പൂമുഖം പുസ്തകപരിചയം അധികാര സിഗ്നലുകൾക്കുള്ളിലെ ജീവിതങ്ങൾ

അധികാര സിഗ്നലുകൾക്കുള്ളിലെ ജീവിതങ്ങൾ

2005 ലാണ് വ്യത്യസ്തമായ പ്രമേയവും ആഖ്യാന ശൈലിയുമായി ടി ഡി രാമകൃഷ്ണൻ മലയാള നോവൽ സാഹിത്യത്തിലേക്ക് ” ആൽഫ ” എന്ന കൃതിയുമായി കടന്ന് വരുന്നത്.മനുഷ്യനിൽ അന്തർലീനമായ ചോദനകളെ കുറിച്ചുള്ള ചർച്ച ആ നോവൽ തുറന്ന് വെയ്ക്കുന്നു. പിന്നീട് 2009 ൽ പ്രസിദ്ധീകരിച്ച ” ഫ്രാൻസിസ് ഇട്ടിക്കോര ” എന്ന നോവലിലൂടെ യാണ് ടി ഡി ആറിന് മലയാളത്തിലെ ഉത്തരാധുനിക നോവലെഴുത്തുകാരിൽ അനിഷേധ്യ സ്ഥാനം കൈവരുന്നത്. ചരിത്രവും മിത്തും യാഥാർത്ഥ്യവും സമഞ്ജസമായി യോജിപ്പിച്ചു കൊണ്ടുള്ള ഒരു കൊളാഷ് രീതിയാണ് ടി ഡി ആർ അവലംബിക്കുന്നത്. തുടർന്ന് വന്ന ” സുഗന്ധി എന്ന ആണ്ടാൾ ദേവനായകി “, ” മാമ ആഫ്രിക്ക ” എന്നീ നോവലുകളിലും ഇത് കാണാം. കഥ പറയുന്ന രാജ്യങ്ങളിലെ രാഷ്ട്രീയ പശ്ചാത്തലവും കൃത്യമായി ഈ കൃതികളിൽ അടയാളപ്പെടുത്തുന്നുണ്ട്.
” അന്ധർ, മൂകർ, ബധിരർ ” സമകാലീന കാശ്മീരിനെ അടയാളപ്പെടുത്താനുള്ള ഉദ്യമമാണ്.

2020 ജനുവരിയിലാണ് ഇന്ത്യൻ റെയിൽവെ പശ്ചാത്തലമാക്കി എഴുതിയ ” പച്ച മഞ്ഞ ചുവപ്പ് ” പുസ്തകമായി പുറത്ത് വന്നത്. മുൻ അഭിമുഖങ്ങളിൽ ടി ഡി ആർ പറഞ്ഞത്, ” നോവൽ എനിയ്ക്ക് ആത്മാവിഷ്കാരം അല്ല ” എന്നായിരുന്നു
അതിൽ നിന്ന് വിഭിന്നമായി 35 വർഷത്തോളം ടി ഡി ആർ ജോലി ചെയ്തിരുന്ന ഇന്ത്യൻ റെയിൽവേയെ ആസ്പദമാക്കിയാണ് ഈ നോവൽ എഴുതിയിരിക്കുന്നത്. ഇന്ത്യൻ ജനത ഏറ്റവും കൂടുതൽ ബന്ധപ്പെട്ട് നിൽക്കുന്ന ഒരു സ്ഥാപനമാണ് റെയിൽവെ. മലയാളത്തിൽ വി.ഷിനിലാലിന്റെ ” സമ്പർക്ക ക്രാന്തി ” യാണ് പൂർണ്ണമായും റെയിൽവേയെ അടിസ്ഥാനമാക്കിയെഴുതിയ ആദ്യ നോവൽ. എങ്കിലും റെയിൽവെയ്ക്ക് അകത്തുള്ള അധികാര ഘടനയും ദൈനം ദിന പ്രവർത്തനങ്ങളും മുൻ നിർത്തി കഥ പറയുന്ന ആദ്യ നോവൽ ” പച്ച മഞ്ഞ ചുവപ്പ് ” തന്നെയായിരിക്കും.

ലോകത്തിന് റെയിൽവെ സമ്മാനിച്ച ബ്രിട്ടീഷ് റെയിൽവെയുടെ രണ്ട് നൂറ്റാണ്ടിലെ ചരിത്രം പറയുന്ന പുസ്തകമാണ് 2009 ൽ പുറത്തിറങ്ങിയ മാത്യു ഏഞ്ചലിന്റെ ” Eleven minutes later – A train journey to the soul of Britain. റെയിൽവേയുടെ സ്വദേശിവൽക്കരണവും സ്വകാര്യവൽക്കരണവുമെല്ലാം വിശദമായി ഇതിൽ ചർച്ച ചെയ്യുന്നുണ്ട്.

1995 ൽ 52 പേരോളം പേർ കൊല്ലപ്പെട്ട സേലത്തിന് അടുത്തുള്ള ഡാനിഷ് പേട്ട് – ലോക്കർ സ്റ്റേഷനുകൾക്ക് ഇടയിൽ സംഭവിച്ച രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച അപകടമാണ് ” പച്ച മഞ്ഞ ചുവപ്പ് ” എന്ന നോവലിന് ആധാരം.
ഉമ്പർട്ടോ എക്കോ പറഞ്ഞ പോലെ,

” Why write novels, rewrite history. The history that then comes true “

ചരിത്രത്തെ പുനരാവിഷ്ക്കരിച്ച് പുതിയ സത്യങ്ങൾ കണ്ടെത്താനുള്ള ശ്രമം തന്നെയാണിവിടെയും. അപകടത്തിന് ഉത്തരവാദി എന്ന് മുദ്ര കുത്തപ്പെട്ട ഡാനിഷ് പേട്ട് സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്റർ രാമചന്ദ്രന്റെ ആത്മഹത്യയിലൂടെയാണ് നോവൽ ആരംഭിയ്ക്കുന്നത്.

റെയിൽവെ അപകടത്തിൽ മരിച്ച തോമസ് അന്നമ്മ ദമ്പതികളുടെ മകളായ ജ്വാല എന്ന പത്ര പ്രവർത്തകയും രാമചന്ദ്രന്റെ മകനും റെയിൽവെ ഓഫിസറുമായ അവിനാശും കണ്ടു മുട്ടുന്നതോടെ, അപകടത്തെ കുറിച്ച് പുതിയൊരു അന്വേഷണത്തിന് തുടക്കം കുറിക്കുകയാണ്. അവരുടെ പൊടുന്നനെയുള്ള പ്രണയവും നോവലിലുണ്ട്.

” പ്രണയം ജീവിതം പോലെ തന്നെയാണ്, പ്രണയമുള്ള അവസ്ഥയും, ഇല്ലാത്ത അവസ്ഥയും മാത്രമേയുള്ളു. അനുഭവിച്ച് മാത്രമേ പ്രണയത്തെ അറിയാൻ കഴിയു ” എന്ന്‌ നോവലിൽ കാണാം.
റെയിൽവെ എന്ന തൊഴിലിടത്തിലെ അധികാര ഭീകരത തുടർന്നുള്ള ഭാഗങ്ങളിൽ അനാവരണം ചെയ്യപ്പെടുന്നു. ആ മാഫിയയെ ചോദ്യം ചെയ്യു ന്നവരെ നിഷ്കരുണം അമർച്ച ചെയ്യുക എന്ന നീതിരാഹിത്യം ഞെട്ടലോടെ നമ്മൾ അറിയുന്നു.
രാമചന്ദ്രൻ എഴുതിയ ഡയറി കുറിപ്പുകളായ ‘ ചതിയുടെ പിന്നാമ്പുറങ്ങൾ “ജ്വാലയുടെയും അവിനാശിന്റെയും കൈകളിൽ എത്തുന്നത്തോടെ അന്വേഷണം ഊർജ്ജി തമാകുന്നു. ഈ നോവലിലെ ഏറ്റവും മനോഹരമായ ഭാഗം ഈ പതിനൊന്ന് അധ്യായങ്ങളാണ്. അന്വേഷണത്തിന് അരുണ എന്ന പോലീസ് ഉദ്യോഗസ്ഥയുടെ സഹായം കൂടി കിട്ടുന്നതോടെ അതിന് കരുത്ത് ഉണ്ടാകുന്നു. പാട്രിക്, നായക്, ഗുണ്ട് എന്ന് അധികാര ത്രയത്തിന്റെ ചെയ്തികൾ ഒരു വ്യവസ്ഥിതിയെ എങ്ങനെ കീഴ്പ്പെടുത്തുന്നു എന്ന് കാണാം.

അവിനാശിന്റെ അമ്മയായ കലൈ ശെൽവി ശക്തയായ സ്ത്രീ കഥാപാത്രമാണ്. അവരുടെ രാഷ്ട്രീയവും ജീവിതവും ടി ഡി അർ നോവലുകളിൽ ദൃശ്യമാകുന്ന സ്ത്രീ കഥാപാത്രങ്ങളെ പോലെ പുരോഗമനപരമാണ്. ‘സുഗന്ധിഎന്ന ആണ്ടാൾ ദേവനായകി’യിലെ സുഗന്ധി, ‘മാമ ആഫ്രിക്ക’യിലെ താര, ‘അന്ധർ മൂകർ ബധിരറി’ലെ നീലോഫർ എന്നീ കഥാപാത്രങ്ങൾ പോലെ “പച്ച മഞ്ഞ ചുവപ്പിലെ” കലൈശെൽവിയുടെ കഥാപാത്രസൃഷ്ടിയിലും ടി ഡി ആർ ശ്രദ്ധ കാണിച്ചിട്ടുണ്ട്.

ഇന്ത്യൻ റെയിൽവെയിൽ ഏറ്റവും താഴെക്കിടയിലുള്ള ജീവനക്കാരോടുള്ള അധികാര കേന്ദ്രത്തിന്റെ മനുഷ്യത്വ വിരുദ്ധമായ സമീപനവും നോവലിൽ കാണാം.ടി ഡി ആറിന്റെ മറ്റ് നോവലുകളിൽ ദൃശ്യമാകുന്നത് പോലെ അധികാരത്തിന്റെ നീച മുഖങ്ങൾ ഇതിലും തെളിഞ്ഞ് നിൽക്കുന്നു.

ഇതിലെ കഥാപാത്രമായ രാമചന്ദ്രൻ റെയിൽവെ ടൈം ടേബിൾ പുനർനിർണ്ണയിക്കാൻ നൽകുന്ന നിർദേശങ്ങൾ പലതരം എതിർപ്പുകൾ കാരണം റെയിൽവേ പരിഗണിയ്ക്കുന്നില്ല. എന്നാൽ ഈയിടെ അത്തരം നിർദേശങ്ങൾ റെയിൽവേ പരിഗണിച്ചതായി പത്ര വാർത്ത കണ്ടു. അത്തരം നിർദേശങ്ങൾ ടി ഡി ആർ സർവീസിൽ ഉണ്ടായിരുന്ന കാലത്തും സമർപ്പിച്ചിരുന്നു. അങ്ങനെ കല സമൂഹത്തിനും വേണ്ടി നില കൊള്ളുകയാണ്.

ടി ഡി അർ നോവലുകളിൽ പൊതുവെ കണ്ട് വരുന്ന,പ്രമേയത്തിലേക്ക് നേരിട്ട് കടന്ന് ചെല്ലുന്ന രീതി ഒരു ചലച്ചിത്ര കാഴ്ച പോലെ ഇതിലും കാണാം. ഇന്ത്യൻ ജനങ്ങളെ ബന്ധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന റെയിൽവേയുടെ അന്തർനാടക കഥകൾ ഒരു മുൻ റെയിൽവെ ഉദ്യോഗസ്ഥൻ എന്ന നിലയിൽ വിദഗ്ധമായി അവതരിപ്പിക്കുന്നു. ഒരു ഡോക്യു ഫിക്ഷൻ എന്ന രീതിയിൽ നോവലിനെ കാണാവുന്നതാണ്. എങ്കിലും ടി ഡി ആറിന്റെ മറ്റ് നോവലുകളിൽ കാണുന്ന പ്രമേയ പരിചരണത്തിന്റെ ജാഗ്രത ചിലയിടങ്ങളിൽ ചോർന്ന് പോയതായി അനുഭവപ്പെട്ടു.

എം കെ സാനു മാസ്റ്റർ ഈയിടെ അഭിമുഖത്തിൽ പ്രകടിപ്പിച്ച അഭിപ്രായത്തോട് ബഹുമാനത്തോടെ വിയോജിക്കുന്നു. ആധുനികതയ്ക്ക് ശേഷവും മലയാളത്തിൽ ശക്തമായ നോവലുകളും ചെറുകഥകളും ഉണ്ടാകുന്നുണ്ട്. ഇ.സന്തോഷ്‌ കുമാർ,സുഭാഷ് ചന്ദ്രൻ, കെ അർ മീര, ബെന്യാമിൻ, വി.ജെ ജെയിംസ്, എസ് ഹരീഷ്, വിനോയ് തോമസ്, അംബികാസുതൻ മാങ്ങാട്, സന്തോഷ്‌ ഏച്ചിക്കാനം ഷിനിലാൽ എന്നിവരുടെ കൃതികൾ ഇതിന് ദൃഷ്ടാന്തമാണ്.

(അമ്പലത്തറ കേശവ്‌ജി വായനശാലയും നെഹ്‌റു കോളേജ് എൻ എസ് എസ് യൂണിറ്റും ചേർന്ന് സംഘടിപ്പിച്ച ടി ഡി രാമകൃഷ്ണന്റെ ” പച്ച മഞ്ഞ ചുവപ്പ് ” നോവൽ സംവാദത്തിൽ പങ്കെടുത്ത് സംസാരിച്ച കാര്യങ്ങൾ സംഗ്രഹിച്ചെഴുതിയത് )

കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്

ഇല്ലസ്ട്രേഷൻ കടപ്പാട് – ഭാഗ്യനാഥ്‌, മാതൃഭൂമി ആഴ്ചപ്പതിപ്പ്

Comments
Print Friendly, PDF & Email

You may also like