പൂമുഖം ചലച്ചിത്രാസ്വാദനം By the River എന്ന ‘ഡോക്യുമെൻററി ഷോർട്ട്’ – ഒരാസ്വാദനം

By the River എന്ന ‘ഡോക്യുമെൻററി ഷോർട്ട്’ – ഒരാസ്വാദനം

സ്ക്രിപ്റ്റ് തയ്യാറാക്കി Heckler കമ്പനിയുടെ സഹകരണത്തോടെ Charu Menon നിർമ്മിച്ച്, Dan Braga Ulvestad സംവിധാനം ചെയ്ത By The River എന്ന ഡോക്യുമെൻററിയുടെ വിഷയം വാരാണസിയിലെ ‘മരണഹോട്ടലുക’ ളാണ്.

മോക്ഷപ്രാപ്തി ലക്ഷ്യമാക്കി വരുന്ന വിശ്വാസികൾക്ക്, താമസിച്ച്, മരിക്കാനുള്ള സൗകര്യം ഒരുക്കുന്ന, അത്തരത്തിൽ പെട്ട മുമുക്ഷുഭവൻ, മുക്തിഭവൻ എന്നീ സ്ഥാപനങ്ങളുടെ അന്തേവാസികളുമായും നടത്തിപ്പുകാരുമായും അവയുടെ ചുറ്റുപാടുകളിൽ തളയ്ക്കപ്പെട്ട ജീവിതവുമായി കഴിയുന്ന മറ്റു ചിലരുമായും നടത്തിയ അഭിമുഖസംഭാഷണങ്ങളിൽ നിന്ന് ചോദ്യങ്ങൾ എടുത്തുമാറ്റിയ രൂപമാണ് ഡോക്യുമെന്ററിക്ക്.

ഇവിടെ വെച്ചുള്ള മരണം തങ്ങൾക്ക് അന്തിമമായ മോചനവും മോക്ഷവും നേടിത്തരുമെന്ന് ഈ ഹോട്ടലുകളിൽ താമസത്തിനെത്തുന്നവർ കരുതുന്നു. എത്രയോ ദശലക്ഷം പുനർജന്മങ്ങളിലൂടെ യാത്ര ചെയ്തുകഴിഞ്ഞ് ആത്മാവിന് ലഭിക്കുന്ന മനുഷ്യജന്മം വീണ്ടും പുനർജന്മങ്ങളുടെ ചക്രത്തിൽ വീഴാതിരിക്കാൻ വാരാണസിയിൽ വെച്ചുള്ള സ്വാഭാവിക മരണത്തിലൂടെ നമുക്ക് കഴിയുമെന്ന് അവർ വിശ്വസിക്കുന്നു . ഒരുപക്ഷേ ഹിന്ദുമത ‘വിശ്വാസി’കളിൽ വലിയ ഒരു വിഭാഗം ഇതേ അഭിപ്രായക്കാരായിരിക്കും. ഇവിടെയുള്ളവരിൽ നിന്ന്, അല്ലാത്തവർക്കുള്ള വ്യത്യാസം, മറ്റെവിടെയെങ്കിലും ജോലി ചെയ്ത്, വേണ്ടപ്പെട്ടവരോടൊപ്പം ജീവിച്ച് മരിച്ചുപോകുന്നതിൽ നിന്ന് അതവരെ തടയുന്നില്ലെന്നതാണ്. മൂന്നോ നാലോ പതിറ്റാണ്ടുകളായി മുമുക്ഷുഭവനിൽ കഴിയുന്ന ഗുലാബ് ബായ് എന്ന എൺപത്താറുകാരി പേരമകളുടെ വിവാഹത്തിൽ സംബന്ധിക്കാനായിപ്പോലും ഒരു ദിവസത്തേയ്ക്ക് ഇവിടം വിട്ടുപോകാത്തത്, മറ്റെവിടെയെങ്കിലും വെച്ചു മരിച്ചുപോയാൽ മോക്ഷം കിട്ടാതെ പോകും എന്ന ഉറച്ച ‘ബോദ്ധ്യം’ ഉള്ളതു കൊണ്ടാണ്. ജനിമൃതികളിൽ നിന്നുള്ള മോചനവും മോക്ഷവും വ്യത്യസ്ത പേരുകളിൽ ബുദ്ധമത- ജൈനമത- സിക്കുമത വിശ്വാസങ്ങളിലുമുണ്ട്.

അമ്പത് മുറികളുള്ള മുമുക്ഷുഭവനിൽ എത്ര കാലത്തേയ്ക്കെന്നില്ലാതെ മുറി വാടകയ്ക്ക് കിട്ടും. ചിത്രീകരണം നടക്കുമ്പോൾ അമ്പതിലും താമസക്കാരുണ്ട്. മുപ്പതും നാൽപ്പതും വർഷങ്ങളായി അല്ലലില്ലാത്ത മരണപ്രതീക്ഷയുമായി കഴിയുന്നവർ ഇവിടെയുണ്ട്. പത്ത് മുറികൾ മാത്രമുള്ള മുക്തിഭവനിലാവട്ടെ പതിനഞ്ച് ദിവസത്തേയ്‌ക്കേ മുറി ലഭിക്കു. (പതിനയ്യായിരത്തോളം പേർ ഈ മുറികളിൽ മരിച്ച് മോക്ഷപ്രാപ്തി നേടിയിട്ടുണ്ടെന്ന് നടത്തിപ്പുകാർ അവകാശപ്പെടുന്നു!)അച്ഛൻറെ കാലം മുതലും അത് പൂർണമായും സൗജന്യമായാണ് ആവശ്യക്കാർക്ക് കൊടുക്കുന്നത് എന്ന് ചെറുപ്പക്കാരനായ ഇപ്പോഴത്തെ നടത്തിപ്പുകാരൻ പറയുന്നു. കാലാവധിക്കുള്ളിൽ മരിച്ചില്ലെങ്കിൽ മുറിയൊഴിഞ്ഞു കൊടുത്ത് വീണ്ടും ശ്രമിക്കേണ്ടിവരും. രണ്ടിടത്തും പേര് കൊടുത്ത് അഞ്ഞൂറോളം പേർ പുറത്ത് കാത്തിരിക്കുന്നുണ്ട് ! ഇത്തരം ഹോട്ടലുകൾ നഗരത്തിൽ വേറെയുമുണ്ട്.

ജീവിച്ചിരിക്കുന്ന ‘കഥാപാത്രങ്ങ’ളുടെ വാക്കുകളിലും സബ്ടൈറ്റിലുകൾക്ക് പുറമെ അവയിൽ നിന്ന് അപ്പോഴപ്പോൾ ഉദ്ധരിച്ചുകണ്ട വാക്യങ്ങളിലും മിക്കവാറും ഒതുങ്ങിനിൽക്കുന്നതുകൊണ്ട് ഇതിനൊരു എഴുതിത്തയ്യാറാക്കിയ സ്ക്രിപ്റ്റോ തിരക്കഥയോ ഉണ്ടായിരുന്നില്ല എന്ന് വരുമോ? കഥാപാത്രങ്ങൾ അഭിനയിക്കുകയായിരുന്നോ എന്നും സംഭാഷണം പഠിപ്പിച്ച് പറയിക്കുകയായിരുന്നോ എന്നും ചോദിച്ച ആസ്വാദക സുഹൃത്തിന് സംശയമുണ്ടായിരുന്നു. ‘കണ്ടിട്ട് അങ്ങനെ തോന്നുന്നുമില്ലെ’ന്ന് അടുത്ത നിമിഷം സ്വന്തം ആശയക്കുഴപ്പവും അദ്ദേഹം വ്യക്തമാക്കി.

By The River കാണുന്നവരിൽ പലർക്കും ഇതേ സംശയവും ആശയക്കുഴപ്പവും ഉണ്ടാവും. ഓരോരുത്തരേയും സംസാരിപ്പിക്കുന്നതിന് സഹായകമായ ചോദ്യങ്ങൾ തീർച്ചയായും ഉണ്ടായിരുന്നിരുന്നിരിക്കണം. അസ്വാഭാവികതയോ തുടർച്ചയില്ലായ്മയോ അനുഭവപ്പെടാതെ, ചോദ്യങ്ങൾ തയ്യാറാക്കാനും അവരെക്കൊണ്ട് പ്രതികരിപ്പിക്കാനുമായി എന്നതാണ് കാര്യം. അവ എഴുത്തുകാരുമായോ കലാകാരന്മാരുമായോ രാഷ്ട്രീയ നേതാക്കളുമായോ നടത്തുന്നവയെ പോലെ കൃത്യമായ ഗൃഹപാഠത്തിനു ശേഷം, നടത്തിയ അഭിമുഖങ്ങ ളാവില്ല, തീർച്ച. മറുപടിയുടെ വീഡിയോ പകർത്തുമ്പോൾ റീ ടേക്കുകൾ അനന്തമായി ആവർത്തിക്കാനുമാവില്ല. കാരണം സ്‌ക്രീനിൽ കാണുന്നവരാരും നടീനടന്മാരല്ല.

നിയതമായ സ്ക്രിപ്റ്റോ തിരക്കഥയോ ഇല്ലാതെ അഞ്ചു ദിവസത്തെ ഷൂട്ടിംഗ് അടക്കം ഏഴ് ദിവസം കൊണ്ട് ചെയ്ത് അവസാനിപ്പിക്കാമെന്നുറപ്പിച്ച്, കടൽ താണ്ടി, ഇത്തരമൊരു ശ്രമത്തിന്‌ മുതിർന്നതിന് പിന്നിലെ സാഹസികതയെ അഭിനന്ദിക്കാതെ വയ്യ.. ബെങ്ഗളൂരുവിൽ നിന്നുള്ള സിദ്ധാർത്ഥ് ഭാവ്നാനി – നേഹ ഗുപ്ത ടീമിൻറെ മുന്നൊരുക്കങ്ങളെ കുറിച്ചറിയാം. എങ്കിലും സിഡ്‌നിയിൽ നിന്നെത്തിയവർക്കും ബെങ്‌ഗളൂരിൽ നിന്നെത്തിയവർക്കും ഒരുപോലെ അപരിചിതവും അന്യവുമായി രുന്നിരിക്കണം വാരാണസിയിലെ 43° C താപനിലയിൽ അനുഭവിച്ചറിഞ്ഞ ജീവിതം.

അര മണിക്കൂറിൽ താഴെ മാത്രം ദൈർഘ്യമുള്ള ഡോക്യുമെൻററി, വിഷയത്തിൻറെ അസാധാരണത്വം കൊണ്ടും അവതരണത്തിൻറെ ഇഴയടുപ്പം കൊണ്ടും പ്രേക്ഷകരെ അസ്വസ്ഥരാക്കും – ചെറിയ തയ്യാറെടുപ്പെങ്കിലും ഇല്ലാതെ വരുന്നവരെ വിശേഷിച്ചും.

ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ രണ്ടായിരത്തിന് താഴെ പേരേ മഹാമാരിക്ക് കീഴടങ്ങിയുള്ളൂ എന്ന വാർത്ത വായിക്കുമ്പോഴും കേൾക്കുമ്പോഴും മരണനിരക്ക് കുറഞ്ഞുവരുന്നു എന്ന് ആശ്വാസത്തോടെ ചിന്തിക്കാനാവുന്ന വിചിത്രമായ കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോയ്ക്കൊണ്ടിരിക്കുന്നത് ! രണ്ട് മാസം മുൻപ്, മൂക്കും വായും മൂടിക്കെട്ടി, സോപ്പിട്ട് കൈ കഴുകി,സാമൂഹ്യ അകലം പാലിച്ച് കോവിഡ് വാർത്തകൾ വായിച്ചും കേട്ടും ചർച്ച ചെയ്തും കഴിഞ്ഞ എൻറെ അയൽക്കാരനെ പോലെ, ഒരാഴ്ച മുൻപ് വരെ കഴിഞ്ഞിരുന്നവരായിരുന്നിരിക്കണം ഇന്നത്തെ ഈ കണക്കുകളിൽ കയറിക്കൂടിയ ഓരോരുത്തരും. ഏതോ വർത്തമാനപത്രത്തിലെ ചരമ കോളമായിരിക്കുന്നു ലോകം-ചിതകളിൽ ഇടം കിട്ടാതെ ഗംഗയിൽ ഒഴുകിനടന്ന മൃതദേഹങ്ങളെ കുറിച്ച് വാർത്തകൾ വന്നതിനു ശേഷം, കെടാവിളക്കുകൾ പോലെ ചിതകൾ എരിഞ്ഞു കൊണ്ടിരിക്കുന്ന വാരാണസിയെ കുറിച്ചുള്ള ഡോക്യുമെൻററി ഒരു തവണ കൂടി കണ്ടു.

-അമ്മയേയും ഭർത്താവിനേയും കൊല്ലങ്ങൾക്ക് മുൻപ് യാത്രയാക്കി സന്തോഷത്തോടെ തൻറെ ഊഴം കാത്തിരിക്കുന്ന ഗുലാബ് ബായ് –നിരീശ്വരവാദിയൊന്നുമല്ലെങ്കിലും മോക്ഷപ്രാപ്തിയിലേയ്ക്കുള്ള കുറുക്കുവഴികളിൽ വിശ്വാസമില്ലാത്ത പ്രതുല്യ ബർമനും അദ്ദേഹത്തിൻറെ കൂടി മോക്ഷത്തിനായി പൂജിച്ചും പ്രാർത്ഥിച്ചും കഴിയുന്ന ഭാര്യ ദ്രൗപദി ദേവിയും –രണ്ടാഴ്ചയ്ക്കുള്ളിൽ ഭാര്യ (ശശി ദ്വിവേദി) യെ പറഞ്ഞയച്ച്, (“നീ കരയരുത്… ദൈവത്തിന് ഇഷ്ടപ്പെടില്ല ചിരിക്ക്.. ചിരിക്ക്..!”) താമസിയാതെ താനും അവരോട് ചേരും എന്ന് വിശ്വസിക്കുന്ന ഭർത്താവ് (മഹേഷ്‌ ദ്വിവേദി)-അത്രയും പേരാണ് ഡോക്യുമെൻററിയിൽ നമ്മോട് സംസാരിക്കുന്ന മോക്ഷാർത്ഥികൾ.

-പാരമ്പര്യമായി ശവദാഹകർമ്മം ചെയ്തുപോരുന്ന മുപ്പത്തഞ്ചുകാരനായ ദീപക് ചൗധരി– -ചിതകൾക്കിടയ്ക്ക് പിച്ച് തയ്യാറാക്കി ക്രിക്കറ്റ് കളിക്കുന്ന, പന്ത്രണ്ടും പതിമൂന്നും വയസ്സുള്ള നീരജ് ചൗധരി, മോഹിത് ചൗധരി—മരണത്തിലൂടെയേ ജീവിതത്തിൻറെ അർത്ഥം ഗ്രഹിക്കാനാവു എന്ന് വിശ്വസിക്കുന്ന ഒരു സന്യാസി..ഇത്രയും പേരാണ് മനസ്സിൽ പതിയുന്ന, ഡോക്യുമെൻററിയിലെ മറ്റു മുഖങ്ങൾ.

ദശകങ്ങളായി മോക്ഷപ്രാപ്തി മാത്രം മുന്നിൽ കണ്ട് കഴിയുന്ന അന്തേവാസികളുടേതിൽ നിന്ന് വ്യത്യസ്തമായ കാഴ്ചപ്പാടും ലക്ഷ്യങ്ങളും കണ്ടത് പാരമ്പര്യമായി കിട്ടിയ തൊഴിൽ ചെയ്തു കാലം കഴിക്കുന്ന യുവാവിലും കളിസ്ഥലത്ത് കണ്ടുമുട്ടുന്ന കുട്ടികളിലുമാണ്.

-ഇങ്ങനെയൊരു തൊഴിൽ ചെയ്ത് ജീവിക്കേണ്ടി വന്ന സ്വന്തം വിധിയിലുള്ള അതൃപ്തി നിസ്സഹായതയോടെയാണ് അയാൾ രേഖപ്പെടുത്തുന്നത്. അടുത്ത തലമുറയെങ്കിലും പഠിച്ച്, ഈ പാരമ്പര്യത്തൊഴിലിൽ നിന്ന് പുറത്തെത്തട്ടെയെന്നും മറ്റെന്തെങ്കിലും ചെയ്ത് ജീവിക്കട്ടെ എന്നും അയാൾ മോഹിക്കുന്നു.

-ശാസ്ത്രജ്ഞനോ പോലീസ് ഓഫീസറോ ആവാൻ ആഗ്രഹിക്കുന്ന മോഹിത്, ശവദാഹം ഉപജീവനമാർഗ്ഗമായി താൻ സ്വീകരിക്കില്ലെന്ന് ഉറപ്പിച്ചു പറയുന്നുണ്ട്. -നീരജിന് ക്രിക്കറ്റിലാണ് താത്പര്യം. തൊട്ടുമുന്നിൽ നിരന്തരം മരണം കാണുമ്പോൾ എന്താണ് തോന്നാറുള്ള തെന്ന ചോദ്യത്തിന്, ‘ അത് ക്രിക്കറ്റിൽ വിക്കറ്റ് നഷ്ടപ്പെടുന്നത് പോലെയേയുള്ളൂ…! നിങ്ങൾ ഔട്ടായി!! – അത്രതന്നെ ‘എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള അവൻറെ പ്രതികരണം ..മറ്റൊരു തലത്തിൽ നിന്നുകൊണ്ടുള്ള സന്യാസിയുടെ വാക്കുകൾ ഡോക്യുമെൻററിക്ക് ഒരു തുടക്കവും അവസാനവും കൊടുക്കുന്നു.

By The River പറയാൻ ശ്രമിക്കുന്നതെന്താണ് ? – തരുന്ന സന്ദേശമെന്താണ്…? വ്യക്തിപരമായി അങ്ങനെയൊരന്വേഷണം വേണമെന്ന് അഭിപ്രായമില്ല. നിർദ്ദിഷ്ടമായ ദൗത്യങ്ങളില്ലാതെയും ഒരു സൃഷ്ടിക്ക് നിലനിൽക്കാം. അഥവാ നിഗമനങ്ങളിലെത്താതെ വസ്തുതകളെ യഥാതഥമായി അവതരിപ്പിക്കുക എന്നതും ഒരു ദൗത്യമാവാം. ഇങ്ങനെയും ഒരു കൂട്ടം ജനങ്ങൾ ജീവിക്കുന്നു എന്നതൊരു പുത്തനറിവായിരുന്നു.

‘സൂപ്പിലെ ഈച്ച’യായി വേദനകളും വിഹ്വലതകളും അനാസക്തികളും അനുഭവിക്കുന്നതിനു പകരം ‘ചുവരിലെ ഈച്ച’യായി കാണുകയും കേൾക്കുകയും മാത്രം ചെയ്യുക.. സാക്ഷിയാവുക – തീർപ്പുകൾ കൽപ്പിക്കാതിരിക്കുക.

വെള്ളവും തീയും ഇടനാഴികളിലേയും മുറികളിലേയും മുഷിഞ്ഞ ഇരുട്ടും മുറികൾക്കകത്തെ (അന്തേവാസികൾക്ക് അനുഭവപ്പെടുന്ന) അനായാസതയും (കാണികളിൽ നല്ല ഒരു വിഭാഗത്തിന് അനുഭവപ്പെടുമെന്ന് ഞാൻ കരുതുന്ന) ‘ശ്വാസം മുട്ട’ലും തെരുവിലെ തിരക്കുള്ള ‘വർണ്ണപ്പകി’ട്ടും ക്യാമറയിലേയ്ക്ക് നോക്കുന്ന കണ്ണുകളിൽ തെളിയുന്ന മരണവും നമ്മെ അസ്വസ്ഥരാക്കും ..Caleb Ware ൻറെ ഛായാഗ്രഹണത്തിനൊപ്പം Dustin Lau യുടെ മന്ദ്രസ്ഥായിയിലുള്ള പശ്ചാത്തല സംഗീതം ഒരു ശ്രുതിപ്പെട്ടിയിൽ നിന്നെന്ന പോലെ,ഡോക്യുമെൻററി കണ്ടുകഴിഞ്ഞും, നമ്മെ വിടാതെ പിന്തുടരും …….-

[ഓസ്‌ട്രേലിയയിൽ Antenna Film Festival ൻറെ ഭാഗമായി By the River ൻറെ ആഗോള പ്രീമിയർ നടന്നു- പിന്നീട് സിംഗപ്പൂരിലും. New Zealand ലെ Academy Qualifying Doc Edge Film Festival, മെൽബേണിലെ St Kilda ഉൾപ്പെടെ പതിനഞ്ചോളം രാജ്യാന്തര ഫിലിം ഫെസ്റ്റിവലുകളിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു .DOP, Caleb Ware ന് സിനിമാറ്റോഗ്രാഫിയിൽ രാജ്യത്തെ ഏറ്റവും വലിയ അവാർഡ് ആയ Australian Cinematographer Society യുടെ Gold Tripod ലഭിച്ചു. Oslo International Film Festival ൽ എഡിററിംഗിനുള്ള വെള്ളി കരസ്ഥമാക്കി. United Nations International Documentary Festival, Euregion Film Festival , Jacksonwille Film Festival, Nordic Docs എന്നിവയിലേക്ക് ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ടു. Mosco International Film Festival 2020 യിൽ ഏറ്റവും നല്ല ഡോക്യൂമെൻററിക്കുള്ള അവാർഡ് ലഭിച്ചു. ഓസ്‌ട്രേലിയയുടെ ദേശീയ ചാനൽ ABC അവരുടെ Short Documentary series ആയ Compass ൽ ഉൾപ്പെടുത്തി. ചാരു മേനോന് D&AD 2020 യിൽ Direction Jury യുടെ ഭാഗമായി ഒരു സിറ്റിംഗ് ജഡ്ജ് ആവാനായതിന് പിന്നിലും ഈ ഡോക്യൂമെൻററിക്ക് പങ്കുണ്ട് .

Comments
Print Friendly, PDF & Email

മലയാളനാട് വെബ് ജേണലിൻറെ മുഖ്യഉപദേഷ്ടാവ്. ഇപ്പോള്‍ ബാംഗ്ലൂരില്‍ സ്ഥിരതാമസം.

You may also like