പൂമുഖം LITERATUREകഥ സുശള

ഇരുൾ മൂടിയ ഇടനാഴികൾ താണ്ടി മുന്നോട്ട് തന്നെ നടന്നു, അർദ്ധരാത്രിയിൽ ശിബിരം വിട്ടിറങ്ങിയ ശകുനി കൊട്ടാരത്തിനുള്ളിൽ പ്രവേശിച്ചത് കാവൽഭടന്മാർ അറിഞ്ഞിട്ടില്ല.

ആളും ആരവവും ഒഴിഞ്ഞ ഹസ്തിനപുരം കൊട്ടാരം നിശ്ശബ്ദതയിലാണ്ടിരിക്കുന്നു.കാതോർത്താൽ കേൾക്കുന്നത് അന്തഃപുരങ്ങളിലെ അടക്കിയ തേങ്ങലുകൾ മാത്രം.

ഭാഗിനേയിയുടെ ദൂതുമായി ശിബിരത്തിലെത്തിയ കാവൽക്കാരൻ സുശളകുമാരിയ്ക്ക് നേരിൽ കാണണമെന്ന് മാത്രമാണ് അറിയിച്ചത്. രാജസഭയിൽ കുമാരി കാത്തിരിക്കുകയാണ്. അന്തഃപുരത്തിൽ തേങ്ങലുകളടക്കി തളർന്നു കിടക്കുകയാവുമെന്ന് കരുതിയ കുമാരി സഭയിൽ വന്നിരിക്കുവാൻ കാരണമെന്താകും?

രാജമാതാവ് സുധർമ്മയുടെ രൂപവും ധൈര്യവും പകർന്നു കിട്ടിയവളാണ് സുശളകുമാരി. സ്ത്രീകൾക്ക് യുദ്ധം നിഷിദ്ധമാണെന്ന് കരുതുന്ന ഹസ്തിനപുരത്ത് സഹോദരന്മാർക്കൊപ്പം ആയുധാഭ്യാസം നടത്തി മികച്ച പോരാളിയായി മാറിയവൾ. കൊട്ടാരക്കെട്ടിനുള്ളിൽ വികർണ്ണകുമാരനൊപ്പം ആയുധ പരിശീലനം നടത്തുന്ന കുമാരി വൈഹിന്ദിന്റെ അഭിമാനമാണെന്ന് ഗാന്ധാരിദേവി കളിയായി പറയാറുണ്ട്.

കുരുക്ഷേത്രത്തിൽ ആയുധമെടുക്കുവാൻ സ്ത്രീകൾക്ക് അനുമതിയുണ്ടായിരുന്നെങ്കിൽ കൗരവപക്ഷത്തെ ഒരു അക്ഷൗഹിണിയെ നയിക്കുവാൻ പ്രാപ്തയായിരുന്നു സുശളകുമാരി. മഹാരഥികളുടെ പോരാട്ടകഥകളുടെ കൂട്ടത്തിൽ നൂറ്റവരുടെ ഒരേയൊരു സഹോദരിയുടെ വീരഗാഥകൾ കൂടി പാടിനടക്കുവാൻ സൂതമാഗധർക്ക് അവസരമായേനെ.

പകുതിയും ഇരുളിലാണ്ട് കിടക്കുന്ന രാജസഭയിൽ കത്തിനിൽക്കുന്ന വിളക്കിന് ചുവട്ടിലെ ഇരിപ്പിടത്തിലിരിക്കുകയാണ് സുശള. ദുഃഖത്തിന്റെ ലാഞ്ചന പോലുമില്ലാത്ത മുഖത്ത് ഒരു പോരാളിയുടെ വീര്യമുണർന്നിരിക്കുന്നു.

മാതുലന്റെ ശ്വാസഗതി ക്രമാനുഗതമല്ലെന്ന് കുമാരി അറിയരുത്. പകയുടെ ആൾരൂപമായ ഗാന്ധാരപതി ഭാഗിനേയിയുടെ മുന്നിൽ പതറുന്നുണ്ടോ? പകിടകളിൽ തെരുപ്പിടിച്ചു ആത്മവിശ്വാസം വീണ്ടെടുക്കാൻ ശ്രമിക്കുന്നത് സുശള അറിയുവാൻ പാടില്ല.

‘മാതുലാ’..
കുമാരിയുടെ ശബ്ദത്തിൽ ഇടർച്ചയുണ്ടായിരുന്നില്ല.

‘അർദ്ധരാത്രിയിൽ കുമാരിയെന്താ രാജസഭയിൽ’?
ശബ്ദം പതറാതിരിക്കുവാൻ ശ്രദ്ധിച്ചു.

‘കുരുവംശത്തിലെ പുരുഷന്മാർ അധികാരം കൈയാളുന്ന സഭയിൽ സ്ത്രീകൾ ഇരുന്നാൽ എന്ത് സംഭവിക്കുമെന്ന് അറിയുവാൻ വന്നതാണ്. സാക്ഷിയാകുവാൻ മാതുലന് ഭയമുണ്ടോ’?

‘വൈഹിന്ദിലെ മഹാറാണിയുടെ ദൗഹിത്രിയ്ക്ക് രാജസഭ അപ്രാപ്യമാകുന്നതെങ്ങിനെ? സിംഹാസനത്തിൽ ഇരുന്ന് രാജ്യഭരണം നടത്തിയ സുധർമ്മദേവിയുടെ പിന്മുറക്കാരിയാണ് കുമാരി’

‘മാതുലൻ മനോഹരമായി സംസാരിക്കുന്നു, മഹാറാണി സുധർമ്മദേവിയുടെ പുത്രനും സമർത്ഥനാകണമല്ലോ’.

‘വൈഹിന്ദിലെ രാജപരമ്പര ഭീരുക്കളുടേതല്ലെന്ന് കുമാരിക്കറിയില്ലേ?’

‘ഗാന്ധാരത്തിലെ പ്രജകളുടെ വീറുംവാശിയും, അവരുടെ മഹാരാജാവിന്റെ കൗശലവുമാണല്ലോ ഇക്കാണുന്നതെല്ലാം’

‘കുമാരി എന്താണ് അർത്ഥമാക്കുന്നത്’?

‘ഇനിയും എന്തെല്ലാം അനുഭവിക്കണം കുരുവംശത്തിലെ സ്ത്രീകൾ! ഹസ്തിനപുരത്തെ അന്തഃപുരങ്ങൾ നിറയെ വിധവകളും അവരുടെ നിലവിളികളും മാത്രമാണുള്ളത്. അധികാരവും സിംഹാസനവും ചൂതാട്ടമാക്കിയതും, ഉറ്റവരെയെല്ലാം കുരുക്ഷേത്രത്തിലെത്തിച്ചതും മാതുലൻ ശകുനിയാണെന്ന് അന്തഃപുരസ്ത്രീകൾ പറയുന്നു. ഭാഗിനേയിയെ വിധവയാക്കിയതും അങ്ങയുടെ കൗശലമായിരുന്നുവോ ഗാന്ധാരപ്രഭോ?’

‘കുമാരി, കൗരവരുടെ അവകാശം സ്ഥാപിക്കുവാൻ വേണ്ടിയായിരുന്നു ഈ യുദ്ധം’

‘എന്നിട്ടെന്ത് നേടി, അവകാശമോ അധികാരമോ? മണ്ണിനും പെണ്ണിനും വേണ്ടി യുദ്ധം ചെയ്യുന്നവരുടെ ന്യായവാദങ്ങൾ നന്നായിരിക്കുന്നു.

“യുദ്ധം ക്ഷത്രിയധർമ്മമാണെന്ന് കുമാരിയ്ക്ക് അറിയില്ലെന്നുണ്ടോ? രാജാവ് ആയുധമെടുക്കുന്നത് രാജ്യവും പ്രജകളും സുരക്ഷിതരായിരിക്കുവാനാണ്”

‘സഹോദര പുത്രന്മാർ പരസ്പരം ആക്രമിച്ചപ്പോൾ ഭാനുമതിദേവിക്ക് പുത്രൻ ലക്ഷ്മണനെ നഷ്ടമായി. പകരം വീട്ടാനിറങ്ങിയവർ ആക്രമിച്ചപ്പോൾ സുഭദ്രയ്ക്ക് പുത്രൻ അഭിമന്യുവിനെ നഷ്ടമായി. ഒടുവിൽ എന്റെ പുത്രൻ സുരഥന് അവന്റെ പിതാവ് സിന്ധുനരേശനെയും നഷ്ടമായി. ഇതെല്ലാം ആർക്കുവേണ്ടിയാണ്’?

‘ഹസ്തിനപുരത്തിന്റെ സിംഹാസനത്തിന് വേണ്ടി, അധികാരത്തിന് വേണ്ടി’

‘ആർക്കാണ് ഈ അധികാരവും സിംഹാസനവും വേണ്ടത്’?’

‘കൗരവർക്കും പാണ്ഡവർക്കും. അതല്ലേ യുദ്ധം ചെയ്ത് തെളിയിക്കുന്നത്’?’

‘ഈ യുദ്ധത്തിൽ മാതുലന് എന്താണ് നേട്ടം? അധികാരമോ സിംഹാസനമോ?’

‘ശകുനിയുടെ ഭാഗിനേയൻ മഹാരാജാവാകണം, ഹസ്തിനപുരം ഭരിക്കണം.

‘സഹോദരങ്ങളെ മുഴുവൻ കൊന്നൊടുക്കിയിട്ട് സുയോധനകുമാരൻ സന്തോഷവാനായി സിംഹാസനത്തിൽ ഇരിയ്ക്കുമെന്ന് മാതുലൻ സ്വപ്നം കാണുന്നു!’

‘സുയോധനൻ രാജമാതാവ് സുധർമ്മദേവിയുടെ ദൗഹിത്രനാണ്, രാജധർമ്മം പാലിക്കുവാൻ കുമാരനറിയാം’

‘കൊന്നും കൊല്ലിച്ചും നേടിയെടുക്കുന്ന സിംഹാസനത്തിൽ ഇരിയ്ക്കുവാൻ മാത്രം ശേഷി ഗാന്ധാരീതനയന് ഉണ്ടെന്ന് കരുതുന്നില്ല’

‘ആയുധമെടുക്കുവാനും, പൊരുതുവാനും, സംരക്ഷിക്കുവാനും ശേഷിയുള്ള സുശളകുമാരി സഹോദരന് തുണയാകണം’

‘സഹോദരിയുടെ തുണ അദ്ദേഹത്തിന് വേണ്ടി വന്നാൽ കുരുക്ഷേത്രത്തിലേക്ക് വരുവാനും സുശള മടിയ്ക്കുകയില്ല’

‘ഇത് പുരുഷന്മാരുടെ യുദ്ധമാണ് കുമാരി’

‘എന്നിട്ടാണോ ശിഖണ്ഡിയെ ആയുധമണിയിച്ച് കുരുക്ഷേത്രത്തിൽ നിറുത്തിയിരിക്കുന്നത്?’

‘അദ്ദേഹം പാഞ്ചാലപുത്രനാണ്’

‘അവൾ പാഞ്ചാലപുത്രിയാണെന്ന് എല്ലാപേർക്കുമറിയാം.’

‘കുമാരി തർക്കശാസ്ത്രത്തിൽ വിദഗ്ധ യാണെന്ന് മാതുലനറിയാം.’

‘തർക്കശാസ്ത്രത്തിൽ മാത്രമല്ല യുദ്ധതന്ത്രങ്ങളിലും പിന്നിലല്ല. കുരുക്ഷേത്രം ചമച്ചവർ ആരായാലും ഒരവസരത്തിനായി സുശളയും കാത്തിരിക്കുന്നുണ്ടെന്ന് അറിയുക.

കൂടുതൽ ഒന്നും പറയാതെ കുമാരി രാജസഭ വിട്ടിറങ്ങി ഇരുളിൽ മറഞ്ഞു, കുരുവംശത്തിലെ സർവ്വനാശങ്ങൾക്കും പക വീട്ടുവാൻ ശേഷിയുള്ളവളാണ് അന്തഃപുരത്തിലേക്ക് മടങ്ങിയിരിക്കുന്നത്.

ഒരുവേള ആയുധമെടുക്കുവാൻ സുശള ഒരുങ്ങിയാൽ മറ്റൊരു കുരുക്ഷേത്രം കൊണ്ടും ആ പക അവസാനിക്കില്ല. ഗാന്ധാരമഹാറാണി സുധർമ്മയുടെ പ്രതികാരം തടയുവാൻ ശേഷിയുള്ളവൾ ആയുധമെടുക്കുമോ?

കൈകളിൽ തെരുപ്പിടിച്ച പകിടകളുമായി കൊട്ടാരവാതിൽ കടക്കുമ്പോഴും സുശള നൽകിയ മുന്നറിയിപ്പാണ് കാതുകളിൽ മുഴങ്ങുന്നത്. “കുരുക്ഷേത്രം ചമച്ചവർ ആരായാലും ഒരവസരത്തിനായി സുശളയും കാത്തിരിക്കുന്നുവെന്ന് അറിയുക”.

വര : പ്രസാദ് കുമാർ

കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like