പൂമുഖം LITERATUREലേഖനം കേരളത്തിന്‌ ഇപ്പോള്‍ വേണ്ടത് കെ റെയില്‍ അല്ല

കേരളത്തിന്‌ ഇപ്പോള്‍ വേണ്ടത് കെ റെയില്‍ അല്ല

പിണറായി സർക്കാർ ഹൈ സ്പീഡ് റെയിൽ കോറിഡോറുമായി അതിവേഗം മുന്നോട്ടു നീങ്ങുകയാണ് . സ്ഥലമെടുപ്പിനു ഫണ്ട് വകയിരുത്തുകയും ഉദ്യോഗസ്ഥർ നടപടികൾക്ക് തുടക്കം കുറിക്കുകയും ചെയ്യുന്നു . പല കോണുകളിൽ നിന്നും ലഘുവായ വിമർശനം ഉയർന്നതല്ലാതെ കാര്യമായ ബഹുജനാഭിപ്രായം ഉയർന്നു വരുന്നില്ല എന്നത് അവിശ്വസനീയമാണ് .സർക്കാരിന്റെ ഭാഗമായ ഒരു ഔദ്യോഗിക മെഷിനറിയും (മന്ത്രി സഭ), അതിന്‍റെ തന്നെ എക്സ്റ്റൻഷൻ ആയ ചില സ്ഥാപനങ്ങൾ (കിഫ്‌ബി, കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷൻ), ഇന്ത്യൻ റെയിൽവേ, നീതി ആയോഗ് തുടങ്ങിയവ വിഭാവനം ചെയ്യുകയും തീരുമാനമെടുക്കുകയും അംഗീകരിക്കുകയും ചെയ്ത ബൃഹത് പദ്ധതിയെ കുറിച്ച് ഇനി എന്താണ് ചിന്തിക്കാനുള്ളത് എന്ന് സർവരും വിരമിച്ചതു പോലെ തോന്നുന്നു. ഇനിയാണ് ചിന്തിക്കാനുള്ളതെന്നതാണ് വാസ്തവം. പ്രതിപക്ഷങ്ങളുടെ നിസ്സംഗതയാണ് അവിശ്വസനീയമായിരിക്കുന്നത്.

1 കാലാവസ്ഥാ മാറ്റം

നിഷേധിക്കാനാവാത്ത ഒരു ആഗോള പ്രതിഭാസം ആണ് കാലാവസ്ഥാ മാറ്റം. അത് പരിഗണിക്കാതെ ഒരു ഭൗതിക വികസന പദ്ധതിക്കും ഇനി രൂപ രേഖ വരക്കാനാവില്ല. കേരളത്തിന്‍റെ പരിമിതമായ ഭൂവിഭവത്തിൽ മലമ്പ്രദേശങ്ങളും സമുദ്ര തീരങ്ങളും ഒരു പോലെ വേഗത്തിലുള്ള ശോഷണത്തിനു പാത്രീഭവിച്ചു കൊണ്ടിരിക്കുകയാണ്. അത് തിരിച്ചറിയുവാൻ വൻ രാഷ്ട്രങ്ങളുടെ സമ്മേളന റിപ്പോർട്ടുകൾ അവലംബിക്കേണ്ടതില്ല. സംസ്ഥാനത്തിന്‍റെ ടോപോഗ്രഫി പരിശോധിച്ചാൽ മാത്രം മതി. ഒരു നൂറു വർഷത്തേക്കുള്ള മുന്കാഴ്ചയോടെ വേണം ഇനി ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യുക. വികസ്വരമായിരിക്കുന്ന ഒരു സമൂഹത്തിന് അതിവേഗ ഗതാഗതം അനിവാര്യമാണ്. പക്ഷെ അതിന് ഏറ്റവും അനുയോജ്യമായത് സിൽവർ ലൈൻ റെയിൽ ആണോ എന്നതാണ് പഠിക്കേണ്ടത്. സംസ്ഥാനത്തെ സംബന്ധിച്ച് അത്തരമൊരമൊരു പദ്ധതി നടപ്പാക്കേണ്ടതിന് അനുയോജ്യമായ സന്ദർഭമാണോ ഇതെന്നതും.

പ്രളയം ഒരു സാധ്യതയായി സംസ്ഥാനത്തിന്‍റെ വികസന മാപ്പിൽ ഇടം നേടി കഴിഞ്ഞുവെന്ന് സർക്കാർ പരിഗണിച്ചില്ലെന്നാണ് ഇതുവരെ ആ പ്രതിഭാസത്തിനെതിരെ ശാശ്വതമായ പരിഹാര മാർഗങ്ങൾ ഒന്നും കൈക്കൊണ്ടില്ല എന്നത് വെളിവാക്കുന്നത്. ഇനിയും ഒരു പ്രളയമുണ്ടായാൽ ഏതൊക്കെ പ്രദേശങ്ങളാണ് വെള്ളം കയറുക, ഓരോ പ്രദേശവും സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം അടിസ്ഥാനപ്പെടുത്തി എത്ര അപകട സാധ്യതയുള്ളതാണ്, എത്ര സുരക്ഷിതമാണ്, മലയോരങ്ങൾ എവിടെയൊക്കെ ദുർബലവും ഉരുൾ പൊട്ടൽ സാധ്യതയുള്ളതും ആണ്, തുടങ്ങിയ അടിസ്ഥാന അളവുകളും രേഖകളും ഇതിനകം ശേഖരിച്ചിട്ടുണ്ടോ ? ഓരോ പ്രദേശത്തെ സംബന്ധിച്ചും ഉള്ള അത്തരം വിവരങ്ങൾ പരസ്യപ്പെടുത്തുകയും സാധാരണ ജനങ്ങളെ ബോധവാന്മാരാക്കുകയും ചെയ്യാൻ എന്ത് നടപടികൾ ആണുണ്ടായത് ? ഒരു പ്രതികൂല കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് ഓരോ സ്ഥലത്തുമുള്ള നിവാസികൾക്ക്‌ കൃത്യമായ ജാഗ്രതാ നിർദേശം കൃത്യ സമയത്തു ലഭ്യമാക്കുവാനുള്ള ഡാറ്റ വിന്യാസം നടത്തുകയുണ്ടായോ ? അത്യാഹിതങ്ങൾ സംഭവിക്കുമ്പോൾ അങ്ങനെയുള്ളവരെ മാറ്റിപ്പാർപ്പിക്കാനുള്ള സംവിധാനങ്ങളെ സംബന്ധിച്ച് എത്ര മുന്നോട്ടു പോയി ? ഇനിയുള്ള കേരളത്തിൽ പുനരധിവാസ സൗകര്യങ്ങൾ ഒരു പ്രധാന അടിസ്ഥാന സൗകര്യമാവാൻ പോവുകയാണ്. സിൽവർ ലൈനിനു വേണ്ടി സ്ഥലമെടുക്കുന്നതിലും കുടിയൊഴിപ്പിക്കുന്നതിലും സംസ്ഥാനത്തിന്റെ ഉപയോഗ യോഗ്യമായ ഭൂവിസ്തൃതിയുടെ ഭാവിയിലെ ലഭ്യത ഒരു പ്രധാന ഘടകമാണ്.

ഇതെഴുതുന്ന സമയത്തു പല അണക്കെട്ടുകളും പരമാവധി ജല നിരപ്പ് കവിഞ്ഞു നിറഞ്ഞു കൊണ്ടിരിക്കുന്നു. ഓരോ അണക്കെട്ടിന് ചുറ്റും അവയുടെ കനാലുകളടെ ഗതിയിലും താമസിക്കുന്നവർക്ക് അതാതു അണക്കെട്ടിന്റെ ജലനിലവാരം, തങ്ങളുടെ വാസകേന്ദ്രങ്ങൾ എന്നുവരെ, എത്ര വരെ സുരക്ഷിതരാണ് എന്നീ വിവരങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാക്കാവുന്ന ഒരു സുഗ്രാഹ്യമായ വെബ്സൈറ്റിന്, ഡാറ്റക്കും ഡിജിറ്റലൈസേഷനും ഊന്നൽ നൽകുന്ന പിണറായിമാതൃക മുൻഗണന കൊടുക്കേണ്ടതാണ്. പക്ഷെ മൂന്നു കൊല്ലങ്ങൾക്കു ശേഷവും താൽക്കാലിക പരിഹാരങ്ങളുമായി സർക്കാർ ഒത്തു തീർപ്പാവുന്നതാണ് കാണുന്നത്.

2 പദ്ധതിയുടെ കാലിക പ്രസക്തി

65000 കോടി അടങ്കൽ ഉള്ള ഒരു പദ്ധതി സാങ്കേതികമായും ബൗദ്ധികമായും അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന വരും തലമുറകൾക്കും ജീവിതാവസ്ഥകൾക്കും അനുയോജ്യമായിരിക്കണം. ഈ മേഖലയിലെ ഏറ്റവും മികച്ച പദ്ധതിയായിരിക്കണം പരിഗണിക്കപ്പെടേണ്ടത്. ഹൈപ്പർ ലൂപ്, മാഗ്നെറ്റിക് റെയിൽ തുടങ്ങി അതിവേഗം ആധുനീകരിച്ചു കൊണ്ടിരിക്കുന്ന റെയിൽ ഗതാഗത രംഗത്ത് നിക്ഷേപിക്കുമ്പോൾ ഇന്നലത്തേതോ ഇന്നത്തേതോ ആയ സാങ്കേതിക വിദ്യകളല്ല ഏറ്റവും ആധുനികമായ ഘടനകൾ ആണ് സ്വീകരിക്കേണ്ടത്. രാജസ്ഥാനിൽ എൻ എച് 925 ൽ അടിയന്തിര ലാന്ഡിങ്ങിന് സജ്ജമായ air strip നിർമ്മിച്ചത് ഭാവി വിമാന ഗതാഗതത്തിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാനുള്ള സാധ്യതയാണ് തുറക്കുന്നത്. ചെറു താവളങ്ങൾ, ചെറു വിമാനങ്ങൾ, നിരത്തുകളോട് ചേർന്ന് എയർ സ്ട്രിപ്പുകൾ എന്നിവയായിരിക്കും നാളത്തെ ഗതാഗത മേഖലയെ ആധുനികമാക്കാൻ പോകുന്നത്. അടുത്ത വർഷങ്ങളിൽ തന്നെ അതിന്‍റെ ദിശ തെളിഞ്ഞു വരും. അപ്പോൾ അതിവേഗ സഞ്ചാരത്തിൽ റെയിൽ ഗതാഗതത്തിനു മുൻഗണന ഉണ്ടായെന്നു വരില്ല.

3 ആസൂത്രണം

ഏറ്റവും ആധുനികമായത് സ്വീകരിക്കുക എന്ന് പറയുമ്പോൾ അത് കഴിയാവുന്നത്ര ജനകീയവുമായിരിക്കണം. സർക്കാരിന്‍റെ ആസൂത്രണ വിഭാഗമോ, അവർ നിയമിക്കുന്ന ഔദ്യോഗിക കൺസൾട്ടൻസിയോ നടത്തുന്ന വാതിൽ പൂട്ടിയ ചർച്ചകളുടെ മാത്രം ഉല്പന്നമാവുന്നതിനു പകരം ലോകത്തിന്‍റെ പലഭാഗത്തും പര്യാപ്തമായ സാങ്കേതിക വിദ്യ കൈകാര്യം ചെയ്യുന്ന മലയാളികളായ പ്രൊഫഷണലുകളേയും വിലയേറിയ നിർദേശങ്ങൾ നല്കാൻ കഴിയുന്ന വിദഗ്ധരെയും ചർച്ചയുടെ തലത്തിൽ ഭാഗമാക്കണം. അതിനു ആവശ്യമായ സമയ പരിധി നൽകുന്നത് ഗുണകരമാവുകയേ ഉള്ളൂ. ഒരു സർക്കാരിന്‍റെയോ കക്ഷിയുടെയോ നേതാവിന്‍റെയോ പദ്ധതി എന്ന് ചരിത്രത്തിലിടം നേടുക എന്നതാവരുത് മുൻഗണന.

4 സർക്കാരിന്‍റെ മുൻഗണന

ഇപ്പോൾ കേരളം ഇത്തരമൊരു പദ്ധതിക്ക് സാമ്പത്തികമായും സാമൂഹ്യമായും പരിപക്വമാണോ എന്ന് പരിശോധിക്കാം. അല്ല എന്നാണ് സംശയലേശമെന്യേ മുന്നോട്ടു വെക്കാനുള്ള ഉത്തരം. നാലു വർഷങ്ങൾ തുടർച്ചയായി സംസ്ഥാനത്തെ പിടിച്ചുലച്ച ദുരന്തങ്ങൾ ഒരു പാട് അടിയന്തിര ചെറുകിട പദ്ധതികളുടെ അനിവാര്യത മുന്പിലെത്തിക്കുന്നുണ്ട്. അവയുടെ പ്രത്യേകത അത് നിലവിലുള്ള ഭൗതിക സാഹചര്യങ്ങളിൽ പെട്ടെന്ന് തുടങ്ങാൻ കഴിയുന്നവയാണ് എന്നതാണ്. താരതമ്യേന ലഘുവായ സാമ്പത്തിക നിക്ഷേപം ആവശ്യപ്പെടുന്നവ. തദ്ദേശീയമായ അസംസ്കൃത വിഭവങ്ങൾ ഉപയോഗിക്കുന്നവ. അവ പലതും ഇപ്പോൾ പാഴായി പോവുകയാണെന്നതും പ്രധാനമാണ്. നാട്ടിൽ ലഭ്യമായ, തിരിച്ചുള്ള കുടിയേറ്റത്താൽ അനുദിനം പെരുകിക്കൊണ്ടിരിക്കുന്ന തൊഴിൽ ശേഷിയെ ഉപയോഗിക്കുന്നവ, പ്രത്യേകിച്ച് വിപണന തന്ത്രങ്ങളൊന്നും ഇല്ലാതെ പ്രാദേശിക ഉപഭോഗം നേടാൻ യോഗ്യമായവ. തൊഴിലില്ലായ്മയാലും തൊഴിൽ നഷ്ടത്താലും സമൂഹത്തിൽ പടരുന്ന നിരാശയേയും കുറ്റവാസനയേയും ക്രിയാത്മകമാക്കാനുള്ള അനന്ത സാദ്ധ്യതകൾ തുറക്കുന്നവ.

5 ചില മറു വികസന ദിശകൾ

മേൽ പദ്ധതികളെ പേര് പറഞ്ഞു അക്കമിട്ടു വിശദീകരിക്കാൻ അതിനായുള്ള ഒരു വേദി ഉപയോഗിക്കുന്നതാവും അനുയോജ്യം എന്നത് കൊണ്ട് ഇവിടെ അതിനു മുതിരുന്നില്ല. എങ്കിലും ചില സൂചനകൾ നൽകുന്നത് പറഞ്ഞതിന്റെ വിശ്വാസ്യത വർദ്ധിപ്പിക്കാനും പ്രയോഗികതയെ കുറിച്ച് പ്രതീക്ഷ ജനിപ്പിക്കുവാനും ഉപകരിക്കും എന്ന് തോന്നുന്നു.

ഭക്ഷ്യ ശേഖരണം സംസ്കരണം, സൂക്ഷിക്കൽ, അതാതു സീസണുകൾക്കനുസരിച്ചുള്ള വിതരണം എന്നിവ ഉൾക്കൊള്ളുന്ന മേഖലയിൽ അത്യാധുനിക സംഭരണ ശാലകൾ, ഉല്പാദകരും വിതരണക്കാരും ഉപഭോക്താക്കളും ചേർന്നുള്ള ഡിജിറ്റൽ ശൃംഖല, വിലസൂചിക പരസ്യപ്പെടുത്തൽ, ചരക്കു നീക്കം എന്നിവ പ്രസ്താവനകൾക്കും ഭാവനയ്ക്കും അപ്പുറം ഉടൻ യാഥാർഥ്യമാവേണ്ടതുണ്ട്. നിരവധി തൊഴിലവസരങ്ങൾ ഉൾക്കൊള്ളുന്നവയാണ് ഈ മേഖല. കാർഷിക രംഗത്തേക്ക് രാജ്യത്തെ വിരലിലെണ്ണാവുന്ന കോർപറേറ്റുകളുടെ വരവ് തടയാനുള്ള ഏറ്റവും ജനകീയമായ മാർഗം ആ റോൾ പ്രാദേശിക സംഘങ്ങൾ ഏറ്റെടുത്തു നടത്തുന്നതാണ് എന്നതും ഈ പദ്ധതിയുടെ. സമകാലിക പ്രസക്തി വെളിവാക്കുന്നു. ഇത്തരം സംഘങ്ങളിൽ ഇരു ലിംഗത്തിൽ പെട്ട ആളുകളും പങ്കാളികളാവണം. ഇനി ആൺ പെൺ വേർതിരിവുള്ളതാവരുത് തൊഴിൽ പരിസരങ്ങൾ എന്നത് സാമൂഹ്യാരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. തലച്ചോറുകൾ സൃഷ്ടിപരമായും ക്രിയാത്മകമായും വിനിയോഗിക്കപ്പെടുന്ന, ചെകുത്താന്‍റെ പണിപ്പുരകളാവാൻ ഇടമില്ലാത്ത തൊഴിൽ മേഖലകളാവണം ഇനി നാട്ടിൽ ഉണ്ടാവുന്നത്.

ഈറ്റ കൊണ്ടുള്ള തോട്ടി, കൊതുകു ബാറ്റ്, ചിരട്ടക്കരിയും മണലും ഉപയോഗിച്ചു സജ്ജീകരിക്കുന്ന വാട്ടർ ഫിൽറ്ററുകൾ, പരുത്തി ഫ്ലാനൽ ഉപയോഗിച്ചുള്ള സാനിറ്ററി പാഡുകൾ, തെങ്ങോല കൊണ്ടുള്ള ഡിസ്പോസബിൾ ടേബിൾ മാറ്റുകൾ, ഓരോ വീട്ടിലും ജൈവ മാലിന്യ സംസ്കരണ ഉപകരണങ്ങൾ, എന്നിങ്ങനെ മുൻ ഖണ്ഡികയിൽ സൂചിപ്പിച്ച യോഗ്യതകൾ ഉള്ള നിരവധി ഉൽപ്പന്നങ്ങൾ ഇന്നത്തെ മൂലധന പര്യാപ്തത കൊണ്ട് തുടങ്ങാവുന്നവയായി ഉണ്ട്. ഓരോ വീടും കുറച്ചു വീടുകൾ ചേർന്നുള്ള ക്ലസ്റ്ററുകളും ഇത്തരം യൂണിറ്റുകൾ സ്ഥാപിച്ചു നടത്തുന്ന രീതി വലിയ ഊർജ്ജമാണ് പ്രസരിപ്പിക്കുക. കോവിഡ് അനന്തര കാലത്തു കടുത്ത വൈകാരിക പിരിമുറുക്കം ഉണ്ടാവാമെന്ന സൂചനകൾ ഇപ്പോൾ തന്നെ വന്നു കൊണ്ടിരിക്കുന്നു. ഇത് ഇല്ലാതാക്കണമെങ്കിൽ സർവ ജനങ്ങളെയും പ്രതീക്ഷയുടെ ചെറു വെളിച്ചം കാണിച്ചു കൂടെ കൂട്ടണം.

ഊർജ്ജ പ്രതിസന്ധി മുൻപെന്നത്തേക്കാളും ഭീതിദമായിരിക്കുന്നു. പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകൾ അടുക്കള മുതൽ വിമാന സർവീസ് മേഖല വരെ വ്യാപിപ്പിക്കേണ്ട സമയം വന്നു ചേർന്നിരിക്കുന്നു. സർവതല സ്പർശിയായ മേഖലകളിൽ ആയിരിക്കണം ഉടൻ നിക്ഷേപങ്ങൾ വരേണ്ടത്. കെ റെയിൽ അത്തരത്തിലുള്ള ഒന്നല്ല എന്നത് നിസ്തർക്കമാണ്.

അങ്ങനെ നാലഞ്ചു കൊല്ലങ്ങൾ കൊണ്ട് മിതമായ ഒരു തദ്ദേശീയ അതിജീവനത്തിലേക്കും അതുവഴി ക്രമസമാധാനവും സഹിഷ്ണുതയും ശുഭ പ്രതീക്ഷയും വിളയുന്ന സാമൂഹ്യ പരിസ്ഥിതിയിലേക്കും പരിണമിക്കുവാനുള്ള അടിസ്ഥാന പ്രവർത്തനങ്ങളിലാണ്‌ രണ്ടാം ഇടതു സർക്കാരിന്റെ അടിയന്തിര ശ്രദ്ധയും, നിക്ഷേപവും വിഭവ വിനിയോഗവും ആസൂത്രണവും കേന്ദ്രീകരിക്കേണ്ടത്. അത്രയും കാലം കൊണ്ട് അതിവേഗപ്പാതയെ കുറിച്ച് കഴിയുന്നത്ര പഠനങ്ങളും നിർദേശങ്ങളും സമാഹരിക്കുക. എന്നിട്ടാവണം ഏറ്റവും ഉചിതമായ തീരുമാനം കൈക്കൊള്ളേണ്ടത്. ഭരണ കക്ഷിയിൽ ഉള്ളവരും പ്രതിപക്ഷവും സിവിൽ സമൂഹവും സാങ്കേതിക വിദഗ്ധരും ജനപ്രതിനിധികളും തൊഴിലാളി സംഘടനകളും ഈ സന്ദർഭത്തിൽ ഉണർന്നു പ്രവർത്തിക്കേണ്ടതുണ്ട്. ഇന്നലെ നിയമ സഭയിൽ ഇറങ്ങിപ്പോക്ക് നടത്തി വിയോജിപ്പറിയിച്ച പ്രതിപക്ഷം പ്രധാനമായും കേവല പാരിസ്ഥികാഘാതങ്ങൾ ആണ് മുന്നോട്ടു വെച്ചത്. ഭീമമായ നിക്ഷേപം ആവശ്യപ്പെടുന്ന പദ്ധതി ഏതു ജനവിഭാഗത്തിനാണ്, സംസ്ഥാന ജനസംഖ്യയിൽ എത്ര പേർക്കാണ് ഉപയോഗപ്പെടുക എന്നത് വിശകലനം ചെയ്തു അവതരിപ്പിച്ചില്ല. കേരള സർക്കാരും മുഖ്യമന്ത്രിയും ഈ സാഹചര്യം തിരിച്ചറിയണം. കോവിഡിനും വെള്ളപ്പൊക്കങ്ങൾക്കും മുൻപത്തെ തിരഞ്ഞെടുപ്പ് പത്രികയിൽ കണ്ണുറപ്പിച്ചു, പുതുലോക സാഹചര്യങ്ങൾ മാറിയത് കണക്കാക്കാതെ മുന്നോട്ടു നീങ്ങരുത്. സംസ്ഥാനത്തിന് അതിവേഗ ഗതാഗത പദ്ധതി വേണ്ട എന്നല്ല, ഇപ്പോഴല്ല വേണ്ടത്, ഇങ്ങനെയല്ല വേണ്ടത് എന്നാണ് പറയുവാനുള്ളത്.

കവർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്

Photos : Google Photos

Comments
Print Friendly, PDF & Email

You may also like