പൂമുഖം Travelയാത്ര യുക്രെയ്ന്‍റെ മണ്ണില്‍

ആമുഖം.: യുക്രെയ്ന്‍റെ മണ്ണില്‍

 

FCO 394 - Nepal Travel Advice Ed3 [WEB]

 

ീവിതകാലത്ത് സംഭവിച്ച പ്രധാനപ്പെട്ട സംഭവങ്ങള്‍ ഏതാണെന്നു ചോദിച്ചാല്‍ എല്ലാവരുടെയും ഉത്തരം ഒന്നായിരിക്കില്ല. എന്റെ ഉത്തരം ഇതാ:

മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയത്.
കമ്പ്യൂട്ടര്‍ സാധാരണക്കാരന്റെ ജീവിതത്തിന്റെ ഭാഗമായത്
സോവിയറ്റ് യുണിയന്റെ പതനം
യുറോപ്യന്‍ യുണിയന്‍ പിറന്നത്.

ഇതൊക്കെ എന്നെ നേരിട്ടു ബാധിക്കുന്നതാണോ? ആണെന്നും അല്ലെന്നുമാണ് ഉത്തരം.

റോക്കറ്റ്‌ സയന്‍സ് വികസിച്ചില്ലായിരുന്നെങ്കില്‍ ഇന്നു നമ്മള്‍ ഉപയോഗിക്കുന്ന പലതും ഉണ്ടാവില്ലായിരുന്നു.

കംപ്യുട്ടര്‍, മൊബൈല്‍ഫോണ്‍ തുടങ്ങിയവ ഇല്ലാത്ത ജീവിതം ഇന്നെത്ര പേര്‍ക്ക് സാധ്യമാണ്?

യുറോപ്യന്‍ യുണിയന്‍ നിലവില്‍ വന്നതുകൊണ്ട് യുറോപ്പില്‍ താമസിക്കുന്ന എനിക്ക് യുദ്ധഭീക്ഷണിയില്ല. അതുകൊണ്ടുതന്നെ ബ്രിട്ടന്‍ യുറോപ്യന്‍ യുണിയന്‍ വിടുന്നതില്‍ ഞാന്‍ ഏറെ ആശങ്കാകുലനാണ് പക്ഷെ, ജനാതിപത്യത്തില്‍ ശരിയും തെറ്റുമല്ല, ഭൂരിപക്ഷമാണ് മാനദണ്ഡം.

എന്നാല്‍ സോവിയറ്റ് യുണിയന്റെ പതനം എന്നെ എങ്ങനെ ബാധിക്കുന്നു? വ്യക്തമായ ഉത്തരമൊന്നുമില്ല. എങ്കിലും മുകളില്‍ പറഞ്ഞ നാലു സംഭവങ്ങളില്‍ എന്റെ താല്പര്യം കൂടുതലും അതിലാണ്.

കമ്മ്യുണിസത്തിന്റെ തകര്‍ച്ചയെ (സോവിയറ്റ് യുണിയന്‍ ഇല്ലാതായതുകൊണ്ടൊന്നും കമ്മ്യുണിസം തകര്‍ന്നിട്ടില്ല എന്നു വാദിക്കുന്നവര്‍ ഉണ്ടാവാം. അവരോടു തര്‍ക്കത്തിനു ഞാനില്ല) വളരെ താല്പര്യത്തോടെയാണ് ഞാന്‍ വീക്ഷിക്കുന്നത്.

കമ്മ്യുണിസം കൊടികുത്തി വാണിരുന്ന സമയത്ത്, 1981-ല്‍ ഞാന്‍ പോളണ്ടിന്റെ തലസ്ഥാനം സന്ദര്‍ശിച്ചു. ഈ വര്‍ഷവും ഞാന്‍ പോളണ്ടില്‍ പോയി. കാലം വരുത്തുന്ന മാറ്റം മാത്രമല്ല ഞാന്‍ അവിടെ കണ്ടത്. ആ ജനത ആകെ മാറിയിരിക്കുന്നു. കൂടുതല്‍ ആത്മവിശ്വാസമുള്ള, കൂടുതല്‍ സന്തോഷവാന്മാരായ, മറ്റൊരു മുഖഭാവവും ശരീരഭാഷയുമുള്ള ജനതയായി പോളണ്ടുകാര്‍ മാറിയിരിക്കുന്നു.

പഴയ കിഴക്കന്‍ ജര്‍മ്മനിയില്‍ ചെന്നാല്‍ കമ്മ്യുണിസത്തിന്റെ അവശിഷ്ടങ്ങള്‍ ഇന്നും കാണാന്‍ കഴിയുമെന്ന പ്രതീക്ഷയില്ല. കിഴക്കും പടിഞ്ഞാറും ഇന്ന് ഒന്നായിട്ടുണ്ടാവണം. Successfully blended.

പക്ഷെ, മറ്റു സോവിയറ്റ് ബ്ലോക്ക് രാജ്യങ്ങളില്‍ കമ്മ്യുണിസത്തിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ സാധിക്കുന്നുണ്ട്. എന്റെ മിക്ക യാത്രയുടെയും ലക്‌ഷ്യം ആ കാഴ്ചകളാണ്. പോളണ്ട് കൂടാതെ ബള്‍ഗേറിയ, ഹംഗറി, ചെക്ക് റിപബ്ലിക്‌, സ്ലോവാക്യ – ഈ രാജ്യങ്ങളിലെല്ലാം ആ കാഴ്ചകള്‍ കണ്ടു. ഇതില്‍ ചില രാജ്യങ്ങളിലെങ്കിലും ടൂര്‍ കമ്പനികള്‍ “കമ്മ്യുണിസം ടൂര്‍” സംഘടിപ്പിക്കുന്നുണ്ട്. കമ്മ്യുണിസ്റ്റ് അനുഭാവികള്‍ക്കും കമ്മ്യുണിസ്റ്റ് വിരുദ്ധര്‍ക്കും ഒരുപോലെ രസകരവും വിജ്ഞാനപ്രദവുമാണ് അത്തരം ടൂര്‍.

യുദ്ധവും സമാധാനവും എന്ന കൃതിയുടെ ടെലിഫിലിം ബിബിസിയില്‍ കണ്ടപ്പോള്‍ മുതലാണ്‌ റഷ്യന്‍ ചരിത്രത്തോടു താല്പര്യം തോന്നിയത്. “യുട്യുബ് സര്‍വകലാശാല”യില്‍ നിന്നും കുറെയൊക്കെ മനസിലാക്കാന്‍ സാധിച്ചു. അങ്ങനെ റഷ്യ (പ്രത്യേകിച്ച് സെന്റ്‌ പീറ്റേര്‍സ്ബെര്‍ഗ്) കാണണം എന്ന മോഹം കലശലായി.

പക്ഷെ, ഇന്നുവരെ അവിടെ പോയിട്ടില്ല. കാരണങ്ങള്‍ പലതാണ്.

അത്യാവശ്യം അപകടകരമായ രാജ്യമാണെന്നാണ് കേള്‍വി. കുറ്റവാളികളെക്കാള്‍ അപകടകാരികളായ നിയമപാലകരുള്ള ഒരു രാജ്യത്ത് പതിനൊന്നു വര്ഷം ജീവിച്ചിട്ടുണ്ട്, ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍. അതിലും മോശമാണ് റഷ്യയിലെ സ്ഥിതി എന്നാണ് കേട്ടിരിക്കുന്നത്. തെറ്റാവാം. ഭാഷ അറിയില്ല, അവിടെ പരിചയക്കാര്‍ ആരുമില്ല – അങ്ങനെ നിരവധി കാരണങ്ങളാല്‍ അവിടെ പോകാന്‍ ധൈര്യം വന്നിട്ടില്ല. കാരണങ്ങള്‍ പിന്നെയുമുണ്ട്. വിസ വേണം, താമസസ്ഥലത്തുനിന്നും ഡയറക്റ്റ് ഫ്ലൈറ്റില്ല..

റഷ്യയുടെ ഭാഗമായിരുന്നല്ലോ യുക്രൈന്‍. (യുക്രൈനികളുടെ അവകാശവാദത്തില്‍ എന്തെങ്കിലും കഴമ്പുണ്ടെങ്കില്‍ വൈക്കിംഗ്സ് എന്ന സ്കാണ്ടിനേവിയന്‍ കൊള്ളക്കാര്‍ വന്നു കിയേവില്‍ തമ്പടിച്ചതാണ് റഷ്യ എന്ന രാജ്യത്തിന്റെ തുടക്കംതന്നെ. കാലാന്തരത്തില്‍ കിയേവിന്റെ പ്രാധാന്യം കുറയുകയും മോസ്ക്കോ തലസ്ഥാനമാവുകയും ചെയ്തു. ചെര്‍ണോബില്‍ ആണവനിലയം യുക്രൈനില്‍ സ്ഥാപിച്ചതുതന്നെ യുക്രൈന്റെ പ്രാധാന്യം വിളിച്ചോതുന്നു.

അപ്പോള്‍ യുക്രൈനില്‍ ചെന്നാല്‍ റഷ്യയെക്കുറിച്ച് ഏതാണ്ടൊരു ധാരണ ലഭിക്കും. കൈവശമുള്ളത് ബ്രിട്ടിഷ് പാസ്പ്പോര്‍ട്ടായതിനാല്‍ വിസ വേണ്ട, നല്ല ഫ്ലൈറ്റ് കണക്ഷന്‍. എങ്കില്‍ പൊയ്ക്കളയാം.

അങ്ങനെ 2015-ല്‍ ആദ്യമായി ഞാന്‍ കിയേവില്‍ ലാന്‍ഡ് ചെയ്തു. സന്തോഷകരമായ ഒരു മാസം അവിടെ ചെലവഴിച്ചു. യാത്ര ചെയ്യാന്‍ ആരോഗ്യം അനുവദിക്കുന്നിടത്തോളം വീണ്ടും വരണം എന്നു തീരുമാനിച്ചു മടങ്ങി. പിന്നീട് രണ്ടു പ്രാവശ്യംകൂടി അവിടെ പോയി.

മൂന്നുവട്ടം യുക്രൈന്‍ സന്ദര്‍ശിച്ചതിന്റെ ധൈര്യത്തിലാണ് ആ രാജ്യത്തെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ഇങ്ങനെയൊരു സാഹസത്തിനു മുതിരുന്നത്.

മൂന്നുവട്ടം യുക്രൈന്‍ സന്ദര്‍ശിച്ചതിന്റെ ധൈര്യത്തിലാണ് ആ രാജ്യത്തെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ഇങ്ങനെയൊരു സാഹസത്തിനു മുതിരുന്നത്.
(തുടരും)

Comments
Print Friendly, PDF & Email

You may also like