കഴിഞ്ഞ ജൂലൈ മാസം, റബ്ബർ മരങ്ങൾ തിങ്ങി വളരുന്ന രാമപുരം ഗ്രാമത്തിലെ മേഴ്‌സി നാച്വറൽ ക്യൂർ സെൻററിൽ പ്രകൃതി ചികിത്സക്കായി പോയിരുന്നു. അവിടെ വച്ച് പൊൻകുന്നത്തുള്ള വലിയ റബ്ബർ പ്ലാന്റർമാരായ ഷിബു, ജോപ്പൻ എന്നിവരെ പരിചയപ്പെട്ടു. അവർ റബ്ബർ പ്ലാന്റർമാർ മാത്രമല്ല, ലാറ്റക്സിന്റെ അനുബന്ധ ബിസിനസ്സുകാരുമാണ്. റബറിന്റെ ഭാവി സാധ്യതകളെ കുറിച്ച് സംസാരിച്ചപ്പോൾ, ഇനിയൊരിക്കലും കേരളത്തിൽ റബർ കൃഷി നടത്തരുതെന്നും, വരുംകാലത്ത് അതൊരിക്കലും ലാഭകരമാവില്ലെന്നും നമ്മുടെ കാലാവസ്ഥ വ്യതിയാനങ്ങൾക്ക് അനുയോജ്യമല്ലാത്ത കൃഷിയാണതെന്നും ഞാൻ അവരോടു പറഞ്ഞു. 25 ഏക്കർ സ്ഥലം ഈ വർഷം റീപ്ലാന്റ് ചെയ്യാൻ പദ്ധതിയിട്ടിരുന്ന ജോപ്പൻ അതിനു പകരമായി മറ്റെന്തു കൃഷി ചെയ്യുവാൻ സാധിക്കുമെന്നാരാഞ്ഞു.
പ്രവാസ വിപ്ലവം നടക്കുന്നതിനു മുമ്പ്, ഏതാണ്ട് 40 വർഷങ്ങൾക്കു മുൻപ് വരെ, കേരളം ശീലിച്ചു പോന്നത് കൃഷി അടിസ്ഥാനമാക്കിയുള്ള സമ്പദ് ഘടനയായിരുന്നു.. റബറും തെങ്ങും, കുരുമുളകും, ഏലവും തേയിലയും കാപ്പിയും കപ്പയും കമുകും നെല്ലും ആയിരുന്നു പ്രധാന കൃഷി ഇനങ്ങൾ . ഇവയിൽ നെല്ലും കപ്പയും തെങ്ങും ഒഴികെയുള്ളവ പ്രധാനമായും കയറ്റുമതിക്കായി കൃഷിചെയ്യപ്പെടുന്നവയായിരുന്നു ആ പറഞ്ഞ മൂന്നെണ്ണത്തിലാവട്ടെ, ആവശ്യത്തിനുള്ള നെല്ല് ഉത്പ്പാദിപ്പിക്കാൻ നമുക്ക് സാധിച്ചിരുന്നില്ല. അരിക്കായി അന്ന് ആന്ധ്ര പ്രദേശിനേയും തമിഴ്നാടിനേയും ആശ്രയിച്ചിരുന്ന നമ്മൾ ഇന്ന് ഛത്തിസ്ഗഡിനെ കൂടി ആശ്രയിക്കേണ്ട അവസ്ഥയിൽ എത്തിയിരിക്കുന്നു. നമുക്കാവശ്യമായ ഭക്ഷണ പദാർത്ഥങ്ങളിൽ സിംഹ ഭാഗവും അന്യ സംസ്ഥാനങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുകയാണ്. വിഷലിപ്തമായ പച്ചക്കറികൾ ഇവയിൽ ഉൾപ്പെടുന്നു. ചുരുക്കത്തിൽ നമ്മുടെ ദൈനംദിന ജീവിതത്തിൽ അത്യന്താപേക്ഷിതമായ ഭക്ഷണപദാർത്ഥങ്ങൾ, അവയുടെ കൃഷിക്ക് അനുയോജ്യമായ മണ്ണും കാലാവസ്ഥയും ഉള്ളപ്പോഴും ശരിയായി ഉപയോഗപ്പെടുത്താതെയിരിക്കുകയും അനാരോഗ്യകരവും വിഷം കലർന്നതുമായ വിഭവങ്ങൾ മറ്റിടങ്ങളിൽ നിന്നും കൊണ്ട് വന്നു കഴിക്കുകയും ആണ് നമ്മൾ ചെയ്യുന്നത്. പഴകിയതും കേടായതും വിഷലിപ്തവുമായ പച്ചക്കറികൾക്ക് ‘ഉണർവ്’ തോന്നിക്കുവാൻ വീണ്ടും വിഷം ചേർത്ത് വിൽക്കുകയും അത് വാങ്ങി കഴിക്കുകയും ചെയ്ത രോഗികളായി മാറുന്ന ജനസമൂഹമാണ് മലയാളികൾ.
ബ്രിട്ടീഷുകാരും ഇന്ത്യയിൽ വന്ന കച്ചവടക്കാരും അവരുടെ ആവശ്യങ്ങൾക്കനുസരിച്ചു നമ്മുടെ കൃഷി രീതികൾ മാറ്റി മറിക്കുകയായിരുന്നു. അനുയോജ്യമായ കാലാവസ്ഥയും മണ്ണിന്റെ ഗുണങ്ങളും തിരിച്ചറിഞ്ഞ് അവർ, അവർക്കു വേണ്ടി പ്രയോജനപ്പെടുത്തി. നമ്മുടെ ദൈനംദിന ജീവിതത്തിന് ആവശ്യമായ ഭക്ഷണ പദാർത്ഥങ്ങൾ മറ്റുള്ളവരിൽ നിന്ന് വാങ്ങി, നമ്മുടെ കൃഷിയിടങ്ങളിൽ നമ്മൾ മറ്റുള്ളവർക്കായി കൃഷി ചെയ്തു. നമ്മുടെ കൃഷി രീതികൾ, ആദ്യമായി നമുക്ക് വേണ്ടിയാകണം. നമുക്ക് വേണ്ടുന്ന നെല്ലും പഴങ്ങളും പച്ചക്കറികളും നമുക്ക് തന്നെ ഉത്പ്പാദിപ്പിക്കുവാൻ കഴിയണം. ഭക്ഷണകാര്യത്തിൽ സ്വയം പര്യാപ്തത ഉണ്ടാക്കുവാനുള്ള ശ്രമങ്ങൾക്കാകണം നമ്മുടെ കൃഷി വകുപ്പും സർക്കാറും ഊന്നൽ നൽകേണ്ടത്.
ഇതിനായി നാം ആദ്യം ചെയ്യേണ്ടത്, നമുക്ക് വേണ്ടാത്ത, ലാഭം തരാത്ത, നമ്മുടെ ജൈവികതക്ക് ആഘാതമായ, കൃഷി രീതികളിൽ നിന്ന് പിൻവാങ്ങുകയാണ് .
റബ്ബർ പൂർണ്ണമായി നമ്മുടെ സംസ്ഥാനത്തു നിന്നും മാറ്റി നിർത്തപ്പെടണം അത് നമുക്ക് കാര്യമായ ലാഭം തരുന്നില്ല. നമ്മുടെ ജൈവിക പരിസ്ഥിതിക്ക് വലിയ ആഘാതമേൽപ്പിക്കുന്നുമുണ്ട്. യൂക്കാലിപ്റ്റസ് മരങ്ങൾ പോലെ നമ്മുടെ മണ്ണിലെ വെള്ളത്തെ ആവിയാക്കി പുറംതള്ളുകയും അങ്ങനെ മണ്ണിലെ ജലാംശം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു റബ്ബർ കൃഷി. ഇതിനായി ഉപയോഗിക്കപ്പെടുന്ന സ്ഥലത്തിന്റെ പകുതിയെങ്കിലും പഴവർഗ്ഗങ്ങൾ പച്ചക്കറികൾ തുടങ്ങിയവയുടെ കൃഷിക്കായി മാറ്റി വയ്‌ക്കപ്പെടുകയാണെങ്കിൽ നമ്മുടെ ഭക്ഷണ ക്രമത്തിൽ ആരോഗ്യകരമായ അത്ഭുതങ്ങൾക്ക് അത് വഴി വെയ്ക്കും . തേയിലത്തോട്ടങ്ങളുടെയും കാപ്പിത്തോട്ടങ്ങളുടെയും ചെറിയൊരു പങ്കു കൂടി പഴവർഗ്ഗങ്ങൾ കൃഷി ചെയ്യുവാനായി മാറ്റി വയ്ക്കണം.
നമ്മുടെ ജീവിത ശൈലിയിൽ വരുന്ന മാറ്റങ്ങൾ, നമ്മുടെ പുതു തലമുറയുടെ ഭക്ഷണക്രമത്തിലെ താൽപ്പര്യങ്ങൾ ഇവയെല്ലാം ഉൾക്കൊണ്ടു കൊണ്ടുള്ള പുതിയൊരു കൃഷി സംസ്കാരം പടുത്തുയർത്തണം. നൂതന സാങ്കേതിക വിദ്യ കൃഷിയിടങ്ങളിൽ നടപ്പാക്കണം. സർക്കാർ ആദ്യം ചെയ്യേണ്ടത്, കേരളത്തിലെ മുഴുവൻ ഭൂമിയുടെയും സോയിൽ മാപ്പിംഗ് നടത്തുകയും ഓരോ പ്രദേശത്തെയും കാലാവസ്ഥക്കും മണ്ണിനും അനുസരിച്ച് , അനുയോജ്യമായ വിളകളെ കുറിച്ച് കർഷകർക്ക് അറിവ് നൽകുകയുമാണ് .
സൂപ്പർ ഫുഡ്സ് എന്ന ശ്രേണിയിൽ അറിയപ്പെടുന്ന അവകാഡോ, ബ്ലൂ ബെറി, സ്‌ട്രാബെറി, റാസ്പ്ബെറി, ബ്ലാക്ക് ബെറി,ബ്ലാക്ക് കറൻറ്, റെഡ് കറന്റ് തുടങ്ങിയ ഇനം ബെറികൾ, സിട്രസ് വിഭാഗങ്ങൾ, സ്റ്റോൺ ഫ്രൂട്ട്സ് എന്ന വിഭാഗത്തിൽ പെടുന്ന പീച്ചസ്, നെക്റ്ററിൻ, പ്ലംസ്, ആപ്പ്രികോട്ട്, തുടങ്ങി
യവയും കാക്ക ഫ്രൂട്ട് എന്ന പേരിലുള്ള പേഴ്‌സിമോണിസ്, പിയേഴ്സ്, ലോകത്തിൽ വളരെയധികം പ്രകാരമുള്ള എം ഡി 3 പൈൻആപ്പിൾ, റംബുട്ടാൻ, മാങ്കോസ്റ്റീൻ,ലിച്ചി, മാതള നാരങ്ങ തുടങ്ങിയവയും അടങ്ങുന്ന അനേകയിനം പഴവർഗ്ഗങ്ങൾ കൃഷി ചെയ്യുവാനുള്ള സാധ്യത ഇന്ന് കേരളത്തിൽ ഉണ്ട് .
പച്ചക്കറി കൃഷിയിലെ കീടങ്ങളെ പ്രതിരോധിക്കുവാനും വർഷത്തിൽ എല്ലാ ദിവസവും കൃഷി നടത്തുവാനും വെള്ളത്തിന്റെ ഉപയോഗം കുറയ്ക്കുവാനും കാലാവസ്ഥ നിയന്ത്രണത്തിനും പോളി ഹൌസ്, ഗ്രീൻ ഹൌസ്, ഗ്ളാസ് ഹൌസ് , ഹൈഡോ ഫോണിക്, അക്വാ ഫോണിക്, എയറോ ഫോണിക് കൃഷി രീതികൾ നടപ്പിലാക്കുവാനും സാധിച്ചാൽ സംസ്ഥാനത്തിന് മൊത്തം അത് ഏറെ പ്രയോജനകരമാകും . ആരോഗ്യരംഗത്തും നമുക്കത് ഗുണം ചെയ്യും