പൂമുഖം LITERATUREപുസ്തകം ബാര്‍/ ബേറിയന്‍സ് മദ്യവും മലയാളിയും – മണിലാല്‍

ബാര്‍/ ബേറിയന്‍സ് മദ്യവും മലയാളിയും – മണിലാല്‍

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

bar1

ദ്യവും മലയാളിയും തമ്മിലുള്ള ബന്ധത്തിന്റെ രസകരമായ ചെറു കുറിപ്പുകളുടെ സമാഹാരമാണ് മണിലാല്‍ എഴുതി ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ‘ബാര്‍/ ബേറിയന്‍സ്.’ ഒരേസമയം ഇത് നമ്മുടെ പൊതു സമൂഹത്തിന്റെ ആസക്തികളെയും സ്വപ്നങ്ങളെയും ജീവിതാവബോധത്തെയും കാണിച്ചു തരികയും ലഹരി നല്‍കുന്ന സ്വാതന്ത്ര്യം എത്രയാണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. ഇതിലേറെയും തൃശ്ശൂരിന്റെ കഥകളാണെന്നു പറയാം. എന്തിനെയും ഏതിനെയും നിറഞ്ഞ നര്‍മ്മത്തോടെ കാണുന്ന ഒരു തൃശ്ശൂര്‍ക്കാഴ്ച ഈ കഥകളിലുണ്ട്. മുഴുവനായോ ഭാഗികമായോ നടന്ന കഥകളും കേട്ടുകേള്‍വികളും ഇതിലുണ്ട്.

എന്നോ നടന്ന സംഭവത്തെ ആവശ്യാനുസരണം സ്ഥലകാലങ്ങള്‍ മാറ്റിമറിച്ച് പുതുകഥയാക്കുന്ന പോലെ പത്രവാര്‍ത്തയില്‍ നിന്നോ മറ്റു സംഭവങ്ങളില്‍ നിന്നോ സ്‌ക്രിപ്‌റ്റോ റിഹേഴ്‌സലോ ഇല്ലാതെ രണ്ട് മണിക്കൂര്‍ നാടകമുണ്ടാക്കി തൃശ്ശൂര്‍ക്കാരെ ത്രസിപ്പിച്ച ജോസ് പായമ്മലിന്റെയും കലാലയം രാധയുടെയും അവരുടെ സംഘത്തിന്റെയും നാടാണ് തൃശ്ശൂര്‍. ഇങ്ങനെയുള്ള സംഘ സൗഹൃദങ്ങളില്‍ നിന്നാണ് മണിലാല്‍ ഈ കള്ളുകഥകള്‍ പൊലിപ്പിച്ചെടുത്തിരിക്കുന്നത്. ദൃശ്യഭംഗിയാർന്ന സിനിമകളും സാമൂഹ്യ പ്രതിബദ്ധതയുള്ള ഡോക്യുമെന്ററികളും ചെയ്ത ഒരു സംവിധായകന്റെ സാന്നിധ്യം ഈ പുസ്തകത്തിലുടനീളമുണ്ട്. നര്‍മ്മം ഉള്ളിലൊളിപ്പിച്ച് പലപ്പോഴും ഒരു പേജില്‍ ഒതുങ്ങുന്ന ഈ കുറിപ്പുകള്‍ ലളിതമായ വായനക്കും ഗഹനമായ ചിന്തക്കും വഴിയൊരുക്കുന്നു.

നൂറ്റാണ്ടുകള്‍ക്ക് മുമ്പേ കേരളം കള്ളിന്റെ ലഹരിയും സംഗീതവും ആസ്വദിച്ച കഥകള്‍ 1342-ല്‍ കേരളം സന്ദര്‍ശിച്ച സഞ്ചാരി ഇബ്‌നു ബത്തൂത്ത തന്റെ യാത്രാക്കുറിപ്പില്‍ എഴുതിയ വിവരണങ്ങളിലൂടെ ഗ്രന്ഥകാരന്‍ വിശദമായി സഞ്ചരിക്കുന്നുണ്ട്. കള്ളിന്റെ ആദി ബന്ധങ്ങളെ കുറിച്ചുള്ള അന്വേഷണങ്ങള്‍ തോറ്റംപാട്ടിലെ കരിങ്കുട്ടിയുടെയും പറശ്ശിനിക്കടവ് മുത്തപ്പന്റെയും കഥകളിലൂടെയും കടന്നുപോകുന്നുണ്ട്. കള്ള് കേരളത്തിന്റെ നന്മയും തൊഴിലുമായിരുന്ന കാലത്തെ ഓര്‍മ്മിപ്പിക്കുന്ന നാട്ടിന്‍പുറ കഥകള്‍ക്കു പുറമെ കള്ളിന്റെ ലഹരിയറിഞ്ഞ മറ്റു പ്രശസ്തരും ഇതില്‍ കടന്നുവരുന്നുണ്ട്.

കുടിയന്‍മാരും അവരുടെ കുടിക്കാത്ത സുഹൃത്തുക്കളും ഒരിക്കലും മദ്യപിക്കാതെ ജീവിതത്തിന്റെ മറ്റു ലഹരികളില്‍ വിഹരിക്കുന്നവരും ഇതിലെ കഥാപാത്രങ്ങളാകുന്നുണ്ട്. പൊതുജീവിതം തീണ്ടാപ്പാടകലെ നിര്‍ത്തിയ നായാടിയെ പോലുള്ളവരെ പക്ഷഭേദമില്ലാതെ സ്വീകരിച്ച മധുശാലകളുടെയും മദ്യത്തിന്റെയും സംസ്‌കാര വൈവിധ്യങ്ങളെ ചര്‍ച്ച ചെയ്യുന്നുണ്ട്. മദ്യത്തിന്റെ പേരില്‍ ശ്രീനാരായണ ഗുരുവിനെ ചൂഷണം ചെയ്യുന്നവരോടൊപ്പം ഗുരുവും വിചാരണ ചെയ്യപ്പെടുന്നുണ്ട്. കേരളത്തിലെ മദ്യവ്യവസായവും മദ്യഉത്പാദന തൊഴിലാളികളും ഈ പുസ്തകത്തിന്റെ ഭാഗമാവുന്നുണ്ട്. കേരളത്തിലെ പ്രശസ്ത മദ്യവിരുദ്ധ സമരങ്ങളും സമരാനന്തര കാലവും വിശകലനം ചെയ്യുന്നുണ്ട്. ലഹരിയുടെ സര്‍വ്വ മേഖലകളിലൂടെയും ഈ പുസ്തകം കയറി ഇറങ്ങുന്നുണ്ട്. ഇത് കേരളത്തിന്റെ മാത്രം കഥയല്ല. കൊല്‍ക്കത്തയിലും സിലോണിലും കുവൈറ്റിലും യു.കെ.യിലും ഗുജറാത്തിലും മലയാളികളോടൊപ്പം പോയിവരുന്നുണ്ട്.

നാട്ടുകഥകളുടെ അടിയൊഴുക്കായി വര്‍ത്തിക്കുന്ന നര്‍മ്മം സര്‍വ്വ പരിധിയും വിട്ട് ഫാന്റസിയുടെ ഉച്ചത്തിലാവുന്നത് ഇപ്പോഴും നാട്ടില്‍ വിഹരിച്ചു നടക്കുന്ന കടവില്‍ ദാസനെ അവതരിപ്പിക്കുമ്പോഴാണ്. കുടിച്ചു മുത്തപ്പനായി വഴിയിൽ കിടന്ന് സുഹൃത്തിന്റെ കുളിമുറിയിലെത്തിയപ്പോൾ ലഹരിയൊക്കെ മോണോലോഗായി നാല് പുറത്തിൽ കവിഞ്ഞൊഴുക്കിയ രവിയാണ് മറ്റൊരു കാഴ്ച. സ്ത്രീകള്‍ മദ്യപിക്കുന്നത് കേരളത്തില്‍ പുതിയ കാര്യമല്ല. പണ്ട് മുതലേ കീഴാള ജീവിതത്തിന് ആണ്‍പെണ്‍ വ്യത്യാസമില്ലാതെ മദ്യം അവരുടെ നിത്യജീവിതത്തിന്റെ ഭാഗമായിരുന്നു. ലഹരിയില്‍ അവര്‍ നേടുന്നത് എന്തെന്ന അടിസ്ഥാന തിരിച്ചറിവാണ് ഇന്ന് മുഖ്യധാരയിലെ സ്ത്രീജീവിതങ്ങളെ സംഘം ചേര്‍ന്ന് കുടിച്ചികളാക്കുന്നത്. അത്തരമൊരു നാല്‍വര്‍ സംഘത്തെയും പ്രണയത്തിനോളം ലഹരി ഒരു മദ്യവും നൽകിയിട്ടില്ലെന്ന് പറയുന്ന നളിനിജമീലയെയും പരിചയപ്പെടുത്തുന്നുണ്ട്. ഒരു തരത്തിലുള്ള ലഹരി വസ്തുക്കളുമില്ലാതെ അതുവരെയുള്ള ജീവിതരീതികളെയാകെ ഊരിക്കളഞ്ഞ് പ്രകൃതിലേക്ക് ചെവിയോര്‍ത്ത് സ്വന്തം ശരീരത്തിന്റെ സംഗീതം ആസ്വദിച്ച് ലഹരി പിടിക്കാന്‍ പഠിപ്പിക്കുന്ന തിരൂരിലെ ഗാന്ധിയന്‍ പ്രകൃതി ജീവനകേന്ദ്രത്തിലെ അനുഭവങ്ങളും എഴുത്തുകാരന്‍ ഇവിടെ പങ്കുവെക്കുന്നുണ്ട്.

ഭാഷയിലും ആഖ്യാനത്തിലും ഏറെ വ്യത്യസ്തമായ അദ്ധ്യായമാണ് ‘ഒരു ബാര്‍ ബേറിയന്‍ രാത്രി’. കോക്‌ടെയിലുകള്‍ക്കു പുറത്ത് സംഗീതമൊഴുകുന്ന ഉടലഴകിന്റെ ലയതാളങ്ങള്‍ കണ്ണിലും കാതിലും നിറയുമ്പോൾ വിരലുകളുടെ വിരുന്ന് ശ്രദ്ധിക്കുക – ‘വലിയ മീനുകള്‍ തീന്‍മേശയില്‍ തലകുത്തിപ്പിടഞ്ഞു. അതിന്റെ ചലനമറ്റ നഗ്നതയില്‍ ഞങ്ങളെക്കാള്‍ കൂടുതല്‍ കൈകള്‍ തലങ്ങും വിലങ്ങും സഞ്ചരിച്ചു. ഭക്ഷണത്തിനു മുന്നില്‍ പെരുകുന്നതാണ് മനുഷ്യന്റെ കൈകള്‍. വാലും തലയും വയറും കണ്ണും ചെവിയും ചെകിളയും തുടങ്ങി ചിതമ്പലുകളില്‍ വരെ കൈകള്‍ ഒഴുകി നടന്നു. ആകൃതിയില്‍ നിന്നും മത്സ്യം ധൃതിയില്‍ പരാവര്‍ത്തനം ചെയ്തുകൊണ്ടിരുന്നു. വസ്തു ശില്പമാവുന്നതു പോലുള്ള അനുഭവത്തെ മീന്‍പാത്രത്തില്‍ ഞാന്‍ ആസ്വദിച്ചു കൊണ്ടിരുന്നു. മാംസളതകള്‍ ചോര്‍ന്ന് മീന്‍ അസ്ഥികൂടമായി ചില്ലുപാത്രത്തില്‍ അമര്‍ന്നു കിടന്നു. നൃത്തത്തില്‍ നിന്ന് തെറിച്ചുകൊണ്ടിരുന്ന കണ്ണുകളെക്കാള്‍ തിളക്കം ചില്ലുപാത്രത്തിലെ കണ്ണുകള്‍ക്കുണ്ടായിരുന്നുവോ. ആരുമതില്‍ തൊട്ടില്ല. തുറന്നിരിക്കുന്ന കണ്ണുകളെ എല്ലാവര്‍ക്കും പേടിയാണ്. അത് ജീവനുള്ളതായാലും അല്ലെങ്കിലും. കാഴ്ചകളെ സൂക്ഷ്മമാക്കിയാല്‍ എന്തൊക്കെ സവിശേഷതകളാണ് പ്രത്യക്ഷമാവുക’.

bar

200 – ൽ അധികം പേജുകളിലായി 75 അദ്ധ്യായങ്ങൾ. ഇതിലേറെയും കഥ പോലെ വായിച്ച് ആസ്വദിക്കാമെങ്കിലും ‘ഷാപ്പില്‍ വെച്ചുള്ള പരിചയമാണ്’ മികച്ച ചെറുകഥയാവുന്നത്. എല്ലാ അദ്ധ്യായങ്ങളുടെയും ഒടുവില്‍ ‘വണ്‍ ഫോര്‍ ദി റോഡ്’ എന്നൊരു ആപ്തവാക്യമുണ്ട്. എല്ലാത്തിനും അതേ അദ്ധ്യായവുമായി ബന്ധമുണ്ടോ എന്നൊന്നും ചോദിക്കരുത്. അപ്പപ്പോള്‍ തോന്നിയ സുവിശേഷങ്ങളാണത്. മനോഹരങ്ങളായ അനേകം സുവിശേഷങ്ങളില്‍ നിന്ന് ചിലത് ഇവിടെ – ‘മദ്യം ഒന്നിനും ഉത്തരമല്ല, പക്ഷെ എല്ലാ ചോദ്യങ്ങളെയും അത് മായ്ച്ചുകളയുന്നു.’ ‘സംഗീതത്തിലേക്ക് പ്രവേശിക്കാന്‍ മദ്യത്തെ പോലെ മറ്റൊന്നില്ല’. ‘നിന്നോടുള്ള പ്രണയത്തെ ഞാന്‍ ഊതിപ്പെരുപ്പിക്കുന്നത് കള്ളിലൂടെയാണ്. കുടിക്കരുതെന്ന് നീ പറയുമ്പോള്‍ എനിക്ക് ചിരി വരുന്നത് അതുകൊണ്ടാണ്’. ‘അമ്പലത്തിനും പള്ളിക്കുമിടയില്‍ ഒഴിഞ്ഞൊരു സ്ഥലമുണ്ടെങ്കില്‍ അവിടെയൊരു മധുശാല സ്ഥാപിക്കുക. അവിടെ നിന്നും ഉയരുന്നത് മതനിരപേക്ഷതയുടെ സംഗീതമായിരിക്കും’.

Comments
Print Friendly, PDF & Email

പാലക്കാട് ജില്ലയിലെ പെരിങ്ങോട് സ്വദേശി. ഇപ്പോള്‍ എറണാംകുളത്ത് താമസം. ചിത്ര-ശില്പകലയെ കുറിച്ച് ആനുകാലികങ്ങളില്‍ എഴുതാറുണ്ട്.

You may also like