പൂമുഖം LITERATURE ഒരു കള്ളക്കഥ

ഒരു കള്ളക്കഥ

ള്ളക്കഥ എന്നു കേൾക്കുമ്പോ ഒരു കൂട്ടർ ചോദിക്കും കള്ളൻ പറഞ്ഞ കഥയാണോന്ന്…?
മറ്റൊരു കൂട്ടർ ചോദിക്കും കള്ളത്തരം കഥയായി പറയാണോന്ന്….?
ഏതൊരു കള്ളനും ഒരു കള്ളത്തരം കുറേ കാലം പറഞ്ഞാൽ അതു സത്യാവൂലേ….?
അങ്ങനെ ഒരു കഥയാണിത്…
പിന്നെ..,
ഊള ഓൾഡ് ജനറേഷനൊന്നും ഇത് വായിക്കാൻ വരണ്ട…

ഈ കഥ നടക്കുന്നത് ഒരു നാട്ടിലാണ്….
സമാധാന പ്രിയരും വിശാല മനസ്കരുമായ ഒരു കൂട്ടം പുരുഷ ജനങ്ങളും മൊയന്തുകളായ കുറച്ച് സ്ത്രീ പുരുഷ ജനങ്ങളും താമസിച്ച നാട്…
നാടിന് പേരിടാനൊന്നും എനിക്ക് വയ്യ…
നിങ്ങൾ തോന്നിയത് വിളിച്ചോ…

അതൊരു വല്ലാത്ത നാടായിരുന്നു ബ്രോ…
അവിടെ ഭയങ്കരമായ സ്ത്രീ പീഡനങ്ങൾ നടന്നു…
6 വയസ്സുള്ളവരും 60 വയസ്സുള്ളവരും ഒക്കെ പീഡിപ്പിക്കപ്പെട്ടു….
ജനം ഇളകി മറിഞ്ഞു..
ഹർത്താൽ, നിരാഹാരം, വാദപ്രതിവാദം, ചർച്ച, ബോധവത്കരണം, പോലീസ്, കോടതി, ജയിൽ, വെറുതെ വിടൽ…..
ഒന്നും പറയണ്ട
സീൻ മൊത്തം കോണ്ട്ര….

പ്രാർഥിക്കാൻ ഓരോരുത്തർക്കും ഓരോ കാരണങ്ങളുണ്ടെന്ന് പറയും പോലെ പീഡിപ്പിക്കാനും ഓരോരുത്തർക്കും ഓരോ കാരണങ്ങളുണ്ടായിരുന്നു.

പ്രാർഥിക്കാൻ ഓരോരുത്തർക്കും ഓരോ കാരണങ്ങളുണ്ടെന്ന് പറയും പോലെ പീഡിപ്പിക്കാനും ഓരോരുത്തർക്കും ഓരോ കാരണങ്ങളുണ്ടായിരുന്നു.
ജീൻസ് ഇട്ടതോണ്ട്…
രാത്രി പുറത്ത് പോയതോണ്ട്…
വീട്ടിൽ ഒറ്റക്ക് നിന്നതോണ്ട്…
കമന്റടിച്ചതിന് പ്രതികരിച്ചോണ്ട്…
അങ്ങനെയങ്ങനെ…
”പീഡനത്തിന്റെ കാരണങ്ങൾ ”
എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടിയ ഗവേഷണകുതുകികളും ഉണ്ടായിരുന്നു അവിടെ….

പക്ഷേ… ഇവർ പറഞ്ഞതിനൊയെക്കെ ചില പെണ്ണുങ്ങൾ എതിർത്തു…
അല്ലെങ്കിലും..
ഈ പെണ്ണുങ്ങൾക്ക് വല്ല ബുദ്ധിം ണ്ടോ…?
സമാധാന പ്രിയരും വിശാല മനസ്കരുമായ പുരുഷ ജനങ്ങളെ
കാമ ഭ്രാന്തൻമാരാക്കി ചിത്രീകരിക്കാൻ നടക്കുന്ന യക്ഷികൾ….. ഇതിനെയൊക്കെ വെടിവെച്ചു കൊന്നിട്ട് പിന്നേം വെട്ടിക്കൊല്ലണം..
ഈ മൊയന്ത് പെണ്ണുങ്ങൾടെ കൂടെ കുറച്ച് പോഴൻമാരായ ആണുങ്ങളും ഉണ്ടായിരുന്നു… പെൺവാക്കു കേട്ടവൻ പെരുവഴിയിൽ എന്ന പ്രമാണം പഠിക്കാത്ത ഇഡിയറ്റ്സ്….

അപ്പോഴാണ് മ്മളെ ഗോപാലേട്ടന്റെ മാസ്സ് ഡയലോഗ്… ഗോപാലേട്ടനെ അറിയൂലാ..? അംബാനീടെ വകേലൊരു മരുമോനാ… നല്ല ബിസിനസ് സെൻസുണ്ട്. ആ.. അപ്പോ പറഞ്ഞു വന്നത്…
മൂപ്പർടെ മാസ് ഡയലോഗ്..

” വസ്ത്ര ധാരണമാണ് സ്ത്രീ പീഡനത്തിന്റെ മുഖ്യ ഹേതു… പർദ്ദയാണ് സ്ത്രീകൾക്ക് ഏറ്റവും അഭികാമ്യം.. ”

അരേ… വാ.. പൊളിച്ച്…!!
ഇത്രേം നല്ല ഡയലോഗ് ഇതുവരെ ആരും പറഞ്ഞിട്ടില്ല… സമാധാന പ്രിയരും വിശാല മനസ്കരുമായ പുരുഷ ജനങ്ങൾ ഗോപാലേട്ടനെ തോളിലേറ്റി…
മൊയന്ത് പെണ്ണുങ്ങളും ആണുങ്ങളും ഗോപാലേട്ടനെ
” ബ്ലഡി മൊയന്താക്കുറ്റി മണ്ണാങ്കുട്ടീസ്”എന്നു വിളിച്ചു….

സീൻ പിന്നേം കോണ്ട്രാ….
ഏതായാലും
സമാധാന പ്രിയരും വിശാലമനസ്കരുമായ പുരുഷ ജനങ്ങളും മൊയന്ത് പെണ്ണുങ്ങളും കടിപിടി കൂടുന്ന ഒരു നട്ടുച്ചയുടെ മധ്യാഹ്നത്തിൽ അത് സംഭവിച്ചു…. എന്ത്…?

ഗോപാലേട്ടൻ പർദ്ദക്കട തുടങ്ങി.
സംഭവം ജോറായി.
ഒരു മൊയന്ത് പെണ്ണ് വന്ന് കട ഉദ്ഘാടിച്ചു.

ഗോപാലേട്ടൻ വിചാരിച്ചതിലും നന്നായി കച്ചോടം നടന്നു..
ഗോപാലേട്ടൻ സ്റ്റോക്ക് കൊണ്ടോരും…. തീരുo…
പിന്നേം കൊണ്ടോരും… തീരും…
പിന്നേം കൊണ്ടോരും തീരും….
ഗോപാലേട്ടന് പണം കൂടിക്കൂടി വന്നു….
സമയം കുറഞ്ഞ് കുറഞ്ഞ് വന്നു..
3 മാസം പ്രായമായ കുഞ്ഞിനുള്ള പർദ്ദ വരെ അവിടെ ഉണ്ടായിരുന്നു…
പർദ്ദ വാങ്ങാൻ 6 മാസം മുൻപ് വരെ ബുക്കിങ്ങ് ചെയ്യണം എന്ന രീതിയിലേക്ക് കാര്യങ്ങൾ മാറി… സത്യം പറയാലോ ഗോപാലേട്ടന് ബിസിനസ്സ് മടുത്തു..

ഗോപാലേട്ടന്റെ ഭാര്യ തങ്കമണി ചേച്ചിക്ക് പാരീസിലെ ഈഫൽ ടവറിന്റെ മുന്നിൽ നിന്ന് ഒരു സെൽഫിയെടുക്കണംന്ന് പുതി തൊടങ്ങീട്ട് കൊറച്ചായി… ഗോപാലേട്ടനാണെങ്കിൽ ഈഫൽ ടവർ പോയിട്ട് ബാത്റൂം പോവാൻ തന്നെ നേരം ഇല്ല…

സമാധാന പ്രിയരും വിശാല മനസ്കരുമായ പുരുഷ ജനം പീഡിപ്പിക്കാൻ പെണ്ണിനെ കിട്ടാത്ത സായാഹ്നങ്ങളിൽ പർദ്ദ വാങ്ങി അതിനെ പീഡിപ്പിക്കാറുണ്ടായിരുന്നു. അതു കൊണ്ട് നല്ലൊരു കാരണമില്ലാതെ കച്ചോടം നിർത്തിയാൽ അവർ ഗോപാലേട്ടനെ പഞ്ഞിക്കിടും…

എന്തു ചെയ്യും..? എന്തു ചെയ്യും..?

ബേജാറോൽ ഘടിതവും ചിന്തോൽ ഘടിതവുമായ രണ്ട് ദിനരാത്രങ്ങൾക്ക് ശേഷം പത്രത്തിൽ ഒരടി പൊളി വാർത്ത വന്നു…
മുൻ പേജിൽ കറുത്ത വലിയ തലക്കെട്ടിൽ കരയുന്ന പെണ്ണിന്റെ ഫോട്ടോ ഒക്കെ വെച്ച് ..
ദോഷം പറയരുതല്ലോ ..? സംഭവം കളറായിരുന്നൂ ട്ടോ…

” ഗർഭിണിയായ യുവതിയെയും വയർ കുത്തിക്കീറി പെൺ ഭ്രൂണത്തെയും പീഡിപ്പിച്ചു.. ”

മുഖ്യമന്ത്രി, പ്രധാനമന്ത്രി, ഐക്യരാഷ്ട്രസഭ, എന്തിന് ഈ ഞാൻ പോലും അപലപിച്ചു..

പക്ഷേ കോളടിച്ചത് ഗോപാലേട്ടനാണ്…

” അക്രമോൽ ഘടിതമായ ഈ സാമൂഹ്യ വ്യവസ്ഥിതിയിൽ പർദ്ദ യാതൊരു വിപ്ലവവും സൃഷ്ടിക്കുന്നില്ല”

ഇങ്ങനെയൊരു മാസ് സ്റ്റാറ്റസും ഇട്ട് ഗോപാലേട്ടൻ പെമ്പ്രന്നോത്തിയെയും കൂട്ടി ഈഫൽ ടവർ കാണാൻ പോയി…..

ബൈ ദ ബൈ…
നിങ്ങൾ ഈഫൽ ടവർ കണ്ടിട്ടുണ്ടോ…?

Comments
Print Friendly, PDF & Email

കോഴിക്കോട് സ്വദേശി. വിദ്യാർത്ഥിനി.

You may also like