പൂമുഖം ഓർമ്മ ലോഹിതദാസ് അനുസ്മരണം

ലോഹിതദാസ് അനുസ്മരണം

എടവപ്പെയ്ത്തിൽ മണ്ണിൽ നിന്നും ഒഴുകിയൊലിച്ചു പോയ സാധാരണജീവിതങ്ങളുടെ അമരക്കാരനായിരുന്നു എ.കെ ലോഹിതദാസ്. ഒരിക്കൽ പോലും കഥാകാരന്റെ ബാധയേൽക്കാത്ത കഥാപാത്രങ്ങളുടെ ദ്വിമാന രൂപങ്ങൾ പ്രേക്ഷകന് തനി ജീവിതങ്ങളുടെ ത്രിമാന ദൃശ്യാനുഭവങ്ങൾ തന്നെയായിരുന്നു. വാഴ്ത്തപ്പെട്ട തിരയെഴുത്തുകാരുടെ കഥാപാത്രങ്ങൾ വാർപ്പു മാതൃകകൾ മാത്രമായിഒതുങ്ങിയപ്പോൾ ലോഹിയുടെ കഥാപാത്രങ്ങൾ തനത് ശൈലിയിൽ തനത് ഭാവങ്ങളിലൂടെ സ്വത്വം കണ്ടെത്തുകയായിരുന്നു.

മലയാളത്തിന്റെ എക്കാലത്തെയും മികച്ച നടനായ തിലകന്റെ ശുപാർശപ്രകാരം അന്തർമുഖനായ ലോഹിതദാസ് എന്ന ലോഹി താരതമ്യേന പുതിയ സംവിധായകനായ സിബി മലയിലിന്റെ മുന്നിൽ ഭ്രാന്ത് ആരോപിക്കപ്പെട്ട ബാലൻമാഷിന്റെ കഥ പറഞ്ഞപ്പോൾ പ്രേക്ഷകന് ഒരിക്കലും മറക്കാനാകാത്ത നീറുന്ന കാഴ്ചയുടെ തനിയാവർത്തനമായി. ഏകദേശം ഒരു വ്യാഴവട്ടക്കാലം നീണ്ടു നിന്നലോഹിതദാസ്-സിബി മലയിൽ കൂട്ടുകെട്ട് സാഗരം സാക്ഷിയായി അസ്തമിച്ചപ്പോൾ ദൃശ്യാകാശത്ത് സാധാരണ ജീവിതങ്ങളുടെ വൈവിധ്യമാർന്ന കാഴ്ചകളുടെ താരവസന്തം വിരിഞ്ഞു. സിബി മലയിൽ എന്ന സംവിധായകന്റെ ശക്തി ലോഹിയുടെ തിരക്കഥയായിരുന്നുവെന്ന് നിരീക്ഷിക്കുന്നതിൽ യാതൊരു തെറ്റുമില്ല. ലോഹിതദാസ് എന്ന സൂര്യതേജസ്സിൽ നിന്നും പ്രശോഭിക്കപ്പെട്ട സിബിമലയിലൂടെ മോഹൻലാൽ അവിസ്മരണീയമാക്കിയ കഥാപാത്രങ്ങളാണ് ദശരഥത്തിലെ രാജീവ് മേനോനും കിരീടത്തിലെ സേതുമാധവനും ഹിസ് ഹൈനസ് അബ്ദുള്ളയിലെഅബ്ദുള്ളയും ഭരതത്തിലെ ഗോപിയും കമലദളത്തിലെ നന്ദഗോപാലും.

ആൾക്കൂട്ട സിനിമകളുടെ കുലപതിയായ ഐ.വി ശശിക്കു വേണ്ടി മുക്തി, മൃഗയ എന്നീരണ്ടു തിരക്കഥകളാണൊരുക്കിയത്. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ മികച്ചകഥാപാത്രങ്ങളിലൊന്നായ മൃഗയയിലെ വാറുണ്ണി അതുവരെയുള്ള മലയാളികാഴ്ചക്കാരുടെ നായക സങ്കല്പങ്ങളെ തച്ചുടക്കുന്നതായിരുന്നു. മുഖ്യധാരാ സിനിമകളിലൂടെ കരവിരുതിന്റെ കൈയ്യൊപ്പ് പതിപ്പിച്ചസംവിധായകനായ ജോഷിയുടെ മികവിനൊപ്പം ഇഴുകി ചേർന്ന് മത്സരിച്ചു ജയിച്ച ലോഹിയുടെ കഥാപാത്രങ്ങളാണ് മഹായാനത്തിലെ ലോറിക്കാരൻ ചന്ദ്രനും രാജമ്മയും പതിവ് ശൃംഗാരപ്രിയനായ കുട്ടേട്ടനിലെ വിഷ്ണുവും പ്രതികാരത്തിന്റെത്രസിപ്പിക്കുന്ന കാഴ്ചയായ കൗരവരിലെ ആന്റണിയും ഒക്കെ.

രതികാമനകളുടെ കാവ്യശില്പം തീർത്ത ഭരതനുമായി ചേർന്ന് അച്ചൂട്ടി എന്നമുക്കുവനായ അച്ഛന്റെ സ്നേഹ-വാത്സല്യത്തിന്റെ കഥയെ മലയാളി മനസ്സിൽനീറുന്ന നൊമ്പരക്കാഴ്ചയായി മാറ്റുന്നതിൽ ലോഹിയുടെ ശക്തവും സ്വാഭാവികവുമായ തിരക്കഥയും ഭരതന്റെ സംവിധാന മികവും മമ്മൂട്ടിയുടെ അഭിനയമികവും വഹിച്ച പങ്ക് എടുത്ത് പറയേണ്ടതാണ്. പ്രതിഭകളുടെ മത്സരം നിറഞ്ഞ പ്രകടനം കൊണ്ട് ശ്രദ്ധേയമായ കാഴ്ചയായിരുന്നു അമരം. മൂശാരിമാരുടെ കഥ പറഞ്ഞ വെങ്കലവും പിതൃ വാത്സല്യത്തിന്റെ കഥ പറഞ്ഞ പാഥേയവും ഭരതനു വേണ്ടി ലോഹിയുടെ തൂലികയിൽ പിറന്നു.

കുടുംബ പ്രേക്ഷകരുടെ ഇഷ്ട സംവിധായകനായ സത്യൻ അന്തിക്കാടിനു വേണ്ടി രചിച്ച 5 തിരക്കഥകളിൽ വീണ്ടും ചില വീട്ടുകാര്യങ്ങൾക്ക് മികച്ച ജനപ്രിയസിനിമയ്ക്കുള്ള സംസ്ഥാന പുരസ്കാരം ലഭിക്കുകയുണ്ടായി. വിഭാര്യനായ വിദ്യാധരന്റെ മനോവ്യാപാരങ്ങളുടെ സൂക്ഷ്മമായ കാഴ്ചാനുഭവം ഭൂതക്കണ്ണാടിയിലൂടെ 1997ൽ സംവിധായകന്റെ പ്രഥമ സംരഭമായി അവതരിപ്പിച്ചപ്പോൾ മികച്ച സിനിമയ്ക്കും തിരക്കഥയ്ക്കുമുള്ള സംസ്ഥാനപുരസ്കാരവും മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരവും കരസ്ഥമാക്കി. പന്ത്രണ്ട് സിനിമകൾ സംവിധാനം ചെയ്ത അദ്ദേഹം തന്റെ തന്നെ കസ്തൂരിമാൻ എന്ന സിനിമ തമിഴിലും സംവിധാനം ചെയ്തു.

സൂത്രധാരനിലൂടെ മീരാജാസ്മിനെ മലയാള സിനിമാ ലോകത്ത് പരിചിതയാക്കിയത് ലോഹിയാണ്. നിവേദ്യം സിനിമയിലെ കോലക്കുഴൽ വിളികേട്ടോ.. കസ്തൂരിമാനിലെ രാക്കുയിൽ പാടി…, ജോക്കറിലെ ചെമ്മാനം പൂത്തേ.. എന്നീ ഗാനങ്ങളുടെ രചനയും തനിമയുള്ള ലോഹിയുടെ തൂലികത്തുമ്പിൽ നിന്നും അടർന്നു വീണവയാണ്. വീണ്ടുമൊരു ജൂൺ 28 കൂടി.. ആർത്തലച്ച എടവം ലോഹിയുടെ ഹൃദയതാളത്തെ സ്ഥൂലശരീരത്തിൽ നിന്നും വേർപെടുത്തി പ്രകൃതിയുടെ താളത്തിൽ ലയിപ്പിച്ചഭൂതകാലപ്പെയ്ത്തിന്റെ ആർദ്രതയിൽ മണ്ണിന്റെ മണമുള്ള കഥാപാത്രങ്ങൾ.

പോസ്റ്റർ ഡിസൈൻ : ജ്യോതിസ് പരവൂർ

ഫോട്ടോസ് : ഗൂഗിൾ ഫോട്ടോസ്

Comments
Print Friendly, PDF & Email

You may also like