Home POLITICS യോഗ കാവിവത്കരണത്തിലേക്കുള്ള കുറുക്കുവഴി മാത്രം

ആഘോഷമായി കൊണ്ടാടുന്ന യോഗയെക്കുറിച്ചും, അതില്‍ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഹൈന്ദവതയെക്കുറിച്ചും കെ.പി.സുകുമാരന്‍ എഴുതുന്നു.: യോഗ കാവിവത്കരണത്തിലേക്കുള്ള കുറുക്കുവഴി മാത്രം

തഞ്ജലി മഹർഷിയാൽ എഴുതപ്പെട്ടതാണ് യോഗയുടെ സിദ്ധാന്തം എന്നാണു അറിയപ്പെടുന്നത്. മഹർഷിമാർ ചരിത്രപുരുഷന്മാരല്ല. മഹർഷിമാർക്ക് അറിവുകൾ അതായത് ജ്ഞാനം ഉള്ളിൽ നിന്ന് വരുന്നതാണ് എന്നാണ് സങ്കല്പം. ആധുനികകാലത്ത് അറിവ് എന്നാൽ നമ്മൾ ബാഹ്യലോകത്ത് നിന്ന് ആർജ്ജിക്കുന്നതും. മഹർഷിമാർ എന്ന മിത്ത് ഹിന്ദു വിശ്വാസങ്ങളിൽ മാത്രമേ കാണപ്പെടുന്നുള്ളൂ. ഹിന്ദു വിശ്വാസങ്ങളിൽ കൃതികളേക്കാളും വിചിത്രമാണ് അതൊക്കെ എഴുതിയ മഹർഷിമാരെ പറ്റിയുള്ള മിത്തുകൾ. രാമായണം എഴുതിയ വാത്മീകി മഹർഷി പൂർവ്വാശ്രമത്തിൽ കാട്ടാളൻ ആയിരുന്നുവെന്നും മറ്റ് മഹർഷിമാരുടെ ഉപദേശം അനുസരിച്ച് തപസ്സ് ചെയ്ത് പുറ്റാൽ മൂടപ്പെട്ടു എന്നും അങ്ങനെ പുറ്റിൽ നിന്ന് അതായത് വൽമീകത്തിൽ നിന്ന് മഹർഷിയായി പുറത്ത് വന്ന് രാമായണം എഴുതി എന്നുമാണ് കഥ. അതേ സമയം കഥാപാത്രങ്ങളായ ശ്രീരാമൻ, സീത, അവരുടെ മക്കൾ ലവകുശന്മാർ എന്നിവരുടെ സമകാലീനനായിരുന്നു വാത്മീകി എന്നും വിശ്വസിക്കപ്പെടുന്നു. കഥയും കഥാപാത്രങ്ങളും കഥാകൃത്തും എല്ലാം മിത്തായി മാറുന്ന വിചിത്രമായ അവസ്ഥ. ശാകുന്തളം എഴുതിയ കാളിദാസനെ പറ്റിയും , മഹാഭാരതം എഴുതിയ വ്യാസമുനിയെ പറ്റിയും ഇത് പോലെ മിത്തുകൾ തന്നെയാണുള്ളത്.

പതഞ്ജലി മുനി നിർദ്ദേശിച്ച യോഗയിൽ അഷ്ടാംഗമാർഗ്ഗം എന്ന പേരില്‍ അറിയപ്പെടുന്ന എട്ട് ഘടകങ്ങൾ ഉണ്ട്.

1) യമം = ആത്മ നിയന്ത്രണമാണ്‌ യമം. മനഃശക്തിയെ ശരിയായ വഴികളിലേക്ക് പ്രചരിപ്പിക്കുകയാണ്‌ ഇത്. ഇത് സാധിക്കണമെങ്കിൽ അഹിംസ, സത്യം, ആസ്തേയം, ബ്രഹ്മചര്യം, അപരിഗ്രഹം എന്നിവയാവശ്യമാണ്‌.
2) നിയമം = ശൗചം (ശരീരശുദ്ധി), സന്തോഷം, തപസ്സ്, സ്വാദ്ധ്യായം, ഈശ്വരഭക്തി, എന്നിവയടങ്ങിയിരിക്കുന്നു.
3) ആസനം = ശരീരത്തിന്‍റെ ആരോഗ്യത്തിനായി അനുഷ്ഠിക്കേണ്ട സാങ്കേതിക കസർത്തുകളാണ് ആസനങ്ങൾ. മനസ്സിനെ നിയന്ത്രിക്കാനായി ശരീരത്തെ നിയന്ത്രിക്കുകയാണി വിടെ ചെയ്യുന്നത്. വിവിധതരം കായികാഭ്യാസങ്ങൾ ഇതിൽ ഉൾപ്പെടുന്നു. യോഗാസനങ്ങൾ എന്നാണിവ അറിയപ്പെടുന്നത്.
4) പ്രാണായാമം = ശ്വാസോച്ഛാസഗതികളെ നിയന്ത്രിക്കുന്നതിനെയാണ്‌ പ്രാണായാമം എന്ന് പറയുന്നത്.
5)പ്രത്യാഹാരം = ഇന്ദ്രിയങ്ങളെ സ്വവിഷയങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുന്നതിന്‌ പ്രത്യാഹാരം എന്ന് പറയുന്നു.
5) ധാരണ = മനസ്സിനെ ഏകാഗ്രമാക്കുന്നതാണ് ധാരണ..
7)ധ്യാനം = ഏകാഗ്രമായ മനസ്സിനെ ഏകോപിപ്പിക്കുന്നതിനെ ധ്യാനം എന്ന് പറയുന്നു.
8) സമാധി = ധ്യാനത്തിലൂടെയുള്ള പരിപൂർണ്ണ ജ്ഞാനാഗമനമാണ്‌ സമാധി.

ഇപ്പറഞ്ഞ അഷ്ടാംഗമാർഗ്ഗം എട്ടും അനുഷ്ഠിക്കുന്നവനാണു യോഗി. യോഗ അനുഷ്ഠിക്കുന്നത് കേവലം വ്യായാമത്തിനു വേണ്ടിയല്ല എന്ന് ചുരുക്കം. യോഗ അനുഷ്ഠിക്കേണ്ടത് പ്രാചീന ആര്യഹിന്ദു വിശ്വാസപ്രകാരം യോഗി എന്ന അവസ്ഥയെ പ്രാപിക്കാൻ വേണ്ടിയാണു. മേൽപ്പറഞ്ഞവയിൽ നാലാമത്തെ ഐറ്റം പ്രാണായാമമാണു ശ്രീ.ശ്രീ രവിശങ്കർ ജീവനകല എന്ന പേരിൽ മാർക്കറ്റ് ചെയ്ത് കാശാക്കിയത്. പ്രാണായാമമോ ആസനങ്ങളോ മാത്രം ചെയ്താൽ യോഗയും യോഗിയും ആവുകയില്ല. ഇപ്പോൾ പ്രധാനമന്ത്രി യോഗ എന്ന പേരിൽ ചില ആസനങ്ങൾ സർക്കാർ പദ്ധതിയായി പ്രചരിപ്പിക്കുന്നത് കാവിവൽക്കരണത്തിന്‍റെ ഭാഗമായും സംഘപരിവാർ ഭരണം ഇന്ത്യയിൽ അരക്കിട്ടുറപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായും മാത്രമാണ്. കേരളത്തിൽ മാർക്സിസ്റ്റ് പാർട്ടി യോഗയുടെ പ്രചാരകരാകുന്നത് യുവാക്കൾ ആർ.എസ്.എസ്സിലേക്ക് ചേക്കേറുന്നത് തടയാനും അവരെ പാർട്ടിയിൽ പിടിച്ചു നിർത്താനും വേണ്ടി മാത്രമാണ്. വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്‍റെ വക്താക്കളായ മാർക്സിസ്റ്റ് പാർട്ടി മാർക്സിസവും യോഗയും ഒന്നിച്ചു കൊണ്ടുനടക്കുന്നത് രണ്ടിനോടും ആത്മാർത്ഥതയില്ലാത്ത കറകളഞ്ഞ കാപട്യവും അവസരവാദവും മാത്രമാണ് എന്ന് പറയേണ്ടതുണ്ട്. വെറും ആസനങ്ങളോ പ്രാണായാമമോ ചെയ്താൽ മാത്രം യോഗയോ യോഗിയോ ആവുകയില്ല എന്ന് പറഞ്ഞല്ലോ. എന്നാൽ ഇപ്പറഞ്ഞ അഷ്ഠാംഗമാർഗ്ഗം എട്ടും അനുഷ്ഠിക്കാൻ ഇന്ത്യയിലോ ലോകത്തോ ഒരാളും തയ്യാറാവുകയുമില്ല. അത് കൊണ്ട് ഈ യോഗാചരണം വില കുറഞ്ഞ രാഷ്ട്രീയ ഗിമ്മിക്ക് എന്നതിനപ്പുറം ഒന്നുമല്ല.

യോഗയിൽ പ്രധാനപ്പെട്ട രണ്ട് ഐറ്റംസ് ആണല്ലോ ആസനങ്ങളും പ്രാണായാമവും. ഇതിൽ ആസനങ്ങൾ എന്ന് പറയുന്നത് നല്ല എക്സർസൈസ് പോലുമല്ല. നടത്തം, സൈക്കിൾ ഓടിക്കൽ, നീന്തൽ, വോളിബോൾ കളി എന്നിവ നല്ല വ്യായാമരീതികളാണ്.

പ്രാണായാമത്തിന്‍റെ കാര്യം പറയാം. ശ്വസോച്ഛ്വാസ നിയന്ത്രണമാണല്ലോ പ്രാണായാമം കൊണ്ട് ഉദ്ദേശിക്കുന്നത്. മൂക്കിന്‍റെ ഇടത് ദ്വാരത്തിലൂടെ ശ്വസിച്ച് അതേ ദ്വാരത്തിലൂടെ ഉച്ഛ്വസിക്കുക, വലത് ദ്വാരത്തിലൂടെ ശ്വസിച്ച് അതേ ദ്വാരത്തിലൂടെ ഉച്ഛ്വസിക്കുക, ഇടത് ദ്വാരത്തിൽ കൂടി ശ്വസിച്ച് വലതിലൂടെയും , വലതിൽ ശ്വസിച്ച് ഇടതിലൂടെയും ഉച്ഛ്വസിക്കുക ഇതൊക്കെയാണ് പ്രാണായാമത്തിലെ ശ്വസോച്ഛ്വാസ നിയന്ത്രണങ്ങൾ. എന്തിനാണിങ്ങനെ ചെയ്യുന്നത്. ഇതൊക്കെ ചെയ്തിട്ട് എന്ത് കിട്ടാനാണ്? പിംഗള, കുണ്ഡലിനി എന്നൊക്കെ രാജയോഗയിൽ ഉത്തരങ്ങൾ ഉണ്ടാകും. പക്ഷെ അവയവങ്ങൾ മാറ്റി വയ്ക്കുന്ന ഇക്കാലത്ത് ഈ പിംഗളയും കുണ്ഡലിനിയും ഒക്കെ ആരാണ് വിശ്വസിക്കുക. യോഗമുറകൾ എഴുതപ്പെട്ട പുരാതനകാലത്ത് ഇന്നത്തെ പോലെ ശരീരത്തിന്‍റെ ആന്തരികപ്രവർത്തനങ്ങളെ പറ്റി ഒരറിവും ഉണ്ടായിരുന്നില്ല. എന്തൊക്കെയോ അനുമാനങ്ങൾ താളിയോലകളിൽ എഴുതിവെച്ചു. അന്നത് ശാസ്ത്രം, ഇന്നതൊക്കെ വിവരക്കേടുകളാണ്.

നമ്മൾ എന്തിനാണ് ശ്വസിക്കുന്നത്? ഓക്സിജൻ ലഭിക്കാൻ വേണ്ടി എന്ന് എല്ലാവർക്കും അറിയാം. എന്നാൽ എന്തിനാണ് ഓക്സിജൻ? ഓക്സിജൻ കിട്ടിയില്ലെങ്കിൽ എന്ത് സംഭവിക്കും. അതും അറിയാം, മരണം സംഭവിക്കും. എന്നാൽ ഓക്സിജൻ കിട്ടിയില്ലെങ്കിൽ മരണം സംഭവിക്കുന്നത് എന്ത്കൊണ്ട്? നമ്മുടെ ശരീരത്തിൽ ജൈവപ്രവർത്തനങ്ങൾ നടക്കണമെങ്കിൽ, ശ്വാസോച്ഛ്വാസം പോലും നടക്കണമെങ്കിൽ, ശരീരത്തിന് അതിന്‍റെ ഊഷ്മാവ് നിലനിർത്തണമെങ്കിൽ അനവരതം ഊർജ്ജം ലഭിച്ചുകൊണ്ടിരിക്കണം. ഊർജ്ജം എവിടെ നിന്ന് കിട്ടും? ആഹാരത്തിലെ അന്നജം എന്ന ഘടകം ദഹനവിധേയമായി ഗ്ലൂക്കോസ് തന്മാത്രയായി മാറി രക്തത്തിൽ പ്രവേശിക്കുന്നു. , രക്തം ഗ്ലൂക്കോസിനെ ഓരോ കോശത്തിലും എത്തിക്കുന്നു. വായുവിലെ ഓക്സിജൻ ശ്വാസത്തിലൂടെ ശ്വാസകോശത്തിൽ എത്തുന്നു. അവിടെ നിന്ന് രക്തം ഓക്സിജനെ ഓരോ കോശത്തിലും എത്തിക്കുന്നു. കോശത്തിൽ വെച്ച് ഈ ഓക്സിജൻ ഗ്ലൂക്കോസുമായി ചേർന്ന് കത്തുകയും ഊർജ്ജം പുറത്ത് വരികയും ചെയ്യുന്നു. ഈ ഊർജ്ജമാണ് ശരീരത്തെ ജീവനുള്ളതാക്കി നിലനിർത്തുന്നത്. അതായത് ശരീരത്തിൽ ജൈവപ്രവർത്തനങ്ങൾ നടക്കണമെങ്കിൽ കോശങ്ങളിൽ ഇടതടവില്ലാതെ ഊർജ്ജോല്പാദനം നടക്കണം. അതിന് ഓക്സിജൻ വേണം. അതിനാണ് ശ്വസിക്കുന്നത്.

Capture39

ശ്വാസകോശത്തിൽ വെച്ച് രക്തം എങ്ങനെയാണു ഓക്സിജനെ സ്വീകരിക്കുന്നത് ? രക്തത്തിൽ ചുകപ്പ് രക്താണുക്കളുണ്ട് (Red blood cells). ഓരോ ചുകപ്പ് രക്താണുവിലും ലക്ഷക്കണക്കിനു ഹീമോഗ്ളോബിൻ തന്മാത്രകളുണ്ട്. ഓരോ ഹീമോഗ്ലോബിൻ തന്മാത്രയിലും നാലു വീതം ഇരുമ്പ് (Iron) അണുക്കളുണ്ട്. ഈ ഇരുമ്പ് അണുക്കളാണു ഓക്സിജൻ തന്മാത്രയെ ആകർഷിച്ച് ഹീമോഗ്ളോബിൻ തന്മാത്രയിൽ കയറ്റി രക്തത്തിൽ എത്തിക്കുന്നത്. അപ്പോൾ നമ്മൾ ശ്വസിച്ചാൽ മാത്രം പോര. രക്തത്തിൽ ആവശ്യത്തിന് ഇരുമ്പും ഉണ്ടെങ്കിലേ ഓക്സിജൻ, കോശങ്ങളിൽ എത്തുകയുള്ളൂ. രക്തത്തിനു ചുകപ്പ് നിറം ഉണ്ടാകാൻ കാരണം തന്നെ ഹീമോഗ്ളോബിനിലെ ഇരുമ്പ് ആറ്റങ്ങൾ ആണെന്ന് പറയുമ്പോൾ ഇരുമ്പിന്‍റെ പ്രാധാന്യം അറിയാമല്ലൊ. ഇരുമ്പ് കുറഞ്ഞാൽ അനീമിയ അഥവാ വിളർച്ച ഉണ്ടാകുന്നു. ഇരുമ്പിന്‍റെ അഭാവത്തിൽ കോശങ്ങൾക്ക് ആവശ്യത്തിന് ഓക്സിജൻ ലഭിക്കാത്തത് കൊണ്ടാണു അങ്ങനെ സംഭവിക്കുന്നത്.

ഇനി പറയൂ, പ്രാണായാമം എന്ന കസർത്ത് കൊണ്ട് എന്ത് പ്രയോജനമാണു ലഭിക്കുക? ഒരാൾക്ക് ആവശ്യമുള്ള ഓക്സിജൻ അയാൾ ശ്വസിച്ചിരിക്കും. പ്രാണായാമം ഒന്നും ചെയ്യേണ്ടതില്ല. ഓടുമ്പോഴും കഠിനാധ്വാനം ചെയ്യുമ്പോഴും കിതയ്ക്കുന്നത് എന്തിനെന്നറിയാമോ? അപ്പോൾ അയാൾക്ക് കൂടുതൽ ഊർജ്ജം വേണ്ടി വരുന്നു. കൂടുതൽ ഊർജ്ജം ഉണ്ടാകണമെങ്കിൽ കൂടുതൽ ഗ്ലൂക്കോസ് ബേൺ ആകണം. കൂടുതൽ ഗ്ലൂക്കോസ് ബേൺ ആകണമെങ്കിൽ കൂടുതൽ ഓക്സിജൻ കിട്ടണം. കൂടുതൽ ഓക്സിജൻ കിട്ടണമെങ്കിൽ കൂടുതൽ വായു ശ്വാസകോശത്തിൽ എത്തണം. അതിനാണ് കിതപ്പ്. കിതയ്ക്കാൻ ഓർഡർ കൊടുക്കുന്നത് തലച്ചോറിൽ നിന്ന്. ഇതൊക്കെ നോക്കി നിയന്ത്രിക്കാൻ തലച്ചോറുണ്ട്. യോഗ ചെയ്യുമ്പോൾ അധികം ഓക്സിജൻ ഒന്നും കിട്ടുകയില്ല. അതിന്‍റെ ആവശ്യവുമില്ല. നമ്മുടെ രക്തത്തിൽ ഓക്സിജന്‍റെ അളവ് എപ്പോഴും ചെറിയ വ്യതിയാനങ്ങളോടെ സ്ഥിരമായിരിക്കും. പിന്നെ ശ്വാസഗതി നീയന്ത്രിച്ച് മന്ദഗതിയിലാക്കിയാൽ ആയുസ്സ് ഇരട്ടിയാക്കാൻ പറ്റും അതിനുള്ള ശാസോച്ഛ്വാസ നിയന്ത്രണമാണു പ്രാണായാമം എന്നൊക്കെ പതഞ്ജലി സിദ്ധാന്തത്തിൽ പറയുന്നുണ്ട്. അതൊക്കെ ഇന്ന് ആരെങ്കിലും വിശ്വസിക്കുമോ? എന്തായാലും യോഗ വലിയ കാര്യം പോലെ സർക്കാർ പ്രമോട്ട് ചെയ്യുന്നത്, ജനങ്ങളെ അന്ധവിശ്വാസങ്ങളിൽ കുടുക്കിയിട്ട് അധികാരം നിലനിർത്താനാണ്. ഇത് ഒരു മാതിരി താലിബാനിസമാണ്. പുരോഗമനശക്തികൾ ഇതിനെതിരെ ജാഗ്രത പാലിക്കുകയും ശാസ്ത്രീയചിന്ത സമൂഹത്തിൽ പ്രചരിപ്പിക്കാൻ മുന്നോട്ട് വരികയും വേണം.


Comments
Print Friendly, PDF & Email

ബ്ലോഗറാണ്. കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശി. താമസം ബാംഗ്ലൂരില്‍.

You may also like