തണ്ണീർത്തട ഭേദഗതി ബിൽ പാരിസ്ഥിക ആഘാതത്തിന്‍റെയും കൃഷിഭൂമിയുടെ വിസ്തൃതി ശോഷിക്കുന്നതിന്‍റെയും പേരിലാണ് വിമർശിക്കപ്പെടുന്നത്. എന്നാൽ ഇതിനപ്പുറം തികച്ചും ജനവിരുദ്ധമായ മറ്റൊരു നിഗൂഢ ലക്‌ഷ്യം കൂടി ഇതിനു പിന്നിൽ ഉണ്ട്. അഥവാ അതാണ് ഭേദഗതിയുടെ പ്രേരക ശക്തി. അത് എല്ലാ കക്ഷികൾക്കും, വരാനിരിക്കുന്ന സർക്കാരുകൾക്കും, പൊതു പദ്ധതി എന്ന പേരിൽ സർക്കാർ സ്ഥലം ഏറ്റെടുത്തു നല്കാൻ സാധ്യതയുള്ള സ്വകാര്യ സംരംഭകർക്കും വളരെ പ്രയോജനം ചെയ്യുന്നതാണ്.അത് കൊണ്ടാവണം ചില എതിർപ്പുകൾ ഉയർത്തി എന്നു നടിച്ചു, സി പി ഐ യും കോൺഗ്രസ്സും ബി ജെ പിയും മൗനം പാലിക്കുന്നത് .
നിലം എന്ന് അടിസ്ഥാന നികുതി രജിസ്റ്ററിൽ അടയാളപ്പെടുത്തിയ ഭൂമിക്കു സർക്കാർ വളരെ കുറഞ്ഞ നിരക്കിൽ ഏറ്റെടുക്കൽ വില നിശ്ചയിച്ചാൽ മതി ചതുപ്പു നിലം ആണെങ്കിൽ വില നാമമാത്രമാണ്. 2013 ലെ “വികസനത്തിന് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കൽ നിയമ”ത്തിൽ വിപണി വില നിശ്ചയിക്കുന്നത് സ്ഥലത്തു, നോട്ടിഫിക്കേഷന് മുൻപുള്ള 3 വർഷത്തെ ആധാരങ്ങളുടെ ശരാശരി വിലയെ ആസ്പദിച്ചാണ് . സർക്കാർ നിശ്ചയിക്കുന്ന “ന്യായ” വില വളരെ നിസ്സാരമായതിനാൽ, കൊടുക്കുന്ന വിലയേക്കാൾ വളരെ താഴ്ന്ന വിലകാണിച്ചാണ് അടുത്ത കാലം വരെ ആധാരം രജിസ്റ്റർ ചെയ്തിരുന്നത്. ( ഇത് ഏറ്റവും അറിയാവുന്നത് revenue വകുപ്പിന് തന്നെയാണ് ).ഇതിൽ നിലത്തിന്‍റെ വില പുരയിടത്തിന്‍റേതിനേക്കാള്‍ താഴ്ന്ന നിരക്കിലുമാണ് . അങ്ങനെയുള്ള “വിപണി വില ” അടിസ്ഥാനമായി നിശ്ചയിച്ചാണ് നഷ്ടപരിഹാര പാക്കേജ് കണക്കാക്കുക ..കീഴാറ്റൂരിൽ ആദ്യത്തെ alignment മാറ്റി വയലിലൂടെ ആക്കിയപ്പോൾ ഈ വസ്തുത സർക്കാരിന് ബോധ്യപ്പെട്ടിട്ടുണ്ടാവും .
ഒരു ഉദാഹരണം കൊണ്ട് വ്യക്തമാക്കാം. മലമ്പുഴ റോഡിൽ ഒരു റെയിൽവേ മേൽപ്പാലത്തീന് വേണ്ടി സ്ഥലമെടുപ്പ് പുരോഗമിക്കുകയാണ്. പാലക്കാടു ജംഗ്ഷനിൽ നിന്നും, കോഴിക്കോട് ഭാഗത്തു നിന്നും മലമ്പുഴ അണക്കെട്ടിലേക്കു പോകുന്ന പ്രധാനപാതയിൽ റോഡിനിരുവശവും സ്ഥലത്തിന് 4.5 ലക്ഷം നിലവിൽ വിലയുണ്ട് .ഇവിടെ മേൽ ഫോർമുല അനുസരിച്ചു സർക്കാർ നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാന വില, . നിലത്തിനു 1,03000 രൂപയും പുരയിടത്തിനു 1,49000 രൂപയും ആണ്.ഇതിനു മുകളിൽ പാക്കേജ് ചേർത്ത് പ്രതിഫല തുക കണക്കാക്കി, ഉടമകളിൽ സമ്മർദ്ദം ചെലുത്തി വരികയാണ് ദശാബ്ദങ്ങൾക്കു മുൻപ് സർക്കാരിൽ നിന്ന് അനുമതി പത്രം വാങ്ങി വീട് പണിതു കെട്ടിട നികുതിയും കാർഷികേതര നിരക്കിൽ വെള്ളം / വൈദ്യുതി ചാർജും അടച്ചു വരുന്ന ഭൂമിക്ക്, ബി ടി ര ജിസ്റ്ററിൽ നിലം എന്ന് അടയാളപ്പെടുത്തിയിരിക്കുന്നു എന്ന സാങ്കേതികത്വം ഉന്നയിച്ചു, തൊട്ടടുത്തുള്ള ഭൂമിയെക്കാൾ കുറഞ്ഞ വില ലഭിക്കുന്ന അവസ്ഥ ഉണ്ടാവുന്നു. സ്ഥല വിസ്തൃതി വർദ്ധിക്കുന്തോറും ഈ വ്യത്യാസവും വർധിക്കും.
ഒരു ഉദാഹരണം കൊണ്ട് ഇത് വ്യക്തമാവും
മേൽ നിരക്കിൽ 10 സെന്‍റ് “പുരയിട”ത്തിനു വില = 15 ലക്ഷം
100 % നഷ്ട പരിഹാരം . = 15 ലക്ഷം
ആകെ പ്രതിഫലമായി ഉടമക്ക് കൊടുക്കുന്ന തുക =30 ലക്ഷം ( നടപ്പുവില @ 4.5 =45 ലക്ഷം )
10 സെന്‍റ് “നില”ത്തിനു വില = 10,3 ലക്ഷം
100 % നഷ്ട പരിഹാരം = 10,3 ലക്ഷം. ആകെ തുക = 20 .6 ലക്ഷം ( നടപ്പു വില .@ 4.5 =45 ലക്ഷം )
ചതുപ്പു നിലം എന്ന് അടയാള പ്പെടുത്തപ്പെട്ട തണ്ണീർ തടങ്ങൾക്കു ഇതിലും വളരെ താഴ്ന്ന നിരക്കാണ് നിശ്ചയിക്കുക
ഹെക്ടറുകൾ വിസ്തൃതിയുള്ള ഭൂമി ഏറ്റെടുക്കലിൽ സർക്കാരിന് ഭീമമായ ലാഭമുണ്ടാവും .
മൂന്നാമതൊരാൾ വാങ്ങിക്കുമ്പോൾ നൽകുന്ന നടപ്പു വിലയേക്കാൾ മെച്ചപ്പെട്ട നിരക്കാണ് പൊതു പദ്ധതിക്ക് സ്വന്തം ഭൂമി വിട്ടുകൊട്ടുകൊടുക്കുന്നവർക്കു സർക്കാർ നൽകേണ്ടത്. അതിനു പകരം നിയമത്തിന്‍റെ പഴുതുകൾ ഉപയോഗിച്ച് നഷ്ട പരിഹാരം, ആശ്വാസ ധനം എന്നിവയൊക്കെ ചേർത്താലും നടപ്പു വിലയിൽ കുറഞ്ഞ തുകക്ക് സ്ഥലം ഏറ്റെടുക്കാൻ സർക്കാരിന് കഴിയുന്നു.. തണ്ണീർ തടങ്ങളുടെയും വയലുകളുടെയും കാര്യത്തിൽ ഈ രീതി വൻ ലാഭമാണ് സർക്കാരിന് ഉണ്ടാക്കുക. സർക്കാർ ഭൂമി ഏറ്റെടുത്തു നൽകുന്ന പദ്ധതികളിലും പൊതു സ്വകാര്യ സംരംഭങ്ങളിലും ഈ ലാഭം സ്വകാര്യ നിക്ഷേപകരിലേക്കെത്തുന്നു. ഒരു ജനാധിപത്യ സർക്കാർ, പ്രത്യേകിച്ച് , ഇടതു മേൽവിലാസം അവകാശപ്പെടുന്ന കക്ഷികളുടെ കൂട്ട് സർക്കാർ ഒരിക്കലും ചെയ്തു കൂടാത്തത്. ഇനി വരാനിരിക്കുന്ന സർക്കാരുകളും ഇതിന്‍റെ ഗുണഭോക്താക്കൾ ആയിരിക്കും എന്നത് കൊണ്ട് ഈ ഭേദഗതി തിരുത്തപ്പെടാനുള്ള സാധ്യത വിരളമാണ് ഇനിയുള്ള സ്ഥലമേറ്റെടുക്കൽ ഭൂരിഭാഗവും വയലുകളും തണ്ണീർ തടവും ആവാനുള്ള സാധ്യത ഏറുകയും ചെയ്യുന്നു. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നു വരേണ്ടിയിരിക്കുന്നു.
പാലക്കാട് സ്വദേശി. മലയാളനാട് വെബ് ജേണൽ ചീഫ് എഡിറ്റർ