പൂമുഖം ഓർമ്മ ടി എൻ ജി യെ ഓർക്കുമ്പോൾ…

ടി എൻ ജി യെ ഓർക്കുമ്പോൾ…

 

“രോഗികളുടെ ലോകവും രോഗമില്ലാത്തവരുടെ ലോകവും പൂർണ്ണമായും വ്യത്യസ്തമാണ്. സാധാരണ ജീവിതം നയിക്കുവാൻ ഒരു പരിധിവരെ സാധിക്കും. എന്നാൽ അതും മറ്റൊരു ലോകത്തിൽ ജീവിച്ചു കൊണ്ടാകും. ജീവനു ഭീഷണിയായുള്ളവരുടെ ആ ലോകം മറ്റുള്ളവർക്ക് മനസ്സിലാക്കാൻ സാധിക്കുകയില്ല. എത്ര ശ്രമിച്ചാലും അതിനായുള്ള ശ്രമം അപൂർണ്ണമായിരിക്കും. ഇതെല്ലാം രോഗി അറിയേണ്ട പാഠങ്ങളാണ്. അല്ലെങ്കിൽ ആവശ്യമില്ലാതെ പ്രതീക്ഷിച്ച് നിരാശനാകും”.

പ്രശസ്ത മാധ്യമ പ്രവർത്തകനും, എഴുത്തുകാരനും, മനുഷ്യസ്നേഹിയുമായിരുന്ന ശ്രീ ടി.എൻ.ഗോപകുമാർ എഴുതിയ “ഒരു അർബുദ കഥ”. എന്ന തന്റെ ഓർമ്മക്കുറിപ്പിലെ അവസാനത്തെ വരികളാണിത്. മരണത്തിന് കീഴടങ്ങുന്നതിനു തൊട്ടുമുൻപുള്ള ദിവസങ്ങളിൽ അദ്ദേഹം എഴുതിയ അപൂർണ്ണമായ ഒരു പുസ്തകമാണിത്.

“മനോഹരമായ ഈ ജീവിതം ജീവിച്ചു മതിയായിട്ടില്ല”, “ജീവിക്കാനുള്ള മോഹം അതിശക്തമാണ്”, “ഉടനെ മരിക്കാനൊന്നും എന്നെ കിട്ടില്ല” (പേജ് 19 , 23). തന്റെ ആരോഗ്യത്തെപ്പറ്റി ആശങ്കയിലായിരുന്ന വളരെ അടുത്ത സുഹൃത്തുക്കളെ ഇങ്ങിനെയൊക്കെ പറഞ്ഞു ആശ്വസിപ്പിച്ച അദ്ദേഹം മരണത്തിനെതിരെ മനസ്സും ശരീരവും കൊണ്ട് ധീരമായി പൊരുതി നിന്നു. ഒടുവിൽ മൂന്ന് വർഷങ്ങൾക്ക് മുൻപുള്ള ഒരു ജനുവരിയിൽ അദ്ദേഹം കീഴടങ്ങി. അമ്പത്തിയാറു പേജുകളുള്ള ഈ പുസ്തകം ആ പോരാട്ടത്തെക്കുറിച്ചുള്ള വിവരണമാണ്. ഒരു പക്ഷെ ഇതുപോലൊരു യുദ്ധം നേരിടേണ്ടി വരുന്ന മറ്റൊരാൾക്ക് ഈ പുസ്തകം പ്രയോജനമാവട്ടെ എന്ന് അദ്ദേഹം കരുതിയിട്ടുണ്ടാവണം.

മരണത്തിനെതിരെയുള്ള യുദ്ധങ്ങളെല്ലാം തന്നെ ഒടുവിൽ തോൽക്കേണ്ടി വരും എന്നറിഞ്ഞുകൊണ്ടുള്ള യുദ്ധങ്ങളാണ്. കുറച്ചു നാൾ പൊരുതി നിൽക്കാം എന്നേയുള്ളു. ചിലർക്ക് യുദ്ധത്തിന്റെ ആ ഇടവേളകളിൽ സ്നേഹിക്കുന്നവരാൽ വലയം ചെയ്യപ്പെട്ട് നിൽക്കാൻ കഴിയും. അതിനു കഴിയുന്നത് ചിലർക്ക് കിട്ടുന്ന ഒരു ഭാഗ്യമാണ്. ഒടുവിൽ ഉടമ്പടികളില്ലാതെ, ആയുധങ്ങൾ അടിയറവച്ച് കീഴടങ്ങേണ്ടിവരുമ്പോൾ ശാന്തനായി യാത്രപറയാം.

ഇതൊരു ബുക്ക് റിവ്യൂ അല്ല. കേരളം പലകാരണങ്ങളാലും ദേശീയ അന്തർദേശീയ തലത്തിൽ വാർത്താ പ്രാധാന്യം നേടുന്ന ഈ ദിനങ്ങളിൽ വാർത്താ മാധ്യമ രംഗത്ത് നിറഞ്ഞു നിന്ന ടി. എൻ. ജി എന്ന ചുരുക്കപ്പേരിൽ സുഹൃത്തുക്കൾ വിളിക്കുന്ന ശ്രീ ടി. എൻ ഗോപകുമാറിനെ ഓർക്കാൻ ശ്രമിക്കുകയാണ് അദ്ദേഹത്തിന്റെ ‘ഒരു അർബുദ കഥ’ എന്ന ഓർമ്മക്കുറിപ്പിലൂടെ. ഒരു മേഖലയിൽ നിറഞ്ഞു നിൽക്കുന്ന ഒരു വ്യക്തിയുടെ മരണ വാർത്ത അറിയുമ്പോൾ ഉടനെ ഉണ്ടാവുന്ന പ്രതികരണം. ആ മരണം ‘നികത്താനാവാത്ത ഒരു വിടവ് സൃഷ്ടിച്ചിരിക്കുന്നു’ എന്നാണ്. നിരന്തരം ഉപയോഗിക്കപ്പെട്ട് തേഞ്ഞുരഞ്ഞു നിറം പോയതാണ് ആ വാക്കുകൾ എങ്കിലും അതാണ് യാഥാർഥ്യം. ആരും മറ്റൊരാൾക്ക് പകരക്കാരനാവുന്നില്ല. ഓരോ മനുഷ്യനും വ്യത്യസ്തനാണ് അതിനാൽ ഓരോ മരണവും.

പ്രശസ്ത ബ്രിട്ടീഷ് ന്യൂറോളജിസ്റ്റും, എഴുത്തുകാരനുമായ ഒളിവർ സാക്‌സിന്റെ വാക്കുകൾ ഓർക്കുന്നു: ” മറ്റൊന്നു കൊണ്ടും പകരം വെയ്ക്കാനാവാത്ത വിധമാണ് ഓരോ മനുഷ്യനും മരിക്കുന്നത്. ഒരിക്കലും അടയ്ക്കാനാവാത്ത സുഷിരങ്ങൾ ബാക്കി വച്ചാണ് ഓരോരുത്തരും കടന്നു പോകുന്നത്. അതൊരു വിധിയാണ്. ജനിതകവും നാഡീകോശ സംബന്ധിയുമായ ഈ വിധി ഓരോ മനുഷ്യനേയും തന്റെ വഴികൾ കണ്ടെത്തുന്നതിലും തന്റെ ജീവിതം ജീവിക്കുന്നതിലും തന്റെ തന്നെ മരണം വരിക്കുന്നതിലും അനന്യനാക്കുന്നു”.

മരണ കാരണമായേക്കാവുന്ന ഒരു രോഗം തനിക്കുണ്ട് എന്നറിയുമ്പോൾ ആ നിമിഷം തന്നെ ഒരാൾ ജീവിതത്തിന്റെ ഒരു വഴിത്തിരിവിൽ സ്വയം കണ്ടെത്തുകയാണ്. അനാദിയായ കാലബോധം പൂർണ്ണമായും നിശ്ചലമാവുന്ന നിമിഷം. രണ്ടായിപ്പിരിഞ് നീളുന്ന വഴികളിൽ ഒരു നിമിഷം അയാൾ ആടിയുലഞ്ഞു നിൽക്കും. ക്രമേണ അതൊരു കീഴടങ്ങലായി മാറും. സ്വയം സൃഷ്ടിക്കുന്ന, തനിക്കു മാത്രമുള്ള ഒരു ലോകത്തേക്ക് അയാൾ നടന്നു തുടങ്ങും. ഞാൻ ഇനി മുതൽ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാണെന്നുള്ള ബോധം അയാളെ സുഹൃത്ബന്ധങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാനും, താൻ സൃഷ്ടിച്ച തന്റേതായ ലോകങ്ങളിലേക്ക് ഒതുങ്ങിക്കൂടാനും പ്രേരിപ്പിക്കും.

അർജന്റീനിയൻ എഴുത്തുകാരനായ ആന്ദ്രെസ് നൗമെൻ (Andres Neuman) എഴുതിയ ‘ടോക്കിങ് ടു ഓർസെൽവസ്’ (Talking To Ourselves) എന്ന നോവലിൽ മനുഷ്യരുടെ രണ്ടു ക്യാമ്പുകളെപ്പറ്റി പറയുന്നുണ്ട് : മരണം ഉറപ്പായവരുടെ ക്യാമ്പും, അല്ലാത്തവരുടെ ക്യാമ്പും.

“From the moment they diagnose you, the world immediately split into two. The camp of the living and the camp of those who are soon going to die, everyone starts treating you like you are no longer a member of their club, you belong to the other club now. Your colleagues stop telling you their problems, they stop asking you to do things even though you are still able to do, they stop telling you about their plans for next year, in short, they erase you from the club’s topics, it’s not just the illness, the others take your future away from you. They don’t consult you about anything, you are no longer a relative, you are just a shared problem. When you are bedridden, you watch visitors come and go like in a play, a lousy play. The living watch the dying.”

മനുഷ്യരുടെ രണ്ടു ക്യാമ്പുകൾ. ഭാവി-ഭൂത-വർത്തമാന കാലങ്ങൾ അപഹരിക്കപ്പെട്ട, മരണം അടുത്തെത്തിയവരുടെ ക്യാമ്പും, മരണത്തെ ഓർക്കാതെ ജീവിക്കുന്നവരുടെ ക്യാമ്പും. ആഘോഷങ്ങളിൽ നിന്നും ഉത്സവങ്ങളിൽ നിന്നും മുഖം തിരിച്ച് ഉള്ളിലേക്ക് തിരിയാൻ താല്പര്യപ്പെടുന്നവരെ കാണാനും, ആശ്വസിപ്പിക്കാനും, വിശേഷങ്ങൾ അറിയാനുമായി സന്ദർശകരായി അടുത്ത ക്യാമ്പിൽ നിന്നും ആളുകൾ മുടങ്ങാതെ എത്തിക്കൊണ്ടിരിക്കും. ഉപദേശങ്ങളാൽ, നിർദ്ദേശങ്ങളാൽ അവർ അയാൾ വ്യത്യസ്തനാണെന്ന ബോധത്തെ കൂടുതൽ കൂടുതൽ ഓർമ്മപ്പെടുത്തി ദൃഢമാക്കിക്കൊണ്ടിരിക്കും.

എന്നാൽ മരണത്തെ ഭയന്ന ഒരാളല്ലായിരുന്നു ടി.എൻ.ജി. മരണമെന്തെന്ന് അറിയാനുള്ള ആഗ്രഹം ചെറുപ്പത്തിലേ മനസ്സിൽ കൊണ്ടു നടന്നിരുന്ന ഒരാളായിരുന്നു അദ്ദേഹം. താരാ ശങ്കർ ബാനർജിയുടെ ‘ആരോഗ്യ നികേതന’ മായിരുന്നു ഇഷ്ടപ്പെട്ട പുസ്തകം. സംവിധാനം ചെയ്ത ജീവൻമശായി എന്ന ചിത്രവും മരണത്തപ്പറ്റി തന്നെയാണ്.

മരണത്തെപ്പറ്റി അദ്ദേഹം പറയുന്നു:

“പുനർജന്മമെന്നോ ആത്മാവെന്നോ ഉള്ള മിഥ്യകൾക്ക് അതീതമായി മനസ്സ് പണ്ടേ വളർന്നു കഴിഞ്ഞിരിക്കുന്നു. മരണ ഭയം എനിക്ക് തീർത്തുമില്ല.
ചെറിയ പ്രായത്തിൽ തന്നെ മരണത്തെക്കുറിച്ച് ഒട്ടേറെ അപക്വ ആലോചനകൾ നടത്തുകയും അച്ഛനോടും മറ്റും മരണത്തെക്കുറിച്ച് ആവർത്തിച്ച് ചോദ്യങ്ങൾ ഉയർത്തുകയും ചെയ്തിട്ടുണ്ട്. മരണവും രിപുക്കളുമെല്ലാം വിശദീകരിക്കുന്ന ആരോഗ്യനികേതനം പോലുള്ള പുസ്തകങ്ങൾ വളരുമ്പോൾ ഇഷ്ട വായനയായിരുന്നു. മരണവുമായി ബന്ധപ്പെട്ട മത ഗ്രന്ഥങ്ങളിലെ ഭാഗങ്ങളും ഏതാണ്ട് ഭംഗിയായി അറിയാം. കടോപനിഷത്തിലൂടെ സഞ്ചരിച്ചിട്ടുണ്ട്. യൂറോപ്പ്യൻ തത്വ ചിന്തകരുടെ വിശദമായ പഠനങ്ങൾ വായിച്ചിട്ടുണ്ട്.”

ജനനം മുതൽ തുടങ്ങുകയാണ് മരണവും. ഒരു വടിയുടെ ഇരുവശവും പോലെ അടർത്തിമാറ്റാൻ കഴിയാത്ത യാഥാർഥ്യം. ജീവിതാഘോഷങ്ങളുടെ ആർപ്പുവിളികളിൽ, കയ്യടികളിൽ, ശബ്ദ കോലാഹലങ്ങളിൽ, കൂക്കു വിളികളിൽ പതിഞ്ഞ കാലടികളോടെ എപ്പോഴും കൂടെയുണ്ടാവുന്ന ആ ഇരപിടിയൻ സാന്നിധ്യത്തെ നാം മറന്നു പോവുന്നു. ഒടുവിൽ ഒരു നാൾ അത് ഒരു രോഗത്തിന്റെ രൂപത്തിൽ മുന്നിൽ വന്നു നിൽക്കുമ്പോൾ എന്തിന്, ഇപ്പോൾ, ഈ സമയത്ത്, ഈ വഴി വന്നു? എന്നൊക്കെ പരിഭ്രാന്തരായി ഓരോ മനുഷ്യനും ചോദിച്ചു പോവും. ആ പരിഭ്രാന്തി ക്രമേണ കെട്ടടങ്ങുകയും മരണ ചിന്ത അവനിലെ ദാർശനിക ചിന്തകളെ ഊതി ജ്വലിപ്പിക്കുകയും ചെയ്യുന്നു.

ആസന്നമായ മരണത്തെ തിരിച്ചറിയുന്ന നിക്കോസ് കസാന്ത് സാക്കീസിന്റെ (Nikos Kazantzakis) ‘റിപ്പോർട്ട് ടു ഗ്രെക്കോ’ (Report to Greco) എന്ന നോവലിൽ പറയുന്നു. “I collect my tools: sight, smell, touch, taste, hearing, intellect. Night has fallen; the day’s work is done. I return like a mole to my home, the ground. Not because I am tired and cannot work. I am not tired. But the sun has set” പണിയായുധങ്ങളുമായി വീടണയുന്നത് തളർന്നു പോയത് കൊണ്ടല്ല, സൂര്യൻ അസ്തമിച്ച് ഇരുട്ട് വീഴുന്നത് കൊണ്ട് മാത്രമാണ്.

ഐ.സി.യു വിൽ ശരീരത്തെ യന്ത്രങ്ങളോട് ബന്ധിക്കപ്പെട്ട് കിടക്കുമ്പോഴും, ജീവിതത്തെ താത്ത്വികമായി അവലോകനം ചെയ്യുകയും അതിലൂടെ മരണത്തെ തോൽപ്പിക്കാൻ നിരന്തരം ശ്രമിക്കുകയുമായിരുന്നു ടി.എൻ.ജി.

“ഇനി ട്യൂമർ മറ്റെവിടെയെങ്കിലും പ്രത്യക്ഷപ്പെടാൻ സാദ്ധ്യതയുണ്ടോ?” ഞാൻ ഡോ. ശ്രീധരോട് ചോദിച്ചിരുന്നു. ആ സാദ്ധ്യത സത്യസന്ധനായ അദ്ദേഹം തള്ളിക്കളഞ്ഞില്ല. കാൻസറിന്റെ ഒരു മടങ്ങിവരവ് എനിക്ക് നേരിടാനാവുമോ? ആ ചിന്ത ഒഴിവാക്കാൻ സാദ്ധ്യമല്ലായിരുന്നു. വരുമ്പോൾ നേരിടാം എന്ന് സ്വയം മറുപടി പറഞ്ഞുകൊണ്ട് ഞാൻ മനസ്സിനെ മറ്റു കാര്യങ്ങളിൽ വ്യാപൃതനാക്കി”.

“ജീവിതത്തിൽ ഒരു ദിവസം പോലും മറ്റുള്ളവർക്ക് തുണയായി അല്ലാതെ ആശുപത്രിയിൽ കിടക്കേണ്ടി വന്നിട്ടില്ല എന്ന് ചെറുതായി അഹങ്കരിച്ചവനായിരുന്നു ഞാൻ. ഇനി എന്തെല്ലാം അനുഭവിക്കാൻ ഇരിക്കുന്നു. ‘നിനക്കു വേണം’ സ്വയം പറഞ് ചിരിച്ചുകൊണ്ട് യുദ്ധം ആരംഭിച്ചു”

“എന്റെ അച്ഛൻ 93 വയസ്സ് വരെ ആരോഗ്യത്തോടെ ജീവിച്ച വ്യക്തിയാണ്. ഞാൻ എന്റെ ശരീരത്തോട് കാണിച്ച തെറ്റുകൾക്ക് വേണ്ടി കുറെ വർഷങ്ങൾ കുറയ്ക്കാം. എന്നാലും 57 വയസ്സിൽ മരിക്കാനൊന്നും എന്നെ കിട്ടില്ല. ഞാൻ ഉള്ളിൽ ചിരിയോടെ പറഞ്ഞു കൊണ്ടിരുന്നു. പുറത്ത് ചില പത്രങ്ങളിൽ ചരമക്കുറിപ്പ് തയ്യാറാക്കാൻ എന്റെ ഭാര്യയുടെ ശരിക്കുള്ള പേരും മറ്റും അന്വേഷിക്കുന്നതായി ഞാൻ പിന്നീട് അറിഞ്ഞപ്പോൾ തമാശ തോന്നി.”

തന്റെ ചരമക്കുറിപ്പ് തയ്യാറാക്കാൻ വന്ന പത്രക്കാരെ തിരിച്ചറിയുന്ന മറ്റൊരു പത്രപ്രവർത്തകൻ. അതിനെ ഒരു തമാശയായി കണ്ട് ഉള്ളാലെ ചിരിക്കാൻ കഴിയുന്ന ദാർശനികൻ. രോഗവും രോഗമില്ലാത്തവരും ജീവിക്കുന്ന വ്യത്യസ്തമായ മനുഷ്യ ക്യാമ്പുകളെ കൂടുതൽ വ്യക്തമാക്കി ത്തരികയാണ് ഈ അനുഭവങ്ങൾ.

ഇതിനെപ്പറ്റി അദ്ദേഹം തന്നെ പറയുന്നു.

” ഒരു മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ ഞാനും മരണാസന്നരായവരുടെ ചരമക്കുറിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്. ഇതെല്ലാം തൊഴിലിന്റെ ഭാഗം. പഴയൊരു സംഭവം ഓർത്തു. പ്രധാന മന്ത്രി മൊറാർജി ദേശായി ജയപ്രകാശ് നാരായണൻ ആന്തരിച്ചുവെന്ന് പാർലമെൻറിൽ പറയുകയും പാർലമെന്റ് ദുഃഖം രേഖപ്പെടുത്തി പിരിയുകയും ചെയ്ത സംഭവം. അപ്പോൾ ജയപ്രകാശ് നാരായണൻ മരിച്ചിട്ടില്ലായിരുന്നു. കുറേനാൾ കൂടി ജീവിച്ചു. ജയപ്രകാശ് എന്ന വലിയ മനുഷ്യന് അങ്ങിനെ സംഭവിക്കാമെങ്കിൽ ഞാനെന്തിന് വിഷമിക്കണം”.

ഒരു അർബുദ കഥ എന്ന ഈ പുസ്തകത്തിലെ നാൽപ്പത്തി ഏഴാമത്തെ പേജിൽ ടി. എൻ. ജി എഴുത്ത് നിർത്തുകയാണ്. അതിനപ്പുറം നിശബ്ദതയാണ്. ആരോടും പറയാതെ തുറന്നിട്ട വാതിലിലൂടെ അദ്ദേഹം എങ്ങോട്ടോ ഇറങ്ങിപ്പോയതുപോലെ തോന്നും. മഷി ഉണങ്ങിയ പേനയും, പകുതിയോളം എഴുതി നിർത്തിയ കടലാസുകളും ആ എഴുത്തു മേശയിൽ പിന്നീട് ദിവസങ്ങളോളം അനാഥമായി കിടന്നിട്ടുണ്ടാവണം. ദിവസങ്ങൾക്കു ശേഷം ഒരു പക്ഷെ വിജനമായ ആ മുറിയിലേക്ക് അദ്ദേഹം അദൃശ്യനായി തിരിച്ചെത്തിയിട്ടുണ്ടാവുമോ? ആ പേജുകൾ മറിച്ചു നോക്കാനും, മരണമെന്തെന്ന് എഴുതാനും, എഴുതിയ ചില കാര്യങ്ങളെ തിരുത്താനും?

ആമുഖത്തിൽ ശ്രീ എം.ജി. രാധാകൃഷ്ണൻ പറയുന്നു:

“ഇക്കഴിഞ്ഞ ദിവസം ഒരു ഉച്ച മയക്കത്തിൽ നിന്ന് എന്നെ ഉണർത്തിയത് ഗായത്രിയുടെ ഫോൺ ആയിരുന്നു. ടി. എൻ ഗോപകുമാറിന്റെ മൂത്ത മകൾ. അവൾ ആവേശത്തോടെ പറഞ്ഞു: “അങ്കിൾ അതു കിട്ടി. അങ്കിൾ പറഞ്ഞ അച്ഛന്റെ ക്യാൻസർ ലേഖനങ്ങൾ. ഉടൻ വരൂ”

“ഒരു പവിത്ര സ്മാരകം പോലെ ആ കടലാസു കെട്ടുകൾ ഗായത്രി എന്നെ ഏല്പിച്ചു. ഓരോന്നും റബ്ബർ ബാന്റിട്ടു കെട്ടി ഭദ്രമാക്കിയ ആറു കമ്പ്യൂട്ടർ കടലാസ്സു കെട്ടുകൾ. തുറക്കുമ്പോൾ വർഷങ്ങളായി പരിചിതമായ കാക്കക്കാലുപോലെ ഭംഗിയില്ലാത്ത ആ കൈപ്പട. ആ മലയാളം കൈപ്പട കണ്ടിട്ട് കുറെക്കാലമായിരുന്നു. മാതൃഭൂമിക്കാലത്തേക്കാൾ ഭേദപ്പെട്ടിരിക്കുന്നുവല്ലോ ആ കൈപ്പട എന്നായിരുന്നു എന്റെ മനസ്സിൽ ആദ്യം വന്ന വിചാരം”.

ക്യാൻസർ, ലിവറിലെ സിറോസ്സിസ്, രക്തത്തിലെ അമിതമായി ഉണ്ടാവുന്ന ആൽഫാ ഫീറ്റോ പ്രോട്ടീൻ, പോർട്ടൽ വെയിൻ ത്രോംബോസിസ് എന്നീ മരണകാരണമായ രോഗങ്ങൾ നാല് വശങ്ങളിൽ നിന്നും രക്ഷപ്പെടാൻ കഴിയാത്ത വിധം അദ്ദേഹത്തിൽ പിടിമുറുക്കുകയായിരുന്നു. മരണം ഉറപ്പായ, മറ്റൊരാൾക്കും മനസ്സിലാക്കാൻ കഴിയാത്ത രോഗങ്ങളുടെ ലോകത്തേക്ക് അദ്ദേഹം എത്തിച്ചേരുന്നത് അങ്ങിനെയാണ്. പക്ഷെ പ്രതീക്ഷ നശിച്ച് നിരാശനാവാൻ അദ്ദേഹം തയ്യാറായിരുന്നില്ല. ജീവിച്ച് കൊതി തീർന്നിട്ടില്ലാത്ത ഒരു മനുഷ്യന്റെ മരണത്തിനെതിരെയുള്ള പോരാട്ടം
അവിടെ നിന്നും തുടങ്ങുകയാണ്.

രാജ്യത്തെ പ്രശസ്തമായ പല ആശുപത്രികളിലെ കിടക്കകളിൽ പല തരം യന്ത്രങ്ങളോട് ശരീര ഭാഗങ്ങളെ ഘടിപ്പിക്കപ്പെട്ട് കണ്ണുകളടച്ച് കിടക്കുമ്പോഴും തന്റെ ചുറ്റും എന്ത് നടക്കുന്നുവെന്ന് അദ്ദേഹം സൂക്ഷ്മമായി നിരീക്ഷിക്കുകയും, അതൊക്കെ എഴുതാനായി മനസ്സിൽ സൂക്ഷിക്കുകയും ചെയ്യുകയായിരുന്നു. സൈബർ നൈഫ് എന്ന റോബോട്ടിക് റേഡിയേഷൻ, ന്യുക്ലിയർ മരുന്നുകൾ, അതുപോലെ അർബുദ ലോകത്തെ ആധുനിക ചികിത്സാ രീതികളെക്കുറിച്ചും, മരുന്നുകളെപ്പറ്റിയും, ശാസ്ത്രക്രിയകളിൽ കടിച്ചമർത്തിയ വേദനകളെപ്പറ്റിയും ഇതിൽ അദ്ദേഹം എഴുതിയിട്ടുണ്ട്.

മകൾ കാവേരി ഗോപകുമാർ അച്ഛനെക്കുറിച്ച് ഓർക്കുന്നു:

“രോഗത്തിന് മുൻപുള്ള അച്ഛന്റെ ജീവിതം മറ്റു മാധ്യമ പ്രവർത്തകരിൽ നിന്ന് വ്യത്യസ്തമായിരുന്നു. കുടുംബത്തിന് വേണ്ടി എന്നും സമയം കണ്ടെത്താറുള്ള നല്ലൊരച്ചൻ. മറ്റു രാജ്യങ്ങളിലെ ജോലികളിലൊന്നും താൽപര്യമില്ലായിരുന്നു. രണ്ടു മക്കളെ മലയാളം പഠിപ്പിക്കാനും കേരളത്തിലെ നല്ല വിദ്യാലയങ്ങളിൽ ചേർക്കാനുമൊക്കെയാണ് അച്ഛൻ ഡൽഹി ജീവിതം ഉപേക്ഷിച്ചത്.”

“ഒരാൾക്ക് ഉപകാരം ചെയ്യുമ്പോൾ തിരിച്ചൊന്നും പ്രതീക്ഷിച്ചല്ല ഞാൻ ചെയ്യുന്നതെന്ന് അച്ഛൻ പറയുമായിരുന്നു. “great minds think of great
thought little minds think of what other people think” എന്ന് അച്ഛൻ പറഞ്ഞു തന്ന വാക്കുകൾ ഞാൻ എപ്പോഴും ഓർക്കും. ഞങ്ങളുടെ മേൽ സ്വന്തം ആശയം
അടിച്ചേൽപ്പിക്കാൻ അച്ഛൻ ശ്രമിച്ചിരുന്നില്ല”.

“കണ്ണാടി’ യിലൂടെ മാത്രമല്ല അച്ഛൻ ആളുകളെ സഹായിച്ചിരുന്നത്. ഫോണിൽ വിളിച്ച് സഹായം ചോദിക്കുന്ന ആളുകളെ നിരാശപ്പെടുത്തുന്നത്
ഇഷ്ടമല്ലായിരുന്നു. എന്നാൽ അച്ഛന്റെ പ്രശസ്തിയും സ്വാധീനവും ഉപയോഗപ്പെടുത്തി കാര്യങ്ങൾ സാധിച്ച പലരേയും പിന്നെ കണ്ടില്ല”.

2013 ലാണ് തനിക്ക് ചികില്സിച്ച് ഭേദമാക്കാൻ ബുദ്ധിമുട്ടുള്ള അർബുദം ഉണ്ടെന്ന് തിരിച്ചറിയുന്നത്. ഓഫിസ് കാര്യങ്ങൾ മറന്ന് ചികിത്സയിൽ ശ്രദ്ധ
കേന്ദ്രീകരിക്കാനായിരുന്നു പലരുടെയും ഉപദേശം. പക്ഷെ അങ്ങിനെ ജീവിച്ചിരുന്നുവെങ്കിൽ രോഗം എന്ന ചിന്ത തന്നെ കൂടുതൽ ഉപദ്രവിച്ചേനെ എന്ന് അദ്ദേഹം തിരിച്ചറിയുകയായിരുന്നു. ക്യാൻസർ, അർബുദം എന്നീ വാക്കുകളെ ഭയന്ന് ജീവിതം മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്നും, ഒരു യുദ്ധം നടത്താൻ സമയമുണ്ടെന്നും തിരിച്ചറിഞ്ഞു. ഫലത്തെക്കുറിച്ച് ചിന്തിക്കാതെ ഒരു കർമ്മയോഗിയായി ജീവിതം തുടരാൻ അദ്ദേഹം തീരുമാനിക്കുന്നു.

രോഗം ഒരു മനുഷ്യന്റെ ബോധത്തിന്റെ വ്യാപ്തി വലുതാക്കുന്നുവെന്ന് തോമസ്‌മൻ പറഞ്ഞിട്ടുണ്ട്. രോഗങ്ങളുടെ ലോകത്തിരിക്കുമ്പോഴാണ് അതു വരെ ജീവിച്ച രോഗങ്ങളില്ലാത്ത ജീവിതത്തെപ്പറ്റി ഒരാൾ ചിന്തിക്കുന്നത്. രോഗങ്ങളുടെ ലോകത്തിരുന്ന് ടി.എൻ.ജി ജീവിതത്തെ ആഴങ്ങളിൽ മനസ്സിലാക്കുകയായിരുന്നു. ശരീരം സ്വയം പ്രഖ്യാപിക്കുന്ന നിസ്സഹായ അവസ്ഥയെ അർജ്ജുനൻ തീർത്ത ശരശയ്യയിൽ താൻ നിശ്ചയിച്ച മരണ സന്ദർഭത്തിനായി സ്വയം കിടക്കാൻ തീരുമാനിച്ച ഭീഷ്മരോട് ഉപമിക്കുന്നു.

“വേദനകളോട് എന്റെ ശരീരം നിസ്സംഗതയോടെ പൊരുത്തപ്പെടുകയായിരുന്നു, ഇതിനെക്കാളും എത്രെയോ വേദന സഹിച്ച കർണ്ണനനെപ്പോലുള്ള ഇതിഹാസ പുരുഷന്മാരെയോർത്ത് എന്റെ പ്രശ്നം ലഘൂകരിക്കാൻ ഞാൻ ശ്രമിച്ചു. സൂര്യപുത്രനെവിടെ? ഞാൻ വെറും നരനെവിടെ?.”

“ആരും ജീവിതത്തെപ്പറ്റി ഫിലോസഫിക്കലായ ചിന്തകളിൽ ഏർപ്പെടുന്ന ഒരു സ്ഥലമാണ് ഐ.സി.യു. എപ്പോഴും ബഹള ശബ്ദങ്ങൾ കേൾക്കുന്നത് ചിലപ്പോൾ നിന്ന് പൂർണ്ണമായും മുറി ശാന്തമാകും. ഉറക്കം വരാത്തപ്പോൾ ഇഷ്ടസ്വപ്നങ്ങളുടെ നിർമ്മിതികൾക്ക് ഞാൻ ശ്രമിച്ചുകൊണ്ടിരുന്നു. അപൂർവ്വം ചിലപ്പോൾ ഞാൻ ആഗ്രഹിച്ച കഥാ പാത്രങ്ങൾ സ്വപ്നത്തിൽ കടന്നു വന്നു”.

മരിക്കുന്നതിന് തൊട്ടുമുൻപ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതു വരെയുള്ള ദിവസങ്ങളിൽ എഴുതി തീർത്തതാണ് ഒരു അർബുദ കഥ എന്ന ഈ ചെറിയ ഓർമ്മക്കുറിപ്പ്. ഓരോ പുറവും വായിച്ചു പോവുമ്പോൾ അക്ഷരങ്ങൾക്ക് പിന്നിൽ നിന്നും ആ രൂപം തെളിഞ്ഞു വരും. നരച്ച താടിയും, പരുപരുത്ത ശബ്ദവുമായി ടി.എൻ. ജി സംസാരിക്കുകയാണ്: “പ്രേക്ഷകർക്ക് കണ്ണാടിയുടെ മറ്റൊരു എപ്പിസോഡിലേക്ക് സ്വാഗതം”. തന്റെ ശരീരത്തെ അർബ്ബുദം തിന്നു തുടങ്ങി എന്നറിഞ്ഞപ്പോഴും ആ വാർത്തയെ അടുത്ത ബന്ധുക്കളിൽ നിന്നും, സുഹൃത്തുക്കളിൽ നിന്നും ദിവസങ്ങളോളം മറച്ചു വച്ച് തളരാതെ നിന്ന കർമ്മയോഗി. ജീവിച്ചിരിക്കുന്നവരുടെ ക്യാമ്പിൽ നിന്നും മരിച്ചവരുടെ ക്യാമ്പിലേക്ക് ഇനിയൊരിക്കലും മടങ്ങിവരാതെ നടന്നുപോയ ടി.എൻ.ജി.

ഒരു അർബുദ കഥ എന്ന ചെറിയ ഗ്രന്ഥത്തിലെ നാൽപ്പത്തി ഏഴാമത്തെ പേജിൽ എത്തിയപ്പോഴേക്കും പ്രിയപ്പെട്ട ടി.എൻ.ജിയെ ആരോ മുറിയിൽ നിന്നും പുറത്തേക്ക് കൂട്ടിക്കൊണ്ട് പോയി. അതു വരെ വായിച്ചു കൂട്ടിയതും, ഇനിയൊരിക്കൽ വായിക്കാനായി മാറ്റി വച്ചതും, അടയാളം വച്ചതും, അടിവരയിട്ടു വച്ചതും, ഇനിയൊരിക്കൽ പറയാനായി, എഴുതാനായി കരുതി വച്ചതും, ചെയ്യാനായി മാറ്റി വച്ച കൃത്യങ്ങളും, കാണാനായി ആഗ്രഹിച്ച മുഖങ്ങളും ഒരിക്കൽക്കൂടി കാണാനായി അദ്ദേഹം തിരിച്ചു വന്നില്ല. മരണത്തെ നമ്മളെല്ലാം ഭയപ്പെടാനും ഇതൊക്കെ തന്നെയല്ലേ കാരണങ്ങൾ .

Comments

You may also like