പൂമുഖം COLUMNSനാൾവഴികൾ തീയിൽ കുരുക്കട്ടെ കുരുന്നുകൾ..

തീയിൽ കുരുക്കട്ടെ കുരുന്നുകൾ..

 

ഡിഗ്രിക്കു പഠിക്കുമ്പോഴാണ് . അടുത്ത സീറ്റിൽ ഇരിക്കുന്ന ആളോട് ഒരു തമാശ പറഞ്ഞു ചിരിച്ചു നോക്കിയത് ബോട്ടണി അധ്യാപികയുടെ മുഖത്തേക്കാണ്.ടീച്ചർ തെറ്റിദ്ധരിച്ചതു സ്വാഭാവികം .ചിരിയുടെ കാരണം പറയുന്നത് വരെ ക്ലാസ്സിൽ നില്‍ക്കണമെന്ന് ടീച്ചർ . പതിനെട്ടു വയസ്സിൽ സാരിയും ചുറ്റി ക്ലാസ്സിൽ എഴുന്നേറ്റു നിൽക്കുക ! . ആ തമാശ ടീച്ചറോട് പങ്കു വെക്കാൻ നിവൃത്തിയില്ലായിരുന്നു . . മുതിർന്ന സഹോദരന്മാരിൽ ഒരാൾ അതെ ഡിപ്പാർട്മെന്‍റിൽ സീനിയർ ക്ലാസ്സിൽ പഠിക്കുന്നുണ്ട്. ക്ലാസ് നേരത്തെ വിട്ടാൽ കോണി ഇറങ്ങി വരുമ്പോൾ എന്നെ കാണാൻ സാധ്യതയുണ്ട്ഏതായാലും .ഒന്നും സംഭവിച്ചില്ല എനിക്ക് കലശലായ സങ്കടം ഉണ്ടായി.അത് അന്നത്തോടെ കഴിഞ്ഞു . പിന്നീട് ഞാനും ടീച്ചറും തമ്മിൽ വലിയ സ്നേഹമായിരുന്നു. മികച്ച അധ്യാപികയായിരുന്നു അവർ.

സ്കൂളിൽ പെൺകുട്ടികളോട് വിരോധവും പരിഹാസവും പുലർത്തിയ ഒരു ടീച്ചർ ഉണ്ടായിരുന്നു.അവർ പരസ്യമായി ആൺകുട്ടികളെ പ്രീണിപ്പിക്കുകയും പെൺകുട്ടികളെ ആക്ഷേപിക്കുകയും ചെയ്യുക പതിവായിരുന്നു സതീശന്‍റെ അനിയത്തി എന്ന ഒരു soft corner എന്നോട് കാണിച്ചിരുന്നു എങ്കിലും അവരുടെ പക എനിക്ക് അസഹ്യമായി . ഞാൻ അവരെ ഉള്ളിൽ വിമർശിച്ചു കൊണ്ടേയിരുന്നു . ഒരിക്കലും അവരെപ്പോലെ ആവില്ലെന്നും എന്നും പെൺമനമറിയുന്ന പെണ്ണാവണമെന്നും ഒരു പക്ഷെ അന്നായിരിക്കും ഞാൻ തീരുമാനിച്ചിട്ടുണ്ടാവുക.

വീട്ടിൽ ഏറെക്കുറെ സ്വാതന്ത്ര്യം അനുഭവിച്ചു വളർന്നത് കൊണ്ടാവണം ഞാൻ ചെറിയ ക്ലാസ്സുകളിൽ വികടത്തരം പറയുന്ന , ചിരിപ്പിക്കാൻ വേണ്ടി കമന്‍റ് ചെയ്തു ആളാവുന്ന വായാടിയായിരുന്നു (ഇപ്പോഴും അങ്ങനെയാണല്ലോ എന്ന് നിങ്ങൾ പിറുപിറുത്തുവോ?) . എട്ടാം ക്ലാസ്സിൽ പുതിയ സ്‌കൂളിൽ ചേർന്നപ്പോൾ വന്ന അധ്യാപികയാണ് എന്നെ refine ചെയ്തത് . എല്ലാവരുടെയും ആരാധനാ പാത്രമായിരുന്ന ടീച്ചർ കണ്ണുരുട്ടിയാൽ , ശാസനയോടെ ഒന്ന് വടിയുയർത്തിയാൽ എനിക്ക് മനസ്സിലാവുമായിരുന്നു. ഇംഗ്ലീഷ് കയ്യക്ഷരം നന്നാക്കാൻ ദിവസവും എന്നെ പത്തു പേജ് കോപ്പി പ്രത്യേകമായി എഴുതിച്ചിട്ടുണ്ട്. (പിന്നീട് കോളേജിൽ കൂട്ടുകാരികളുടെ ഇടയിലും ജോലി സ്ഥലത്തും കയ്യക്ഷരത്തിന്‍റെ വടിവ് അംഗീകരിക്കപ്പെട്ടു).. മിതമായി സംസാരിക്കാനും ആവശ്യമുള്ളപ്പോൾ മൗനം പാലിക്കാനും പഠിപ്പി ച്ച എന്‍റെ പ്രിയ അദ്ധ്യാപിക ഏതാനും ആഴ്ചകൾക്കു മുൻപ് മാതൃഭൂമിയുടെ ചരമ കോളത്തിൽ ആദ്യത്തെ എൻട്രി ആയി വന്നപ്പോഴും എന്‍റെ  മനസ്സ് നമസ്കരിച്ചു

.. എന്തും പങ്കു വെക്കാൻ സ്വാതന്ത്യമുള്ള വീടായിരുന്നു എങ്കിലും സ്കൂളിലെ ശിക്ഷയെപ്പറ്റി ഒന്നും വീട്ടിൽ പറയാൻ മിനക്കെട്ടിട്ടില്ല. വലിയ സ്വീകരണം ഒന്നും ലഭിക്കാൻ സാധ്യത യില്ലെന്ന് ബോധ്യം ഉള്ളതു കൊണ്ടാവാം .കുട്ടിക്കാലത്തു വീട്ടിൽ നിന്നും സ്കൂളിൽ നിന്നും കിട്ടണം ആ ഷോക്ക് അബ്സോർബർ . പിന്നെ ഒന്നും പ്രശ്നമാവില്ല

ഒരു കഥയെ കുറിച്ച് എം കൃഷ്ണൻ നായർ കണക്കറ്റു പരിഹസിച്ചത് പ്രസിദ്ധീകരിച്ച അന്ന് തന്നെ എന്നെ അറിയിച്ചത് ഓഫീസിൽ നിന്നിറങ്ങി വീട്ടിലേക്കു നടക്കുന്ന വഴിയിൽ പുറകെവന്നു 45 മിനിട്ടോളം അദ്ദേഹത്തിന്‍റെ വാചകങ്ങൾ ഉദ്ധരിച്ചും വാദിച്ചും വീടിന്‍റെ അടുത്തു വരെ അനുഗമിച്ച, അടുത്തുള്ള എഞ്ചിനീയറിംഗ് കോളേജിലെ മൂന്നു യുവാക്കൾ ആയിരുന്നു.ആരെയും നേരിട്ട് പരിചയം ഉണ്ടായിരുന്നില്ല. എന്‍റെ ഭാഗം ചേർന്ന് വാദിക്കുന്നത് പോലെയായിരുന്നു സംഭാഷണം . ഒരു പകയും എനിക്ക് തോന്നിയില്ല . I felt secretly complimented ! വാരികയുടെ കോപ്പിയുമായി ഓഫീസ് വിടുന്നതുവരെ വഴിയിൽ കാ ത്ത് നിന്നില്ലേ?. അതിൽ ഒരാളെ ഞാൻ പിന്നീട് കഥയുടെ പേരിലാണ് പരാമർശിച്ചിരുന്നത് . അന്ന് തന്നെ ഞാൻ മലയാളനാട് വാങ്ങിക്കുകയും കൃഷ്ണൻ നായർ സാറെ സ്ത്രീ വിദ്വേഷിയായി പ്രഖ്യാപിക്കുകയും ചെയ്തു. സംഭവം വീട്ടിൽ പറഞ്ഞിട്ട് എന്‍റെ ഏട്ടന്മാർ അരിശപ്പെടുകയോ അവരെ അന്വേഷിച്ചു പോവുകയോ ചെയ്തില്ല. അതൊക്കെ പതിവ് തമാശകൾ മാത്രം.

നിസ്സാരമായ കാര്യങ്ങൾ ആണ് പങ്കു വെച്ചത് . അവ പിന്നീട് കടുത്ത വെല്ലുവിളികളെ നേരിടാനുള്ള ശക്തി പകർന്നു എന്ന് സൂചിപ്പിക്കുകയായിരുന്നു ഉദ്ദേശ്യം

ഇത്രയും എഴുതിയത് കൊല്ലത്തെ പെൺകുട്ടിയുടെ ആത്മഹത്യയും കൊടും കാറ്റ് പിഴുതെറിഞ്ഞതുപോലുള്ള ആ അച്ഛനമ്മമാരുടെ തകർച്ചയും കണ്ണിൽ നിന്ന് മായാത്തതു കൊണ്ടാണ് . അധികം പഠിപ്പൊന്നും ഇല്ലെങ്കിലും വലിയ അല്ലലില്ലാതെ ജീവിക്കാൻ ഈ ലോകത്തു ഇടമുണ്ട്.മനക്കരുത്തുണ്ടാവണമെന്ന് മാത്രം . നമ്മുടെ കുട്ടികൾ ഇളം വെയിലിൽ വാടുന്നവരാവരുത്. ഒരുപാട് ശ്രദ്ധയും ലാളനയും നൽകി അവരെ ദുർബ്ബലപ്പെടുത്തരുത് .

ഈ സംഭവത്തിലെ അധ്യാപികമാരുടെ പങ്ക് എന്തെന്ന് വ്യക്തമായില്ല. എന്തായാലും അതിൽ ഗുരുതരമായ പിഴവുണ്ടായിരുന്നു എന്ന് ഊഹിക്കുന്നു. സാമൂഹ്യ രംഗത്ത് വളർന്നു കൊണ്ടിരിക്കുന്ന അച്ചടക്ക തീവ്രവാദത്തിന്‍റെ കളരികൾ ആവരുത് സ്‌കൂളുകൾ . മനഃ ശാസ്ത്രം അധ്യാപക പരിശീലനത്തിന്‍റെ ഭാഗം ആണെന്നാണ് അറിയുന്നത്.സെറ്റ് പരീക്ഷയിൽ 2 % വിജയം കൈവരിക്കുന്നവർക്കിടയിൽ എന്ത് മനഃശാസ്ത്രം അല്ലെ? വാ കീറിയിട്ടുണ്ടെങ്കിൽ അതിജീവിച്ചു കൊള്ളും എന്ന് തൻ കാര്യം നോക്കാൻ ചുമതലപ്പെട്ട പന്ത്രണ്ട് മക്കളുടെ കുലത്തിൽ പെട്ടവരല്ല അണു കുടുംബത്തിലെ അരുമ സന്താനങ്ങൾ . അവർ സ്ഫടിക മാനസരാണ് അവരെ കരുതലോടെ കൈകാര്യം ചെയ്തു കരുത്തരാക്കുവാൻ അധ്യാപകർക്ക് കഴിയുന്നതുപോലെ മറ്റാർക്കും കഴിയില്ല.

Comments
Print Friendly, PDF & Email

പാലക്കാട് സ്വദേശി. മലയാളനാട് വെബ് ജേണൽ ചീഫ് എഡിറ്റർ

You may also like