ലേഖനം

പ്രതിപക്ഷമൊഴിയുമ്പോൾനരേന്ദ്രമോദിയുടെ രണ്ടാമൂഴം ശ്രദ്ധേയമാകുന്നത് ബി.ജെ.പി അതിന്‍റെ പ്രത്യയശാസ്ത്ര അജണ്ട പൂർവ്വാധികം ശക്തിയോടും തിടുക്കത്തോടും നടപ്പിലാക്കാൻ തുടങ്ങിയിരിക്കുന്നതുകൊണ്ട് മാത്രമല്ല. പറയത്തക്ക എതിർപ്പുകളൊന്നുമില്ലാതെ, ഘർഷണരഹിതമായി, അവർക്ക് അതു ചെയ്യാനാകുന്നു എന്നതുകൊണ്ട് കൂടിയാണ്.

പ്രതിപക്ഷസാനിധ്യം നമ്മുടെ രാഷ്ട്രീയത്തിൽ ഇല്ലാതായി വരികയാണ്. ഔദ്യോഗികമായി ഒരു നേതാവുപോലുമില്ലാത്ത തരത്തിൽ ശിഥിലമായിരിക്കുന്നു പ്രതിപക്ഷനിര. അതും പോരാഞ്ഞ്, മിക്ക പ്രതിപക്ഷകക്ഷികളുടെയും നിലപാടുകൾ പലപ്പോഴും ഭരണകക്ഷിയുടെ നിലപാടുകളുടെ ദുർബലാനുകരണമായി മാറുകയും ചെയ്യുന്നു. ഏറ്റവും ഒടുവിൽ, അയോധ്യാവിഷയത്തിലും നമ്മളതുതന്നെ കണ്ടു. ഭരണകക്ഷിക്ക്  കാര്യങ്ങൾ വളരെ എളുപ്പമാകുന്നു.

പൗരത്വനിയമത്തോടുള്ള രാജ്യവ്യാപകമായ വലിയ പ്രതിഷേധവും അതിലുണ്ടായ യുവജന പങ്കാളിത്തവും മറന്നുകൊണ്ടല്ല ഇത് പറയുന്നത്. വ്യവസ്ഥാപിത രാഷ്ട്രീയനേതൃത്വത്തിന്‍റെ മേൽകൈയിൽ അല്ലാതെ അടിത്തട്ടിൽ നിന്ന് നൈസർഗ്ഗികമായി ഉരുത്തിരിഞ്ഞു വന്നവയായിരുന്നു ആ പ്രക്ഷോഭങ്ങൾ. അതിനാൽ അവ ഇന്ത്യൻ ജനാധിപത്യത്തിലെ ഒരു പുതിയ വഴിത്തിരിവാകുമെന്നൊക്കെ വിലയിരുത്തിയവരുണ്ട്. എന്നാൽ, സമരങ്ങൾക്ക് ദിശാബോധം നൽകാനും, അവയെ ഏകോപിപ്പിച്ച് പ്രഹരശേഷിയുള്ള ഒരു പ്രസ്ഥാനമാക്കി മാറ്റാനും കെല്പുള്ള ശക്തമായ രാഷ്രീയനേതൃത്വത്തിന്‍റെ അഭാവം പ്രകടമായിരുന്നു. നിനച്ചിരിക്കാതെയെത്തിയ കോവിഡ് കാലം ആ സമരങ്ങൾക്ക് അകാലത്തിൽ തടയിട്ടില്ലായിരുന്നെങ്കിൽ അവ ഒരു വലിയ ജനമുന്നേറ്റമായി രൂപപ്പെടുമായിരുന്നോ? ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്.

സർക്കാരിൽ ജനങ്ങൾക്കുള്ള അസംതൃപ്തിയുടേയും രോഷത്തിന്‍റെയും മുഖവും ശബ്ദവുമാകാനുള്ള വിമുഖത കൂടിയാകുമ്പോൾ നമ്മുടെ പ്രതിപക്ഷത്തിന്‍റെ, പ്രത്യേകിച്ച്‌ കോൺഗ്രസിന്‍റെ, പതനം പൂർത്തിയാകുകയാണ്. കാശ്‍മീർ, പൗരത്വബിൽ, അയോധ്യ, നവലിബറൽ സാമ്പത്തികപരിഷ്‌ക്കാരങ്ങൾ എന്നിങ്ങനെ കഴിഞ്ഞ ഒരുവർഷത്തിലേറെ കാലമായി രാജ്യത്തുനടന്ന പ്രധാനകാര്യങ്ങളിലെല്ലാം പ്രതിപക്ഷധർമ്മം മറന്ന പ്രതിപക്ഷത്തെയാണ് കാണുന്നത്.

പ്രതിപക്ഷധർമ്മം

സൗവർണ്ണ പ്രതിപക്ഷം എന്ന ഒരു പ്രയോഗമുണ്ട്, മഹാകവി വൈലോപ്പിള്ളിയുടേതായി:

“ഞങ്ങളല്ലതു, നന്മതൻ മറുപുറം കാണും,

ഞങ്ങളെപ്പോഴുമൊരു സൗവർണ്ണ പ്രതിപക്ഷം”

ഈ പ്രസ്താവന വാസ്തവത്തിൽ കവികളുടെ എന്നതിനേക്കാൾ പ്രതിപക്ഷത്തിന്‍റെ ദൗത്യത്തെ കുറിച്ചുള്ളതാണ്. സാമൂഹ്യജീവിതത്തിൽ പ്രത്യക്ഷ യാഥാർഥ്യങ്ങളുടെയും പൊതുബോധത്തിന്‍റെയും മറുപുറം ചികയുക. അവയ്ക്ക് പിന്നിലൊളിഞ്ഞിരിക്കുന്ന അപ്രിയ സത്യങ്ങളെ വിളിച്ച് പറയുക. ഈ കടമയേറ്റെടുക്കുന്നവരാണ് സൗവർണ്ണ പ്രതിപക്ഷം.

സ്റ്റാറ്റസ് കോയുടെ ജഡതയിൽ സാമൂഹ്യജീവിതം തളംകെട്ടി പോകാതിരിക്കാൻ അതിന്‍റെ നിശിതവിമർശനം അനിവാര്യമാണെന്ന തിരിച്ചറിവാണ് ഈ പ്രതിപക്ഷസങ്കല്പത്തിന്‍റെ കാതൽ. 1844-ൽ യുവാവായ മാർക്സ് തന്‍റെ സഹപ്രവർത്തകനായിരുന്ന അർണോൾഡ് റൂജിനെഴുതിയ കത്തിലെ വരികളാണ് ഓർമ്മ വരുന്നത്. “ഞാൻ പറഞ്ഞുവന്നത് നിലവിലുള്ള എല്ലാ കാര്യങ്ങളെയും നിഷ്‌കരുണം വിമർശിക്കുന്നതിനെക്കുറിച്ചാണ്”, മാർക്സ് എഴുതി. “അങ്ങനെയുള്ള വിമർശനങ്ങൾ സ്വന്തം നിഗമനങ്ങളെ ഭയപ്പെടരുത്; അധികാരസ്ഥാനങ്ങളിലിരിക്കുന്നവരുണ്ടാവാനിടയുള്ള സംഘർഷങ്ങളെയും”.

അതിനൊക്കെ ആരാണ്  മുതിരുക? ഒരു വലിയ ചോദ്യമാണത്. കവികളാണ് സൗവർണ്ണ പ്രതിപക്ഷം എന്ന് വൈലോപ്പിള്ളി പറഞ്ഞു. കവികൾക്കേ അതിന് കഴിയൂ എന്നോ എല്ലാ കവികൾക്കും അതിനാകുമെന്നോ അദ്ദേഹം ഉദ്ദേശിച്ചിട്ടുണ്ടാകില്ല. കവികൾ രാജകവികളും രാജാവിന്‍റെ വാഴ്ത്തുപാട്ടുകാരും ആയിമാറുന്നതിന് ഉദാഹരണങ്ങൾ ഏറെയുണ്ട് താനും. യഥാർത്ഥ പ്രതിപക്ഷജീവിതത്തിന് ഏറ്റവും മിഴിവുറ്റ ഉദാഹരണമായി, അതിന്‍റെ ആദിരൂപമായി, എനിക്ക് തോന്നിയിട്ടുള്ളത് രാജാവ് നഗ്‌നനാണെന്ന് വിളിച്ച് പറഞ്ഞ പഴങ്കഥയിലെ ബാലനെ ആണ്.

പക്ഷെ, ഭരണസംവിധാനത്തിനകത്തെ വ്യവസ്ഥാപിത പ്രതിപക്ഷം ഇങ്ങനെയൊരു ദൗത്യം ഏറ്റെടുക്കുന്നത് സങ്കൽപ്പിക്കാൻ പൊതുവേ ബുദ്ധിമുട്ടാണ്. ഇങ്ങനെയൊരു സംവിധാനത്തിനകത്ത് മിക്കപ്പോഴും ഭരണപക്ഷവും പ്രതിപക്ഷവും ഒരേ നാണയത്തിന്‍റെ രണ്ടു വശങ്ങളായിരിക്കും എന്നതുകൊണ്ടാണത്. അതാണ് ഇന്ത്യയിൽ ഇന്ന് കാണുന്നത്.

പാർലിമെന്റ് ചേമ്പറിൽ സ്പീക്കറുടെ ഇടതുപക്ഷത്ത് ഇരിക്കുന്നതുകൊണ്ടു മാത്രം ഒരു കക്ഷിയും സൗവർണ്ണ പ്രതിപക്ഷമെന്ന പേരിനർഹമാകുന്നില്ല. നമ്മുടെ ജനാധിപത്യത്തിന്‍റെ ഏറ്റവും വലിയ ദുർവിധികളൊന്നാണത്. ധർമ്മസങ്കടവും.

കോൺഗ്രസിന്‍റെ പതനം

മുഖ്യപ്രതിപക്ഷകക്ഷിയായ കോൺഗ്രസ് അയോധ്യാ വിഷയത്തിലെടുക്കുന്ന നിലപാടുതന്നെയാണ് ഇതിനേറ്റവും വലിയ ഉദാഹരണം. രാമക്ഷേത്രത്തിന്‍റെ ഭൂമിപൂജ ദേശീയ ഐക്യത്തിനും ദേശീയ സാംസ്‌കാരിക കൂട്ടായ്‌മയ്‌ക്കുമുള്ള അവസരമൊരുക്കും എന്നായിരുന്നു ഉത്തർപ്രദേശിലെ കോൺഗ്രസ് പാർട്ടിയുടെ ചുമതല വഹിക്കുന്ന പ്രിയങ്കാഗാന്ധി ട്വീറ്റ്‌ ചെയ്തത്.

പ്രിയങ്ക ഒറ്റക്കായിരുന്നില്ല. ഒരു കോറസ് പോലെ ചെറുതും വലുതുമായ കോൺഗ്രസ് നേതാക്കളുടെ ഒരു നിര പ്രിയങ്കക്കൊപ്പം ചേർന്നു. മര്യാദപുരുഷോത്തമനായ രാമൻ മനുഷ്യരിലെ നല്ല ഗുണങ്ങളുടെയും പ്രതിരൂപമാണെന്നും വെറുപ്പിന്‍റെയും ക്രൂരതയുടെയും പ്രതീകമാകാൻ രാമനാകില്ലെന്നുമാണ് പ്രിയങ്കയുടെ സന്ദേശത്തിനു പിന്നാലെ വന്ന രാഹുൽ ഗാന്ധിയുടെ സന്ദേശം പറഞ്ഞത്. അതിലാർക്കും തർക്കമുണ്ടാകാനിടയില്ല. ഉത്തമപുരുഷാദർശമായി ഇന്ത്യയിൽ ഒരു വലിയ വിഭാഗം ജനങ്ങൾ ഭക്തിപൂർവം ആദരിക്കുന്ന ദൈവമാണ് ശ്രീരാമൻ. ബാബ്റിമസ്ജിദ് നിന്നയിടത്ത് ശ്രീരാമക്ഷേത്രം പണിയാനുള്ള സുപ്രീംകോടതിയുടെ ഉത്തരവിനെ, നിയമവാഴ്ച്ച അംഗീകരിക്കുന്ന ഒരു പാർട്ടിയുടെ നേതാവെന്ന നിലക്ക് അദ്ദേഹം അംഗീകരിക്കേണ്ടതുമാണ്.

പക്ഷെ, മതനിരപേക്ഷത ഭരണഘടനാദർശമായ രാജ്യത്തിന്‍റെ പ്രധാനമന്ത്രി ഒരു മതവിഭാഗത്തിനായുള്ള ക്ഷേത്രനിർമ്മാണത്തിന്  ഭൂമിപൂജ നടത്തുന്നതിലെ ശരികേട് ചോദ്യം ചെയ്യാൻ പ്രിയങ്കയോ രാഹുലോ തയ്യാറായില്ല. 1992 ഡിസംബർ 6 ന് ബാബ്റിമസ്ജിദ് തകർത്തതിനെ സുപ്രീം കോടതി ഒരു ക്രിമിനൽ കൃത്യമായി വിശേഷിപ്പിച്ചിരുന്നുവെന്നത് ഓർക്കാനും. അതു ചെയ്തിരുന്നെങ്കിൽ ക്ഷേത്രനിർമ്മാണത്തിൽ നേരിട്ടിടപെടുന്നത് വഴി ആ കൃത്യത്തിന് സാധൂകരണം നൽകുകയാണ് സർക്കാർ ചെയ്യുന്നത് എന്ന വിമർശനം ഉയർത്തേണ്ടി വന്നേനെ. അതിന് കോൺഗ്രസ് തയ്യാറായിരുന്നില്ല എന്ന് വേണം അനുമാനിക്കാൻ.

അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണം സകല ഇന്ത്യക്കാരുടെയും ആഗ്രഹത്തോടെ നടക്കുന്ന ഒന്നാണെന്നാണ് മധ്യപ്രദേശിലെ കോൺ​ഗ്രസ് അധ്യക്ഷനും മുൻമുഖ്യമന്ത്രിയും ആയ കമൽനാഥ് പറഞ്ഞത്. ഭൂമിപൂജക്ക് മുൻപേ സ്വന്തം വസതിയിൽ അദ്ദേഹം ഹനുമാൻ ചലിസ ചൊല്ലുന്ന ചടങ്ങ് നടത്തി. കോൺഗ്രസ് അംഗങ്ങളുടെ സംഭാവനകൊണ്ടുണ്ടാക്കിയ 11 വെള്ളി ശിലകൾ അയോധ്യയിലേക്കെത്തിക്കുമെന്ന് പ്രഖ്യാപിച്ചു.

മറ്റൊരു നേതാവായ ദിഗ്വിജയ് സിംഗ്‌ ഒരുപടി കൂടെ മുന്നോട്ട് പോയി. രാമക്ഷേത്രനിർമ്മാണത്തെ സ്വാഗതം ചെയ്യുക മാത്രമല്ല, അതിനായുള്ള ശിലാസ്ഥാപനം രാജീവ് ഗാന്ധി പണ്ടേ ചെയ്തു കഴിഞ്ഞതാണ് എന്നുകൂടി പറഞ്ഞു അദ്ദേഹം.

ശശി തരൂരിന്‍റെയും സൽമാൻ ഖുർഷിദിന്‍റെയും പോലുള്ള ചുരുക്കം ചില വിമതശബ്ദങ്ങൾ ഒഴിച്ചുനിർത്തിയാൽ കോൺഗ്രസിനുള്ളിൽ നിന്ന് ഉണ്ടായ പ്രതികരണങ്ങളെല്ലാം തന്നെ ഈ മട്ടിലുള്ളതായിരുന്നു. ഒരു രണ്ടാം സ്വാതന്ത്ര്യസമരത്തിന്‍റെ ഫലപ്രാപ്തിയാണ് അയോധ്യയിലെ ചരിത്രമുഹൂർത്തമെന്ന പ്രധാനമന്ത്രിയുടെ വാക്കുകളെ ശരിവെക്കുകയായിരുന്നു ഫലത്തിൽ കോൺഗ്രസ് ചെയ്തത്. ഭൂരിപക്ഷവർഗീയതയുമായി രാജിയാകാതെ മുന്നോട്ട് പോകാനാകില്ലെന്ന തോന്നലാണ് ഇതിന് പിന്നില്ലെന്ന് വ്യക്തം.

ഒന്നാലോചിച്ചാൽ, മതേതരാശയങ്ങളിൽ കോൺഗ്രസിനുള്ള ആത്മവിശ്വാസമില്ലായ്മയിൽ അത്ഭുതത്തിനവകാശമില്ല. നെഹ്‌റുവിന് ശേഷം പാർട്ടി നേരിടാൻ തുടങ്ങിയ സ്വത്വ പ്രതിസന്ധിയുടെ തുടർച്ചയാണത്.

കോൺഗ്രസിന്‍റെ സ്വത്വപ്രതിസന്ധിയുടെ വേരുകൾ

സ്വാതന്ത്ര്യപൂർവ്വകാലത്ത് ദേശീയപ്രസ്ഥാനത്തിന്‍റെ അച്ചുതണ്ടായിരുന്നു കോൺഗ്രസ്. ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ കാരണങ്ങളാൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിനകത്ത് ഒരേ സമയം പരസ്പരം സ്വാധീനിച്ചും വിഘടിച്ചും കഴിഞ്ഞുവന്ന നാനാവർഗ്ഗങ്ങളേയും സാമൂഹ്യവിഭാഗങ്ങളെയും ബ്രിട്ടീഷ് കോളനി വാഴ്ച്ചക്കെതിരായ സമരത്തിൽ ഒന്നിച്ചണിനിരത്തുക എന്ന കടമ ഏറ്റെടുത്തത് ആ പ്രസ്ഥാനമായിരുന്നു. വിവിധ ഭാഷകളുടെയും സംസ്ക്കാരങ്ങളുടെയും ജാതിമതങ്ങളുടെയും ദേശങ്ങളുടെയും ബഹുസ്വരതയിൽനിന്നും നാനാത്വത്തിൽനിന്നും ഒരു ദേശരാഷ്ട്രത്തെ കണ്ടെടുക്കുകയെന്ന വലിയ വെല്ലുവിളിയിൽ നിന്ന് രൂപം കൊണ്ടതായിരുന്നു ഇന്ത്യയുടെ മതേതരജനാധിപത്യ സങ്കൽപം. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം നമ്മുടെ ഭരണഘടനക്ക് ആധാരശിലയായി തീർന്നത് ഈ ആശയങ്ങളായിരുന്നു.

പക്ഷെ ഇത് ഏകപക്ഷീയമായ ഒരു വിജയമായിരുന്നില്ല. മതേതര ദേശീയപ്രസ്ഥാനങ്ങളോട് ഇടഞ്ഞും ഇണങ്ങിയും അതിന് സമാന്തരമായി ഹിന്ദു മുസ്‌ലിം വർഗീയതകളുടേതായ രണ്ടു പ്രബലധാരകൾ കൂടി രൂപപ്പെട്ടുവന്നിരുന്നു.

കോളനിവാഴ്ച്ച അസംഖ്യം ജാതി-ഉപജാതികളായി വിഘടിച്ചു നിന്ന ഹൈന്ദവ സമുദായത്തെ ഏകോപിക്കുവാനുള്ള ശ്രമങ്ങൾക്ക് ആക്കം കൂട്ടി. പത്തൊമ്പതാം നൂറ്റാണ്ടോടെ രൂപപ്പെട്ടുവന്ന ആര്യസമാജ്, ബ്രഹ്മസമാജ്, പ്രാർഥനാ സമാജ് തുടങ്ങിയ പുനരുത്ഥാനപ്രസ്ഥാനങ്ങൾ പൊതുവായ ഹിന്ദുസ്വത്വബോധം വളർത്തിയെടുക്കുന്നതിന് സഹായിച്ചു. അതിന്‍റെ കൂടെ ഹിന്ദുക്കളുടെ സുവർണ്ണ ഭൂതകാലത്തിന്‍റെ തകർച്ചക്ക് കാരണം ഇസ്‌ലാം അധിനിവേശമാണെന്ന ആഖ്യാനവും വേരുപിടിച്ചു. ക്രമേണ മതപുനരുത്ഥാനശ്രമങ്ങൾ വർഗീയതക്ക് വഴിമാറികൊടുക്കാൻ തുടങ്ങി. ഇരുപതാംനൂറ്റാണ്ടിന്‍റെ ആദ്യ ദശകങ്ങളിൽ ഹിന്ദുമഹാസഭയും ആർ.എസ്.എസും രൂപം കൊണ്ടു. 1923ൽ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്‍റെ ആദ്യഭാഷ്യമായ വിനായക് ദാമോദർ സവർക്കറുടെ ‘ഹിന്ദുത്വ – ആരാണ് ഹിന്ദു” എന്ന പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടു.

മുസ്ലീലീഗ് രൂപം കൊള്ളുന്നതും ഇതേ കാലയളവിലായിരുന്നു. ന്യൂനപക്ഷ സമുദായത്തിന്‍റെ പിന്നോക്കാവസ്ഥ, രാഷ്ട്രീയാധികാരം ഹിന്ദുക്കളുടെ കൈവശമാകുമോ എന്ന പേടി, അരക്ഷിതബോധം തുടങ്ങിയ കാരണങ്ങളായിരുന്നു മുസ്ലീ വർഗീയതയുടെ വളർച്ചക്കിടയാക്കിയത്. സ്വന്തം സ്വാർത്ഥതാല്പര്യങ്ങളാൽ ബ്രിട്ടീഷ് ഭരണാധികാരികൾ ഈ വിഭാഗീയതയെ പ്രോത്സാഹിപ്പിച്ചു.

ഇന്ത്യാവിഭജനത്തിലേക്കും ലക്ഷങ്ങളുടെ ജീവനെടുത്ത വർഗീയലഹളകളിലേക്കും ഗാന്ധിവധത്തിലേക്കും വരെ ചെന്നെത്തി ഈ വർഗീയപ്രവണതകൾ. അവയുമായുള്ള കെട്ടുപിണയലുകൾക്ക് ദേശീയസ്വാതന്ത്ര്യ പ്രസ്ഥാനത്തിന് വലിയ വില കൊടുക്കേണ്ടി വന്നു.

സ്വാതന്ത്ര്യശേഷം ബ്രിട്ടീഷുകാർ ഒഴിഞ്ഞുപോയിടത്ത് പുതിയ യജമാനവർഗ്ഗങ്ങൾ ഇരിപ്പുറപ്പിച്ചു. കോൺഗ്രസ് സ്വാഭാവികമായും സ്വതന്ത്രഇന്ത്യയിലെ ഈ അധീശവർഗ്ഗങ്ങളുടെ താല്പര്യസംരക്ഷകരായി മാറി. അതേസമയം എല്ലാ ഇന്ത്യക്കാരുടെയും താല്പര്യങ്ങളും അവകാശങ്ങളും പരിഗണിക്കപ്പെടുന്ന ഒരു റിപ്പബ്ലിക്കിനെകുറിച്ചുള്ള സ്വപ്നവും സങ്കല്പവും പാടേ ഉപേക്ഷിക്കാൻ കോൺഗ്രസിന് കഴിയുമായിരുന്നില്ല. കാരണം, സ്വാതന്ത്ര്യസമരക്കാലത്ത് ഉണ്ടാക്കിയെടുത്ത കോടിക്കണക്കിന് സാധാരണ മനുഷ്യരുടെ പിന്തുണയായിരുന്നു പാർലിമെന്‍ററി ജനാധിപത്യത്തിലേക്ക് കാലെടുത്തുവെച്ച ഇന്ത്യൻ രാഷ്ട്രീയത്തിൽ കോൺഗ്രസ്സിന്‍റെ മൂലധനം. പക്ഷെ, മതേതര ജനാധിപത്യ മൂല്യങ്ങൾക്ക് മേൽകൈ ഉണ്ടായിരുന്നെങ്കിലും ഭൂരിപക്ഷ വർഗീയത സ്വാധീനം കോൺഗ്രസിലെ യാഥാസ്ഥിതികവിഭാഗത്തിൽ സ്വാധീനം ചെലുത്തിയിരുന്നു.

ഇന്ദിരാഗാന്ധിയുടെ കാലമാവുമ്പോഴേക്കും കോൺഗ്രസിന്‍റെ ജനകീയാടിത്തറക്ക് വിള്ളലുകൾ വീണു തുടങ്ങി. മധ്യവർഗത്തിന്‍റെ അഭിലാഷങ്ങളെ പോലും അഭിസംബോധന ചെയ്യാൻ കോൺഗ്രസിനായില്ല. പോപ്പുലിസ്റ്റ് മുദ്രാവാക്യങ്ങളുടെയും വർഗീയപ്രീണനത്തിന്‍റെയും അവസരവാദത്തിന്‍റയും രാഷ്ട്രീയത്തിലേക്കുള്ള വലിയ തോതിലുള്ള ചുവടുമാറ്റം ഇന്ത്യൻ രാഷ്ട്രീയത്തിൽ ആരംഭിക്കുന്നത് അങ്ങിനെയാണ്.

വർഗീയ രാഷ്ട്രീയത്തിന്‍റെ വേലിയേറ്റം

1951 ൽ ഗാന്ധിജിയുടെ വധം കാരണമുണ്ടായ ആർ.എസ്.എസിന് മേലുള്ള നിരോധനം ഇല്ലാതായി. നെഹ്‌റുപക്ഷവുമായുള്ള പല സംഘർഷങ്ങൾക്കൊടുവിൽ മന്ത്രിയായിരുന്ന ശ്യാമപ്രസാദ് മുഖർജി കോൺഗ്രസ് വിടുകയും ജനസംഘ് രൂപീകരിക്കുകയും ചെയ്തു. ജനസംഘ് ആയിരുന്നു സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഹിന്ദുത്വ രാഷ്ട്രീയപാർട്ടി.

എന്നാൽ, ഹിന്ദുത്വശക്തികൾക്ക് ഇന്ത്യൻ രാഷ്ട്രീയത്തിൽ കാര്യമായ ലെജിറ്റിമസി ഉണ്ടാക്കിയെടുക്കാനൊത്തത് അടിയന്തരാവസ്ഥയിലെ അമിതാധികാരപ്രവണതകൾക്കെതിരെ മറ്റ് പ്രതിപക്ഷപാർട്ടികളുമൊത്ത് ജനതാപാർട്ടി രൂപീകരിക്കുകയും ഇന്ദിരാഗാന്ധിയെ പരാജയപ്പെടുത്തി അധികാരത്തിൽ വരികയും ചെയ്തപ്പോഴാണ്. അധികാരത്തിലെത്തുക എന്നതല്ലാതെ ആശയപരമായി ഒരു യോജിപ്പുമില്ലാത്ത, സോഷ്യലിസ്റ്റുകൾ തൊട്ട് വർഗീയവാദികൾ വരെയുള്ള, കുറേ സംഘടനകളുടെ കൂട്ടായ്മ മാത്രമായിരുന്നു വാസ്തവത്തിൽ ജനതാപാർട്ടി. പക്ഷെ സർക്കാരിനെതിരായുള്ള ജനരോഷത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്താനും കുറച്ച് കാലത്തേക്കെങ്കിലും അവർക്കു കഴിഞ്ഞു.

ഇന്ത്യൻ രാഷ്ട്രീയത്തിൽ വർഗീയരാഷ്ട്രീയത്തിന് തഴച്ചു വളരാൻ വളക്കൂറുള്ള മണ്ണൊരുങ്ങുകയായിരുന്നു. ജനങ്ങളുടെ ജീവൽപ്രശ്നങ്ങൾക്ക് പകരം അവരുടെ ‘വികാരങ്ങളിൽ’ ഊന്നുന്ന രാഷ്ട്രീയസംസ്ക്കാരം ഉണ്ടായി വന്നു. ജനതാപാർട്ടിയുടെ തകർച്ചക്ക് ശേഷം ജനസംഘ് ഭാരതീയ ജനതാ പാർട്ടിയായി പുനഃപ്രവേശം ചെയ്തു. വിശ്വഹിന്ദുപരിഷത്, ബജ്‌രംഗ്ദൾ, ശിവസേന തുടങ്ങിയ സംഘടനകൾ ശക്തമായി രംഗത്ത് വരുന്നത് ഈ കാലത്താണ്.

ഭൂരിപക്ഷവർഗീയതയും ന്യൂനപക്ഷ വർഗീയതയും തമ്മിലുള്ള അടിസ്ഥാനപരമായ ഒരു വ്യത്യാസം ഇവിടെ എടുത്ത് പറയേണ്ടതുണ്ട്. പിന്നോക്കാവസ്ഥയും അരക്ഷിതബോധമുളവാക്കുന്ന ഭീതിയുമാണ് ന്യൂനപക്ഷങ്ങളെ വർഗീയതയിലേക്കെത്തിക്കുന്നത്. ഒരു വോട്ട്ബാങ്ക് എന്ന നിലക്ക് ചില മണ്ഡലങ്ങളിലെങ്കിലും നിർണായകമായ ധ്രുവീകരണങ്ങൾ ഉണ്ടാക്കാൻ അവർക്ക് കഴിഞ്ഞെന്നും വരും. എന്നാൽ ഭൂരിപക്ഷവർഗീയത ചെയ്യുന്നത് മതസ്വത്വത്തെ ദേശീയസ്വത്വവുമായി സമീകരിക്കുകയാണ്. ഭൂതകാലമഹിമയുടെ പുനഃസ്ഥാപനത്തിലൂടെ ഭൂരിപക്ഷത്തിന്‍റെ അവകാശസംരക്ഷണമാണ് അതിന്‍റെ ലക്ഷ്യം. ന്യൂനപക്ഷങ്ങളെ അപരവൽക്കരണവും അക്രമോത്സുകമായ തീവ്രദേശീയതയും ആണ് അതിന്‍റെ മുഖമുദ്ര. ഭൂരിപക്ഷത്തിന്‍റെ ഭാഷ സംസാരിക്കുന്നതുകൊണ്ട് പാർലിമെന്‍ററി ജനാധിപത്യത്തിൽ അതിന് കൂടുതൽ മൂല്യവുമുണ്ട്.

ഈ രാഷ്ട്രീയ ഭൂമികയിലാണ് വർഷങ്ങളായി തണുത്തുകിടന്നിരുന്ന അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ വിഷയം വീണ്ടും ഉയർന്നുവരുന്നത്. 1984 ൽ ബി.ജെ.പിയുടെയും ആർ.എസ്.എസിന്‍റെയും പിന്തുണയോടെ വിശ്വഹിന്ദു പരിഷത് അയോധ്യയിൽ ബാബറിമസ്ജിദ് നിൽക്കുന്ന സ്ഥലത്ത് രാമക്ഷേത്രനിർമ്മാണത്തിനായുള്ള പ്രക്ഷോഭം ആരംഭിച്ചു. രാജീവ്ഗാന്ധിയുടെ നേതൃത്വത്തിലേക്കുള്ള കോൺഗ്രസ്സ് ഗവണ്മെന്റ് ഷാബാനു കേസിൽ മുസ്‌ലിം യാഥാസ്ഥിതിക പക്ഷത്തിന് അനുകൂലമായ നിലപാടുകളെടുത്ത് കപട മതേതരവാദികളെന്ന ആക്ഷേപം കേട്ടിരിക്കുന്ന സമയമായിരുന്നു അത്.

മുഖം രക്ഷിക്കാനുള്ള ഒരവസരമായതിനാൽ അയോധ്യയിൽ ക്ഷേത്രനിർമാണത്തിനായുള്ള ശിലാന്യാസ് നടത്താൻ രാജീവ് സർക്കാർ വിഎച്ച്പിക്ക് സമ്മതം നൽകി. അതുയർത്തിയേക്കാവുന്ന വർഗീയവിദ്വേഷവും ചേരിതിരിവുകളും പരിഗണിക്കാൻ കോൺഗ്രസ് തയ്യാറായില്ല. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സമുദായത്തെ അകറ്റുന്നത് നല്ലതല്ല എന്നതായിരുന്നു യുക്തി. അവിടം കൊണ്ടും നിന്നില്ല കോൺഗ്രസിന്‍റെ ഈ വർഗീയപ്രീണന നയം. 1989 നവംബർ 3 ന് അയോദ്ധ്യ-ഫൈസാബാദിൽ നിന്ന് തന്‍റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച രാജീവ് മതേതരത്വത്തിലുള്ള തന്‍റെ പ്രതിബദ്ധത ഉറപ്പിച്ച് പറയുന്നതിന് പകരം രാമരാജ്യം സ്ഥാപിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.

രാമക്ഷേത്രനിർമ്മാണത്തിനായുള്ള ശിലാസ്ഥാപനം രാജീവ് ഗാന്ധി പണ്ടേ ചെയ്തു കഴിഞ്ഞതാണ് എന്ന ദിഗ്വിജയ് സിംഗ് പറഞ്ഞത് ഈ സംഭവങ്ങളെ അടിസ്ഥാനമാക്കിയായിരിക്കണം. ഓർമ്മകൾ ഉണ്ടായിരിക്കണമല്ലോ!

തേരോട്ടത്തിന്‍റെ ബാക്കിപത്രം

വർഗീയതക്കും മതേതരത്വത്തിനുമിടയിലുള്ള ഞാണിൻമേൽ കളികൾ കോൺഗ്രസിനെ സഹായിക്കുകയുണ്ടായോ? ജയിക്കുന്നവർ എല്ലാം കൊണ്ടുപോകുന്നു എന്ന പറഞ്ഞപോലെ നേട്ടമെല്ലാം കൊയ്തത് ബിജെപി ആയിരുന്നു. ചരിത്രം ക്രൂരഫലിതക്കാരനാണ്.

1990 ൽ അദ്വാനിയുടെ രഥയാത്രയോടെ ബിജെപി നേരിട്ട് ഏറ്റെടുത്ത രാമജന്മഭൂമി വീണ്ടുകിട്ടുന്നതിനായുള്ള പ്രക്ഷോഭം ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം തന്നെ മാറ്റിമറിച്ചു. 1992 ഡിസംബർ 6 ന് ബാബറി മസ്ജിദ് തകർക്കപ്പെട്ടു. അതിന് ശേഷവും കോൺഗ്രസ് രണ്ട് തവണ അധികാരത്തിൽ വന്നെങ്കിലും അധികാരത്തുടർച്ച നേടിയെടുക്കാൻ അവർക്കായില്ല. ഇപ്പോൾ ആ പാർട്ടി ഔദ്യോഗിക പ്രതിപക്ഷം പോലുമല്ല.

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ തങ്ങളുടെ ഹിന്ദുത്വ കൂടുതൽ ഊർജത്തോടെ നടപ്പിലാക്കികൊണ്ടിരിക്കുകയാണ്. ഹിന്ദുത്വയിലധിഷ്ഠിതമായ ഒരു രാഷ്ട്രമെന്നത് പ്രായോഗികമായി നടപ്പിൽ വന്നേക്കാവുന്ന ഒരു യാഥാർഥ്യമായി മാറിയിരിക്കുന്നു.

ഇങ്ങനെ ഹിന്ദുത്വ പൊജെക്റ്റിന്‍റെ ചില സുപ്രധാന നാഴികക്കല്ലുകൾ താണ്ടാൻ ബി.ജെ.പി യെ സഹായിച്ചത് പ്രത്യയശാസ്ത്രം മാത്രമല്ല. വളരെ ശ്രദ്ധാപൂർവം വളർത്തിയെടുത്ത സഖ്യങ്ങളും കൂടിയാണ്. അതിലേറ്റവും മുഖ്യം ഇന്ത്യൻ കോർപറേറ്റ് മുതലാളിത്തവുമായുള്ള അതിന്‍റെ ചങ്ങാത്തമാണ്. 1991 -ൽ നരസിംഹറാവുവിന്‍റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ നടപ്പിലാക്കി തുടങ്ങിയ നവ സാമ്പത്തിക ഉദാരവൽക്കരണ നയങ്ങൾ തടസ്സമില്ലാതെ തുടർന്ന് കൊണ്ടുപോകാൻ കോൺഗ്രസിനോ ചെറുപാർട്ടികളുടെ അവിയൽ മുന്നണിക്കോ കഴിയില്ലെന്ന് ഇന്ത്യയിലെ അധീശവർഗ്ഗങ്ങൾക്കറിയാം. നവലിബറൽ മുതലാളിത്തചൂഷണം നിർബാധം തുടരാൻ പരസ്പര വിരുദ്ധങ്ങളായ താല്പര്യങ്ങളുടെ ഭാരത്താൽ ശിഥിലമാകാനുള്ള സാധ്യതയില്ലാത്ത അമിതാധികാരപ്രവണതയുള്ള തീവ്രവലതുപക്ഷ ഭരണകൂടമാണ് നല്ലത്.

നവലിബറലിസത്തിന്‍റെ ഇന്ത്യൻ മുഖത്തിന് ജനാധിപത്യത്തിന്‍റെയും വ്യക്തിസ്വാതന്ത്ര്യത്തിന്‍റെയും മൂടുപടങ്ങളില്ല. അതുണ്ടാകണമെന്ന് അതിന്‍റെ വക്താക്കൾ ആഗ്രഹിക്കുന്നുമില്ല.

ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ ഈ ജൈത്രയാത്രയിൽ ദേശീയസ്വാതന്ത്ര്യ പ്രസ്ഥാനം ഉയർത്തിപ്പിടിച്ച മതേതരമൂല്യങ്ങളെ ചേർത്തുപിടിച്ച് പ്രതിരോധിക്കാൻ പോലുമാകാതെ ശിഥിലവും ദുർബലവും ആയിരിക്കുന്നു രാജ്യത്തെ പ്രമുഖ പ്രതിപക്ഷ കക്ഷികൾ. കോൺഗ്രസിന്‍റെ കാര്യം പറഞ്ഞു കഴിഞ്ഞു. ബി.ജെ.പിയൊഴികെയുള്ള ദേശീയപാർട്ടികളുടെ ശക്തി ക്ഷയിച്ചപ്പോൾ ജനങ്ങളുടെ ജീവൽപ്രശ്നങ്ങൾ പ്രാദേശിക/സ്വത്വ രാഷ്രീയത്തിലൂടെ പ്രകാശനം തേടുന്നതിന്‍റെ ഭാഗമായി ഉണ്ടായിവന്ന മറ്റ് ചെറു/പ്രാദേശിക പ്രതിപക്ഷ പാർട്ടികളുടെ കാര്യവും വ്യത്യസ്തമല്ല.

ബാക്കിയുള്ളത് ഇടതുപക്ഷ പാർട്ടികളാണ്. അവർ ലളിതവും ഋജുവും ആയ വർഗ്ഗവിശകലനങ്ങളിലൊതുങ്ങാത്ത ഇന്ത്യൻ യാഥാർഥ്യത്തിന്‍റെ സങ്കീർണതകളെ മനസ്സിലാക്കാനൊക്കാതെ ദേശീയരാഷ്ട്രീയത്തിലെ പ്രാന്തസാനിധ്യങ്ങളായി നിലകൊള്ളുന്നുണ്ട്; തിരിച്ചടികൾ തിരിച്ചറിയാതെ. ഒരർത്ഥത്തിൽ, ഇന്ത്യയിൽ ഇടതുപക്ഷത്തിന്റേത് ഒരു തരം അന്തർമുഖജീവിതമായിരുന്നു, എന്നും.

പ്രതിപക്ഷം ഉപേക്ഷിച്ചവർ

പ്രതിപക്ഷം പ്രതിപക്ഷധർമ്മം മറക്കുമ്പോൾ അത് ഒറ്റപ്പെട്ട വ്യക്‌തികളുടെ, ചെറുസംഘങ്ങളുടെ ഉത്തരവാദിത്തമായി മാറുന്നു. അപ്പോളത് എൻ. എസ്. മാധവന്‍റെ തിരുത്ത് എന്ന കഥയിലെ ചുല്യാറ്റ് എന്ന ചീഫ് എഡിറ്ററുടെ പ്രതിഷേധം പോലെയാകും. അതിൽ ഏകാകിതയുടെ രോഷവും നിസ്സഹായതയും നിറയും.

1992 ഡിസംബർ 6 ന് അയോധ്യയിൽ കർസേവക്ക് എത്തിയവർ ബാബറി മസ്ജിദ് തകർത്തതായിരുന്നു ആ കഥാസന്ദർഭം. അന്നത്തെ പ്രധാനവാർത്തക്ക് ആദ്യം കൊടുത്ത തലക്കെട്ടായ ‘തർക്കമന്ദിരം തകർത്തു’ എന്ന വാചകത്തിൽനിന്ന് ആദ്യവാക്ക് ഉളികൊണ്ടെന്ന പോലെ പലതവണ വെട്ടി ബാബറി മസ്ജിദ് എന്നു തിരുത്തി എഴുതുന്നു ചുല്യാറ്റ്. പതിവു ജീവിതത്തിലെ ചില സാധാരണ സംഭവങ്ങളുടെ രൂപത്തിൽ ആ ചരിത്രമുഹൂർത്തത്തിന്‍റെ നെറികേട് അയാളെ പിടിച്ചുലച്ചതായിരുന്നു ആ മാനസാന്തരത്തിന് കാരണം

തന്‍റെ തിരുത്തിലൂടെ ആ തലവാചകത്തിന് ഒരു കൃത്യത പകരുന്നു ചുല്യാറ്റ്. അത് ഒരു ഏറ്റുപറച്ചിലാണ്. അതിന് ശേഷം ചുല്യാറ്റ് ചെയ്യുന്നത് ‘പനിയുടെ മറ്റൊരു വേലിയേറ്റത്തിൽ തലതാഴ്ത്തി നടന്ന്’ മുറിയിൽ കയറി വാതിലടക്കുകയാണ്. പ്രതിഷേധിയുടെ ഏകാകിത!

കഴിഞ്ഞ ദിവസം അയോധ്യയിലെ ഭൂമിപൂജക്ക് ശേഷം സോഷ്യൽ മീഡിയയിൽ നിറയുന്ന ‘ആ 130 കോടിയിൽ ഞാനില്ല’ എന്ന സന്ദേശങ്ങൾ ഓർമ്മിപ്പിച്ചത് ചുല്യാറ്റിന്‍റെ ഈ തിരുത്തായിരുന്നു. അയോധ്യയിൽ രാമക്ഷേത്രത്തിന്‍റെ ശിലാസ്ഥാപനത്തിന് ശേഷം പ്രധാനമന്ത്രി മോദി നടത്തിയ പ്രസംഗത്തിൽ 130 കോടിജനങ്ങളുടെ ആഗ്രഹമാണ് ഇതോടെ സഫലമാകുന്നത് എന്ന് പറഞ്ഞതായിരുന്നു സാമൂഹ്യമാധ്യമങ്ങളിലെ ഈപ്രതിഷേധത്തിന് കാരണമായത്.

ആ സന്ദേശങ്ങളിലും ചുല്യാറ്റിന്‍റെ തിരുത്തലിലുണ്ടായിരുന്ന അതേ തിടുക്കം ഉണ്ടായിരുന്നു. സംശയലേശമില്ലാത്ത ഒരു നിലപാട്. ഇതിപ്പോൾ പറഞ്ഞില്ലെങ്കിൽ തെറ്റാകുമെന്ന കുറ്റബോധം. പൊതുബോധത്തിൽനിന്ന് മുഖം തിരിച്ചു. അതിന് ശേഷമോ?

പുരോഗമനേഛുക്കളും മതേതരത്വത്തിൽ വിശ്വസിക്കുന്നവരുമായ വ്യക്‌തികളും ചെറുപ്രസ്ഥാനങ്ങളും കാട്ടുന്ന സത്യസന്ധത അതേ ആശയങ്ങൾ ഉൾക്കൊള്ളുന്നു എന്നവകാശപ്പെടുന്ന പ്രധാന പ്രതിപക്ഷപാർട്ടികൾക്ക് ഇല്ലെന്ന് വരുമ്പോൾ അവരുടെ പ്രതിഷേധം നിരാലംബമാകുന്നു. തോൽക്കാനുള്ള യുദ്ധമായി മാറുന്നു അത്.

നേരത്തെ സൂചിപ്പിച്ച ചരിത്രത്തിന്‍റെ ദുർവിധിയാണത്.

Print Friendly, PDF & Email