പൂമുഖം പുസ്തകപരിചയം വിഷ്ണുശർമ്മയുടെ വഴി

വിഷ്ണുശർമ്മയുടെ വഴി

(ഡോ. പി പി പ്രകാശൻ എഴുതിയ മറുവായന എന്ന പുസ്തകം – ഒരാസ്വാദനം)

പുസ്തകത്തിൻറെ തുടക്കത്തിലെ കുറിപ്പുകളിലൊന്നിൽ ഡോ.പ്രകാശൻ അദ്ധ്യാപകരെ ഇങ്ങനെ നിർവചിച്ചിരിക്കുന്നു

‘നിരന്തരം പുകയുന്ന വാക്കിൻ്റെ വെടിപ്പുരയിൽ ജീവിക്കാൻ വിധിക്കപ്പെട്ടവരെയാണ് നമ്മൾ അധ്യാപകർ എന്നു വിളിക്കുന്നത്.’

സമൂഹം കാലാകാലങ്ങളായി ഒരുക്കിവെച്ചിരിക്കുന്ന സൂക്ഷ്മങ്ങളും സങ്കീർണ്ണങ്ങളുമായ ചതിക്കുഴികളെ കുറിച്ച്, അവർക്കുള്ള മുന്നറിയിപ്പായി ‘മറുവായന’യെ ഒറ്റ വാക്യത്തിൽ വിലയിരുത്താം.

സാമൂഹ്യ പ്രശ്നങ്ങളെ ഗഹനമായ വിശ്വാസപ്രമാണങ്ങൾ ഉദ്ധരിച്ച് അപഗ്രഥിച്ചും പരിഹാര ക്രിയകൾ നിർദ്ദേശിച്ചും ഉള്ള പ്രബന്ധങ്ങളുണ്ട്. മറിച്ച് പ്രസിദ്ധമായ ആ ‘ഗ്രാസ് റൂട്ട് തല’ത്തിൽ തന്നെ കാരണങ്ങൾ കണ്ടെത്തി അവയെ മുളയിൽ നുള്ളാൻ ശ്രമിക്കുന്ന രീതിയുമുണ്ട്.
മറുവായന ഊന്നുന്നത് ഈ രണ്ടാമത്തെ വഴിയിലാണ്.

രോഗനിവാരണത്തിനായി വൈദ്യസഹായം തേടുന്നതിന് പകരം രോഗം വരാതിരിക്കാൻ ആരോഗ്യകരമായ പശ്ചാത്തലം ഉറപ്പാക്കുക – ഇതാണ്‌ പുസ്തകം പറയാൻ ശ്രമിക്കുന്നത് !

പഴഞ്ചൊല്ലുകളിൽ പലതിലും സഹജീവികളെ നോവിക്കുന്ന പരാമർശങ്ങൾ ഉണ്ടെന്ന് ചെറിയ ക്ളാസുകളിൽ ആരും നമുക്ക് പറഞ്ഞുതന്നിട്ടില്ല. അതറിയാതെയാണ് അവരും അവ പഠിച്ചെടുത്തത് എന്നതായിരുന്നിരിക്കണം കാരണം .
മാഷ് ബോർഡിൽ എഴുതിത്തന്ന ‘കണ്ണില്ലാ രാജ്യത്ത് …..’ ഗൃഹപാഠമായി കോപ്പി എഴുതിക്കൊണ്ടുവന്നവരിൽ കടുത്ത ദൃഷ്ടിവൈകല്യമുണ്ടായിരുന്ന, അടുത്ത രണ്ട് സുഹൃത്തുക്കളുണ്ടായിരുന്നു.
അവർ പഴമൊഴിയെ എങ്ങനെയായിരിക്കും ‘കണ്ടിട്ടു’ണ്ടാവുക എന്ന് അക്കാലത്ത് അവരല്ലാത്തവർക്ക് അറിയില്ലായിരുന്നു.

പഠിച്ചതേ പാടൂ എന്നതുകൊണ്ട്, ശീലിച്ചെടുക്കുന്ന ഇത്തരമൊരു മാനസികനില നിരുപദ്രവമായി തോന്നുന്ന സംസാരശൈലിയായി സമൂഹത്തിന്റെ എല്ലാ മണ്ഡലങ്ങളിലും പടർന്നിരുന്നു എന്ന് മുതിർന്നതിനു ശേഷമാണ് നമ്മൾ തിരിച്ചറിയുന്നത്.
അങ്ങനെയൊരു തിരിച്ചറിവ് വരാത്തവരാണ് സമൂഹത്തിന്റെ നല്ലൊരു ഭാഗം എന്ന് നമ്മൾ അറിയണം.

ഗ്രാമത്തിലൊരു ‘കള്ളൻ ചാമി’യുണ്ടായിരുന്നു. മുൾവേലിപ്പണിക്കോ വിറക് വെട്ടാനോ തേങ്ങയിടാനോ മറ്റെന്തെങ്കിലും പടുപണികൾക്കോ ആയി വന്നാൽ ചാമി കുട്ടികളായ ഞങ്ങളോട് പറഞ്ഞിരുന്നത് ‘കള്ളൻ ചാമി വന്നു എന്ന് മുത്തശ്ശിയോട് പറയു’ എന്നായിരുന്നു.
ചാമി എല്ലാ വീട്ടിലും സ്വീകാര്യനായിരുന്നു. ആരും അയാളെ കുറിച്ച് പോലീസിൽ പരാതിപ്പെട്ടിരുന്നില്ല. ആർക്കെങ്കിലും കൊടുത്തയയ്ക്കാനുള്ള വിലപ്പിടിപ്പുള്ള സാധനങ്ങളും വിശ്വസിച്ച് അയാളെ ഏൽപ്പിക്കാമായിരുന്നു. മദ്യപിച്ചോ തെറിവിളിച്ചോ പൊതുജനത്തിന് ശല്യമുണ്ടാക്കിയോ ഒരിക്കലും ചാമിയെ കണ്ടിട്ടില്ല. ഓണത്തപ്പൻ ചൂടിയ പട്ടക്കുട (ഓലക്കുട) എന്നും ചാമിയുടെ വകയായിരുന്നു.

രാത്രി തൊടിയിൽ ഒന്നിലധികം തേങ്ങ വീഴുന്ന ശബ്ദം കേട്ടാൽ ഞങ്ങൾക്കറിയാമായിരുന്നു ചാമി സ്ഥലത്തെത്തിയിട്ടുണ്ടെന്ന്. ആരും വടിയും വെളിച്ചവുമായി പുറത്തിറങ്ങുകയോ ശബ്ദമുണ്ടാക്കി ആളുകളെ കൂട്ടുകയോ ചെയ്തിരുന്നില്ല.

പക്ഷേ, ചിലപ്പോഴൊക്കെ കൂടെ കൊണ്ടുവന്നിരുന്ന മകനോ സഹായത്തിന് വന്നിരുന്ന ഭാര്യയ്‌ക്കോ ‘തൊഴിൽ’പേര് ചേർത്തുള്ള ആ വിളി അലോസര മുണ്ടാക്കിയിരുന്നിട്ടുണ്ടാവുമോ എന്ന് ആലോചിച്ചതായി ഓർമ്മയില്ല.

അഗതാക്രിസ്റ്റിയുടെ ‘ Then there was none’ എന്ന പുസ്തകത്തിൻ്റെ പണ്ടത്തെ തലക്കെട്ട് ‘Niggers’ island’ എന്നായിരുന്നു. സ്‌കൂൾ ടെക്സ്റ്റ് പുസ്തകങ്ങളും വംശനാമമായി നീഗ്രോ ഉപയോഗിച്ചിരുന്നതായി ഓർമ്മയുണ്ട്. അതൊരു അധിക്ഷേപവാക്കായി കള്ളി തിരിക്കപ്പെട്ടിട്ട് ഏറെ കാലമായിട്ടില്ല.

ഭാഷാശൈലികളുടെയും പദപ്രയോഗങ്ങളുടെയും ഗൂഢാർത്ഥങ്ങൾ കണ്ടെത്താൻ നടത്തുന്ന ശ്രമമാണ് ഇതിലെ കുറിപ്പുകളുടെ പൊതുഘടകങ്ങളിൽ ഒന്ന്. സ്‌കൂളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അടങ്ങിയിരിക്കുന്ന ഒളി രാഷ്ട്രീയം അന്വേഷിച്ചുള്ള എഴുത്തുകാരൻ്റെ കൗതുകകരമായ യാത്രകളാണ് അവയോരോന്നും .

സ്‌കൂൾ വരാന്തയുടെ നാനാർത്ഥങ്ങൾ വ്യക്തമാക്കുന്ന കുറിപ്പ് നല്ല ഉദാഹരണമാണ്.

ക്ളാസുകൾ നടന്നുകൊണ്ടിരിക്കുമ്പോൾ ഇടയ്ക്ക് കൈയിൽ ചൂരലുമായി ഒരറ്റം മുതൽ മറ്റേ അറ്റം വരെ നടക്കുന്ന ഹെഡ് മാസ്റ്റർക്ക്, വരാന്ത തൻ്റെ അനിഷേദ്ധ്യമായ അധികാരം പ്രകടിപ്പിക്കാനുള്ള ഇടമാണ്. ഹെഡ് മാസ്റ്ററോടൊപ്പമോ അല്ലാതെയോ നടക്കുമ്പോൾ സ്‌കൂളിലെ മറ്റു അദ്ധ്യാപകർക്കും അത് ഏറെക്കുറെ അങ്ങനെത്തന്നെ. ക്ലാസിനകത്തിരിക്കുന്ന കുട്ടി ഭയത്തോടെയും അസൂയയോടെയും നോക്കിയിരിക്കുന്നത് അധികാരം കൈയാളുന്നവരുടെ ആ സ്വതന്ത്രമേഖലയെയാണ്. പഠന സമയത്ത് അവന് നിഷിദ്ധമാണ് ആ തുറന്ന ഇടം. ഇടയ്ക്കെപ്പോഴെങ്കിലും ചെയ്യേണ്ടത് ചെയ്യാതിരുന്നതിനോ ചെയ്യരുതാത്തത് ചെയ്തതിനോ ഉള്ള ശിക്ഷയായി അവന് അവിടെ ഒറ്റയ്ക്ക് നിൽക്കേണ്ടിവന്നിട്ടുണ്ടാവാം. ക്ളാസിലിരുന്നപ്പോൾ കണ്ട വരാന്തയിലല്ല അപ്പോൾ അവൻ നിൽക്കുക. പതിവിൽ നിന്ന് മാറി അവന് അസൂയ തോന്നുന്നത് അകത്ത് സ്വന്തം ഇരിപ്പിടങ്ങളിൽ ഇരിക്കുന്ന ഭാഗ്യശാലികളോടാണ്. പുതിയ സ്ഥാനത്ത്, ക്ലാസിനകത്തുള്ളവരുടെയും പുറത്തുള്ളവരുടെയും പരിഹാസത്തിനും സഹതാപത്തിനും പാത്രമാണവൻ. അദൃശ്യമായ ഒരു ചരട് അവനെ നിൽക്കുന്നിടത്ത് ബന്ധിച്ചിട്ടുണ്ട്. എങ്ങോട്ടും അനങ്ങിക്കൂട. അവനെ അസൂയയോടെ ഒരുപക്ഷേ നോക്കിക്കാണുക, സ്‌കൂളിൽ നിന്ന് തന്നെ പുറത്താക്കപ്പെട്ട്, ഗെയ്റ്റിന് പുറത്ത് നിൽക്കുന്ന മറ്റൊരു വിദ്യാർത്ഥി മാത്രമാവും.

വസ്ത്രത്തിൽ, കുടയിൽ, ചെരുപ്പിൽ, മണിയടിയൊച്ചയിൽ, പിൻബെഞ്ചിൽ, ചോറ്റുപാത്രത്തിൽ, മുണ്ടിൻറെ മടക്കിക്കുത്തിൽ, ചുമരെഴുത്തിൽ, മഴയിൽ, അടുക്കള വർത്തമാനത്തിൽ …….എല്ലാം ഒളിഞ്ഞിരിക്കുന്ന ചീത്ത രാഷ്ട്രീയത്തെ കുറിച്ചാണ്, ‘പറഞ്ഞുവരുന്നത്…’ എന്ന മുഖവുരയോടെ, ശ്രീ പ്രകാശൻ പറയുന്നത്.
ശക്തരും സൂത്രശാലികളും അത് എങ്ങനെ ദുർബലർക്കെതിരെ പ്രയോഗിക്കുന്നു എന്ന് കണ്ടെത്താനുള്ള ശ്രമങ്ങളാണ് രണ്ടോ മൂന്നോ പുറങ്ങൾക്കപ്പുറം പോകാത്ത ഇതിലെ ഓരോ കുറിപ്പും.

അവയുടെ ഈ ദൈർഘ്യക്കുറവ് ഫെയ്‌സ് ബുക് പോലുള്ള സോഷ്യൽ മീഡിയ സാദ്ധ്യമാക്കിയ സ്വാഗതാർഹമായ ഒരു മാറ്റമാണ്‌. ഒരു വിഷയത്തെ കുറിച്ച് പറയാനുള്ളത് കൈയടക്കത്തോടെ മൂന്നോ നാലോ ഖണ്ഡികകളിൽ പറഞ്ഞുതീർക്കുക എന്നത് എഴുത്തുകാരന് വെല്ലുവിളിയും വായനക്കാരന് കൂടുതൽ വായന സാദ്ധ്യമാക്കുന്ന ചുരുക്കെഴുത്തുമാണ്.

രാഷ്ട്രീയമാണ് വിഷയമെങ്കിലും അതതിൻറെ സാധാരണ വിവക്ഷിക്കുന്ന അർത്ഥത്തിലല്ല. കക്ഷിരാഷ്ട്രീയവുമായി പ്രകടമായി ബന്ധപ്പെടുന്ന ഒരു കുറിപ്പും കൂട്ടത്തിൽ ഇല്ല

‘ദാരിദ്ര്യത്തെ പുൽകുന്ന സമ്പന്നതയുടെ ഹീറോയിസ’വും ‘ഉള്ളവൻ ഇല്ലാത്തവനെ മനസ്സറിഞ്ഞു സഹായിക്കുമ്പോഴുള്ള ഒരു ഔദാര്യ സുഖത്തിൻറെ നിറവു’മാണ് കഥയെ ആകർഷകമാക്കുന്നതെന്ന് പറയുമ്പോൾ, കൃഷ്ണൻറെയും കുചേലൻറെയും കഥയെ കുറിച്ചുള്ള കുറിപ്പിൽ ആ രാഷ്ട്രീയം കാണാം.
‘ഉള്ളവൻ ഇല്ലാത്തവന് നൽകുന്നത് ഇല്ലാത്തവന്റെ അവകാശമല്ല ഉള്ളവന്റെ ഔദാര്യമാണ് എന്ന സവർണബോധം ഇത് ഉത്പാദിപ്പിക്കുന്നു’ എന്ന് മറ്റൊരു കുറിപ്പിൽ മഹാബലിയുടെ കഥയിൽ അതിന്റെ തുടർച്ചയും.

ഏത് മണ്ഡലത്തിലായാലും അരികുവൽക്കരിക്കപ്പെട്ടവനൊപ്പം നിൽക്കുക എന്ന രാഷ്ട്രീയമാണ് പൊതുവായി നമുക്ക് ബോദ്ധ്യപ്പെടുക.

ഇംഗ്ലീഷ് അടക്കമുള്ള പല ഭാഷകളിൽ ഞങ്ങൾക്കും നമ്മൾക്കുമായി ഒരു വാക്കേയുള്ളു. ഭാഷയിൽ അത് സംശയങ്ങൾക്കിട കൊടുക്കാത്ത മട്ടിൽ രണ്ടാണ്, ഹിന്ദിയിൽ ഹം എന്നും ഇംഗ്ളീഷിൽ we എന്നും പറയുമ്പോൾ ശ്രോതാവ് / കാഴ്ചക്കാരൻ അതിലുൾപ്പെട്ടിട്ടുണ്ടോ എന്നറിയാൻ നമുക്ക് യുക്തിയുടെ സഹായം വേണ്ടിവരും. നമുക്കാ ബുദ്ധിമുട്ടില്ല
ആ ‘നമ്മളെ’ ‘ഞങ്ങളും’ ‘നിങ്ങളു’മാക്കുന്ന മതരാഷ്ട്രീയ വിഭജനങ്ങളെ കുറിച്ചും പുസ്തകത്തിൽ പരാമർശമുണ്ട്. അതിൽ കവിഞ്ഞ കക്ഷിരാഷ്ട്രീയ ചിന്തകൾ ഇതിൽ വിഷയമാവുന്നില്ല.

നിലനിൽക്കുന്ന ഏത് അനീതിയുടെ കാര്യത്തിലും സമൂഹത്തിന്റെ നിലപാടിന് ഒരു അംഗീകൃതസ്വഭാവമുണ്ട്. അന്ധവിശ്വാസങ്ങളെ കുറിച്ച് , പൊതുഇടങ്ങളിൽ ശീലിക്കേണ്ട പെരുമാറ്റരീതികളെ കുറിച്ച്, റോഡിൽ പാലിക്കേണ്ട അച്ചടക്കത്തെ കുറിച്ച്, കൈക്കൂലിയെ കുറിച്ച്, പുരുഷമേധാവിത്വത്തെ കുറിച്ച്, സ്ത്രീവിവേചനത്തെ കുറിച്ച്, സ്ത്രീധനത്തെ കുറിച്ച്, തെരുവ് നായ്ക്കളുണ്ടാക്കുന്ന പ്രശ്നങ്ങളെ കുറിച്ച്,………എല്ലാം.!

അതിങ്ങനെയാണ് :
സമൂഹത്തിൽ ആഴത്തിൽ വേരൂന്നിയ ശീലങ്ങളാണ്. ക്ഷമാപൂർവമുള്ള ബോധവൽക്കരണത്തിലൂടെ പതുക്കെയേ തിരുത്താനാവൂ.
ഉറങ്ങിയുണരുന്ന സമയം കൊണ്ട് മാറ്റം പ്രതീക്ഷിക്കരുത്.

അതത്ര ശരിയല്ല.
കണ്ടും കേട്ടും സ്പർശിച്ചും രുചിച്ചും അവസാനിക്കാത്ത അദ്‌ഭുതത്തോടെയാണ് ബാല്യം ലോകത്തെ പരിചയപ്പെടുന്നത്. ഇന്നത്തെ വാർത്തകളിൽ നിറയുന്ന അതിക്രൂരനായ കുറ്റവാളിയുടെ ചെറുപ്പത്തിലേയ്ക്ക് വളരാൻ അതിന് പതിനഞ്ചിനും ഇരുപതിനും ഇടയ്ക്ക് വർഷങ്ങളേ വേണ്ടൂ.
സമൂഹത്തിൽ പുതിയ ഒരു തലമുറ സ്ഥാനം ഉറപ്പിക്കുന്നതിനെടുക്കുന്ന സമയമാണത്.
ഒരു സമൂഹത്തെ ചെറിയ തോതിലെങ്കിലും തിരുത്താൻ വീട്ടിൽ നിന്നും സ്കൂളിൽ നിന്നും അത്ര കാലം കൊണ്ട് പകർന്നുകിട്ടുന്ന ശരിയായ ശിക്ഷണത്തിന് കഴിഞ്ഞേയ്ക്കും.

‘ആഴത്തിൽ വേരൂന്നിയ ശീലങ്ങളെ’ മാറ്റാൻ ദിശാബോധമുള്ള സമൂഹത്തിന് – സമൂഹം എന്ന അദ്ധ്യാപകന് വേണ്ടത് അത്രയും സമയം മാത്രം.

മറുവായന സമൂഹത്തിലെ കാതലായ ഒരു പ്രശ്നവും നേരിട്ട് ചർച്ച ചെയ്യുന്നില്ല -പരിഹാരം നിർദ്ദേശിക്കുന്നില്ല.
പക്ഷേ വായിച്ചുകൊണ്ടിരുന്നപ്പോൾ പലപ്പോഴും കഥകളിലൂടെ പഠിപ്പിച്ച വിഷ്ണുശർമ്മയായിരുന്നു മനസ്സിൽ.

‘നിരൂപകനും പ്രഭാഷകനുമായ ഡോ. കെ എം. അനിൽ എഴുതിയിരിക്കുന്ന അവതാരിക നാട്യങ്ങളില്ലാത്ത ഈ കുറിപ്പുകൾക്ക്, ഗ്രന്ഥകർത്താവ് നിരീക്ഷിക്കുന്നത് പോലെ, ‘സൈദ്ധാന്തികമായ ഉൾക്കാഴ്ച’ നൽകുന്നുണ്ട്

മറുവായന അദ്ധ്യാപകരോടും രക്ഷാകർത്താക്കളോടുമായി പറയുന്നു : ‘തർക്കങ്ങളിൽ നിന്നാണ് ഉത്തരങ്ങളുണ്ടാകുന്നത് എന്നറിയാത്തവരാണ് കുട്ടികളെ ‘തർക്കുത്തരം പറയരുത്’ എന്നുപദേശിക്കുന്നത്.’

കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like