പൂമുഖം ചുവരെഴുത്തുകൾ നീതിക്കായി കാൽ നൂറ്റാണ്ട് പിന്നിട്ട രണ്ട് പോരാട്ടങ്ങൾ

നീതിക്കായി കാൽ നൂറ്റാണ്ട് പിന്നിട്ട രണ്ട് പോരാട്ടങ്ങൾ

ആറോ ഏഴോ വർഷം മുൻപാകണം, അന്ന് സൂര്യനെല്ലി പീഡന വിഷയത്തിൽ ഇടപെട്ടിരുന്ന സുജ സൂസൻ ജോർജ്ജിൽ നിന്ന് നമ്പർ സംഘടിപ്പിച്ച് ആ പെൺകുട്ടിയുടെ അമ്മയെ ഫോണിൽ വിളിക്കുന്നത്. ഒരു മണിക്കൂറോ അധികമോ അന്ന് ആ മാതാപിതാക്കളോട് സംസാരിച്ചു. ഇന്നും ഓർക്കുമ്പോൾ നട്ടെല്ലിലൂടെ കഠാരമുനയുടെ തണുപ്പ് കടന്ന് പോകുന്നതാണ് അന്ന് കേട്ട കാര്യങ്ങൾ. കേസുമായി മുന്നോട്ട് പോകുന്നതിന് നിസ്സഹായരായ ആ മാതാപിതാക്കൾ താണ്ടിയ ദുരിതപർവങ്ങൾ; നിയമപാലകരിൽ നിന്ന്, രാഷ്ട്രീയക്കാരിൽ നിന്ന്, കോടതികളിൽ നിന്ന്, പള്ളി / പട്ടക്കാരിൽ നിന്ന്, സർവ്വോപരി സമൂഹത്തിൽ നിന്ന് കുടിച്ച അപമാനത്തിന്റെ കയ്പ്നീരുകൾ. നാട് വിട്ടോടി മറ്റൊരിടത്ത് പറിച്ച് നട്ടിട്ട് അവിടെയും തുടർന്ന കാർക്കിച്ച് തുപ്പലുകൾ. “മോനേ, സിനിമയിലൊക്കെ കാണുന്നത് മാതിരി രണ്ട് സ്യൂട്ട്കേസുകൾ നിറയെ നോട്ട്കെട്ടുകൾ ഞങ്ങൾക്ക് മുമ്പിൽ തുറന്ന് വെച്ചു. ആ പണം സ്വീകരിച്ച് കേസിൽ നിന്ന് പിന്തിരിയണം എന്നതായിരുന്നു ആവശ്യം. എന്റെ മകൾക്ക് സംഭവിച്ച ദുരിതം നാളെ മറ്റൊരു കുഞ്ഞിനും ഉണ്ടാകരുത് എന്ന ഒരൊറ്റ ഉദ്ദേശ്യമായിരുന്നു എല്ലാം സഹിച്ച് കേസുമായി മുന്നോട്ട് പോകാൻ കാര്യം.”ആ അതിക്രമം നടന്നിട്ടിപ്പോൾ കാൽ നൂറ്റാണ്ടായി. ആ കേസിപ്പോൾ എന്തായി എന്നറിഞ്ഞൂടാ. ഇടനെഞ്ചിൽ തീയുമായി ജീവിച്ച ആ അമ്മയും അച്ഛനും ജീവിച്ചിരിപ്പുണ്ടോ എന്നുമറിയില്ല. ഒരിക്കൽക്കൂടി അവരെ വിളിക്കാനുള്ള മനോബലം ഇല്ലായിരുന്നു. പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്ന പ്രമുഖൻ പിന്നീട് രാജ്യസഭാ ഉപാധ്യക്ഷനായി, ഈയടുത്ത് വരെ എം.പി. ആയും തുടർന്നു. നാട് നീളെ നടന്ന് വ്യഭിചരിച്ചിട്ട് മാന്യന്മാരെ അവഹേളിക്കാൻ കേസ് കൊടുക്കുന്നവരായി അവരെ വിശേഷിപ്പിച്ച മാന്യൻ ഇപ്പോഴും ഉന്നതസ്ഥാനീയനാണ് – എം.പി.യും മുഖ്യ പ്രതിപക്ഷത്തിന്റെ സംസ്ഥാന അധ്യക്ഷനും.

പോസ്റ്റ് മാസ്റ്ററും സ്റ്റാഫ് നഴ്സുമായി വിരമിച്ച ആ മാതാപിതാക്കളുടെ അത്രപോലും പ്രിവിലേജ് ഇല്ലാത്തവരാണ് വിദ്യാഭ്യാസമില്ലാത്ത, കൂലിപ്പണിക്കാരനായ അയ്യപ്പനും നിരക്ഷരയായ അയാളുടെ ഭാര്യ ഓമനയും. കയ്യിലുള്ളതെല്ലാം വിറ്റ് പെറുക്കി അവരും കേസ് നടത്തി, 25 വർഷം. മാഫിയാ ഘടനയാർന്ന അധികാര രൂപത്തിനെതിരെ, കേരളാ പൊലീസിനെതിരെ ആയിരുന്നു അവരുടെ നിയമപോരാട്ടം. ഒരു രാത്രി വഴിയരികിൽ നിന്ന് പിടിച്ച് കൊണ്ട് പോയി ആ രാത്രി മുഴുക്കെ മർദ്ദിച്ച് മൃതപ്രായനാക്കിയ, മൂത്രം കുടിപ്പിച്ച നരാധമന്മാരായ പൊലീസുകാർക്കെതിരെ കീഴ്ക്കോടതി വിധിച്ച ശിക്ഷ ഇപ്പോൾ ഹൈക്കോടതി ശരിവെച്ചിരിക്കുന്നു. അവർക്കും അമ്പത് ലക്ഷം രൂപ ഓഫർ ചെയ്യപ്പെട്ടിരുന്നു കേസ് പിൻവലിക്കാൻ. എന്നാൽ തങ്ങൾ നേരിട്ട ക്രൂരതക്ക് ശിക്ഷ അനുഭവിച്ചേ മതിയാകൂ, കോടി രൂപ കിട്ടിയാലും അതിന് പകരമല്ല, നാളെ മറ്റൊരു പാവപ്പെട്ടവന് ഈ ഗതി ഉണ്ടാകരുത് എന്ന അവരുടെ നിശ്ചയദാർഢ്യം കൂടിയാണ് ഹൈക്കോടതി വിധി.

അയ്യപ്പനും ഓമനയും – ഫോട്ടോ : വനിത

Justice delayed is justice denied എന്ന ആപ്തവാക്യം ശരിയാകുമ്പോഴും നീതിക്ക് വേണ്ടി പോരാടുന്നവർക്ക് പാടേ പ്രത്യാശയറ്റ് പോയാതിരിക്കാൻ ഈ വിധി ഉപകരിക്കും. ഈ നാല് പേരും റിയൽ ഹീറോസ് ആണ്; ശരിക്കും ആഘോഷിക്കപ്പെടേണ്ടവർ.

പോസ്റ്റർ ഡിസൈൻ : ജ്യോതിസ് പരവൂർ

photo courtesy : Vanitha

Comments
Print Friendly, PDF & Email

You may also like