പൂമുഖം LITERATURE കൃതാര്‍ത്ഥതയുടെ നിറം

എഴുത്തുകളില്‍ മണക്കുന്ന മരണത്തെക്കുറിച്ച് രാജേന്ദ്രന്‍ എടത്തുംകര എഴുതുന്നു: കൃതാര്‍ത്ഥതയുടെ നിറം

രണത്തെക്കുറിച്ച് വായിച്ചതില്‍ ഏറ്റവും സാന്ദ്രമായ വരി എം.ടി. എഴുതിയതാണ്. ” എണ്ണ തീര്‍ന്ന വിളക്ക് പതിയെ അണയും പോലെ”. ചന്ദ്രേട്ടന്‍ എന്ന സുഹൃത്തിനെക്കുറിച്ചായിരുന്നു എം. ടി. യുടെ ആ വാചകം. അത്രയും സ്വാഭാവികമായി മറ്റേതെങ്കിലും ഓര്‍മ്മക്കുറിപ്പുകളില്‍ മരണം ആലേഖനം ചെയ്യപ്പെട്ടതായി ഓര്‍ക്കുന്നില്ല. പതിയെപ്പതിയെ അടഞ്ഞുപോകുന്ന മിഴികളും നേര്‍ത്തുനേര്‍ത്ത്‌ നിശ്ശബ്ദമാകുന്ന നെഞ്ചിടിപ്പുകളും ആവാചകത്തിന്‍റെ ചുമരില്‍ മങ്ങിമങ്ങിത്തെളിയുന്നത് വായനയില്‍ അറിയുന്നുണ്ടായിരുന്നു. ചന്ദ്രേട്ടന്‍റെ മരണത്തോട്, ചുറ്റും നില്‍ക്കുന്നവരുടെ അനിവാര്യമായ പൊരുത്തപ്പെടല്‍പോലുമുണ്ട്. മരണം രംഗബോധമില്ലാത്ത കോമാളിയാണ് എന്ന് മുമ്പൊരിക്കല്‍ അതേ വിരലുകള്‍ എഴുതിയിടത്ത് തളം കെട്ടിക്കിടന്ന തണുത്തുറഞ്ഞ നിശബ്ദതയല്ല അതില്‍, തണുപ്പിലേക്ക് വീണുവീണു കണ്‍മുന്‍പില്‍ വച്ചു അലിഞ്ഞില്ലാതാകുന്ന നിശബ്ദത. ( ടി. പദ്മനാഭന്‍റെ ഒരുകഥയിലും സമാനമായ വരി, സമാനമായ വിഷാദച്ഛായ യോടെ എഴുന്നു നില്‍ക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ട്) ആലോചനയുടെ പഴുതുപോലും തരാതെ മനസ്സില്‍ ഒരുമുഖം തെളിയുന്നുണ്ടായിരുന്നു.

കണ്ണുകള്‍ കൊണ്ടും ചുണ്ട് കൊണ്ടും പൂരിപ്പിക്കാന്‍ ശ്രമിച്ച ഒരു ചിരി പകുതിയില്‍ അവസാനിപ്പിച്ച്, കഴിയാവുന്നത്ര സാവകാശത്തോടെ തല പിന്നിലേക്ക്‌ ചായ്ച്ച്, മരണം അനുഭവിച്ച ഒരു മുഖം. തൃശ്ശൂരിലെ പ്രസ്ക്ലബില്‍ നിന്നും പത്രപ്രവര്‍ത്തകര്‍ പകര്‍ത്തിയെടുത്ത ദൃശ്യത്തിലെ എം.എന്‍.വിജയന്‍റെ മരണത്തിനു കൃതഹസ്തനായ കവിയുടെ ഏറ്റവും മികച്ച രചനയോട് സാധര്‍മ്യമുണ്ടായിരുന്നു. എന്തോ ഒന്ന് കൂടിപറയാന്‍ ബാക്കി വച്ചാണ് വിജയന്‍ മാഷ്‌ അവസാനിച്ചത്‌.
<>

ഒരു ഗ്ലാസ് വെള്ളത്തിന്‍റെ അവസാന ദാഹശമനത്തില്‍ ആ വാക്ക് അലിഞ്ഞുപോയി. ഒരുനിമിഷം നില്‍ക്കണേ, ഞാനൊന്ന് മരിച്ചിട്ട് വരാം, എന്ന് അങ്ങേയറ്റം വിനയത്തോടെ പറയുകയായിരുന്നു മാഷ്‌ എന്ന് തോന്നും. പ്രഭാഷകന്‍റെ അവസാനത്തെ വാക്ക്, അക്ഷരാര്‍ഥത്തില്‍ പ്രഭാഷകന്‍റെ അവസാനത്തെ വാക്കായിത്തീര്‍ന്നു. ” ശരിയായികളി തീര്‍ന്ന നട്ടുവന്‍”. നിസ്സഹായതയില്‍നിന്ന് ചിറകും തൂവലുമറ്റ് ദൈന്യത്തോടെ നിപതിക്കുന്ന വാക്കുകള്‍ കൊണ്ടല്ല ആ മരണം വിടവാങ്ങല്‍ച്ചെത്തം ഒരുക്കിയത്. അത് ഒരു ഭാഗ്യമാണ് എന്ന് ആ മരണം കണ്ടു നിന്നവര്‍ സങ്കടം കലര്‍ന്ന സ്വരത്തില്‍ മാഷിനെ അഭിനന്ദിച്ചു. എല്ലാ പ്രസംഗംങ്ങള്‍ക്കും ശേഷം മാഷിനു കിട്ടിക്കൊണ്ടിരുന്ന അഭിനന്ദനം അവസാന വാക്കിനും കിട്ടി. ഒരുപ്രഭാഷകനു അതില്‍പ്പരം എന്ത് കിട്ടാനാണ്‌ മരണ നിമിഷത്തില്‍! തന്നെക്കുറിച്ചല്ലാതെ , തന്‍റെ സ്വകാര്യ ഭീതിയേയോ, നിസ്സഹായതയേയോ ഇന്നോളം അറിയപ്പെടാത്തതിലേയ്ക്കുള്ള കടന്നു പോക്കിന്‍റെ അമ്പരപ്പിനേയോ കുറിച്ചല്ലാതെ ലോകത്തെക്കുറിച്ച് സംസാരിച്ചുകൊണ്ട് അങ്ങനെ മരിക്കുക എന്നത് എല്ലാ മനുഷ്യരുടേയും സ്വപ്നമായിരിക്കും. മരിക്കാതിരിക്കുക എന്നത് അസംഭാവ്യമാണ് എന്നിരിക്കുന്നിടത്തോളം. ” ഞാനീക്കറുത്തൊരു നീറ്റില്‍ മുങ്ങി/ ക്കാണാതെയാകുമ്പോള്‍ കരയുമോ നീ” എന്ന ഇടശ്ശേരിയുടെ കവിതയിലെ അശരണയായ പെണ്‍കുട്ടി ചോദിക്കുന്നതിനു കാവ്യ ലോകത്ത് മാത്രമേ പ്രസക്തിയുള്ളൂ എന്ന് വിജയന്‍ മാഷിന്‍റെ മരണം പഠിപ്പിച്ചു. മരണത്തിലും മാഷ്‌ ഒരു കവിത പഠിപ്പിക്കാന്‍ ശ്രമിച്ചു.

ഒരു വാക്കിൽ നിന്നും മറ്റൊന്ന് കൊളുത്താൻ ശ്രമിക്കുന്നതിനിടയിൽ ,ആൾക്കൂട്ടത്തിന്‍റെ നിഴലിൽ ചവിട്ടാതെ കയറി വന്ന മരണത്തിൽ രസം പിടിച്ച് , സാന്ദ്രമായ ഒരു നോട്ടത്തിനൊടുവിൽ ശ്വാസം നിർത്തിയ മറ്റു ചിലരെക്കൂടി ഓർമ വരുന്നു. മദ്രാസ് നിയമ സഭയിൽ ഒരു ബില്ലിനെ കുറിച്ചു സംസാരിക്കുന്നതിനിടയിലാണ് വേങ്ങയിൽ കുഞ്ഞിരാമൻ നായർ ആർക്കും ഒരു പിടിയും കൊടുക്കാതെ പൊയ്ക്കളഞ്ഞത് . ജനങ്ങൾക്ക് വേണ്ടി മരിക്കുക എന്നോ അവസാനശ്വാസം വരെ ജനങ്ങൾക്ക് വേണ്ടി സംസാരിക്കുക എന്നോ കലമ്പുന്ന രാഷ്ട്രീയക്കാരുടെ മുനതേഞ്ഞ പ്രയോഗം തന്‍റെ കാര്യത്തിൽ നൂറിന് നൂറും പട്ടാങ്ങമല്ലാതെ മറ്റൊന്നുമല്ലെന്നു ആലോചിക്കാനുള്ള പഴുത് പോലും അദ്ദേഹത്തിന് കിട്ടിക്കാണില്ല. തന്‍റെ കോളേജിലെ വിദ്യാർത്ഥികളുടെ വിടവാങ്ങൽ ചടങ്ങിൽ പ്രസംഗിച്ചു കൊണ്ടിരിക്കെയാണ് വി . കൃഷ്ണൻതമ്പി പറഞ്ഞു മുഴുമിക്കാത്ത വാക്കു പാതിയിൽ നിർത്തി സ്വയം വിടവാങ്ങിയത് . തന്‍റെ വിടവാങ്ങൽ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞതെന്തായിരിക്കും എന്നു പലപ്പോഴുമോർത്ത് പോയിട്ടുണ്ട് . ആരുടെ വിടവാങ്ങലിനെക്കുറിച്ചായിരിക്കും അദ്ദേഹത്തിന്‍റെ അബോധചേതന അപ്പോൾ വാക്കുകൾ തേടിയിട്ടുണ്ടാവുക. ? ക്ലാസ്സ് മുറിയിൽ ,ബെഞ്ചും ഡെസ്കും ബോർഡും ചോക്കും പുസ്തകങ്ങളും വിദ്യാർത്ഥികളും പല വടിവുകളിൽ ചിതറിക്കിടക്കുന്ന ഏകാകിതയിൽ , ഒരു അധ്യാപകനും അത്ര സുസാധ്യമല്ലാത്ത അദ്ധ്യാത്മവിദ്യാലയപാഠം കൂടി പഠിപ്പിച്ചാണ് ആ അധ്യാപകൻ അന്ന് ക്ലാസ്സ് വിട്ടത് .! ആട്ടക്കഥയെഴുതി തഴക്കം വന്ന ഭാവന അതിനു മുൻപ് എത്രയോ ക്ലാസ്സുകളിൽ പൊലിപ്പിച്ചും കടുപ്പിച്ചും വാക്കുകളാൽ ആവിഷ്കരിച്ച പിംഗല കേശിനിയെ പ്രിയപ്പെട്ട വിദ്യാർത്ഥികളുടെ മുൻപിൽ അദ്ദേഹം അണുവിട ചമയമില്ലാതെ അന്ന് പരിചയപ്പെടുത്തി. ഇടശ്ശേരിയെത്തന്നെ ആശ്രയിക്കട്ടെ . ‘അനുഭൂതികളില്ലാതെത്രയോ പഠിച്ചു നാം / അനുഭൂതികൾക്കല്ലാതെത്രയോ പഠിപ്പിച്ചു.’ .ആ ക്ലാസ്സിനോളം അനുഭൂതി മറ്റൊരിക്കലും അദ്ദേഹം അറിഞ്ഞിട്ടുണ്ടാവില്ല തന്നെ. സാകൂതം ഉറ്റു നോക്കുകയും ചെവിപാർക്കുകയും ചെയ്യുന്ന സദസ്സിനു മുന്നിൽ സംസാരിക്കുമ്പോഴാണ് ടി . ഉബൈദും കെ എൻ എഴുത്തച്ഛനും പ്രസംഗം അവസാനിപ്പിക്കാതെ സ്വയം അവസാനിച്ചത്. രണ്ടു പേരും അധ്യാപകരായിരുന്നു. അവസാന ശ്വാസം വരെ അറിവ് പകരുക എന്നതാണ് അധ്യാപകരുടെ ആദർശലോകത്തിലെ മഹിതപ്രമാണമെങ്കിൽ , അങ്ങനെത്തന്നെയായിരുന്നു, തീർത്തും, ഏറിയുമല്ല കുറഞ്ഞുമല്ല. വാക്ക് അവരെ അവസാനം വരെ പിന്തുടർന്നു .

പ്രസംഗം എന്ന വാക്കിനു അവസരം എന്നു കൂടി അർത്ഥമുണ്ട് . മരിക്കാനുള്ള ശരിയായ അവസരം എന്നു ജീവിതം, ആ പ്രസംഗകർക്കെല്ലാം ഹസ്തദാനം നൽകി. അവർ പറഞ്ഞു നിർത്തിയതിനെക്കുറിച്ചുള്ള ഓർമ കൂടിയായി അവരുടെ ഓർമ. ജീവിതത്തിന്‍റെ പ്രകാശമാനമായ ബിന്ദുവിൽ നിന്നും മരണത്തിന്‍റെ വെളിച്ചമോ ഇരുട്ടോ നിറഞ്ഞ ബിന്ദുവിലേയ്ക്ക് നടന്നു കയറുന്നതു വരെ അവർ വാക്കു കൊണ്ടു ജീവിച്ചു . വാക്ക് ഇല്ലാതാവുന്നതിന്‍റെ പേരാണ് മരണം എന്നു അവർക്കു പ്രവാകത്വം ലഭിച്ചു . വാക്കിലാണ് ലോകം എന്ന തത്വശാസ്ത്രത്തിൽ അവർ രമിച്ചു ; മരിച്ചു .

‘എണ്ണതീർന്ന വിളക്ക് പതുക്കെ അണയും പോലെ’ എന്ന വരിയുടെ പിറകിലെ നിബിഡമായ ഇരുട്ടിൽനിന്നും പൊന്തിവന്ന മുഖങ്ങൾ കൃതാർത്ഥത എന്നത് കാവ്യനീതി മാത്രമല്ലെന്ന് ഓർമിപ്പിക്കുന്നു. ഒന്നുമില്ല ഒന്നുമില്ല എന്ന്‍ മന്ത്രിച്ചു കൊണ്ടിരുന്ന അനിശ്ചിതത്വത്തിന്‍റെ കുറുക്കൻകാറ്റ് ഏക നിമിഷത്തിൽ അനേകതരംഗങ്ങളിലൂടെ ഊതിക്കെടുത്തതും വരെയും ആ വിളക്കുകളിൽ എണ്ണ വറ്റിക്കൊണ്ടിരുന്നതായി ആർക്കും മനസിലായില്ല. അനിശ്ചിതത്വത്തിന്‍റെ ആ മഹാപ്രവാഹത്തിനല്ലാതെ. സുശാന്തമായ മരണത്തിനു അപ്പോൾ കൃതാർത്ഥതയുടെ നിറമായിരുന്നു.


Comments

നിരൂപകൻ. സാസ്കാരികപ്രവർത്തകൻ. മടപ്പള്ളി ഗവ. കോളേജിൽ അദ്ധ്യാപകനായി ജോലി ചെയ്യുന്നു.

You may also like