കവിത

അവളിലൂടെ!കാണാതായ ഒരുവളെക്കുറിച്ച് പറയട്ടേ?

കവിതയിലേക്കിറങ്ങിപ്പോയ

ഒരുവളെക്കുറിച്ച്..

അൽപ്പം മുൻപുവരെയും

അവളിവിടെയുണ്ടായിരുന്നു.

അവൾ പറഞ്ഞതാണ്..

സത്യമാണോ എന്നൊന്നും അറിയില്ല

അല്ലെങ്കിലും; കവിതയിലേക്കി-

റങ്ങിപ്പോയ ഒരുവൾ

കളവ് പറയാതിരിക്കുമോ?

ഉറപ്പായും പറയുമെന്ന്

നിങ്ങൾക്കും അറിയുന്നതാണല്ലോ..

പകലിനെ ഇരവെന്ന്,

വെളുപ്പിനെ കറുപ്പെന്ന്,

ചിരിയെ കരച്ചിലെന്ന് തുടങ്ങി,

ശബ്ദത്തിനെ മൗനമെന്നുവരെ പറഞ്ഞുകളയും.

പൂക്കാത്തൊരു ചെടിയിൽ

പൂവിനെ കാണും,

ഉണങ്ങിയ ഇലകളെ

ഇന്നലെകളെന്ന് പറയും,

തളിരുകളെ നാളെകളെന്നും….

ഇന്നുകൾ എവിടെയെന്ന് ചോദിച്ചാൽ

പക്ഷേ;

കൈ മലർത്തും.

മഴയേയും, പുഴയേയും

മരങ്ങളേയും, കിളികളേയും

എന്തിനേറെ,

മണ്ണിനെക്കുറിച്ചുപോലും

കളവുകളാണ്.

കുഞ്ഞുങ്ങളുടെ

കണ്ണുകൾ

വൈഡൂര്യങ്ങളാണത്രേ…

വൃദ്ധരുടെ ചുളിവുകളിലെമ്പാടും

ശലഭങ്ങളും.

സ്വന്തമായൊരാകാശവും

ഹൃദയത്തിലൊരു കടലുമുണ്ടെന്ന്,

ചിന്തകളും മിഴികളും

അവയിലേക്കുള്ള

വാതിലുകളും ജനാലകളുമാണ് പോലും.

ഇതിലും വിചിത്രമായ

കളവുകളും ഉണ്ട്.

പ്രണയത്തെക്കുറിച്ചും

മരണത്തെക്കുറിച്ചുമാണതിലേറെയും.

പ്രണയത്തിൽ,

ചിറകുകളില്ലാതെയും

പറക്കാനാകുമെന്നത്

അതിലൊന്നു മാത്രം…

മരണത്തെക്കുറിച്ച്

പറയുന്നതാവട്ടെ

പ്രണയമെന്നോണം

ആനന്ദവും

പരസ്പരപൂരകങ്ങളാണെന്ന്.

കണ്ടുകണ്ടിരിക്കെ

ഭൂമിയെ നോവിക്കാതെ

പാദങ്ങളമർത്തി,

കവിതയിലേക്കാണവൾ

ഇറങ്ങിപ്പോയത്.

തിരികെ വരാനുള്ള

പോക്കല്ലെന്ന്

എനിക്കപ്പോഴേ തോന്നിയിരുന്നു.

നമുക്കിടയിലൊന്നും ഇനി

അവളെ,

തിരയേണ്ടതില്ലല്ലോ..!

Print Friendly, PDF & Email