും എവിടിരിക്കുന്നു എന്നൊരേകദേശ ധാരണയിൽ വേണം അടുക്കി വെക്കേണ്ടത്. അതിനൊക്കെ കുറച്ചേറെ സമയം എടുക്കും. കാരണം ഇതിനിടയിലും, അടുപ്പിൽ തീ കെടാതെ നോക്കാനും മിനിറ്റിന് മിനിറ്റിനുള്ള കുട്ടികളുടെ തല്ലുകളും പരാതികളും തീർപ്പാക്കാനും ഞാൻ തന്നെ വേണമല്ലോ.

പുസ്തകങ്ങളോട് എനിക്കെന്നും ഏറെ പ്രിയമായിരുന്നു. പക്ഷേ ഗൗരവമായ വായനയിലേക്ക് ഞാൻ എത്തിപ്പെടുന്നത് ഏറെ വൈകിയാണ്. മതഗ്രന്ഥങ്ങളോ പഠനപുസ്തകങ്ങളോ ചില വനിതാ മാസികകളോ അല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല വീട്ടിൽ. സാഹിത്യം വായിക്കുന്ന ആരുമുണ്ടായിരുന്നില്ല ബന്ധുക്കൾക്കിടയിലും. അത്കൊണ്ട് തന്നെ നീലചില്ലുകൾക്കിപ്പുറമുളള ജനാലപ്പടികളിലിരുന്ന് പുസ്തകങ്ങളെക്കാളേറെ വായിച്ചത് മഴയെയും നിലാവിനേയുമാണ്. കോളേജ് കാലത്താണ് കുറച്ചെങ്കിലും വായിക്കാൻ തുടങ്ങിയത്. പിന്നീട് വിരസമായ മരുഭൂമിക്കാലത്താണ് വല്ലാതെ ആവേശപ്പെടുത്തിയ വായനയിലേക്ക് ഞാൻ എങ്ങനെയോ എത്തിപ്പെടുന്നത്.

വീട് വെക്കുന്നതിനു മുന്നേ തന്നെ നിറയെ പുസ്തകങ്ങളുള്ള ഒരലമാരയെ കുറിച്ച് ഞാൻ സ്വപ്നം കണ്ടിട്ടുണ്ട്. പറ്റുമെങ്കിൽ എല്ലാ മുറികളിലും വേണം ഓരോ പുസ്തകഅലമാര എന്ന് വിചാരിച്ചിട്ടുമുണ്ട്. വായിച്ചാലും വായിച്ചില്ലെങ്കിലും, എന്നെ സംബന്ധിച്ച്, പുസ്തകം കാണുമ്പോഴെന്ന പോലെ മനം തണുപ്പിക്കുന്ന മറ്റൊരു വസ്തുവില്ല. പുസ്തകങ്ങളെ പോലെ പ്രിയങ്കരമായ മറ്റൊരു കൂട്ടുമില്ല. വായിച്ച് കൊണ്ടിരിക്കുന്ന പുസ്തകങ്ങളിലെ കഥാപാത്രങ്ങളോടും ഞാൻ കൂട്ട് കൂടാറുണ്ട്. ഉറങ്ങാൻ കിടക്കുമ്പോൾ, തലയണക്കീഴിൽ പുസ്തകം വെച്ചുറങ്ങുന്നത്, അവരെ ഞാൻ വല്ലാതെ ഹൃദയത്തിലേക്ക് ചേർക്കാറുള്ളത് കൊണ്ടാണ്. ഏറെ പ്രിയങ്കരമായ പുസ്തകം ഏറെ സമയമെടുത്ത് വായിക്കുന്നതും അവരെ പിരിയാനുള്ള വിഷമം കൊണ്ടാണ്.

തലയണക്കീഴിൽ പുസ്തകം വെക്കുന്നത് കൊണ്ട് മറ്റൊരു ഗുണവുമുണ്ട്. രാവിലെ അലാറം അടിക്കുന്നതിനു മുന്നേ എഴുന്നേറ്റ് കിടക്കേണ്ടിവന്നാൽ, മുറിഞ്ഞുപോയ സ്വപ്നം ഓർത്തെടുക്കാൻ ശ്രമിച്ചോ, ഉച്ചയ്ക്ക് ചോറിനൊപ്പം കറി കൊടുത്തയക്കുന്നതിന് പകരം ചമ്മന്തിയും പപ്പടവും കൊടുത്തയച്ചാൽ മതിയോ ഇല്ലെങ്കിൽ വേണ്ട, അവർ ശരിക്ക് കഴിച്ചില്ലെങ്കിലോ എന്ന വീണ്ടുവിചാരത്താൽ മെനക്കെട്ടാലും മോരു കാച്ചുകയോ, പരിപ്പും കുമ്പളങ്ങയും ഇട്ടു കറി വെക്കുകയോ ചെയ്യാം എന്നൊക്കെ തീരുമാനിച്ചും കിടക്കുന്നതിനിടയിലായിരിക്കും തലേന്ന് വായിച്ച് നിർത്തിയ കഥാസന്ദർഭമോ കവിതയിലെ വരികളോ ഓർമ വരിക. ബെഡ്‌ലൈറ്റ് ഓൺ ചെയ്ത്, മങ്ങിയ വെളിച്ചത്തിൽ, പാതിഉറക്കത്തിലുള്ള ആ വായന പിന്നീട് എനിക്ക് മറ്റൊരു സ്വപ്നം പോലെ തോന്നാറുണ്ട്. എന്ത്കൊണ്ടോ അത്തരം ദിവസങ്ങളിൽ പതിവില്ലാത്തൊരുന്മേഷം തോന്നാറുമുണ്ട്.

വീടിൻറെ എല്ലാ മുറികളിലും വേണം കുഞ്ഞുകുഞ്ഞു പുസ്തകഅലമാരകൾ എന്നിടയ്ക്കു തോന്നും. ആഴ്ചപ്പതിപ്പുകൾ മുൻവശത്തെ അലമാരയിലാവണം വെക്കേണ്ടത്. മീൻകാരന്റെ വരവ് കാത്തിരിക്കുന്ന നേരത്തോ, ഉച്ചയൂണ് കഴിഞ്ഞ ചാരുകസേരയിൽ കാറ്റ് കൊണ്ട് മയങ്ങുന്ന നേരത്തോ വായിക്കണമെന്ന് തോന്നുകയാണെങ്കിൽ എടുക്കാൻ പാകത്തിൽ. തീർച്ചയായും അലമാര വേണ്ട മറ്റൊരു സ്ഥലം അടുക്കളയാണ്.

ഭക്ഷണം വെച്ചും വിളമ്പിയും പാത്രം കഴുകിയും ജന്മത്തിന്റെ മുക്കാൽ ഭാഗം തീർക്കുന്ന അടുക്കളയിൽ പ്രിയപ്പെട്ട ചില പുസ്തകങ്ങളുടെ കാഴ്ച എത്ര നല്ലതായിരിക്കും! വായിച്ച് തീർത്ത പുസ്തകങ്ങളാവണം അവിടെ വെക്കേണ്ടത്. എണ്ണത്തിൽ കുറവാണെങ്കിൽ പോലും, അത്രയെങ്കിലും വായിച്ചല്ലോ എന്ന തോന്നൽ മടുപ്പിക്കുന്ന അടുക്കളവിരസതകളിൽ ആശ്വാസവും സംതൃപ്തിയുമേകിയെങ്കിലോ! ഒപ്പം ബാബുരാജോ ദാസേട്ടനോ ഗുലാംഅലിയോ ജഗ്ജിത്സിങ്ങോ പാടുകയോ ചെയ്യട്ടെ !

പാടത്തേക്ക് കാഴ്ചയെത്തുന്ന വിധത്തിൽ ഞാവലിനും ഇലഞ്ഞിക്കുമിടയിൽ ഒരേറുമാടം കെട്ടണം. മഴയും കാറ്റുമുളള പകലുകളിലും, നിലാവ് പെയ്യുന്ന രാത്രികളിൽ റാന്തൽവെളിച്ചത്തിലും അവിടെയിരുന്ന് വായിക്കണം. വീടിന്റെ ഗന്ധത്തിൽ നിന്ന് വേറിട്ട്‌ പ്രകൃതിയുടെ ഗന്ധങ്ങളിൽ മുഴുകിയങ്ങനെയിരിക്കണം. ഹാ, അതെത്ര സുന്ദരമായിരിക്കും ! മഴയോ മഞ്ഞോ പെയ്യുന്ന രാത്രിക്കുളിരിൽ, കറുത്ത ചാന്തിട്ട നിലത്ത് പ്രിയമുള്ളവന്റെ നെഞ്ചിൽ ചാരിക്കിടന്ന് കവിതകൾ വായിക്കണമെന്ന് ഒരിക്കൽ ഞാൻ സ്വപ്നം കണ്ടിരുന്നു. ചില സ്വപ്‌നങ്ങൾ നിറവേറിയില്ലെങ്കിലും, അത്രയും തീവ്രമായി ആഗ്രഹിക്കുന്ന ചിലതായിരിക്കും ഒരുപക്ഷേ നമുക്ക് പിന്നീടുള്ള വഴിയിൽ ഊർജം പകരുന്നത്.
എന്തായാലും പറഞ്ഞുവന്നത് ഇന്ന് മേലോട്ട് പോയത്‌ പുസ്തകങ്ങൾ അടുക്കിവെക്കാനാണ് എന്നായിരുന്നു. അവിടെയാണ് എനിക്കാകെയുള്ള പുസ്തകഅലമാര. പുസ്തകങ്ങൾ അടുക്കിവെക്കാനല്ലാതെയും ഞാനിടയ്ക്ക് അവിടെ പോകാറുണ്ട്.  ഒരിക്കൽ വായിച്ച പുസ്തകത്തിലെ പ്രിയപ്പെട്ട വരികൾ ഒന്ന് കൂടെ പരതാനായിരിക്കും ചിലപ്പോൾ. ആൾക്കൂട്ടത്തെ കുറിച്ചോ ആളോഹരി ആനന്ദത്തെ കുറിച്ചോ അടുത്തിടെ ആരെങ്കിലും പരാമർശിച്ചത് കേട്ടോ വായിച്ചോ, എങ്കിൽ അതൊന്നെടുത്ത് നോക്കാം എന്ന് നിനച്ചാകും മറ്റ് ചിലപ്പോൾ.

അലമാരയിൽ അടുക്കിവെച്ച വായിച്ചതും വായിക്കാത്തതുമായ പുസ്തകങ്ങൾക്കിടയിലങ്ങനെ നിൽക്കുമ്പോൾ പലപ്പോഴും ആനന്ദത്തേക്കാൾ ഏറെ സങ്കടവും കുറ്റബോധവുമാണ് തോന്നാറുള്ളത്. എത്രയെത്ര സമയമാണ് വെറുതെ കളയുന്നത്. ഒരു കഴമ്പുമില്ലാത്ത പലതും വായിച്ചുകൊണ്ടും അത്രയൊന്നും സത്യസന്ധമായിരുന്നില്ല എന്ന് പിന്നീട് തോന്നുന്ന ചില സൗഹൃദങ്ങളിൽ അഭിരമിച്ചും ഫോണിൽ എത്ര നേരമാണ്..! പക്ഷേ ആ കുറ്റബോധം അപ്പോൾ മാത്രമേ തോന്നുകയുള്ളൂ. പിന്നെ തോന്നും, അങ്ങനെ ഒന്നിലും ക്രമീകരിച്ച് ജീവിക്കേണ്ടതില്ല. വായിക്കാൻ തോന്നുമ്പോൾ വായിക്കുക. അതല്ലാതെ സകലതും വായിച്ചേ അടങ്ങൂ എന്ന വാശിയിലൊന്നും കാര്യമില്ല എന്നും.

ഇന്നങ്ങനെ പുസ്തകങ്ങൾ നോക്കുന്നതിനിടയിലാണ്  അജിതയുടെ ഓർമ്മക്കുറിപ്പുകളിൽ കണ്ണും കരളും ഉടക്കിയത്‌. അത് ഇക്കഴിഞ്ഞ ലക്കം മാതൃഭൂമിയിൽ ജോയ്‌മാത്യുവുമായി താഹാ മാടായി നടത്തിയ സംഭാഷണത്തിൽ കേരളത്തിലെ സ്ത്രീശാക്തീകരണ രാഷ്ട്രീയത്തിൽ അജിതയുടെ പങ്ക് ചരിത്രപരമാണ് എന്ന് തറപ്പിച്ച് പറഞ്ഞത് കൊണ്ട് മാത്രമല്ല. ഞാൻ ജനിക്കുന്നതിനും മുൻപേ സജീവമായിരുന്ന നക്സൽബാരി പ്രസ്ഥാനത്തിലെ സജീവാംഗമായിരുന്ന അജിതയുടെ അന്നത്തെ തീവ്രവും തിക്തവുമായ അനുഭവങ്ങൾ കേരളത്തിന്റെ ചരിത്രത്തോടും ഇന്നത്തെ രാഷ്ട്രീയാവസ്ഥകളോടും കൂടെ ചേർത്തുവായിക്കാനുള്ള ആഗ്രഹംകൊണ്ടും കൂടെയാണ്. സാഹസികവും വ്യത്യസ്തവുമായ വഴിയിലൂടെയുള്ള അവരുടെ യാത്രയിൽ ഒരു സ്ത്രീയായിരിക്കെ അവർ നേരിട്ട വിവേചനങ്ങളും അംഗീകാരങ്ങളും എങ്ങിനെയുള്ളതായിരുന്നെന്നും ഇന്നവർ എവിടെ നില്ക്കുന്നു എന്നറിയാനുള്ള തോന്നലിലും കൂടെയാണ്. അതിനൊപ്പം മായുടെ കത്തുകൾ കൂടെ വായിക്കേണ്ടതുണ്ട്. പുൽപള്ളി കലാപത്തിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞ എഴുപതുകളിൽ അജിതയ്ക്ക് അമ്മയായ മന്ദാകിനി നാരായണൻ എഴുതിയ കത്തുകളാണവ. ഇന്നത്തെ ഓരോ രേഖകളും നാളത്തെ ചരിത്രമാണെന്ന് വിശ്വസിക്കുമ്പോൾ ആ കത്തുകൾ ഒരമ്മ മകൾക്കയച്ച കത്തുകൾ എന്ന വൈകാരിതയ്ക്കപ്പുറം ചരിത്രത്തോട് ചേർത്തുവായിക്കാനാകും എന്ന് ഞാൻ കരുതുന്നു. ഈ രണ്ടു പുസ്തകങ്ങളും ഞാൻ മാറ്റി വെക്കുകയാണ്. അടുത്ത് തന്നെ വായിക്കാനായി.

വേറെയുമുണ്ട് വായിക്കണമെന്ന് കരുതി വാങ്ങിയ പുസ്തകങ്ങൾ. കന്യാമഠത്തിൽ നിന്ന് കീഴാളമണ്ണിലെത്തിയ ദയാഭായിയുടെ ആത്മകഥയായ പച്ചവിരൽ, വർഷങ്ങൾക്കുമുൻപേ കെ. ആർ. മീര മധ്യപ്രദേശിൽ പോയി ദയാഭായിയെ കണ്ടെഴുതിയ ‘വിണ്ടുകീറിയ പാദങ്ങൾ’ എന്ന ലേഖനം മാതൃഭൂമിയിൽ വായിച്ച അന്ന് മുതൽ വായിക്കണമെന്ന് ആഗ്രഹിക്കുന്നതാണ്. പത്രത്തിലോ ടിവിയിലോ വാർത്തകൾ വായിക്കാനോ കേൾക്കാനോ തോന്നാത്തവിധം മനുഷ്യന്റെ സാമൂഹികവും രാഷ്ട്രീയവുമായ ജീവിതം അസ്വസ്ഥവും അസംബന്ധജടിലവുമായ ഈ കാലത്ത്, ഇനിയുള്ള കാലം പ്രകൃതിയിലേക്ക് കണ്ണും മനസ്സും കൂർപ്പിക്കുന്നതായിരിക്കും നല്ലതെന്ന് പലപ്പോഴും തോന്നാറുണ്ട്. അത് കൊണ്ടായിരിക്കാം
കണ്ടൽകാടുകളുടെ തോഴനായ പൊക്കുടന്റെ ആത്മകഥയും ഞാൻ വായിക്കാനായി വാങ്ങിച്ചു വെച്ചിരിക്കുന്നത്. ആമേനിലൂടെ വിളിച്ചു പറഞ്ഞതിനുമപ്പുറം സിസ്റ്റർ ജെസ്മിക്ക് എന്താണ് പറയാനുള്ളത് എന്ന തോന്നലിൽ വാങ്ങിയതാണ് ഞാനും ഒരു സ്ത്രീ.

പണ്ട് എം ടി യുടെ ഏതോ ലേഖനത്തിലാണ് ഇസഡോറ ഡങ്കൻന്റെ ഉജ്വലമായ ആത്മകഥയെ കുറിച്ചുള്ള പരാമർശം വായിച്ചത്. ഞാനിപ്പോഴും ഓർക്കുന്നു, ഇസഡോറ മഹാനായ ശില്പിയായ റോഡിനെ കാണാൻ പോകുന്ന രംഗത്തെ കുറിച്ച് എം.ടി. എഴുതിയത്. എംടിയെ ഞാനിങ്ങനെ വല്ലാതെ ഇഷ്ടപ്പെടുന്നതും ബഹുമാനിക്കുന്നതും അദ്ദേഹമൊരു എഴുത്തുകാരൻ ആയതുകൊണ്ട് മാത്രമല്ല, അപാരമായ ജ്ഞാനമുള്ള ഒരു വായനക്കാരൻ കൂടെയാണ് അദ്ദേഹമെന്ന് ലേഖനങ്ങളിലൂടെയും അഭിമുഖങ്ങളിലൂടെയും തിരിച്ചറിയാൻ ആയിട്ടുള്ളത് കൊണ്ട് കൂടെയാണ്. എന്ത് കൊണ്ടോ ഇസഡോറയുടെ ആത്മകഥയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമർശം അന്നെന്നെ വല്ലാതെ സ്പർശിച്ചിരുന്നു. ഇംഗ്ലീഷ് പതിപ്പ് തന്നെ അന്വേഷിച്ചെങ്കിലും കിട്ടിയത് ഒലിവിന്റെ മലയാളം പരിഭാഷയാണ്. പകുതിയോളം വായിക്കാനേ അന്ന് കഴിഞ്ഞുള്ളു. ഇനി അത് ഞാൻ മുഴുവനാക്കുമോ ?

മാതൃഭൂമി അരിച്ചു പെറുക്കി വായിച്ചിരുന്ന മരുഭൂമിക്കാലത്താണ് ഇങ്മർ ബർഗ്മാനേയും ഫ്രഡറികോ ഫെല്ലിനിയെയും പെഡ്രോ ആൽമദോവറിനെയുമൊക്കെ ഞാൻ പരിചയപ്പെടുന്നത്. (Talk to her എന്ന ആൽമദോവർ സിനിമ ഞാൻ കാണുകയുമുണ്ടായി അക്കാലത്ത്.) ആ പരിചയത്തിലാണ് ബെർഗ്മാന്റെ മാജിക് ലാന്റേൺ എന്ന ആത്മകഥയിൽ ഒരിക്കൽ കൈ ചെന്നു വീണത്‌.
ഇനിയുമുണ്ട് ഏറെയേറെ വായിക്കാനായി ആഗ്രഹിച്ച് വാങ്ങിയ പുസ്തകങ്ങൾ. മറിയയുടെയും ആമിറിന്റെയും കഥകളിലൂടെ സങ്കല്പിക്കാനാവുന്നതിനപ്പുറമുള്ള അഫ്ഘാൻകെടുതികളെ കുറിച്ച് പറഞ്ഞ ഖാലിദ്‌ ഹൊസൈനിയുടെ And the mountains echoed, പാമുക്കിന്റെ A strangeness in my mind, മാർക്വസിന്റെ Living to tell the tale…അങ്ങനെ, അങ്ങനെ.

ഒപ്പം ബഷീറും ദേവിയും സാറാമ്മയും സുഹറയും മജീദും മാധവിക്കുട്ടിയും സുധീർകുമാർ മിശ്രയും വിമലയും ഭീമനും പാഞ്ചാലിയും വേലായുധനും തകരയും ലോലയും മാടയും ശീമത്തമ്പുരാനും ആരതി പണിക്കരും സഞ്ചരിച്ച വഴികളിലൂടെ, അവസ്ഥകളിലൂടെ ഒരിക്കൽ കൂടെ പോകണമെന്നും മനസ്സ് കൊതിക്കുന്നുണ്ട്.

വളരെകുറച്ചേ ഒതുക്കിവെക്കാനായുള്ളൂ. അപ്പോഴേക്കും തുമ്മൽ കലശലായി. അതിനിടയിൽ മറ്റ് ചില കൗതുകങ്ങളിലും കൈ തടഞ്ഞതിനാൽ കുറേ നേരം അങ്ങനെ പോയി. പഴയ ആൽബങ്ങളിലെ എന്നെ കണ്ടു കുറച്ചു നേരം. കണ്ണുകളിലൂടെ അന്നത്തെ വെയിലും മഴയും നിലാവും വേർതിരിച്ചുവായിക്കാൻ ശ്രമിച്ചു. സിദാനും തിയറി ഹെൻറിയും മാറ്റരാസിയും ദാവോർ സൂക്കറുമൊക്കെ ഫ്രാൻസിന്റെ മൈതാനങ്ങൾ ഇളക്കിമറിച്ച ചിത്രങ്ങളുടെ ആൽബത്തിലായി കുറച്ചു നേരം പിന്നെ മനസ്സ്. മോണിക്ക സെലസും ആന്ദ്ര അഗാസിയും സ്റ്റെഫിഗ്രാഫും പീറ്റ്സാമ്പ്രാസും കിരീടങ്ങളേന്തി നിൽക്കുന്ന ചിത്രങ്ങൾ. കെ. ആർ. നാരായണനും ഇ. കെ. നായനാരും മരിച്ച ദിവസങ്ങളിലെ ദിനപത്രങ്ങൾ. അങ്ങനെ പലതും. അന്നതൊക്കെ സൂക്ഷിച്ചുവെക്കുമ്പോൾ കരുതിയില്ലായിരുന്നു, ഒരു വിരൽതുമ്പിൽ കൊഴിഞ്ഞ കാലവും ചിത്രങ്ങളും തെളിഞ്ഞുവരുന്ന കാലത്തിലേക്കാണ് കുതിക്കുന്നതെന്നും ഉള്ള് തൊട്ട ഓർമകളല്ലാതെ മറ്റൊന്നും എവിടെയും രേഖപ്പെടുത്തേണ്ടതില്ലെന്നും. അതിനിടയിൽ നഷ്ടപെട്ടു പോയെന്നു കരുതിയ ഒരു നോട്ട്പുസ്തകവും കൂടെ കയ്യിൽ തടഞ്ഞു. വീട് താമസമാക്കിയ കാലത്ത് ഒരു തവണ മണ്ണുത്തിയിൽ പോയി കുറേ വൃക്ഷതൈകൾ വാങ്ങി. മഹാഗണിയും തേക്കും വീട്ടിയും നെല്ലിയും പ്ലാവും മാവും കൊന്നയും മന്ദാരവും ജാതിയും കറുകപട്ടയും ഗ്രാമ്പുവും തുടങ്ങി യുള്ള വന്മരതൈകൾ. പത്തുതരം മാവിൻതൈകൾ ഈരണ്ടെണ്ണം വീതം വാങ്ങി. ഒന്ന് പോയാൽ മറ്റേത് ഉണ്ടാവുമല്ലോ എന്നായിരുന്നു ഉള്ളിലിരിപ്പ്. പറമ്പിന്റെ ഏതൊക്കെയോ മൂലയിൽ ഏതൊക്കെ തരം മാവിൻതൈകൾ ആണ് വെച്ചിരിക്കുന്നത് എന്ന് അന്ന് കൃത്യമായി ഒരു പുസ്തകത്തിൽ രേഖപ്പെടുത്തി. പ്രിയൂരും സിന്ദൂരവും സിന്ധുവും കാലാപടിയും മല്ലികയും ജഹാന്ഗീരും ഗുരുദത്തും രത്നയും ചന്ദ്രകാരനുമൊക്കെ ആയിരുന്നു അവ. നിലംമുട്ടെ കായ്ച്ചുനിക്കുന്നൊരു കാലത്ത് ഇതേതാണ് എന്ന് ആരെങ്കിലും ചോദിച്ചാൽ കൃത്യമായി പറഞ്ഞു കൊടുക്കണമല്ലോ എന്ന് കരുതിയായിരിക്കണം അങ്ങനെയൊരു രേഖപ്പെടുത്തൽ. എന്തായാലും മക്കളുടെ പുസ്തകങ്ങളിൽ പെട്ട് കാണാതായെന്ന് കരുതി സങ്കടപ്പെട്ട ആ പുസ്തകം ഇന്ന് കിട്ടി.

ഇന്ന് വല്ലാത്തൊരാവേശ ത്തിലാണ് എല്ലാം അടുക്കിവെക്കാൻ പോയത്‌. എന്നാൽ ഒന്നും നടന്നില്ല. ഇനി നാളെ ഞാനത് ചെയ്യുമോ ? അറിയില്ല. ചന്ദ്രന്റെ ആകൃതിക്കും നിലാവിന്റെ ഏറ്റകുറച്ചിലിനുമൊപ്പം മാനസികാവസ്ഥ മാറുന്നവൾ ആണ് ഞാനെന്നെനിക്കു തോന്നാറുണ്ട്. എല്ലാ സ്ത്രീകളും അങ്ങനെ തന്നെയായിരിക്കുമോ ആവോ ? പല ദിവസങ്ങളിൽ പല തരം ഭ്രാന്തുകൾ.

എന്നാൽ പറയട്ടെ, ഒരു ഭ്രാന്തിന് മാത്രം മാറ്റമില്ല. അതോരോ നിമിഷത്തിലും എന്നെ ഓരോവിധമാക്കുന്നു. കത്തിപ്പടർന്നും നീറിപ്പുകഞ്ഞും തൊട്ട്തലോടിയും കുതികൊള്ളിച്ചും എന്നെ ഞാനാക്കി നിർത്തുന്ന ഭ്രാന്ത്. മറ്റൊരുവിധത്തിലും പ്രസക്തിയില്ലാത്ത ഈ നീണ്ട കുറിപ്പെഴുതുന്നതും ആ ഭ്രാന്തിന്റെ പ്രചോദനത്തിലാണ്. എന്നെ ഊർജസ്വലയും ഉന്മാദിയും വിഷാദിയുമാക്കുന്ന ഭ്രാന്ത്. എന്റെയുള്ളിലെ മരുവിലൂടെ ആർദ്രമായ് ഒഴുകുന്ന ഭ്രാന്ത്.
ഇനിയുറങ്ങട്ടെ. ആ ഭ്രാന്ത് എനിക്കുള്ളിലിരുന്ന് നിലയ്ക്കാതെ മൂളുന്നുണ്ട്.
മഴയിൽ ഉൾക്കുളിരിൻ ചിറകാർന്നതെൻ
മുറിയിലെങ്ങാൻ പറന്നുവന്നെത്തുമോ ?
ഒരു വികാരവുമില്ലാത്ത സന്ധ്യയിൽ
നിറ കതിർത്താരമായ് വന്നുദിക്കുമോ ?
പറയുവാൻ വയ്യ ജീവിതമാകുന്നു.
തിരയൊടുങ്ങാത്ത സാഗരമാകുന്നു.

Comments
Print Friendly, PDF & Email

You may also like